Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

ജനം പകരം ചോദിക്കുമോ?

കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ബി.ജെ.പി ഗവണ്‍മെന്റുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പാടേ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍ വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. പക്ഷേ, ഭരണനേട്ടങ്ങളായി എടുത്തുപറയാന്‍ ഒന്നുമില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ സമ്പദ്ഘടനയുടെ നടുവൊടിച്ച ഒട്ടേറെ പിഴച്ച കാല്‍വെപ്പുകള്‍. ഇന്ധന വിലവര്‍ധനവിനോടൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ച. കര്‍ഷക ആത്മഹത്യ പെരുകുന്നു. അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ഖജനാവില്‍ പണമില്ല. എന്നാല്‍ മൂവായിരം കോടിയുടെ പ്രതിമ നിര്‍മിച്ചിട്ടുണ്ട്. അയോധ്യയില്‍ പ്രതിമ നിര്‍മിക്കാനും പണം റെഡി.

അതിനിടക്കാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ആഅഞഇ) ഒരു കണക്ക് പുറത്തുവിട്ടത്. ടി.വി ചാനലുകളില്‍ ഇപ്പോള്‍ ഏറ്റവുമധികം പരസ്യം നല്‍കുന്നത് ബി.ജെ.പിയാണത്രെ. കഴിഞ്ഞ നവംബര്‍ 12 മുതല്‍ 16 വരെ മാത്രമുള്ള ഏതാനും ദിവസത്തെ കണക്കെടുത്താല്‍ തന്നെ നാം ഞെട്ടിപ്പോകും. പാര്‍ട്ടി പരസ്യം വിവിധ ചാനലുകളില്‍ ഇക്കാലയളവില്‍ വന്നിരിക്കുന്നത് 22,099 തവണയാണ്. പരസ്യം നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള നെറ്റ് ഫ്‌ളിക്‌സ് വളരെ പിന്നിലാണ്- പതിനായിരത്തിന്റെ വ്യത്യാസത്തില്‍! കൂടുതലായി പരസ്യം നല്‍കുന്ന ട്രിവാഗോ, സന്തൂര്‍ സാന്‍ഡല്‍, ഡെറ്റോള്‍ ലിക്വിഡ് സോപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളില്‍ രണ്ടെണ്ണം നല്‍കുന്ന പരസ്യങ്ങള്‍ ചേര്‍ത്തുവെച്ചാലേ ബി.ജെ.പിക്ക് ഒപ്പം എത്താനാവുകയുള്ളൂ. നാലര വര്‍ഷം പിന്നിടുന്ന മോദി ഗവണ്‍മെന്റ് ഇപ്പോള്‍ തന്നെ പരസ്യം വകയില്‍ അയ്യായിരം കോടി ചെലവിട്ടുകഴിഞ്ഞു. അഴിമതിക്കും ധൂര്‍ത്തിനും ഒരുപാട് പഴികേട്ട മന്‍മോഹന്‍ സിംഗിന്റെ യു.പി.എ ഗവണ്‍മെന്റ് പോലും പത്തു വര്‍ഷമെടുത്തു ഇത്രയും തുക ചെലവഴിക്കാന്‍. യു.പി.എ ഗവണ്‍മെന്റ് വര്‍ഷം പ്രതി പരസ്യയിനത്തില്‍ 504 കോടി ചെലവഴിച്ചപ്പോള്‍, മോദി ഗവണ്‍മെന്റ് വര്‍ഷംതോറും 1,202 കോടിയാണ് ചെലവഴിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യയിനത്തില്‍ വരാനിരിക്കുന്ന ഭീമന്‍ തുക വേറെയും.

കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ടി.വിയിലൂടെയും പ്രിന്റ് മീഡിയയിലൂടെയും പരസ്യം ചെയ്യുന്നത് മനസ്സിലാക്കാം. ഉല്‍പ്പന്നങ്ങള്‍ വിറ്റുപോവണമെങ്കില്‍ അവയെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കണം. ഒരു ഭരണകൂടത്തിന് എന്താണിത്ര പരസ്യപ്പെടുത്താനുള്ളത്? ഭരണനേട്ടങ്ങളോ? ഭരണനേട്ടങ്ങളുണ്ടെങ്കില്‍ അവ ജനങ്ങള്‍ അനുഭവിച്ചറിയുമല്ലോ. പരസ്യപ്പെടുത്തേണ്ട കാര്യമില്ല. അപ്പോള്‍ ഭരണനേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തവര്‍ കണ്ണഞ്ചിക്കുന്ന പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ നോക്കുകയാണ്. പരസ്യത്തിനു വേണ്ടി കോടികള്‍ ഇടിച്ചുതള്ളുമ്പോള്‍ ജനങ്ങള്‍ക്കതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കാനില്ല. ഈ പണം എവിടെനിന്ന് വരുന്നു എന്നും ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു. കോര്‍പറേറ്റുകളാണ് പണമൊഴുക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിലൂടെ തടിച്ചുകൊഴുത്തവര്‍. ഇതിനൊക്കെയുള്ള ജനങ്ങളുടെ പകരം ചോദിക്കലാവുമോ ഈ തെരഞ്ഞെടുപ്പുകള്‍?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്