Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

പൂര്‍ണ മനുഷ്യനായിരുന്നു പ്രവാചകന്‍

ഡോ. കെ.എസ് മാധവന്‍

പ്രാചീന മനുഷ്യന്റെ മതം പ്രാകൃത മതമായിരുന്നു. മനുഷ്യനെത്തിച്ചേര്‍ന്ന ബോധത്തിന്റെ വികാസത്തിനനുസൃതമായ വിശ്വാസരീതിയേ പ്രാകൃതമതത്തിനുണ്ടായിരുന്നുള്ളൂ. ഭയമുണ്ടാവുമ്പോള്‍ പ്രകൃതിപ്രതിഭാസങ്ങളെ ആരാധിച്ചതും ദൈവമാക്കിയതും അതിനാലായിരുന്നു. പിന്നീടത് മൃഗങ്ങളോടും പക്ഷികളോടുമുള്ള ആരാധനയായ അനിമിസത്തിലേക്കും ശേഷം കുലയാരാധനയായ ടോട്ടമിസത്തിലേക്കും വഴിമാറി. ടോട്ടമിസത്തിലാണ് ആചാരങ്ങളും സംസ്‌കാരവും രൂപപ്പെടുന്നത്. തുടര്‍ന്ന് മനുഷ്യന്‍ നദീതീരങ്ങളില്‍ താമസമാരംഭിച്ച് സ്ഥിരകൃഷി തുടങ്ങി. അതോടെ മനുഷ്യന്‍ പ്രാകൃതാവസ്ഥ വിട്ട് നാഗരികാവസ്ഥ പ്രാപിക്കുന്നു. സംഘടിത കൃഷി, വിഭവോല്‍പാദനം, വാണിജ്യം, രാഷ്ട്രീയാധികാരം എന്നിവ വികസിച്ചുവന്നത് നാഗരിക ജീവിതത്തിലാണ്. അതോടെ ദൈവസങ്കല്‍പത്തിനും ആചാരങ്ങള്‍ക്കും വികസിതവും സംഘടിതവുമായ സ്വഭാവം കൈവന്നു. 

സെമിറ്റിക് മതങ്ങള്‍ പ്രാകൃതാവസ്ഥ പിന്നിട്ട് നാഗരികാവസ്ഥയിലേക്ക് വികസിച്ച മതങ്ങളാണ്. സംഘടിത കൃഷി, കൂട്ടുജീവിതം, ഭാഷയുടെയും സംസ്‌കാരത്തിന്റെയും വികാസം, വാണിജ്യബന്ധങ്ങള്‍, ഭരണകൂടങ്ങള്‍, നിയമവ്യവസ്ഥകള്‍ എന്നിവ സെമിറ്റിക് മതങ്ങളുടെ സവിശേഷതയാണ്. നാഗരികസ്വഭാവം വരുമ്പോള്‍ മതത്തിന് ഏകദൈവ സ്വഭാവം കൈവരുന്നു. നാഗരികതാ സ്വഭാവം ഉണ്ടാവുമ്പോഴും വംശം, വര്‍ഗം, ഗോത്രം പോലുള്ള വിഭജനങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. അവയുടെ ആരാധനാരീതി പിന്തുടരുന്നവരാണ് ഭൂരിപക്ഷം. വംശ, വര്‍ഗ, ഗോത്ര ആധിപത്യത്തോടും വിശ്വാസങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള കലഹത്തിലൂടെയാണ് പ്രവാചകമതങ്ങള്‍ രൂപപ്പെടുന്നത്. 

കലഹിക്കുന്നവരായിരുന്നു പ്രവാചകന്മാര്‍. നിലനിന്ന വിശ്വാസം, ചൂഷണം, ഗോത്ര ജീവിതരീതി, അനുഷ്ഠാനങ്ങള്‍, വിഭജനങ്ങള്‍ എന്നിവയെ അവര്‍ വിശകലനവിധേയമാക്കി. മതപരവും ധാര്‍മികവുമായ യുക്തിയുടെ ആധാരത്തിലായിരുന്നു വിശകലനം. ചൂഷണാധിഷ്ഠിത അനുഷ്ഠാനത്തെ കരുണാധിഷ്ഠിത അനുഷ്ഠാനമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു പ്രവാചകന്മാര്‍. യേശുക്രിസ്തു അതാണ് ചെയ്തത്. അതിനാലാണ് വ്യവസ്ഥക്കുള്ളില്‍ വിപ്ലവസ്വഭാവമുള്ള സന്ദേശമായി പ്രവാചകമതങ്ങള്‍ ഉയര്‍ന്നുവരുന്നത്. 

ഗോത്രങ്ങളും അവയുടെ സംഘര്‍ഷങ്ങളും ആരാധനകളും നിലനിന്ന സമൂഹമായിരുന്നു പൗരാണിക അറേബ്യ. ഇന്ത്യയുള്‍പ്പെടെയുള്ള  രാജ്യങ്ങളുടെ കച്ചവടവിനിമയത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു അത്. യഹൂദര്‍, ക്രൈസ്തവര്‍, മറ്റു ഗ്രൂപ്പുകള്‍, വ്യത്യസ്ത ഇടങ്ങളിലെ ജനതകള്‍ എന്നിവരുടെ സഞ്ചാരവും സമ്പര്‍ക്കവും ആശയകൈമാറ്റവും നടക്കുന്ന സ്ഥലം കൂടിയായിരുന്നു അറേബ്യ. പ്രസ്തുത സാഹചര്യത്തില്‍ ഗോത്രങ്ങളെ ഏകീകരിച്ച് ഒരു രാഷ്ട്രീയ വ്യവസ്ഥയിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. ഏകീകൃത ഭരണകൂടം അന്നവിടെ ഉണ്ടായിരുന്നില്ല. ചില ഭരണഗോത്രങ്ങളുണ്ട്. ചിലത് അങ്ങനെയല്ല. ഖുറൈശികള്‍ ഭരണഗോത്രമാണ്. ഗോത്രത്തലവന്മാരുടെ പാരമ്പര്യങ്ങള്‍ക്കാണ് മുഖ്യപരിഗണന ലഭിച്ചിരുന്നത്. ഏകീകൃത രാഷ്ട്രീയ വ്യവസ്ഥയുടെ മുന്നോടിയായിരുന്നു ഗോത്രങ്ങളുടെ ഏകീകരണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വിശ്വാസം ഉണ്ടാവുകയെന്നതാണ് ഏകീകരണത്തിന്റെ  മാര്‍ഗം. അതാണ് ഏകദൈവവിശ്വാസം. ഏകദൈവവിശ്വാസം ആത്മീയമായും സംസ്‌കാരികമായും ഗോത്രങ്ങളെ ഏകീകരിക്കുന്നു.  ഏകദൈവം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സ്രോതസ്സാണ്. പ്രവാചകന്‍ മുഹമ്മദിന്റെ ചുമതല വിവിധ ഗോത്രങ്ങളെ ഏകീകരിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു.

ഭൗതികതയെയും ആത്മീയതയെയും സമംചേര്‍ക്കുന്ന ഒരു പൂര്‍ണമനുഷ്യന്റെ നിര്‍മിതിയിലൂടെ മാത്രമേ ഗോത്രങ്ങളുടെ ഏകീകരണപ്രക്രിയ പൂര്‍ണമാവുകയുള്ളൂ. മാനവികഗുണങ്ങള്‍ പറഞ്ഞാല്‍ മാത്രം പോരാ. അവയെ സ്വജീവിതത്തില്‍ പ്രതീകവല്‍ക്കരിക്കുന്ന വ്യക്തിയുണ്ടാവണം. ആ വ്യക്തിയുടെ ജീവിതമാണ് തനത് മാതൃക. ആ മാതൃകയായിരുന്നു പ്രവാചകന്‍ മുഹമ്മദ്. പ്രവാചകന്‍ സമര്‍പ്പിക്കുന്ന സ്വഭാവത്തിലേക്ക് പ്രവേശിക്കുന്നവരാണ് മുസ്‌ലിംകള്‍. മുസ്‌ലിംകള്‍  ഒരുമിച്ചു ചേരുമ്പോള്‍ ഭരണകൂടസ്വഭാവം ഉണ്ടാവുന്നു. പ്രവാചകസ്വഭാവമുള്ള വ്യക്തികളെ സൃഷ്ടിക്കുകയെന്നതാണ് വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ബന്ധം. എത്രത്തോളം ഒരാള്‍ക്ക് പ്രവാചകമാതൃക ഉള്‍ക്കൊള്ളാനാവുമെന്നതാണ് പ്രശ്‌നം. സദ്ചിത്തരായ ഖലീഫമാര്‍ക്ക് വലിയൊരളവോളം അത് സാധിച്ചു. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സമാധാനമുണ്ടാക്കാന്‍ ശ്രമിച്ചവരാണവര്‍. പ്രവാചകനായിരുന്നു അവരുടെ മാതൃക. പ്രവാചക മാതൃകയോട് അടുക്കുകയെന്നാണ് മതത്തോട് അടുക്കുകയെന്നതിന്റെ അര്‍ഥം.

ഇസ്‌ലാം ഇതര മതങ്ങള്‍ നിലവിലുള്ള ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥക്കകത്താണ്  രൂപപ്പെട്ടത്. ആ മതങ്ങളും ആത്മീയവും ഭൗതികവുമായ കാര്യങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ട്. ക്രിസ്തുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ബ്രാഹ്മണമതത്തിന്റെയും അധ്യാപനങ്ങള്‍ അക്കാര്യം ബോധ്യപ്പെടുത്തുന്നു. പക്ഷേ, പ്രവാചകസന്ദേശത്തിന്റെ സവിശേഷത  ഭരണകൂടവുമായി അതിനെ ബന്ധിപ്പിച്ചുവെന്നതാണ്. ആത്മീയതക്കും ഭൗതികതക്കും തുല്യപ്രാധാന്യമുള്ള സമൂഹത്തിന്റെ നിര്‍മിതിയാണത്. ആത്മീയകേന്ദ്രം മാത്രമല്ല, വിശ്വാസികളുടെ ജീവിതരൂപീകരണ കേന്ദ്രം കൂടിയാണ് പള്ളി. പ്രാദേശിക ഭരണ സംവിധാനം (മഹല്ല്) പ്രവാചക ഭരണസംവിധാനത്തിന്റെ ചെറുരൂപമാണ്. പ്രാദേശിക ഭരണസംവിധാനത്തിന്റെ വികസിതരൂപമാണ് രാഷ്ട്രം. 

വിശ്വാസ സാക്ഷാല്‍ക്കാരം മാത്രമല്ല, സമൂഹത്തിന്റെ നിലനില്‍പും അതിജീവനവും ഐക്യവും ഭരണവുമെല്ലാം സാധ്യമാക്കുന്നു പ്രവാചകസന്ദേശം. അത് സമര്‍പ്പിക്കുന്നത് ദൈവശാസ്ത്രപരമായ രാഷ്ട്രസങ്കല്‍പമാണ്. ആത്മീയതയെയും ഭൗതികതയെയും സന്തുലിതപ്പെടുത്തുന്ന ധാര്‍മികബോധമുള്ള മനുഷ്യനു മാത്രമേ ആ സങ്കല്‍പം ഉള്‍ക്കൊള്ളാനാവുകയുള്ളൂ. വിശുദ്ധ ഖുര്‍ആനിനെയും പ്രവാചകനെയും  മാതൃകയായി ഉള്‍ക്കൊണ്ട ഉപദേശകസമിതിയുടെ മേല്‍നോട്ടത്തിലാണ് ഭരണം മുന്നോട്ടുപോവുക. ഉപദേശകസമിതി ദുഷിച്ചാല്‍ സമൂഹവ്യവസ്ഥ തകര്‍ന്നുപോവും. പ്രവാചകസന്ദേശത്തിന്റെ ധാര്‍മികയുക്തിയാണ് ഭരണകൂടത്തെയും നീതിയെയും സാമൂഹിക, സമത്വപരമായ കാര്യങ്ങളെയും നിജപ്പെടുത്തുന്നത്.

ആത്മീയമായി എത്രത്തോളും നവീകരിക്കപ്പെടുന്നുവോ അതിനനുസൃതമായാണ് മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുക. പ്രവാചകചര്യ ധാര്‍മികതയാണ്. അതാണ്  കിഴക്കിനും പടിഞ്ഞാറിനുമുള്ള പ്രവാചകസന്ദേശം. മാനവികതയിലൂന്നുന്ന വിശ്വാസത്തിന്റെ ആധാരത്തിലുള്ള രാഷ്ട്രനിര്‍മിതി അക്കാലത്തെ വിപ്ലവാത്മകമായ ഒന്നായിരുന്നു. കേന്ദ്രീകൃത ഭരണവ്യവസ്ഥ സാധ്യമായതിനാലാണ് അത് വിപ്ലവാത്മകമാകുന്നത്. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ വ്യക്തിയെയും രാഷ്ട്രത്തെയും  ബന്ധിപ്പിക്കുന്നു അത്. വ്യക്തിതലത്തെ ബന്ധിപ്പിക്കുന്നത് പ്രവാചകജീവിതമാണ്. മനുഷ്യന്‍, ജിവിതം, ലോകം എന്നിവയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള ഖുര്‍ആന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം മുന്നോട്ടു പോകുന്നത്.

ഉയര്‍ന്ന പ്രയോഗവത്കരണ സാധ്യതയാണ്  പ്രവാചകസന്ദേശത്തിന്റെ പ്രത്യേകത. മറ്റു മതങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന പ്രവാചകമതത്തിന്റെ പ്രധാന സവിശേഷതയാണിത്. ഇതാണ് ഇസ്‌ലാംവ്യാപനത്തിന് ഒരു പ്രധാന കാരണമായിത്തീര്‍ന്നതും. കൂടുതല്‍ പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും പല രാജ്യങ്ങളില്‍ ഇസ്‌ലാം വ്യാപകമാവുകയും ചെയ്യുന്നു. ജനങ്ങളുടെ ഇസ്‌ലാം സമീപനത്തില്‍ നിര്‍ണായകമായത് അതിന്റെ പ്രായോഗികപരതയാണ്. മുഴുവനായി ഗ്രഹിച്ച ശേഷമല്ല ജനങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. പ്രശ്‌നങ്ങളുടെ  പ്രായോഗിക പരിഹാരം ഇസ്‌ലാമായതാണ് ജനങ്ങള്‍ക്ക് അതിനെ ആകര്‍ഷണീയമാക്കിയത്.  

നിരക്ഷരനായ മുഹമ്മദിന് വെളിപ്പെട്ട മതമാണ് ഇസ്‌ലാം. എഴുത്തുരൂപമായ ഖുര്‍ആനായിട്ടാണ് അത് വെളിപ്പെടുന്നത്. നശിക്കാത്ത അക്ഷരങ്ങളിലൂടെയുള്ള വചനങ്ങളുടെ സമാഹാരം. കലര്‍പ്പില്ലാത്ത മൂലഗ്രന്ഥമാ(ടെക്സ്റ്റ്)യി ലഭ്യമാവുന്നുവെന്നതാണ് ഖുര്‍ആന്റെ സവിശേഷത. മതഗ്രന്ഥമെന്ന അര്‍ഥത്തില്‍ ഖുര്‍ആനിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ക്രോഡീകരണം  ദൈവത്തിലൂടെ പ്രവാചകകാലത്തുതന്നെ സാധിച്ചുവെന്നതാണ്. വാമൊഴി പാരമ്പര്യം വഴി കൈമാറി ക്രോഡീകരിക്കപ്പെട്ടതല്ല അത്. കലര്‍പ്പുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും അത് വിധേയമായിട്ടില്ല. ഖുര്‍ആനിതര വേദങ്ങള്‍ കാലങ്ങള്‍ക്കു ശേഷമാണ് ക്രോഡീകരിക്കപ്പെട്ടത്. ബ്രാഹ്മണവേദങ്ങള്‍, ബൈബിള്‍ എന്നിവ അങ്ങനെയാണ്. വാമൊഴിയായും സ്മൃതിയായും തലമുറകളിലൂടെ കൈമാറിയതിനുശേഷമാണ് ഇന്നത്തെ രൂപം അവക്ക് കൈവന്നത്.  ഖുര്‍ആന്‍ ഇന്നുള്ളതുപോലെ തന്നെയായിരുന്നു അന്നുമുണ്ടായിരുന്നത്. എഴുത്തെന്ന മാധ്യമത്തിലൂടെ ക്രോഡീകൃതമാണ് ഖുര്‍ആന്‍. എഴുത്ത് ഖുര്‍ആനിന്റെ പാരമ്പര്യമാണ്. വായിക്കാനും സാക്ഷരരാകാനുമാണ് അതിന്റെ ആഹ്വാനം.  

പ്രവാചക സന്ദേശമായ ഇസ്‌ലാം മനുഷ്യസമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത്. മറ്റു മതങ്ങള്‍ സ്‌നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചും പറഞ്ഞിട്ടുണ്ടെങ്കിലും ലോകത്തെ മുഴുവന്‍ മനുഷ്യരെയും അഭിസംബോധന ചെയ്യുന്നില്ല. ഗോത്ര, വംശ, ജാതി പരികല്‍പനകള്‍ക്കപ്പുറം മനുഷ്യനെന്ന സത്തയിലാണ് ഇസ്‌ലാമിന്റെ അഭിസംബോധന. ലോകത്തെ ഏതു മനുഷ്യനും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ദാര്‍ശനിക ഉള്ളടക്കമാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിന്റെ നോട്ടപ്പാടില്‍ മനുഷ്യരെല്ലാം തുല്യരാണ്. കറുത്തവരെന്നോ വെളുത്തവരെന്നോ വേര്‍തിരിവില്ല. തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഗോത്രങ്ങളും കുടുംബങ്ങളും. നിറങ്ങള്‍, വംശങ്ങള്‍, ലിംഗങ്ങള്‍ തുടങ്ങിയവ ജീവിതയാഥാര്‍ഥ്യങ്ങളാണെന്നത് ശരിയാണ്. പക്ഷേ, ഇസ്‌ലാം അവയെ മതത്തിന്റെ അടിസ്ഥാനങ്ങളായി അംഗീകരിക്കുന്നില്ല. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍നിന്ന് താഴ്ന്നവരും ഉയര്‍ന്നവരുമായ ജാതിസമൂഹങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് ഇസ്‌ലാമിന്റെ മാനവികതാസങ്കല്‍പമാണ്. ഇസ്‌ലാമിന്റെ ദാര്‍ശനികമായ ഉള്ളടക്കം മാനവികതയാണ്. ഒരു മുസ്‌ലിം വര്‍ണവിവേചനത്തിന് വിധേയനായാല്‍ മതത്തിനുള്ളില്‍നിന്നുതന്നെ പ്രമാണങ്ങള്‍ നിരത്തി ആ പ്രവണതയെ ചെറുക്കാം. ബ്രാഹ്മണമതത്തില്‍ അങ്ങനെ സാധ്യമല്ല. എല്ലാവരെയും തുല്യരായി കാണാന്‍ പ്രവാചകമതത്തിന്റെ ഏകദൈവസങ്കല്‍പത്തിനേ പറ്റൂ. അതിനാലാണ് എല്ലാ ലോകവിപ്ലവകാരികളും ഏകദെവത്തെപറ്റി പറയുന്നത്. 

പ്രവാചകസന്ദേശത്തിന് സമകാലിക പ്രസക്തിയുണ്ട്. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമായ ഒന്നാണ് സാഹോദര്യം. ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിതമായ സമൂഹമാണ് ഇന്ത്യയില്‍  നിലനില്‍ക്കുന്നത്. ആ വിഭജിതാവസ്ഥ നേരത്തേയുണ്ട്. ഇന്നത് രാഷ്ട്രീയക്രമവും പ്രത്യയശാസ്ത്രവുമാണ്. ദേശസംസ്‌കാരത്തിനനുസൃതമായ തലമുറയെ ഉണ്ടാക്കാനാണ് അത് ശ്രമിക്കുന്നത്. അതിനു ബദലാണ് പ്രവാചകന്റെ സാഹോദര്യസങ്കല്‍പം. പ്രവാചകജീവിതത്തില്‍നിന്ന് സമകാലിക ഇന്ത്യയെ മുന്‍നിര്‍ത്തി സ്വാംശീകരിക്കാവുന്ന ആശയമാണ് സാഹോദര്യം. മുസ്‌ലിംജീവിതത്തിന്റെ അതിജീവനം സാധ്യമാവുന്നത് ഇതര സമുദായങ്ങളോടുള്ള സഹവര്‍ത്തിത്വത്തിലൂടെയാണ്. അവരോട് സാമൂഹികമായി ഇടപെടാനുള്ള സാമഗ്രിയായി സാഹോദര്യ രാഷ്ട്രീയത്തെ വികസിപ്പിക്കണം ഇന്ത്യന്‍ മുസ്‌ലിംകള്‍. ദൈനംദിനജീവിതത്തില്‍ പാലിക്കേണ്ട അടിസ്ഥാനമൂല്യമായി സാഹോദര്യത്തെ വീണ്ടെടുക്കല്‍ അനിവാര്യമാണ്. 

മറ്റൊരു ആശയമാണ് സൗഹൃദത്തിന്റെ രാഷ്ട്രീയം. അടിസ്ഥാനപരമായി അത് ഖുര്‍ആനികമാണ്.  മുസ്‌ലിമായി ജീവിക്കുകയെന്നാല്‍ മുസ്‌ലിംസ്വത്വമായി ജീവിക്കുകയെന്നല്ല. സ്വത്വം ജീവിതത്തിന്റെ ഭാഗമാണെന്നത് ശരിയാണ്. മുസ്‌ലിംജീവിതമെന്നാല്‍ ഖുര്‍ആനികവും പ്രവാചകീയവുമായ സന്ദേശത്തെ സ്വയം പകര്‍ത്തിയും മറ്റുള്ളവര്‍ക്ക് പകര്‍ത്തിക്കൊടുത്തും ജീവിക്കലാണ്. ഇന്ത്യപോലുള്ള ബഹുസ്വരസമൂഹത്തില്‍ സൗഹൃദത്തിന്റെയും നീതിയുടെയും രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കണം. നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേര്‍ന്നുനില്‍ക്കലാണ് പ്രവാചകധര്‍മം. നീതിയുടെ പക്ഷത്ത് നില്‍ക്കുമ്പോള്‍ നീതിനിഷേധത്തിന്റെ രൂപങ്ങളെ എതിര്‍ക്കേണ്ടിവരും. നീതിനിഷേധത്തിന്റെ രൂപങ്ങള്‍ ഭരണകൂടമോ രാഷ്ട്രീയ വ്യവഹാരമോ ഹിംസയുടെ രൂപങ്ങളോ ഒക്കെയാവാം. നീതിനിഷേധത്തിനെതിരെ സമാധാനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കലാണ് ആവശ്യം. നീതിയെ സാമൂഹികവല്‍ക്കരിക്കണം. നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നിലകൊള്ളുക,  അവര്‍ക്കു വേണ്ടി സംസാരിക്കുക, വേണ്ടിവന്നാല്‍ യുദ്ധം  ചെയ്യുക. അപ്പോഴാണ് നീതി സാമൂഹികനീതിയാവുന്നത്. 

നീതിയുടെ പക്ഷത്ത് നില്‍ക്കുമ്പോള്‍ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ, വര്‍ണബോധ്യങ്ങള്‍, അതിന്റെ സാംസ്‌കാരികയുക്തി, ദേശീയരൂപങ്ങള്‍ എന്നിവയോട് വിയോജിക്കേണ്ടിവരും. സാമൂഹികനീതിയുടെ അടിസ്ഥാനത്തിലാണ് വിയോജിപ്പ്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സാമൂഹികനീതിയിലൂടെയേ ബ്രാഹ്മണിക് വ്യവസ്ഥയെ പ്രതിരോധിക്കാനാവുള്ളൂ. ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണഘടന മുന്നോട്ടുവേക്കുന്ന ധാര്‍മികത മുസ്‌ലിംകള്‍ ഉള്‍ക്കൊള്ളണം. തുല്യത, മാനവികത, ജനാധിപത്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാതത്ത്വങ്ങളെ അംഗീകരിക്കലാണ് ഭരണഘടനാ ധാര്‍മികതയുടെ അര്‍ഥം. മൂല്യങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് മുന്നോട്ടുപോവുക. അപ്പോള്‍ നീതിക്കു വേണ്ടിയും  ഭരണഘടനക്കുവേണ്ടിയും സംസാരിക്കേണ്ടിവരും. വിശ്വാസികള്‍ ഏതു രാഷ്ട്രത്തിലായാലും അവിടത്തെ വ്യവസ്ഥ നീതിയിലധിഷ്ഠിതമാണെങ്കില്‍ അതിനെ അനുസരിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. നീതിപരമല്ലെങ്കില്‍ അംഗീകരിക്കേണ്ട. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ അതിനു മാതൃകയാണ്. അമുസ്‌ലിം ഭരണാധികാരിയായ സാമൂതിരിക്കും അദ്ദേഹത്തിന്റെ രാജ്യത്തിനും വേണ്ടി ശഹീദാകാനായിരുന്നു തുഹ്ഫയില്‍ അദ്ദേഹത്തിന്റെ ആഹ്വാനം. ഭരണഘടന നീതിയുടെ പക്ഷത്ത് നിലകൊള്ളുന്ന പ്രമാണമാണ്. സാമൂഹികനീതി അത് പ്രദാനം ചെയ്യുന്നു. ഭരണഘടനയുടെ പക്ഷത്ത് നിലകൊണ്ട് ജനാധിപത്യത്തിനുവേണ്ടിയുള്ള സംസാരം ഖുര്‍ആനിന്റെ താല്‍പര്യം കൂടിയാണ്. ഖുര്‍ആന്റെ സാഹോദര്യ, മാനവികതാ, നീതിസങ്കല്‍പങ്ങളെ ഭരണഘടനയുടെ നീതി, ജനാധിപത്യസങ്കല്‍പ്പങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യോജിപ്പിന്റെ തലങ്ങളാണ് ഉയര്‍ന്നുവരുന്നത്. രണ്ട് സങ്കല്‍പ്പങ്ങളെയും സമകാലികമായി സമന്വയിപ്പിക്കുന്ന രീതിശാസ്ത്രമാണ് വികസിപ്പിക്കേണ്ടത്. ആ സമന്വയരാഷ്ട്രീയമാണ് സാമൂഹികനീതിയുടെ രാഷ്ട്രീയം. ഏതൊരു മതസംഹിതക്കും ഇന്ത്യയില്‍ അങ്ങനെയേ മുന്നോട്ടുപോകാനാവുകയുള്ളൂ. ജനാധിപത്യം കിഴക്കോ പടിഞ്ഞാറോ എന്നതല്ല, ജനാധിപത്യത്തെ അടിസ്ഥാനതത്ത്വമായി ഉള്‍ക്കൊള്ളാനാവുമോ എന്നതാണ് പ്രശ്‌നം. ജനാധിപത്യത്തെ നിലനിര്‍ത്തി മാത്രമേ ഖുര്‍ആനിനെക്കുറിച്ചുപോലും സംസാരിക്കാനാവുകയുള്ളൂ. മോദി സമ്പൂര്‍ണ ഏകാധിപധിയായിത്തീരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ജനാധിപത്യം നിലനില്‍ക്കേണ്ടത് ഇസ്‌ലാമിന്റെ കൂടി താല്‍പര്യമാണ്.

ഇന്ത്യന്‍ ജനാധിപത്യം സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംഘ് പരിവാര്‍ ഫാഷിസമാണ് വലിയ പ്രശ്‌നം. അതിന്റെ ആധിപത്യത്തിനു കീഴിലാണ് ഇന്ത്യ. സംഘ് ഫാഷിസത്തെ പ്രതിരോധിക്കണമെങ്കില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള മുഴുവന്‍ വിമോചനപാരമ്പര്യങ്ങളെയും വീണ്ടെടുക്കേണ്ടിവരും. ഉള്‍ക്കൊള്ളലിന്റെ വിമോചന ജനാധിപത്യമാണ്  രൂപപ്പെടേണ്ടത്. മുസ്‌ലിംകള്‍, ന്യൂനപക്ഷങ്ങള്‍, ദലിതര്‍, പിന്നാക്കക്കാര്‍, അധീശത്വ വ്യവസ്ഥയുടെ ഇരകള്‍ തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുക. അതില്‍ ഇടതുപക്ഷത്തിനും സ്ഥാനമുണ്ട്. ബുദ്ധന്‍, നാരായണഗുരു, അയ്യങ്കാളി, ഇ.വി.ആര്‍, അംബേദ്കര്‍ തുടങ്ങിയവര്‍ മുതല്‍ ദേശരാഷ്ട്രത്തിനകത്തും പുറത്തുമുള്ള വിമോചനപ്രസ്ഥാനങ്ങള്‍ക്കുവരെ അതില്‍ സ്ഥാനമുണ്ട്. ഭരണഘടനാ ജനാധിപത്യത്തെ അംഗീകരിക്കുന്ന എല്ലാവര്‍ക്കും സ്ഥാനമുണ്ട്. ദലിത് പ്രസ്ഥാനങ്ങള്‍, ഗോത്രപ്രസ്ഥാനങ്ങള്‍, മുസ്‌ലിംകള്‍ക്കിടയിലൂള്ള വിവിധ പ്രസ്ഥാനങ്ങള്‍ എന്നിവയെയെല്ലാം ഐക്യപ്പെടുത്തുന്ന ഒരു മുന്നണി വേണം.  കേവല രാഷ്ട്രീയ മുന്നണിയല്ല, ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയാണത്. 

സംഘ് ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലൂടെ മാത്രമല്ല. സംഘ് ഫാഷിസം അപകടകരമായി ഇടപെടുന്നത് സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിലാണ്. പൊതുബോധം തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് സംഘ് ഫാഷിസം. സമഗ്ര നശീകരണസ്വഭാവമുള്ള ആശയമാണ് സംഘ് ഫാഷിസം. അത് തെരഞ്ഞടുപ്പു രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് സംഘ് ഫാഷിസം പോയേക്കാം. എന്നാല്‍, അത് സൃഷ്ടിച്ച പൊതുബോധം അത്യന്തം അപകടകരമാണ്. പൊതുസമൂഹത്തില്‍ സംഘ് ഫാഷിസത്തിന്റെ സ്ഥാപനങ്ങളും ആശയങ്ങളും വ്യക്തികളുമുണ്ട്. അവ പെട്ടെന്ന് ഇല്ലാതാവില്ല. അതിന്റെ സാംസ്‌കാരികമായ നിരവധി ആധിപത്യരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഘ് ഫാഷിസത്തെ പ്രതിരോധിക്കുന്നത് സാഹോദര്യത്തിലൂടെയും ഭരണഘടനാമൂല്യങ്ങളിലൂടെയുമായിരിക്കണം. സാഹോദര്യമാണ് ഫാഷിസ്റ്റ്‌വിരുദ്ധമുന്നണിയുടെ അടിസ്ഥാനം. ഫാഷിസ്റ്റ്‌വിരുദ്ധ പ്രസ്ഥാനം ഒരു നവീകരണപ്രസ്ഥാനം കൂടിയാണ്. നമ്മുടെ ബോധങ്ങളെയും വിചാരങ്ങളെയും ചിന്തകളെയും നവീകരിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം. അതിലൂടെ മാത്രമേ വിശാലമായ ഫാഷിസ്റ്റ് വിരുദ്ധമുന്നണി സാധ്യമാവുകയുള്ളൂ. പ്രവാചകന്റെ മാനവികതക്കും നീതിസങ്കല്‍പത്തിനും  മൂല്യവിചാരങ്ങള്‍ക്കും ഫാഷിസ്റ്റ് വിരുദ്ധമുന്നണിയുടെ നിര്‍മിതിയില്‍ വലിയ പ്രസക്തിയുണ്ട്. 

(കോഴിക്കോട് സര്‍വകലാശാലാ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)

കേട്ടെഴുത്ത്: ശമീര്‍ബാബു കൊടുവള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്