Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

മുസ്‌ലിംകളല്ലാത്തവരുടെ പള്ളിപ്രവേശം

ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി

മുസ്‌ലിം പള്ളികളില്‍ അമുസ്‌ലിംകള്‍ക്ക് പ്രവേശം നല്‍കാമോ എന്നത് മലബാര്‍ മുസ്‌ലിംകളിലെ മഹാഭൂരിപക്ഷത്തിനും ഇന്നും ഉള്‍ക്കൊള്ളാനാവാത്ത ഒരു സമസ്യയാണ്. അത് ഒരു മഹാപാതകമായാണ് അവരിലെ 'സമസ്ത' പണ്ഡിതന്മാരില്‍ നല്ലൊരു വിഭാഗം കാണുന്നത്. അവരുടെ അഭിപ്രായമാണോ ശരി, അതോ അമുസ്‌ലിംകള്‍ക്ക് മുസ്‌ലിം പള്ളികളില്‍ പ്രവേശം നല്‍കാമെന്നുള്ള ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാടാണോ ശരി? പ്രമാണം ആരുടെ പക്ഷത്താണ്? പള്ളി (മസ്ജിദ്) പവിത്രമാണ് എന്നത് ശരി. അത് ഇബാദത്തിനു വേണ്ടി പണിതതാണ് എന്നതും ശരി. ഇബാദത്ത് എന്നത് അതിന്റെ പരിമിതാര്‍ഥത്തിലാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ പള്ളികള്‍ ആരാധനക്കു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ?

ഖുര്‍ആന്‍ പള്ളിയെപ്പറ്റി ഇരുപത്തെട്ടിടത്താണ് പരാമര്‍ശിച്ചിട്ടുള്ളത്. അതില്‍ ഒരിടത്ത് 9:28 (തൗബ അധ്യായത്തില്‍) 'ഈ വര്‍ഷത്തിനു ശേഷം ബഹുദൈവാരാധകര്‍ മസ്ജിദുല്‍ ഹറാമിനടുത്ത് വരാന്‍ പാടില്ല' എന്ന് പറയുന്നുണ്ട്. അതേ അധ്യായത്തില്‍ 17-ാം സൂക്തത്തില്‍ ബഹുദൈവരാധകരല്ല, അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് എന്നും പറയുന്നു. ഈ രണ്ട് സൂക്തങ്ങളും മസ്ജിദുല്‍ ഹറാമുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളാണ്. 17-ാം സൂക്തമാവട്ടെ, പ്രവാചകനെയും അനുചരന്മാരെയും അവിടെനിന്ന് ആട്ടിപ്പായിച്ചതുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. അതായത് മസ്ജിദുല്‍ ഹറാമുമായി മാത്രം ബന്ധപ്പെട്ടുള്ളതാണ്, മറ്റു പള്ളികളുമായി ബന്ധപ്പെട്ടുള്ളതല്ല പ്രസ്തുത പരാമര്‍ശങ്ങള്‍ എന്നര്‍ഥം.

ഇസ്‌ലാമിക ദൃഷ്ട്യാ മക്കയിലെ മസ്ജിദുല്‍ ഹറാമിനുള്ള മഹത്വം മറ്റു പള്ളികള്‍ക്കൊന്നുമില്ല; മദീനയിലെ മസ്ജിദുല്‍ ഹറാമിനു പോലും. മൂന്ന് പള്ളികളാണ് ഇസ്‌ലാമികദൃഷ്ട്യാ ഏറ്റം പ്രധാനം. മസ്ജിദുല്‍ ഹറാം (മക്ക), മസ്ജിദുന്നബവി (മദീന), മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്ത്വീന്‍). ബാക്കി ലോകത്തുള്ള ഏതു പള്ളിയും പദവിയില്‍ തുല്യമാണ്. ഉപര്യുക്ത മൂന്ന് പള്ളികളാകട്ടെ തുല്യപദവിയിലുള്ളതല്ല. ഏറ്റവും പ്രധാനം മക്കയിലെ മസ്ജിദുല്‍ ഹറാം. പിന്നെ മദീനയിലെ മസ്ജിദുന്നബവി. മൂന്നാം സ്ഥാനത്താണ് ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വാ. അവയില്‍ തന്നെയും മസ്ജിദുല്‍ ഹറാമുമായി ബന്ധപ്പെട്ടാണ് മുകളില്‍ കൊടുത്ത രണ്ട് ഖുര്‍ആനിക സൂക്തങ്ങള്‍.

ഇനി മസ്ജിദുന്നബവിയുടെ കാര്യമെടുക്കാം. ഥുമാമതുബ്‌നു ഉഥാല്‍ എന്ന ഒരാളെ പിടിച്ചുകൊണ്ടുവന്ന് ആ പള്ളിയില്‍ കെട്ടിയിട്ട സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചു വന്നിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം:

അബൂഹുറൈറയില്‍നിന്ന്; അദ്ദേഹം പറഞ്ഞു: നബി(സ) നജ്ദിന്റെ ഭാഗത്തേക്ക് ഒരു അശ്വസൈന്യത്തെ അയച്ചു. സൈന്യം ബനൂ ഹനീഫ കുടുംബത്തിലെ ഥുമാമതുബ്‌നു ഉഥാല്‍ എന്ന് പേരുള്ള ഒരാളെ പിടിച്ച് ബന്ധിച്ചുകൊണ്ടുവന്നു. അവര്‍ അയാളെ പള്ളിയുടെ ഒരു തൂണില്‍ കെട്ടിയിട്ടു. നബി(സ) അദ്ദേഹത്തെ സമീപിച്ചു: അവിടുന്ന് ചോദിച്ചു; 'ഥുമാമ, എന്തുണ്ട്?'

ഥുമാമ പറഞ്ഞു: 'മുഹമ്മദ്, എന്റെ പക്കല്‍ നന്മ മാത്രമുണ്ട്. താങ്കള്‍ക്ക് എന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ കൊല്ലാം. എങ്കില്‍ രക്തം ചിന്തപ്പെടാന്‍ അര്‍ഹനായ ഒരുത്തനെയാവും താങ്കള്‍ കൊല്ലുന്നത്. താങ്കള്‍ ഔദാര്യം ചെയ്യുന്നുവെങ്കില്‍ ഔദാര്യത്തിന് നന്ദിയുള്ളവന്നാവും താങ്കള്‍ ഔദാര്യം നല്‍കുന്നത്. താങ്കള്‍ക്ക് സമ്പത്ത് വേണമെങ്കില്‍ ആവശ്യമുള്ളത് ചോദിക്കാം.'

നബി(സ) നടന്നുനീങ്ങി. അടുത്ത ദിവസം നബി(സ) വീണ്ടും ഥുമാമയെ കണ്ടു. അന്നും നബി(സ) ചോദിച്ചു: 'ഥുമാമ, എന്തുണ്ട്?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ താങ്കളോട് പറഞ്ഞതു തന്നെ. താങ്കള്‍ ഔദാര്യം ചെയ്യുന്നുവെങ്കില്‍ നന്ദിയുള്ളവന്നാവും താങ്കള്‍ ഔദാര്യം ചെയ്യുന്നത്.'

നബി(സ) അന്നും നടന്നുനീങ്ങി. അടുത്ത ദിവസവും നബി(സ) വന്നു. അന്നും ചോദിച്ചു: 'ഥുമാമ, എന്തുണ്ട്?'

ഥുമാമ: 'എന്താണോ മുമ്പ് പറഞ്ഞത് അതുതന്നെ.'

നബി(സ) പറഞ്ഞു: 'ഥുമാമയെ സ്വതന്ത്രനാക്കിയേക്കൂ.' 

ഥുമാമ പള്ളിയുടെ തൊട്ടടുത്തുണ്ടായിരുന്ന കൈതോട്ടില്‍ ചെന്ന് കുളിച്ചുവന്നു. പള്ളിയില്‍ ചെന്ന് അദ്ദേഹം പ്രഖ്യാപിച്ചു:

'അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ്, അല്ലാഹുവില്‍ സത്യം, താങ്കളുടെ മുഖത്തേക്കാള്‍ എനിക്ക് വെറുപ്പുള്ള ഒരു മുഖവും ഭൂമിയിലുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖമായി താങ്കളുടെ മുഖം മാറിയിരിക്കുന്നു. അല്ലാഹുവില്‍ സത്യം, താങ്കളുടെ ദീനിനേക്കാള്‍ എനിക്ക് ഏറ്റവും വെറുപ്പുള്ള മറ്റൊരു ദീനുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദീനായി താങ്കളുടെ ദീന്‍ മാറിയിരിക്കുന്നു. അല്ലാഹുവില്‍ സത്യം, താങ്കളുടെ നാടിനേക്കാള്‍ എനിക്ക് വെറുപ്പുള്ള ഒരു നാടുമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ താങ്കളുടെ നാട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാടായി മാറിയിരിക്കുന്നു. താങ്കളുടെ സൈന്യം എന്നെ പിടികൂടി. ഞാന്‍ ഉംറ ഉദ്ദേശിച്ചിറങ്ങിയതാണ്. നബി (സ) അദ്ദേഹത്തോട് ഉംറ നിര്‍വഹിക്കാന്‍ നിര്‍ദേശിച്ചു.

ഥുമാമ: മക്കയില്‍ വന്നപ്പോള്‍ അദ്ദേഹത്തോട് ആരോ ചോദിച്ചു: 'താങ്കള്‍ മതം മാറിയോ?'

അദ്ദേഹം പറഞ്ഞു: 'ഇല്ല, അല്ലാഹുവാണ. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദിന്റെ കൂടെ ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ട്. ഇല്ല, അല്ലാഹുവില്‍ സത്യം, നബി(സ) അനുവാദം നല്‍കും വരെ ഇനി യമാമയില്‍നിന്ന് ഒരു മണി ഗോതമ്പും നിങ്ങള്‍ക്ക് വരികയില്ല' (ബുഖാരി. കിതാബുല്‍ മഗാസി അധ്യായം 71 ഹദീസ് നമ്പര്‍ 4372. ഇതിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ 462,469,2422,2423 നമ്പറുകളിലും ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിം കിതാബുല്‍ ജിഹാദ്, ബാബു റബ്തുല്‍ അസീര്‍ വ ഹബ്‌സുഹു എന്ന അധ്യായത്തില്‍ 60/1764, 1765 നമ്പറുകളിലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്).

ബനൂഖുറൈളയിലെയും ബനുന്നദീറിലെയും ബന്ദികളെ മദീനയിലെ പള്ളിയിലാണ് താമസിപ്പിച്ചിരുന്നത് എന്ന് പറയുന്നുണ്ട് ശറഹുല്‍ മുഹദ്ദബില്‍ -21/367).

ഇമാം ഇബ്‌നുകസീര്‍ ഉദ്ധരിക്കുന്നു: 'അബൂ ഇസ്ഹാഖ് പറഞ്ഞു: അവര്‍ (നജ്‌റാനില്‍നിന്നുള്ള ക്രൈസ്തവ പ്രതിനിധിസംഘം) മസ്ജിദുന്നബവിയില്‍ വന്നത് പളപളപ്പുള്ള ഭംഗിയുള്ള വസ്ത്രമണിഞ്ഞുകൊണ്ടാണ്. അസ്വ്ര്‍ നമസ്‌കാര സമയമായപ്പോള്‍ അവര്‍ കിഴക്കോട്ട് തിരിഞ്ഞ് നമസ്‌കരിക്കാന്‍ തുടങ്ങി. അപ്പോള്‍ നബി(സ) സ്വഹാബിമാരോട് പറഞ്ഞു: 'അവരെ വിട്ടേക്കുക' (അല്‍ബിദായ വന്നിഹായ 5/67).

ഈ ഉദ്ധരിച്ചതത്രയും ചില സന്ദര്‍ഭങ്ങളിലെങ്കിലും അമുസ്‌ലിംകള്‍ക്കും മുസ്‌ലിം പള്ളികളില്‍ പ്രവേശം നല്‍കാമെന്നതിന്റെ തെളിവാണ്. അവര്‍ക്ക് പ്രവേശം നല്‍കാവുന്ന ന്യായീകരണം പലതാവാം. പ്രബോധനതാല്‍പര്യമാവാം. അമുസ്‌ലിമിന്റെ പോലും സുരക്ഷയുമായി ബന്ധപ്പെട്ടാവാം. സാമ്പത്തിക താല്‍പര്യമാവാം... എന്തുതന്നെയായാലും അവര്‍ക്ക് പ്രവേശം നല്‍കുക എന്നത് പാടേ നിഷിദ്ധമാണെന്ന് പറയുന്നതിന് തെളിവിന്റെ പിന്‍ബലമില്ല.

ഥുമാമതുബ്‌നു ഉഥാലുമായി ബന്ധപ്പെട്ട സംഭവത്തെ സംബന്ധിച്ച് നബി(സ)യുടെ സമ്മതമില്ലാതെയാണ് അദ്ദേഹത്തെ അവിടെ കൊണ്ടുവന്ന് കെട്ടിയിട്ടത് എന്ന ഒരു നിരൂപണമുണ്ട്. എന്നാല്‍ ആ നിരൂപണം നിലനില്‍ക്കത്തക്കതല്ല. ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ എഴുതുന്നു:

'ഒരാള്‍ മുസ്‌ലിമായാല്‍ കുളിക്കുക എന്നതിന് പള്ളിയുമായി ബന്ധപ്പെട്ട നിയമവുമായി വിദൂരബന്ധമേ ഉള്ളു. അമുസ്‌ലിം ജനാബത്തുള്ള(കുളി നിര്‍ബന്ധമുള്ള)വനായിരിക്കും. ജനാബത്തുകാരന് പള്ളിപ്രവേശം അനിവാര്യമായ സാഹചര്യത്തിലല്ലെങ്കില്‍ വിലക്കപ്പെട്ട കാര്യമാണ്. അയാള്‍ ഇസ്‌ലാം സ്വീകരിച്ചതുകൊണ്ട് ജനാബത്തുകാരനായി പള്ളിയില്‍ തങ്ങേണ്ടതായ അനിവാര്യതയൊന്നുമില്ല. അതിനാല്‍ അയാള്‍ പള്ളിയില്‍ താമസിക്കാന്‍ വേണ്ടി കുളിച്ചു.'

'പള്ളിയില്‍ വെച്ച് കൊള്ളക്കൊടുക്കകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള പരാമര്‍ശം' എന്നതാണ് ഈ അധ്യായത്തിന്റെ തലക്കെട്ട് എന്ന് വാദിച്ചിട്ടുണ്ട് ഇബ്‌നുല്‍ മുനീര്‍. പള്ളികള്‍ അല്ലാഹുവിനെക്കുറിച്ച് ഓര്‍മിക്കാനും പരാമര്‍ശിക്കാനും വേണ്ടി നിര്‍മിക്കപ്പെട്ടതാണ് എന്ന പൊതു പ്രസ്താവത്തില്‍നിന്ന്, ബന്ദിയെ പള്ളിയില്‍ കൊണ്ടുവന്ന് കെട്ടിയിടുന്നത് തെറ്റാണെന്ന് അനുമാനിച്ചു എന്നതാണ് ഈ അധ്യായത്തിന്റെ തലക്കെട്ടും ഥുമാമയുടെ സംഭവവുമായുള്ള ബന്ധം എന്നും അദ്ദേഹം പറയുന്നുണ്ട്. ഈ പൊതു പ്രസ്താവത്തെ മറ്റു ചില പ്രശ്‌നങ്ങള്‍ വഴി വിശേഷവല്‍ക്കരിച്ചു എന്നാണ് അതുവഴി ബുഖാരി ഉദ്ദേശിച്ചത്. ബന്ദിയെ പള്ളിയില്‍ കൊണ്ടുവന്ന് ബന്ധിക്കുക എന്നത് അതിലൊന്നാണ്. പൊതുതാല്‍പര്യാര്‍ഥം അത് സംഗതമെങ്കില്‍ പൊതുതാല്‍പര്യാര്‍ഥം പള്ളിയില്‍ വെച്ച് കൊള്ളക്കൊടുക്കകളും സംഗതമാണെന്ന് വരും എന്നും പറയുന്നുണ്ട് അദ്ദേഹം.

ഞാന്‍ പറയുന്നു: അതിലടങ്ങിയ കൃത്രിമത്വം അവ്യക്തമല്ല. ഈ സംഭവവുമായി ബന്ധപ്പെടുത്തി ഇവിടെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞ തലക്കെട്ടു ബുഖാരിയുടെ ഒരു കോപ്പിയിലുമില്ല. ബുറൈദയുടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് അധ്യായത്തിന് മുമ്പ് ആഇശയുടെ ഹദീസിനോടനുബന്ധിച്ചാണ് അത്തരമൊരു തലക്കെട്ട് വന്നിട്ടുള്ളത്.

പിന്നെ അദ്ദേഹം പറഞ്ഞു: ഈ അധ്യായത്തിന് മുമ്പുള്ള 'ബന്ദിയെ പള്ളിയില്‍ ബന്ധിച്ചിടുന്നതുമായി ബന്ധപ്പെട്ട അധ്യായം' എന്ന ഭാഗത്താണ് ഥുമാമയുടെ സംഭവം ഉദ്ധരിക്കേണ്ടിയിരുന്നത് എന്നാണ് പറയുന്നതെങ്കില്‍ അതിന്റെ മറുപടി ഇതാണ്. ഥുമാമയുടെ കഥയേക്കാള്‍ ഇഫ്‌രീതിന്റെ കഥ ഉദ്ധരിച്ചുകൊണ്ട് തെളിവ് സമര്‍പ്പിക്കാനാണ് ബുഖാരി ശ്രദ്ധിച്ചത് എന്നു പറയാം. ഇഫ്‌രീതിനെ പിടിച്ചു കെട്ടാന്‍ ഉദ്ദേശിച്ചത് നബി(സ) തന്നെയാണ് എന്നതാണ് കാരണം. ഥുമാമയെ കെട്ടിയിട്ടത് മറ്റുള്ളവരാണ് എന്നതും. അദ്ദേഹത്തെ കെട്ടിയിട്ടു കണ്ടപ്പോള്‍ 'ഥുമാമയെ അഴിച്ചുവിടുക' എന്ന് നബി(സ) പറയുകയും ചെയ്തു. അദ്ദേഹത്തെ കെട്ടിയിട്ടതിന് അംഗീകാരം നല്‍കി എന്നതിലേറെ അവിടുന്ന് അതിനെ എതിര്‍ക്കുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ നന്നാവുക.' ഇബ്‌നുല്‍ മുനീര്‍ പറഞ്ഞത് ഇവിടെ അവസാനിച്ചു.

എന്നാല്‍ അദ്ദേഹം ബുഖാരിയിലോ മറ്റോ വന്ന ഈ ഹദീസിന്റെ പശ്ചാത്തലം വേണ്ടവിധം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നുണ്ട്. ഇതേവഴിക്ക് ബുഖാരി 'മഗാസീ' അധ്യായത്തില്‍ സുദീര്‍ഘമായി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) മൂന്ന് തവണ ഥുമാമയുടെ അരികെ കടന്നുപോയതായി അവിടെ പറയുന്നുണ്ട്. അദ്ദേഹം പള്ളിയില്‍ ബന്ധിതനായിരിക്കെയാണത്. മൂന്നാം നാളാണ് അദ്ദേഹത്തെ അഴിച്ചുവിടാന്‍ നിര്‍ദേശിച്ചത്. മുസ്‌ലിമും മറ്റും ഇത് ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തെ കെട്ടിയിടാന്‍ നബി(സ) തന്നെയാണ് നിര്‍ദേശിച്ചത് എന്ന് ഇബ്‌നു ഇസ്ഹാഖ് 'മഗാസി'യില്‍ ഇതേ പരമ്പരയിലൂടെ ഉദ്ധരിച്ചിട്ടുമുണ്ട്. അതോടെ ഇബ്‌നുല്‍ മുനീര്‍ ഭാവനയില്‍ കണ്ടത് നിഷ്ഫലമായി. അല്ലാഹുവിന്റെ ദൂതര്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം പള്ളിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വഹാബിമാര്‍ ശ്രമിച്ചു എന്ന് പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു എന്ന് ഞാന്‍ ആശ്ചര്യപ്പെടുകയാണ്. അതിനാല്‍ തന്നെ അതൊരു അര്‍ഥരഹിത പരാമര്‍ശമാണ്. യാഥാര്‍ഥ്യനിഷ്ഠമല്ലാതെ കെട്ടിപ്പൊക്കിയതുമാണ്.''

(ഫത്ഹുല്‍ ബാരി 1/719, കിതാബുസ്സ്വലാത്, ബാബുല്‍ ഇഗ്തിസാല്‍ ഇദാ അസ്‌ലമ).

നബി(സ)യുടെ സമ്മതമില്ലാതെയാണ് ഇസ്‌ലാമിന്റെ ശത്രുവായിരുന്ന ഥുമാമയെ പള്ളിയില്‍ കെട്ടിയിട്ടത് എന്ന ഇബ്‌നുല്‍ മുനീറിന്റെ വാദത്തെയാണ് മേല്‍ ഉദ്ധരണിയില്‍ ഇമാം അസ്ഖലാനി തള്ളിപ്പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുമായില്ല അല്‍ബിദായ വന്നിഹായയിലെ പരാമര്‍ശമനുസരിച്ച് അമുസ്‌ലിംകളായ ക്രിസ്ത്യാനികള്‍ക്ക് പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ വരെ അനുവാദം നല്‍കി എന്നാണുള്ളത്. അതിനാല്‍ തന്നെ പ്രബോധന ലക്ഷ്യം വെച്ചും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മറ്റു താല്‍പര്യങ്ങള്‍ മുമ്പില്‍ വെച്ചും അമുസ്‌ലിംകള്‍ക്ക് പള്ളിയില്‍ പ്രവേശം നല്‍കുന്നതിനെ എതിര്‍ക്കാന്‍ യാതൊരു ന്യായവുമില്ല എന്ന് പറയാതെ വയ്യ. ഇനി ശാഫിഈ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥമായ ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി പറയുന്നത് കാണുക:

'ഇമാം ശാഫിഈ മുഖ്തസറില്‍ പറഞ്ഞു: മസ്ജിദുല്‍ ഹറാമിലോഴികെ ഏത് പള്ളിയിലും ബഹുദൈവവിശ്വാസിക്ക് രാത്രി താമസിക്കുന്നത് തെറ്റല്ല. നമ്മുടെ ആളുകള്‍ പറഞ്ഞു: മക്കയിലെ ഹറമില്‍ നിഷേധിക്ക് പ്രവേശിക്കാന്‍ പറ്റുകയില്ല. മറ്റു പള്ളികള്‍ മുസ്‌ലിംകളുടെ അനുമതിയോടുകൂടി ഏത് പള്ളിയിലും അവന് പ്രവേശിക്കുകയും അവിടെ രാത്രി താമസിക്കുകയും ചെയ്യാം. അനുമതിയില്ലെങ്കില്‍ അവനെ തടയേണ്ടതാണ്. അമുസ്‌ലിം ജനാബത്തുകാരനെങ്കില്‍ അയാള്‍ക്ക് പള്ളിയില്‍ കഴിയാമോ? അത് സംബന്ധിച്ച് പ്രസിദ്ധമായ രണ്ട് കാഴ്ചപ്പാടുണ്ട്. ഏറ്റവും പ്രബലമായ അഭിപ്രായം അത് സാധ്യമാണെന്നു തന്നെയാണ്' (ശറഹുല്‍ മുഹദ്ദബ് 2/200 ഫസ്‌ലുന്‍ ഫില്‍ മസാജിദ്).

കിതാബുല്‍ ജിസ്‌യയില്‍ പറയുന്നു:

''എന്നാല്‍ മസ്ജിദുല്‍ ഹറാം ഒഴികെയുള്ള മറ്റു പള്ളികളിലെ പ്രവേശം, അനുവാദമില്ലാതെ അതില്‍ പ്രവേശിക്കുന്നതില്‍നിന്ന് അവനെ തടയേണ്ടതാണ്. ഇയാദുല്‍ അശ്അരി ഉദ്ധരിച്ച സംഭവമാണ് തെളിവ്. അബൂമൂസ ഉമറിന്റെ അടുത്ത് വന്നു. കൂടെ ഒരു ക്രിസ്ത്യാനിയുമുണ്ടായിരുന്നു. അയാളുടെ കൈയെഴുത്ത് ഉമറിനെ ആകര്‍ഷിച്ചു. അദ്ദേഹം പറഞ്ഞു; താങ്കളുടെ ഈ എഴുത്തുകാരനോട് നമുക്ക് ഒരു എഴുത്ത് വായിച്ചുതരാന്‍ പറയുക. അപ്പോള്‍ അബൂമൂസല്‍ അശ്അരി പറഞ്ഞു: 'അയാള്‍ പള്ളിയില്‍ വരില്ല.' ഉമര്‍ ചോദിച്ചു: 'അയാള്‍ ജനാബത്തുകാരനായതാണോ കാരണം?' അബൂമൂസ പറഞ്ഞു: 'അല്ല, അദ്ദേഹം ക്രിസ്ത്യാനിയാണ്.' തുടര്‍ന്ന് ഉമര്‍ അബൂമൂസയെ തിരുത്തി.

ഇനി അയാള്‍ അനുവാദമില്ലാതെ പ്രവേശിച്ചാലോ, അയാളെ ശിക്ഷിക്കണം. ഉമ്മുഗുറാബ് ഉദ്ധരിച്ച സംഭവമാണ് തെളിവ്. അവര്‍ പറഞ്ഞു: അലിയെ ഞാന്‍ പ്രസംഗപീഠത്തില്‍ കണ്ടു. അദ്ദേഹം ഒരു അഗ്നിയാരാധകന്‍ പള്ളിയില്‍ കയറിയത് കണ്ടു. അദ്ദേഹം ഇറങ്ങിവന്ന് അയാളെ തല്ലി, കിന്‍ദ കവാടത്തിലൂടെ അയാളെ പുറത്താക്കുകയും ചെയ്തു.

ഇനി പള്ളിയില്‍ പ്രവേശിക്കാന്‍ അയാള്‍ അനുവാദം ചോദിച്ചാല്‍ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ആണ് അനുവാദം ചോദിച്ചതെങ്കില്‍ അനുവാദം നല്‍കരുത്. കാരണം പള്ളിയെ ആര്‍ഭാടരഹിതമായി സംവിധാനിച്ചത് മതപരമായ കാഴ്ചപ്പാടിലാണെന്ന് അയാള്‍ കാണുന്നുണ്ട്. അയാള്‍ അത് വൃത്തികേടാക്കാതെ സൂക്ഷിച്ചില്ലെന്ന് വരാം. ഖുര്‍ആന്‍ കേള്‍ക്കാനോ അറിവ് നേടാനോ ആണ് സമ്മതം ചോദിച്ചതെങ്കില്‍, അയാളുടെ ഇസ്‌ലാമാശ്ലേഷം പ്രതീക്ഷിക്കാമെങ്കില്‍ അയാള്‍ക്ക് അനുവാദം നല്‍കാം. ബഹുദൈവാരാധകരില്‍ ആരെങ്കിലും എന്നോട് അഭയം ചോദിച്ചാല്‍ അല്ലാഹുവിന്റെ ഭാഷണം കേള്‍ക്കുംവരെ അവന് അഭയം നല്‍കുക എന്ന അല്ലാഹുവിന്റെ വചനമാണ് തെളിവ്. ചിലപ്പോള്‍ അത് അയാളുടെ ഇസ്‌ലാമാശ്ലേഷത്തിന് കാരണമാവാം എന്നതും തെളിവാണ്. തന്റെ സഹോദരി ത്വാഹാ സൂറ പാരായണം ചെയ്യുന്നതു കേട്ടതാണ് തന്റെ ഇസ്‌ലാമാശ്ലേഷത്തിന് കാരണമായതെന്ന് ഉമര്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇനി ആള്‍ ജനാബത്തുള്ളവനെങ്കില്‍ അത് സംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ട്. അയാളെ പള്ളിയില്‍ താമസിക്കുന്നതില്‍നിന്ന് തടയണമെന്നാണ് ഒരഭിപ്രായം. കുളി നിര്‍ബന്ധമുള്ളവനെങ്കില്‍ മുസ്‌ലിമിനെ തന്നെയും പള്ളിയില്‍നിന്ന് തടയണമെന്നാണെങ്കില്‍ ബഹുദൈവാരാധകന്‍ അതിന് കൂടുതല്‍ അര്‍ഹനാണ് എന്നതാണ് കാരണം. അയാളെ തടയേണ്ടതില്ല എന്നാണ് രണ്ടാമത്തെ അഭിപ്രായം. മുസ്‌ലിം പള്ളിയുടെ പവിത്രതയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് അയാളെ തടയണമെന്ന് പറയുന്നത്. ബഹുദൈവാരാധകന്‍ അതിന്റെ പവിത്രതയില്‍ വിശ്വസിക്കുന്നില്ല അതിനാല്‍ അയാളെ തടയേണ്ടതില്ല.

ഇനി അമുസ്‌ലിംകളുടെ ഒരു പ്രതിനിധി സംഘം വന്നാല്‍, രാഷ്ട്രനായകന്‍ അവരെ താമസിപ്പിക്കാവുന്ന മറ്റിടം ഇല്ലെങ്കില്‍ അവരെ പള്ളിയില്‍ താമസിപ്പിക്കാം. ബനൂഖുറൈളയിലെയും ബനുന്നദീറിലെയും ബന്ദികളെ നബി(സ) മദീനയിലെ പള്ളിയില്‍ താമസിപ്പിച്ചതും ഥുമാമതുബ്‌നു ഉഥാലിനെ ഈ പള്ളിയില്‍ കെട്ടിയിട്ടതുമൊക്കെ അതിന് തെളിവാണ്'' (അല്‍ മുഹദ്ദബ് 21/367).

മുസ്‌ലിമിനെ കാണേണ്ട വല്ല ആവശ്യവും മുസ്‌ലിമിനോ മറിച്ചോ ഉണ്ടെങ്കില്‍ പോലും അമുസ്‌ലിമിന് പള്ളിയില്‍ പ്രവേശിക്കാം എന്നും പറയുന്നുണ്ട് (ശറഹുല്‍ മുഹദ്ദബ്, 21/367).

ചുരുക്കത്തില്‍ പള്ളിയുടെ പവിത്രതക്ക് ഭംഗം തട്ടുകയില്ലെന്നുണ്ടെങ്കില്‍ അമുസ്‌ലിംകള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കുന്നതില്‍ ഇസ്‌ലാമില്‍ വിലക്കില്ലെന്നാണ് ഈ ഉദ്ധരണികളത്രയും വ്യക്തമാക്കുന്നത്.

ഇനി ശറഹു മുസ്‌ലിമില്‍ ഇമാം നവവി പറയുന്നത് കാണുക: 'ബന്ദിയെ പള്ളിയില്‍ കെട്ടിയിടുക, അവനെ അവിടെ തടവിലിടുക, അവന് പള്ളിയില്‍ പ്രവേശം നല്‍കുക തുടങ്ങിയുള്ള കാര്യങ്ങള്‍ മുസ്‌ലിംകളുടെ അനുവാദത്തോടുകൂടി സംഗതമാണെന്നത്രെ ശാഫിഈ മദ്ഹബ്. അയാള്‍ വേദക്കാരനായാലും അല്ലെങ്കിലും അങ്ങനെയാവാം. ഉമറുബ്‌നു അബ്ദില്‍ അസീസ്, ഖതാദ, മാലിക് എന്നിവര്‍ പറയുന്നത് അത് അനുവദനീയമല്ലെന്നാണ്. വേദക്കാരനെങ്കില്‍ അനുവദനീയമാണ്, അല്ലെങ്കിലല്ല എന്നാണ് അബൂഹനീഫയുടെ പക്ഷം. ഇപ്പറഞ്ഞതിനെല്ലാമുള്ള നമ്മുടെ തെളിവ് മുകളില്‍ പറഞ്ഞ ഥുമാമയുമായി ബന്ധപ്പെട്ട ഹദീസാണ്.

എന്നാല്‍, 'ഈ വര്‍ഷത്തിന് ശേഷം ബഹുദൈവരാധകര്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കരുത്' എന്നുള്ള അല്ലാഹുവിന്റെ വചനം, അത് ഹറമുമായി മാത്രം ബന്ധപ്പെട്ടതാണ്. ഹറമില്‍ അവന് പ്രവേശം നല്‍കരുതെന്ന് തന്നെയാണ് നാമും പറയുന്നത്'' (ശറഹു സ്വഹീഹി മുസ്‌ലിം 6/332, കിതാബുല്‍ ജിഹാദ്, ബാബു റബ്ത്വില്‍ അസീര്‍).

ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും താല്‍പര്യമോ പൊതുതാല്‍പര്യമോ ഒക്കെ ഈ പ്രവേശനത്തിന് കാരണമാവാം. പ്രകൃതി വിപത്ത് പോലെ ഒരു നാടിനെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ പള്ളികള്‍ വിപത്തിലകപ്പെട്ടവരുടെ അഭയകേന്ദ്രം പോലുമായി രൂപാന്തരപ്പെടുത്തേണ്ടി വരാം. എന്നാല്‍ സാധാരണാവസ്ഥയില്‍ മറ്റു സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു പകരം പള്ളി ഉപയോഗപ്പെടുത്തുന്നത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. പരീക്ഷ എഴുതാന്‍ വരുന്ന അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പരിസരത്തൊക്കെ വിശ്രമിക്കാനും അന്തിയുറങ്ങാനുമൊക്കെ സൗകര്യമുണ്ടായിരിക്കെ പള്ളി അനുവദിച്ചുകൊടുക്കുക പോലുള്ളവ ഉദാഹരണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്