Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

എം.ഐ ഷാനവാസ് വ്യത്യസ്തനായ രാഷ്ട്രീയ നേതാവ്

ശൈഖ് മുഹമ്മദ് കാരകുന്ന്

ബഹുമാന്യനായ എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തിലൂടെ ആത്മമിത്രങ്ങളിലൊരാളാണ് നഷ്ടമായത്. കരള്‍മാറ്റ ശസ്ത്രക്രിയക്ക് ചെന്നൈയിലേക്ക് പോകുന്നതിന് ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ മറ്റു നേതാക്കളോടൊപ്പം ഒരുമിച്ചിരുന്ന് രാത്രിഭക്ഷണം കഴിച്ച് പിരിയുമ്പോള്‍ ഇത്ര പെട്ടെന്ന് അന്ത്യം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. മാരകമായ രോഗം വിട്ടുമാറിയിരുന്നില്ലെങ്കിലും വളരെ ഉന്മേഷവാനായിരുന്നതിനാല്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നാണ് പിരിഞ്ഞത്. പോകുന്നതിന്റെ തലേ ദിവസം വിളിച്ചപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല.

കോണ്‍ഗ്രസിനെ മതനിരപേക്ഷ പക്ഷത്ത് ചേര്‍ത്തുനിര്‍ത്താന്‍ പരമാവധി ശ്രമിച്ച നേതാക്കളിലൊരാളാണ് എം.ഐ ഷാനവാസ്. പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിം പ്രശ്‌നങ്ങളില്‍ നീതിപൂര്‍വമായ സമീപനം സ്വീകരിച്ചുപോന്ന അദ്ദേഹത്തിന് തന്റെ നിലപാട് തുറന്നു പറയാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല. 

 

വ്യത്യസ്തനായ നേതാവ്

മുസ്‌ലിം സമുദായത്തില്‍നിന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ എത്തിപ്പെടുന്ന പലരും മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ സ്വന്തം ആദര്‍ശ വിശ്വാസം കൈയൊഴിക്കുകയും സാംസ്‌കാരിക വ്യക്തിത്വത്തെ തള്ളിപ്പറയുകയും ചെയ്യാറാണ് പതിവ്. അങ്ങനെ മതേതരത്വം തെളിയിക്കാന്‍ അതിയായ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് ഷാനവാസ് സ്വീകരിച്ചുപോന്നത്. തന്റെ മതപരമായ വ്യക്തിത്വത്തെ നിരാകരിക്കാതെ തന്നെ രാഷ്ട്രീയ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതുതന്നെയാണ് എം.ഐ ഷാനവാസിനെ വ്യത്യസ്തനാക്കുന്നത്. വേട്ടക്കാര്‍ക്കെതിരെ ഇരകളുടെ പക്ഷം ചേര്‍ന്നു നില്‍ക്കുക എന്നത് നീതിബോധത്തിന്റെ താല്‍പര്യമാണെന്നും അതു തന്റെ ബാധ്യതയാണെന്നും അദ്ദേഹം മനസ്സിലാക്കി. അതിനനുസൃതമായ നിലപാടു സ്വീകരിക്കുകയും ചെയ്തു.

ഇസ്‌ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍  പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ അഭിപ്രായം ആരായുക പതിവായിരുന്നു. അതിലൂടെ ഉരുത്തിരിഞ്ഞുവരുന്ന വസ്തുതകള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കാനും അദ്ദേഹം വിമുഖത കാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മത ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും ആശാകേന്ദ്രമായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മതന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ നിരന്തരം നടന്നുകൊണ്ടിരുന്ന അതിക്രമങ്ങളെ തുറന്നുകാണിക്കാനും അവക്കെതിരെ ശബ്ദമുയര്‍ത്താനും ജനാധിപത്യപരമായ നിലപാട് സ്വീകരിക്കാനും അദ്ദേഹം എപ്പോഴും മുന്‍പന്തിയിലുണ്ടായിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ എം.ഐ ഷാനവാസ് അത് സംഘടിപ്പിക്കുന്ന പരിപാടികളില്‍ സന്തോഷപൂര്‍വം പങ്കെടുക്കുമായിരുന്നു. അതിനായി എന്ത് പ്രയാസം സഹിക്കാനും പ്രതിസന്ധികള്‍ മറികടക്കാനും അദ്ദേഹം സന്നദ്ധനായി. അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ഹിറാ സെന്ററിലേക്ക് കടന്നുവരാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണ് അദ്ദേഹം.

 

തുടക്കം ഫാറൂഖ് കോളേജില്‍നിന്ന്

എം.ഐ ഷാനവാസ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഫാറൂഖ്  കോളജില്‍നിന്നാണ്. അവിടെ വിദ്യാര്‍ഥിയായിരിക്കെ 1974-ല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു. എതിര്‍സ്ഥാനാര്‍ഥി ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗ് നേതാവ് കെ.പി കമാലുദ്ദീന്‍ ആയിരുന്നു. അദ്ദേഹത്തിന് എം. എസ്.എഫിന്റെ പിന്തുണയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കെ.എസ്.യുവിന്റെ ബാനറില്‍ മത്സരിച്ച ഷാനവാസ് പരാജയപ്പെട്ടു. എങ്കിലും അദ്ദേഹം പിന്മാറിയില്ല. അടുത്തവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കോളേജ് യൂനിയന്‍ ചെയര്‍മാനാവുകയും ചെയ്തു. പിന്നീട് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടു.

തുടക്കത്തില്‍തന്നെ പരാജയമേറ്റുവാങ്ങിയ ഷാനവാസ് തുടര്‍ന്ന് അഞ്ചുതവണയാണ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജയപ്പെട്ടത്. എന്നാല്‍ ഏണസ്റ്റ് ഹെമിംഗ്വേയുടെ 'കിഴവനും കടലും' എന്ന കൃതിയിലെ പ്രധാന കഥാപാത്രം സാന്തിയോഗോയെപ്പോലെ ഷാനവാസിനെ പിന്തിരിപ്പിക്കാന്‍ അടിക്കടിയുണ്ടായ പരാജയങ്ങള്‍ക്ക് സാധിച്ചില്ല. പിന്നീട് അദ്ദേഹം തോല്‍വിയെ ജയമാക്കി മാറ്റുകയും ചെയ്തു. 2009-ല്‍ വയനാട്ടില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു വിജയിച്ചു. ആ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം നേടി. 2009-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയതും അദ്ദേഹത്തിനു തന്നെ. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായിരിക്കെയാണ് ഷാനവാസ് ഈ ലോകത്തോട് വിട പറഞ്ഞത്. മൂന്നു പതിറ്റാണ്ടുകാലം കെ.പി.സി.സി നേതൃപദവിയില്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും അദ്ദേഹമുണ്ടായിരുന്നു.

കര്‍മനിരതമായ ജീവിതം നയിച്ച എം.ഐ. ഷാനവാസ് മികച്ച പ്രഭാഷകനും പാര്‍ലമെന്റേറിയനുമായിരുന്നു. തികഞ്ഞ തയാറെടുപ്പോടെയാണ് പ്രഭാഷണം നടത്തുക. ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചു നിറഞ്ഞുനിന്നു.

 

പള്ളി മുതവല്ലിയായ രാഷ്ട്രീയ നേതാവ്

എം.ഐ ഷാനവാസിന്റെ വീട്ടുമുറ്റം ജുമാമസ്ജിദാണ്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള നൂറുല്‍ ഹുദാ മസ്ജിദ് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പിതാവ് അഡ്വക്കറ്റ് എം.വി. ഇബ്‌റാഹീം കുട്ടി പണികഴിപ്പിച്ചതാണ് പ്രസ്തുത പള്ളി. പിതാവിന്റെ മരണശേഷം ഷാനവാസും അനുജന്‍ ജുനൈദുര്‍റഹ്മാനുമാണ് പള്ളി ഭരണത്തിന് നേതൃത്വം നല്‍കിയത്. മുതവല്ലി ഷാനവാസ് തന്നെയായിരുന്നു. പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ മതബോധം ജീവിതത്തില്‍ അദ്ദേഹം നിലനിര്‍ത്തി.

കോട്ടയം സ്വദേശിയായ പിതാവ് എറണാകുളം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ താമസം അവിടേക്ക് മാറ്റുകയായിരുന്നു. അദ്ദേഹം പണികഴിപ്പിച്ച വീടിന്റെ മുകള്‍ ഭാഗത്താണ് ഷാനവാസ് താമസിച്ചിരുന്നത്. വീടിന്റെ വിശാലമായ പൂമുഖം എറണാകുളത്തെ മുസ്‌ലിം നേതാക്കളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സംഗമവേദിയായിരുന്നു.

രാഷ്ട്രീയ എതിരാളികളോടും ഉറ്റ സൗഹൃദം പുലര്‍ത്തിയ ഷാനവാസ് ഏറെ വിനീതനും സല്‍ പെരുമാറ്റത്തിന്റെ ഉടമയുമായിരുന്നു.

കരള്‍ സംബന്ധമായ രോഗം അവസാന കാലത്ത് വേട്ടയാടിക്കൊണ്ടിരുന്നു. അതിനു ചികിത്സ തേടിയാണ് ചെന്നൈയിലേക്ക് പോയത്. കൊച്ചി മെട്രോ എം.ഡി. മുഹമ്മദ് ഹനീഷിന്റെ സഹധര്‍മിണിയായ മകള്‍ അമീനയുടെ കരള്‍ പകുത്തെടുത്ത് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു. സുഖം പ്രാപിച്ചുകൊണ്ടിരിക്കെ ഇന്‍ഫെക്ഷന്‍ ബാധിച്ച് അന്ത്യം സംഭവിക്കുകയായിരുന്നു .

അല്ലാഹു അദ്ദേഹത്തിന്റെ വീഴ്ചകള്‍ പൊറുത്തു കൊടുത്ത് കര്‍മങ്ങള്‍ സുകൃതങ്ങളായി സ്വീകരിച്ച് സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്