Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

ദൈവദൂതന്‍ മുഹമ്മദ്

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

ഇനിയൊരു പ്രവാചകന്‍ നിങ്ങളില്‍നിന്ന് വരില്ലെന്നും, ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് കൂടുതല്‍ അര്‍ഹരായ ഒരു ജനതക്ക് നല്‍കുമെന്നും യേശുക്രിസ്തു ജൂതന്മാരോട് പറയുന്നുണ്ട് (മത്തായി 21:43). ഈ സമൂഹം വരുന്നത് ജൂതന്മാര്‍ തിരസ്‌കരിച്ച യിശ്മായേലില്‍നിന്നായിരിക്കും.1 ഖുര്‍ആന്‍ (61:6) പറയുന്നു: ''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: 'ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്കുശേഷം ആഗതനാകുന്ന അഹ്മദ് എന്നു പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും.' അങ്ങനെ അദ്ദേഹം തെളിഞ്ഞ തെളിവുകളുമായി അവരുടെ അടുത്തു വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു വ്യക്തമായും ഒരു മായാജാലം തന്നെ.''

പുതിയ നിയമത്തില്‍ മുഹമ്മദിന്റെ വരവിനെ ഈ വാക്കുകളില്‍ പ്രവചിക്കുന്നു: ''എങ്കിലും സത്യം ഞാന്‍ നിങ്ങളോട് പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍2 നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ ബോധ്യപ്പെടുത്തും. .......സത്യാത്മാവ് വരുമ്പോള്‍, അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. താന്‍ കേള്‍ക്കുന്നതെന്തോ അതാണവന്‍ പറയുക. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പറയും...... അവന്‍ എന്നെ മഹത്വപ്പെടുത്തും'' (യോഹന്നാന്‍ 16:7-14). ആലോചിച്ചുനോക്കൂ, യേശുവിനെ മുഹമ്മദിനോളം മഹത്വപ്പെടുത്തിയവര്‍ ആരുണ്ട്!3

ചര്‍ച്ച് അംഗീകരിച്ചിട്ടില്ലാത്ത സുവിശേഷങ്ങളിലൊന്നാണ് ബര്‍ണബാസിന്റേത്. ആ സുവിശേഷത്തില്‍ യേശു പറയുന്നു: ''മനുഷ്യന്‍ എന്നെ 'ദൈവം' എന്നും 'ദൈവപുത്രന്‍' എന്നും മറ്റും വിളിക്കയാല്‍ വിധിതീര്‍പ്പു ദിവസം പിശാചുക്കളില്‍നിന്നുള്ള പരിഹാസം ഒഴിവാക്കാനായിട്ടായിരുന്നു ദൈവം ജൂദാസിന്റെ4 മരണത്തില്‍ കൂടി ഈ ലോകത്ത് വെച്ച് മനുഷ്യരാല്‍ ഞാന്‍ പരിഹസിക്കപ്പെടട്ടെ എന്ന് തീരുമാനിച്ചത്. അതായത് ഞാനാണ് കുരിശില്‍ മരണപ്പെട്ടതെന്ന് വരുത്തിക്കൂട്ടി, എന്നെ പരിഹാസ പാത്രമാക്കിയത്. എന്നെക്കുറിച്ചുള്ള ഈ പരിഹാസം ഇപ്പോഴൊന്നും അവസാനിക്കുകയില്ല. ദൈവദൂതന്റെ വരവിനു ശേഷം, ദൈവനിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതിന്റെ നിജഃ

സ്ഥിതി മനസ്സിലാക്കിക്കൊടുക്കുന്നതുവരെ ഈ പരിഹാസം നിലനില്‍ക്കുന്നതാണ്'' (ബര്‍ണബാസ്: 220).

പഴയ നിയമത്തില്‍ പലതവണ പലയിടങ്ങളില്‍ മുഹമ്മദ് നബി പരാമര്‍ശിക്കപ്പെടുന്നുണ്ട്. മാറ്റത്തിരുത്തലുകളെ അതിജീവിച്ചും ആ പരാമര്‍ശങ്ങള്‍ നിലനില്‍ക്കുകയാണ്. ഉദാഹരണത്തിന് നിയമാവര്‍ത്തന(ഉലൗലേൃീിീാ്യ)ത്തില്‍ (18:18-19) ഇങ്ങനെ കാണാം: ''നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അയാളുടെ നാവില്‍ നിവേശിപ്പിക്കും. ഞാന്‍ കല്‍പ്പിക്കുന്നവയെല്ലാം അയാള്‍ അവരോട് സംസാരിക്കും. അയാള്‍ എന്റെ നാമത്തില്‍ ഉച്ചരിക്കുന്ന എന്റെ വാക്കുകള്‍ ചെവിക്കൊള്ളാത്തവനോട് ഞാന്‍ തന്നെ കണക്കു ചോദിക്കും.''

മുഹമ്മദ് നബിക്ക് വെളിപാട് ആദ്യമായി ലഭിച്ച മക്ക(ബക്ക) സങ്കീര്‍ത്തന(84:6)ത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ''ബക്കാ താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെ പ്രദേശമാകുന്നു: മഴ അതില്‍ ജലാശയങ്ങള്‍ തീര്‍ക്കുന്നു.'' ഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരം (3:96): ''തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം ബക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.''

അത്തരമൊരു സ്ഥലത്താണ് താന്‍ വിശുദ്ധ ഭവന(കഅ്ബ)ത്തിന് അടിത്തറയിട്ടതെന്ന് അബ്രഹാം പ്രവാചകനും പറയുന്നുണ്ട്. ഊഷരഭൂമി എന്നദ്ദേഹം അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു (14:37): ''ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.'' യെശയ്യായിലും (21:13) അറേബ്യയില്‍നിന്നുള്ള വെളിപാടുകളെക്കുറിച്ച് പറയുന്നുണ്ട്.

പ്രവാചകന്‍ മുഹമ്മദ് എഴുതാനും വായിക്കാനുമറിയാത്തവനായിരിക്കുമെന്ന സൂചനയും യെശയ്യാ (29:12)യില്‍ തന്നെ നല്‍കുന്നുണ്ട്: 'ആ പുസ്തകം വായന അറിയാത്തവനെ ഏല്‍പ്പിച്ച് 'ഇത് വായിക്കൂ' എന്ന് പറയുമ്പോള്‍ അയാള്‍ പറയുന്നു, 'എനിക്ക് വായിക്കാന്‍ കഴിയില്ല'

ഹദീസ് ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയില്‍ മുഹമ്മദ് നബിക്ക് ആദ്യവെളിപാട് ലഭിച്ച സംഭവം മൂന്നാം നമ്പറില്‍ കൊടുത്ത വിവരണത്തില്‍ ഇങ്ങനെ വന്നിരിക്കുന്നു: അദ്ദേഹം (മുഹമ്മദ്) ഗുഹയിലായിരുന്നു, മാലാഖ വന്നപ്പോള്‍. മാലാഖ വന്ന് അദ്ദേഹത്തോട് പറഞ്ഞു; 'വായിക്കൂ.' അദ്ദേഹം പറഞ്ഞു: 'എനിക്ക് വായിക്കാന്‍ കഴിയില്ല.' പ്രവാചകന്‍ അക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: 'അപ്പോള്‍ മാലാഖ എന്നെ ശക്തമായി ചേര്‍ത്തു പിടിച്ചു, ഞാന്‍ തളരുവോളം. പിന്നെ പിടിവിട്ടു. എന്നിട്ട് പറഞ്ഞു: 'വായിക്കൂ.' ഞാന്‍ പറഞ്ഞു: 'എനിക്ക് വായിക്കാന്‍ കഴിയില്ല.' മാലാഖ വീണ്ടും എന്നെ ശക്തമായി ചേര്‍ത്തു പിടിച്ചു, ഞാന്‍ തളരുവോളം. പിന്നെ പിടിവിട്ടിട്ട് പറഞ്ഞു: 'വായിക്കൂ.' ഞാന്‍ പറഞ്ഞു: 'എനിക്ക് വായിക്കാന്‍ കഴിയില്ല.' മാലാഖ വീണ്ടും ചേര്‍ത്തു പിടിക്കുകയും പിന്നെ പിടിവിടുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'വായിക്കുക, നിന്റെ രക്ഷിതാവിന്റെ നാമത്തില്‍...'. ഖുര്‍ആനില്‍ മറ്റൊരിടത്ത് (7:157) ഇങ്ങനെ വന്നിരിക്കുന്നു: ''തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍.''

യേശുവിന്റെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെയും ഈ പ്രവചനം സി.ഇ 571-ല്‍ അറേബ്യയില്‍ പുലര്‍ന്നു. ഈ ആശ്വാസദായകന്‍ (Comforter) പിറന്നത് യിശ്മയേല്‍(5) (ഇസ്മാഈല്‍) സന്തതികളിലായിരുന്നു; അവരാകട്ടെ ബഹുദൈവാരാധകരും വിഗ്രഹപൂജകരും. മുഹമ്മദ് തന്റെ സ്വഭാവമഹിമകൊണ്ടും സത്യത്തോടുള്ള താല്‍പ്പര്യം കൊണ്ടും അധഃസ്ഥിതരോടും ദുര്‍ബലരോടുമുള്ള താല്‍പ്പര്യം കൊണ്ടും തന്റെ ജനതയില്‍ വേറിട്ടുനിന്നു. സ്വന്തം ജനത അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'അല്‍ അമീന്‍' (വിശ്വസ്തന്‍) എന്നായിരുന്നു. തന്റെ നാല്‍പ്പതാം വയസ്സില്‍ അദ്ദേഹത്തെ ദൈവം മനുഷ്യര്‍ക്കാകമാനമുള്ള തന്റെ ഏറ്റവുമൊടുവിലത്തെ പ്രവാചകനായി തെരഞ്ഞെടുക്കുകയായിരുന്നു. പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഏകദൈവത്തില്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അവന് മാത്രമേ വഴിപ്പെടാവൂ എന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു.

 

(തുടരും)

 

കുറിപ്പുകള്‍

1. ബനൂ ഇസ്രായേല്‍ തിരസ്‌കരിച്ചെങ്കിലും, ഒരു നിശ്ചിതകാലം അല്ലാഹു അവര്‍ക്ക് ശ്രേഷ്ഠപദവി നല്‍കിയിരുന്നുവെന്ന് ഖുര്‍ആന്‍ (2:47). അവരെക്കുറിച്ചും അവരില്‍നിന്ന് നിയോഗിതരായ പ്രവാചകന്മാരെക്കുറിച്ചും ഖുര്‍ആന്‍ ധാരാളമായി സംസാരിക്കുന്നുണ്ട്. പ്രവാചകന്‍ മോസസിനെ 136 തവണ പേരെടുത്തു പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി തന്റെ അനുയായികളോട് മുഹര്‍റം (ഇസ്‌ലാമിക കലണ്ടറിലെ ആദ്യമാസം) പത്തിന് നോമ്പെടുക്കാന്‍ നിര്‍ദേശിച്ചത് ഇതോടു ചേര്‍ത്തു വായിക്കണം. ചെങ്കടലില്‍ ഫറോവയെയും സൈന്യത്തെയും മുക്കിക്കൊന്ന് മോസസിനെയും അനുയായികളെയും അല്ലാഹു രക്ഷപ്പെടുത്തിയതിന് നന്ദിസൂചകമായാണ് ആ വ്രതാനുഷ്ഠാനം. പതിനാലു നൂറ്റാണ്ടായി അവര്‍ ആ വ്രതം ആചരിച്ചുവരുന്നു. ഇസ്രായേല്‍ കുടുംബത്തിലെ എല്ലാ പ്രവാചകന്മാരോടും തികഞ്ഞ ആദരവാണ് മുസ്‌ലിംകള്‍ക്ക്. ആ പ്രവാചകന്മാരുടെ പേരുകള്‍ തങ്ങളുടെ മക്കള്‍ക്കിടുന്ന മുസ്‌ലിം കുടുംബങ്ങള്‍ എത്രയെത്ര!

2. Helper (സഹായകന്‍) എന്നാണിവിടെ വന്നിട്ടുള്ളത്. കിംഗ് ജെയിംസ് വേര്‍ഷന്റെ പഴയ പതിപ്പിലടക്കം പല ബൈബിള്‍ ഭാഷ്യങ്ങളിലും ആശ്വാസദായകന്‍ (Comforter) എന്നാണുള്ളത്.

3. യേശുവിന്റെ കാര്യത്തില്‍ പലരും പല ആത്യന്തികതകളില്‍ (Extremes) ആണ് നിലയുറപ്പിച്ചിട്ടുള്ളത്. ചിലര്‍ അദ്ദേഹത്തെ പാടേ നിഷേധിച്ചു. അദ്ദേഹത്തെ അപമാനിക്കാനുള്ള ഒരവസരവും ഒഴിവാക്കിയില്ല. ചിലര്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നിട്ടേയില്ല എന്ന് വാദിച്ചു. കേവലം ഭാവന മാത്രമാണത്രെ യേശു. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍, ഒരേയൊരു യഥാര്‍ഥ ദൈവത്തിലേ വിശ്വസിക്കാവൂ എന്ന അദ്ദേഹത്തിന്റെ അധ്യാപനത്തിന് നേര്‍ വിപരീത ദിശയിലാണ് സഞ്ചരിച്ചത്. ഇസ്‌ലാം മാത്രമാണ് അദ്ദേഹം പ്രവാചകനായിരുന്നു എന്ന് പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം ഉയര്‍ത്തിപ്പിടിച്ചതും.

4. യേശുവിനെ അദ്ദേഹത്തിന്റെ പണം സൂക്ഷിപ്പുകാരന്‍ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്തു എന്നാണ് സുവിശേഷങ്ങളിലുള്ളത്. എന്നാല്‍ ഇബ്‌നു കസീര്‍ ഖുര്‍ആനിലെ 4:157 സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇങ്ങനെ പറയുന്നു: യേശുവിനെ ഒറ്റിക്കൊടുത്തു എന്ന് ആരോപണ വിധേയനായ ശിഷ്യന്‍ യഥാര്‍ഥത്തില്‍ അങ്ങനെ ചെയ്തിട്ടില്ല. ആ ശിഷ്യന്‍ യേശുവിനു വേണ്ടി സ്വയം ബലി നല്‍കുകയായിരുന്നു. 'ഈ അപകടത്തിന്റെ ദിനത്തില്‍, എന്റെ മുഖസാദൃശ്യവുമായി വരുന്നവന്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരനായിരിക്കും' എന്ന് യേശു പറഞ്ഞപ്പോഴാണ് ആ ശിഷ്യന്‍ മുന്നോട്ടു വരികയും യേശുവെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തെ പിടികൂടുകയും ചെയ്തത്. ആ നിസ്വാര്‍ഥമായ ത്യാഗബോധമാണ് യേശു ശിഷ്യന്മാരുടെ സവിശേഷത. മറ്റു ചില സുവിശേഷ വിവരണങ്ങള്‍ക്ക് വിരുദ്ധവുമാണ് യൂദാസ് ഒറ്റിക്കൊടുത്തു എന്ന വാദം. ഉദാഹരണത്തിന്: 'മനുഷ്യപുത്രന്‍ തന്റെ മഹനീയമായ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കും' (മത്തായി 19:28). യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ യൂദാസ് ഒറ്റുകാരനാണെങ്കില്‍ 'പന്ത്രണ്ട് സിംഹാസനങ്ങള്‍' എന്നതിന് പകരം 'പതിനൊന്ന് സിംഹാസനങ്ങള്‍' എന്നല്ലേ പറയേണ്ടിയിരുന്നത്?

5. അബ്രഹാം പ്രവാചകന്റെ മൂത്ത പുത്രനാണ് യിശ്മയേല്‍ എന്ന് ഉല്‍പ്പത്തി(16:16)യിലും (ഹാഗാര്‍ യിശ്മയേലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് എണ്‍പത്തിയാറ് വയസ്സായിരുന്നു), ഉല്‍പ്പത്തിയില്‍ തന്നെ മറ്റൊരിടത്തും (21:5) (പുത്രനായ ഇസ്ഹാഖ് പിറന്നപ്പോള്‍ അബ്രഹാമിന് നൂറ് വയസ്സായിരുന്നു) വ്യക്തമാക്കുന്നുണ്ടെങ്കിലും അതേ ഉല്‍പ്പത്തിയില്‍ (22:2) തന്നെ അതിന് വിരുദ്ധമായ പരാമര്‍ശവും കാണാം: 'ദൈവം കല്‍പ്പിച്ചു: നിന്റെ പുത്രനെ, നീ അത്യധികം സ്‌നേഹിക്കുന്ന ഏകജാതനായ ഇസ്ഹാഖിനെ കൂട്ടിക്കൊണ്ടു പോവുക.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്