പ്രവാചക ചരിത്രത്തെ നിണമണിയിക്കുന്ന ദുര്‍വ്യാഖ്യാനങ്ങള്‍
കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രതീകമായിരുന്നു മുഹമ്മദ് നബി (സ) എന്നത് സത്യസന്ധമായി ചരിത്രത്തെ സമീപിക്കുന്ന ആരും അംഗീകരിക്കുന്ന വസ്തുതയാണ്. വ്യക്തിപരമായി തന്നോട് കൊടിയ അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു പോലും മാപ്പു കൊടുത്തതാണ് അദ്ദേഹത്തിന്റെ മഹദ് ചരിതം. വിമര്‍ശനബുദ്ധ്യാ അദ്ദേഹത്തെ വായിച്ചവര്‍ പോലും തുറന്നുസമ്മതിക്കാന്‍ നിര്‍ബന്ധിതമായ കാര്യമാണത്. എന്നാല്‍ കരുണ വറ്റിത്തുടങ്ങുകയും ഇസ്ലാമും അതിന്റെ പ്രവാചകനും ഭീകരവാദത്തിന്റെയും ക്രൂരതയുടെയും പര്യായമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തു പോലും തിരുദൂതരു(സ)ടെ ജീവിതത്തിലെ ഇത്തരം വശങ്ങളെ വല്ലാതെയൊന്നും പ്രബോധനം ചെയ്യാതിരിക്കുകയും, കടുത്ത ശത്രുക്കളും യുദ്ധക്കുറ്റവാളികളുമായിരുന്നവരോട് പ്രവാചകന്‍ സ്വീകരിച്ച കര്‍ക്കശമായ നിലപാടുകളും അവരില്‍ ചിലര്‍ക്ക് വിധിച്ച വധശിക്ഷയും പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുകയും, അതും പോരാഞ്ഞ്, മുസ്ലിം യുവാക്കളുടെ രക്തം ചൂടുപിടിപ്പിക്കാനും അവരുടെ ജിഹാദീ വികാരത്തെ തെറ്റായ വഴിക്ക് തിരിച്ചുവിടാനുമായി ദുര്‍ബല ചരിത്ര സംഭവങ്ങളുദ്ധരിച്ചും വ്യാജ കഥകള്‍ പറഞ്ഞും ചരിത്രത്തെ ദുര്‍വ്യാഖ്യാനിച്ചും രംഗം കൊഴുപ്പിക്കുകയും ചെയ്യുക എന്നത് വൈകാരികമായി മാത്രം ചിന്തിക്കുന്ന തീവ്ര നിലപാടുകാരായ ചില മുസ്ലിം ചെറുപ്പക്കാരുടെ രീതിയായി മാറിയിരിക്കുന്നു.
പ്രവാചകനെയും ഇസ്ലാമിനെയും കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ വ്യാജ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതും, അതൊക്കെ ഇസ്ലാമില്‍ ഉള്ളതായിട്ടും 'ക്ഷമാപണമനസ്‌കരായ മുസ്ലിം സംഘടനകള്‍ മതേതര പട്ടം ലഭിക്കാനായി മറച്ചുവെക്കുകയാണെ'ന്ന് മുസ്ലിംകളില്‍പെട്ടവര്‍ തന്നെ ആരോപിക്കുന്നതും എന്തുമാത്രം അപകടകരമല്ല?! ഇസ്ലാമിനെ ഭീകരതയും അശാന്തിയുടെ ഉറവിടവുമായി അവതരിപ്പിക്കുകയും പ്രവാചകനെ രണോത്സുകനും രക്തദാഹിയുമായി പരിചയപ്പെടുത്തുകയും ചെയ്യുന്ന ഓറിയന്റലിസ്റ്റ്-നിരീശ്വര-നിര്‍മത ആഖ്യാനങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന വസ്തുത അത്യാവേശക്കാരായ ഈ മുസ്ലിം ചെറുപ്പം തിരിച്ചറിയാതെ പോകുന്നു. ഇത്തരക്കാരില്‍ ചിലര്‍, അഭിമന്യു വധാനന്തര ചര്‍ച്ചകള്‍ക്കിടെ 'പ്രവാചകനും ഒരാളുടെ പള്ളക്ക് കത്തി കയറ്റിയിട്ടുണ്ട്' എന്ന് പ്രചരിപ്പിക്കുന്നതും, 'ഇസ്ലാം സമാധാനത്തിന്റെ മതമാണ്, ഇസ്ലാമെന്നാല്‍ സമാധാനമാണ് എന്നൊക്കെ പറയുന്നത് പോഴത്തമാണ്, ഖുര്‍ആനോ സുന്നത്തോ സലഫുകളോ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ' എന്നൊക്കെ എഴുതിവിടുന്നതും കാണാം.
ഇവരുടെ വാദങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 'ഇസ്ലാമിന്റെ കൊടിയ ശത്രുക്കളില്‍ ചിലരെ വധിച്ചപ്പോള്‍ സ്വഹാബികള്‍ അവരുടെ തലയെടുത്ത് പ്രവാചകന്റെ മുമ്പില്‍ ഹാജരാക്കുകയും പ്രവാചകന്‍ അവരുടെ ചെയ്തിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഖാലിദു ബ്‌നു സുഫ്യാനുല്‍ ഹുദലിയുടെ തലയെടുത്ത് കൊണ്ടുവന്ന അബ്ദുല്ലാഹിബ്‌നു ഉനൈസി(റ)ന്റെ ചെയ്തി ഉദാഹരണം. പ്രവാചകനെ ആക്ഷേപിച്ച തന്റെ പിതാവിന്റെ തലയെടുത്ത് അതുമായി പ്രവാചകന്റെ മുമ്പില്‍ വന്ന അബൂ ഉബൈദ(റ)യെ അഭിനന്ദിച്ചുകൊണ്ട് ഖുര്‍ആന്‍ തന്നെ അവതരിച്ചിട്ടുമുണ്ട്. വിവിധ സന്ദര്‍ഭങ്ങളില്‍ കഅ്ബു ബ്‌നുല്‍ അശ്‌റഫ്, അസ്‌വദുല്‍ അന്‍സി, രിഫാഅത്തുബ്‌നുല്‍ ഖൈസ്, അബൂജഹ്ല്‍ എന്നിവരുടെ തലകള്‍ വെട്ടിയെടുത്തും പ്രവാചകന്റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ, അബൂഅസ്സ: അല്‍ജുമഹിയുടെ തല പ്രവാചകന്‍ തന്നെ വെട്ടിയെടുത്ത് കുന്തത്തില്‍ ഉയര്‍ത്തി മദീനയിലേക്ക് അയക്കുകയുണ്ടായി. ഇസ്ലാമിനോടും പ്രവാചകനോടും മോശമായി പെരുമാറിയവരോട് വിട്ടുവീഴ്ച കാണിക്കുകയല്ല, പരുഷമായി പെരുമാറുകയാണ് പ്രവാചകനും സ്വഹാബത്തും ചെയ്തിട്ടുള്ളത്. അങ്ങനെയാണ് വേണ്ടത് എന്നാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.'
സ്വന്തം നേതാക്കന്മാരുടെ ആവേശ പ്രസംഗങ്ങള്‍ക്കപ്പുറം ഇസ്ലാമിനെയോ അതിന്റെ ചരിത്രത്തെയോ കുറിച്ച് കൂടുതലൊന്നും പഠിച്ചിട്ടില്ലാത്തവരുടെ ഇത്തരം വാദങ്ങളും പ്രചാരണങ്ങളും ഇസ്ലാമിനും പ്രവാചക വ്യക്തിത്വത്തിനുമേല്‍പിക്കുന്ന പരിക്കും ഇസ്ലാമിക പ്രബോധന മാര്‍ഗത്തില്‍ സൃഷ്ടിക്കുന്ന തടസ്സവും അത്ര ചെറുതല്ല. തിരുത്തല്‍ എളുപ്പമല്ലാത്ത വിധം ചില വാര്‍പ്പുമാതൃകകള്‍ ജനമനസ്സുകളില്‍ രൂപപ്പെടുത്താനേ ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് സാധിക്കൂ. ഇതിലും വലിയ പ്രവാചക നിന്ദയും അവഹേളനവും മറ്റെന്തുണ്ട്?!
വിട്ടുവീഴ്ചയുടെയും സൗമ്യതയുടെയും പ്രതീകമായ മുഹമ്മദ് നബി(സ)യെ ക്രൂരനും അക്രമിയുമായി വിശേഷിപ്പിക്കാന്‍ ശത്രുക്കള്‍ പ്രചരിപ്പിക്കാറുള്ള കഥകളില്‍ ചിലതാണ് മുകളില്‍ നാം കണ്ടത്. തികഞ്ഞ അസംബന്ധവും വ്യാജവുമാണ് അവയത്രയും! നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമൂഹത്തിലെ തീവ്ര ആശയക്കാര്‍ അവരുടെ കൈയിലെ പാവകളായി മാറുകയും സംഘടനാപരമായ താല്‍പര്യങ്ങളോടെ ഇത്തരം കള്ളക്കഥകളുടെ പ്രചാരകരായി മാറുകയും ചെയ്തിരിക്കുന്നു എന്നതാണ് സങ്കടകരം. പ്രതിരോധത്തിന്റെ മറവില്‍ നിയമം കൈയിലെടുത്ത് തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വെട്ടിനും കുത്തിനും ന്യായം ചമക്കാനും അത്തരം ചെയ്തികളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനുമാണ് അവര്‍ ഇത്തരം വ്യാജ കഥകള്‍ പ്രചരിപ്പിക്കുന്നത്. വലിയ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന ആവേശക്കാരായ ചില പാതിരാ പ്രഭാഷകരുടെ സംസാരത്തിന്റെ മുഖ്യ പങ്കും അപഹരിക്കാറുള്ളതും പൊതുജനമധ്യേ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വ്യാജ കഥകളത്രെ. അതിനാലവയുടെ നിജഃസ്ഥിതി അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്.
1. ഉഹുദ് യുദ്ധാനന്തരം മക്കയിലെ ഉര്‍ന കേന്ദ്രീകരിച്ച് മദീനക്കെതിരെ സൈനിക സജ്ജീകരണം നടത്തിയ വ്യക്തിയായിരുന്നു ഖാലിദു ബ്‌നു സുഫ്യാനുല്‍ ഹുദലി. ഇതറിഞ്ഞ പ്രവാചകന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) അയാളെ വധിക്കുകയാണുണ്ടായത്. ഖാലിദുബ്‌നു സുഫ്യാനുല്‍ ഹുദലിയുടെ തല അറുത്തെടുത്ത് പ്രവാചകന്റെ മുമ്പില്‍ കൊണ്ടുവന്നുവെച്ചു എന്ന് സ്വഹീഹായ ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ല. ഇമാം അഹ്മദും അബൂദാവൂദും ബൈഹഖിയും ഇബ്‌നു കസീറും ഇബ്‌നു ഹിബ്ബാനും ഇബ്‌നു ഖുസൈമയും ഇമാം നവവിയും ഇബ്‌നു ഹജറും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, അബ്ദുല്ലാഹിബ്‌നു ഉനൈസ് (റ) ഖാലിദിനെ വകവരുത്തി എന്നു മാത്രമാണ്. തലയെടുത്ത് കൊണ്ടുവന്നു എന്ന് പറഞ്ഞിട്ടുള്ളത് ഇബ്‌നുശബ്ബയുടെ 'താരീഖുല്‍ മദീന'യിലും വാഖിദിയുടെ 'അല്‍മഗാസി'യിലുമാണ്. ഈ രണ്ട് റിപ്പോര്‍ട്ടുകളില്‍ആദ്യത്തേത് മുഅളലും (സനദില്‍നിന്ന് തുടര്‍ച്ചയായി രണ്ടോ അതിലധികമോ റിപ്പോര്‍ട്ടര്‍മാര്‍ നഷ്ടപ്പെട്ടത്) രണ്ടാമത്തേത് നന്നേ ളഈഫും(ദുര്‍ബലം) ആണ് എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.
2. അബൂ ഉബൈദ(റ) തന്റെ പിതാവിനെ വധിച്ചു എന്ന് പറയുന്ന റിപ്പോര്‍ട്ടുകളൊന്നും പ്രശ്‌നമുക്തമല്ല. എങ്കിലും ഏതാണ്ട് ഒരേ ആശയം വിവിധ രൂപത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന നിലക്ക് അവയെ മുഖവിലക്കെടുക്കാമെങ്കില്‍, ബദ്ര്‍ യുദ്ധത്തിനിടയിലാണ് ആ സംഭവം നടന്നത്. അതും അബൂ ഉബൈദ (റ) പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും പിതാവ് അദ്ദേഹത്തിനു നേരെ പാഞ്ഞടുത്തപ്പോഴായിരുന്നു. യുദ്ധത്തിനിടയില്‍ എതിര്‍ സൈന്യത്തില്‍ ഉള്ളത് പിതാവോ മറ്റോ ആണെങ്കില്‍ പോലും ചെയ്യേണ്ടത് അതുതന്നെയാണല്ലോ. അതിലാര്‍ക്കും തര്‍ക്കമില്ല. പ്രസ്തുത സംഭവം എങ്ങനെയാണാവോ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമം കൈയിലെടുത്ത് പ്രതിക്രിയയും ശിക്ഷയും നടപ്പിലാക്കാനുള്ള അനുവാദമാകുന്നത്?! ഇമാം ഇബ്‌നു ഹജറും ത്വബറാനിയും ഹാകിമും ബൈഹഖിയും മറ്റു ചിലരും ഉദ്ധരിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''ബദ്ര്‍ യുദ്ധത്തില്‍ തന്നെ നേരിടാന്‍ വന്ന പിതാവില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അബൂ ഉബൈദ(റ) ആവത് ശ്രമിച്ചു. പിന്നെയും പിതാവ് അതാവര്‍ത്തിച്ചപ്പോള്‍ അബൂ ഉബൈദക്ക് അദ്ദേഹത്തിന്റെ തലയെടുക്കേണ്ടിവന്നു. ഈ വിഷയത്തില്‍ അല്ലാഹു 'ലാ തജിദു ഖൗമന്‍ യുഅ്മിനൂന ബില്ലാഹി...' എന്ന (അല്‍ മുജാദില: 22) ആയത്ത് അവതരിപ്പിച്ചു.'' സത്യനിഷേധിയായ തന്റെ പിതാവിനെയും അദ്ദേഹത്തിന്റെ ജീവനെയും വിട്ട് ആദര്‍ശത്തോടൊപ്പം നിന്ന, യുദ്ധത്തില്‍ ആ പിതാവിനെ നേരിടാന്‍ സന്നദ്ധനായ അബൂ ഉബൈദയുടെ ചെയ്തിയെ അഭിനന്ദിച്ചുകൊണ്ടാണ് പരാമൃഷ്ട ആയത്ത് അവതരിച്ചത് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അതല്ലാതെ, എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും സ്വന്തം തീരുമാനപ്രകാരം പിതാവിനെ കൊന്ന് തല അറുത്തെടുത്ത് പ്രവാചകന്റെ മുമ്പില്‍ കൊണ്ടുവന്നതിന്റെ പേരിലല്ല. അങ്ങനെയൊരു സംഭവം ഒരു സനദ് വഴിയും സ്ഥിരപ്പെട്ടു വന്നിട്ടുമില്ല.
3. കഅ്ബു ബ്‌നു അശ്‌റഫിന്റെ വധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍, സ്വഹാബികള്‍ അയാളുടെ തലയെടുത്ത് പ്രവാചകന്റെ മുമ്പില്‍ കൊണ്ടുവരികയും തട്ടിക്കളിക്കുകയും ചെയ്തു എന്നൊക്കെ പറയുന്നത് വാഖിദിയുടെ റിപ്പോര്‍ട്ടിലാണ്. ഹദീസിന്റെ കാര്യത്തില്‍ അദ്ദേഹം അസ്വീകാര്യനാണെന്ന് ഏതാണ്ടെല്ലാ ഹദീസ് പണ്ഡിതന്മാരും ഏകോപിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇമാം ബുഖാരിയും മുസ്ലിമും ഉള്‍പ്പെടെ പല ഹദീസ് പണ്ഡിതന്മാരും ഇബ്‌നു കസീര്‍, ഇബ്‌നു ഹിശാം തുടങ്ങിയ ചരിത്രകാരന്മാരും കഅ്ബിനെ വധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയിലൊന്നും തലയെടുത്ത് കൊണ്ടുവന്നതിനെ കുറിച്ച സൂചന പോലുമില്ല. മുസ്ലിംകളുമായി നേര്‍ക്കുനേരെ യുദ്ധത്തിനു വരാതിരിക്കുകയും എന്നാലോ മക്കയില്‍ ചെന്ന് മുസ്ലിംകള്‍ക്കെതിരെ ശത്രുക്കളുടെ രക്തം തിളപ്പിക്കുകയും അങ്ങനെ മദീനയിലെ ഇസ്ലാമികരാഷ്ട്രത്തിനെതിരെ രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന, സ്വഹാബി വനിതകളെക്കുറിച്ച് അപവാദം പറഞ്ഞു പരത്തിയിരുന്ന ആളായിരുന്നു കഅ്ബു ബ്‌നു അശ്റഫ്. അതിനാല്‍ അയാളുടെ ശല്യം എന്നന്നേക്കുമായി അവസാനിപ്പിക്കാനായി ഇസ്ലാമിക രാഷ്ട്രത്തിന്റെ അധിപന്‍ മുഹമ്മദ് നബി(സ), മുഹമ്മദുബ്‌നു മസ്ലമയെ നിയോഗിക്കുകയും അദ്ദേഹവും മറ്റു രണ്ടു പേരും ചേര്‍ന്ന് തന്ത്രപരമായി ആ കൃത്യം നിര്‍വഹിക്കുകയുമായിരുന്നു. ഇസ്ലാമിക ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ ഈ ശിക്ഷാ നടപടിയില്‍ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമം കൈയിലെടുത്ത് പ്രതിക്രിയ നടപ്പിലാക്കാം എന്നതിന് യാതൊരു തെളിവുമില്ല. ഇതൊരു പ്രത്യേക പശ്ചാത്തലമുള്ള സംഭവമായതിനാല്‍, ശത്രുക്കളെ ഈ രൂപത്തില്‍ രഹസ്യമായി വധിക്കാം എന്ന വിധി ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍നിന്ന് നിര്‍ധാരണം ചെയ്യാന്‍ പറ്റില്ല എന്ന് ജിഹാദിനെ കുറിച്ച് ആര്‍ജവത്തോടെ മാത്രം സംസാരിച്ചിട്ടുള്ള സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെപ്പോലുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (നോക്കുക: അല്‍ജിഹാദു ഫില്‍ ഇസ്ലാം).
4. ഇസ്ലാമിക രാഷ്ട്രത്തിനെതിരെ വിഘടനവാദമുയര്‍ത്തി പ്രവാചകത്വ വാദവുമായി രംഗത്തുവന്ന യമനിലെ അസ്‌വദുല്‍ അന്‍സിയെ പ്രവാചക നിര്‍ദേശപ്രകാരം ഫൈറുസുദ്ദൈലമി വധിച്ചു എന്നതല്ലാതെ അയാളുടെ തലയെടുത്ത് പ്രവാചകന്റെ അടുക്കല്‍ കൊണ്ടുവന്നു എന്ന് പ്രസ്തുത സംഭവം വിവരിക്കുന്ന പ്രബല റിപ്പോര്‍ട്ടുകളില്‍ ഒന്നിലും കാണാന്‍ കഴിയുന്നില്ല. ഇമാം ഇബ്‌നു കസീറിന്റെ അല്‍ബിദായ വന്നിഹായയില്‍ ഈ സംഭവം വിശദമായി പറയുന്നുണ്ടെങ്കിലും തലയെടുത്ത് കൊണ്ടുവന്നതായുള്ള സൂചന പോലുമില്ല. അല്‍കാമിലു ഫിത്താരീഖിലും അങ്ങനെയൊന്നു കാണുന്നില്ല. കൂടാതെ, ഈ വാദം ചരിത്രപരമായും നിലനില്‍ക്കുന്നതല്ല. എന്തെന്നാല്‍, അസ്‌വദുല്‍ അന്‍സി കൊല്ലപ്പെട്ടത് പ്രവാചകന്റെ വഫാത്തിന് തൊട്ടുമുമ്പായിരുന്നു. ദിവ്യബോധനത്തിലൂടെ ആ വിവരം തനിക്കറിയിക്കപ്പെട്ടപ്പോഴായിരുന്നു 'ഇന്നലെ അസ്‌വദുല്‍ അന്‍സി കൊല്ലപ്പെട്ടിരിക്കുന്നു. അഹ്‌ലു ബൈത്തിലെ അനുഗൃഹീതനായ ഒരാള്‍ അയാളെ കൊന്നിരിക്കുന്നു' എന്ന് നബി(സ) പറഞ്ഞത്. ആരാണാ അനുഗൃഹീതന്‍ എന്ന് ചോദിച്ചപ്പോള്‍ ഫൈറുസ്, ഫൈറുസ് എന്നായിരുന്നു അവിടുത്തെ പ്രതികരണം. പിന്നീട് പ്രവാചക വിയോഗവും കഴിഞ്ഞതിനു ശേഷമാണ് യമനില്‍നിന്ന് ഈ വിവരവുമായി പുറപ്പെട്ട ദൂതന്മാര്‍ മദീനയിലെത്തുന്നത് എന്നതാണ് ഈ വിഷയത്തിലെ പ്രബലമായ റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍, അസ്‌വദുല്‍ അന്‍സിയുടെ തല ജീവിച്ചിരിക്കുന്ന പ്രവാചകന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ഥം?!
5. തിരുദൂതര്‍ക്കും മദീനാ രാഷ്ട്രത്തിനുമെതിരെ പടപ്പുറപ്പാടിനൊരുങ്ങിയ ജുശം ഗോത്രക്കാരനായ രിഫാഅത്തുബ്‌നു ഖൈസിനെ അബ്ദുല്ലാഹിബ്‌നു അബീഹദ്‌റദ് വധിച്ചു എന്നത് ശരിയാണെങ്കിലും അയാളുടെ തല അറുത്തെടുത്ത് പ്രവാചക സന്നിധിയില്‍ കൊണ്ടുവന്നു എന്ന് പറയുന്ന എല്ലാ റിപ്പോര്‍ട്ടുകളും ദുര്‍ബലമാണ്. രിഫാഅത്ത് മദീനക്കടുത്ത് അല്‍ഗാബയില്‍ വന്ന് സൈനിക സജ്ജീകരണം നടത്തുന്നുണ്ടെന്നറിഞ്ഞ പ്രവാചകന്‍ അയാളെ തന്റെ സന്നിധിയില്‍ ഹാജരാക്കുകയോ വിവരമന്വേഷിച്ചു വരികയോ ചെയ്യാനായി അബ്ദുല്ലാഹിബ്‌നു അബീഹദ്‌റദിനെയും മറ്റു രണ്ടു പേരെയും നിയോഗിക്കുകയായിരുന്നു. രിഫാഅത്തിന്റെ താവളത്തിനടുത്തെത്തിയ അവര്‍ പലയിടങ്ങളിലായി ഒളിച്ചിരുന്നു. രാത്രിയായിട്ടും തങ്ങളുടെ ആട്ടിടയന്മാരില്‍ ഒരാള്‍ മടങ്ങി വരാതായപ്പോള്‍ വല്ല അപായവും സംഭവിച്ചിട്ടുണ്ടാകാം എന്ന കണക്കുകൂട്ടലോടെ അദ്ദേഹത്തെ അന്വേഷിച്ച് രിഫാഅത്ത് ആയുധം ധരിച്ച് പുറപ്പെട്ടു. തന്റെ സമീപത്തുകൂടി പോവുകയായിരുന്ന രിഫാഅത്തിനെ അബ്ദുല്ലാഹിബ്‌നു അബീഹദ്‌റദ് അമ്പെയ്തു വീഴ്ത്തുകയും ഗളഛേദം ചെയ്യുകയും ചെയ്തു. അയാളുടെ തലയും പിടിച്ചെടുത്ത ഒട്ടകങ്ങളെയും ആടുകളെയും കൊണ്ട് പ്രവാചകന്റെ സന്നിധിയില്‍ ചെന്നു. പ്രവാചകന്‍ സന്തോഷപൂര്‍വം ഒട്ടകങ്ങളില്‍നിന്ന് പതിമൂന്നെണ്ണത്തെ അബ്ദുല്ലാഹിബ്‌നു അബീഹദ്‌റദിന് നല്‍കി. ഇപ്രകാരമാണ് ഈ കഥ സീറതു ഇബ്‌നു ഇസ്ഹാഖിലും താരീഖുത്ത്വബരിയിലും വന്നിട്ടുള്ളത് (സീറതു ഇബ്‌നു ഇസ്ഹാഖിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഉണ്ടെങ്കിലും അസ്സല്‍ കോപ്പിയില്‍ ചിലതില്‍ തലയുമായി മദീനയിലേക്ക് പോയി എന്ന് പറയുന്ന ഭാഗം കാണുന്നില്ല!). അതെന്തായാലും ഈ രണ്ട് റിപ്പോര്‍ട്ടുകളും പരമ്പര മുറിഞ്ഞത് (മുന്‍ഖത്വിഉ) ആണ്. അതിനാല്‍ തന്നെ തെളിവിന് കൊള്ളാത്തതും. ഇബ്‌നു ഇസ്ഹാഖ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതു തന്നെ ഊഹത്തില്‍ അധിഷ്ഠിതമായാണ്. അബ്ദുല്ലാഹിബ്‌നു അബീഹദ്‌റദില്‍നിന്ന് ആരാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നില്ല. ഇക്കാരണത്താല്‍ തന്നെ ഈ റിപ്പോര്‍ട്ട് മുബ്ഹമും മുഅളലും(ഊഹാധിഷ്ഠിതവും സനദില്‍ തുടര്‍ച്ചയായി രണ്ടോ അതിലധികമോ ആളുകള്‍ നഷ്ടപ്പെട്ടതും) ആണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. താരീഖുത്ത്വബരിയിലാകട്ടെ, അബ്ദുല്ലാഹിബ്‌നു അബീഹദ്‌റദില്‍നിന്ന് ഈ സംഭവം ഉദ്ധരിക്കുന്നത് മുഹമ്മദു ബ്‌നു ഇബ്‌റാഹീമാണ്. ഇദ്ദേഹം ഒരു സ്വഹാബിയെപ്പോലും കണ്ടിട്ടില്ല എന്നാണ് ഇമാം ബുഖാരിയെപ്പോലുള്ളവരുടെ പക്ഷം. അഥവാ ത്വബ് രിയുടെ റിപ്പോര്‍ട്ട് പരമ്പര മുറിഞ്ഞത് -മുന്‍ഖത്വിഅ്- ആണെന്ന് ചുരുക്കം. അതിനാല്‍ തന്നെ തെളിവിനു കൊള്ളാത്തതും.
6. ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അബൂജഹ്‌ലിന്റെ തലയെടുത്ത് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പ്രവാചക സന്നിധിയില്‍ കൊണ്ടുവന്നു എന്ന് പറയുന്ന ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഹദീസ് നിദാനശാസ്ത്രമനുസരിച്ച് അവയെല്ലാം അസ്വീകാര്യമാണ്. മുസ്ലിം പടയാളികളുടെ വെട്ടും കുത്തുമേറ്റ് ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്ന അബൂജഹ്‌ലിനെ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) കാണുകയും അന്നേരം അയാളുടെ പിരടിയില്‍ ചവിട്ടിക്കൊണ്ട് ചിലത് ഓര്‍മിപ്പിക്കുകയും ചെയ്ത സംഭവം ഇബ്‌നു ഇസ്ഹാഖും ഇബ്‌നു ഹിശാമും അബൂ നുഐമും ബൈഹഖിയും ഹസനായ സനദോടു കൂടി ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ പക്ഷേ അബൂജഹ്‌ലിനെ ഗളഛേദം ചെയ്ത് അതുമായി നടന്ന കാര്യം പറയുന്നില്ല. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളൊക്കെ ദുര്‍ബലവുമാണ്.
7. 'പ്രവാചകന്‍ അബൂഅസ്സ: അല്‍ജുമഹിയുടെ ശിരസ്സ് വെട്ടിയെടുത്ത് തല കുന്തത്തില്‍ കുത്തിയുയര്‍ത്തി' എന്ന മട്ടില്‍ ഒരു റിപ്പോര്‍ട്ട് അബൂ സഈദില്‍ ഖുദ്‌രിയ്യില്‍നിന്ന് 'അത്ത്വുയൂറാത്തി'ല്‍ അബുല്‍ ഹസന്‍ അത്ത്വുയൂരി ഉദ്ധരിക്കുന്നുണ്ട്. ഇതിന്റെ സനദില്‍ അബ്ദുല്ലാഹിബ്‌നു ഇസ്ഹാഖ് എന്ന വ്യക്തിയുണ്ടെന്നും അദ്ദേഹം അസ്വീകാര്യനാണെന്നും അതിനാല്‍ ഈ ഹദീസ് മുന്‍കര്‍ ആണെന്നും ഇമാം ഇബ്‌നു ഹജര്‍, ഉഖൈലി തുടങ്ങിയ പണ്ഡിതന്മാര്‍ വിധിയെഴുതിയിരിക്കുന്നു. മുസ്ലിംകള്‍ക്കെതിരെ ശത്രുക്കളെ ഇളക്കിവിട്ടിരുന്ന ജാഹിലിയ്യാ കവിയായിരുന്നു അബൂ അസ്സ: അല്‍ ജുമഹി. ബദ്‌റില്‍ പിടിക്കപ്പെടുകയും മോചനദ്രവ്യം നല്‍കാന്‍ ആരുമില്ലാതെ വന്നിട്ടും, ഇനി മുശ്‌രിക്കുകള്‍ക്കിടയിലേക്ക് തിരിച്ചുപോവില്ല എന്ന ഉറപ്പിന്മേല്‍ നബി(സ) അദ്ദേഹത്തിനു മാപ്പു കൊടുത്തു എന്നും എന്നാല്‍ ഉഹുദില്‍ വീണ്ടും മുസ്ലിംകള്‍ക്കെതിരെ പോരാടിയ അദ്ദേഹം മുസ്ലിംകളാല്‍ പിന്നെയും പിടികൂടപ്പെടുകയും പിന്നെ വധിക്കപ്പെടുകയുമാണുണ്ടായത് എന്നും റിപ്പോര്‍ട്ടുണ്ട്. ഉഹുദില്‍ മുസ്ലിംകള്‍ ആരെയും ബന്ധനസ്ഥരാക്കിയിട്ടില്ലെന്നും അബൂ അസ്സ: അല്‍ ജുമഹി പിന്നെയും കുറേ കാലം ജീവിച്ചുവെന്നും മാറാവ്യാധി ബാധിച്ച് ഒടുവില്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണുണ്ടായതെന്നും മറ്റും വേറെയും ചില റിപ്പോര്‍ട്ടുകള്‍ സീറതു ഇബ്‌നു ഹിശാമിലും സീറതു ഇബ്‌നു ഇസ്ഹാഖിലും കാണാം. അതെന്തായാലും അദ്ദേഹത്തിന്റെ തല അറുത്തെടുത്ത് മദീനയിലേക്കയച്ചു എന്നതിന് യാതൊരു സ്ഥിരീകരണവുമില്ല.
ചുരുക്കത്തില്‍, പ്രവാചകനിലേക്ക് ചേര്‍ത്തു പറയപ്പെടുന്ന നിണമണിഞ്ഞതും ക്രൂരമെന്ന് വിലയിരുത്താവുന്നതുമായ ഇത്തരം കഥകളില്‍ ഒന്നുപോലും സ്ഥിരപ്പെട്ടുവന്നിട്ടില്ല എന്നതാണ് വസ്തുത. അവ്വിധം ചെയ്യുന്നത് ഇസ്ലാം വിലക്കുകയും ചെയ്തിരിക്കുന്നു. ശത്രുക്കളെ ഗളഛേദം ചെയ്ത് പ്രവാചക സന്നിധിയില്‍ കൊണ്ടുവരപ്പെട്ടതായി പറയപ്പെടുന്ന വ്യത്യസ്ത റിപ്പോര്‍ട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ട് ഇമാം അബൂദാവൂദ് അസ്സിജിസ്താനി തന്റെ 'അല്‍മറാസീലി'ല്‍ (പേജ്: 328) എഴുതുന്നു: 'ഈ വിഷയത്തില്‍ നബി(സ)യില്‍നിന്ന് ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല.'
'സുനനു സഈദുബ്‌നുല്‍ മന്‍സ്വൂറി'ല്‍ ഇമാം സുഹ്‌രിയില്‍നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടതായി കാണാം: 'നബി(സ)യുടെ അടുക്കലേക്ക് ഒരിക്കല്‍ പോലും ഒരാളുടെ തലയും കൊണ്ടുവരപ്പെട്ടിട്ടില്ല. ബദ്ര്‍ ദിനത്തിലും അങ്ങനെയൊന്നുണ്ടായിട്ടില്ല. അബൂബക്‌റി(റ)ന്റെ അടുക്കലേക്ക് ഒരു തല കൊണ്ടുവരപ്പെട്ടപ്പോള്‍ അദ്ദേഹം ആ ചെയ്തിയെ വെറുക്കുകയും ഇനിയത് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞു വിലക്കുകയുമാണ് ചെയ്തത്.'
വിചാരം കൈവിട്ടും വികാരത്തിനടിപ്പെട്ടും അത്യാവേശക്കാരായ മുസ്ലിം ചെറുപ്പക്കാര്‍ നടത്താറുള്ള എടുത്തുചാട്ടങ്ങളും അതിന്നനുകൂലമായി അവര്‍ ഉദ്ധരിക്കാറുള്ള കൊലയുടെയും ചിത്രവധത്തിന്റെയും കഥകളും ഇസ്ലാമിക വീക്ഷണത്തില്‍ അസ്വീകാര്യമാണ് എന്നും അത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രകൃതത്തിനു യോജിച്ചതല്ലെന്നും ഇത്രയും വിശദീകരിച്ചതില്‍നിന്ന് സുതരാം വ്യക്തം. ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും പൊതുജനമധ്യേ തെറ്റിദ്ധരിപ്പിക്കാനേ അത്തരം ചെയ്തികളും പ്രചാരണങ്ങളും ഉപകരിക്കൂ.
Comments