ഓര്‍മകളിലാണെന്റെ പ്രവാചകന്‍
ആദ്യം മനസ്സിലേക്ക് വരിക ഒരു സുന്ദരന്‍ കുഞ്ഞിന്റെയും നിത്യചൈതന്യ യതിയുടെയും ഫോട്ടോ കവര്‍ചിത്രമായുള്ള ഒരു കൊച്ചുപുസ്തകം. 'ദൈവവും പ്രവാചകനും പിന്നെ ഞാനും' അതാണെന്ന് തോന്നുന്നു പുസ്തകത്തിന്റെ പേര്. അതില്‍ ചില അധ്യായങ്ങളില്‍ അദ്ദേഹം പ്രവാചകനെ കോറിയിട്ടു. 'മുത്ത് നബി' എന്ന് വിളിക്കാനാണെനിക്കിഷ്ടം എന്നു അത്രമേല്‍ പ്രിയത്തോടെ യതി കുറിച്ചിട്ടു. പൊതുബോധത്തിന്റെ മാറാല പിടിച്ച ഞാന്‍ അപ്പോഴാണ് എന്നാല്‍ ഈ മുത്തിനെ ഒന്ന് കണ്ടെത്തണമല്ലോ എന്നാദ്യമായി ചിന്തിച്ചത്.
എന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കില്‍ അവളുടെ കൈയും ഞാന്‍ വെട്ടുമായിരുന്നു എന്നു ഉദ്ഘോഷിച്ച നീതിബോധത്തിന്റെ നിറകുടമായി നബിയെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. ഉന്നതകുല ജാതയായ ഒരു സ്ത്രീക്ക് വേണ്ടി ആരോ ശിപാര്‍ശ പറഞ്ഞപ്പോഴാണ് സ്വന്തം കരളിന്റെ കഷ്ണം എന്ന് നബി വിശേഷിപ്പിക്കാറുള്ള മകള്‍ ഫാത്വിമയെ പോലും പരാമര്‍ശിച്ച് പ്രവാചകന്‍ ഈ ഒരു നിലപാട് ജനങ്ങളോട് പ്രഖ്യാപിച്ചത്. നീതി സ്വപ്‌നം കാണുന്ന ഒരു ശരാശരി മനുഷ്യനായ ഞാന്‍ അങ്ങനെയുള്ള മുത്തുനബിയെ വായിക്കാതിരിക്കുന്നതെങ്ങനെ? നബിക്കു ഫാത്വിമയോടുള്ള സ്‌നേഹം, നീതിയോടുള്ള പ്രതിബദ്ധത..... എന്തൊക്കെയായിരുന്നു നബി!
അനാഥനായിട്ടായിരുന്നു ജനനം. നബി ജനിക്കും മുമ്പേ പിതാവ് മരണപ്പെട്ടു പോയി. എന്തൊരു ദുരന്തമാണത്. ആറ് വയസ്സാവുമ്പോഴേക്കും മാതാവും പോയി. ഈ വേദനകള്‍ ഏറ്റുവാങ്ങിയ മുത്തെങ്ങനെ അനാഥകളെ പരിഗണിക്കാതിരിക്കും! അതിനു വേണ്ടിയുള്ള മൂല്യവ്യവസ്ഥ ജനങ്ങളില്‍ സമര്‍പ്പിക്കുവോളം ആ ജീവിതം ദുരന്തങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ദീനിനെ കളവാക്കുകയെന്നാല്‍ അനാഥകളെ പരിഗണിക്കാതിരിക്കലാണ്, അഗതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാതിരിക്കലാണ്, അത്തരക്കാര്‍ നമസ്‌കരിച്ചിട്ടെന്തു കാര്യം! ഈ വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പ്രപഞ്ചനാഥന്‍ തെരഞ്ഞെടുത്ത മുത്ത് നബി. ഒടുവില്‍ എല്ലാ മനുഷ്യരെയും സനാഥമാക്കുന്ന ആ മഹാമന്ത്രത്തിന്റെ മാറാല മാറ്റിക്കളഞ്ഞു. അതേ, നിങ്ങളെ കാത്തിരിക്കുന്ന ഒരു റബ്ബ് നിങ്ങള്‍ക്കുണ്ടെന്ന്!
പരലോകത്ത് നിങ്ങളെ കാത്തിരിക്കുന്ന ഒരു റബ്ബ് ഇല്ലാതിരിക്കുമ്പോഴാണ് നിങ്ങള്‍ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ അനാഥനാവുന്നത്!
ഒരാള്‍ നബി തിരുമേനിയോട് ചോദിച്ചു: ഞാന്‍ ജനങ്ങളില്‍ ഏറ്റവും നന്നായി വര്‍ത്തിക്കേണ്ടത് ആരോടാണ്?
നബി പറഞ്ഞു:
'നിന്റെ മാതാവിനോട്'
'പിന്നീടാരോടാണ്?'
'നിന്റെ മാതാവിനോട്'
'പിന്നീടാരോടാണ്?'
'നിന്റെ മാതാവിനോട്' നാലാമതും ചോദ്യം ആവര്‍ത്തിച്ചു,
'ശേഷം നിന്റെ പിതാവിനോട്.'
മുത്ത്‌നബിക്കു മുലപ്പാല്‍ കൊടുത്തത് മൂന്ന് ഉമ്മമാര്‍. ജന്മം കൊടുത്ത ആമിന ബീവി, അബൂലഹബിന്റെ ദാസി, പിന്നെ ഗ്രാമത്തില്‍നിന്ന് വന്ന ഹലീമ ബീവി. റസൂല്‍ ഈ ഉത്തരത്തില്‍ ഓരോ വട്ടം മാതാവ് എന്ന് പറയുമ്പോഴും ഈ ഓരോ ഉമ്മയുടെയും മുഖമായിരുന്നിരിക്കണം മനസ്സില്‍ എന്ന് കെ.പി രാമനുണ്ണിയുടെ ഒരു വായനയു്. അതേ, ചില വായനകള്‍ക്കു പോലും ഉമ്മയോളം മധുരം!
അബൂത്വാലിബ് നബിയുടെ മൂത്താപ്പ, ഇസ്ലാം സ്വീകരിച്ചില്ല. പക്ഷേ, അദ്ദേഹം നല്‍കിയോളം കരുത്തും സംരക്ഷണവും ഇസ്ലാമിന് ആരാണ് നല്‍കിയത്! അദ്ദേഹത്തിന്റെ ദേഹവിയോഗ വര്‍ഷം ദുഃഖവര്‍ഷം പോലുമായി ഇസ്ലാമിക ചരിത്രത്തില്‍. അന്ത്യക്കിടക്കയില്‍ വെച്ചു മുത്ത് റസൂല്‍ അപേക്ഷിച്ചു, വിശ്വാസത്തിന്റെ വചനം ഉരുവിടാന്‍. എന്റെ ഗോത്രം എന്ത് വിചാരിക്കും എന്ന ആശങ്കയായിരുന്നു അപ്പോഴും മൂത്താപ്പക്ക്.
നബിയുടെ കൈകള്‍ ആ ജ്ഞാനവൃദ്ധന്റെ ഓരോ ശരീരഭാഗങ്ങളിലും കുളിരായി തലോടിക്കൊണ്ടിരുന്നു. നബിയുടെ കരസ്പര്‍ശം ഏറ്റ ഭാഗങ്ങള്‍ നരകത്തില്‍ പോകില്ല എന്ന വിശ്വാസത്തിന്റെ തേട്ടത്തിലാവാം അതെന്നു രാമനുണ്ണി. അവിടെയും നിര്‍ത്തിയില്ല, അത് കണ്ടു പരമകാരുണികന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടാവും എന്നു കൂടി എഴുതുമ്പോള്‍ ഈ കാരുണ്യത്തിനെന്തു കാരുണ്യം എന്നനുഭവിക്കാനല്ലാതെ മറ്റെന്തു പറ്റും!
ഇത്തരം ഓര്‍മകളാണ് എന്നില്‍ ഹുബ്ബായി നിറയുന്നത്. ഗോത്രത്തില്‍ ഉന്നതസ്ഥാനീയനായ മൂത്താപ്പ നാട്ടുകാര്‍ക്കു വേണ്ടി മുഹമ്മദിനോട് 'നീ പറയുന്ന പുത്തനാദര്‍ശം ഉപേക്ഷിച്ചുകൂടേ' എന്ന് ചോദിക്കുന്നുണ്ട്. മികച്ച സ്ഥാനമാനങ്ങളുടെ വാഗ്ദാനത്തോടെ! സൂര്യനെ വലതു കൈയിലും ചന്ദ്രനെ ഇടതു കൈയിലും വെച്ച് തന്നാല്‍ പോലും മനുഷ്യരെയും ലോകത്തെയും ഏകീകരിക്കുന്ന തൗഹീദിന്റെ ആശയപ്പൊരുളില്‍നിന്ന് പിന്മാറാന്‍ താന്‍ ഒരുക്കമല്ല എന്ന് അത്രമേല്‍ സ്‌നേഹബഹുമാനങ്ങളുള്ള മൂത്താപ്പയോട് എത്ര സങ്കടത്തോടെയാവും പ്രവാചകന്‍ പറഞ്ഞിട്ടുണ്ടാവുക!
നാട്ടുകാര്‍ പീഡനം തുടങ്ങിയപ്പോള്‍ സഹായാഭ്യര്‍ഥനയുമായി ചെന്ന് ത്വാഇഫില്‍നിന്ന് മടങ്ങുന്ന മുത്ത് നബി. സഹായിച്ചില്ലെന്നോ പോകട്ടെ കുഞ്ഞുങ്ങളെക്കൊണ്ട് കല്ലെറിയിപ്പിച്ചു ത്വാഇഫുകാര്‍! ചോര ഒലിക്കുന്ന മുഖവുമായി തിരിച്ചുള്ള യാത്രയില്‍ നബി ഒരു ഈത്തപ്പന തോട്ടത്തില്‍ വിശ്രമിക്കുന്നു. ഒരു കടുത്ത ശത്രുവിന്റെ തോട്ടം. ശത്രു ഒരു പ്ലേറ്റില്‍ മുന്തിരിക്കുല എടുത്ത് ഭൃത്യനോട് പറയുന്നു: ഇത് തോട്ടത്തിലിരിക്കുന്ന ആ മനുഷ്യന് കൊണ്ടു കൊടുക്കുക! അല്ലാഹു ഒരാളെ സ്‌നേഹിച്ചാല്‍ വാനഭുവനങ്ങളില്‍ വിളംബരം ചെയ്യും: 'മാലാഖമാരേ, ഞാന്‍ ഇന്ന മനുഷ്യനെ സ്‌നേഹിക്കുന്നു. നിങ്ങളും സ്‌നേഹിക്കുക.' പിന്നെ മനുഷ്യരോട്: 'ഞാന്‍ ഇന്ന മനുഷ്യനെ സ്‌നേഹിക്കുന്നു. നിങ്ങളും സ്‌നേഹിക്കുക.'
നാട്ടില്‍നിന്ന് ഹിജ്റ ചെയ്തു പോകുന്ന പ്രവാചകന്‍ വളര്‍ത്തിയെടുത്ത ശിഷ്യരോടും ചില നാട്ടുകാര്‍ അവരുടെ ആദര്‍ശത്തോട് വിയോജിക്കുമ്പോള്‍ തന്നെ അപേക്ഷിക്കുന്നുണ്ട്, നിങ്ങള്‍ ഈ നാട് വിട്ടു പോകേണ്ടവരല്ല എന്ന്. അങ്ങനെ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപ്പായി മാറിയ മുത്ത് നബിയെയും കൂട്ടരെയും വെച്ചല്ലേ നമ്മുടെ സാധ്യതകള്‍ക്കായി വര്‍ത്തമാനകാലത്ത് നാം ആത്മപരിശോധനകള്‍ ആരംഭിക്കേണ്ടത്?
ഇങ്ങനെയെത്രയെത്ര മുഗ്ധാനുരാഗ ഓര്‍മകള്‍. കണ്ണീരുമായി ഖബ്‌റിലേക്കിറങ്ങി മിസ്അബിന്റെ മയ്യിത്ത് വെക്കുന്ന മുത്ത് നബി. ആദര്‍ശ ജീവിതത്തിന്റെ ബാക്കിപത്രമെന്നോണം കാല്‍ പുല്ലുകൊണ്ടു മറച്ച മക്കയിലെ കുബേരകുമാരന്‍. മുഴുവന്‍ മൂടാന്‍ തുണിയില്ലാതെ ദാരിദ്ര്യം. സ്വര്‍ഗം വാതില്‍ തുറക്കാതിരിക്കുന്നതെങ്ങനെ!
പ്രണയത്തിനുമേല്‍ പ്രണയം രുചിച്ച മാണിക്യമലരായ ബീവിയെയും, ദാമ്പത്യത്തിന്റെ ഈടുവെപ്പായ സമ്മിലൂനിയും മറക്കുന്നതെങ്ങനെ! ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായ 40 വയസ്സുള്ള മുത്തിന് വേണ്ടി 55-ാം വയസ്സിലും ചെങ്കുത്തായ മലകള്‍ കയറിയിറങ്ങിയ ആ ഖദീജയെ നമ്മുടെ എല്ലാവരുടെയും ഉമ്മയാക്കി മാറ്റിയ പ്രവാചകത്വം.
ഒടുവിലായി സമരാര്‍ജിത സമ്പത്തിലെ വിതരണത്തിലെ ചില വഴക്കുകള്‍. മുഹാജിറുകളും അന്‍സാറുകളും. മക്കയില്‍നിന്ന് ആദര്‍ശത്തിനു വേണ്ടി നാടും വീടും വിട്ടുപോയവരാണ് മുഹാജിറുകള്‍, അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു ഒരാദര്‍ശ സംസ്‌കൃതിയുടെ ഊടും പാവും നെയ്തവരാണ് അന്‍സാറുകള്‍. ഇത്തരം തര്‍ക്കങ്ങള്‍ ചരിത്രത്തിന്റെ പല ദശാസന്ധികളിലും കഴിഞ്ഞുപോയിട്ടുണ്ട്. ഇന്നും ലോകം അനുഭവിക്കുന്നുണ്ട്. തര്‍ക്കിക്കുന്നവര്‍ ഒന്ന് വായിച്ചുനോക്കണം, അന്നത്തെ നബിയുടെ പ്രസംഗം. ആ സന്തുലിത നേതൃത്വത്തിന്റെ അഭാവം തന്നെയാണ് ഇസ്‌ലാമിക ലോകത്തെ ഇത്രമേല്‍ അനാഥമാക്കുന്നത്. ഇരുപതു വര്‍ഷംകൊണ്ട് ലോകത്തെ മാറ്റിമറിച്ച വിപ്ലവകാരി. മുസ്‌ലിം ബുദ്ധിജീവികളിലെ, സംഘടനകളിലെ പരസ്പരമുള്ള വിട്ടുവീഴ്ചയില്ലായ്മയും കുടിപ്പകയും കാണുമ്പോള്‍ ആ മുത്തിന്റെ അസാന്നിധ്യത്തിന്റെ നോവ് ആഴിയോളം വലുതാവുന്നു.
ഓര്‍മിച്ചിട്ടും പറഞ്ഞിട്ടും തീരുന്നില്ലല്ലോ നിന്റെ മദ്ഹുകള്‍. ഈ പൂര്‍ണ ചന്ദ്രനെ ആണല്ലോ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ ചില വിവാഹങ്ങളിലും വാളിലും ചുരുട്ടിക്കെട്ടി ആഘോഷിക്കുന്നത്. പക്ഷേ ഉദിച്ചുയരുന്ന പൂര്‍ണചന്ദ്രനെ നോക്കി എത്ര കുറുക്കന്മാര്‍ ഓരിയിട്ടിട്ടെന്തു കാര്യം! Arnoud van Doorn (ഫിത്‌ന എന്ന ഇസ്‌ലാം/നബി വിരുദ്ധ സിനിമയെടുത്തയാള്‍) പോലും അത് തിരിച്ചറിയുന്ന കാലമാണിത്.
ആ തിരിച്ചറിവിന്റെ നിറവില്‍ ആ മുത്ത്‌നബിയെ ഒന്ന് കണ്ടു മുത്തിയാല്‍ കിട്ടുന്ന ജീവിത സാഫല്യം കൊതിക്കുന്ന എത്ര പേര്‍.
സ്വല്ലല്ലാഹു അലൈഹി വസല്ലം
Comments