സംക്രമണ ഘട്ടത്തിലെ ദീനിന്റെ സംസ്ഥാപനം
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ സാഹചര്യം വലിയ രീതിയില്‍ മാറി. ഇന്ത്യ വിഭജിക്കപ്പെട്ടു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ പതിനൊന്നോ പന്ത്രണ്ടോ ശതമാനമായി ചുരുങ്ങി. സെക്യുലര്‍-ജനാധിപത്യ സംവിധാനം ജനങ്ങള്‍ സര്‍വാത്മനാ തങ്ങളുടെ ഭരണരീതിയായി സ്വീകരിച്ചു. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഈവിധം മാറിയതിനാല്‍ രാജ്യം ഏത് ഭരണരീതി സ്വീകരിക്കണം എന്ന ചോദ്യം അവശേഷിക്കുന്നില്ല. അപ്പോള്‍ സ്വാഭാവികമായും ഇസ്‌ലാമിക പ്രസ്ഥാനത്തിന് നൂതനമായ ഒരു ചിന്താവ്യവഹാരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടിവരും. വ്യവസ്ഥാ മാറ്റമെന്നത് എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. ദീര്‍ഘകാലത്തെ യത്‌നങ്ങള്‍ അതിനാവശ്യമുണ്ട്. ഇന്ത്യയില്‍ ഇഖാമത്തുദ്ദീനിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാവണം? ഇതാണ് ഉയര്‍ന്നുവന്ന പ്രധാന ചോദ്യം. ഇതിന് പ്രസ്ഥാനത്തിലെ ധിഷണാശാലികള്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
1) രാജ്യത്ത് ഇന്ന് നിര്‍വഹിക്കപ്പെടേണ്ട ഏറ്റവും പ്രഥമവും പ്രധാനവുമായ ദൗത്യം ഇസ്‌ലാമിക പ്രബോധന(ദഅ്‌വത്ത്)മാണ്. ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെയും ജീവിതരീതികളെയും രാജ്യനിവാസികള്‍ ശരിയായവിധം മനസ്സിലാക്കുന്നതിന് അതാണ് മാര്‍ഗം. അതിനാലാണ് ഇത് ഏറ്റവും പ്രധാനമായിത്തീരുന്നത്. ഇത് വേണ്ടരീതിയില്‍ നിര്‍വഹിക്കപ്പെടുന്നില്ലെങ്കില്‍ ദീന്‍ സംസ്ഥാപനം എങ്ങുമെത്തുകയില്ല. ഈ ദൗത്യം ജമാഅത്ത് മാത്രം നിര്‍വഹിച്ചാല്‍ പോരാ, പൊതുമുസ്‌ലിം സമൂഹവും നിര്‍വഹിക്കണം. രാജ്യത്തിന്റെ സര്‍വ ദിക്കിലും ഇസ്‌ലാമിന്റെ സന്ദേശമെത്തുക എന്നതാണ് ഇഖാമത്തുദ്ദീനിന്റെ സര്‍വപ്രധാനമായ ലക്ഷ്യം. മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി എഴുതുന്നു: ''രാജ്യത്ത് മുസ്‌ലിംകള്‍ അല്ലാത്തവര്‍ വലിയ ഭൂരിപക്ഷമാണെന്നത് രണ്ട് സുപ്രധാന കാര്യങ്ങള്‍ താല്‍പര്യപ്പെടുന്നുണ്ട്: ഒന്ന്, അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുക. അത് തങ്ങളുടെ ബാധ്യതയാണ് എന്ന ബോധത്തോടെ തന്നെ പ്രസ്ഥാന പ്രവര്‍ത്തകര്‍ നിര്‍വഹിക്കണം. രണ്ട്, അവര്‍ക്ക് ഇസ്‌ലാമിനെ സംബന്ധിച്ച് ന്യായമായും ചില സംശയങ്ങള്‍ ഉണ്ടാകും. അവ ദൂരീകരിക്കണം. സംശയങ്ങളുടെ നിഴലില്‍ അവരെ നിര്‍ത്തരുത്. ഇസ്‌ലാമിന്റെ സന്ദേശം അവര്‍ക്ക് എത്തിക്കുക എന്നത് ബാധ്യതയായി മനസ്സിലാക്കുന്നതോടൊപ്പം തന്നെ, പ്രാസ്ഥാനികമായ അനിവാര്യതയായും അതിനെ കാണേണ്ടതുണ്ട്. പ്രസ്ഥാനം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ കര്‍മ മണ്ഡലത്തില്‍ ശോഭിക്കാനും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങാനും മുസ്‌ലിംകളല്ലാത്തവരില്‍നിന്ന് അതിന് സഹായികളെ കിട്ടിക്കൊണ്ടിരിക്കാത്ത കാലത്തോളം സാധ്യമാവില്ലെന്നുറപ്പുള്ളതുകൊണ്ടാണ് ദഅ്‌വത്തിനെ ഒരു പ്രാസ്ഥാനിക അനിവാര്യതയായി എണ്ണിയത്. കാരണം ഇന്ത്യയില്‍ മുസ്‌ലിംകളല്ലാത്തവരുടെ ഭൂരിപക്ഷം ഒരു സാദാ ഭൂരിപക്ഷമല്ല. 87-88 ശതമാനം ഭൂരിപക്ഷമാണത്. അതൊരു സാദാ ഭൂരിപക്ഷമല്ലല്ലോ. പല നിയന്ത്രണാധികാരങ്ങളും അവിടെയാണ് നിക്ഷിപ്തമായിരിക്കുന്നത്.''1
മുസ്‌ലിംകളല്ലാത്ത ഈ ജനവിഭാഗങ്ങളില്‍ സംശയം ജനിപ്പിക്കുന്ന പ്രവൃത്തികള്‍ പ്രവര്‍ത്തകരില്‍നിന്ന് ഉണ്ടാവരുതെന്നും സദ്‌റുദ്ദീന്‍ ഇസ്‌ലാഹി തുടര്‍ന്ന് എഴുതുന്നുണ്ട്. അത് തെറ്റിദ്ധാരണകള്‍ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുക.2
ഇഖാമത്തുദ്ദീനിന്റെ രണ്ടാമത്തെ മര്‍മപ്രധാനമായ താല്‍പര്യം, മുസ്‌ലിം സമൂഹത്തില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ്. അഥവാ മുസ്‌ലിം സമൂഹം ഇസ്‌ലാമിന്റെ മാതൃകാ സമൂഹമാകണം. അവരുടെ ജീവിതം ഇസ്‌ലാമിന്റെ കര്‍മ സാക്ഷ്യമായിരിക്കണം. മൂന്ന് വശങ്ങള്‍ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി എടുത്തു പറയുന്നുണ്ട്. അവിടെയൊക്കെ പ്രസ്ഥാനത്തിന്റെ ആദ്യ അഭിസംബോധിതര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കും. ഒന്നാമത്തെ വശം ഇതാണ്: ''മുസ്‌ലിംകളുടെ യഥാര്‍ഥ നില അവര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിശ്ശബ്ദരായ അംഗങ്ങളാണ് എന്നതാണ്. കാരണം ഒരാള്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ താന്‍ ഇസ്‌ലാമിന്റെ സന്ദേശവാഹകനാണെന്ന് സ്ഥിരീകരിക്കുകയാണല്ലോ ചെയ്യുന്നത്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനോട് ഗുണകാംക്ഷയുള്ളവനായിരിക്കുക എന്നത് അവര്‍ തമ്മിലെ പരസ്പര ബാധ്യതയും അവകാശവുമായി മനസ്സിലാക്കണം. ഇതാണ് രണ്ടാമത്തെ വശം. മൂന്നാമത്തെ വശം, അയാള്‍ എല്ലായിടത്തും കാണപ്പെടുന്ന മുസ്‌ലിം സമുദായത്തില്‍ പിറന്ന മുസ്‌ലിമാണെന്നും അയാളുടെ ജീവിതം ഇസ്‌ലാമിക മൂല്യങ്ങളുടെ പ്രകാശനമായി മാറുമ്പോഴാണ് പ്രസ്ഥാനത്തിലേക്ക് അയാളെ അടുപ്പിക്കാനാവുക എന്ന തിരിച്ചറിവ് ഉണ്ടാവണമെന്നതാണ്.''3
മൂന്നാമത്തെ മര്‍മപ്രധാനമായ ദൗത്യം, മുസ്‌ലിംകളുടെ സാമൂഹിക ശക്തി വര്‍ധിപ്പിക്കുക എന്നതാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. അവരില്‍ നേതൃശേഷി വളര്‍ത്തിയെടുക്കണം. മറ്റു സമൂഹങ്ങള്‍ ഇസ്‌ലാമില്‍നിന്ന് മുഖം തിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്, ഇസ്‌ലാമിക സമൂഹത്തിന്റെ ദീനീപരവും ധാര്‍മികവുമായ പോരായ്മകളും സാമൂഹികമായ അവരുടെ പിന്നാക്കാവസ്ഥയുമാണ്. അതിനാല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുക എന്നത് ഇഖാമത്തുദ്ദീനിന്റെ സുപ്രധാന താല്‍പര്യങ്ങളിലൊന്നാണ്. ധാര്‍മികവും ദീനീപരവുമായ പരിഷ്‌കരണം എന്നത് പോലെ തന്നെ, സകല മേഖലകളിലും അവരെ ശാക്തീകരിക്കുക (Empowerment) എന്നതും നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്. കുറ്റകൃത്യങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരുടെ പങ്കാളിത്തം, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍, അവരുടെ അവകാശങ്ങള്‍ നല്‍കാതിരിക്കല്‍, കച്ചവടത്തിലും മറ്റു വ്യവഹാരങ്ങളിലുമുള്ള സുതാര്യതയില്ലായ്മ, കലഹപ്രിയത, പരുക്കന്‍ പെരുമാറ്റം ഇതൊക്കെയും ഇതര സമൂഹങ്ങളില്‍ വെറുപ്പ് ജനിപ്പിക്കുന്നുണ്ട്. അതോടൊപ്പം മുസ്‌ലിംകളുടെ കടുത്ത ദാരിദ്ര്യം, മീഡിയാ രംഗത്തെ സാന്നിധ്യമില്ലായ്മ, അധികാര കേന്ദ്രങ്ങളില്‍ അവര്‍ക്കുള്ള വളരെ ദുര്‍ബലമായ പ്രാതിനിധ്യം, വിദ്യാഭ്യാസപരവും സാങ്കേതികവും മറ്റുമായ ശേഷിയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ പൊതുസമൂഹം അവരെ ഒരു ആസ്തി(Asset)യായി കാണുന്നതിനു പകരം ഒരു ഭാര(Liability)മായി കാണുന്നു. ഇസ്‌ലാമില്‍നിന്ന് ജനങ്ങളെ അകറ്റുന്ന ഒരു സ്ഥിതിവിശേഷമാണിത്. ഇത് മുസ്‌ലിം സമുദായത്തെ അങ്ങേയറ്റം ദുര്‍ബലമാക്കു(Vulnerable) കയും അതിന്റെ പ്രതിരോധ ശേഷിയെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. മുസ്‌ലിം സമുദായത്തിന്റെ ഈ ദൗര്‍ബല്യം പ്രസ്ഥാനത്തിന്റെ കൂടി ദൗര്‍ബല്യമാണ്. അതിനാല്‍ ദീന്‍ സംസ്ഥാപന യത്‌നങ്ങള്‍ വിജയകരമാവണമെങ്കില്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അനിവാര്യമാണ്.
ഡോ. നജാത്തുല്ല സിദ്ദീഖി എഴുതുന്നു: ''മുസ്‌ലിം സമുദായത്തിന്റെ ഭാവി ആത്യന്തികമായി ഇസ്‌ലാമിക പ്രസ്ഥാനത്തെ ആശ്രയിച്ചാണെന്ന് പറയാമെങ്കിലും, ഇപ്പോഴത്തെ നിലയില്‍ ഈ സമുദായത്തിനകത്തെ പ്രബോധക സംഘത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ശക്തി സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ശക്തിയെ ആസ്പദിച്ചാണ് നിലകൊള്ളുന്നത്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക നില അനുദിനം വഷളാവുകയും ഭിന്നതയും തമ്മില്‍ത്തല്ലും കാരണം അതിന്റെ രാഷ്ട്രീയ ശക്തി ശിഥിലമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ആ സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു പ്രബോധക സംഘത്തിന്റെ സാമൂഹിക, സാമ്പത്തിക നില ശക്തിപ്പെടുക എന്നത് അസംഭവ്യമാണ്. സമുദായത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ നില മെച്ചപ്പെടുമ്പോള്‍, ഐക്യത്തോടെ ആ സമുദായം നിലകൊള്ളുമ്പോള്‍ അതിന്റെ ഗുണഫലം പൊതുരാഷ്ട്രീയത്തില്‍ ദൃശ്യമാവും; പ്രബോധക സംഘത്തിനും ശക്തിയാര്‍ജിക്കാന്‍ കഴിയുക അതുവഴിയാണ്.''4
ഇങ്ങനെ രാജ്യത്തെ മുഖ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടും ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടുമാണ് പൊതുജനസമക്ഷം നാം ഇസ്‌ലാമിന്റെ കര്‍മസാക്ഷ്യം നിര്‍വഹിക്കേണ്ടത്. പുതിയ സാഹചര്യത്തില്‍ ഈ കര്‍മങ്ങളെല്ലാം ഇഖാമത്തുദ്ദീനിന്റെ അനിവാര്യ താല്‍പ്പര്യങ്ങളാണ് (ഇതു സംബന്ധമായ കൂടുതല്‍ വിവരണം 'ബഹുസ്വരതയും ഇസ്‌ലാമിക പ്രസ്ഥാനവും' എന്ന പ്രബന്ധത്തില്‍ വന്നിട്ടുണ്ട്).
2. ഈ കാലത്തിന്റെ ആവശ്യങ്ങളുമായി ഒത്തുപോകുന്നതാവണം വികസിപ്പിച്ചുകൊണ്ടുവരുന്ന പുതിയ പ്രാസ്ഥാനിക വ്യവഹാരം; അഥവാ പ്രാസ്ഥാനികമായ നവീന ആഖ്യാനം. ദീനിന്റെ പ്രബോധനം എന്ന് പറയുമ്പോള്‍ ഇസ്‌ലാമിന്റെ സാമൂഹികതക്കൊപ്പം അതിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളും പരിചയപ്പെടുത്തണമല്ലോ. പാശ്ചാത്യ ദര്‍ശനങ്ങളെ നിരൂപണവിധേയമാക്കേണ്ടതു തന്നെ. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ ചിന്താരംഗത്ത് അവിടെയുണ്ടായ പുതിയ മാറ്റങ്ങളെയും പ്രവണതകളെയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതോടൊപ്പം ഇന്ത്യയിലെ മതവിശ്വാസങ്ങള്‍, ദര്‍ശനങ്ങള്‍, ചിന്തകള്‍ എന്നിവയും പഠനവിധേയമാക്കണം. ഈ മേഖലയില്‍ കുറച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇനിയും ധാരാളമായി നടക്കേണ്ടതായിട്ടാണിരിക്കുന്നത്. നാം ശ്രദ്ധിക്കേണ്ട പുതിയ പഠനമേഖലകള്‍ എന്തൊക്കെയെന്ന് നേരത്തേ വന്ന ഒരു പ്രബന്ധത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
3. ഉയര്‍ന്നുവരുന്ന ഒരു പ്രധാന ചോദ്യം രാഷ്ട്രീയ നയവുമായി ബന്ധപ്പെടുത്തിയാണ്. സമയം ഇവിടെ ഒരു പ്രധാന ഘടകമാണ്. മുസ്‌ലിംകളല്ലാത്തവര്‍ ബഹുഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല. അതിന് വളരെക്കാലത്തെ കഠിനാധ്വാനം ആവശ്യമായി വരും. നമ്മുടെ മുമ്പിലുള്ളത് വളരെ ദീര്‍ഘിച്ച ഒരു സംക്രമണ ഘട്ട(Transition Period)മാണ്. അതിലേക്കുള്ള കര്‍മപദ്ധതിയാണ് തയാറാക്കുന്നത്. ഈ സംക്രമണ ദശയില്‍ ചിലപ്പോള്‍ താല്‍പര്യങ്ങള്‍ പരസ്പരം ഇടഞ്ഞുപോയെന്നുവരാം; പല പല ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടിവന്നേക്കാം. ഇതൊക്കെ താണ്ടി വേണം പ്രസ്ഥാനത്തിന് ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറാന്‍.
ഈ ഘട്ടങ്ങളിലൊക്കെ എല്ലാ തരം കര്‍മപദ്ധതികളും ഇസ്‌ലാമിക പ്രസ്ഥാനത്തിന് ആവിഷ്‌കരിക്കേണ്ടതായിവരും. എല്ലാ മേഖലയിലും ആശയ പ്രചാരണം നടത്തുക മാത്രമല്ല, അതിന്റെ കര്‍മസാക്ഷ്യവും മുന്നോട്ടു വെക്കേണ്ടത് അനിവാര്യമാകും. ഇസ്‌ലാമിന്റേതായി അവശേഷിക്കുന്നതൊക്കെ സംരക്ഷിക്കുകയും, അല്ലാത്തവ ഭാഗം ഭാഗമായി (Part by Part) പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും വേണം. മുസ്‌ലിം പൗരാണിക നിയമങ്ങള്‍ 'ദാറുല്‍ അംന്' (സുരക്ഷിത ഗേഹം) എന്നൊരു ആശയം മുന്നോട്ടു വെച്ചിട്ടുണ്ടല്ലോ. ഈ ആശയത്തെ പുതിയ സെക്യുലര്‍ സമൂഹവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവണം. മുസ്‌ലിം സമൂഹം എപ്പോഴും 'ദാറുല്‍ ഹര്‍ബി' (യുദ്ധഗേഹം)നു പകരം ദാറുല്‍ അംന് (സുരക്ഷിത ഗേഹം) തെരഞ്ഞെടുക്കുന്നവരായിരിക്കും. അപ്പോള്‍ 'സുരക്ഷിത ഗേഹ'ത്തിലുള്ള പോരായ്മകള്‍ പരിഹരിക്കുകയെന്നതും അതൊരിക്കലും യുദ്ധഗേഹമായി മാറാതിരിക്കാന്‍ പണിയെടുക്കുകയെന്നതും വളരെ പ്രധാനമായിത്തീരും. ഇതു സംബന്ധമായ വിശദമായ ചര്‍ച്ച പൗരാണിക ഫിഖ്ഹ് ഗ്രന്ഥങ്ങളിലുണ്ട്. ആത്യന്തിക ലക്ഷ്യം നേടാന്‍ വളരെ കാലമെടുക്കുമെന്ന് ബോധ്യമാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സമാധാനം, സുരക്ഷ, നീതി പോലുള്ള പൊതു മൂല്യങ്ങള്‍ക്കു വേണ്ടിയാണ് നിലയുറപ്പിക്കേണ്ടത്.
ജീവിക്കുന്ന കാലവുമായി ബന്ധപ്പെടുത്താതെ ഇതൊന്നും ചിട്ടപ്പെടുത്തുക സാധ്യമല്ല. പ്രസ്ഥാന ചിന്തകര്‍ ഇക്കാര്യം ആദ്യം മുതലേ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ജമാഅത്തിന്റെ പോളിസിയും പ്രോഗ്രാമും അതിന്റെ നയവിശദീകരണങ്ങളും ശ്രദ്ധിക്കുന്ന ഏതൊരാളും പ്രസ്ഥാന രൂപവത്കരണത്തിന്റെ ഒന്നാം ദിവസം മുതല്‍ ഇക്കാര്യം പരിഗണനയിലുണ്ടായിരുന്നുവെന്ന് കണ്ടെത്താതിരിക്കില്ല. 1964-ലെ പന്ത്രണ്ടിന പോളിസി- പ്രോഗ്രാമില്‍ മൂന്ന് ഇനങ്ങള്‍ ഇതു സംബന്ധിച്ചുള്ളതാണ്. അതില്‍ 8-ാം നമ്പറില്‍ പറഞ്ഞിരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, രാജ്യനിവാസികളുടെ സുരക്ഷയും സമാധാനവും തുടങ്ങിയ കാര്യങ്ങളാണ്. 9-ാം നമ്പറില്‍ തിന്മകളുടെ വിപാടനവും നന്മകളുടെ സംസ്ഥാപനവും, 10-ാം നമ്പറില്‍ പൊതുസമൂഹവുമായി ഊഷ്മള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള മാര്‍ഗങ്ങളും ഊന്നിപ്പറഞ്ഞിരിക്കുന്നു.5 പിന്നെയുള്ള പോളിസി- പ്രോഗ്രാമുകളില്‍ ഇക്കാര്യങ്ങള്‍ വളരെ വിശദമായി രേഖപ്പെടുത്തിയത് കാണാനാകും. ഇതിന്റെ അര്‍ഥം, രൂപീകരണകാലം മുതല്‍ തന്നെ ഇസ്‌ലാമിക പ്രബോധനത്തോടൊപ്പം രാജ്യത്ത് ന്യായവും നീതിയും സുരക്ഷയും പുലര്‍ന്നുകാണാന്‍ വേണ്ടിയുള്ള അധ്വാനവും ഇഖാമത്തുദ്ദീനിന്റെ പ്രയാണ പാതയില്‍ വളരെ സുപ്രധാനമായിരുന്നു എന്നാണ്. രാജ്യത്ത് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനായി അക്കാലത്ത് കേന്ദ്ര മജ്‌ലിസ് ശൂറാ മുസ്‌ലിംകളോട് നടത്തിയ ആഹ്വാനം ശ്രദ്ധേയമാണ്. അതിലിങ്ങനെ പറയുന്നു:
'കേന്ദ്ര കൂടിയാലോചനാ സമിതി മുസ്‌ലിംകളെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. ഉത്തമ സമൂഹം എന്ന നിലക്ക് അവര്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കാകണം. സമൂഹ നന്മയും രാഷ്ട്ര പുനര്‍നിര്‍മാണവും ഉറപ്പു വരുത്തുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി അവര്‍ നിലകൊള്ളണം... മൂന്നാമതായി പറയാനുള്ളത്, ഇന്ന് നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുസ്‌ലിംകള്‍ ആവരുടെ റോള്‍ നിര്‍വഹിക്കണം. സത്യവും നീതിയും പുനഃസ്ഥാപിക്കുന്നതിനായി സാധ്യമാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുകയും വേണം.'6 സത്യവിരുദ്ധവും ഇസ്‌ലാമികവിരുദ്ധവുമായി ഭരണകൂടങ്ങള്‍ നീങ്ങുന്ന പക്ഷം അവര്‍ക്കെതിരെ തെരഞ്ഞെടുപ്പുകളില്‍ പങ്കാളിത്തമാവാം എന്ന മുസ്‌ലിം പണ്ഡിതാഭിപ്രായത്തിന്റെ പിന്‍ബലത്തിലായിരുന്നു ജമാഅത്തിന്റെ ഈ തീരുമാനം.7 ഇതിന്റെ വിശദീകരണം കേന്ദ്ര കൂടിയാലോചനാ സമിതി അംഗീകരിച്ച മറ്റു പ്രമേയങ്ങളിലും വന്നിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്: രാജ്യത്തെ നയിക്കുന്ന ദര്‍ശനങ്ങള്‍ അടിസ്ഥാനപരമായി ദൈവിക മാര്‍ഗദര്‍ശനം അനുസരിച്ചുള്ളതല്ല. അത്തരം ദര്‍ശനങ്ങളുടെ പരാജയങ്ങളും ഇവിടെ ദൃശ്യമാണ്. അതേക്കുറിച്ച് രാജ്യനിവാസികളെ ബോധവല്‍ക്കരിക്കണം; ദൈവിക മാര്‍ഗനിര്‍ദേശം പിന്‍പറ്റേണ്ടത് എന്തുകൊണ്ട് അനിവാര്യമായിത്തീരുന്നുവെന്നും. ദര്‍ശനങ്ങള്‍ പിഴച്ചുപോയെങ്കിലും ഇവിടെ നിലനില്‍ക്കുന്ന ഭരണസംവിധാനം മനുഷ്യന്റെ മൗലികാവകാശങ്ങള്‍ അംഗീകരിക്കുന്നുണ്ട്. പൊതുജനത്തിന് ഭരണപങ്കാളിത്തവും ലഭിക്കുന്നു. അപ്പോള്‍ നിലവിലുള്ള വ്യവസ്ഥയെ മാറ്റാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ, ഈ കാലയളവില്‍ നന്മയില്‍ സഹകരിക്കുക, തിന്മയില്‍ നിസ്സഹകരിക്കുക എന്ന അടിസ്ഥാനത്തില്‍ കര്‍മരേഖ തയാറാക്കുകയും ഭരണസംവിധാനത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.8
ഇസ്‌ലാമിക പ്രസ്ഥാനവും പ്രായോഗിക രാഷ്ട്രീയവും
അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കപ്പെടുന്ന ദീനിന്റെ സമ്പൂര്‍ണ സാക്ഷാല്‍ക്കാരമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും, നേരത്തേ പറഞ്ഞ പരിവര്‍ത്തന/സംക്രമണ ദശയില്‍ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ സമകാലിക രാഷ്ട്രീയ ചുറ്റുപാടിലെ താല്‍ക്കാലിക ലക്ഷ്യങ്ങള്‍ എന്തൊക്കെയാവണമെന്നതിനെക്കുറിച്ച ചില ആലോചനകളാണ് ചുവടെ:
1. ഇസ്‌ലാമികമായ പല അടിസ്ഥാനങ്ങളും മൂല്യങ്ങളും നമ്മുടെ രാജ്യത്തിന് നഷ്ടമായിട്ടുണ്ട്. അതേസമയം അത്തരം ചില മൂല്യങ്ങളും അടിസ്ഥാനങ്ങളും ഇവിടെ പ്രയോഗ തലത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. പേഴ്‌സണല്‍ ലോ ഉദാഹരണം. ഒരു വ്യക്തിക്ക് ഇസ്‌ലാമനുസരിച്ച് ജീവിക്കാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാം പഠിപ്പിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിലനില്‍ക്കുന്നു. ഇസ്‌ലാം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കൊലപാതകം, കൈയേറ്റം, അതിക്രമങ്ങള്‍, കലാപങ്ങള്‍ തുടങ്ങിയ തിന്മകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനാവും. അശ്ലീല സംസ്‌കാരത്തോടും എതിര്‍പ്പ് ശക്തമാണ്. ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതും ഇഖാമത്തുദ്ദീനിന്റെ ഭാഗമായി കാണാനാവും. ഇത്തരം മൂല്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഈ രാജ്യം മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം 'സുരക്ഷാ ഗേഹം' (ദാറുല്‍ അംന്) ആണ്. അതിനാല്‍തന്നെ ആ 'സുരക്ഷാ ഗേഹം' തകരാതിരിക്കാന്‍ മുന്നണികളും മറ്റും രൂപവത്കരിച്ച് സാധ്യമാവുന്ന രാഷ്ട്രീയ നീക്കങ്ങള്‍ നടത്തേണ്ടത് മുസ്‌ലിംകളുടെ മതപരമായ ബാധ്യതയായിത്തീരുന്നു. നിലനില്‍ക്കുന്ന ഇത്തരം നന്മയുടെ അംശങ്ങളെ സംരക്ഷിക്കുക എന്നതായിത്തീരും അപ്പോള്‍ നമ്മുടെ രാഷ്ട്രീയ ലക്ഷ്യം. നന്മയുടെ ആ തുരുത്തുകളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് പടയണി ചേരലും ഈ രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമാണ്.
2. ആശയപരമായി വഴിതെറ്റിയ സമൂഹങ്ങളില്‍ സെക്യുലര്‍ ജനാധിപത്യ സമൂഹമാണ് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മറ്റുള്ളവയേക്കാള്‍ അഭികാമ്യമായിട്ടുള്ളത്. അതുകൊണ്ടാണ് അത്തരമൊരു സമൂഹം 'ദാറുല്‍ അംന്' ആയിത്തീരുന്നതും. അത്തരമൊരു സമൂഹത്തില്‍ ഇസ്‌ലാം അനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനും ഇസ്‌ലാമിലേക്ക് കടന്നു വരാനുമൊക്കെയുള്ള സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാം പൂര്‍ണാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ കാലവിളംബം ഉണ്ടാകുന്ന സാഹചര്യത്തില്‍ എടുക്കേണ്ട രാഷ്ട്രീയ നിലപാട് ദാറുല്‍ അംനിനെ സംരക്ഷിക്കുക എന്നതായിരിക്കണം. അതിനാല്‍ ഈ സംക്രമണ ദശയില്‍ നമ്മുടെ രാഷ്ട്രീയ ലക്ഷ്യം സെക്യുലര്‍, ജനാധിപത്യ സംവിധാനത്തെ നിലനിര്‍ത്തുക എന്നതാവണം. ഏതൊക്കെ ജനാധിപത്യമൂല്യങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ടോ അതൊക്കെയും നിലനിര്‍ത്താന്‍ ശ്രമിക്കണം. അവ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പോരായ്മകള്‍ കാണുന്നുണ്ടെങ്കില്‍ അവ തിരുത്താന്‍ മുന്നോട്ടു വരണം. മാനുഷികവും ജനാധിപത്യപരവുമായ വല്ല മൂല്യങ്ങള്‍ക്കും ഭരണഘടനയിലോ നിയമസംവിധാനത്തിലോ ഇടം കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ അവക്ക് മതിയായ ഇടം വാങ്ങിക്കൊടുക്കാനുള്ള പോരാട്ടവും ഇതിന്റെ ഭാഗമാണ്.
3. ചില ഇസ്‌ലാമിക മൂല്യങ്ങളുണ്ട്. അവ ഇസ്‌ലാമിന്റെ പേരില്‍ ഈ രാജ്യത്ത് നടപ്പാക്കുക ദുഷ്‌കരമാണ്. പക്ഷേ, ഇസ്‌ലാമിന്റെ പേരിലല്ലാതെ പൊതു മൂല്യങ്ങളെന്ന നിലക്ക് പൊതുജനാഭിപ്രായം സ്വരൂപിക്കാനും അവ പ്രയോഗത്തില്‍ കൊണ്ടുവരാനും സാധ്യവുമാണ്. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തും. ഇസ്‌ലാമിന്റെ പേര് പറയാതെ തന്നെ ഒരു ക്ഷേമരാഷ്ട്രത്തിന്റെ സങ്കല്‍പം നമുക്ക് മുന്നോട്ടു വെക്കാം. മദ്യപാനവും ചൂതാട്ടവും വ്യഭിചാരവും പലിശ സമ്പ്രദായവുമൊന്നുമില്ലാത്ത ഒരു ക്ഷേരാഷ്ട്ര സങ്കല്‍പം. സാംസ്‌കാരിക സ്വയംഭരണം (Cultural Autonomy) വേണമെന്നും ആവശ്യപ്പെടാം. വ്യക്തിനിയങ്ങളുടെ പരിരക്ഷ അതുവഴി ഉറപ്പ് വരുത്താനാകും. ഇങ്ങനെ പല വിധത്തിലുള്ള മാനവിക മൂല്യങ്ങള്‍ പൊതുജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ഈ പരിവര്‍ത്തന ദശയില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിന് ലക്ഷ്യമായി സ്വീകരിക്കാവുന്നതാണ്. അവ നടപ്പിലാകുമ്പോള്‍ ഇസ്‌ലാമിക ലക്ഷ്യങ്ങളോട് സമൂഹം അടുക്കുകയാണ് ചെയ്യുന്നത്.
4. നീതിയും ന്യായവും ഇസ്‌ലാമിന്റെ കേവല മൂല്യങ്ങളല്ല, അവ ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറ തന്നെയാണ്. നീതിക്കു വേണ്ടി എഴുന്നേറ്റു നില്‍ക്കാനാണ് മുസ്‌ലിംകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. അമുസ്‌ലിമായ ഭരണാധികാരി നീതിമാനാണെങ്കില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയേ മതിയാവൂ എന്നാണ് ഇസ്‌ലാമിക നിയമജ്ഞന്മാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. പ്രവാചകന്‍ പങ്കാളിയായിരുന്ന ഫുളൂല്‍ ഉടമ്പടി മുന്‍നിര്‍ത്തി നമുക്ക് പറയാനാവുക, ദൈവികേതര വ്യവസ്ഥിതിയിലൂടെയും നീതി നടപ്പാക്കാനാവുമെന്നാണ്. അതിനാല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ നീതി സാധ്യമാവുന്ന ഇത്തരം സംവിധാനങ്ങളെ പിന്തുണച്ചാല്‍ മാത്രം പോരാ, അവയില്‍ അവര്‍ക്ക് പങ്കാളിത്തവുമാകാം. പൂര്‍ണനീതി എന്നത് ഇസ്‌ലാമിക വ്യവസ്ഥയുടെ ശരിയായ നടത്തിപ്പിലൂടെ മാത്രം സാധ്യമാവുന്ന ഒന്നാണ്. പരിവര്‍ത്തന/സംക്രമണ ദശയില്‍ അത് സാധ്യമാവില്ലല്ലോ. പൂര്‍ണതക്കു വേണ്ടിയുള്ള ഇത്തരം യത്‌നങ്ങളും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമാണ്.
5. നാമിവിടെ 3,4 നമ്പറുകളിട്ട് പറഞ്ഞ ലക്ഷ്യങ്ങള്‍ക്ക് ജീവിതസാക്ഷ്യം (അമലീ ശഹാദത്ത്) ഉണ്ടായിരിക്കണമെന്നതും പ്രധാനമാണ്. മുസ്‌ലിംകള്‍ നല്‍കുന്നവര്‍ (Contributors) അല്ലെങ്കില്‍, ആത്മാര്‍ഥതയുള്ള പ്രബോധക സംഘമായി അവര്‍ തിരിച്ചറിയപ്പെടുകയില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌ലാം പ്രചരിച്ചത് അവിടത്തെ അമുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് ഇസ്‌ലാമിക പ്രബോധകര്‍ നല്‍കിയ സംഭാവനകളുടെ (Contributions) പേരിലായിരുന്നുവെന്ന കാര്യം ഓര്‍ക്കുക. ആ സേവനങ്ങളിലൂടെയും സംഭാവനകളിലൂടെയുമാണ് അവര്‍ ഇസ്‌ലാമിനെ തിരിച്ചറിഞ്ഞത്. ദക്ഷിണേന്ത്യയിലും ജാവ ദ്വീപ സമൂഹങ്ങളിലുമൊക്കെ അറബ് കച്ചവടക്കാരുടെ ജീവിത മാതൃകകളാണ് തദ്ദേശീയരെ ആകര്‍ഷിച്ചത്. ഇത് പ്രബോധകര്‍ക്ക് വലിയൊരു പാഠമാണ്. പ്രബോധകരെന്ന റോള്‍ നമുക്ക് യഥാവിധം നിര്‍വഹിക്കണമെങ്കില്‍ നാം നല്‍കുന്നവരാകണം എന്നര്‍ഥം. അപ്പോഴേ അത് പൊതു സമ്മതി നേടുകയുള്ളൂ. ഈ രാഷ്ട്രത്തെയും അതിലെ പ്രശ്‌നങ്ങളെയും മാറ്റിനിര്‍ത്തി കര്‍മസാക്ഷ്യം എന്ന ബാധ്യത നമുക്ക് നിര്‍വഹിക്കാനേ സാധ്യമല്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ ഭീകരാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍, കര്‍മസാക്ഷ്യത്തിന്റെ പ്രാധാന്യം വളരെയേറെ വര്‍ധിച്ചിരിക്കുന്നു.
6. ഈ നാട്ടില്‍ ഇസ്‌ലാമിന്റെ വക്താക്കളായി ഉള്ളത് മുസ്‌ലിംകളാണ്. അതിനാല്‍ മുസ്‌ലിം സമൂഹത്തെ മാറ്റിനിര്‍ത്തി ഇസ്‌ലാമിന്റെ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ല. മുസ്‌ലിംകളുടെ പുരോഗതി, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കല്‍, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണല്‍ ഇവയൊക്കെയും ഇസ്‌ലാമിക താല്‍പര്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള സംരക്ഷണം ദീനീ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇസ്‌ലാമിക നിയമജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതിനാല്‍ ഇതും നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തീരണം.
(അവസാനിച്ചു)
കുറിപ്പുകള്‍
1. ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണ വിഭാഗം 1978-ല്‍ പുറത്തിറക്കിയ 'മഖാലാത്ത് വൊ മുഖ്തസര്‍ റൂദാദെ ഇജ്തിമാഅ് ഭോപ്പാല്‍', പേ: 94.
2. അതേ പുസ്തകം, പേ: 100
3. സദ്‌റുദ്ദീന്‍ ഇസ്‌ലാഹി - തഹ്‌രീകെ ഇസ്‌ലാമീ ഹിന്ദ്, മര്‍കസി മക്തബ ഇസ്‌ലാമി പബ്ലിഷേഴ്‌സ് ന്യൂദല്‍ഹി, പേ: 39-41
4. മഖാലാത് വൊ മുഖ്തസര്‍ റൂദാദെ ഇജ്തിമാഅ് ഭോപ്പാല്‍, പേ: 12
5. സിന്ദഗി മാസിക (ഹി. 1384 സ്വഫര്‍), റാംപൂര്‍, റൂദാദെ മജ്‌ലിസ് ശൂറാ പേ: 50,51
6. ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണ വിഭാഗം 2004-ല്‍ പുറത്തിറക്കിയ 'ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി പ്രമേയങ്ങള്‍' പേ: 38 (ന്യൂദല്‍ഹി)
7. ഉബൈദുല്ല ഫഹ്ദ് - തഹ്‌രീകെ ദഅ്‌വത്ത് വൊ ജിഹാദ്, ഹിന്ദുസ്ഥാന്‍ പബ്ലിഷേഴ്‌സ് ന്യൂദല്‍ഹി (1996), പേ: 174.
Comments