സുവിശേഷങ്ങള്‍
[യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 2]
സുവിശേഷങ്ങള്‍ എഴുതപ്പെടുന്നത് യേശുവിന്റെ ആദ്യ അനുയായികള്‍ വിവിധ വിഭാഗങ്ങളായി ഭിന്നിച്ചതിനു ശേഷമാണ്. സമൂഹത്തിന്റെ പ്രായോഗികാവശ്യങ്ങള്‍ നിറവേറ്റുക എന്ന വീക്ഷണത്തോടെയാവാം അവ എഴുതപ്പെട്ടിട്ടുണ്ടാവുക. ഇതൊക്കെ എഴുതിയെടുക്കാന്‍ പാരമ്പര്യ സ്രോതസ്സുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ എഴുത്തുകാര്‍ തനതായ ഉള്ളടക്കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍, വിട്ടുകളയല്‍ പോലുള്ള തിരിമറികള്‍ ഉണ്ടാവരുത് എന്ന കാര്യത്തില്‍ അത്രയൊന്നും നിഷ്‌കര്‍ഷ കാണിച്ചിരുന്നില്ല. കാരണം, അതിലെ ഉള്ളടക്കം എഴുത്തുകാരുടെ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധത്തിലുള്ളതായിരുന്നു. ഖുര്‍ആന്‍ പതിനാല് നൂറ്റാണ്ട് മുമ്പ് ചൂണ്ടിക്കാട്ടിയ ഈ സത്യം ക്രിസ്ത്യന്‍ ആധികാരിക വക്താക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.2
യേശു വിടപറഞ്ഞതിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ഈ നാല് സുവിശേഷങ്ങള്‍ മാത്രമായിരുന്നില്ല എഴുതപ്പെട്ടിരുന്നത്. യാക്കോബ് (Jacob), പത്രോസ് (Peter), തോമസ്, ഫിലിപ്പ്‌സ്, ബര്‍ണബാസ് തുടങ്ങിയ നിരവധി സുവിശേഷങ്ങള്‍ വേറെയും ഉണ്ടായിരുന്നു. എബ്രായരുടെ സുവിശേഷം (The Gospel According to the Hebrews) നാം ഉദാഹരണമായി എടുക്കുകയാണെങ്കില്‍ യേശു സംസാരിച്ച അതേ ഭാഷയില്‍, അരാമിക്കില്‍ ആണ് അത് എഴുതപ്പെട്ടത് എന്നു കാണാം. നസ്‌റേത്തുകാര്‍ (Nazarenes) ഇതിനെ അവലംബിച്ചുകൊണ്ട് ക്രിസ്തുവിന്റെ ദിവ്യത്വത്തെ നിഷേധിക്കുകയും അദ്ദേഹത്തെ മഹാനായ പ്രവാചകനായി കാണുകയും ചെയ്യുന്നു. സി.ഇ നാലാം നൂറ്റാണ്ടിലാണ് മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങള്‍ ബൈബിള്‍ മുഖ്യ പാഠ(Main Biblical Text) ത്തിന്റെ ഭാഗമാകുന്നത്. എന്നു മാത്രമല്ല, ബാക്കിയുള്ള പാഠങ്ങളൊക്കെ ദൈവനിന്ദയാണെന്ന് ചര്‍ച്ച് പ്രഖ്യാപിക്കുകയും ചെയ്തു. അവ 'ദൈവ വചന'മായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഈ നാല് സുവിശേഷങ്ങളില്‍ പോലും കൂട്ടിച്ചേര്‍ക്കലുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അതിനാല്‍ ഈ സുവിശേഷങ്ങള്‍ മുന്‍കാലങ്ങളില്‍നിന്ന് വളരെ വിഭിന്നമായ രീതിയിലാണ് പില്‍ക്കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എത്രയധികം മാറ്റത്തിരുത്തലുകള്‍ വന്നു എന്നതിന് ഇതു തന്നെ വലിയൊരു അനിഷേധ്യ തെളിവല്ലേ?
ഈ നാല് സുവിശേഷങ്ങളുടെയും അവയോടൊപ്പമുള്ള സന്ദേശങ്ങളുടെയും ആധികാരികത പരിശോധിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ പരിഗണനയില്‍ ഉണ്ടാവണം:
1. യേശുവിന് അവതരിച്ചതെന്ന് ഖുര്‍ആന്‍3 പറയുന്ന യഥാര്‍ഥ സുവിശേഷം (ഇഞ്ചീല്‍) ഇപ്പോള്‍ അവശേഷിക്കുന്നില്ല. നിലവിലുള്ള നാല് സുവിശേഷങ്ങളിലും അത് കാണാന്‍ കഴിയില്ല.
2. ദൈവത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിന് തൊട്ടുടനെ സമാഹരിച്ച യേശുവചനങ്ങളുടെ ആദ്യ പകര്‍പ്പുകള്‍ നഷ്ടമായിട്ടുണ്ട്.
3. സുവിശേഷങ്ങള്‍ എഴുതപ്പെട്ടത് സി.ഇ 70-115 വര്‍ഷങ്ങള്‍ക്കിടയിലാണ്. യേശുവിന്റെ തിരോധാനം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷം. അതിനാല്‍ തന്നെ ഉള്ളടക്കത്തില്‍ വലിയ തിരിമറികള്‍ ഉണ്ടായി.
4. സുവിശേഷങ്ങള്‍ രചിച്ചവരാരും യേശുവിനെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ അവരിലാരും ദൃക്‌സാക്ഷികളല്ല.
5. സുവിശേഷങ്ങള്‍ എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണ്; യേശു സംസാരിച്ചതാകട്ടെ അരാമിക് ഭാഷയും.
6. നിലവിലുള്ള സുവിശേഷങ്ങളും മിക്ക ലേഖനങ്ങളും (Epistles) സി.ഇ നാലാം നൂറ്റാണ്ട് വരെ തെരഞ്ഞെടുക്കപ്പെടുകയോ സത്യപ്പെടുത്തപ്പെടുകയോ ചെയ്തിരുന്നില്ല. നിക്കിയ (Nicea) കൗണ്‍സിലിലെ ന്യൂനപക്ഷ തീരുമാനപ്രകാരമാണ് സി.ഇ 325-ല്‍ അവയൊക്കെയും തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസ്തുത വര്‍ഷം വരെ സുവിശേഷങ്ങള്‍ക്ക് മതകീയമായ ആധികാരികത നല്‍കപ്പെട്ടിരുന്നില്ല. പല വിഭാഗങ്ങളിലും പെടുന്ന എഴുത്തുകാര്‍ തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസരിച്ച് അവയെ മാറ്റിയെഴുതിക്കൊണ്ടുമിരുന്നു. വേദപാഠങ്ങളില്‍ കൈകടത്തലുകള്‍ നടത്തുന്നത് ഇപ്പോഴും തുടരുന്നു.
7. പുതിയ നിയമത്തിന്റെ വലിയൊരു ഭാഗം പൗലോസിന്റെയും (Paul) ശിഷ്യരുടെയും എഴുത്തുകളാണ്. യേശുവിനെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത പൗലോസ് തുടക്കത്തില്‍ ജീസസ് സഭയുടെ മുഖ്യശത്രുക്കളിലൊരാളുമായിരുന്നു. മിശിഹായുടെ നിരവധി അനുയായികളെ പൗലോസ് കൊല്ലുകയും തുറുങ്കിലടക്കുകയും ചെയ്തിട്ടുണ്ട് (അപ്പോസ്തല പ്രവൃത്തികള്‍ 8:3, 9:1-2). പക്ഷേ മതംമാറി എന്ന് കരുതപ്പെട്ടിരുന്ന ടമൗഹ എന്ന ശൗല്‍ (നേരത്തേ പൗലോസ് ആ പേരിലാണ് അറിയപ്പെട്ടിരുന്നത്), 'ശിഷ്യന്മാരോടൊപ്പം ചേരാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ക്കെല്ലാം അയാളെ പേടിയായിരുന്നു. അയാളൊരു ശിഷ്യനായിരിക്കുന്നുവെന്ന് അവര്‍ വിശ്വസിച്ചുമില്ല. പക്ഷേ ബര്‍ണബാസ് അയാളെ കൂട്ടുകയും അപ്പോസ്തലന്മാരിലേക്ക് കൊണ്ടുവരികയുമാണ് ചെയ്തത്' (അപ്പോ. പ്രവൃത്തികള്‍ 9:26-27).
ദമസ്‌കസിലേക്ക് പോകവെ യേശു തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്നോട് സംസാരിച്ചുവെന്നും പൗലോസ് അവകാശപ്പെട്ടതിനു ശേഷമാണ് ഈ സംഭവം ഉണ്ടാകുന്നത്. സ്വയം സാക്ഷി നില്‍ക്കുക4 എന്നല്ലാതെ തന്റെ അവകാശവാദത്തിന് തെളിവൊന്നും പൗലോസ് സമര്‍പ്പിച്ചിരുന്നില്ല (അപ്പോ. പ്രവൃത്തികള്‍ 9:3-8). അത്ഭുതകരമെന്നു പറയട്ടെ, വളരെ പെട്ടെന്ന് പൗലോസ് യേശുവിന്റെ മുഖ്യവക്താവായി മാറുകയാണുണ്ടായത്. വചനം പ്രഘോഷണം ചെയ്യാന്‍ യേശു തന്നെ ചുമതലപ്പെടുത്തിയതായും പൗലോസ് വാദിച്ചു (അപ്പോ. പ്രവൃത്തികള്‍ 9:3-6). 'താനൊരു ശിഷ്യനല്ല എന്ന് വിശ്വസിക്കുന്നവര്‍'ക്ക് വിശ്വാസത്തില്‍ പിഴവ് പറ്റിയതായും അദ്ദേഹം ആരോപിച്ചു (തിമോത്തിയസിനുള്ള ഒന്നാം ലേഖനം 6:20-21). തന്നോട് നല്ല നിലയില്‍ പെരുമാറിയ ബര്‍ണബാസിനെ പൗലോസ് വിശേഷിപ്പിക്കുന്നത്, 'അവരുടെ (ജൂതരുടെ) കാപട്യത്തില്‍ അദ്ദേഹവും വഴിതെറ്റി' എന്നാണ് (ഗലാത്യര്‍ 2:13). യേശു ക്രിസ്തുവിന്റെ അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായ ആശയങ്ങള്‍ വരെ പ്രചരിപ്പിക്കാനുള്ള അവകാശം പൗലോസ് സ്വന്തത്തിന് നല്‍കുകയായിരുന്നു. യേശു നിര്‍വഹിക്കാനായി വന്ന 'നിയമ'ത്തിന് എതിരുമായിരുന്നു അത്.5 (അപ്പോ. പ്രവൃത്തികള്‍ 21:20, റോമര്‍ 7:6). അതിനാല്‍ നാം ഇങ്ങനെ കാണുന്നു: 'പൗലോസ് ജനസമൂഹത്തില്‍ ചെല്ലാന്‍ ഭാവിച്ചെങ്കിലും ശിഷ്യന്മാര്‍ അവനെ വിട്ടില്ല'6 (അപ്പോ. പ്രവൃത്തികള്‍ 19:30). പൗലോസ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ: 'ഏഷ്യയില്‍ നിന്നുള്ളവരെല്ലാം എന്നില്‍നിന്ന് പുറംതിരിഞ്ഞുനിന്നു' (തിമോത്തിയോസിനുള്ള രണ്ടാം ലേഖനം 1:15), 'ആരും എനിക്ക് തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു' (തിമോത്തിയോസ്, രണ്ടാം ലേഖനം 4:16).
8. നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ Codexes Vaticanus, Sinaiticus, Alexandrinus എന്നിവയാണ്. എല്ലാം സി.ഇ നാലും അഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലുള്ളവ. ഇതിനു മുമ്പുള്ള കാലങ്ങളില്‍ സുവിശേഷങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റത്തിരുത്തലുകള്‍ എത്രത്തോളമെന്ന് നിര്‍ണയിക്കുക പോലും ദുഷ്‌കരമാണ്. കാരണം ഈ സുവിശേഷങ്ങളുടെ ഭാഷ ഗ്രീക്കായിരുന്നു. യേശു സംസാരിച്ചതാകട്ടെ അരാമിക്കിലും.
9. സി.ഇ നാല്, അഞ്ച് നൂറ്റാണ്ടുകളിലെ കൈയെഴുത്ത് പ്രതികള്‍ തമ്മില്‍ പലയിടങ്ങളിലും ചേര്‍ച്ചക്കുറവുകള്‍ കാണാനുണ്ട്.
10. സുവിശേഷങ്ങളും ലേഖനങ്ങളും (Gospels and Epistles) മൊത്തത്തിലെടുത്താല്‍ പല പിഴവുകളും വൈരുധ്യങ്ങളും കണ്ടെത്താന്‍ കഴിയും.8 സുവിശേഷങ്ങളുടെ കര്‍ത്താക്കള്‍ യഥാര്‍ഥത്തില്‍ ആരായിരുന്നുവെന്നതിനെ സംബന്ധിച്ച് വലിയ തീര്‍ച്ചയില്ലായ്മയുണ്ട് ബൈബിള്‍ പണ്ഡിതന്മാര്‍ക്ക്.8
ഈ വസ്തുതകള്‍ ചേര്‍ത്തുവെച്ചാല്‍ ഒരു കാര്യം ബോധ്യപ്പെടും. ദൈവത്താല്‍ അവതീര്‍ണമായ യേശുവിന്റെ സുവിശേഷം അതിന്റെ തനതായ രൂപത്തില്‍ നമുക്ക് ലഭിച്ചിട്ടില്ല. അതിനാല്‍തന്നെ ഇന്നത്തെ ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുവിശേഷങ്ങളും ലേഖനങ്ങളും യേശുവിന് നല്‍കപ്പെട്ട സുവിശേഷത്തിന് തുല്യമാവുകയില്ല. അതിനുള്ള തെളിവുകളും പറയാം.
(തുടരും)
കുറിപ്പുകള്‍
1. ഈ യോഹന്നാന്‍ യേശുവിന്റെ ശിഷ്യന്മാരില്‍ പെട്ടയാളല്ല. 500 ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ തയാറാക്കിയ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ പറയുന്നു: ''യോഹന്നാന്റെ സുവിശേഷം തീര്‍ച്ചയായും സംശയരഹിതമായും കെട്ടിച്ചമച്ച ഒന്നാണ്'' (The Gospel according to John is definitely and undoubtedly a fabrication).
2. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക: 'ഖണ്ഡികകള്‍ മുഴുവനായിത്തന്നെ കൂട്ടിച്ചേര്‍ക്കുക പോലുള്ള ബോധപൂര്‍വമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.' (വാള്യം 2, പേ: 519-521).Catholic Bible എന്ന കൃതിയുടെ ആമുഖത്തില്‍ (പേ: 13) പകര്‍ത്തിയെഴുതുന്നവര്‍ വേദങ്ങളുടെ ഭാഗമല്ലാത്ത പലതും നൂറ്റാണ്ടുകളായി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും തദ്ഫലമായി നമുക്ക് ലഭിച്ച ടെക്സ്റ്റുകളില്‍ എല്ലാ പകര്‍പ്പുകളിലും എല്ലാ തരത്തിലുള്ള അപഭ്രംശം (Corruption) കാണാമെന്നും എഴുതുന്നുണ്ട്. പരിഷ്‌കരിച്ച ബൈബിള്‍ ഭാഷ്യ (Revised Standard Version - RSV) ത്തിന്റെ ആമുഖത്തില്‍ - ഇത് തയാറാക്കിയത് 50 ഉപദേശക സമിതികളുടെ പിന്‍ബലത്തോടെ 32 ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍- ഇങ്ങനെ കാണാം: 'എന്നിട്ടും കിങ് ജയിംസ് ഭാഷ്യത്തില്‍ ഗുരുതരമായ തകരാറുകളുണ്ട്. ഈ തകരാറുകള്‍ ധാരാളമുണ്ട്, അവ ഗൗരവതരവുമാണ്.'
3. അല്ലാഹു പറയുന്നു: ''നാം അദ്ദേഹത്തിന് ഇഞ്ചീല്‍ നല്‍കി. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്'' (ഖുര്‍ആന്‍ 5:46).
4. പൗലോസിന്റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ ഒരൊറ്റ ദൃക്‌സാക്ഷി പോലുമുണ്ടായിരുന്നില്ല. തനിക്ക് താന്‍ തന്നെ തെളിവും സാക്ഷിയുമാവുക എന്നത് ബൈബിള്‍ തന്നെ നിരാകരിച്ച കാര്യമാണ്. യോഹന്നാന്‍ 5:31-ല്‍ ഇങ്ങനെ വായിക്കാം: 'ഞാന്‍ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല.' എന്നു മാത്രമല്ല ഈ വിവരണത്തില്‍ നിരവധി വൈരുധ്യങ്ങളുമുണ്ട്. ഉദാഹരണത്തിന് അപ്പോ. പ്രവൃത്തികള്‍ 9:7-ല്‍ ഇങ്ങനെ കാണാം: ''അവനോട് കൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടുവെങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.'' എന്നാല്‍ അപ്പോ. പ്രവൃത്തികള്‍ 22:9-ല്‍ ഇങ്ങനെയാണുള്ളത്: ''എന്നോട് കൂടെയുള്ളവര്‍ വെളിച്ചം കണ്ടുവെങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.'' ഇതു വഴി ബലാല്‍ക്കാരത്തിലൂടെ സാധിക്കാത്തതാണ് പൗലോസ് സാധിച്ചെടുത്തത്.
5. യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍ (4:1) ഇങ്ങനെ കാണാം: ''പ്രിയമുള്ളവരേ, ഒരാത്മാവിനെയും വിശ്വസിക്കാതിരിപ്പിന്‍. ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളതോ എന്ന് പരിശോധിപ്പിന്‍. കാരണം കള്ളപ്രവാചകന്മാര്‍ പലരും ലോകത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്.'' പൗലോസ് സ്വയം തന്നെ തന്റെ പ്രഘോഷണങ്ങളില്‍ കള്ളം കടന്നുവരാറുണ്ടെന്ന് സമ്മതിക്കുന്നു: ''ദൈവത്തിന്റെ സത്യം എന്റെ കളവിനാല്‍ അവന്റെ മഹത്വത്തിനായി അധികം തെളിവാകുമെങ്കില്‍ എന്നെ പാപി എന്ന് വിധിക്കുന്നതില്‍ എന്തര്‍ഥം?'ണ' (റോമര്‍ 3:7).
6. ''ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നശിപ്പിക്കാനായിട്ടാണ് ഞാന്‍ വന്നത് എന്ന് നിരൂപിക്കരുത്. നശിപ്പിക്കുവാനല്ല, നിവര്‍ത്തിപ്പിക്കുവാനത്രെ ഞാന്‍ വന്നത്. ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു, ആകാശവും ഭൂമിയും നീങ്ങിപ്പോകും വരെ സകലതും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ ഒരു വള്ളിയോ പുള്ളിയോ നീങ്ങിപ്പോവുകയില്ല.'' (മത്തായി 5:17-18). ഒരുപാട് അനുയായികളെ തനിക്കൊപ്പം നിര്‍ത്താന്‍ പൗലോസ് ശ്രമിച്ചിരുന്നുവെങ്കിലും അതിന് സ്വീകരിച്ച രീതികള്‍ ക്രിസ്തുവിന്റെ അധ്യാപനങ്ങള്‍ക്കോ അദ്ദേഹത്തിന്റെ പ്രബോധന രീതിക്കോ ചേര്‍ന്നതായിരുന്നില്ല. തന്റെ ലക്ഷ്യം നേടാന്‍ ചതിയും വഞ്ചനയും കള്ളം പറച്ചിലും താന്‍ നടത്തിയതായി പൗലോസ് തന്നെ സമ്മതിക്കുന്നുണ്ട്. ''ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രനെങ്കിലും അധികപേരെ നേടേണ്ടതിന് ഞാന്‍ എന്നെത്തന്നെ എല്ലാവര്‍ക്കും ദാസനാക്കി. യഹൂദന്മാരെ നേടേണ്ടതിന് ഞാന്‍ യഹൂദന്മാര്‍ക്ക് യഹൂദനെപ്പോലെയായി; ന്യായപ്രമാണത്തിന് കീഴിലുള്ളവരെ നേടേണ്ടതിന്, ഞാന്‍ ന്യായപ്രമാണത്തിന് കീഴിലുള്ളവനല്ല എങ്കിലും, ന്യായപ്രമാണത്തിന് കീഴിലുള്ളവനെപ്പോലെയായി. ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന് ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്ക് ന്യായപ്രമാണമില്ലാത്തവനെപ്പോലെയായി. ബലഹീനരെ നേടേണ്ടതിന് ഞാന്‍ ബലഹീനര്‍ക്ക് ബലഹീനനായി. ഏത് വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു. സുവിശേഷത്തില്‍ ഒരു പങ്കാളിയാകുന്നതിനു വേണ്ടി ഞാന്‍ സകലതും സുവിശേഷത്തിനായി ചെയ്യുന്നു'' (കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനം 9:19-23).
7. സുവിശേഷങ്ങളുടെ ആയിരക്കണക്കിന് കൈയെഴുത്തു പ്രതികള്‍ കണ്ടെടുത്തതായി ചില ബൈബിള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ആയിരങ്ങളില്‍ രണ്ടെണ്ണം പോലും ഒരു പോലെയല്ലെങ്കില്‍ പിന്നെ അവകൊണ്ട് എന്തു കാര്യം? International Translation of the new Testament അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: 'ബൈബിള്‍ പുതിയ നിയമത്തില്‍ നമുക്ക് ലഭിച്ച ഭാഷ്യങ്ങളൊന്നും ഒരുപോലെയുള്ളതല്ല.'
8. ധാരാളം പാകപ്പിഴവുകള്‍ കണ്ടതുകൊണ്ടാണ് The Authenticity of Holy Bible എന്ന കൃതിയെഴുതിയ Robert Kehl Zeller പറഞ്ഞത്, വിശുദ്ധ ബൈബിളിനെപ്പോലെ ഇത്രയേറെ മാറ്റത്തിരുത്തലുകളും തെറ്റുകളും തിരിമറികളും കടന്നുകൂടിയ മറ്റൊരു ഗ്രന്ഥവുമില്ല എന്ന്. ഖുര്‍ആനെ സംബന്ധിച്ച് വില്യം മൂര്‍, ലോറ വഗലിയറി എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇതില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു (ഇനി വരുന്ന രണ്ട് അടിക്കുറിപ്പുകള്‍ കാണുക).
Comments