Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

രാഷ്ട്രീയ മുതലെടുപ്പിനെ തടയുന്ന സുപ്രീം കോടതി പരാമര്‍ശം

സംഘ് പരിവാര്‍ വീണ്ടും രാമക്ഷേത്ര പ്രശ്‌നം കുത്തിയിളക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോഴൊക്കെ ഈ കളി പതിവുള്ളതാണ്. അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തിക്കഴിഞ്ഞു. അടുത്ത കൊല്ലം പൊതു തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കണം. വല്ലാത്തൊരു നിസ്സഹായാവസ്ഥയിലേക്കാണ് ഭരണകക്ഷിയായ ബി.ജെ.പി എടുത്തെറിയപ്പെട്ടിരിക്കുന്നത്. അഴിമതിയും തൊഴിലില്ലായ്മയും എണ്ണ വിലവര്‍ധനവുമൊക്കെയായിരുന്നു 2014-ല്‍ ബി.ജെ.പിയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച തുറുപ്പുചീട്ടുകള്‍. ഇതേക്കുറിച്ചൊന്നും ഇപ്പോള്‍ മിണ്ടാനേ വയ്യ. പ്രധാനമന്ത്രി വരെ പ്രതിരോധത്തിലായ റാഫേല്‍ അഴിമതിക്കേസിലേക്ക് സി.ബി.ഐ മണം പിടിച്ച് ചെന്നതുകൊണ്ടാണ് അതിന്റെ തലവനെ പാതിരാ ഓപ്പറേഷനിലൂടെ ചവിട്ടിപ്പുറത്താക്കിയതെന്നാണ് മാധ്യമ വിശകലനങ്ങള്‍. അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ജനത്തെ കൈയിലെടുക്കാനുള്ള ത്രാണിയും പ്രതിപക്ഷം ആര്‍ജിച്ചുകഴിഞ്ഞു.

ഭരണനേട്ടങ്ങളായി ഒന്നും ചൂണ്ടിക്കാണിക്കാനില്ലാതിരിക്കുകയും സാമ്പത്തിക തകര്‍ച്ചയുടെ പലതരം ഭാരങ്ങള്‍ ഒന്നിച്ച് പേറേണ്ടിവരുന്ന പൊതുജനം പ്രതികരിച്ചു തുടങ്ങുകയും ചെയ്തതോടെ അയോധ്യയും രാമക്ഷേത്രവും മാത്രമേ ഇനി പിടിവള്ളിയായി ഉള്ളൂ എന്ന തിരിച്ചറിവിലേക്ക് ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും മറ്റു പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ എത്തുകയായിരുന്നുവെന്ന് ഈയിടെയായി പുറത്തുവന്ന അവരുടെ പ്രസ്താവനകള്‍ തെളിയിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നു വരെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞുകളഞ്ഞു. രാജ്യത്തെ പരമോന്നത കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നയനിലപാടുകളെന്തെന്ന് നിശ്ചയിക്കുന്ന ഒരു സംഘടനയുടെ തലവന്‍ ഇമ്മട്ടില്‍ പ്രതികരിച്ചത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന യശ്വന്ത് സിന്‍ഹ പ്രതികരിച്ചത്. ക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ചില സംഘ് പരിവാര്‍ നേതാക്കള്‍ പറയുന്നത്. ക്ഷേത്ര നിര്‍മാണം എവിടെയുമെത്താത്തതില്‍ രോഷം കൊണ്ട് കഴിയുന്ന തീവ്രവാദി ഗ്രൂപ്പുകളെ സമാധാനിപ്പിക്കാനായിരിക്കണം ഇത്തരം പ്രസ്താവനകള്‍.

സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെയാണ് സുപ്രീം കോടതിയും വിഷയത്തില്‍ പ്രതികരിച്ചത്. അയോധ്യാ പ്രശ്‌നത്തില്‍ ഇനി വാദം കേള്‍ക്കുന്നത് എപ്പോഴാണെന്ന് 2019 ജനുവരിക്കു മുമ്പ് നിശ്ചയിക്കാനാവില്ലെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഈ വിഷയത്തില്‍ ഒരു വിധി ഉണ്ടാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ഒക്‌ടോബര്‍ 29-ന് വാദം കേള്‍ക്കാനിരുന്നതാണ് മാറ്റിവെച്ചിരിക്കുന്നത്. ബാബരി കേസില്‍ വിധി തങ്ങള്‍ക്കനുകൂലമാകുമെന്നും അത് പ്രചാരണായുധമാക്കാമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു സംഘ് പരിവാര്‍. അത്തരം രാഷ്ട്രീയ കളികള്‍ക്കൊത്ത് നീങ്ങാനാവില്ലെന്നും നിയമപ്രക്രിയക്ക് അതിന്റേതായ രീതികളുണ്ടെന്നും ഓര്‍മിപ്പിക്കുന്ന ഈ നടപടി തികച്ചും സ്വാഗതാര്‍ഹമാണ്. കോടതിയില്‍ ഈ കേസ് കേവലം ഉടമസ്ഥ പ്രശ്‌നമാണെങ്കിലും, അത് കേവലമൊരു ഉടമസ്ഥ പ്രശ്‌നമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതു സംബന്ധമായ ഏതു നീക്കവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടുതന്നെയാണ് സുപ്രീം കോടതി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍