Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

ഭ്രാന്ത്

യാസീന്‍ വാണിയക്കാട്

ഉടലാകെ

ഭ്രാന്ത് പൂക്കുമ്പോഴാണ്

ഞാന്‍, നീയും

ഭയരഹിതനായ  മനുഷ്യനാവുന്നത്,

മനസ്സിലെ ക്രമം തെറ്റിയ

വിഷാദം ബാധിച്ച തിരകള്‍

ആത്മഹത്യക്ക് മുതിരുന്നത്,

താളം തെറ്റിയിട്ടും

പാളം തെറ്റാത്ത ആത്മരഥമാകുന്നത്,

 

സ്വാതന്ത്ര്യം ലഭിച്ച

രാഷ്ട്രമാകുന്നത്,

ദേശീയഗാനവും പതാകയും

ദേശീയതയും

ഉന്മാദം ബാധിക്കാത്ത അടയാളമാകുന്നത്,

വര്‍ഗവും വര്‍ണവും

നിലയില്ലാക്കയത്തില്‍

മുങ്ങിച്ചാവുന്നത്.

 

ചിരിക്കാനും ചിന്തിക്കാനും

ഉച്ചത്തില്‍ കരയാനും

അനുവാദം ലഭിച്ച ദേഹിയാണ് ഭ്രാന്തന്‍,

യാന്ത്രികതയെയും നാട്യങ്ങളെയും 

യുദ്ധക്കളത്തില്‍ ഉപേക്ഷിച്ചവന്‍.

 

ഭ്രാന്ത് ഒരു പകര്‍ച്ചവ്യാധിയാണ്,

ആദ്യം ചികിത്സ തേടിയത്

ചെമ്പരത്തിപ്പൂവെന്ന്

എഴുതപ്പെടാത്ത ചരിത്രം.

കടത്തിണ്ണകള്‍ക്കും

കവലകള്‍ക്കും ഭ്രാന്ത്

പകുത്തു നല്‍കുമ്പോഴാണ്

മണ്‍മറഞ്ഞ ഭ്രാന്തന്മാരുടെ

ഓര്‍മകളുടെ ആഴങ്ങളില്‍

നാം പുഷ്പിക്കുന്നത്.

സ്വര്‍ഗത്തിലെ കടത്തിണ്ണകളിലിരുന്ന്

അവര്‍ മുഴക്കുന്ന

അട്ടഹാസമാണ് ഇടിമുഴക്കങ്ങള്‍.

 

മതാന്ധതയെയും ജാതീയതയെയും

ചിതയിലെറിയുമ്പോള്‍ എനിക്ക്

നൂറ് ഡിഗ്രിയില്‍  കിറുക്കുണ്ടായിരുന്നെന്ന് 

കവലയിലെ നൂറ് ചുണ്ടുകള്‍,

മാനുഷികതയെ  ചിതയിലെറിഞ്ഞ

പ്രത്യയശാസ്ത്രങ്ങള്‍

ഭ്രാന്ത് വില്‍പ്പനക്ക് വെച്ചവരാണ്.

 

പൊതുബോധം വരച്ചുവെച്ച

അലിഖിത നിയമങ്ങളുടെ മുഖത്ത്

കാര്‍ക്കിച്ചു തുപ്പുമ്പോള്‍

ഞാന്‍ ഭ്രാന്തിന്റെ ഉച്ചസ്ഥായിയിലാകുന്നു.

ഭ്രാന്തില്ലെന്ന് നടിക്കുവോളം, നീ

സ്വത്വം വഴിയിലുപേക്ഷിച്ച

വെറും ഭ്രാന്തന്‍ മാത്രമാകുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍