കൂറ്റന്‍ മതിലുകളുടെ അരാഷ്ട്രീയത
കെ.പി ഇസ്മാഈലിന്റെ കുറിപ്പാണ് ('മതിലുകള്‍', ലക്കം 21) ഇതെഴുതാന്‍ പ്രേരണ. മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന സന്ദേഹങ്ങള്‍ വരമൊഴിയില്‍ വിരചിതമായത് കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ കുറിക്കണമെന്ന് തോന്നി. അയല്‍ക്കാരനില്‍ അസൂയയും വിദ്വേഷവും ജനിപ്പിക്കുംവിധം പടുത്തുയര്‍ത്തിയ പൊങ്ങച്ചത്തിന്റെ ഈ കൂറ്റന്‍ മതിലുകള്‍ സ്വത്തിന്റെ സംരക്ഷണത്തിനു പോയിട്ട് പ്രാണ രക്ഷക്കു പോലും ഉപകാരപ്പെടില്ലെന്ന് പ്രളയാനന്തര കേരളത്തെ ഇനിയും പഠിപ്പിക്കേണ്ടതുണ്ടോ? പ്രളയകാലത്ത് ഏറെ ദുരിതം നേരിട്ട ചെങ്ങന്നൂര്‍-പത്തനംതിട്ട പോലുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞത്, പല വീടുകളുടെയും ചുറ്റുമതിലുകള്‍ ബോട്ടുകള്‍ക്ക് പോലും കടന്നു ചെല്ലാനാവാത്തവിധം ഉയര്‍ന്നതും ഇടുങ്ങിയ കവാടങ്ങളോടു കൂടിയതുമായിരുന്നു എന്നാണ്.
ഇത് ഏതെങ്കിലും ഒറ്റപ്പെട്ട പ്രദേശത്തിന്റെ മാത്രം സ്ഥിതിയല്ല, സംസ്‌കാര പ്രബുദ്ധതയില്‍ ഊറ്റം കൊള്ളുന്ന മലയാളികളില്‍ കാണപ്പെടുന്ന ഒരു പൊതു പ്രവണതയാണ്. ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ മതിലുകള്‍ കാണുമ്പോള്‍ തോന്നില്ലേ, ആ മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്നത് ഹിംസ്ര ജീവികളോ കടുത്ത കുറ്റവാളികളോ മറ്റോ ആണെന്ന് (സാധാരണ മൃഗശാലകള്‍ക്കും ജയിലുകള്‍ക്കുമാണല്ലോ ഇത്ര കൂറ്റന്‍ മതിലുകള്‍ കാണാറുള്ളത്!).
കേരളം പഴയ കേരളമല്ല. ആഡംബരത്തിന്റെയും അതിസൗകര്യങ്ങളുടെയും ശീതളിമയില്‍ നാം പാരമ്പര്യങ്ങളുടെ നന്മകളെയെല്ലാം മറന്നുപോയിരിക്കുന്നു. അതുകൊണ്ടാണ് ഇല്ലായ്മയുടെയും വല്ലായ്മയുടെയും നോവും ചൂടുമറിയാന്‍ നമുക്ക് കഴിയാതെ പോകുന്നത്. പൊങ്ങച്ച സംസ്‌കാരം നമ്മുടെ പ്രാണ രക്ഷക്കുപോലും ഉപകരിക്കില്ലെന്നോര്‍ക്കുക. സിനിമാ താരമായ തന്റെ മകന് ആഡംബര കാര്‍ ഓടിക്കാന്‍ പറ്റിയതല്ല കേരളത്തിലെ റോഡുകളെന്ന് പറഞ്ഞ് കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയേക്കാളുപരി തന്റെ മകന്റെ വാഹന മാഹാത്മ്യം മാലോകര അറിയിച്ച ഒരു വീട്ടമ്മക്ക് ഷെഡില്‍ കിടക്കുന്ന കാറിനെ തൊടാന്‍ പോലും കഴിയാതെ ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിക്കൊടുത്ത ട്യൂബ് ചങ്ങാടത്തില്‍ കയറേണ്ടിവന്നു. സെലിബ്രിറ്റികളെയും ദൈവം അങ്ങനെ ചില പാഠങ്ങള്‍ പഠിപ്പിച്ചുകളയും.
തന്റെ സുഖജീവിതത്തിലേക്ക് ഇടപെടലിന്റെ കാറ്റും വെളിച്ചവും കടന്നുവരാന്‍ അനുവദിക്കാത്ത, അപരന്റെ വീടുകളിലെ അടക്കിപ്പിടിച്ച തേങ്ങലുകളും നിസ്സഹായമായ നിലവിളികളും കേള്‍ക്കാന്‍ മനസ്സില്ലാത്ത ഉള്‍വലിയലിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും അരാഷ്ട്രീയത നമുക്കിവിടെ കാണാനാകും. ഇവിടെയാണ് അയല്‍പക്കബന്ധത്തിന്റെ നല്ല പാഠങ്ങള്‍ പേര്‍ത്തും പഠിപ്പിക്കപ്പെട്ട ഒരു ഉത്തമ സമുദായത്തിന്റെ സാന്നിധ്യം പൊതു സമൂഹത്തിന് അനുഭവിക്കാന്‍ കഴിയേണ്ടത്.
പൗരത്വനിഷേധത്തിന്റെ വിദ്വേഷ രാഷ്ട്രീയം
1971 വരെ കൃഷിപ്പണിക്കും മറ്റും കടന്നുവന്നവരെ ഇന്ത്യക്കാരായി പരിഗണിക്കണം എന്ന നയം മറികടന്ന് 40 ലക്ഷത്തോളം മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കാനുള്ള ശ്രമം അസമില്‍ എന്നെന്നും താമര വിരിയിക്കാനുള്ള അടവ് മാത്രമാണ്. കാലാകാലങ്ങളായി ദേശീയകക്ഷികള്‍, വിശിഷ്യാ കോണ്‍ഗ്രസ് അടക്കുള്ളവര്‍ പയറ്റുന്ന വിദ്യ ബി.ജെ.പി വര്‍ധിതവീര്യത്തോടെ പുറത്തെടുത്തു എന്നൊരു മാറ്റമേ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളൂ.
1971-നു ശേഷം കടന്നുവന്ന ഹൈന്ദവര്‍ക്ക് പൗരത്വം നല്‍കുകയും നൂറ്റാണ്ടുകളായി അവിടെ മണ്ണിന്റെ മണമുള്ളവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്ന നയം മമതാ ബാനര്‍ജി പറഞ്ഞതുപോലെ ഇന്ത്യയുടെ സ്വസ്ഥത കെടുത്തുന്ന ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കാന്‍ കാരണമാകും.
രാഷ്ട്രീയ കഴുകന്മാര്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താനും പൗരത്വമില്ലാത്തവരെ സൃഷ്ടിച്ച് അടിമകളാക്കാനും പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനും നടത്തുന്ന കുത്സിത ശ്രമമായും ഇതിനെ കാണണം. ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഇന്ത്യാ രാജ്യം തന്നെ നിലനില്‍ക്കുമോ എന്ന് ഇത്തരക്കാര്‍ ചിന്തിക്കുന്നില്ല. 'നാല്‍പതു ലക്ഷം മനുഷ്യരുടെ ഭാവി' (മുഖവാക്ക് 3072) വിഷയത്തിന്റെ ഭയാനകത തുറന്നുകാണിച്ചു.
അബ്ദര്‍റസ്സാഖ് മുന്നിയൂര്‍
ഗുരുതുല്യനായ എന്റെ സുഹൃത്ത്
2018 ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച എന്നെ സംബന്ധിച്ചേടത്തോളം ഒരു ഇരുണ്ട ദിനമായിരുന്നു. പതിവു പോലെ പള്ളിയിലെ സ്വുബ്ഹ് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും കഴിഞ്ഞ് തിരിച്ച് റൂമിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത എന്നെ വരവേറ്റത്. റഹ്മാന്‍ മുന്നൂരിന്റെ, എന്റെ പി.ടിയുടെ മരണ വാര്‍ത്ത. വാചകങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയും ദൃഢതയുള്ളതായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ഹൃദയബന്ധം.
1975-ല്‍ ഞാന്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ ചേര്‍ന്നതു മുതല്‍ എന്റെ അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹം. ഞങ്ങളൊരുമിച്ച് വിദ്യാര്‍ഥികളായിരിക്കെ ശാന്തപുരം കാഞ്ഞിരപ്പള്ളി മദ്‌റസയില്‍ പഠിപ്പിച്ചിരുന്നു. ഏഴു വര്‍ഷത്തോളം ഞങ്ങള്‍ ശാന്തപുരത്ത് ഒരുമിച്ചു കഴിഞ്ഞിരുന്നെങ്കിലും ആ ദീര്‍ഘമായ കാലയളവില്‍ ഒരിക്കല്‍ പോലും മുഖം കറുപ്പിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തതായി ഓര്‍ക്കുന്നില്ല. ഒരു യഥാര്‍ഥ വിശ്വാസി തന്റെ പെരുമാറ്റം കൊണ്ട് എങ്ങനെ മറ്റുള്ളവരെ കീഴടക്കുമെന്നതിന്റെ നിദര്‍ശനമായിരുന്നു ആ ഇടപെടലുകളൊക്കെയും.
മദ്‌റസാ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം രചിച്ച 'കണ്ണും കരളും' എന്ന നാടകവും സംഗീത നാടകവും മറ്റു ഒട്ടനവധി ഗാനങ്ങളും രചനകളും ഇപ്പോഴും ആ വലിയ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മകളായി എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട് നടക്കുന്ന അത്തരം കലാപരിപാടികളില്‍ അദ്ദേഹം രചന നിര്‍വഹിക്കുകയും ഞാനടക്കമുള്ള സഹ അധ്യാപകര്‍ അവ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.
ശാന്തപുരത്ത് പഠിക്കുന്ന കാലയളവില്‍ തന്നെ 'നംഹര്‍ ശാന്തപുരം' എന്ന തൂലികാ നാമത്തില്‍ പ്രബോധനത്തിലും മറ്റും അദ്ദേഹം എഴുതാറുണ്ടായിരുന്നു. കുട്ടികളെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അദ്ദേഹം ശാന്തപുരത്തു നിന്ന് യാത്ര പറയുന്ന വേളയില്‍ എന്നോട് മനസ്സ് തുറക്കുകയുണ്ടായി. 'ഇനി മുതല്‍ എനിക്ക് കുട്ടികളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാവുകയില്ല.' ഇതായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. ശാന്തപുരം ഫൈനല്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ പ്രബോധനത്തിലേക്ക് കണ്ടുവെച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ഞാനും ശാന്തപുരത്തു നിന്ന് പടിയിറങ്ങി. പിന്നീട് ഞങ്ങളിരുവരും കണ്ടുമുട്ടുമ്പോഴെല്ലാം പഴയകാല സ്മരണകള്‍ അയവിറക്കാറുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ ആവശ്യങ്ങള്‍ക്കായി അബൂദബിയില്‍ വന്നപ്പോഴാണ് ഞങ്ങളിരുവരും അവസാനമായി കണ്ടത്. അന്ന് പക്ഷേ കൂടുതലായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടിയില്ല. മരണപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം എന്നെ കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് കൂടി കേട്ടപ്പോള്‍ എനിക്ക് സങ്കടം അടക്കിവെക്കാനായില്ല. അവസാനശ്വാസം വരെ ദീനിനു വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ച് കടന്നുപോയ ആ വലിയ മനഷ്യനെ, ഇസ്‌ലാമിക പ്രസ്ഥാനത്തെ സ്വന്തം തൂലികകൊണ്ട് ധന്യമാക്കിയ ആ സാത്വിക സുഹൃത്തിനെ അല്ലാഹു മര്‍ഹമത്തും മഗ്ഫിറത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
ടി. അബ്ദുല്‍ഖാദര്‍ അബൂദബി
പവിത്ര ബന്ധങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണം
വിവാഹമെന്ന പവിത്ര ബന്ധമില്ലാതെ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയാണ് മലയാള ഭാഷയില്‍ വ്യഭിചാരം എന്നു പറയുന്നത്. ഇതിന് പരസ്ത്രീഗമനം, പരപുരുഷ ഗമനം എന്നൊക്കെ പ്രയോഗങ്ങളുണ്ട്. കോടതി പറഞ്ഞ വിവാഹേതര ലൈംഗിക ബന്ധവും ഇതുതന്നെയല്ലേ? അങ്ങനെയെങ്കില്‍ വ്യഭിചാരം അനുവദനീയമാക്കി എന്നല്ലേ സാധാരണ ജനം മനസ്സിലാക്കുക? സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഭാരത സംസ്‌കാരത്തിന്റെ സംഹാരമാണിതെന്നും, ഒന്നുകൂടി വിശാലമാക്കിയാല്‍ മാനവിക സംസ്‌കാരത്തിന്റെതന്നെ ചരമഗീതമാണെന്നും നമുക്ക് പറയേണ്ടിവരും.
വിവാഹം, കുടുംബജീവിതം എന്നതൊക്കെ നമ്മള്‍ പവിത്രവും പരിപാവനവുമായി കാത്തുസൂക്ഷിച്ചുവരുന്ന മാനുഷിക ബന്ധങ്ങളാണ്. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ സാധുത ഒരു സംസ്‌കൃത സമൂഹത്തിന് സങ്കല്‍പിക്കാന്‍ പോലുമാവില്ല. ഇതിന്റെ ഇരകള്‍ ബഹുഭൂരിഭാഗവും സ്ത്രീകളുമാണ്. എന്നിട്ടുമെന്താണ് സ്ത്രീപക്ഷത്തിനു മൗനം?
പാശ്ചാത്യരുടെ ലൈംഗിക ജീര്‍ണതകള്‍ ആര്‍ഷഭാരത സമൂഹത്തിലും അടിച്ചേല്‍പിക്കാനാണ് പല രീതിയില്‍ ശ്രമങ്ങള്‍ നടക്കുന്നത്. പടിഞ്ഞാറിനോടുള്ള ആരാധനാ മനോഭാവവും അടിമത്ത മനസ്സും നമുക്ക് മുമ്പുമുണ്ടെന്ന് സ്വാതന്ത്ര്യ സമര ചരിത്രം പറഞ്ഞുതരുന്നുണ്ട്. അവരുടെ പിന്‍ഗാമികള്‍ ഇന്നുമുണ്ടിവിടെ. സ്വവര്‍ഗ വിവാഹവും സ്വവര്‍ഗരതിയും അനുവദനീയമാക്കിയതും ഇതിന് ഉദാഹരണമാണ്.
അലവി വീരമംഗലം
നിയമനിര്‍മാണങ്ങള്‍ പൊളിച്ചെഴുതണം
നൂറ്റി അമ്പത്തെട്ടു വര്‍ഷക്കാലം നിലനിന്നിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രണ്ട് നിയമങ്ങള്‍ക്കാണ് ഇപ്പോള്‍ പര്യവസാനമായിട്ടുള്ളത്. വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗരതിയും ഇനി കുറ്റകരമല്ല. ചരിത്രപരമായ പല ജീര്‍ണതകളും ഉന്മൂലനം ചെയ്യാന്‍ സമയമായി എന്നാണ് ഇന്ത്യന്‍ നീതിന്യായ വകുപ്പ് വിശദീകരിക്കുന്നത്.
വിവാഹേതര ലൈംഗിക ബന്ധത്തെ ലിബറല്‍ കാഴ്ചപ്പാടോടെ കാണുന്നവര്‍ പച്ചക്കൊടി വീശുന്ന കാഴ്ചയാണ് നാം കാണുന്നത്. സദാചാരബോധത്തിന്റെ നാനാര്‍ഥങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മതമൂല്യങ്ങളുടെ അനന്തസാധ്യതകള്‍ കൂടി കണക്കിലെടുക്കേണ്ടിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നിയമവ്യവസ്ഥിതിയാണ് ഉരുത്തിരിഞ്ഞുവരേണ്ടത്.
ആചാരി തിരുവത്ര
തിരുത്ത്
റഹ്മാന്‍ മുന്നൂരിനെ പറ്റിയുള്ള സ്മൃതിയില്‍ (ലക്കം 3074) രണ്ട് സ്ഖലിതങ്ങള്‍ വന്നുപോയത് അറിയിക്കട്ടെ. അദ്ദേഹം കുഞ്ഞിലേ അനാഥനായിരുന്നു എന്നത് ശരിയല്ല. പരാധീനനായിരുന്നെങ്കിലും പി.ടിക്ക് പിതാവ് നഷ്ടപ്പെടുന്നത് പിന്നീടാണ്. എന്റെ പിതാമഹന്‍ ഉപജീവനം തേടി ചേന്ദമംഗല്ലൂരിലേക്ക് മാറുന്നത് 1990-ലല്ല, 1900-ലാണ്.
പി.ടി കുഞ്ഞാലി
Comments