Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

ഭൂപതി അബൂബക്കര്‍ ഹാജി കര്‍മനിരതമായ ആറര പതിറ്റാണ്ട്

ശൈഖ് മുഹമ്മദ് കാരകുന്ന്

ഭൂപതി അബൂബക്കര്‍ ഹാജിയുടെ പരലോക സംബന്ധിയായ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടാണ് അദ്ദേഹവുമായി പരിചയപ്പെടുന്നത്. ചെറുപ്പ കാലത്ത് നാട്ടിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം പലതവണ പ്രസംഗിച്ചിട്ടുണ്ട്. എവിടെ പ്രസംഗം ഉണ്ടായാലും കേള്‍ക്കാന്‍  പോകും. പരലോകത്തെ സംബന്ധിച്ച ഭൂപതിയുടെ പ്രസംഗം എത്ര കേട്ടാലും മതിവരില്ല. പരലോകം അനുഭവിക്കുന്ന പ്രതീതിയാണുണ്ടാവുക. നരകത്തിന്റെ ഭീകര ഗര്‍ജനവും നരകവാസികളുടെ ദീന രോദനവും കേള്‍ക്കുന്നതായും കൊടും ശിക്ഷയുടെ കാഠിന്യം നേരില്‍ കാണുന്നതായും ശ്രോതാക്കളെ അനുഭവിപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണങ്ങള്‍. അതുകൊണ്ടുതന്നെ നാടിന്റെ നാനാഭാഗങ്ങളിലായി നടത്തിയ നൂറുകണക്കിന് പ്രസംഗങ്ങളിലൂടെ നിരവധിയാളുകളില്‍ മരണാനന്തര ജീവിതബോധമുണര്‍ത്താനും അത് ദൃഢപ്പെടുത്താനും  അദ്ദേഹത്തിന് സാധിച്ചു. പരലോകത്തെ സംബന്ധിച്ച ആദ്യ പ്രഭാഷണം നടത്തിയത് കീഴുപറമ്പിലാണ്. 

ഏറെ ശ്രദ്ധേയനായ കഥാപ്രസംഗകന്‍ കൂടിയായിരുന്നു അബൂബക്കര്‍ ഹാജി. താന്‍ തന്നെ രചിച്ച കഥാപ്രസംഗം സ്വയം പാടി പറയുമായിരുന്നു. മകള്‍ ഖദീജ വിദ്യാര്‍ഥിനിയായിരിക്കെ അവള്‍ പാടുകയും അബൂബക്കര്‍ ഹാജി കഥ പറയുകയും ചെയ്യുകയായിരുന്നു പതിവ്. മദ്‌റസാ വാര്‍ഷികങ്ങളിലും മറ്റു പൊതു പരിപാടികളിലും ഭൂപതിയുടെ കഥാപ്രസംഗമുാവും. യൂസുഫ് നബിയുടെ ചരിത്രം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ കഥാപ്രസംഗത്തിന് തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും മരണാനന്തര ജീവിതത്തെ സംബന്ധിച്ച കഥാപ്രസംഗമാണ് കേള്‍വിക്കാരെ ഏറെ ആകര്‍ഷിക്കുകയും അവിസ്മരണീയമായ അനുഭവമായി മാറുകയും ചെയ്തത്. അതിന്റെ തുടക്കമിങ്ങനെ:

'ആളുകള്‍ പലരും കയറിയിറങ്ങിയ കട്ടില്    

കഥപറയുന്നു

നാളെ നിങ്ങളും ഈ മഞ്ചത്തിലെ    

സഞ്ചാരികളായി മാറും.'

 

പ്രാസ്ഥാനിക മേഖലയില്‍

ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം രൂപീകരിക്കപ്പെട്ട് ഏറെക്കഴിയും മുമ്പേ അബൂബക്കര്‍ ഹാജി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.  അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടന്നിരുന്ന അബൂബക്കര്‍ ഹാജിയെ അതില്‍നിന്ന് രക്ഷപ്പെടുത്തിയത് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനായിരുന്ന അബുസ്സ്വലാഹ് മൗലവിയുടെ പഠന ക്ലാസുകളാണ്. അതില്‍ ആകൃഷ്ടനായി മൂഢവിശ്വാസങ്ങളോടും വികല ധാരണകളോടും  വിടപറഞ്ഞ അബൂബക്കര്‍ ഹാജി പ്രബോധനം വായനയിലൂടെയാണ് ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്തത്. പ്രബോധനത്തെ പരിചയപ്പെടുത്തിക്കൊടുത്തത് അബുസ്സ്വലാഹ് മൗലവി തന്നെയാണ്. 1946-ല്‍ തന്നെ കേരളത്തിലെ പ്രസ്ഥാന സ്ഥാപക നേതാവ് വി.പി മുഹമ്മദലി ഹാജിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറിയ ഭൂപതി കുന്ദമംഗലത്തും പരിസരങ്ങളിലും വയനാട് ജില്ലയിലും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

പ്രമുഖ കുടുംബാംഗമായിരുന്ന അദ്ദേഹത്തിന് അടുത്ത ബന്ധുക്കളില്‍നിന്ന് കാര്യമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നില്ല. പിതാവ് പോലും എതിര്‍ ചേരിയില്‍ ചേര്‍ന്നില്ല. എന്നാല്‍ പുറത്തുള്ള യാഥാസ്ഥിതിക വിഭാഗത്തില്‍നിന്ന് പലതരം ഭീഷണികള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയനായി. ഒറ്റപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. എന്നാല്‍ എല്ലാറ്റിനെയും ക്ഷമയോടെയും വിട്ടുവീഴ്ചയോടെയും നേരിട്ടു. കുടുംബം നന്നായി സഹകരിച്ച് ഒപ്പം നിന്നു. തിന്മയെ നന്മകൊണ്ട് തടയുകയെന്ന ഖുര്‍ആനിക നിര്‍ദേശം പൂര്‍ണമായും പാലിച്ചു. അതുകൊണ്ടുതന്നെ തന്റെ സഹോദരന്മാരുള്‍പ്പെടെ വലിയൊരു സംഘത്തെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാനും അടുപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

അബൂബക്കര്‍ ഹാജി ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുമ്പോള്‍ സഹോദരന്‍ മുഹമ്മദ് പള്ളി ദര്‍സില്‍ പഠിക്കുകയായിരുന്നു. പിന്നീട് ആ പള്ളി ദര്‍സില്‍ തന്നെ അധ്യാപകനുമായി. അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുന്നത് അബൂബക്കര്‍ ഹാജിയിലൂടെയാണ്. അദ്ദേഹം പിന്നീട് മുഹമ്മദ് മൗലവി എന്ന പേരില്‍ അറിയപ്പെടുകയും ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനും അംഗവുമായി മാറുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അംഗവും പ്രാദേശിക നേതാവുമായിരുന്ന മറ്റൊരു സഹോദരന്‍ ഉസ്മാന്‍ സാഹിബും പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് അബൂബക്കര്‍ ഹാജിയിലൂടെ തന്നെയാണ്. ഇമ്പിച്ചിയാലി, ആതൃമാന്‍ കുട്ടി ഹാജി, മൊയ്തീന്‍ ഹാജി എന്നീ സഹോദരന്മാര്‍ പ്രസ്ഥാന ഘടനയില്‍ ഉണ്ടായിരുന്നില്ലെങ്കിലും ജമാഅത്തിന്റെ നല്ല ഗുണകാംക്ഷികളും സഹയാത്രികരുമായിരുന്നു. മൊയ്തീന്‍ ഹാജി പ്രസ്ഥാനത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അവരെല്ലാം ജമാഅത്തുമായി ബന്ധപ്പെട്ടത് അബൂബക്കര്‍ ഹാജിയിലൂടെയാണ്. ആകെയുള്ള രണ്ട് സഹോദരിമാരും അവരുടെ മക്കളും പ്രസ്ഥാനത്തിന്റെ ഗുണകാംക്ഷികളായതും അദ്ദേഹത്തിലൂടെ തന്നെ. കുന്ദമംഗലത്ത് ശക്തമായ വനിതാ ഘടകങ്ങള്‍ വളര്‍ത്തിയെടുക്കാനും അബൂബക്കര്‍ ഹാജിക്ക് സാധിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ ഉണ്ടായ കേരളത്തിലെ രണ്ടാമത്തെ കെട്ടിടം കുന്ദമംഗലത്തെ മുക്കം റോഡിലെ ഓഫീസാണ്. 1953-ലായിരുന്നു ഇത്. അതേ വര്‍ഷംതന്നെ അവിടെ മദ്‌റസയും ആരംഭിച്ചു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് അബൂബക്കര്‍ ഹാജിയാണ്.

 

കച്ചവടക്കാരനായ നേതാവ്

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം, വയനാട് ജില്ലാ നാസിം, കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രാദേശിക അമീര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച  ഭൂപതി അബൂബക്കര്‍ ഹാജി  സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ വ്യാപാരിയുമായിരുന്നു. അറിയപ്പെടുന്ന  പ്രഭാഷകനും സംഘാടകനുമായിരുന്നു അദ്ദേഹം. 1956-ല്‍  ഹാജി സാഹിബിനോടൊന്നിച്ച് ഹജ്ജിന് പോയ ഭൂപതിക്ക് മക്കയിലും മദീനയിലും വെച്ച് സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുമായി സന്ധിക്കാന്‍ അവസരം ലഭിച്ചു. 

1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ അബൂബക്കര്‍ ഹാജി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. സഹപ്രവര്‍ത്തകരോടൊപ്പം അദ്ദേഹവും  അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ജയില്‍ജീവിതം പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആഘോഷിക്കുകയായിരുന്നു.

നെടുങ്കണ്ടത്തില്‍ കോയപ്പെരി-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1924-ല്‍, പുരാതന ശൈഖ് കുടുംബത്തിലെ അംഗമായി കുന്ദമംഗലത്താണ് ഹാജിയുടെ ജനനം. കുന്ദമംഗലം പള്ളിയുടെ മുന്നിലുള്ള ജാറം അബൂബക്കര്‍ ഹാജിയുടെ മാതൃ പിതാവിന്റേതാണ്. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തികരിച്ചതോടൊപ്പം കുന്ദമംഗലത്തെ ഓത്തുപള്ളി, കാരന്തൂര്‍ പള്ളിദര്‍സ് എന്നിവിടങ്ങളില്‍നിന്ന് മതവിദ്യാഭ്യാസവും നേടി. കുന്ദമംഗലം മാപ്പിള എല്‍.പി സ്‌കൂള്‍, ജെ.ഡി.ടി ഇസ്‌ലാം എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 

  പിന്നീട് പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന്, ജ്യേഷ്ഠ സഹോദരങ്ങള്‍ക്കൊപ്പം വ്യാപാര രംഗത്ത് സജീവമായി. കുന്ദമംഗലം, വയനാട് ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗത്തും ഭൂപതി സോപ്പ് കമ്പനി, ഭൂപതി ബീഡി, ആരതി ബ്ലു ഏജന്‍സി, സ്റ്റേഷനറി മൊത്തവ്യാപാരം തുടങ്ങിയ ബിസിനസ് സംരംഭങ്ങള്‍ക്ക്  സഹോദരങ്ങളോടൊപ്പം നേതൃത്വം നല്‍കി.

കച്ചവടക്കാരനായിരിക്കെ തന്നെ പ്രസ്ഥാന പ്രവര്‍ത്തന രംഗത്തും നേതൃതലത്തിലും സജീവ സാന്നിധ്യമായി. അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനമായ 'റേഡിയന്‍സ്'  പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കൂടിയായിരുന്നു. ബത്തേരിയിലെ ശുബ്ബാനുല്‍ മുസ്‌ലിമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം നല്‍കി. 1979 മുതല്‍ കല്‍പറ്റ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. പിണങ്ങോട്, പടിഞ്ഞാറത്തറ, കുന്ദമംഗലം  തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളി നിര്‍മാണത്തിന് നേതൃപരമായ പങ്കുവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി നടത്തിയ പല സമ്മേളനങ്ങളിലും വളന്റിയര്‍ ക്യാപ്റ്റനായും  മറ്റു പല നിലകളിലും നേതൃപരമായ പങ്കുവഹിച്ചു. സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന അബൂബക്കര്‍ ഹാജി, വിവിധ റിലീഫ് വിംഗുകള്‍ക്കും പലിശരഹിത നിധികള്‍ക്കും നേതൃത്വം നല്‍കി. പിണങ്ങോട് ഇസ്‌ലാമിയാ കോളേജ് മുന്‍ ചെയര്‍മാന്‍, കല്‍പറ്റ ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്  ചെയര്‍മാന്‍, ബത്തേരി ഐ.എം.ടി ട്രസ്റ്റ് ചെയര്‍മാന്‍, കുന്ദമംഗലം സകാത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, കുന്ദമംഗലം ഇസ്‌ലാമിക് എജുക്കേഷന്‍ ആന്റ്് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കുന്ദമംഗലം മാകുട്ടം ചാരിറ്റബ്ള്‍ ആന്റ്് എജുക്കേഷന്‍ ട്രസ്റ്റ് അംഗം, കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ കമ്മിറ്റി പ്രസിഡന്റ്  എന്നീ നിലകളിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ മഹത്തരവും  അവിസ്മരണീയവുമാണ്.

സഹോദര സമുദായങ്ങളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അബൂബക്കര്‍ ഹാജി വയനാട്ടില്‍  സൗഹൃദ സംഗമങ്ങളും മത സംവാദങ്ങളും സംഘടിപ്പിക്കുന്നതില്‍ സജീവ പങ്കുവഹിച്ചു.

കുന്ദമംഗലം സ്വതന്ത്ര കളരി സംഘം സംഘാടകരിലൊരാളായ അബൂബക്കര്‍ ഹാജി കളരി അഭ്യാസി കൂടിയായിരുന്നു. ഒരുകാലത്ത് നിരവധി വേദികളില്‍ കളരി അഭ്യാസപ്രകടനങ്ങള്‍ക്ക് നേതൃതം നല്‍കുകയുണ്ടായി. വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ്, കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

 

അനുശോചന കാവ്യം

പതിനഞ്ച് മക്കളുണ്ടായിരുന്നതില്‍ പതിനാല് പേരും ജീവിച്ചിരിപ്പുണ്ട്. സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്ന മകന്‍ ശാക്കിറിന്റെ വിദേശത്തു വെച്ചുണ്ടായ മരണം അബൂബക്കര്‍ ഹാജിയെ വല്ലാതെ വേദനിപ്പിച്ചു. തന്റെ വേദനകള്‍ അനാവരണം ചെയ്യുന്ന എട്ടൊമ്പത് പേജുള്ള അനുശോചന കാവ്യം മറ്റൊരു മകന്‍ സിബ്ഗത്തുല്ലയുടെ വശം ഇപ്പോഴുമുണ്ട്.

നാട്ടിലും വയനാട്ടിലും ഉണ്ടാകുന്ന തര്‍ക്ക പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചിരുന്ന നര്‍മബോധമുള്ള അബൂബക്കര്‍ ഹാജി വലിയ സല്‍ക്കാരപ്രിയനായിരുന്നു. മക്കളും മരുമക്കളും പേരക്കുട്ടികളുമായി നൂറ്റി എഴുപതിലേറെ അംഗങ്ങളുള്ള കുടുംബത്തിന് വിജയകരമായി നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്‌നേഹപൂര്‍ണവും സമര്‍ഥവുമായ സമീപനത്തിലൂടെയാണ് ഇത് സാധ്യമായത്.

മക്കള്‍:  ആമിന, ഫാത്വിമ, ഫസ്‌ലുര്‍റഹ്മാന്‍, ഖദീജ, സദഖത്തുല്ല, ശരീഫ, സിബ്ഗത്തുല്ല, സ്വാലിഹ്, അമീന്‍, ഷഹര്‍ബാനു, മന്‍സൂര്‍, ഹുസ്‌ന, മുഹ്സിന്‍, സലീല്‍, പരേതനായ എം.കെ ശാക്കിര്‍.

കെ. മരക്കാര്‍ ചാത്തമംഗലം,  സി.കെ അബൂബക്കര്‍ പിണങ്ങോട് (ഇരുവരും പരേതര്‍),  മുഹമ്മദ്  വെള്ളിമാടുകുന്ന്, കെ.വി ജമാലുദ്ദീന്‍ കുനിയില്‍, അശ്‌റഫ് വെള്ളിമാടുകുന്ന്, ശറഫുദ്ദീന്‍ ഇന്ത്യനൂര്‍, ജമീല, സൗദ, ബി. മഫീദ, മാജിദ, സഫീറ, ജലീസ, റജിമോള്‍, ജാസ്മിന്‍ എന്നിവര്‍ മരുമക്കളും. 

 

 

 

*************************************************************************************************

 

 

മുഹമ്മദ് അശ്ഫാഖ് ഒരു കര്‍മയോഗിയുടെ വിയോഗം

-ടി. ആരിഫലി-

 

മികച്ച സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മുഹമ്മദ് അശ്ഫാഖ് സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി - ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റും പിന്നീട് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. 1985 മുതലുള്ള മൂന്ന് പതിറ്റാണ്ടു കാലം ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്രത്തിലെ പ്രൗഢവും സൗമ്യവുമായ സജീവസാന്നിധ്യമായി അശ്ഫാഖ് സാഹിബ് ഉണ്ടായിരുന്നു.

കാണാന്‍ രസമുള്ള ഊന്നുവടിയും കൈയിലേന്തി സൗമ്യഭാവത്തില്‍ ഓഖ്‌ലയിലെ ജമാഅത്ത് കേന്ദ്രം നിലകൊള്ളുന്ന ദഅ്‌വത്ത് നഗറില്‍ പ്രഭാത സവാരി നടത്തുന്ന അശ്ഫാഖ് സാഹിബാണ് ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍. പ്രകടനപരതയോ അതിഭാവുകത്വമോ അശേഷമില്ലാത്ത വ്യക്തിത്വം, സ്‌നേഹവും വാത്സല്യവും തുളുമ്പുന്ന മൃദുഭാഷണം, ലളിതവും മാന്യവുമായ വസ്ത്രധാരണം, ഏത് പ്രതിയോഗിയെയും ആകര്‍ഷിക്കുന്ന വിശാല മനസ്‌കത, സാമൂഹികമാറ്റം കൊതിക്കുന്ന വിപ്ലവകാരിയായ സൂഫിവര്യന്‍. ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമായ ആയിരക്കണക്കായ ആളുകള്‍ അദ്ദേഹത്തെ സ്‌നേഹനിധിയായ മുറബ്ബിയായിട്ടാണ് കണ്ടിരുന്നത്. ഔറംഗാബാദിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട നിരവധിയാളുകളുമായി അദ്ദേഹത്തിനുള്ള ബന്ധത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു ഖബ്‌റടക്കം നടന്ന ദിവസം മസ്ജിദിലും വീട്ടിലും ഒരുമിച്ചുകൂടിയ വലിയ ജനാവലി. മുമ്പ് ജമാഅത്ത് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന ചിത്‌ലിഖബറിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാമിഅ നഗറിലെ അബുല്‍ ഫസല്‍ എന്‍ക്ലേവിലും വളരെ വിപുലമായ സുഹൃദ് വലയംതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ആരുമായി കണ്ടാലും ദീര്‍ഘനേരം സംസാരിക്കാനും സുഖാന്വേഷണം നടത്താനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പരിചയപ്പെടുന്ന ആരിലും മതിപ്പു വളര്‍ത്താനും വലിയ തോതില്‍ സ്വാധീനം ചെലുത്താനും അശ്ഫാഖ് സാഹിബിന് സാധിച്ചു. 

എസ്.ഐ.ഒവിന്റെ പ്രഥമ അഖിലേന്ത്യാ കൂടിയാലോചനാസമിതിയിലെ അംഗം എന്ന നിലയിലാണ് അദ്ദേഹം ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്രത്തില്‍ വന്നു തുടങ്ങുന്നത്. രണ്ടാമത്തെ പ്രവര്‍ത്തന കാലയളവില്‍ അദ്ദേഹം അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എസ്.ഐ.ഒവിന്റെ കൂടിയാലോചനാ സമിതിയംഗം എന്ന നിലയില്‍തന്നെ അശ്ഫാഖ് സാഹിബിന്റെ സംഘാടനശേഷിയും നേതൃപാടവവും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതൃത്വം തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അന്നത്തെ മുഖ്യ രക്ഷാധികാരിയായിരുന്ന മര്‍ഹും മൗലാനാ അബുല്ലൈസ് സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന എസ്.ഐ.ഒവിന്റെ പ്രതിനിധി സമ്മേളനത്തില്‍വെച്ച് അശ്ഫാഖ് സാഹിബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 

അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിനുകീഴിലാണ് പ്രഥമ അഖിലേന്ത്യാ സമ്മേളനം 1986-ല്‍ ബാംഗ്ലൂരില്‍ നടന്നത്. എസ്.ഐ.ഒവിന്റെ മാത്രമല്ല, ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തന്നെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ബാംഗ്ലൂര്‍ സമ്മേളനം. സംഘടന രൂപീകരിച്ച് അര പതിറ്റാണ്ട് പോലും പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് അത്രയും വിപുലവും വ്യവസ്ഥാപിതവുമായ ഒരു സമ്മേളനം നടത്താനായതില്‍ അശ്ഫാഖ് സാഹിബിന്റെ ഇഛാശക്തിക്കും ദീര്‍ഘവീക്ഷണത്തിനും വലിയ പങ്കുണ്ട്. പിന്നീട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെയും സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന വലിയ വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവന്നത് പ്രസ്തുത സമ്മേളനത്തിലൂടെയാണ്. മര്‍ഹും പി.സി ഹംസ സാഹിബ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായതും ബാംഗ്ലൂര്‍ സമ്മേളനമാണ്. 

എസ്.ഐ.ഒ.വില്‍നിന്ന് പിരിഞ്ഞ ശേഷം ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ മര്‍ഹും മൗലാനാ ഹാമിദലി സാഹിബിന്റെ സഹായി എന്ന നിലയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ നിയമിക്കുകയായിരുന്നു. എസ്.ഐ.ഒ.വില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം മഹാരാഷ്ട്രയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും നടത്തിപ്പിലും നേതൃപരമായ പങ്കു വഹിച്ചിരുന്നു. അതിനാല്‍ വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് തീര്‍ത്തും വഴങ്ങുന്നതായിരുന്നു. ഏതാനും മാസങ്ങളേ ഹാമിദലി സാഹിബിന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായുള്ളൂ. മൗലാനാ ഹാമിദലി സാഹിബിന്റെ വിയോഗശേഷം രണ്ടര പതിറ്റാണ്ടോളം ജമാഅത്തിന്റെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്നു അശ്ഫാഖ് സാഹിബ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബ് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ട ഒരു പര്യടന പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് നേതൃത്വം നല്‍കിയത് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെന്ന നിലയില്‍ അശ്ഫാഖ് സാഹിബ് തന്നെയായിരുന്നു. കേരളത്തില്‍നിന്നുള്ള ഒ.പി. അബ്ദുസ്സലാം മൗലവി അടക്കം പല പ്രമുഖരും സംഘത്തിലുണ്ടായിരുന്നു. സന്ദര്‍ശനശേഷം അശ്ഫാഖ് സാഹിബ് കേരള ശൂറയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രായോഗിക ബുദ്ധിയും പ്രകടമാക്കുന്നതായിരുന്നു. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധവും ഊര്‍ജവും ലഭിച്ചത് പ്രസ്തുത റിപ്പോര്‍ട്ട് മുന്നില്‍വെച്ച് കേരള ശൂറയെടുത്ത ചില തീരുമാനങ്ങളോടുകൂടിയായിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശമനുസരിച്ച് വിദ്യാഭ്യാസ രംഗത്തുള്ള അമിത ഭാരങ്ങള്‍ വെട്ടിക്കുറക്കാനും കൂടുതല്‍ വ്യക്തവും കൃത്യവുമായ ലക്ഷ്യങ്ങളോടുകൂടി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാനും ജമാഅത്ത് കേരള ഘടകത്തിന് സാധ്യമായി. 

2015-ലെ സംഘടനാ തെരഞ്ഞെടുപ്പോടുകൂടി കേന്ദ്ര നേതൃത്വം പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ വകുപ്പ് സെക്രട്ടറിയെന്ന ചുമതലയില്‍നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അശ്ഫാഖ് സാഹിബ് അഭ്യര്‍ഥിച്ചു. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു അത്.  അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ചുമതലയില്‍നിന്ന് ഒഴിവാക്കിക്കൊടുത്തുവെങ്കിലും ജീവിതത്തിന്റെ അവസാന നിമിഷംവരെ ഔറംഗാബാദിലിരുന്നുകൊണ്ടും ഇടക്കിടെ ദല്‍ഹിയില്‍ വന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസ വകുപ്പും മര്‍കസി മക്തബയും തയാറാക്കിയ മുഴുവന്‍ പാഠപുസ്തകങ്ങളും ഈ കാലയളവില്‍ അദ്ദേഹം പുനഃപരിശോധിക്കുകയും പുതിയ പാഠ്യരീതിയും പെഡഗോഗിയും മുന്നില്‍ വെച്ച് പരിഷ്‌കരിക്കുകയും ചെയ്തു. സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ വരുന്ന ഇസ്‌ലാം, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് നിരന്തരം നിരീക്ഷണം നടത്തുകയും അവ തിരുത്തിക്കാന്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം.  

1950-ല്‍ ഔറംഗാബാദിലായിരുന്നു അശ്ഫാഖ് സാഹിബിന്റെ ജനനം. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ജനിക്കുകയും ശൈശവവും ബാല്യവും ചെലവഴിക്കുകയും ചെയ്ത പ്രദേശമാണ് ഔറംഗാബാദ്. ചെറുപ്പം മുതലേ മൗദൂദി രചനകളില്‍ ആകൃഷ്ടനായ അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. കോളേജ് വിദ്യാര്‍ഥിയായിരിക്കെത്തന്നെ ഔറംഗാബാദിലെ വിദ്യാര്‍ഥി യുവജനങ്ങളെ ഒരുമിച്ചു കൂട്ടുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഖുര്‍ആന്‍-ഹദീസ് വിഷയങ്ങളിലും ക്ലാസുകള്‍ നടത്തുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഔറംഗാബാദിലെ ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. അശ്ഫാഖ് സാഹിബിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തി അദ്ദേഹത്തിന്റെ മാതാവ് തന്നെയായിരുന്നു. അധ്യാപികയായിരുന്ന അവര്‍ ഏറ്റവും നല്ല സ്വഭാവശീലങ്ങളും ഇസ്‌ലാമിക വികാരവും തന്റെ പ്രിയ പുത്രന് പകര്‍ന്നു നല്‍കി. ജീവിതത്തിന്റെ അവസാനം വരെ ഇസ്‌ലാമിക പ്രസ്ഥാനത്തിനായി ത്യാഗം ചെയ്യാന്‍ അദ്ദേഹത്തിനായത് ചെറുപ്പത്തില്‍ ലഭിച്ച മാതാവിന്റെ ശിക്ഷണം കാരണമായിരുന്നു. താന്‍ വൃദ്ധയും രോഗിയുമായിരിക്കെ, തന്നെ പരിചരിക്കുന്നതിനേക്കാള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിളിക്ക് ഉത്തരം നല്‍കി ദല്‍ഹിയില്‍ ജീവിക്കാനായിരുന്നു മാതാവിന്റെ നിര്‍ദേശം. അര്‍ബുദ രോഗം ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഭാര്യയെ തനിച്ചാക്കിയാണ് അശ്ഫാഖ് അഹ്മദ് സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. രണ്ട് പെണ്‍മക്കളുണ്ട്. 

അര നൂറ്റാണ്ട് നീണ്ട സംഭവബഹുലമായ പ്രസ്ഥാനജീവിതത്തില്‍ അദ്ദേഹം ചെയ്ത എല്ലാ സേവനങ്ങളും അല്ലാഹു സ്വാലിഹായ അമലുകളായി സ്വീകരിക്കുമാറാവട്ടെ. വീഴ്ചകളും കുറവുകളും അല്ലാഹു പൊറുത്തുകൊടുക്കുമാറാവട്ടെ. അദ്ദേഹത്തിന്റെ അഭാവം മൂലം കുടുംബത്തിലും നാട്ടിലും പ്രസ്ഥാനത്തിലും ഉണ്ടായിട്ടുള്ള വിടവ് നികത്താന്‍ അല്ലാഹു സഹായിക്കുമാറാവട്ടെ. കുടുംബാംഗങ്ങള്‍ക്ക് അല്ലാഹു ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യുമാറാവട്ടെ - ആമീന്‍.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍