Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

യുക്തിവാദികളുമായി മുഖാമുഖം

ഒ. അബ്ദുര്‍റഹ്മാന്‍

യുക്തിവാദികളുമായുള്ള ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് അറുപതുകളുടെ തുടക്കത്തില്‍ ഇസ്‌ലാഹിയാ കോളേജ് വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ്. മുക്കത്ത് 'പ്രീതി കോഴ്‌സ് ഫോറം' എന്ന പേരില്‍ മതരഹിതരുടെ ഒരു കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നു. അവര്‍ യുക്തിവാദി ബുദ്ധിജീവി യു. കലാനാഥനെ കൊണ്ടുവന്ന് പി.സി തിയേറ്ററില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. യുക്തിവാദികളെ നേരിട്ട് കേള്‍ക്കാന്‍ കിട്ടിയ ആദ്യാവസരം എന്ന നിലയില്‍ ഏതാനും കൂട്ടുകാരോടൊപ്പം ഞാനും യോഗസ്ഥലത്തെത്തി. ഏതാണ്ട് രണ്ട്-രണ്ടര മണിക്കൂര്‍ നീ പ്രഭാഷണത്തില്‍ ദൈവവും മതവും മിഥ്യയാണെന്ന് ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ച കലാനാഥന്‍ ഇസ്‌ലാമിനു നേരെ കുറേ ആരോപണങ്ങളും ചൊരിഞ്ഞു. വിഷയാവതരണത്തിനു ശേഷം ഇനി ആര്‍ക്കു വേണമെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാമെന്ന പൊതു അറിയിപ്പ് വന്നു. കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്താനുറച്ച് ഞാന്‍ സ്റ്റേജില്‍ കയറി. 20 മിനിറ്റായിരുന്നു അധ്യക്ഷന്‍ അനുവദിച്ചത്. ദൈവാസ്തിക്യത്തെക്കുറിച്ച മുരട്ട് തത്ത്വവാദത്തിലേക്കു കടന്ന് സമയം കളയാതെ ഞാന്‍ പ്രവാചകനെക്കുറിച്ചും ഖുര്‍ആനെ കുറിച്ചും യുക്തിവാദി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി മറുപടി പറഞ്ഞതോടെ സദസ്സ് ഇളകിമറിഞ്ഞു. നിലക്കാത്ത കൈയടിയും കിട്ടി (സദസ്സില്‍ ഭൂരിഭാഗവും വിശ്വാസികളാണെന്ന് അതോടെ പിടികിട്ടി). എനിക്കു ശേഷം സദസ്യരില്‍ പലരും പ്രതികരിക്കാന്‍ മുന്നോട്ടുവന്നു. ഒടുവില്‍ ബഹളമായി. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് സംഘാടകരില്‍ ഒരു പ്രമുഖന്‍ പിന്നീട് എന്നോടു പറഞ്ഞു. എല്ലാം ശ്രദ്ധിച്ചുകൊണ്ട് സ്‌പോര്‍ട്‌സ്, മാധ്യമ, സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയനായ ബി.പി മൊയ്തീനുമുണ്ടായിരുന്നു ഹാളിനു പുറത്ത്. താങ്കള്‍ എന്തുകൊണ്ട് സംവാദത്തില്‍ പങ്കെടുത്തില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മറുപടി: ''വിശ്വാസികളെ വിളിച്ചുകൂട്ടി ദൈവത്തെയും മതത്തെയുമൊക്കെ ആക്രമിക്കുന്നത് തനി മണ്ടത്തമാണ്. വിശ്വാസികള്‍ അവരുടെ വിശ്വാസവുമായി നടക്കട്ടെ. അവിശ്വാസികള്‍ അവര്‍ക്ക് തോന്നിയപോലെയും. ഒരു പ്രയോജനവുമില്ലാത്ത പരിപാടിയാണിത്.'' മൊയ്തീന്റെ ജീവിതം മരണം വരെയും അങ്ങനെത്തന്നെയായിരുന്നു. റാഷ്‌നലിസത്തിന്റെയോ സെക്യുലരിസത്തിന്റെയോ പേരില്‍ നടക്കുന്ന വിതണ്ഡവാദങ്ങള്‍ക്കൊന്നും മൊയ്തീന്‍ ചെവി കൊടുത്തില്ല. എന്നാല്‍, മതരഹിതനായാണ് ജീവിച്ചതും. മതത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു എന്നു മാത്രം.

1964-ല്‍ വിദ്യാര്‍ഥി ജീവിതം അവസാനിച്ച് ഞാന്‍ പ്രബോധനത്തില്‍ ചേര്‍ന്നതിനു ശേഷമാണ് യുക്തിവാദികളുമായി സംവദിക്കാനും അവര്‍ക്ക് മറുപടി നല്‍കിക്കൊണ്ട് എഴുതാനും പ്രസംഗിക്കാനുമൊക്കെ ഇടവരുന്നത്. പയ്യോളിയില്‍ യുക്തിവാദി സംഘം സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പവനന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഫറോക്കില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയില്‍ അന്ന് യുക്തിവാദി ബുദ്ധിജീവികളില്‍ ഒരാളായ ഡോ. ഇ.വി ഉസ്മാന്‍ കോയ മുഖ്യാതിഥിയായിരുന്നു. സൗമ്യമായി സംസാരിച്ച ഡോക്ടര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് കാരകുന്നും ഞാനും വിശദമായി മറുപടി നല്‍കി. മാറിച്ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ സംവാദമായിരുന്നു എന്ന്  അദ്ദേഹം തന്നെ പിന്നീട് അനുസ്മരിക്കുകയുണ്ടായി. 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന പേരില്‍ യുക്തിവാദി സംഘത്തിന്റെ ദേശീയ നേതാവ് ജോസഫ് ഇടമറുക് എഴുതിയ ഗ്രന്ഥത്തില്‍ ഖുര്‍ആനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഉന്നയിച്ച വിമര്‍ശനങ്ങളും ആരോപണങ്ങളും വലിയ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ അതിന് വസ്തുനിഷ്ഠമായ ഒരു മറുപടി എഴുതാന്‍ ജമാഅത്തെ ഇസ്‌ലാമി എന്നോടാവശ്യപ്പെട്ടു. അന്ന് ഞാന്‍ ഇസ്‌ലാഹിയ കോളേജ് പ്രിന്‍സിപ്പലായിരുന്നു. പ്രമാണങ്ങള്‍ നന്നായി റഫര്‍ ചെയ്തുകൊണ്ടുവേണം മറുപടി തയാറാക്കാന്‍ എന്നതുകൊണ്ട് അതില്‍നിന്നൊഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെങ്കിലും നേതൃത്വം വിട്ടില്ല. ഒടുവില്‍ മറുപടി തയാറാക്കാനിരുന്നു. അപ്പോഴേക്ക് ധാരാളം മറുപടികള്‍ പലരുടെയും വക പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ, അവയില്‍നിന്ന് ഭിന്നമായ ശൈലിയും ഉള്ളടക്കവുമാണ് ഞാന്‍ സ്വീകരിച്ചത്. ഇടമറുകിന് മറുപടി എന്നതിനേക്കാള്‍ ഇസ്‌ലാം, ഖുര്‍ആന്‍, പ്രവാചകചര്യ എന്നിവയുടെ നേരെ പൊതുവെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പ്രമാണങ്ങളുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യാനും അതില്‍തന്നെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരമാവധി ഒഴിവാക്കി മതപണ്ഡിതന്മാര്‍ പൊതുവെ അംഗീകരിക്കുന്ന നിലപാടുകളില്‍ ഊന്നിക്കൊണ്ടായിരിക്കാനും നിഷ്‌കര്‍ഷിച്ചു. എന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ ഭാഗത്തുനിന്നല്ല, സാമാന്യമായി ഇസ്‌ലാമിന്റെ തന്നെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു ലക്ഷ്യം.

'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്നാണ് ഇടമറുക് തന്റെ കൃതിക്ക് പേരിട്ടതെങ്കിലും നല്ലൊരു ഭാഗം ഹദീസുകളുടെ (നബിചര്യ) നേരെയുള്ള ആക്രമണമാണ്. ഇസ്‌ലാമിന്റെ ശത്രുക്കളും വിമര്‍ശകരും സാമാന്യമായി സ്വീകരിക്കുന്ന തന്ത്രം തന്നെയാണിത്. ബുദ്ധിപരമായി അംഗീകരിക്കാനാവാത്ത പലതും ഹദീസുകളെന്ന വ്യാജേന ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നതാണ് കാരണം. നിവേദകപരമ്പര കുറ്റമറ്റതായിരിക്കെത്തന്നെ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളോട് നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന ചിലതും ഹദീസുകളില്‍ സ്ഥലം പിടിച്ചിട്ടുണ്ടെന്നതും മുതിര്‍ന്ന പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതിനാല്‍  ആദ്യമായി ചെയ്തത് ആധികാരികമായ സ്വഹീഹുല്‍ ബുഖാരിയില്‍തന്നെ വിമര്‍ശിക്കപ്പെട്ട ഹദീസുകള്‍ പരിശോധിക്കുകയാണ്. അത്തരത്തില്‍ പെട്ട 110 ഹദീസുകള്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയുടെ മുഖവുരയില്‍ ഇബ്‌നു ഹജറുല്‍ അസ്ഖലാനി അപഗ്രഥിച്ചത് മുഴുവന്‍ വായിച്ചു നോക്കി. ഇടമറുക് വിമര്‍ശിച്ച ഒരൊറ്റ ഹദീസ് പോലും അതിലില്ലായിരുന്നു. എന്റെ വിലപ്പെട്ട സമയം കളഞ്ഞത് മിച്ചം. ഒഴിവുസമയങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി മൂന്ന് മാസത്തിനകം ഞാന്‍ പണിപൂര്‍ത്തിയാക്കി. കൈയെഴുത്ത് പ്രതി പരിശോധിക്കാന്‍ വി.എ കബീര്‍ സാഹിബിനെയാണ് ചുമതലപ്പെടുത്തിയത് എന്നാണോര്‍മ.

1984-ല്‍ 'യുക്തിവാദികളും ഇസ്‌ലാമും' എന്ന പേരില്‍ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട് പുറത്തിറക്കി. 3000 കോപ്പി മാസങ്ങള്‍ക്കകം വിറ്റുതീര്‍ന്നു. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കകം നാല് പതിപ്പുകള്‍ വേണ്ടിവന്നു. ഇതെഴുതുമ്പോള്‍ മുന്നിലുള്ളത് ഏഴാം പതിപ്പാണ്. യുക്തിവാദികളും ഇസ്‌ലാമിനെക്കുറിച്ച സംശയങ്ങള്‍ മനസ്സിനെ അലട്ടുന്നവരും ഇസ്‌ലാമിനെ യഥാര്‍ഥ സ്രോതസ്സുകളില്‍നിന്ന് പഠിക്കാന്‍ അവസരം ലഭിക്കാത്തവരുമായ ഒട്ടനവധി പേര്‍ പുസ്തകം വായിച്ച ശേഷം കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് നേരിട്ടെഴുതി. കവി പി.ടി അബ്ദുര്‍റഹ്മാന്‍ (വടകര) ദല്‍ഹിയില്‍ ഇടമറുകിനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം പിന്നീട് എന്നോട് പറഞ്ഞു. അഞ്ചാറ് വിമര്‍ശന ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും 'യുക്തിവാദികളും ഇസ്‌ലാമും' മാത്രമാണ് മറുപടിയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു ഇടമറുക് അഭിപ്രായപ്പെട്ടത്. 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന കൃതിയുടെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹമത് രേഖപ്പെടുത്തിയിട്ടുമുണ്ട്. 25 പേജ് വരുന്ന ഒരു മറുപടിയും മുഖവുരയില്‍ എഴുതിയിരിക്കുന്നു. പച്ചയായ അബദ്ധങ്ങള്‍ പോലും തിരുത്താന്‍ അദ്ദേഹം സന്നദ്ധനല്ലെന്ന് ബോധ്യപ്പെടുത്താന്‍ മാത്രം ഉതകുന്ന രചന. ഉദാഹരണത്തിന് പ്രവാചകന് മാരിയത്തുല്‍, ഖിബ്ത്തിയ്യ എന്നീ രണ്ട് അടിമ സ്ത്രീകളുണ്ടായിരുന്നു എന്ന ഒന്നാം പതിപ്പിലെ പരിഹാസ്യമായ തെറ്റ്. അത് രണ്ടാളല്ല ഒരാളാണ്, ഖിബ്ത്വി വംശജയായ മാരിയ എന്നര്‍ഥം വരുന്ന മാരിയത്തുല്‍ ഖിബ്ത്വിയ്യയെ രണ്ടായി കണ്ട വിഡ്ഢിത്തം ഞാന്‍ ചൂണ്ടിക്കാട്ടി. അത് വെറും അച്ചടിത്തെറ്റാണെന്ന് രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ ഇടമറുക് ന്യായീകരിച്ചുവെങ്കിലും ആദ്യ പതിപ്പിലെ തെറ്റ് അപ്പടി നിലനിര്‍ത്തി. ഒന്നാം പതിപ്പിന്റെ പേജുകള്‍ തിരുത്താന്‍ പോയാല്‍ വീണ്ടും പുസ്തകം കമ്പോസ് ചെയ്യുമ്പോള്‍ വേണ്ടിവരുന്ന ചെലവ് ആയിരുന്നു യുക്തിവാദം വിറ്റു കാശാക്കിയ ഇടമറുകിന്റെ പ്രശ്‌നം. യുക്തിവാദികള്‍ തൊടുത്തുവിട്ട ആരോപണങ്ങളില്‍ മിക്കതിനും പ്രബോധനം ചോദ്യോത്തര പംക്തിയിലൂടെ മറുപടി നല്‍കിയിട്ടു് (ദൈവം, മതം, ശരീഅത്ത് എന്ന വാള്യം ഉദാഹരണം) 

(എഴുതിവരുന്ന ആത്മകഥയില്‍നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍