ഇസ്‌ലാമിസം, നൈതികത, രാഷ്ട്രീയം പുതിയ വായനകള്‍
കൊളോണിയാലിറ്റി രൂപകല്‍പന ചെയ്ത ജ്ഞാനവ്യവഹാരങ്ങളോട് നിരന്തരമായി കലഹിക്കുന്നു എന്നതാണ് വാള്‍ട്ടര്‍ മിഗ്നാലോ എന്ന ലാറ്റിനമേരിക്കന്‍ ബുദ്ധിജീവിയുടെ എഴുത്തിനെ സാഹസികമാക്കുന്നത്. കൊളോണിയാലിറ്റി എന്നത് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും നിലനില്‍ക്കുന്ന ഒരു അധികാര വ്യവസ്ഥിതിയായാണ് നിര്‍വചിക്കപ്പെടുന്നത്. ജ്ഞാനശാസ്ത്രപരമായ കോളനീകരണത്തെ (Epistemological Colonization) സൂക്ഷ്മമായി പരിശോധിക്കുന്ന വിമര്‍ശനപഠനങ്ങള്‍ ഇപ്പോള്‍ ധാരാളമായി വികസിക്കുന്നുണ്ട് എന്നാണ് മിഗ്നാലോ പറയുന്നതThe Darker Side of Western Modernity എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം അത്തരത്തിലുള്ള ഒരു രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി എഴുതപ്പെട്ട നല്ലൊരു അക്കാദമിക പഠനമാണ്. അപകോളനീകരണ ചിന്ത (Decoloniality) എന്ന സവിശേഷമായ വിമര്‍ശനപഠനത്തെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത അപകോളനീകരണ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി എഴുതുന്ന സമകാലിക ഇസ്‌ലാമിക ചിന്താധാരകളെ (സല്‍മാന്‍ സയ്യിദ്, വാഇല്‍ ഹല്ലാഖ്, നഖീബുല്‍ അത്താസ് തുടങ്ങിയവര്‍) ഒരു പുതിയ രാഷ്ട്രീയ സാധ്യതയായി അഭിവാദ്യം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്.
മിഗ്നാലോയൊക്കെ പറയുന്ന രീതിയില്‍ ജ്ഞാനശാസ്ത്രപരമായ അധികാരങ്ങളെക്കുറിച്ച് വളരെ സൂക്ഷ്മമായി അന്വേഷിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളവരാണ് സല്‍മാന്‍ സയ്യിദും വാഇല്‍ ഹല്ലാഖും. സല്‍മാന്‍ സയ്യിദിന്റെ പുസ്തകത്തിലേക്ക് (Recalling The Caliphate: Decolonisation And World Order) കടക്കുന്നതിനു മുമ്പ് മിഗ്നാലോയെക്കുറിച്ച് കുറച്ചുകൂടി പറയണമെന്ന് തോന്നുന്നു.
ജ്ഞാനശാസ്ത്രപരമായ കോളനീകരണത്തെക്കുറിച്ചാണ് മിഗ്നാലോ കൂടുതലായും എഴുതുന്നത്. സ്വന്തമായ പാരമ്പര്യങ്ങളില്‍നിന്നു കൊണ്ട് ജ്ഞാനരൂപീകരണം നടത്തുക എന്ന നിര്‍ദേശമാണ് കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തുന്ന അധീശമായ ജ്ഞാനവ്യവഹാരങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടു വെക്കുന്നത്. യൂറോ-അമേരിക്കന്‍ വൈജ്ഞാനിക ഉല്‍പ്പന്നങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങുക എന്നതാണ് പോസ്റ്റ് കൊളോണിയല്‍ ദേശരാഷ്ട്രങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും ജ്ഞാനരൂപീകരണം നടത്താനുമുള്ള അവരുടെ ഭയമാണ് പ്രധാനമായും അവിടങ്ങളിലെ രാഷ്ട്രീയപ്രശ്‌നങ്ങളുടെ കാരണം എന്നാണ് മിഗ്നാലോ പറയുന്നത്.
വിജ്ഞാനവും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് മിഗ്നാലോ ഉള്‍പ്പെടെയുള്ള അപകോളനീകരണ ചിന്തകര്‍ (പ്രധാനമായും ആനിബല്‍ കുയാനോ, എന്റിക് ദുസ്സല്‍ തുടങ്ങിയവര്‍) എഴുതുന്നത്. സമാനമായ നിരീക്ഷണങ്ങളാണ് അപകോളനീകരണ ചിന്താധാരയില്‍ ഉള്‍പ്പെടുന്ന സല്‍മാന്‍ സയ്യിദ്, വാഇല്‍ ഹല്ലാഖ് തുടങ്ങിയ ഇസ്‌ലാമിക ചിന്തകര്‍ പങ്കുവെക്കുന്നത്. 2003-ല്‍ പുറത്തിറങ്ങിയ വാഇല്‍ ഹല്ലാഖിന്റെ The Impossible State: Islam, politics, and moderntiy's moral predicament എന്ന പുസ്തകം ആ അര്‍ഥത്തില്‍ നല്ലൊരു അക്കാദമിക സംഭാവനയാണ്. സാമൂഹികജ്ഞാനത്തിന്റെ ഉത്ഭവത്തെയും അതിന്റെ അധികാരങ്ങളെയും ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് അവര്‍ പങ്കുവെക്കുന്നത്. കൊളോണിയല്‍ ചട്ടക്കൂടിനകത്തുനിന്ന് സമകാലിക വിജ്ഞാനത്തെ നീക്കം ചെയ്യുകയും കൊളോണിയല്‍ ആധുനികതക്ക് പുറത്തുള്ള സമൂഹങ്ങള്‍ക്കിടയില്‍ ജ്ഞാനത്തിന്റെ പുതിയ സാധ്യതകളെക്കുറിച്ച സംവാദം വികസിപ്പിക്കുകയും ചെയ്യുക എന്നാണ് അവരാവശ്യപ്പെടുന്നത്.
കൊളോണിയല്‍ അധികാരം നിര്‍മിച്ച ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യാപനത്തെയാണ് മിഗ്നാലോ കൊളോണിയാലിറ്റി അഥവാ കോളനീകരണ പ്രക്രിയ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ നാമറിയാതെ തന്നെ ചൂഴ്ന്നു നില്‍ക്കുന്ന അധികാര സ്ഥാപനമാണത്. രാഷ്ട്രത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ രൂപത്തില്‍ അത് സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഈ അധികാരത്തെ ജ്ഞാനശാസ്ത്രപരമായിത്തന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയാലോചനയാണ് അപകോളനീകരണ ചിന്ത. പോസ്റ്റ് കൊളോണിയല്‍ ദേശരാഷ്ട്രങ്ങളുടെ രൂപീകരണങ്ങള്‍ക്കു ശേഷവും നിലനില്‍ക്കുന്ന കൊളോണിയല്‍ അധികാരത്തൈക്കുറിച്ചാണ് അപകോളനീകരണ ചിന്ത എന്ന രാഷ്ട്രീയ ഭാവനയിലൂടെ മിഗ്നാലോ ഉള്‍ക്കൊള്ളുന്ന അപകോളനീകരണ ചിന്തകര്‍ സംസാരിക്കുന്നത്.
‘Recalling The Caliphate: Decolonisation and World Order' എന്ന തന്റെ പുതിയ പുസ്തകത്തില്‍ സല്‍മാന്‍ സയ്യിദ് അന്വേഷിക്കുന്നത് ഇസ്‌ലാമിക ഖിലാഫത്ത് എന്ന ആശയത്തെ എങ്ങനെ അപകോളനീകരണ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി വായിക്കാം എന്നാണ്. A Fundamental Fear: Eurocentrism and the Emergence of Islamism എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകത്തിന്റെ ഒരു തുടര്‍ച്ചയാണിത് എന്ന് വേണമെങ്കില്‍ പറയാം. പോസ്റ്റ് കൊളോണിയല്‍ ദേശരാഷ്ട്രങ്ങളെ മുന്നോട്ടു നയിക്കുന്ന, തീര്‍ത്തും പരമ്പരാഗതമായ, അധീശമായ ഒരു സാമൂഹികശ്രേണിയിലൂടെ സാധ്യമാകുന്ന വയലന്‍സിലൂടെ മാത്രം താങ്ങിനിര്‍ത്തപ്പെടുന്ന സെക്യുലര്‍-ലിബറല്‍ ഭാവനകളോടുള്ള ശക്തമായ കലഹമാണ് ഖിലാഫത്തിനെക്കുറിച്ച ആലോചനകള്‍ സാധ്യമാക്കേണ്ടത് എന്നാണ് സല്‍മാന്‍ സയ്യിദ് പറയുന്നത്. ആ അര്‍ഥത്തില്‍ ഒരു രാഷ്ട്രീയ രൂപകം എന്ന നിലക്കാണ് അദ്ദേഹം ഖിലാഫത്തിനെക്കുറിച്ച് സംസാരിക്കുന്നത്.
ഇസ്‌ലാമിക നൈതിക രാഷ്ട്രീയത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ധീരമായ ഒരു രാഷ്ട്രീയാലോചനയാണിത്. ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയപരവുമായ മുഴുവന്‍ ഇടങ്ങളും മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്ന അങ്ങേയറ്റം വരേണ്യമായ ഒരു ലോകസാഹചര്യത്തില്‍നിന്നുകൊണ്ട് ഖിലാഫത്തിനെ ഓര്‍ക്കുക എന്നത് തന്നെ ധീരമായ ഒരു രാഷ്ട്രീയ ഇടപാടാണ് എന്നാണ് സയ്യിദ് പറയുന്നത്.
മിഗ്നാലോയെപ്പോലെത്തന്നെ ജ്ഞാനശാസ്ത്രത്തെക്കുറിച്ചു തെന്നയാണ് സയ്യിദും സംസാരിക്കുന്നത്. അധികാര ഇടങ്ങള്‍ക്ക് പുറത്തുനിന്ന് ജ്ഞാനരൂപീകരണം നടത്താന്‍ മുസ്‌ലിം സമൂഹം തയാറാവണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അപ്പോള്‍ മാത്രമേ കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ജ്ഞാനശാസ്ത്രപരമായ അധീശത്വത്തെ വെല്ലുവിളിക്കാന്‍ നമുക്കാവൂ എന്നാണദ്ദേഹം പറയുന്നത്. കൊളോണിയാലിറ്റിയും ആധുനികതയും ചേര്‍ന്ന് സാധ്യമാക്കുന്ന അധീശമായ സെക്യുലര്‍-ലിബറല്‍ ലോകക്രമത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അത്തരത്തിലുള്ള ഒരു ജ്ഞാനരൂപീകരണം സാധ്യമാകൂ.
പതിനൊന്ന് ചാപ്റ്ററുകളിലായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഇതിലെ മിക്ക ഭാഗങ്ങളും മുമ്പ് വിവിധ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ആ പഠനങ്ങളെ കുറച്ചു കൂടി വികസിപ്പിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.
നൈതിക രാഷ്ട്രീയത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള മുസ്‌ലിം രാഷ്ട്രീയാന്വേഷണങ്ങളെ എങ്ങനെയാണ് കൊളോണിയല്‍ അധികാര സ്ഥാപനങ്ങള്‍ അസന്നി
ഹിതമാക്കുന്നത് എന്നതിനെക്കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യപകുതിയില്‍ സല്‍മാന്‍ സയ്യിദ് എഴുതുന്നത്. കൊളോണിയല്‍ ആധുനികതയുടെ സംഭാവനകളായ ജനാധിപത്യം, ഉദാരവാദം, മതേതരത്വം, ആപേക്ഷികതാവാദം തുടങ്ങിയ രാഷ്ട്രീയ സംവര്‍ഗങ്ങള്‍ എങ്ങനെയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ സാധ്യതകളെ തടഞ്ഞുനിര്‍ത്തുന്നത് എന്നദ്ദേഹം ഉദാഹരണസഹിതം വിശദീകരിക്കുന്നു. ഇസ്‌ലാമിക നൈതികതയെക്കുറിച്ച അന്വേഷണങ്ങളെ ജ്ഞാനശാസ്ത്രപരമായ വയലന്‍സിലൂടെയാണ് കൊളോണിയാലിറ്റിയുടെ ഈ സംവര്‍ഗങ്ങള്‍ നേരിടുന്നത്. ഭീകരതക്കെതിരെയായ യുദ്ധം ( War on Terror), മ്ലേഛമായ യുദ്ധം (Dirty War) തുടങ്ങിയ പ്രയോഗങ്ങളാണ് മുസ്‌ലിം നൈതിക രാഷ്ട്രീയത്തെ നിഷേധിച്ചുകൊണ്ട് അവ രൂപം നല്‍കിയത്. ഡ്രോണ്‍ ആക്രമണങ്ങളും ഗ്വോണ്ടനാമോ-അബൂഗുറൈബ് തടവറകളുമെല്ലാം അതിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളാണ്. അപകോളനീകരണ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി നിന്നു കൊണ്ടുള്ള ഇസ്‌ലാമിക രാഷ്ട്രീയാന്വേഷണങ്ങളെ നേരിട്ട് തെന്നയുള്ള വയലന്‍സിലൂടെത്തെന്നയാണ് കൊളോണിയല്‍ അധികാരികള്‍ ഇപ്പോഴും നേരിടുന്നത് എന്നാണ് സയ്യിദ് പറയുന്നത്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച വിഷയങ്ങളില്‍ ഇപ്പോള്‍ നാം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകള്‍ക്കുള്ള ബദല്‍ചിന്തകളാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ സല്‍മാന്‍ സയ്യിദ് അവതരിപ്പിക്കുന്നത്. മുസ്‌ലിം ഉമ്മത്തിനെ അപകോളനീകരണത്തിന് വിധേയമാക്കുന്നതിനുള്ള വ്യത്യസ്തമായ പരീക്ഷണങ്ങളുടെ രൂപരേഖകളാണ് അദ്ദേഹം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. എന്നാല്‍ ഇത്തരം ആലോചനകളെയെല്ലാം ഒരു രാഷ്ട്രീയ സാധ്യത എന്ന രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
Comments