Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

വിളിക്കുറി അനുവദനീയമാണോ?

ഇല്‍യാസ് മൗലവി

നമ്മുടെ പല ആളുകളും വിളിക്കുറി എന്നു പറഞ്ഞ് ഒരു കുറി നടത്തുന്നുണ്ട്. എല്ലാവരും തുല്യമായ സംഖ്യയാണ് കുറിയില്‍ നിക്ഷേപിക്കുക. എന്നാല്‍ ആര്‍ക്കു വേണമെങ്കിലും നേരത്തേ 'കുറിച്ചെടുക്കാന്‍' അവസരമുണ്ടായിരിക്കും. പക്ഷേ ഇങ്ങനെ വിളിച്ചെടുക്കുന്ന ആളുകള്‍ക്ക് മൊത്തം തുകയില്‍നിന്ന് ഒരു സംഖ്യ കുറച്ചുകൊണ്ട് വിളിച്ചെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഏറ്റവും കൂടുതല്‍ സംഖ്യ കുറച്ചു വിളിക്കുന്നവര്‍ക്ക് ഏറ്റവുമാദ്യം പരിഗണന ലഭിക്കുന്നു. എന്നാല്‍ അത്യാവശ്യം ഇല്ലാത്തവര്‍ നേരത്തേ വിളിക്കാന്‍ തുനിയുകയില്ല. അങ്ങനെയുള്ളവര്‍ക്ക് നിക്ഷേപിക്കുന്ന സംഖ്യക്ക് പുറമെ നേരത്തേ വിളിച്ചെടുക്കുന്ന ആളുകള്‍ ഒഴിവാക്കിക്കൊടുത്ത അധിക തുകകൂടി ലഭിക്കുന്നു. ഇങ്ങനെയുള്ള തുക ഹലാല്‍ ആകുമോ? അത് സ്വീകരിക്കുന്നതിന്റെ വിധി എന്താണ്?

 

പലിശയുടെതന്നെ മറ്റൊരു പരിഛേദമാണ് വിളിക്കുറി എന്ന പേരില്‍ പ്രചാരത്തിലുള്ള കുറി. ഇതിന്റെ സ്വഭാവം ഇങ്ങനെയാണ്: ഏതാനും ആളുകള്‍ ചേര്‍ന്ന് ഒരു കുറി ആരംഭിക്കുന്നു. ഇങ്ങനെ സംരംഭത്തില്‍ ചേര്‍ന്ന ആളുകളില്‍ ആര്‍ക്കെങ്കിലും പണം നേരത്തേ ആവശ്യമായി വന്നാല്‍ അവര്‍ കുറി വിളിച്ചെടുക്കുന്നു. ആര്‍ക്കു വേണമെങ്കിലും അങ്ങനെ വിളിച്ചെടുക്കാവുന്നതാണ്. സ്വാഭാവികമായി ഒരാള്‍ക്ക് നറുക്കു വീഴുകയാണെങ്കില്‍ അയാള്‍ക്ക് മുഴുവന്‍ തുകയും ലഭിക്കുമല്ലോ. ഇവിടെ അങ്ങനെയല്ല. അയാള്‍ക്ക് വേണമെങ്കില്‍ ഏറ്റവുമാദ്യം തന്നെ കുറിവിളിച്ചെടുക്കാം. പക്ഷേ, സംഖ്യ കുറച്ചിട്ടേ വിളിച്ചെടുക്കാനാവൂ. എന്നുവെച്ചാല്‍ പത്തുലക്ഷം രൂപയുടെ കുറിയാണെങ്കില്‍ ഒമ്പത് ലക്ഷം രൂപക്ക് വിളിച്ചെടുക്കുന്നു. ഒരു ലക്ഷം വിട്ടുകൊടുക്കുന്നു എന്നര്‍ഥം.

ഈ ഒരു ലക്ഷം അയാള്‍ കുറച്ചാണ് വിളിക്കുന്നതെങ്കിലും തിരിച്ചടക്കുമ്പോള്‍ പത്തു ലക്ഷം പൂര്‍ണമായി തിരിച്ചടക്കുക തന്നെ വേണമെന്നതാണ് വ്യവസ്ഥ. അതായത് കഷ്ടപ്പാടിലും ഞെരുക്കത്തിലും പെട്ട് ഗതികെട്ട ഒരാള്‍ തിടുക്കത്തില്‍ ബാങ്കില്‍നിന്ന് ലോണെടുത്ത് ആ തുക പലിശസഹിതം തിരിച്ചടക്കുന്നത് എങ്ങനെയാണോ അതേ പോലെത്തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. 

ഇങ്ങനെ നേരത്തേ വിളിച്ചെടുക്കുന്നവര്‍ വിട്ടുകൊടുക്കുന്ന തുക ശേഷിക്കുന്നവര്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുക. ഏറ്റവും ഒടുവില്‍ കണക്ക് കൂട്ടുമ്പോള്‍ മൊത്തം സംരംഭത്തില്‍ ഒരുപാട് സംഖ്യ അധികമായി വന്നുചേരും. ഏറ്റവുമൊടുവില്‍ കുറിലഭിക്കുന്ന വ്യക്തിക്ക് താന്‍ നിക്ഷേപിച്ചതിനേക്കാള്‍ എത്രയോ സംഖ്യ അധികമായി ലഭിക്കുന്നു. ഇത് തന്നെയാണല്ലോ പലിശ. ഉള്ളവന്‍ ഇല്ലാത്തവനെ ചൂഷണം ചെയ്യുന്നതിലൂടെ ആര്‍ജിക്കുന്ന മുതലാണ് എന്നര്‍ഥം.

ഇതെങ്ങനെയാണ് പലിശയാകുന്നത് എന്ന് ചോദിച്ചാല്‍, സംരംഭത്തിലെ ഓരോരുത്തരും ചേര്‍ന്ന് തിടുക്കമുള്ളവന് കടം കൊടുക്കുന്നതു പോലെയാണ് അതിന്റെ രൂപം എന്നതാണ് ഉത്തരം. ഇവിടെ ഒരാളില്‍നിന്ന് കടംവാങ്ങുന്നതിന് പകരമായി ഒന്നിലധികം പേരില്‍നിന്ന് കടംവാങ്ങിക്കുന്നു എന്നുമാത്രം. കടം കൊടുക്കുന്നവര്‍ അത് തിരിച്ചുവാങ്ങുമ്പോള്‍ തങ്ങള്‍ കൊടുത്തതിനേക്കാളധികം കടം മേടിച്ചവനില്‍നിന്ന് ഈടാക്കുന്നു. ഇതു തന്നെയാണ് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുള്ള പലിശയും. കാരണം കടം കൊടുത്തതിന്റെ പേരില്‍ അധികമായി വസൂലാക്കുന്ന ഏത് ആനുകൂല്യത്തിനും പലിശ എന്നാണ് പറയുക.

ഇസ്‌ലാം പേരിലേക്കല്ല നോക്കുന്നത്, മറിച്ച് ഇടപാടുകളില്‍ നിഷ്‌കര്‍ഷിച്ച ചിട്ടകളും വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്നുമാത്രമാണ് അതിന്റെ നോട്ടം. വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ ഇടപാട് സാധുവായിരിക്കും; ഇല്ലെങ്കില്‍ അസാധുവായിരിക്കും.

 

അനുവദനീയമായ ചിട്ടി

ഇപ്പറഞ്ഞതിനര്‍ഥം എല്ലാതരം  കുറിയും നിഷിദ്ധമാണ്, അതില്‍ ഒരിനവും അനുവദനീയമല്ല എന്നല്ല. മറിച്ച് ഇസ്‌ലാം അനുവദിക്കുന്ന ഒരു ഇനം ഉണ്ട്. ഒരു സ്ഥാപനത്തിലെ ജോലിക്കാര്‍ അല്ലെങ്കില്‍ ഒരു പ്രദേശത്തെ നിവാസികള്‍ ഒത്തുചേര്‍ന്ന് ഒരു കുറി ആരംഭിക്കുന്നു. ദിവസം തോറും അല്ലെങ്കില്‍ ആഴ്ചതോറും, അതുമല്ലെങ്കില്‍ മാസംതോറും അതില്‍ ചേര്‍ന്ന എല്ലാ വ്യക്തികളും നേരത്തേ തീരുമാനിച്ചപ്രകാരം ഒരു നിശ്ചിത തുക ആ സംരംഭത്തിലേക്ക് നല്‍കുന്നു. ഈ തുക ഒരിക്കലും എവിടെയും സൂക്ഷിച്ചുവെക്കുന്നില്ല. മറിച്ച് ഓരോ പ്രാവശ്യവും നറുക്കെടുപ്പിലൂടെ പങ്കാളികളില്‍ ആര്‍ക്കെങ്കിലും ഓരോ പ്രാവശ്യവും നല്‍കിക്കൊണ്ടിരിക്കും. പണത്തിന് അത്യാവശ്യമുള്ളതുകൊണ്ടായിരിക്കും ആരെങ്കിലും ഇതിന് മുന്നിട്ടിറങ്ങിയിട്ടുണ്ടാവുക. അത് പരിഗണിച്ച് ആദ്യത്തെ നറുക്ക് അദ്ദേഹത്തിന് നല്‍കാന്‍ പൊതുവെ എല്ലാവരും ധാരണയായിട്ടുായിരിക്കും.  ഇങ്ങനെ ചെയ്യാമെന്ന പൂര്‍ണ മനസ്സാലെത്തന്നെയാണ് ഇത് ആരംഭിച്ചിട്ടുണ്ടായിരിക്കുക. കൂടുതല്‍ ഉചിതമായ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍, തുടര്‍ന്നുള്ള അവകാശികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയാണ് ചെയ്യുക.

ചില മഹല്ലു കമ്മിറ്റികളും സ്ഥാപനങ്ങളുമൊക്കെ ഇത്തരം ചിട്ടികള്‍ നടത്താറുണ്ട്. അതിലൂടെ അവര്‍ മഹല്ലിനും സ്ഥാപനത്തിനുമൊക്കെ ഒരു വരുമാനം എന്നത് കൂടി ഉദ്ദേശിക്കുകയും ചെയ്യുന്നു. ആ അര്‍ഥത്തില്‍ നറുക്കു വീഴുന്ന വ്യക്തികള്‍ തുക തങ്ങളുടെ കൈയില്‍ ലഭിക്കുമ്പോള്‍ ഒരു സന്തോഷം എന്ന നിലക്ക് അതില്‍നിന്ന് എന്തെങ്കിലും നല്‍കുന്നതിന് യാതൊരു കുഴപ്പവുമില്ല. അത് അദ്ദേഹത്തിന്റെ വക ഒരു പാരിതോഷികമോ ദാനമോ മാത്രമായിരിക്കും. അതാകട്ടെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യവുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍