Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

'വെറുതെ ഒരു ഭര്‍ത്താവ്'

ഡോ. ജാസിമുല്‍ മുത്വവ്വ

വീട്ടിലെയും കുടുംബത്തിലെയും ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ തയാറാവാത്ത ഭര്‍ത്താക്കന്മാരെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംസാരം. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിക്കും മുമ്പ് സദസ്സിനോട് ഞാനൊരു ചോദ്യമുന്നയിച്ചു: ''നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ മുന്നില്‍ വെച്ച് പറയൂ, വീട്ടിലെയും കുടുംബത്തിലെയും ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ ചില ഭര്‍ത്താക്കന്മാര്‍ തയാറാവാത്തതിന് എന്താവാം കാരണം?''

ഒന്നാമന്‍: മാതാപിതാക്കളുടെ മധ്യത്തില്‍ അതിലാളനയോടെ വളര്‍ത്തപ്പെട്ട വ്യക്തിയായിരിക്കും ആ ഭര്‍ത്താവ്. താന്‍ നിറവേറ്റേണ്ട കടമകളൊന്നും അയാള്‍ കണ്ടിരിക്കില്ല. വിവാഹം കഴിച്ചപ്പോള്‍ അയാള്‍ മാതാപിതാക്കളോട് പെരുമാറും പോലെ ഭാര്യയോടും പെരുമാറി.

രണ്ടാമന്‍: വൈവാഹിക ജീവിതത്തിന്റെ തുടക്കത്തില്‍ ഭര്‍ത്താവ് നിര്‍വഹിക്കേണ്ട പല കാര്യങ്ങളും ഭാര്യ മുന്നിട്ടിറങ്ങി ചെയ്തിരിക്കും. അങ്ങനെ എന്തിനും ഏതിനും അവളെ ആശ്രയിക്കും. കാര്യനിര്‍വഹണമെല്ലാം ഭാര്യയെ ഏല്‍പിക്കുന്ന സ്വഭാവം അയാള്‍ ശീലിച്ചിരിക്കും. ഒരുതരം 'കംഫര്‍ട്ടബ്ള്‍ ഇറസ്‌പോണ്‍സിബിലിറ്റി' (സൗകര്യപ്രദമായ നിരുത്തരവാദിത്തം).

മൂന്നാമന്‍: മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന ദമ്പതികളുടെ ആവശ്യങ്ങള്‍ രക്ഷിതാക്കളെന്ന നിലക്ക് മാതാപിതാക്കള്‍ നിറവേറ്റുന്നുണ്ടാവും. അങ്ങനെയും അയാളില്‍ ഒരു 'സൗകര്യപ്രദമായ നിരുത്തരവാദിത്ത' സ്വഭാവം വളര്‍ന്നു.

നാലാമന്‍: അയാള്‍ സ്വന്തം വീട്ടിലെ പരിചാരികയെ ആശ്രയിച്ചിരിക്കാം, തന്റെ കാര്യങ്ങളൊക്കെ ചെയ്തുകിട്ടുന്നതിന്. അങ്ങനെ ഭാര്യയെയും ആ ഭര്‍ത്താവ് ഒരു ഭൃത്യയായി കണ്ടിരിക്കണം.

അഞ്ചാമന്‍: സ്വാര്‍ഥിയും മടിയനുമായ ആ ഭര്‍ത്താവ് ഒരു സുഖിയനായി മാറിക്കഴിഞ്ഞിരിക്കും. പിന്നെ അയാള്‍ക്കെന്ത് വീട്, എന്ത് കുടുംബം?

ആറാമന്‍: അയാള്‍ ഒരു പിശുക്കനായിരിക്കും.

ഏഴാമന്‍: ആണായി വളര്‍ത്തപ്പെടാത്ത 'ചാന്തുപൊട്ടാ'യിരിക്കും ആ ഭര്‍ത്താവ്.

എട്ടാമന്‍: ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തവരായിരിക്കും ചില ഭര്‍ത്താക്കന്മാര്‍.

ഒമ്പതാമന്‍: എനിക്കൊരാളെ പരിചയമുണ്ട്. ആയകാലത്തൊക്കെ അയാള്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും നന്നായി നോക്കി. അവരെ പോറ്റിത്തളര്‍ന്ന് അയാള്‍ വിവാഹാനന്തരം ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കുന്നതില്‍ വിമുഖത കാണിച്ചു തുടങ്ങി.

പത്താമന്‍: ഒരുപക്ഷേ, അയാളുടെ ഭാര്യ അയാള്‍ക്കൊന്ന് നേരാംവണ്ണം ശ്വാസം വിടാന്‍ പോലും ഇടകൊടുക്കാത്തവിധം പരുക്കന്‍ സ്വഭാവക്കാരിയും കഠിനമനസ്‌കയുമായിരിക്കും.

ഒടുവിലത്തെയാള്‍: ആത്മവിശ്വാസം നഷ്ടപ്പെട്ട വ്യക്തിയായിരിക്കും ആ ഭര്‍ത്താവ്; അല്ലെങ്കില്‍ വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം ഉമ്മ നിറവേറ്റുന്നുണ്ടല്ലോ എന്നയാള്‍ ധരിച്ചിരിക്കും.

എല്ലാം കേട്ടുകഴിഞ്ഞ ഞാന്‍ ചില പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

ഒന്ന്: കാരണം കണ്ടെത്തി ചികിത്സിക്കണം. ഭാര്യ മുന്നിട്ടിറങ്ങി കടമകള്‍ നിറവേറ്റുന്നതാണ് കാരണമെങ്കില്‍ നാം അവളോട് പറയണം 'സ്വയം മുന്നിട്ടിറങ്ങി കാര്യങ്ങള്‍ ചെയ്യുന്ന ഈ രീതി നിങ്ങള്‍ നിര്‍ത്തണം. അതുകൊണ്ട് എന്തു ദോഷമുണ്ടായാലും ശരി, കുടുംബത്തില്‍ ഉത്തരവാദിത്തം കൈയേല്‍ക്കേണ്ടതിന്റെ പ്രാധാന്യം ഭര്‍ത്താവിന് ഒന്ന് മനസ്സിലാക്കാന്‍ അവസരം നല്‍കുക.'

രണ്ട്: ചെറിയ, ലളിതമായ ഒരു ഉത്തരവാദിത്തം ആദ്യം നല്‍കുക. അതയാള്‍ നിറവേറ്റിയാല്‍ അടുത്തത്. പിന്നെ അതിനേക്കാള്‍ വലിയത്. അങ്ങനെയങ്ങനെ. നിരവധി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതായി മുന്നില്‍ കാണുമ്പോള്‍ ചിലര്‍ക്ക് ഒന്നും ചെയ്യാന്‍ തോന്നില്ല. അവയെങ്ങനെ കൈകാര്യം ചെയ്യേണ്ടൂ എന്നറിയാതെ പകച്ചിരിക്കും.

മൂന്ന്: കുടുംബത്തിലുള്ള ചില മാതൃകാ ഗൃഹനാഥന്മാരെ ഉദാഹരിച്ചും മാതൃകയാക്കി അവതരിപ്പിച്ചും ചിലരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റിയെടുക്കാം. 

നാല്: കുടുംബത്തിലെ കാര്യങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ പ്രകീര്‍ത്തിക്കുകയും പ്രശംസ ചൊരിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. 'അയാള്‍ ചെയ്യേണ്ട നിര്‍ബന്ധ കടമകളാണവയെല്ലാം' എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തരുത്.

അഞ്ച്: ചില സന്ദര്‍ഭങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് ഒരു മൂന്നാമനെ ഇടപെടുവിക്കേണ്ടിവരും. ഭര്‍ത്താവിന്റെ മാതാപിതാക്കളുമായുള്ള ഭാര്യയുടെ ബന്ധം സുദൃഢമാണെങ്കില്‍, പരോക്ഷരീതിയില്‍ മകനെ ഉത്തരവാദിത്തബോധമുള്ളവനാക്കാന്‍ അവരെ ഇടപെടുവിക്കാന്‍ അവള്‍ക്ക് ശ്രമിക്കാവുന്നതാണ്.

ആറ്: ഭര്‍ത്താവിന്റെ അഭാവത്തില്‍ താന്‍ പേറേണ്ടിവരുന്ന കുടുംബഭാരങ്ങളെ കുറിച്ച് ചില വേളകളില്‍ ഭാര്യക്ക് പറഞ്ഞുകൊടുക്കാം. അങ്ങനെയെങ്കിലും ചിലപ്പോള്‍ അയാള്‍ കണ്ണ് തുറന്നെന്നുവരും. 

ഏഴ്: താന്‍ വീട്ടിലെ കാര്യങ്ങള്‍ നിറവേറ്റുന്നത് 'ഭര്‍ത്താവായ നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളുടെ ശുശ്രൂഷയിലും പരിചരണത്തിലും നിങ്ങളുടെ ജോലികാര്യങ്ങളിലും ഒക്കെ മുഴുകുന്നതു മൂലം നിങ്ങളെ സഹായിക്കാനാണ്' എന്ന ഭാവത്തില്‍ അയാളോട് പറയണം. തന്നെ സഹായിക്കുകയാണ് ഭാര്യയെന്നും അതൊന്നും അവളുടെ കടമയില്‍ പെടുന്നതല്ലെന്നും അയാള്‍ക്ക് തോന്നാന്‍ ഈ സമീപനം സഹായിക്കും.

എട്ട്: വിമര്‍ശനവും പരിഹാസവും അവഹേളനവും താന്‍പോരിമയും ഒഴിവാക്കണം. ഇത് പുരുഷനെ ധിക്കാരിയാക്കി മാറ്റും. പിന്നെ ഒരു ഉത്തരവാദിത്തവും അയാള്‍ കുടുംബത്തില്‍ കൈയേല്‍ക്കില്ല.

ഒമ്പത്: അത് നിയമത്തിന്റെ വഴിയാണ്. അനിവാര്യഘട്ടത്തിലല്ലാതെ നാം അത് ഉപദേശിക്കുകയില്ല. ഗൃഹഭരണത്തിലും ചുമതലയിലും ചെലവിന് നല്‍കുന്നതിലും ഭര്‍ത്താവ് വീഴ്ച വരുത്തിയാല്‍ കോടതിയെ സമീപിച്ച് പരിഹാരം തേടാന്‍ ഭാര്യക്ക് നിയമപരമായ അവകാശമുണ്ട്. പരസ്പരം കണ്ടും അറിഞ്ഞും സഹകരിച്ചും കുടുംബകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകേണ്ടവരാണ് ദമ്പതികള്‍. അതില്‍ ഉത്തരവാദിത്തത്തിന്റെ മുഖ്യാംശം ഭര്‍ത്താവിനാണ്. അയാളാണ് ഗൃഹനായകന്‍, കുടുംബത്തിന്റെ അച്ചാണി. അത് തിരിച്ചറിഞ്ഞ് പെരുമാറേത് അയാളുടെ കടമയാണ്.

പത്ത്: നാം മുന്‍ഗണന കല്‍പിക്കുന്നത് ഇനി പറയുന്ന നിര്‍ദേശത്തിനാണ്. കുടുംബം ഭദ്രമായും നല്ല നിലക്കും നടത്തിക്കൊണ്ടുപോകാന്‍ ബാധ്യസ്ഥരായ ദമ്പതികള്‍ ഇരുവരും ഇരുന്ന് ഉള്ളു തുറന്ന് ചര്‍ച്ച നടത്തി ഉത്തരവാദിത്തങ്ങള്‍ വീതിച്ചെടുക്കണം. ചില സന്ദര്‍ഭങ്ങളില്‍ ഒരാള്‍ കൂടുതല്‍ ഭാരം പേറേണ്ടിവന്നേക്കാം. അത് പ്രശ്‌നമാക്കേണ്ട. ഭര്‍ത്താവിന് മാതാപിതാക്കളുടെ പരിചരണം, തന്റെ തന്നെ രോഗം, തൊഴില്‍പരമായ അസൗകര്യങ്ങള്‍ എന്നിവ മൂലം ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മനസ്സിലാക്കി പെരുമാറാന്‍ ഭാര്യക്ക് കഴിയണം. അതാണ് ഉത്തമ ഭാര്യയുടെ ലക്ഷണം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍