Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

ഡോക്കിന്‍സിന്റെ ദൈവ വിമര്‍ശനം വിലയിരുത്തപ്പെടുന്നു

ശൈഖ് മുഹമ്മദ് കാരകുന്ന്

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ 'ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയിലെ വാദങ്ങള്‍ അവതരിപ്പിക്കുന്ന 'നാസ്തികനായ ദൈവ'ത്തിന് എന്‍.എം ഹുസൈന്‍ തയാറാക്കിയ നിരൂപണ പഠനമാണ് ദൈവം: ഡോക്കിന്‍സ് ആരാധകരുടെ വിഭ്രാന്തികള്‍. ലോകമെങ്ങുമുള്ള മതവിരുദ്ധരുടെയും ദൈവനിഷേധികളുടെയും ഏറ്റം വലിയ അവലംബമായ ഡോക്കിന്‍സിന്റെ വാദങ്ങള്‍ പരമാബദ്ധങ്ങളാണെന്ന് ഹുസൈന്‍ ഏതൊരു സത്യാന്വേഷിയായ സാധാരണക്കാരനും മനസ്സിലാകുംവിധം തെളിയിക്കുന്നു.

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന എക്കാലവും മതവിരുദ്ധരും ദൈവനിഷേധികളും ഉന്നയിക്കുന്ന ചോദ്യം തന്നെയാണ് ഡോക്കിന്‍സും അടിക്കടി ഉയര്‍ത്തുന്നത്. പദാര്‍ഥലോകത്തിലെ അവസ്ഥകളെയും മാനദണ്ഡങ്ങളെയും പദാര്‍ഥാതീതനായ ദൈവത്തിലേക്ക് ചാര്‍ത്താനും ചേര്‍ത്തുവെക്കാനുമാണ് മറ്റെല്ലാ ദൈവനിഷേധികളെപ്പോലെ ഡോക്കിന്‍സും ശ്രമിക്കുന്നത്. അദ്ദേഹത്തിന്റേതായി രവിചന്ദ്രന്‍ 'നാസ്തികനായ ദൈവ' ത്തിലൂടെ മുന്നോട്ടുവെക്കുന്ന ആറു വാദങ്ങളൂം ആറ് അധ്യായങ്ങളിലൂടെ എന്‍.എം ഹുസൈന്‍ 'ദൈവം: ഡോക്കിന്‍സ് ആരാധകരുടെ വിഭ്രാന്തികള്‍' എന്ന ഗ്രന്ഥത്തില്‍  കൃത്യമായും വിശദമായും വിശകലനം ചെയ്യുന്നു.

തെളിവുകള്‍ മൂര്‍ത്തവും അമൂര്‍ത്തവും

ദൈവാസ്തിക്യത്തിന് മൂര്‍ത്തമായ തെളിവ് ആവശ്യപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വാദത്തെ യുക്തിപരമായി ഖണ്ഡിക്കുന്നതാണ് ഒന്നാം അധ്യായം. ഒരു കാര്യം ഉണ്ടെന്ന് തെളിയിക്കുക എളുപ്പമാണ്. ഇല്ലെന്ന് തെളിയിക്കുന്നതാകട്ടെ ഏതാണ്ട് അസാധ്യവും (നാസ്തികനായ ദൈവം ഡി.സി.ബുക്‌സ് 2017 പുറം: 70) എന്ന് ഡോക്കിന്‍സിനെ പ്രതിനിധീകരിച്ച് പ്രഫ. രവിചന്ദ്രന്‍ തുടക്കത്തില്‍ തന്നെ പറഞ്ഞു വെക്കുന്നു. അതുതന്നെ ഒന്നുകൂടി വിശദീകരിക്കുന്നു: 'ചുരുക്കത്തില്‍ യാതൊന്നും ഇല്ലെന്ന് പൂര്‍ണമായി തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നിരിക്കെ ദൈവം ഉണ്ടെന്ന തെളിവാണ് ആദ്യം കണ്ടെത്തേണ്ടത്'(പുറം: 70).

അപ്പോള്‍ ഉയര്‍ന്നുവരുന്ന വളരെ സ്വാഭാവിക ചോദ്യമാണ് തെളിയിക്കാന്‍ സാധ്യതയുള്ളതില്‍ വിശ്വസിക്കലാണോ അതോ ഒരു കാലത്തും ഒരിക്കലും തെളിയിക്കാന്‍ കഴിയാത്തതില്‍ വിശ്വാസിക്കലാണോ യുക്തവും ശാസ്ത്രീയവും?

തുടര്‍ന്ന് ദൈവ വിമര്‍ശകര്‍ ദൈവാസ്തിക്യത്തിന് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നു. 'ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ. ദൈവത്തിന്റ അസ്തിത്വത്തിന് മൂര്‍ത്തമായ (Concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല'(പുറം: 90).

മൂര്‍ത്തമായവക്കേ മൂര്‍ത്തമായ തെളിവുണ്ടാവുകയുള്ളൂവെന്ന സാമാന്യയുക്തി പോലുമില്ലാത്തവരാണ് നാസ്തികവാദികളെന്നര്‍ഥം. ഭാര്യ തന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് അത് നിഷേധിക്കുന്നു. സ്‌നേഹിക്കുന്നുവെന്നതിന് മൂര്‍ത്തമായ തെളിവ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം തന്നെയാണ് നാസ്തികരുടെ വാദവും. പദാര്‍ഥപരമായതേ മൂര്‍ത്തമാവുകയുള്ളൂ. സ്‌നേഹവും മറ്റു വികാരങ്ങളും പോലെ ദൈവവും പദാര്‍ഥാതീതനാണ്. അതുകൊണ്ടുതന്നെ അമൂര്‍ത്തവും. അതിനാല്‍ ദൈവത്തിന് മൂര്‍ത്തമായ തെളിവു ചോദിക്കുന്നതിലെ വിഡ്ഢിത്തം ഹുസൈന്‍ തുറന്നുകാണിക്കുന്നു. ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് ശാസ്ത്രീയമായോ മൂര്‍ത്തമായോ തെളിയിക്കാന്‍ സാധ്യമാണോ എന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു. അമൂര്‍ത്തമായതും മൂര്‍ത്തമായ തെളിവുകള്‍ നല്‍കാന്‍ കഴിയാത്തതുമായ അനേകം വസ്തുതകളുടെ അസ്തിത്വം അംഗീകരിക്കുന്നവരാണ് ഏവരും. ദൈവാസ്തിക്യത്തിന് വിശ്വാസികള്‍ അമൂര്‍ത്തമായ തെളിവുകള്‍  ഹാജരാക്കിയിട്ടുണ്ടെന്ന് വിമര്‍ശകര്‍തന്നെ വ്യക്തമാക്കുന്നു. 'ദൈവം ഉണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിച്ചിരിക്കുന്നു.' അപ്പോള്‍ തെളിവില്ലാത്തതല്ല പ്രശ്‌നം. തെളിവ് മൂര്‍ത്തവും ശാസ്ത്രീയവുമല്ലെന്നതാണ്.

വിഫലമായ അക്വിനാസ്  വിമര്‍ശനം

മധ്യകാല യൂറോപ്പിലെ പ്രമുഖ ക്രൈസ്തവ ദാര്‍ശനികനായിരുന്ന സെന്റ് തോമസ് അക്വിനാസ് ദൈവാസ്തിക്യം സ്ഥാപിക്കാനായി മുന്നോട്ടു വെച്ച തെളിവുകളെ വിമര്‍ശിച്ച് ഡോക്കിന്‍സ് ഉന്നയിച്ച വാദങ്ങളെ ഖണ്ഡിക്കുന്നു രണ്ടാം അധ്യായം.

പ്രപഞ്ചത്തില്‍ എല്ലാറ്റിനും ചലനമുണ്ട്. എല്ലാ ചലനങ്ങള്‍ക്കും ചലിപ്പിക്കുന്ന ഒന്നുണ്ടാകണം. ആദി ചലനത്തിന് ആരാണ് കാരണക്കാരന്‍ എന്ന ചോദ്യമുന്നയിക്കുന്ന അക്വിനാസ് അത് ദൈവമാണെന്ന് സമര്‍ഥിക്കുന്നു. ഇതിനെ വിമര്‍ശിച്ച് ഡോക്കിന്‍സ് വലിയ കാര്യമായി ഉന്നയിക്കുന്ന ആരോപണം 'ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു' എന്നാണ്. 

സൃഷ്ടികളെപ്പോലെ തന്നെ സ്രഷ്ടാവിനെയും കണക്കാക്കി സൃഷ്ടികള്‍ക്ക് ബാധകമായതൊക്കെ സ്രഷ്ടാവിനും ബാധകമാക്കുകയാണ് ഡോക്കിന്‍സ് ചെയ്യുന്നത്. ദ്രവ്യലോകത്തിലെ എല്ലാ നിയമങ്ങളും ദ്രവ്യങ്ങളുടെ സ്രഷ്ടാവും ദ്രവ്യാതീതനുമായ ദൈവത്തിനും വേണമെന്ന് ശഠിക്കുന്നത് വിശ്വാസികളുടെ ദൈവസങ്കല്‍പത്തെ സംബന്ധിച്ച സാമാന്യ ബോധം പോലും ഇല്ലാത്തതിനാലാണ്.

സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൗതികപ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? സ്വയം ചലിക്കാന്‍ സാധിക്കാത്ത പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാനാകുമോ? ചലനമില്ലാതിരുന്നതിനെ ചലിപ്പിച്ചത് ആര്? ഇതുപോലുള്ള മൗലികപ്രധാനമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ നിസ്സഹായനായി മാറിയ ഡോക്കിന്‍സ് മതവിശ്വാസികള്‍ പറയുന്ന പോലെ ദൈവമാണ് പ്രാരംഭചലനത്തിന് പിന്നിലെങ്കില്‍ ദൈവത്തെ ചലിപ്പിച്ചതാരെന്ന മറുചോദ്യമുന്നയിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, 'ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങളാണ് അക്വിനാസിന്റേതെന്ന് ഡോക്കിന്‍സിന് സമ്മതിക്കേണ്ടിവന്നത്'(പുറം: 90).

സര്‍വശക്തനും സര്‍വജ്ഞനുമെന്ന് ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ അത് രണ്ടും പരസ്പരം റദ്ദാക്കുന്ന ഗുണങ്ങളാണെന്ന ഡോക്കിന്‍സിന്റെ വിചിത്രവാദങ്ങളെ ഹുസൈന്‍ യുക്തിപൂര്‍വം ഖണ്ഡിക്കുന്നു. പ്രപഞ്ചം യാദൃഛികമാണെന്ന ഭൗതികവാദികളുടെ പ്രപഞ്ചവീക്ഷണത്തെ  ഡോക്കിന്‍സിനു തന്നെ നിരാകരിക്കേണ്ടിവന്ന കാര്യം പ്രത്യേകം എടുത്തു കാണിക്കുന്നു. 'യാദൃഛികത അല്ലെങ്കില്‍ ചാന്‍സ് എന്നത് ഒന്നിന്റെയും തൃപ്തികരമായ വിശദീകരണമല്ല' (പുറം: 134). ഇതുതന്നെയാണല്ലോ മതവിശ്വാസികള്‍ പറഞ്ഞുകൊണ്ടിരുന്നത്.

അക്വിനാസിന്റെ വാദങ്ങളെ ഖണ്ഡിക്കാനുള്ള യത്‌നത്തിനിടയില്‍ ഡോക്കിന്‍സ് അകപ്പെട്ട വൈരുധ്യങ്ങളും നിസ്സഹായതയും ഗ്രന്ഥം അനാവരണം ചെയ്യുന്നു.

വിശ്വാസവും യുക്തിയും

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നു മൂന്നാം അധ്യായം. ഇതിന്റെ ആദ്യഭാഗത്ത് പ്രപഞ്ചം ആസൂത്രിതമോ അല്ലയോ എന്ന ചര്‍ച്ചയാണ്. 'നൂറ്റാണ്ടുകളായി മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിന്റെ വിശദീകരണമാണ്'(പുറം: 179) എന്ന് പറയുന്ന നാസ്തികര്‍ 'പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'(പുറം: 179) എന്നും വ്യക്തമാക്കുന്നു. തുടര്‍ന്ന് എഴുതുന്നു: 'പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ് പ്രാഥമിക യുക്തിയില്‍ തോന്നുക. മനുഷ്യനുണ്ടാക്കിയ ഒരു വാച്ചിന്റെ സ്രഷ്ടാവ് ബുദ്ധിയും വൈദഗ്ധ്യവുമുള്ള ഒരാളാണ്. നേത്രത്തിന്റെ കാര്യത്തിലും ചിറകിന്റെ കാര്യത്തിലും അതേ തത്ത്വം ശരിയാണെന്നു പറയാന്‍ പ്രലോഭനമുണ്ടാകും'(പുറം: 179).

'പ്രപഞ്ചകാരണം ആസൂത്രണം തന്നെ' എന്ന് ചിന്തിക്കാനാണ് പ്രഥമ യുക്തിയില്‍ തോന്നുകയെന്ന് സമ്മതിക്കുന്ന നാസ്തികര്‍ ആസൂത്രണമല്ലെന്ന് തെളിയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ദൈവവിശ്വാസികളെ പരിഹസിച്ച് രക്ഷപ്പെടാന്‍ നടത്തുന്ന വിഫല ശ്രമങ്ങളെ ഗ്രന്ഥകാരന്‍ തുറന്നുകാണിക്കുന്നു.

'നാസ്തികനായ ദൈവ'ത്തില്‍ പ്രകടമായ ഒട്ടേറെ വൈരുധ്യങ്ങളുണ്ട്. അവയില്‍ ചിലതൊക്കെ ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നുണ്ട്. ഒരുദാഹരണം ഇവിടെ ചേര്‍ക്കുന്നു: 'മതവിരുദ്ധ ചിന്തയുടെ സാന്നിധ്യം എക്കാലത്തും ലോകത്തുണ്ടായിരുന്നുവെന്ന് അറിയാത്തവരാണ് വിശ്വാസികളില്‍ നല്ലൊരു വിഭാഗം. പ്രത്യേകിച്ചും കുട്ടികളും സ്ത്രീകളും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരും. ഒന്നുകില്‍ അവരറിയുന്നില്ല. അല്ലെങ്കില്‍ അറിയിക്കുന്നില്ല' (പുറം: 18-19) എന്നെഴുതിയ നാസ്തിക ഗ്രന്ഥകാരന്‍ 'ചെന്നായ് വളര്‍ത്തിയ കുട്ടിയെപ്പോലെ വിശ്വാസ-അവിശ്വാസങ്ങളെപ്പറ്റി പൂര്‍ണമായ അജ്ഞതയില്‍ ജീവിക്കുന്നവര്‍ അത്യപൂര്‍വമാണ്' എന്നും പറയുന്നു (പുറം: 198).

നാസ്തികരുടെ ഇത്തരം നിരവധി വൈരുധ്യങ്ങളും വിചിത്ര വാദങ്ങളും ഈ അധ്യായത്തില്‍ വിശകലനവിധേയമാക്കുന്നു.

ആരാണ് കപടന്മാര്‍?

നാലാം അധ്യായം മതക്കാര്‍ കപടന്മാരാണെന്ന ആരോപണം വിശകലനം ചെയ്യുന്നു. 'നാസ്തികനായ ദൈവ'ത്തിലിങ്ങനെ കാണാം: 'പലര്‍ക്കും മതവിശ്വാസം ഒരു ഭാരമോ ബാധ്യതയോ ആണ്. ജഡാവസ്ഥയിലുള്ള മതപരതയായി ഇതിനെ വിശേഷിപ്പിക്കാം. എല്ലാവരും ചെയ്യുന്നു. തങ്ങളും ചെയ്യുന്നു. അത്ര തന്നെ. വ്യക്തിപരമായി പ്രത്യേകിച്ച് അനുഭവമൊന്നുമില്ല. സ്വന്തമായി അനുഭവമോ സാധൂകരണമോ ഇല്ല' (പുറം: 26).

ഇതേ ഗ്രന്ഥം തന്നെ പറയുന്നു: 'മതവിശ്വാസം ഒരു വൈകാരിക സത്യമാണ്' (പുറം: 194).

'മിക്ക മതപ്രാസംഗികരും ദൈവത്തിന് തെളിവായി ചൂണ്ടിക്കാട്ടിയത് വൈയക്തികമായി തങ്ങള്‍ക്കുണ്ടെന്ന് പറയുന്ന അനുഭവങ്ങളാണ്'(പുറം: 176).

ദൈവവിശ്വാസികള്‍ ഏറെയും വിശ്വാസമില്ലാത്ത കപടന്മാരാണെന്ന് വാദിക്കുമ്പോള്‍ തന്നെ പ്രമുഖ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ബെയിസ് പാസ്‌കലിന്റെ ദൈവവിശ്വാസത്തെ സംബന്ധിച്ച നിലപാടിനെ വിമര്‍ശിക്കവെ വിശ്വാസം സ്വാഭാവികമാണെന്നാണ് മതധാരണയെന്ന് വ്യക്തമാക്കുന്നു.

പാസ്‌കല്‍ എഴുതുന്നു: 'ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ആര്‍ക്കും ഉറപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ ദൈവത്തില്‍ വിശ്വസിക്കുന്നതാണ് ബുദ്ധി. നിങ്ങള്‍ നാസ്തികനാണെങ്കില്‍ ദൈവം ഇല്ലെന്നു വന്നാല്‍ നിങ്ങള്‍ക്കതുകൊണ്ട് വിശേഷിച്ച് യാതൊരു പ്രയോജനവുമില്ല. മറിച്ച് ഉണ്ടെങ്കില്‍ ദൈവശിക്ഷ ഉറപ്പാണ്. എന്നാല്‍ നിങ്ങള്‍ ദൈവവിശ്വാസിയാണെങ്കില്‍ ദൈവമില്ലെന്നു വന്നാലും നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ഇനി ദൈവം ഉണ്ടെന്നു വരികയാണെങ്കില്‍ അനുഗ്രഹവും സ്വര്‍ഗ സൗഭാഗ്യങ്ങളും നിങ്ങള്‍ക്കുള്ളതാണ്. ഏതു രീതിയില്‍ നോക്കിയാലും ദൈവവിശ്വാസിയാകുന്നതാണ് നല്ലത്' (പുറം: 118).

ഇതിനെ 'നാസ്തികനായ ദൈവം' വിമര്‍ശിക്കുന്നതിങ്ങനെ: 'ദൈവവിശ്വാസം എന്നത് നിങ്ങള്‍ ആലോചിച്ചെടുക്കുന്ന ഒരു തീരുമാനമായി മാറുകയാണിവിടെ. അതും ബുദ്ധിയുപയോഗിച്ച് ചിന്തിച്ചെടുക്കേണ്ട ഒന്ന്. എന്നാല്‍ വിശ്വാസമെന്നത് വിശപ്പും ദാഹവും പോലെ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നാണ് മതധാരണ'(പുറം: 118, 119).

അഞ്ചാം അധ്യായം മതം എന്തുകൊണ്ട് അതിജയിച്ചുവെന്ന പ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്. ഡോക്കിന്‍സിന്റെ ഇവ്വിഷയകമായ വാദങ്ങളെ 'അര്‍ഹതയുള്ളതേ അതിജീവിക്കൂ' എന്ന ഡാര്‍വിന്റെ തത്ത്വമുള്‍പ്പെടെ ഹുസൈന്‍ സയുക്തം വിശകലനം ചെയ്ത് ഖണ്ഡിക്കുന്നു. അങ്ങനെ ദൈവവിശ്വാസത്തിന്റെ അതിജീവന കഴിവ് അതില്‍ തന്നെ നിലീനമാണെന്നും അത് അനിവാര്യമാണെന്നും സമര്‍ഥിക്കുന്നു. ഈ അധ്യായവും ഡോക്കിന്‍സിന്റ വിമര്‍ശനത്തിലെ വൈരുധ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു.

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ദൈവവിമര്‍ശകനായ ഡോക്കിന്‍സ് തത്ത്വചിന്തകനോ ശാസ്ത്രജ്ഞനോ അല്ലെന്ന വസ്തുത പുസ്തകത്തിന്റെ ആദ്യഭാഗത്തുതന്നെ പ്രാമാണികമായി രേഖപ്പെടുത്തിയിരിക്കുന്നു.

തത്ത്വചിന്തകനല്ലെന്ന് പറയുന്നത് ഡോക്കിന്‍സ് ചിന്തകളെ മലയാളികള്‍ക്ക് സമര്‍പ്പിച്ച രവിചന്ദ്രന്‍ തന്നെയാണ്. 'ഡോക്കിന്‍സ് അടിസ്ഥാനപരമായി ഒരു ശാസ്ത്രജ്ഞനാണ്. തത്ത്വചിന്തയില്‍  ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്' (നാസ്തികനായ ദൈവം, പുറം: 127).

ലോകത്തിലെ ഏറ്റം പ്രമുഖ ബയോളജി ശാസ്ത്രജ്ഞനായ ഡോക്ടര്‍ എഡ്വേര്‍ഡ് വില്‍സണ്‍ പറയുന്നു: 'ഡോക്കിന്‍സ് ഒരു ശാസ്ത്രജ്ഞനല്ല. അദ്ദേഹം ഒരിക്കലും ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തിയിട്ടില്ല' (ദ ഇന്റിപെന്റന്റ് 10 നവംബര്‍ 2014)

ആധുനിക ശാസ്ത്രരീതിയുടെ പിതാവായി അറിയപ്പെടുന്ന ഫ്രാന്‍സിസ് ബേയ്ക്കന്റെ അഭിപ്രായം കൂടി ചേര്‍ത്തുവെച്ചാല്‍ ഡോക്കിന്‍സ് സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ അസ്തമിക്കും: 'തത്ത്വചിന്തയിലുള്ള അല്‍പജ്ഞാനം മനുഷ്യനെ നിരീശ്വരവാദത്തിലേക്ക് നയിക്കും. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാലോ മനുഷ്യന്‍ മതത്തിലേക്ക് മടങ്ങും.' —

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍