പ്രകൃതി ദുരന്തങ്ങള്‍ ദൈവത്തിലേക്ക് തിരിച്ചുനടക്കാനുള്ള ഉണര്‍ത്തലുകളാണ്
എല്ലാ കാലത്തും ആവര്‍ത്തിച്ചു വരുന്ന പ്രതിഭാസമാണ് പ്രകൃതി ദുരന്തങ്ങള്‍. പകര്‍ച്ചവ്യാധികളും അതുപോലെത്തന്നെ. പാപങ്ങള്‍ കുമിഞ്ഞുകൂടിയതുകൊണ്ടും കുറ്റകൃത്യങ്ങള്‍ പെരുകിയതുകൊണ്ടുമാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. മനുഷ്യര്‍ തീര്‍ത്തും നിസ്സഹായരായിപ്പോകുന്ന ഇത്തരം പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മറ്റു ചിലര്‍ കേവല ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ മാത്രം നല്‍കുന്നു. പ്രകൃതി ദുരന്തങ്ങളായാലും രോഗങ്ങളായാലും ഇസ്‌ലാം അവയെ സമീപിക്കുന്നത്, മുന്‍കരുതലുകള്‍ എടുക്കുക എന്ന വശം ഊന്നിപ്പറഞ്ഞുകൊണ്ടായിരിക്കും.
ഭൂമികുലുക്കവും അഗ്നിപര്‍വത സ്‌ഫോടനവും വെള്ളപ്പൊക്കവുമെല്ലാം പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളാണ് എന്നത്രെ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ആശയം. ദൈവത്തിന്റെ ശക്തിവിശേഷങ്ങളിലൊന്നായി അതിനെ കാണണം. ചിലര്‍ വിചാരിക്കുന്നതു പോലെ ഇത് പ്രകൃതിയുടെ വിളയാട്ടമൊന്നുമല്ല. അചേതന പ്രകൃതി ഇങ്ങനെ ചലിക്കുന്നതിനു പിന്നില്‍ ദൈവത്തിന്റെ അറിവും ശക്തിവിശേഷവുമാണ് ഉള്ളത്. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയേറെ പുരോഗമിച്ച ഇക്കാലത്തും ഈ ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായനും ചകിതനുമായി നില്‍ക്കാനേ മനുഷ്യന് കഴിയൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ ദൈവത്തിലേക്ക് മടങ്ങുകയേ പരിഹാരമുള്ളൂ എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. അനുഭവിച്ചുപോരുന്ന സുരക്ഷിതത്വത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വില അപ്പോഴാണ് മനുഷ്യന് തിരിച്ചറിയാനാവുക. ഇതൊക്കെയും രക്ഷിതാവിലേക്ക് ചെല്ലാന്‍ അവന് പ്രേരണയാവുന്നു. ഈയൊരു അതീന്ദ്രിയ തലം ഉള്ളതോടൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങളുടെ യഥാര്‍ഥ ശാസ്ത്രീയ വ്യാഖ്യാനങ്ങളും ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം തെറ്റായ ധാരണകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കും. തെറ്റായ ധാരണകള്‍ പ്രചരിക്കുന്നത് തടയാന്‍ പണ്ഡിതന്മാരും പ്രബോധകരും രംഗത്തിറങ്ങുകയും വേണം.
ഈ വിഷയകമായി അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ഏതാനും ഗവേഷകരുടെ അഭിപ്രായങ്ങളാണ് ഇവിടെ എടുത്തു ചേര്‍ക്കുന്നത്. അല്‍ അസ്ഹറില്‍ ഗവേഷകയും അധ്യാപികയുമായ അഹ്മദ് കരീമയുടെ അഭിപ്രായം ശ്രദ്ധേയമാണ്. ഭൂമുഖത്തുണ്ടാകുന്ന വരള്‍ച്ച, അതിവൃഷ്ടി, ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം, പ്രളയം ഇതെല്ലാം ഇസ്‌ലാമിക വീക്ഷണപ്രകാരം പരീക്ഷണങ്ങളാണ്. ഇവയെ മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രതികാരനടപടികളായി വ്യാഖ്യാനിക്കരുത്. അവ ദൈവത്തിന്റെ നടപടിക്രമങ്ങളാണ്, ദൃഷ്ടാന്തങ്ങളാണ്. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്തപിച്ചും ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടുത്തേണമേ എന്ന് നിരന്തരം പ്രാര്‍ഥിച്ചും ദൈവത്തിലേക്ക് വിനയാന്വിതരായി തിരിച്ചു ചെല്ലാനുള്ള ഒരു അവസരമാണിത്. ഒരു കാലഘട്ടവും ഒരു പ്രദേശവും ഇത്തരം ദുരന്തങ്ങളില്‍നിന്ന് വിമുക്തമായിരുന്നില്ല. പ്രവാചകന്മാരുടെ ജീവിത കാലത്തും ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടല്ലോ. പ്രവാചകാഗമനത്തിന്റെ തുടക്കകാലത്ത് ഉഹുദ് പര്‍വതത്തില്‍ ഭൂകമ്പമുണ്ടായിരുന്നു. തീരെ മഴയില്ലാതെ വരള്‍ച്ചയെ അഭിമുഖീകരിച്ച ഘട്ടങ്ങള്‍ നിരവധി. സിറിയയില്‍ ഏതാണ്ടിതേ കാലത്ത് പ്ലേഗ് പടര്‍ന്നു പിടിച്ചിരുന്നു. ജനം മുഴുവന്‍ പട്ടിണിയിലായിപ്പോയ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിനയാന്വിതരായി അല്ലാഹുവിലേക്ക് തിരിച്ചു ചെല്ലാന്‍ പ്രവാചകന്‍ തന്റെ അനുയായികളെ ഉപദേശിക്കുകയുണ്ടായിട്ടുണ്ട്. ഇതൊക്കെയും പരീക്ഷണങ്ങളാണ്.
ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്: ''ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവിന്റേതാണ്; അവനിലേക്കു തന്നെ തിരിച്ചു ചെല്ലേണ്ടവരുമാണ്'' (2:156). പ്രകൃതി ദുരന്തങ്ങളെ ദൈവകോപമായി കാണരുത് എന്നര്‍ഥം. അവയെ പ്രതിരോധിക്കാന്‍ ചില വഴികളും ഖുര്‍ആന്‍ പറഞ്ഞുതരുന്നു. തെറ്റുകളില്‍നിന്ന് പശ്ചാത്തപിക്കുക, സല്‍ക്കര്‍മങ്ങള്‍ ധാരാളമായി ചെയ്തുകൊണ്ടിരിക്കുക പോലുള്ളവ. അത്തരം പ്രകൃതി പ്രതിഭാസങ്ങളുടെ പൂര്‍ണ നിയന്ത്രണം ദൈവത്തിന്റെ പക്കലാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു: ''അല്ലാഹു നിനക്ക് വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അത് തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു'' (10:107). ഇതിന്റെയൊക്കെ ആത്യന്തിക പരിണതി എന്ത് എന്നതും അല്ലാഹുവിന് മാത്രമേ അറിയൂ: ''നിങ്ങള്‍ വെറുക്കുന്ന കാര്യം നിങ്ങള്‍ക്ക് ഗുണകരമായി ഭവിച്ചേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് ദോഷകരമായി എന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല'' (2: 216). അതിവൃഷ്ടിയും പ്രളയവുമൊക്കെ പ്രാപഞ്ചിക പ്രതിഭാസങ്ങളായിരിക്കെ തന്നെ അണക്കെട്ടുകളും പാലങ്ങളും സുരക്ഷാ സങ്കേതങ്ങളും നിര്‍മിച്ചുകൊണ്ട് അവയുടെ ആഘാതം കുറക്കാനുള്ള ശാസ്ത്രീയ അന്വേഷണങ്ങളും മറുവശത്ത് നടക്കേണ്ടതുണ്ട്.
ദുരന്തബാധിതരെ സഹായിക്കുക
അല്‍ അസ്ഹറിലെ തന്നെ അധ്യാപകനായ ഡോ. ഹാമിദ് അബൂത്വാലിബ് ഈ വശമാണ് ഊന്നിപ്പറഞ്ഞത്. ഇസ്‌ലാം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ജീവിത ദര്‍ശനമാണ്. ദുര്‍ബലര്‍ക്കും അഗതികള്‍ക്കും സര്‍വസ്വം നഷ്ടപ്പെട്ടവര്‍ക്കും അഭയം നല്‍കി അവരെ പുനരധിവസിപ്പിച്ചതിന്റെ എത്രയെങ്കിലും മാതൃകകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാനാവും. മക്കയില്‍നിന്ന് വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ അഭയം തേടിയെത്തിയവരെ (മുഹാജിറുകള്‍) സഹാനുഭൂതിയുടെയും സഹകരണത്തിന്റെയും പങ്കുവെക്കലിന്റെയും അനുപമ മാതൃക സൃഷ്ടിച്ച് മദീനയില്‍ പുനരധിവസിപ്പിക്കുകയായിരുന്നല്ലോ അന്നാട്ടുകാര്‍ (അന്‍സ്വാറുകള്‍). ആ അസാധാരണ സഹകരണ മനോഭാവത്തെ ഖുര്‍ആന്‍ എടുത്തു പറയുന്നുമുണ്ട്: ''പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍നിന്ന് മോചിതരായവര്‍ ആരോ അവര്‍തന്നെ വിജയം വരിച്ചവര്‍'' (50: 9). ശരീരത്തിലെ ഒരവയവത്തിന് അസുഖം വന്നാല്‍ ശരീരം മുഴുവന്‍ അതിനു വേണ്ടി പനിക്കുകയും ഉറക്കിളക്കുകയും ചെയ്യുമെന്ന് പ്രവാചകനും പഠിപ്പിച്ചിട്ടുണ്ടല്ലോ. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും ഈ പാഠങ്ങളെല്ലാം പ്രസക്തമാണ്. ദുരിതബാധിതര്‍ക്കുള്ള സേവനം പ്രതിഫലാര്‍ഹമായ വലിയൊരു പുണ്യകര്‍മമാണ്. നന്മയില്‍ മത്സരിക്കാനുള്ള നല്ലൊരു അവസരമാണിത്. മുഴുവന്‍ സന്നദ്ധസംഘടനകളും രംഗത്തിറങ്ങണം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ കണ്ണീരൊപ്പണം. ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലെത്തിച്ച് അവര്‍ക്കാവശ്യമായതെല്ലാം ഒരുക്കിക്കൊടുക്കണം. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തണം. പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതുവരെ ഈ സഹായം തുടരണം. പ്രവാചകന്റെ സഹചാരികള്‍ അനുകരണീയമായ എത്രയോ മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട് ഇക്കാര്യത്തില്‍. മഹാനായ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) ഒരിക്കല്‍ ധാരാളം കച്ചവടച്ചരക്കുകളുമായി സിറിയയില്‍നിന്ന് മദീനയിലെത്തിയപ്പോള്‍ നഗരം വറുതിയുടെ പിടിയിലായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കൊക്കെ വലിയ ക്ഷാമം. കച്ചവടസംഘം എത്തിയെന്നറിഞ്ഞ് ചരക്കുകള്‍ വാങ്ങാനായി ചില്ലറ കച്ചവടക്കാര്‍ ഓടിക്കൂടി. അവര്‍ ചരക്കുകള്‍ വളരെയേറെ വിലകൂട്ടി പറഞ്ഞു. അവര്‍ക്കൊന്നും നല്‍കാതെ ആ ചരക്കുകളത്രയും അവിടത്തെ വിശന്നു പൊരിയുന്ന മനുഷ്യര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് നാം പ്രകൃതി ദുരന്തങ്ങളെ മറികടക്കേണ്ടത്. ദുരന്തങ്ങള്‍ ആപതിച്ച സമൂഹങ്ങള്‍ക്ക് രക്ഷാമാര്‍ഗം കാട്ടിക്കൊടുക്കുന്നതില്‍ എക്കാലത്തും മറ്റെല്ലാ ദര്‍ശനങ്ങളെയും പിന്നിലാക്കാന്‍ ഇസ്‌ലാമിന് കഴിഞ്ഞിട്ടുണ്ട്.
പകര്‍ച്ചവ്യാധികള്‍ തടയുക
അല്‍ അസ്ഹര്‍ ശരീഅ കോളേജ് അധ്യാപകന്‍ ഡോ. മുഹമ്മദ് ദസൂഖി: പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശമുണ്ട്. അത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നത് തടയാനുള്ള മുന്‍കരുതലുകളെടുക്കുക എന്നതാണ് അതില്‍ പ്രധാനം. പ്രകൃതി ദുരന്തങ്ങളോടനുബന്ധിച്ചാവും പലപ്പോഴും പലതരം രോഗങ്ങള്‍ പടരുക. ഇത്തരം സന്ദര്‍ഭങ്ങളെ വളരെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യണം. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടണം. പകര്‍ച്ചവ്യാധിയാണെങ്കില്‍ രോഗബാധിത പ്രദേശത്തുനിന്ന് ആളുകള്‍ മറ്റിടങ്ങളിലേക്ക് പോകുന്നതും മറ്റു നാട്ടുകാര്‍ അങ്ങോട്ടു വരുന്നതും തടയുകയാണ് ആദ്യമായി വേണ്ടത്. രോഗം പകരാതിരിക്കാന്‍ ആദ്യമായി ചെയ്യേണ്ട മുന്‍കരുതലാണിത്. ശരീരവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന രണ്ടാമത്തെ മുന്‍കരുതല്‍.
ദുര്‍വൃത്തികളില്‍നിന്ന് അകന്നു നില്‍ക്കണമെന്ന് ഇസ്‌ലാം കര്‍ശനമായി ആവശ്യപ്പെടുന്നത് സമൂഹത്തെ ഇത്തരം മാരകരോഗങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കൂടിയാണ്. പ്രവാചകന്‍ നമ്മെ ഉണര്‍ത്തുകയുണ്ടായി: 'ദുര്‍വൃത്തികള്‍ വ്യാപിക്കുന്ന ഒരു സമൂഹത്തെ അവരുടെ മുന്‍ഗാമികള്‍ക്കില്ലാത്ത മാരകരോഗങ്ങള്‍ പിടികൂടാതിരിക്കില്ല.' പാശ്ചാത്യ സമൂഹങ്ങളില്‍ ലൈംഗിക അരാജകത്വം വ്യാപിച്ചതിനെ തുടര്‍ന്നാണല്ലോ എയിഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍കരുതലുണ്ടെങ്കില്‍ മാത്രമേ മനുഷ്യന്റെ പ്രതിരോധശേഷിയെ തകര്‍ത്തു കളയുന്ന എയിഡ്‌സിനെ തടയാനാവൂ. തിന്മകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പടരുന്ന ഒരു സമൂഹത്തില്‍ ദൈവത്തിന്റെ ശിക്ഷയിറങ്ങുന്നത് ചിലപ്പോള്‍ മാറാരോഗങ്ങളുടെ രൂപത്തിലായിരിക്കും. നവീന വൈദ്യശാസ്ത്ര കണ്ടെത്തലുകള്‍ വരെ അത്തരം രോഗങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായമാകുന്നത് നാം കാണുന്നുമുണ്ട്. ദൈവം നിര്‍ദേശിച്ച ധാര്‍മിക ജീവിതത്തിലേക്ക് തിരിച്ചു പോവുക മാത്രമേ പരിഹാരമുള്ളൂ. ഒരു സമൂഹത്തിന് എന്തു മാത്രം ശക്തമായ സുരക്ഷാ കവചമാണ് ഇസ്‌ലാമിക ശരീഅത്ത് ഒരുക്കുന്നതെന്ന് ബോധ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണിത്.
പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുക
അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി മുന്‍ റെക്ടര്‍ മുഹമ്മദ് ആശൂര്‍: പ്രകൃതിയില്‍ സംഭവിക്കുന്നതൊക്കെ ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ടതു മുതല്‍ക്കു തന്നെ നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ പ്രകൃതി പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ സര്‍വലോക രക്ഷിതാവിന് മാത്രമറിയുന്ന യുക്തി ഒളിഞ്ഞിരിപ്പുണ്ട്. ആയതിനാല്‍ ക്ഷമിക്കുകയും ദൈവനിശ്ചയത്തെ മനസ്സാ അംഗീകരിക്കുകയുമാണ് വേണ്ടത്. അതിവൃഷ്ടി കൊണ്ടാണല്ലോ വെള്ളപ്പൊക്കമുണ്ടാവുന്നത്. വെള്ളം ദൈവാനുഗ്രഹമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. 'ജീവനുള്ളതൊക്കെയും നാം സൃഷ്ടിച്ചത് വെള്ളത്തില്‍നിന്നാണ്' എന്ന് അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്‍ മഴക്കു വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കാറുമുണ്ടായിരുന്നു. അതിനാല്‍ വെള്ളപ്പൊക്കത്തെ പരീക്ഷണമായി കണ്ട് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് വേണ്ടത്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം അത് ഈമാന്‍ കറകളഞ്ഞെടുക്കാനുള്ള സന്ദര്‍ഭമാണ്. വന്നുപോയ പാപങ്ങള്‍ മായ്ക്കപ്പെടാനും അത് നിമിത്തമായേക്കാം. ദൈവനിഷേധികള്‍ക്ക് ഇതൊക്കെയും ശാപമായും ശിക്ഷയായും അനുഭവപ്പെടുകയും ചെയ്‌തേക്കാം. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്: 'ബുദ്ധിമുട്ടോ ആകുലതയോ വേദനയോ ഉപദ്രവമോ - ഒരു മുള്ള് തറക്കുന്നതു പോലും- ഒന്നും തന്നെ വിശ്വാസിയെ ബാധിക്കുകയില്ല; അതൊക്കെയും അവന്റെ പാപങ്ങള്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കാന്‍ നിമിത്തമായിട്ടല്ലാതെ.' ശിഅ്ബ് അബീത്വാലിബ് താഴ്‌വരയില്‍ ആദ്യകാല മുസ്‌ലിംകള്‍ മൂന്ന് വര്‍ഷമാണ് പൂര്‍ണമായും ഉപരോധിക്കപ്പെട്ട നിലയില്‍ കഴിഞ്ഞത്. സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എത്ര തീക്ഷ്ണമായ പ്രതിസന്ധികളിലൂടെയാണ് അവര്‍ കടന്നുപോയത്! ഉമറു ബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലത്താണ് മദീനയില്‍ കടുത്ത വറുതിയും ക്ഷാമവും പിടിപെട്ടത്. 'വെണ്ണീര്‍ ആണ്ട്' (ആമുര്‍റമാദഃ) എന്നാണത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. വരള്‍ച്ച ബാധിച്ച് മണ്ണ് വെണ്ണീര്‍ നിറമായി മാറിയതുകൊണ്ടാണത്രെ ആ പേരു വന്നത്.
ദൈവകോപമോ?
അല്‍ അസ്ഹറിലെ തന്നെ അധ്യാപികയായ ആമിന നസ്വീര്‍ വിഷയത്തിന്റെ മറ്റൊരു മര്‍മത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭൂകമ്പവും അഗ്നിപര്‍വത സ്‌ഫോടനവും പകര്‍ച്ചവ്യാധികളുമൊക്കെ ഉണ്ടാവുമ്പോള്‍ ജനം ഈ പ്രതിഭാസങ്ങളെ ദൈവകോപമായി കാണുന്ന പ്രവണതയുണ്ട്. മുന്‍കാല പ്രവാചകന്മാരുടെ കാലത്തെ സമൂഹങ്ങളെ അല്ലാഹു നശിപ്പിച്ചതിനോട് ഈ പ്രതിഭാസങ്ങളെ ചേര്‍ത്തു പറയുകയും ചെയ്യുന്നു. ഈ ചേര്‍ത്തിപ്പറയല്‍ ശരിയല്ല. ധിക്കാരികളായ സമൂഹങ്ങളെ നശിപ്പിച്ചു എന്നത് അല്ലാഹു അതത് പ്രവാചകന്മാര്‍ക്ക് നല്‍കിയ അമാനുഷ ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസാത്ത്) ആയിരുന്നു. പ്രവാചക ദൗത്യവുമായി മുന്നോട്ടു പോകാന്‍ അതൊരു അനിവാര്യതയായിരുന്നു. പ്രവാചകത്വ പരമ്പര അവസാനിച്ചതോടുകൂടി ഇത്തരം അമാനുഷ ദൃഷ്ടാന്തങ്ങള്‍ ഇനി ആവര്‍ത്തിക്കുകയില്ല.
ശാസ്ത്രം വളരെയേറെ വികസിച്ചുകഴിഞ്ഞ ഇന്നത്തെ കാലത്ത് ഓരോ പ്രതിഭാസത്തെക്കുറിച്ചും ആഴത്തിലുള്ള പഠനം ഇന്ന് സാധ്യമാണ്. ആ അറിവുകളെ പ്രയോജനപ്പെടുത്തി ഇവയെ ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം തെറ്റായ വ്യാഖ്യാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കും. പണ്ഡിതന്മാര്‍ക്കും പ്രബോധകര്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നശിപ്പിക്കപ്പെട്ട മുന്‍കാല സമുദായങ്ങളെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളുമായി പ്രകൃതി ദുരന്തങ്ങളെ ബന്ധിപ്പിക്കാതിരിക്കുക. ശരിയായ ശാസ്ത്രീയ അവബോധം അവരിലുാക്കുക. ഇതൊക്കെയും പരീക്ഷണങ്ങളാണെന്നും അവയെ ക്ഷമയോടെ നേരിടേണ്ടതുണ്ടെന്നുമുള്ള ഖുര്‍ആനിക പാഠം അവരെ പഠിപ്പിക്കുക. നദികളുടെ പുറമ്പോക്കിലും മറ്റും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതാണ് പ്രളയത്തിന് കാരണമാകുന്നതെങ്കില്‍ അവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള ശാസ്ത്രീയാവബോധം പകര്‍ന്നുനല്‍കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം തെറ്റുകള്‍ തിരിച്ചറിയപ്പെടാതെ പോവുകയും അവ ആവര്‍ത്തിക്കപ്പെടുകയും ദുരന്തങ്ങള്‍ നമ്മുടെ കൂടപ്പിറപ്പാവുകയും ചെയ്യും.
Comments