അബൂബക്ര്‍ മുഹമ്മദ് ബിന്‍ യഹ്‌യാ ബിന്‍ സകരിയ അര്‍റാസി (Galen of Arabs)
ഇസ്‌ലാമിക ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തിലെ മഹാ ജ്ഞാനികളില്‍ എണ്ണപ്പെടുന്ന ചിന്തകനും വൈദ്യശാസ്ത്ര പണ്ഡിതനുമായ, പാശ്ചാത്യര്‍ റാസെസ് (Rhazes) എന്ന് വിളിക്കുന്ന അബൂബക്ര്‍ മുഹമ്മദ് ബിന്‍ യഹ്‌യാ ബിന്‍ സകരിയ അര്‍റാസിയുടെ ജന്മദിനമാണ് വരുന്ന ആഗസ്റ്റ് 27. ലോക വൈദ്യശാസ്ത്രത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രതിഭയാണ് റാസി. ക്രി. 854-ല്‍ ഇറാനിലെ റയ്യ് പട്ടണത്തിലാണ് റാസിയുടെ ജനനം. പേര്‍ഷ്യന്‍ പണ്ഡിതന്‍, വൈദ്യശാസ്ത്ര നിപുണന്‍, സംഗീതജ്ഞന്‍, രസതന്ത്രജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വജ്ഞാനി എന്നീ നിലകളില്‍ അറിയപ്പെട്ട റാസിയുടെ മുഖ്യ പ്രവര്‍ത്തനമേഖല വൈദ്യശാസ്ത്രമായിരുന്നു. വൈദ്യശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് അക്കാലത്ത് ലഭിച്ചത്. പശ്ചിമേഷ്യയിലെ പ്രശസ്ത സംഗീത ഉപകരണമായ ഊദിന്റെ വായനയില്‍ അദ്ദേഹത്തിന്റെ പേര് ഇപ്പോഴും സ്മരിക്കപ്പെടുന്നുണ്ട്.
വൈദ്യമേഖലയിലേക്ക് തിരിയും മുമ്പ് തത്ത്വജ്ഞാനം, ഗണിതശാസ്ത്രം എന്നിവയില്‍ തന്റേതായ ഇടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. വൈദ്യശാസ്ത്ര സംജ്ഞകള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തി അവക്ക് മാനുഷിക-ധാര്‍മിക വശങ്ങള്‍ കൂടിയുണ്ടെന്ന് ഓര്‍മപ്പെടുത്തിയാണ് റാസി ഈ ലോകത്തോട് വിട പറഞ്ഞത്. വൈദ്യശാസ്ത്രം സാങ്കേതികമായി അത്രയൊന്നും മേല്‍ക്കൈ നേടാത്ത കാലത്ത് രോഗ ശുശ്രൂഷ ദൈവ മാര്‍ഗത്തിലെ ഏറ്റവും വലിയ സമരമാണെന്ന് തിരിച്ചറിഞ്ഞ റാസിയുടെ സംഭാവനകള്‍ പില്‍ക്കാലത്ത് ആ മേഖലയെ തന്നെ മാറ്റിമറിച്ചതില്‍ അത്ഭുതപ്പെടാനില്ല.
ഒരു ഘട്ടത്തില്‍ വൈദ്യശാസ്ത്രം നേരിട്ട വലിയ വെല്ലുവിളികളിലൊന്നായിരുന്നു വസൂരിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുക എന്നത്. വസൂരി (Small-pox), പൊങ്ങന്‍ പനി (Chicken-pox), അഞ്ചാം പനി (Measles) തുടങ്ങിയ അക്കാലത്തെ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു് റാസി തന്റെ പഠനങ്ങളില്‍. അഞ്ചാം പനിയും വസൂരിയും ലക്ഷണങ്ങള്‍ കൊണ്ട് തിരിച്ചറിയുക പ്രയാസമാണ്. രോഗിയുമായുള്ള സഹവാസത്തിലൂടെ പെട്ടെന്ന് തന്നെ മറ്റൊരു ശരീരത്തിലേക്ക് വ്യാപിക്കുന്ന വസൂരി രോഗിയുടെ ശരീരത്തിലുണ്ടാക്കുന്ന തടിപ്പും (Rash) അഞ്ചാം പനിയുടെ ലക്ഷണങ്ങളും ഏറക്കുറെ ഒരുപോലെയാണ്. ക്രി. 900-ല്‍ റാസി നടത്തിയ പഠനങ്ങളാണ് ലോകത്താദ്യമായി ഒരേ ലക്ഷണങ്ങള്‍ കാണിക്കുന്ന പ്രസ്തുത രോഗങ്ങളെ ഗവേഷണത്തിനു വിധേയമാക്കി അവക്ക് വെവ്വേറെ ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയത്. ഈ അടുത്ത കാലം വരെ യൂറോപ്പില്‍ പോലും ഈ രണ്ടു അസുഖങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കി ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 1751-ലാണ് തോമസ് സിഡ്‌നം എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ അഞ്ചാം പനിയില്‍നിന്ന് വസൂരിയുടെ ലക്ഷണങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കി ചികിത്സ നടത്താന്‍ തുടങ്ങിയത്. വസൂരിയുടെയും അഞ്ചാം പനിയുടെയും ചികിത്സാ വിധികളെക്കുറിച്ച് റാസി എഴുതിയ A Treatise on Smallpox and Measles എന്ന ഗ്രന്ഥത്തെ കവച്ചു വെക്കുന്ന മറ്റൊരു ഗ്രന്ഥവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെയും ലോകത്ത് എഴുതപ്പെട്ടിട്ടില്ല. നെതര്‍ലാന്റ്‌സിലെ ലൈഡന്‍ യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്തു കൃതി ലഭ്യമാണ്.
ശരീരത്തിന്റെ നാഡിമിടിപ്പുകളെ സ്പര്‍ശനത്തിലൂടെ തൊട്ടറിഞ്ഞുള്ള റാസിയുടെ ചികിത്സാ രീതി രോഗികളില്‍ വലിയ ആശ്വാസമുാക്കുമായിരുന്നു. കുറഞ്ഞ അളവിലുള്ള മരുന്ന് പ്രയോഗത്തിലൂടെ ശരീരത്തിന്റെ പ്രതിരോധശക്തി നിലനിര്‍ത്തി അസുഖം പൂര്‍ണമായും മാറ്റിയെടുക്കുന്ന ചികിത്സാ രീതികളില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം അപാരമായിരുന്നു. ശരീരത്തേക്കാള്‍ രോഗിയുടെ മനസ്സിനെ ചികിത്സിക്കൂ എന്നാണ് അദ്ദേഹം ലോകത്തെ പഠിപ്പിച്ചത്. റാസിയുടെ വൈദ്യപാടവം തന്റെ നാടിന് വേണ്ടി തന്നെയാണ് അദ്ദേഹം ഏറ്റവും കൂടുതലായി വിനിയോഗിച്ചത്.
ഗാലനിക്ക് സിദ്ധാന്തങ്ങള്‍ക്കു ശേഷം യൂറോപ്പ് വൈദ്യശസ്ത്രത്തെ കൂടുതല്‍ അടുത്തറിയുന്നത് റാസിയുടെ ഗഹനമായ പഠനങ്ങളിലൂടെയാണ്. അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത് ലാറ്റിന്‍, ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുകയും പാശ്ചാത്യലോകത്തെ യൂനി വേഴ്‌സിറ്റികളില്‍ പഠിപ്പിക്കപ്പെടുകയും ചെയ്തു. യൂറോപ്പിലെ ജ്ഞാനോദയകാലത്ത് റാസിയും അദ്ദേഹത്തിന്റെ ചിന്തകളും പാശ്ചാത്യവത്കരിക്കപ്പെടുകയാണുായത്.
ഗാലനിക്ക് സിദ്ധാന്തങ്ങളും ഇസ്‌ലാമിക ലോകവും
വൈദ്യലോകത്തിന് ഗ്ലോഡിയസ് ഗാലന്‍ എന്ന ഗുരുനാഥനെ മറക്കുക അസാധ്യമാണ്. ഗാലന്‍ സിദ്ധാന്തങ്ങളെ മനസ്സിലാക്കി തന്റേതായ കണ്ടെത്തലുകളിലൂടെ അവയെ നിരൂപണം നടത്തുകയായിരുന്നു റാസി. ഗ്ലോഡിയസ് ഗാലന്‍ റോമിലെ പ്രശസ്തനായ തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ലോകം അടുത്തറിയുന്നത് തന്റെ വൈദ്യശാസ്ത്ര സംഭാവനകളിലൂടെയാണ്. ഗാലന്റെ ഗവേഷണങ്ങളിലൊന്നായിരുന്നു മനുഷ്യ ശരീരത്തില്‍ മൂത്രം (Urine) ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കിഡ്‌നിയിലാണെന്ന കണ്ടെത്തല്‍. മൂത്ര സഞ്ചിയില്‍ (Bladder) മൂത്രം ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നായിരുന്ന ലോകത്ത് അതുവരെയുള്ള വിശ്വാസം.
ഗാലന്റെ വൈദ്യശാസ്ത്ര കൃതികള്‍ അറബി ഭാഷയിലേക്ക് തര്‍ജമ ചെയ്തത് മുഖ്യമായും ഹുനയ്ന്‍ ബിന്‍ ഇസ്ഹാഖ് എന്ന ക്രിസ്തീയ പണ്ഡിതനാണ്. ഗാലന്റെ ബൃഹത്തായ വൈദ്യശാസ്ത്ര ഗ്രന്ഥവും ഹുനയ്ന്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടു്. തന്റെ ഭാഷാ പരിജ്ഞാനം പ്രയോജനപ്പെടുത്തി ഇസ്‌ലാമിക ലോകത്തിന് അന്യമായിരുന്ന പല ഗ്രന്ഥങ്ങളും സിറിയക്, ഗ്രീക്ക് ഭാഷകളില്‍നിന്ന് അറബിയിലേക്ക് അദ്ദേഹം തര്‍ജമ ചെയ്തു. അദ്ദേഹത്തിന്റെ പരിഭാഷാ വൈദഗ്ധ്യം അറബികള്‍ക്കിടയില്‍ അദ്ദേഹത്തെ പരിഭാഷയുടെ കുലപതിയാക്കി (The Sheikh of the Translators). അറബി പരിഭാഷയുടെ പിതാവെന്ന നിലയിലും (The Father of Arab Translation) അദ്ദേഹം പ്രശസ്തനാണ്. 'Doubts on Galen' (റാസിയുടെ ഗാലനിക്ക് സിദ്ധാന്തങ്ങളെ വസ്തുനിഷ്ഠമായി നിരൂപണം ചെയ്യുന്ന ഗ്രന്ഥം) അറബ് ലോകത്ത് പരിചയപ്പെടുത്തിയതിലും ഹുനയ്ന്‍ ഇസ്ഹാഖിന്റെ പങ്ക് ചെറുതല്ല. ഗാലന്‍ സിദ്ധാന്തങ്ങളിലൂടെ റാസി അറബ് ലോകത്തെ ഗാലനായി (Galen of Arabs) അറിയപ്പെട്ടു.
റാസിയുടെ പ്രശസ്ത ഗ്രന്ഥശേഖരങ്ങള്‍
20 വാള്യങ്ങളില്‍ എഴുതപ്പെട്ട അദ്ദേഹത്തിന്റെ പ്രശസ്ത വൈദ്യശാസ്ത്ര വിജ്ഞാനകോശം 'The Comprehensive Book on Medicine' (കിതാബുല്‍ ഹാവി ഫിത്ത്വിബ്ബ്) ലാറ്റിനിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിരുന്നു. ഗ്രീക്ക്, സിറിയ, പേര്‍ഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വൈദ്യശാസ്ത്ര ചികിത്സാ രീതികളെ കുറിച്ചുള്ള വിവരണങ്ങള്‍ ഈ പറഞ്ഞ ഗ്രന്ഥത്തില്‍ കാണാം. 1279-ല്‍ ഇറ്റലിയിലെ സിസിലിയിലെ രാജാവിന്റെ കോടതിയിലെ പണ്ഡിതനും വൈദ്യശാസ്ത്ര വിഞാനീയങ്ങളില്‍ അവഗാഹമുള്ള ആളുമായ ജൂത ഭിഷഗ്വരന്‍ ഫറജ് ബിന്‍ സലേം എന്ന 'ഫെറാഗുസ്' പ്രസ്തുത ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്തു. 1486 -ല്‍ ഗ്രന്ഥത്തിന്റെ പ്രഥമ പതിപ്പ് ഇറ്റലിയിലെ തന്നെ ബ്രേഷ്യയില്‍നിന്ന് പുറത്തിറങ്ങി. മധ്യകാലഘട്ടത്തിലെ വൈദ്യശാസ്ത്ര ശേഖരങ്ങളില്‍ പ്രമുഖ സ്ഥാനമു് ഈ കൃതിക്ക്.
റയ്യ് പട്ടണത്തിലെ അന്നത്തെ ഭരണാധികാരി അബു സ്വാലിഹ് അല മന്‍സൂര്‍ ബിന്‍ ഇസ്ഹാഖിന് വേണ്ടി എഴുതിയ കിതാബുല്‍ മന്‍സ്വൂര്‍ ഫിത്ത്വിബ്ബ് റാസിയുടെ വൈദ്യശാസ്ത്ര കണ്ടെത്തലുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. അബൂ സ്വാലിഹ് അല്‍ മന്‍സൂര്‍ എന്ന പേരില്‍ തന്നെയാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത്. 'വൈദ്യന്‍ ഹാജരില്ലാത്തപ്പോള്‍ ചെയ്യേത്' എന്ന പുതുമയുള്ള പുസ്തകത്തില്‍, ഡോക്ടറുടെ സേവനം ലഭ്യമല്ലാത്ത അവസ്ഥയില്‍ ഒരു രോഗിക്ക് സ്വയം ചികിത്സ നടത്തി ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നുകളും അവ പ്രയോഗിക്കേണ്ട ശാസ്ത്രീയ രീതികളും നിര്‍ദേശിക്കുന്നു. 'കിതാബുല്‍ മുര്‍ശിദ്' ഗ്രന്ഥം വൈദ്യ വിദ്യാര്‍ഥികള്‍ക്കുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ അടങ്ങിയതാണ്. 'കുതൈബ് അന്‍ അംറാളില്‍ അത്വ്ഫാല്‍ വ രിആയതിഹിം' എന്ന തലക്കെട്ടില്‍ കുട്ടികള്‍ക്കായി എഴുതിയ അറബിയിലെ ആദ്യത്തെ ഏകവിഷയ പ്രബന്ധം റാസിയുടെ മികച്ച സംഭാവനകളിലൊന്നാണ്. ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയ പ്രസ്തുത ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് Booklet on the Ailments of Children and their Care എന്ന തലക്കെട്ടോടെ പിന്നീട് പുറത്തിറക്കി. 24 അധ്യായങ്ങളുള്ള ഗ്രന്ഥം നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്പെടുന്നതാണ്. ഈ പ്രബന്ധത്തെ അടിസ്ഥാനമാക്കി ലോകത്ത് ധാരാളം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടു. 1472-ല്‍ പുറത്തിറങ്ങിയ ശിശു രോഗത്തെക്കുറിച്ച ഗ്രന്ഥങ്ങളിലൊന്നായ The Illness of Infant, റാസിയുടെ Booklet on the Ailments of Children and their Care എന്ന പ്രബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു.
ഒരേ വിഭാഗത്തിലുള്ള വസ്തുക്കളെ ഇനങ്ങളും വര്‍ഗങ്ങളുമാക്കി അവയുടെ അവസ്ഥകള്‍ നിരീക്ഷിച്ച് ചികിത്സ ലഭ്യമാക്കുന്ന ആശയം (The Concept of Control Group) വൈദ്യശാസ്ത്ര ലോകത്ത് ആദ്യമായി അവതരിപ്പിച്ചതിന് പിന്നില്‍ റാസിയുടെ പഠനങ്ങളാണെന്ന് യൂറോപ്പ് പോലും അംഗീകരിക്കുന്ന വസ്തുതയാണ്. പ്രസ്തുത ആശയം കൂടുതല്‍ പ്രസക്തമായ ഇന്നത്തെ കാലത്ത് റാസിയെന്ന പണ്ഡിതനെ ഓര്‍മിക്കാതെ ലോകത്തിന് കടന്നുപോകാനാ വില്ലെന്ന് വന്നിരിക്കുന്നു.
രസതന്ത്രത്തിലും റാസിയുടേതായ സംഭാവനകളുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ 14-ഓളം ഗ്രന്ഥങ്ങള്‍ രസതന്ത്ര ശാസ്ത്രത്തെ മാത്രം അടിസ്ഥാനമാക്കി അദ്ദേഹം രചിച്ചു. കിതാബുസിര്‍റ് (The Book of Secret) സിര്‍റുല്‍ അസ്‌റാര്‍ (The Secret of Secrets) തുടങ്ങിയ ഗ്രന്ഥങ്ങള്‍ രസതന്ത്രത്തിന് വളരെയേറെ മുതല്‍ക്കൂട്ടായിട്ടു്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റാസിയുടെ ഗ്രന്ഥങ്ങള്‍ യൂറോപ്പിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൗലിക വൈദ്യശാസ്ത്ര ശേഖരങ്ങളുടെ (Fundamental Texts) ഭാഗമാക്കി.
ഇറാനില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 27-ന് റാസിയുടെ വൈദ്യമേഖലയിലെ സംഭാവനകള്‍ സ്മരിക്കപ്പെടാറുണ്ട്. Pharmacy Day എന്നാണ് ആ ദിവസത്തെ ഇറാനികള്‍ അഭിമാനപൂര്‍വം വിളിക്കുന്നത്. ഇറാനിലെ റാസി യൂനിവേഴ്‌സിറ്റി, റാസി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിറം ആന്റ് വാക്‌സിന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ റാസിയുടെ സ്മാരകങ്ങളാണ്. വൈദ്യശാസ്ത്രം വളരെ അഭിവൃദ്ധി പ്രാപിച്ച പുതിയ കാലത്തും, കണ്ടുപിടിക്കപ്പെട്ട പല ശാസ്ത്ര ശാഖകള്‍ക്കു പിന്നിലും റാസിയെപോലുള്ള ഒരുപാട് മഹാരഥന്മാരുടെ കണ്ടെത്തലുകളുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.
Comments