Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

പെരുന്നാള്‍ നിറവില്‍ പ്രളയക്കെടുതിക്കിരയായവരെ ഓര്‍ക്കണം

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍,JIH കേരള)

ലോകം വീണ്ടും ബലിപെരുന്നാളിന്റെ നിറവിലേക്ക്. യുഗപുരുഷനായ ഇബ്‌റാഹീം നബി(അ)യിലേക്കും കുടുംബത്തിലേക്കും അവരുടെ കേന്ദ്രങ്ങളിലൊന്നായ മക്കയിലേക്കും ലോകത്തിന്റെ ശ്രദ്ധ തിരിയുന്ന കാലം. ദൈവത്തിന്റെ വിളിക്കുത്തരം നല്‍കി  ആഗോള മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധികള്‍ മക്കയിലേക്ക് പ്രവഹിക്കുന്നു. മക്കയിലെത്തിയ ഹാജിമാരോട് താദാത്മ്യപ്പെട്ട് നോമ്പനുഷ്ഠിക്കുന്നവരും ബലിയറുക്കുന്നവരുമായ ജനകോടികള്‍. അല്ലാഹു അക്ബര്‍...

തന്റെ മിത്രമെന്ന് സ്ഥാനപ്പേര് നല്‍കി അല്ലാഹു ഇബ്‌റാഹീമിനെ ആദരിച്ചു. കാരണം അദ്ദേഹം ജനങ്ങളുടെ നേതാവാകാന്‍ യോഗ്യത നേടി. ഏതെങ്കിലും ഒരു സവിശേഷ കാലത്തിന്റെ നേതൃത്വമല്ല, പ്രപഞ്ചത്തിന്റെ ആയുസ്സിനോളം നീണ്ടു കിടക്കുന്നുണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നേതാവല്ല, മുഴുവന്‍ മനുഷ്യ സമൂഹത്തിന്റെയും. 

ഇബ്‌റാഹീം വിശ്വപൗരനാണ്. ദേശീയമോ വംശീയമോ ആയ അതിര്‍വരമ്പുകളാല്‍ അദ്ദേഹം നിര്‍ണയിക്കപ്പെടുന്നില്ല. ജന്മദേശത്തു നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടപ്പോള്‍ എത്തിപ്പെട്ട ഭൂഭാഗത്ത് 'ദേശീയത'യുടെ വേലിക്കെട്ടുകളുയര്‍ത്തി, തന്റേതു മാത്രമാക്കുകയായിരുന്നില്ല, സര്‍വ മനുഷ്യര്‍ക്കും ആ ഭൂമിയിലേക്ക് സ്വാഗതമാശംസിക്കുകയായിരുന്നു ഇബ്‌റാഹീം. ആ നാടിന്റെ സുഭിക്ഷതക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത അദ്ദേഹം ദേശീയതയുടെ പേരില്‍ ലക്ഷങ്ങളെ അഭയാര്‍ഥികളാക്കി ആട്ടിപ്പായിക്കുന്ന സമകാലിക ഭരണകൂടങ്ങളുടെ എതിര്‍ദിശയിലാണ് എഴുന്നേറ്റു നില്‍ക്കുന്നത്. സ്വദേശിയോ അഭയാര്‍ഥിയോ എന്ന വേര്‍തിരിവില്ലാതെ മനുഷ്യന്റെ അടിസ്ഥാന മൗലികാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി, സുഭിക്ഷതക്കും സുരക്ഷക്കും വേണ്ടിയാണ് അദ്ദേഹം അല്ലാഹുവിനോട് ഇരന്നത്. ഇബ്‌റാഹീമിന് മനുഷ്യന്‍ ഒരു വര്‍ഗത്തിന്റെ പേരല്ല, ഒരു വികാരമാണ്.

അപരനു വേണ്ടി കത്തിനിന്ന, ജീവിതം കത്തിച്ചുകളഞ്ഞ മനുഷ്യസ്‌നേഹിയാണ് ഇബ്‌റാഹീം (അ). തന്നെ ആട്ടിയകറ്റിയപ്പോള്‍ തനിക്ക് വന്നുപെട്ട ദുരവസ്ഥയല്ല, തന്നെ പുറത്താക്കിയവരുടെ ഭാവിയെ സംബന്ധിച്ചായിരുന്നു ആ മനസ്സ് വ്യാകുലപ്പെട്ടത്. ഇത്രമേല്‍ മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ആദര്‍ശമാണ് ഇബ്‌റാഹീമിന്റേത്. ലൂത്വിന്റെ ധിക്കാരികളായ സമൂഹത്തെ നശിപ്പിക്കാനെത്തിയ  മാലാഖമാര്‍ക്കു മുന്നില്‍ മനുഷ്യസ്‌നേഹത്തിന്റെയും അലിവിന്റെയും പര്‍വതസമാന പ്രതിരോധം തീര്‍ത്തിട്ടുണ്ട്, ഇബ്‌റാഹീം. കല്ലെറിയുമെന്ന് ഭീഷണിപ്പെടുത്തിയ പിതാവിനെയും ആ കാരുണ്യക്കടല്‍ തഴുകാതിരുന്നില്ല. 

ഇബ്‌റാഹീം അല്ലാഹുവിനെ ഉപാധികളില്ലാതെ സ്‌നേഹിച്ചു. ആ സ്‌നേഹത്തെ കവിഞ്ഞു നില്‍ക്കാവുന്ന എല്ലാ സാധ്യതകളെയും  അദ്ദേഹം അടച്ചുകളഞ്ഞു. ഇബ്‌റാഹീമിന് ശത്രുവുണ്ടായിരുന്നു. പിശാചെന്ന ഒരൊറ്റ ശത്രു മാത്രം. നാഥന്റെ വഴിയില്‍ പ്രകോപനങ്ങളും പ്രലോഭനങ്ങളുമായി തടസ്സം തീര്‍ത്തപ്പോഴൊക്കെയും ഇബ്‌റാഹീം ഇബ്‌ലീസിനെ കല്ലെറിഞ്ഞോടിച്ചു. മറ്റുള്ളവരോടൊക്കെയും തികഞ്ഞ ഗുണകാംക്ഷയും സ്‌നേഹവുമായിരുന്നു ഇബ്‌റാഹീം പുലര്‍ത്തിയത്. നിര്‍ഭയത്വവും സുഭിക്ഷതയുമുള്ള ഒരു സാമൂഹികാന്തരീക്ഷം പുലരണമെന്ന് അതിയായി കൊതിച്ചു. തന്റെ മാര്‍ഗത്തില്‍ കടന്നുവരുന്നവര്‍ക്ക് മാത്രമല്ല, എല്ലാവരുടെയും സുഭിക്ഷതക്കായി പ്രാര്‍ഥിക്കാന്‍ അല്ലാഹു ഇബ്‌റാഹീമിനെ പഠിപ്പിച്ചു.

ദൈവമാര്‍ഗത്തില്‍ ഇറങ്ങി പുറപ്പെട്ട ഇബ്‌റാഹീമിന് കൂട്ടായി കുടുംബമുണ്ടായിരുന്നു. ദൈവപ്രീതിക്കുവേണ്ടി സര്‍വതും സമര്‍പ്പിക്കാന്‍ ആ കുടുംബത്തെ ഇബ്‌റാഹീം സജ്ജമാക്കി. ഏതൊരു പിതാവിന്റെയും കണ്ണുതള്ളിപ്പോകുന്ന ആ സ്വപ്‌നദര്‍ശനമുണ്ടല്ലോ, പ്രവാചകന്‍ അതിനെ അക്ഷോഭ്യനായി നേരിട്ടു. ഏതൊരു സ്ത്രീയും തളര്‍ന്നു പോകുന്ന ഇണയുടെ തിരിഞ്ഞുനടത്തമുണ്ടല്ലോ, ഹാജറക്ക് പരാതിയില്ലായിരുന്നു. ബലിക്കല്ലിലെ കഠാരസ്പര്‍ശമേല്‍ക്കാതിരിക്കാന്‍ ഇസ്മാഈല്‍ കുതറിനിന്നതുമില്ല. ലൂത്വ് സദൂമിലും ഇസ്ഹാഖ് ഇറാഖിലും അനീതിയോട് പോരടിച്ചുനിന്നു. ഇബ്‌റാഹീം, സാറ, ഹാജറ, ഇസ്മാഈല്‍, ഇസ്ഹാഖ്, ലൂത്വ്- നന്മയുടെ പക്ഷം ചേരുന്ന ആര്‍ക്കും ഉള്‍പ്പുളകത്തോടു കൂടി മാത്രമേ അവരെ സ്മരിക്കാനാവൂ.  ആ കുടുംബം നടത്തിയ മഹാത്യാഗം, സമര്‍പ്പണം, സഹനം, സമരം-മാനവതക്ക് ജീവിത യാഥാര്‍ഥ്യത്തിന്റെ സംസം നുകരാനായത് ഈ കുടുംബത്തിന്റെ പിടച്ചിലില്‍നിന്നാണ്. 'ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും  നിങ്ങള്‍ക്ക് വിശിഷ്ടമായ മാതൃകയുണ്ട്' (60:4). സഹസ്രാബ്ദങ്ങളായി  മക്കയിലെത്തി  ഹജ്ജ് നിര്‍വഹിക്കുന്നതിലൂടെ ആ കുടുംബത്തിന്റെ കാലടിപ്പാടുകള്‍ പിന്തുടരുമെന്ന് പ്രഖ്യാപിക്കുകയാണ് വിശ്വാസികള്‍. ത്യജിക്കാന്‍ സന്നദ്ധരാണെന്ന് പ്രഖ്യാപിക്കുകയാണ് ബലിയറുക്കുന്നവര്‍.

ഹജ്ജ് മനുഷ്യസമൂഹത്തിന്റെ ഏകതയെയാണ് ഉദ്‌ഘോഷിക്കുന്നത്. അല്ലാഹുവിന്റെ അടിമകളെന്ന ഏക പോയിന്റില്‍ മനുഷ്യസമൂഹം ഒന്നാകുന്നു. മത്വാഫ്, മുസ്ദലിഫ, മിന, അറഫ, ജംറ എവിടെയും ഒരു വിവേചനവുമില്ല.  വര്‍ഗ- ദേശ- ലിംഗ വ്യത്യാസങ്ങളില്ലാതെ മനുഷ്യര്‍ ഒന്നാകുന്നു എന്നാണ് ഹജ്ജ് പഠിപ്പിക്കുന്നത്. ഇത്രയും ജനപങ്കാളിത്തമുള്ളതും ചരിത്രത്തിലേക്കും  ഭാവിയിലേക്കും ആകാശത്തേക്കും ഭൂമിയിലേക്കും നീണ്ടുകിടക്കുന്നതുമായ മറ്റൊരു സാമൂഹിക ആരാധനയും ഇല്ല എന്നത് മനുഷ്യന്റെ ഏകത എന്ന അടിസ്ഥാന പ്രകൃതത്തെയാണ് അടിവരയിടുന്നത്.

ഇവിടെ ഇത്തവണ ബലിപെരുന്നാളിനൊപ്പം ഓണവുമുണ്ട്. ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്ന ദൗത്യമാണ് ആഘോഷങ്ങള്‍ നിര്‍വഹിക്കുന്നത്. വ്യക്തികളും സമുദായങ്ങളും ഇഴയടുപ്പങ്ങളെ ബലപ്പെടുത്താന്‍ ആഘോഷവേളകളെ ഉപയോഗപ്പെടുത്തണം, വിശേഷിച്ചും സാമുദായികവും വര്‍ഗീയവുമായ ധ്രുവീകരണം ശക്തിപ്പെടുന്ന ഇക്കാലത്ത്.

ഇടമുറിയാത്ത മഴയും പ്രളയവും തീര്‍ത്ത കെടുതിയുടെ നടുവിലാണ് കേരളം. നിരവധി പേര്‍ മരണപ്പെട്ടു. ആയിരങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. കോടികളുടെ സാമ്പത്തിക നഷ്ടം. ദിവസങ്ങള്‍ അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍. പെരുന്നാളില്‍ അവര്‍ നമ്മുടെ മനസ്സിലുണ്ടാകണം. അവര്‍ക്ക് ആശ്വാസം നല്‍കുകയും അവരെ പ്രാര്‍ഥനയില്‍ പങ്കുചേര്‍ക്കുകയും കൂടി ചെയ്യുമ്പോഴാണ് പെരുന്നാളിന്റെ ഉത്തമമൂല്യങ്ങളുടെ വക്താക്കളായി മാറാന്‍ നമുക്കാവുക. വലില്ലാഹില്‍ ഹംദ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍