ജുമുഅ ഖുത്വ്ബ, ഖത്വീബ് മാത്രമാണോ ഉത്തരവാദി?
മുഹമ്മദ് കുട്ടി എളമ്പിലാക്കോടിന്റെ 'ജുമുഅ ഖുത്വ്ബ-ശ്രോതാവിന്റെ സങ്കടങ്ങള്‍' എന്ന കത്തിന് (3062) ചില കൂട്ടിച്ചേര്‍ക്കലുകളാണ് ഈ കുറിപ്പ്. ഖത്വീബ് ഖുത്വ്ബക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങളും അതിലെ ആശയ ദൗര്‍ബല്യങ്ങളും, സമൂഹത്തെയും സമുദായത്തെയും അഭിസംബോധന ചെയ്യുന്നതില്‍ ഖത്വീബുമാരുടെ പരാജയവുമൊക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. ഖുത്വ്ബയുടെ ഗാംഭീര്യവും അവതരണ ഭംഗിയും ഇസ്‌ലാമിക-സമകാലിക സ്പര്‍ശവും ആധികാരികതയും പാണ്ഡിത്യവും ഖത്വീബിന്റെ വ്യക്തിത്വവുമെല്ലാം കാരണം വിദൂരങ്ങളില്‍നിന്നു വരെ ഖുത്വ്ബ കേള്‍ക്കാന്‍ വിശ്വാസികള്‍ പാഞ്ഞെത്തുന്ന മസ്ജിദുകള്‍ നാടുകളല്‍ ധാരാളമുണ്ട് എന്നത് നിഷേധിക്കാവതല്ല. അത്തരം യാതൊരു പരാമര്‍ശവും കത്തില്‍ കണ്ടില്ല. എല്ലാ മേഖലകളിലുമെന്ന പോലെ മിമ്പറിലും കഴിവും യോഗ്യതയും കുറഞ്ഞവരും പരമ്പരാഗത ശൈലി പിന്തുടരുന്നവരുമുണ്ട് എന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷേ, ജുമുഅ പ്രഭാഷണത്തിന്റെ നിലവാരം കുറയുന്നതിന് നിലവിലുള്ള ഖത്വീബുമാരെ മാത്രം കുറ്റപ്പെടുത്താനാവുമോ?
മിമ്പറില്‍ കയറാന്‍ കൂട്ടാക്കാതെ മാറിനില്‍ക്കുന്ന കഴിവുള്ള നിരവധി വ്യക്തിത്വങ്ങളെ എനിക്ക് വ്യക്തിപരമായി അറിയാം. വളരെ അനിഷ്ടത്തോടെ ഖുത്വ്ബ പറയുന്നവരുമുണ്ട്. നിര്‍ബന്ധിത സാഹചര്യം കൊണ്ട് മിമ്പറില്‍ കയറുന്നവരും ധാരാളം. കാരണങ്ങള്‍ ചികയുമ്പോഴാണ് വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കുക. മസ്ജിദിലെ മൈക്ക്-ശബ്ദ സംവിധാനം അതില്‍ പ്രധാന വില്ലനാണ്. പണ്ടെങ്ങാണ്ടോ ഫിറ്റ് ചെയ്ത ആംപ്ലിഫയറും ഗുണമേന്മ കുറഞ്ഞ ശബ്ദക്രമീകരണങ്ങളും ഖത്വീബിനെയും ശ്രോതാവിനെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്നു. ശബ്ദവിന്യാസവും അതിന്റെ ഏറ്റക്കുറച്ചിലുകളും പ്രഭാഷണ കലയുടെ അവിഭാജ്യ ഘടകങ്ങളാണ്. മൈക്കിലൂടെ അത് വേണ്ടവിധം പ്രതിഫലിപ്പിക്കാനാകാതെ വരുമ്പോള്‍ പ്രഭാഷകനുണ്ടായേക്കാവുന്ന മനഃസംഘര്‍ഷം ചെറുതല്ല. നല്ല പ്രഭാഷകന്റെ ഐഡന്റിറ്റിയെയും അത് ബാധിക്കാതിരിക്കില്ല. മസ്ജിദിനെ മോടിപിടിപ്പിക്കുന്നതില്‍ ഔത്സുക്യം കാണിക്കുന്ന പള്ളി കമ്മിറ്റി, സൗണ്ട് സെറ്റിംഗിലെത്തുമ്പോള്‍ അമാന്തം കാണിക്കുന്നത് പലരുടെയും അനുഭവമാണ്.
മിമ്പറാണ് മറ്റൊരു വിഷയം. മിമ്പറിന്റെ രൂപപ്രകൃതിയും അത് സ്ഥാപിച്ചിരിക്കുന്ന സ്ഥലവുമെല്ലാം പരിശോധിക്കപ്പെടേണ്ടവ തന്നെ. ഒരാള്‍ക്ക് സുഗമമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത, കൈകള്‍ അമര്‍ത്തിവെക്കാനാകാത്ത, താളം വെച്ചുകൊണ്ടിരിക്കുന്ന മൈക്കുകളുള്ള മിമ്പറുകള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അനവധിയാണ്. ഖത്വീബുമാര്‍ പലകുറി സൂചിപ്പിച്ചിട്ടും അത്രമതി എന്നതിലുറക്കുന്ന നിലപാടാണ് പല മഹല്ല് കമ്മിറ്റികള്‍ക്കും. ഖത്വീബിന് നല്‍കുന്ന വേതനവും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ജോലിത്തിരക്കിനിടയില്‍ എല്ലാം മാറ്റിവെച്ച് ഒരുപക്ഷേ, അന്നേ ദിവസം ലീവ് വരെ എടുത്ത് വന്ന് ഖുത്വ്ബ പറയുന്ന ഖത്വീബിനെ വേണ്ടവിധം പരിഗണിക്കാതെ പറഞ്ഞു വിടുന്നവരുണ്ട്. ജുമുഅ ഖുത്വ്ബയുടെ മികവും തികവും ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ട സാമ്പത്തിക മുതല്‍മുടക്ക് കൂടി ഗൗരവത്തിലെടുത്തേ മതിയാകൂ. അതല്ലെങ്കില്‍, കിട്ടുന്നതില്‍ പൊരുത്തപ്പെട്ടു പോകുന്ന ഖത്വീബ് തരുന്നതു വാങ്ങി പൊരുത്തപ്പെടുകയല്ലാതെ മറുവഴിയില്ല തന്നെ. അനുകരണീയരായ വ്യക്തിത്വങ്ങളുടെ ദൗര്‍ലഭ്യമല്ല, യോഗ്യരെ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് യഥാര്‍ഥ വിഘ്‌നം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ജുമുഅ ഖുത്വ്ബ മഹല്ല് കമ്മിറ്റിയുടെ ബാധ്യതാ നിര്‍വഹണമല്ല, ഉത്തരവാദിത്തപൂര്‍ത്തീകരണമാണ്. വിശ്വാസിയുടെ ഇഹ-പര ക്ഷേമൈശ്വര്യങ്ങളില്‍ നിര്‍ണായക പങ്കുള്ള ദീനിന്റെ അടിസ്ഥാന ഘടകമാണ് ഖുത്വ്ബ. അത് നിര്‍വഹിക്കുന്നവനും ജാഗ്രത വേണം; അതിനു പശ്ചാത്തല സൗകര്യമൊരുക്കേണ്ട പള്ളിക്കമ്മിറ്റിക്കും വേണം ജാഗ്രത.
അവസരോചിതം
ഹിംസയെ കുറിച്ച കവര്‍ സ്റ്റോറി അവസരോചിതമായി (ലക്കം 3062). എസ്.എം സൈനുദ്ദീന്റെയും ഖാലിദ് മൂസയുടെയും ലേഖനങ്ങള്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ ആധികാരികമായി വിഷയം കൈകാര്യം ചെയ്യുന്നു. ഇതൊക്കെയും മറികടന്ന് പോകുന്നവരുടെ മറുന്യായങ്ങള്‍ക്ക് ഈ മരുന്നുകള്‍ മതിയാവില്ലെന്ന് തോന്നിപ്പോവുന്നു. ഇസ്‌ലാമിന്റെ (ഖുര്‍ആന്റെയും) സാക്ഷാല്‍ കൊടിവാഹകര്‍ തങ്ങളാണെന്നും ബാക്കിയുള്ളവര്‍ പിന്തിരിപ്പന്മാരാണെന്നുമുള്ള ഹുങ്കോടെ ഇസ്‌ലാമിനും വിശുദ്ധ ഖുര്‍ആന്നും നാള്‍ക്കുനാള്‍ പോറലേല്‍പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പടച്ചതമ്പുരാന്‍ തന്നെ വഴി കാണിച്ചുകൊടുക്കട്ടെ.
മമ്മൂട്ടി കവിയൂര്‍
ജുമുഅ ഖുത്വ്ബയെപ്പറ്റി
'ജുമുഅ ഖുത്വ്ബ: ശ്രോതാവിന്റെ സങ്കടങ്ങള്‍' എന്ന തലക്കെട്ടില്‍ മുഹമ്മദ് കുട്ടി എളമ്പിലാക്കോട് എഴുതിയ കത്ത് (2108 ആഗസ്റ്റ് 03) വായിച്ചു. ജുമുഅ ഖുത്വ്ബ എന്നത് വെള്ളിയാഴ്ച തോറും ഖത്വീബുമാര്‍ നിര്‍വഹിക്കുന്നതും, ജുമുഅക്കെത്തിയവര്‍ ശ്രദ്ധയോടെ കേള്‍ക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമായ ഉദ്‌ബോധനങ്ങളാണ്. ഖുത്വ്ബയുടെ ആമുഖമായി പറയുന്ന 'അര്‍കാനുകള്‍' അറബിയില്‍ പറഞ്ഞ ശേഷമുള്ള ഉപദേശങ്ങള്‍ ശ്രോതാക്കള്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ നടത്തുന്നതിലര്‍ഥമില്ലല്ലോ എന്ന് ചിന്തിക്കുന്നവര്‍ ആ ഭാഗം മലയാളത്തില്‍ നടത്തുന്നു. ഈ വഴിക്കൊന്നും ചിന്തിക്കാത്തവര്‍ എല്ലാം അറബിയില്‍ പറയുന്നു. ഒരറബി പണ്ഡിതന്‍ മുമ്പ് ചെയ്ത ഖുത്വ്ബ അച്ചടിച്ച് പുസ്തകമാക്കി വെച്ചത് മിമ്പറില്‍ വെച്ച് ഖത്വീബ് പാരായണം ചെയ്യുന്നതാണ് ഭൂരിപക്ഷം മുസ്‌ലിം ബഹുജനം പങ്കെടുക്കുന്ന പള്ളികളിലെ ഖുത്വ്ബ. ഖത്വീബിന് വളരെ എളുപ്പം. കേള്‍ക്കുന്നവര്‍ അതിലേക്ക് ശ്രദ്ധിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ മിണ്ടാതെയിരുന്നാല്‍ മതി. ശ്രോതാവിന് ഒരു സങ്കടവുമില്ല.
മലയാളത്തിലുള്ള പല ഖുത്വ്ബകളും ശ്രോതാക്കളെ വല്ലാതെ സങ്കടപ്പെടുത്തുന്നു എന്നാണ് മുഹമ്മദ് കുട്ടിയുടെ പരാതി. മരണം, സമയം, തഖ്‌വ എന്നിവയെ സംബന്ധിച്ച് ഖുത്വ്ബയില്‍ പറയുന്നത് ആവര്‍ത്തനവിരസതയായിട്ടാണത്രെ അനുഭവപ്പെടുന്നത്. വിശ്വാസിയുടെ ജീവിതത്തെ നന്നാക്കിത്തീര്‍ക്കുന്ന പ്രധാന പ്രേരകം തഖ്‌വയാണ്. അല്ലാഹുവിന്റെ കല്‍പനകള്‍ പരമാവധി സൂക്ഷിക്കുക എന്നതാണല്ലോ തഖ്‌വയുടെ പൊരുള്‍. ഖുത്വ്ബയുടെ അര്‍കാനുകളില്‍ ഒന്നാണ് തഖ്‌വ കൊണ്ടുള്ള വസ്വിയ്യത്ത്. തഖ്‌വയുടെ പ്രാധാന്യമാണല്ലോ ഇത് കാണിക്കുന്നത്. അപ്രതീക്ഷിതമായി മരണം സംഭവിക്കാമെന്ന ബോധത്തോടെ തന്നെയാണ് വിശ്വാസികള്‍ ജീവിക്കേണ്ടത്. അത് നിരന്തരം ഓര്‍മപ്പെടുത്തുന്നതില്‍ എന്താണ് തെറ്റ്? പാഴാക്കിക്കളയാന്‍ പാടില്ലാത്തതും ചീത്ത കാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പാടില്ലാത്തതും, പ്രയോജനകരവും നല്ലതുമായ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ടതുമാണല്ലോ സമയം. ഇതൊക്കെ ഖത്വീബില്‍നിന്ന് കേള്‍ക്കുമ്പോള്‍ നിരാശപ്പെടാനൊന്നുമില്ല. തഖ്‌വയില്ലാതെ തെറ്റുകള്‍ മാത്രം ചെയ്ത് ജീവിച്ചാല്‍ പ്രതിഫലം ശിക്ഷയായിരിക്കുമെന്ന് ഓര്‍മപ്പെടുത്തുന്നതു കേട്ട് 'ഒരുതരം മരിച്ച (മരവിച്ച) മനസ്സുമായാണ് പലരും മടങ്ങിപ്പോകുന്നത്' എന്ന പ്രസ്താവന ഒട്ടും ശരിയായില്ല.
മൊയ്തു മാസ്റ്റര്‍ പെരിമ്പലം
മീഡിയ ബഹളം വെക്കാത്ത കുറ്റകൃത്യങ്ങള്‍
'ക്രൈം ത്രില്ലര്‍ സിനിമകളെ പോലും വെല്ലുന്ന വിധം കോട്ടയം ജില്ലയിലെ മുണ്ടന്‍മുടിയില്‍ കൃഷ്ണനെയും അര്‍ജുനനെയും മന്ത്രവാദത്തിന്റെ പേരില്‍ ജീവനോടെ കുഴിച്ചുമൂടിയത് യുവ മന്ത്രവാദി ലിബീഷ് ബാബു.'
'കേരളം സന്ദര്‍ശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ തൃശൂരില്‍ ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്റെ വധഭീഷണി.'
'കേരള ഹൗസില്‍ കത്തിയുമായി മുഖ്യമന്ത്രിക്ക് നേരെ പരിഭ്രാന്തി സൃഷ്ടിച്ച് ആക്രമണശ്രമം നടത്തിയതിന് മലയാളിയായ വിമല്‍രാജ് പിടിയില്‍.'
'കാസര്‍കോട്ട് സി.പി.എം പ്രവര്‍ത്തകനായ സിദ്ദീഖിനെ വധിച്ച സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ്സുകാര്‍ അറസ്റ്റില്‍.'
'ഉത്തര്‍പ്രദേശിലെ ദേവ്‌രിയ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാവിന്ദ്യവാസിനി മഹിള പ്രകിശാന്‍ സമാജ് സേവന സദന്‍ എന്ന അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് 24 പെണ്‍കുട്ടികളെ പോലീസ് മോചിപ്പിച്ചു. 18 പെണ്‍കുട്ടികളെ കാണാതായി. നടത്തിപ്പുകാരനായ ഗിരിജ ത്രിപാഠി, മോഹന്‍ ത്രിപാഠി, കാഞ്ചന്‍ ലത എന്നിവര്‍ അറസ്റ്റില്‍.'
മേലുദ്ധരിച്ച വാര്‍ത്താ ശകലങ്ങള്‍ ഒന്നിച്ചൊരു ദിനപത്രത്തില്‍ (മാധ്യമം) ആഗസ്റ്റ് 7-ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. ദൃശ്യ-ശ്രാവ്യ-അച്ചടി മീഡിയ ഒന്നും തന്നെ മേല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികളുടെ മതത്തെയോ വിശ്വാസത്തെയോ സ്ഥാപനത്തെയോ ചര്‍ച്ചക്കെടുത്തില്ല. മതവും വര്‍ഗീയതയും മാറ്റുരച്ച് നോക്കുന്ന കാളകൂടം ലേഖനങ്ങളിറങ്ങിയില്ല. ആര്‍ത്തട്ടഹസിക്കുന്ന ഒരന്തി ചര്‍ച്ചയും നടന്നില്ല. തീവ്രവാദ ബന്ധത്തിന്റെ നാരായ വേരുകള്‍ ചൂഴ്ന്ന് അന്വേഷിക്കപ്പെട്ടില്ല. എന്‍.ഐ.എ പോലുള്ള ദേശീയ ഏജന്‍സികളുടെ ത്വരിതാന്വേഷണമില്ല. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ചുമരെഴുത്തുമുണ്ടായില്ല. ലഘുലേഖകളില്ല. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ചുമരെഴുത്തുമുണ്ടായില്ല. ലഘുലേഖകളില്ല. ഫ്‌ളാഷ് മോബുകളില്ല. വര്‍ഗീയത തുലയട്ടെ കാമ്പയിനിന്റെ രണ്ടാം എപ്പിസോഡ് വേര്‍ഷനില്ല.
ഇത്തരം സംഭവവികാസങ്ങളില്‍ ഏതെങ്കിലും മുസ്‌ലിം സംഘടനകളോ സ്ഥാപനങ്ങളോ നാമധാരികളോ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ എന്തായിരിക്കും പുകില്, എന്തായിരിക്കും ബഹളം! ശേഷം ചിന്ത്യം.
വി. ഹശ്ഹാശ് കണ്ണൂര്‍
അന്ധവിശ്വാസങ്ങളെ തടയേണ്ടത് പ്രമാണങ്ങള്‍ നിരത്തി
പൗരോഹിത്യത്തിന്റെ പാപവഴികളെക്കുറിച്ച് പി.ടി സണ്ണി തോമസ് എഴുതിയ (ജൂലൈ 27) ലേഖനത്തിലെ ഉള്ളടക്കം ഗൗരവമേറിയതാണ്. തന്റെ നേരനുഭവങ്ങളാണ് അദ്ദേഹം വിവരിച്ചത്. പുരോഹിതന്മാര്‍ മതങ്ങളില്‍ വലിച്ചുകയറ്റുന്ന അനാചാരങ്ങള്‍ക്ക് പ്രമാണങ്ങള്‍ നിരത്തി തടയിടണം. എല്ലാ മതവിഭാഗങ്ങളിലും പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പല ആചാരങ്ങളും കയറിക്കൂടിയിട്ടുണ്ട്. ഇതിന് മതങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റുന്നത് ശരിയല്ല. നിരീശ്വരവാദികളാണ് അതില്‍നിന്ന് മുതലെടുക്കുക. പ്രമാണങ്ങളെ മാത്രം പിന്‍പറ്റി ജീവിക്കണമെന്ന് പറയുന്നവരെ സമൂഹത്തിനു മുന്നില്‍ ഇകഴ്ത്താനും അവരെ ഒറ്റപ്പെടുത്താനും പാടുപെടുന്നവരെയും കാണാം.
എം.എ അഹ്മദ് തൃക്കരിപ്പൂര്‍
Comments