ഇബ്‌റാഹീമീ പുറപ്പാടിന്റെ പാഠവും പാഠഭേദവും
വിശ്വമാനവികതയുടെ സ്ഥിരസ്ഥായീത്വത്തിനുള്ള നിരന്തര കുതറലായിരുന്നു സത്യത്തില്‍ ഇബ്‌റാഹീമീ ജീവിതം. സ്രഷ്ടാവിന്റെ കളിത്തോഴന്‍, സൃഷ്ടികളുടെ സ്‌നേഹനായകന്‍. ഇങ്ങനെയൊരു ഇരട്ടപ്പട്ടം സുദീര്‍ഘ മാനവചരിത്രത്തില്‍ മുമ്പോ ശേഷമോ ഇല്ല. മുമ്പുള്ളതൊക്കെയും ഇബ്‌റാഹീമീ ദൗത്യത്തിന്റെ വഴിയൊരുക്കലുകള്‍. ശേഷമുള്ളതത്രയും ആ മഹാനിയോഗകാണ്ഡത്തെ പുനരവതരിപ്പിക്കാനുള്ള ധീരമായ ഉത്സാഹവും. നാടോടി ജീവിതത്തിന്റെ തമോകാലം അവസാനിക്കുകയും നദീതട നാഗരികത സമാരംഭിക്കുകയും ചെയ്ത ഒരു സന്ദര്‍ഭത്തിലാണ് പൗരാണിക മെസപ്പൊട്ടാമിയയിലെ ഊറില്‍ 'ഇബ്‌റാഹീം' സംഭവിക്കുന്നത്. ആകാശത്തിലെ ദൈവങ്ങള്‍ക്ക് ഭൂമിയില്‍ ഒരു കേന്ദ്രമുണ്ടെന്നും അത് ഊറിന്റെ ആസ്ഥാനമായ ഹറാനാണെന്നും അവിടെ ഇരുന്നുകൊണ്ട് നംറൂദ് ചക്രവര്‍ത്തി ദൈവത്തിനു വേണ്ടി കല്‍പ്പിക്കുകയാണെന്നും പൗരജനത്തെ പുരോഹിതന്മാര്‍ വിശ്വസിപ്പിച്ചു. അങ്ങനെ രാജാവ് ചോദ്യം ചെയ്യാനാകാത്ത അലൗകിക പരിവേഷിതനായി. ചുറ്റും തുള്ളിയാര്‍ത്ത പുരോഹിതക്കൂട്ടങ്ങള്‍ പൗരജനത്തിനെതിരെ രാജകൂടത്തിന് രക്ഷാകവചം തീര്‍ത്തു. ഇതിനെതിരെയാണ് സത്യമായും ഇബ്‌റാഹീം ക്ഷുഭിതനായത്. അധികാര സ്വരൂപങ്ങള്‍ ജനത്തെ മെരുക്കിനിര്‍ത്തുക ഒരിക്കലും ഭയം കൊണ്ടുമാത്രമാകില്ല, മറിച്ച് അന്ധവിശ്വാസം കൊണ്ടുകൂടിയാകും. അധികാരവും അന്ധബോധ്യങ്ങളും ഒരു കേന്ദ്രത്തില്‍ സംഗമിക്കുമ്പോള്‍ ഭരണസിരകള്‍ അസാധാരണമാംവിധം ജനവിരുദ്ധമാവും; അതുകൊണ്ടുതന്നെ ദൈവവിരുദ്ധവും.
ഈയൊരു സന്ദിഗ്ധതയിലാണ് പൗരോഹിത്യത്തിന്റെയും രാജശാസനത്തിന്റെയും അധീശത്വത്തിനെതിരെ ഊറിലെ ഇബ്‌റാഹീം വിമോചനം പ്രഖ്യാപിക്കുന്നത്. ഇങ്ങനെയൊരു വിമോചന വിളംബരം പ്രഖ്യാപിക്കണമെങ്കില്‍ സ്വന്തം പൂര്‍വികതകളുടെ മലിനശാസനകളെ സ്വയം തന്നെ ഒരാള്‍ വകഞ്ഞെറിയണം. അന്ധബോധത്തിന്റെ ഈ മൊരി ഇളക്കി എറിയാത്ത ഒരാള്‍ക്കും ജനത്തിനു വേണ്ടി മോചനം പ്രഖ്യാപിക്കാനാവില്ല. ആ പറിച്ചെറിയലാണ് സ്വന്തം ഗൃഹാങ്കണത്തില്‍നിന്നും പിതാവിനെതിരെ നാം കേട്ടത്. കുടുംബം, ഭരണം, ദേശം. പിരമിഡ് പോലെ ശാശ്വതീകരിച്ച അധികാരത്തിന്റെ സൂക്ഷ്മ-സ്ഥൂല രൂപങ്ങളായിരുന്നു ഇതൊക്കെയും എവിടെയും പോലെ ഊറിലും. പ്രവാചക നിയോഗത്തിന്റെ നില്‍പ്പ് എപ്പോഴും പ്രതിലോമതകള്‍ക്കെതിരെയായിരിക്കും. പ്രതിലോമ വ്യവസ്ഥയോട് കലഹിച്ചവരെ സദ്‌വൃത്തരായ ഒരു സംഘം യുവാക്കള്‍ എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ടല്ലോ. ഇത് ഒരു പ്രവാചക ദൗത്യമാണ്. ഭൂമിയില്‍ സ്രഷ്ടാവിനുള്ള പ്രണാമത്തില്‍ വിമോചനപരവും മാനവികവുമായ ഉള്ളടക്കമുണ്ട്. കാലാതീതമായ ഈ സുഭഗ ദര്‍ശനത്തെ ദുഷ്ട ഭരണവും പുരോഹിത കുടിലതകളും ഒന്നിച്ച് കൈയേറുന്നതോടെ അധീശഘടനയോട് കലഹിക്കാന്‍ പ്രാപ്തിയുള്ള മതം സ്ഥാപനവത്ക്കരിക്കപ്പെടും. ഒപ്പം അത് നിഗൂഢവത്കരിക്കപ്പെടുകയും. പുരോഹിതന്മാര്‍ അധികവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് പൗരജനതയെ തടയുന്നവരാണെന്ന് ഖുര്‍ആന്‍ പറഞ്ഞത് ഇതുകൊണ്ടാണ്. അതിനെതിരെയാണ് ഇബ്‌റാഹീമിന്റെ പ്രതിനിധാനം. ഈയൊരു പ്രതിനിധാനമല്ലാതെ അല്ലാഹുവിന്റെ സുഹൃത്തിന് നിര്‍വഹിക്കാനില്ല. അപ്പോഴേ അദ്ദേഹം ജനങ്ങളുടെ നേര്‍ നായകനാവൂ.
സ്വാഭാവികമായും നിലനിന്നിരുന്ന സാമൂഹിക അരക്ഷിതത്വത്തിനെതിരെയാണ് ഇബ്‌റാഹീം ഇടപെട്ടത്. ഏതു രക്ഷകന്റെ നിഗൂഢശേഷി കാട്ടിയാണോ പൗരജനം ഭയപ്പെടുത്തപ്പെടുന്നത് ആ രക്ഷാസങ്കല്‍പ്പത്തിന്റെ അസ്തിവാരത്തെയാണ് അദ്ദേഹം മറിച്ചിട്ടത്. 'ഇക്കണ്ട ജനതയെ ഭീതിയുടെ തുറുങ്കിലടക്കാന്‍ നിങ്ങളോട് പറയുന്ന ദൈവമേതാണ്?' ഊറിലെ തെരുവോരങ്ങള്‍ ഈ ഇടിനാദം കേട്ടു പ്രകമ്പനം കൊണ്ടു. ഏതാണ് നിങ്ങളുടെ പരമാധിപതി; 'നമ്മു'വോ നമ്മുവിന്റെ പ്രതിനിധി 'ഉര്‍നമ്മു'വോ (നംറൂദ്)? ഈ ചോദ്യം വളരെ പതിയെയെങ്കിലും ഊര്‍ നഗരത്തിലെ ഏതെങ്കിലും സല്‍ബുദ്ധി ഇതിനു മുമ്പ് ആത്മഗതം ചെയ്തിട്ടുാവുമോ? പക്ഷേ ഇത്ര പരസ്യമായി ഇത്ര ശേഷിയില്‍ ഈ ചോദ്യമിതാദ്യമാണ്. അതുകൊണ്ടുതന്നെയാണ് ആ ചോദ്യത്തിനു മുന്നില്‍ തീ ജ്വലിച്ചുയര്‍ന്നത്. അലോസരമുണ്ടാക്കുന്ന ഇത്തരം ചോദ്യങ്ങളെ അധീശ കുടിലത നേരിടുക ദണ്ഡന കഠോരതകള്‍ കൊണ്ടുതന്നെയാണ്.
ഇബ്‌റാഹീം തുടങ്ങിയ വിമോചന സമരം സ്വന്തം ദേശത്ത് എത്രത്തോളം ക്ഷമത കൈവരിച്ചെന്ന് ഖുര്‍ആന്‍ വിശദമായി സംസാരിക്കുന്നില്ല. അതിനര്‍ഥം ഊറിലെ പ്രവാചകദൗത്യം പരാജയമായി എന്നല്ല. അങ്ങനെ പരാജയപ്പെടേണ്ട ഒന്നല്ല അത്. കാരണം ആ നിയോഗമുാകുന്നത് പ്രപഞ്ച വിധാതാവില്‍നിന്നാണല്ലോ. ഊറിലെ കൊട്ടാരക്കെട്ടുകളിലും അന്തഃപുരങ്ങളിലും തീക്കാറ്റ് വിതറിക്കൊണ്ടു തന്നെയാണ് ഇബ്‌റാഹീം അടുത്ത നദീതട നാഗരികതയും തേടി മിസ്വ്‌റിലേക്ക് യാത്രയായത്. അവിടെയും ഇബ്‌റാഹീമിന്റെ വ്യവഹാരങ്ങള്‍ ഭരണത്തിന്റെ സിരാപടലങ്ങളില്‍ കറങ്ങിനിന്നതു കാണാം.
മിസ്വ്‌റില്‍നിന്ന് ആ മഹാസഞ്ചാരം പിന്നെയെത്തുന്നത് ഏകാന്തവിജനമായ അറേബ്യന്‍ കല്ലുമലകളില്‍. സ്വന്തം കുടുംബവുമൊന്നിച്ച്. ഇനി ശുദ്ധമായൊരു സാമൂഹിക വ്യവഹാര മാതൃക നിര്‍മിതമാകേണ്ടതുണ്ട്. ഊറിനും മറ്റു ബാബിലോണിയന്‍ നഗരദേശങ്ങള്‍ക്കും വിദൂര മിസ്വ്‌റിനും അപ്രാപ്യമായ ഒരു തനതു മാതൃക. പ്രപഞ്ച സ്രഷ്ടാവിന്റെ ശുദ്ധശാസനകള്‍ക്കകത്തുനിന്ന് വികസിതമാകുന്ന ഒരു ജീവിത രഥ്യ.
ഇത് ഇബ്‌റാഹീമീ ദൗത്യത്തിന്റെ മക്കാപര്‍വമാണ്. ഇതുവരെ താന്‍ അനുഷ്ഠിച്ച പ്രവാചക ജീവിതത്തിന്റെ ഉജ്ജ്വലമായ വികാസവും വിസ്താരവും. നദീതട നാഗരികതകളില്‍ ഇടപെട്ടും ദിവ്യജ്ഞാനം കൊണ്ടതിനെ പുഷ്‌കലമാക്കിയും ഊറിലും വിദൂര മിസ്വ്‌റിലും താന്‍ നടത്തിയ ഒന്നാം ദൗത്യത്തിന്റെ അനിവാര്യവും പ്രസന്നവുമായ തുടര്‍ച്ച. ഇത് അല്ലാഹുവിന്റെ തീരുമാനം തന്നെയാണ്. പ്രവാചക ജീവിതം കേവലതയില്‍ ഒഴുകുന്നതല്ല. അത് സ്രഷ്ടാവിന്റെ നേര്‍ നിയന്ത്രണത്തില്‍ പൂര്‍ണമാകുന്ന നിയോഗങ്ങളാണ്. ഇനി പുതിയൊരു ദൗത്യമാണദ്ദേഹം ഏറ്റെടുക്കുന്നത്. വെളിപാടുകൊണ്ട് സംസ്‌കൃതമാകുന്ന ഒരു പുതിയ നാഗരികത സ്വയം പണിതുയര്‍ത്തുക. സംസ്‌കാരവും നാഗരികതയും സമശീര്‍ഷമാണെങ്കിലും സമാന്തരവുമാണ്. കല്ലുളികൊണ്ടും ശൂലകൂര്‍പ്പുകൊണ്ടും ആഹാരം കണ്ടെത്തിയ മനുഷ്യര്‍ക്ക് അമ്പിലും വില്ലിലേക്കുമുണ്ടായ വളര്‍ച്ച നാഗരിക വികാസമാണ്. എന്നാല്‍ ആ ആയുധങ്ങള്‍ കൊണ്ട് പരജീവിതങ്ങളെ ഹനിക്കാവതല്ലെന്ന നൈതികപാഠം നമ്മുടെ സംസ്‌കാരമാണ്. സംസ്‌കാരം സൂക്ഷ്മവും ദിവ്യവുമാണ്. സാംസ്‌കാരിക തനതുകള്‍ കൊണ്ട് ഉള്ളടക്കപ്പെടുന്നതാകണം സത്യത്തില്‍ നാഗരികതയുടെ വിസ്തൃത രഥ്യകള്‍.
ഈ പുതുദേശത്ത് ഇബ്‌റാഹീം നിര്‍മിക്കുന്നത് ഒരേ നേരം ലളിതമായൊരു നാഗരികതയും ഉജ്ജ്വലമായൊരു സംസ്‌കാരവുമാണ്. മൗലികമായി നാഗരികത മനുഷ്യ കേന്ദ്രീകൃതവും സംസ്‌കാരം ആത്മീയ കേന്ദ്രീകൃതവുമാണ്. സ്രഷ്ടാവിലേക്കൊരു കേന്ദ്രീകരണം. സൃഷ്ടിയിലേക്കൊരു വികേന്ദ്രീകരണവും. സ്വന്തം കുടുംബത്തെയാണ് ഇബ്‌റാഹീം ഇവിടേക്ക് പറിച്ചുനട്ടത്. സ്വന്തത്തില്‍ ആശ്ലേഷിക്കാത്തതൊന്നും മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കാവതല്ല. ഒരു പിതാവും മാതാവും സല്‍പുത്രനും. ഒരു ഭാര്യയും ഭര്‍ത്താവും ഇഷ്ടസന്താനവും. ഇവരെ കേന്ദ്രമായി വേണം ഇനി ഭൂമിയില്‍ ഒരു സാമൂഹികക്രമം പണിയാന്‍. തീര്‍ച്ചയായുമിത് ഭൂമിയില്‍ സ്രഷ്ടാവ് ഉദ്ദേശിക്കുന്ന ഒരു സാമൂഹിക നിര്‍മിതിയാണ്. ആത്മീയതയുടെ രാഷ്ട്രീയം കൊണ്ട് വിമലമാക്കപ്പെടുന്ന വിശുദ്ധ സരണി.
മക്കയുടെ വിജനതയില്‍ ഇബ്‌റാഹീം ആദ്യമേ ബദ്ധപ്പെട്ടത് ഒരു സംസ്‌കൃതിയുടെ നിര്‍മിതിയാണ്. സ്രഷ്ടാവിനെ പ്രണയിക്കുന്നൊരു കുടുംബം. കുടുംബനാഥനെ അനുസരിക്കുന്നൊരു കുടുംബിനി. കാരുണ്യത്തിടമ്പായൊരു കണ്‍മണി. ഏതു സംഘര്‍ഷത്തിന്റെ ഉഷ്ണശിഖരത്തിലും ശാന്തതയുടെ സൗന്ദര്യം വഴിയുന്നൊരു പാരസ്പര്യം. എല്ലാ അപരങ്ങളില്‍നിന്നും വിമോചിതമായ സുഭഗ നിര്‍മലമായൊരു മാനവജീവിതത്തിന്റെ ആദ്യാങ്കുരം. അതാണ് ആ ഹരിതശൂന്യമായ താഴ്‌വരയില്‍ ഇനി വിടരാന്‍ പോകുന്നത്. അത് അവിചാരിതമല്ല. വിധാതാവിന്റെ നിര്‍ണിതത്വമാണ്. ആ നിര്‍ണിതത്വ പ്രകാരമാണ് സഞ്ചാരിയായ ഇബ്‌റാഹീം മാനവികതയുടെ ആലയം പണിയുന്നത്. നിരന്തര സഞ്ചാരിക്ക് എന്തിനാണൊരു സ്ഥിര ലാവണം? ഇനി ഇവിടെ ഇതാവശ്യമുണ്ട്. ചതുരസ്തംഭാകൃതിയില്‍ അതീവ ലളിതമായൊരു നിര്‍മിതി. പക്ഷേ ആ നിര്‍മിതി മനുഷ്യനെ ആകാശത്തേക്ക് ഉയര്‍ത്തി നിര്‍ത്തുന്നു. ആകാശത്തെ മണ്ണിലേക്ക് താഴ്ത്തി നിര്‍ത്തുന്നു. ഈ മഹാനിര്‍മിതി ഒറ്റനാള്‍ കൊണ്ട് പ്രവാചകന്‍ തീര്‍ത്തുകാണില്ല. അപരിചിത ദേശത്തിന്റെ വിഹ്വലതകളും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മറ്റും കാരണം കഅ്ബാ നിര്‍മിതിക്ക് ഇബ്‌റാഹീം പല നാള്‍ ആയാസപ്പെട്ടുകാണും. അപ്പോഴൊക്കെ മകന്‍ ഇസ്മാഈല്‍ മാത്രമാകില്ല ഹാജറും തീവ്രമായി ഇതില്‍ പങ്കുചേര്‍ന്നുകാണും. ഇങ്ങനെയാണ് ഉന്മിഷത്തായൊരു സാമൂഹികജീവിതം ഉണ്‍മയാവുക. ദൈവദാസരായ ആ പുത്രനും മാതാപിതാക്കളും മഹത്തായ നിര്‍മിതിക്കിടയില്‍ ഏറ്റെടുത്ത ആഹ്ലാദങ്ങള്‍, പങ്കുവെച്ചിരിക്കാനിടയുള്ള പ്രതീക്ഷകള്‍, നേരിട്ടിരിക്കാനിടയുള്ള കഠോര വിഘ്‌നങ്ങള്‍ ഇതൊക്കെ നാലായിരം വര്‍ഷത്തിനപ്പുറത്തേക്ക് സഞ്ചരിച്ചന്വയിച്ചാല്‍ ഏറെ കൗതുകമാവും.
ഈ മഹാനിര്‍മിതിയുടെ പണിക്കുറകള്‍ തീര്‍ത്ത് അതിന്റെ അങ്കണത്തില്‍നിന്ന് പ്രവാചകന്‍ നടത്തുന്ന ഏറെ കാതരമായൊരു പ്രാര്‍ഥനയുണ്ട്: 'എന്റെ നാഥാ, ഞാനിവിടെ എന്റെ കുടുംബത്തെ നിന്റെ വീട്ടില്‍ പാര്‍പ്പാക്കിയിരിക്കുകയാണ്. നിന്റെ വീടും എന്റെ കുടുംബവും. ഇത് മനോഹരമായൊരു സങ്കല്‍പ്പനമാണ്. ഈ ആലയമാകട്ടെ നിനക്കു വേണ്ടി ഞങ്ങള്‍ പണിതതും. നിന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ തോറ്റിപ്പാടുന്ന ഒരു മഹാജനസമൂഹം ഇവിടെ നിന്ന് സംസം പ്രവാഹം പോലെ അനശ്വരമാകാന്‍ പോകുന്നു. അതുകൊണ്ട് നാഥാ, ഈ ആലയവും അതിന്റെ പ്രാന്തസ്ഥലികളും നിര്‍ഭയത്വത്തിന്റെ കേദാര ഭൂമിയാക്കണം. ഒപ്പം സുരക്ഷിതത്വം പൊലിക്കുന്ന വിശ്വസ്ത ഭൂമിയും. പോരാ, ഇവിടെ നിന്റെയീ മണ്ണില്‍ പുലരുന്ന സര്‍വ ജന്തു സഹസ്രങ്ങള്‍ക്കുമായി സമൃദ്ധിയും സുഭിക്ഷതയും.' ഇതില്ലാത്തതുകൊണ്ടാണ് അദ്ദേഹം ഊറിലെ അധീശവ്യവസ്ഥയെ തള്ളിപ്പറഞ്ഞത്. സമൂഹവ്യവസ്ഥയില്‍ ഈ ഗുണം തണല്‍ താഴ്ത്തണമെങ്കില്‍ അധീശവംശത്തിന്റെ അഹങ്കാരം ഏകദൈവത്തിന്റെ ശാസനകള്‍ക്ക് വിധേയപ്പെടണം. ഈ വിധേയപ്പെടല്‍ തന്നെയാണ് തൗഹീദ്. അധീശത്വം രാജകൊട്ടാരങ്ങളിലും കൊത്തളങ്ങളിലും ഒതുങ്ങിനിന്നാല്‍ സാധുജനം പെറുക്കികളാവും. പെറുക്കികളെ പുരസ്‌കരിക്കുമ്പോഴാണ് തൗഹീദ് അര്‍ഥപൂര്‍ണമാവുക. നംറൂദിന്റെ മുഖത്ത് നോക്കി ഇബ്‌റാഹീം സത്യം തുറന്നു പറഞ്ഞതും അതുകൊണ്ടാണ്. താനല്ല ഇലാഹ്. അങ്ങനെയായിരുന്നെങ്കില്‍ ഈ പതിത ജനതക്കെതിരെ താങ്കള്‍ പുരോഹിതന്മാരോട് കൂട്ടുകൂടുമായിരുന്നില്ല. ഈ ജനതയെ സിംഹാസനത്തിന്റെ അഹന്തയില്‍നിന്നും വിമോചിപ്പിക്കുന്നതു തന്നെയാണ് തൗഹീദ്. അല്ലാഹു തന്റെ ആത്മസൗഹൃദത്തിലേക്കുയര്‍ത്തിയ ഒരാള്‍ അല്ലാഹുവിന്റെ സൃഷ്ടികളെ മറക്കുന്നതെങ്ങനെ? ഊറിലെ ഈ പ്രപഞ്ചപുത്രന്‍ സ്വന്തം ജനത്തെ അഗാധമായി സ്‌നേഹിക്കുന്നു. സ്രഷ്ടാവാകട്ടെ അവന്റെ സൃഷ്ടികളെ അതിനേക്കാളേറെ അപാരമായി പ്രണയിക്കുന്നു. ഈ സ്‌നേഹത്തിന്റെ അന്തസ്സാരം തന്നെയാണ് അവരില്‍ പുലരണമെന്ന് അവന്‍ ആഗ്രഹിക്കുന്ന നീതിയും നിര്‍ഭയത്വവും സമൃദ്ധിയും. അത് തൗഹീദിനു പുറത്തല്ല, അകത്തു തന്നെയാണ്. തൗഹീദ് തന്നെയാണ്. അത് അല്ലാഹുവിന്റെ ആത്മസുഹൃത്തിന് മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ അഴിഞ്ഞുകിട്ടും. അതുകൊണ്ടാണ് കഅ്ബാലയത്തിന്റെ നിഴല്‍വിരിപ്പില്‍ സ്വന്തം കുടുംബത്തെ ആശ്ലേഷിച്ചിരുത്തി ഈ പ്രവാചകന് ഇങ്ങനെ പ്രാര്‍ഥിക്കാന്‍ സാധിച്ചത്. അത് പ്രാര്‍ഥനയില്‍ മാത്രമല്ല പ്രവര്‍ത്തനം കൊണ്ട് സാക്ഷാല്‍ക്കരിക്കേണ്ടതാണ്. ഇത് സ്രഷ്ടാവിനും അവന്റെ സുഹൃത്തിനുമറിയാം. അതിനാണ് ഹജ്ജിനു വിളംബരമിറക്കിയത്.
അല്ലാഹു അവന്റെ സൃഷ്ടിജാലപ്പെരുമകള്‍ക്ക് നല്‍കുന്ന ഒരു കരുതലും പരിഗണനയുമുണ്ട്. ഇതേത് പുല്ലിനും പുഴുവിനും പഴുതാരക്കും അവകാശമാണ്. ഇത് ഭൂമിയില്‍ പുലരുന്നതിന്റെ ഏറെ കാവ്യാത്മകമായൊരു ദൃശ്യപ്പെടലാണ് ഹജ്ജ്. മൂപ്പിളമകളില്ല, സ്ഥാനവലിപ്പമില്ല, ലിംഗവൈവിധ്യങ്ങളില്ല, കുടിപ്പകകളില്ല, ദേശഭാഷകളില്ല, സ്വന്തം ശരീര ലാളനകള്‍ പോലുമില്ല. ഒരേ വസ്ത്രം, ഒരേ ലക്ഷ്യം, ഒരേ ദിശയിലേക്കുള്ള നിരന്തര പരിക്രമണം. ഹജ്ജ് കഴിഞ്ഞിറങ്ങുന്ന തീര്‍ഥാടകന്‍ ഇബ്‌റാഹീം പ്രവാചകന്റെ ഉദ്ദേശ്യംപോലെ നിര്‍മലനാകണം; നിര്‍ഭയനും. എന്നിട്ടയാള്‍ കഅ്ബക്ക് വര്‍ത്തുളമായതുപോലെ സ്വന്തം ദേശസമൂഹത്തിലതേ ലക്ഷ്യവുമായി വര്‍ത്തുളമാകണം. നിര്‍ഭയമായൊരു സമൂഹം, സമൃദ്ധമായൊരു ജീവിതം. അതിനായുള്ള കുതറല്‍. ഇതുകൂടിയാണ് ഹജ്ജ്.
സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ഇബ്‌റാഹീമിന്റെ ചെറുമകന്‍ സ്വന്തം തറവാട്ടുമുറ്റത്ത് പുനരാവിഷ്‌കരിച്ചതും ഇതുതന്നെയാണ്. മുഹമ്മദീയ ദൗത്യം ഇബ്‌റാഹീമീ മില്ലത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ്. എന്താണ് ഹജ്ജിന്റെ സാകല്യമെന്ന് പ്രവാചകന്റെ ഹജ്ജ് പ്രഭാഷണത്തിലുണ്ട്. ജീവനും അന്തസ്സും പ്രവാചകന്‍ സാമ്യപ്പെടുത്തുന്നത് ഹജ്ജ് മാസത്തിലെ ബലിപെരുന്നാള്‍ തലേന്നിലെ അറഫാ ദിനത്തോട്. അറഫ തന്നെയാണ് ഹജ്ജ്. കഅ്ബ പണിത് ഇബ്‌റാഹീം ചെയ്തത് ഹജ്ജ് വിളംബരം മാത്രമല്ല. കഅ്ബ പ്രാന്തം നിര്‍ഭയവും നീതിയും സമൃദ്ധിയും വഴിയുന്ന ദേശമാക്കണമെന്ന പ്രാര്‍ഥന കൂടിയാണ്. ഹജ്ജിന്റെ രാഷ്ട്രീയം അനുഷ്ഠാനപരം മാത്രമല്ല, പ്രയോഗപരം കൂടിയാണ്. സ്ത്രീയുടെ സ്വത്വത്തെ പ്രവാചകന്‍ പേര്‍ത്തും പേര്‍ത്തും എടുത്തു പറഞ്ഞത് അറഫയില്‍ വെച്ചാണ്. വംശബോധത്തിന്റെ സകല കുറിമാനങ്ങളും അന്ന് പ്രവാചകന്‍ ഒറ്റ വീര്‍പ്പിനു റദ്ദാക്കി. ഖഡ്ഗത്തലപ്പുകള്‍ മേഞ്ഞുനടക്കുന്ന കുടിപ്പകകളഖിലം അവിടെ വെച്ചു തന്നെ അദ്ദേഹം എന്നേക്കുമായി അരിഞ്ഞെറിഞ്ഞു. നീതിരാഹിത്യം പകിടകളെറിയുന്ന പലിശ വ്യവസ്ഥയെ പ്രയോഗതലത്തിലാണ് പ്രവാചകന്‍ തിരസ്‌കരിച്ചത്. അപ്പോള്‍ മാത്രമേ കഅ്ബയുടെ സ്ഥാപിതത്വമായ നീതിയും നിര്‍ഭയത്വവും സമൃദ്ധിയും സാമൂഹിക ജീവിതത്തില്‍ വിരിഞ്ഞിറങ്ങുകയുള്ളു. ഹജ്ജിനൊരു രാഷ്ട്രതന്ത്രമുണ്ട്. അതിന്റെ ആത്മീയ ഭാവത്തിനു പോലും ഉണ്ടൊരു സാമൂഹികനിയോഗം. അതിനായിരുന്നു സത്യത്തില്‍ ഇബ്‌റാഹീമിന്റെ പുറപ്പാടുകള്‍. അതുതന്നെയാണ് മുഹമ്മദീയ നിയോഗവും.
Comments