Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

ബലി സമര്‍പ്പണത്തിന്റെ പൊരുളും പെരുന്നാളും

ടി.ഇ.എം റാഫി വടുതല

അറഫയില്‍ ജ്വലിച്ച സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കും ഇരുള്‍ അറഫയിലേക്കും നീങ്ങിത്തുടങ്ങി. അറഫയില്‍  അധിവസിച്ച ഹാജിമാര്‍ പുനരധിവാസത്തിനായി മുസ്ദലിഫയിലേക്കും ഒഴുകി. മക്കയുടെ മാനത്തെ ദുല്‍ഹജ്ജ് അമ്പിളി ഹാജിമാര്‍ക്ക് വഴിവിളക്കായി. ഹൃദയംകൊണ്ട് തസ്ബീഹ് ചൊല്ലി സൂര്യന്‍ അസ്തമയത്തിലേക്കും, തല്‍ബിയത്ത് ചൊല്ലി ദുല്‍ഹജ്ജ് അമ്പിളി മുസ്ദലിഫയിലേക്കും യാത്രയായി. പകലിനെ ജ്വലിപ്പിക്കുകയാണ് സൂര്യന്റെ നിയോഗം. പ്രശാന്ത രാവിനെ നിലാവണിയിക്കുകയാണ് ചന്ദ്രന്റെ നിയോഗം. അറഫയുടെ വെയിലില്‍ വെട്ടിത്തിളങ്ങാനും മുസ്ദലിഫയുടെ ഇരുളില്‍ അടങ്ങാനുമാണ് ഹാജിയുടെ നിയോഗം. സൂര്യനും ചന്ദ്രനും അനന്തകോടി താരാപഥങ്ങളും നാഥന്‍ നിശ്ചയിച്ചുറപ്പിച്ച ഭ്രമണ പദത്തിലൂടെ സഞ്ചരിക്കുന്ന മഹാത്ഭുത പ്രതിഭാസം. നക്ഷത്രങ്ങള്‍ തമ്മില്‍ മത്സരമില്ല. സൂര്യന്‍ ചന്ദ്രനെയോ ചന്ദ്രന്‍ സൂര്യനെയോ മറികടക്കുന്നില്ല. ഹാജി മറ്റൊരു ഹാജിയെയും തള്ളിമാറ്റി മുന്നോട്ട് ഗമിക്കുന്നില്ല. നാഥന്‍ നിശ്ചയിച്ച സഞ്ചാരപാതയില്‍ എല്ലാം കറങ്ങിക്കൊണ്ടിരിക്കുന്നു. നിശ്ചലാവസ്ഥയില്ലാത്ത സഞ്ചാരം. ഒന്നില്‍നിന്ന് വിരമിച്ചാല്‍ മറ്റൊന്നിലേക്ക് പ്രവാഹമായൊഴുകുന്ന സഞ്ചാരം. സര്‍വോപരി പ്രപഞ്ച സ്രഷ്ടാവിലേക്ക് പ്രതീക്ഷയര്‍പ്പിച്ച് മുന്നേറുന്ന പ്രാര്‍ഥനാപൂര്‍ണമായ പ്രയാണം. ആരാധനകളുടെയും ഇസ്‌ലാമിലെ ആഘോഷങ്ങളുടെയും അകംപൊരുള്‍ ഒന്നുതന്നെ. വിശ്വാസിയുടെ അനക്കത്തിലും അടക്കത്തിലും ആഹ്ലാദത്തിലും ആഘോഷത്തിലും ആരാധനയിലും ഒരു മന്ത്രമുണ്ട് -'അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്' (അല്ലാഹു മഹാന്‍, അവനു മാത്രം സര്‍വ സ്തുതിയും).

ദുല്‍ഹജ്ജിന്റെ പത്താം രാവ്, വിശ്വലോകത്തിന്റെ ബലിപെരുന്നാള്‍ രാവ്. അഖില പ്രപഞ്ചത്തിലും സന്തോഷത്തിന്റെ തക്ബീര്‍ ധ്വനികള്‍ അലയടിക്കുന്ന നിമിഷങ്ങള്‍. അറഫയുടെ കൊടുംവെയിലില്‍ തലമറക്കാതെ കഴിച്ചുകൂട്ടിയ ഹാജി നിലാവില്‍ കുളിച്ച മുസ്ദലിഫയില്‍ തലചായ്ച്ചു കിടക്കുന്നു. ഒന്ന് ആകാശത്തേക്കു കണ്ണു പായിച്ചു. പൗര്‍ണമിയിലേക്കു വികസിക്കുന്ന ചന്ദ്രനു ചുറ്റും വാരിവിതറിയ നക്ഷത്രങ്ങള്‍ മാത്രം. ഇന്നലെവരെ കിടന്ന രമ്യഹര്‍മ്യങ്ങളുടെ മേല്‍ക്കൂരകളില്ല. ചരല്‍ക്കല്ലുകള്‍ നിറഞ്ഞ മുസ്ദലിഫയുടെ മണ്‍തരികള്‍ക്കു മുകളില്‍ ഹാജി ഒന്ന് വിരലോടിച്ചു. സുഖനിദ്ര നല്‍കുന്ന മാര്‍ദവമുള്ള ശയ്യോപകരണങ്ങളൊന്നും ശരീരത്തിനു താഴെയില്ല. ആകെ സ്വന്തമായുള്ളത് അന്ത്യയാത്രയിലണിയുന്ന 'ഇഹ്‌റാമിന്റെ' തൂവെള്ള വസ്ത്രം മാത്രം. ഹാജി മനസ്സില്‍ മന്ത്രിച്ചു; 'നാളെ ബലിയറുക്കുന്നതിനു മുമ്പുള്ള ഒരു ബലി!' ദുല്‍ഹജ്ജ് അമ്പിളി ഹാജിയോട് അടക്കം പറഞ്ഞു: അജയ്യനും പ്രതാപശാലിയും സര്‍വജ്ഞനുമായ നാഥന്‍ നിര്‍ണയിച്ച സുനിശ്ചിത തീരുമാനമാണിത്.  ഓ ഹാജീ... അല്ലാഹുവിന്റെ അതിഥീ... താങ്കള്‍ മണിമാളികയുടെ മേല്‍ക്കൂര പരതേണ്ട... സുഖനിദ്ര പുല്‍കാന്‍ പട്ടുമെത്ത നോക്കേണ്ട. കൂട്ടിനു കുടുംബവും കൂട്ടുകാരുമില്ല. ബിസിനസ് സാമ്രാജ്യങ്ങളൊന്നും ഇവിടെ കാണാനില്ല. അല്ലെങ്കിലും എല്ലാം ബലികഴിച്ചവന് എന്തു നാട്, എന്തു വീട്! ... ഹാജി ലബ്ബൈക്ക് ചൊല്ലി ബലിക്ക് ഉത്തരം നല്‍കുന്നു. വിശ്വാസികള്‍ ഈദു ഗാഹുകളിലും പള്ളികളിലും തക്ബീര്‍ മുഴക്കി ബലിയുടെ സന്തോഷം പങ്കുവെക്കുന്നു.

അഞ്ചു നേരത്തെ നമസ്‌കാരങ്ങളില്‍ സമര്‍പ്പണത്തിന്റെ ശഹാദത്ത് ഏറ്റുപറയുന്നവനാണ് വിശ്വാസി. സമര്‍പ്പണത്തിന്റെ ബലിജീവിതത്തിനായി തയാറെടുത്തവന്‍. അതേ, ജലവാഹിനികളായ കാര്‍മേഘങ്ങളെ വഹിക്കുന്ന മാനം നമിക്കുന്ന നാഥന്, കരിമ്പാറക്കെട്ടുകളും മഹാപര്‍വത നിരകളും നിറഞ്ഞ ഭൂമി സര്‍വസ്വവും സമര്‍പ്പിക്കുന്ന ആ പരാശക്തിക്ക് ഞാനിതാ അഖിലവും സമര്‍പ്പിക്കുന്നു. വാനഭുവനങ്ങള്‍ വിസമ്മതിച്ചപ്പോഴും ഇബ്‌റാഹീമും (അ) ഇസ്മാഈലും (അ) മുഹമ്മദും (സ) ഏറ്റെടുത്ത സമര്‍പ്പണത്തിന്റെ ബലിമാര്‍ഗം ഞാനും ഏറ്റെടുത്തിരിക്കുന്നു. 'അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.'

ആദര്‍ശത്തിന്റെ പൊരുളറിഞ്ഞ് ബലിയുടെ പാത പുല്‍കിയവന്‍ ചരിത്രത്തില്‍ എന്നും ഒരു 'അഭയാര്‍ഥി.' ഇറാഖില്‍നിന്ന് ഫലസ്ത്വീനിലും ശേഷം മക്കയിലുമെത്തിയ ഇബ്‌റാഹീം നബി (അ) ഒരു അഭയാര്‍ഥി. മക്കയില്‍നിന്ന് മദീനയിലെത്തിയ മുഹമ്മദ് നബി (സ) മറ്റൊരു അഭയാര്‍ഥി. നീയോ? നാടും വീടും ഉപേക്ഷിച്ച്, നക്ഷത്ര ചിഹ്നങ്ങള്‍ പതിച്ച ഉടയാടകള്‍ വലിച്ചെറിഞ്ഞ്, അംഗരക്ഷകരും അകമ്പടി വാഹനങ്ങളുമില്ലാതെ മുസ്ദലിഫയില്‍ അന്തിയുറങ്ങുന്ന അഭയാര്‍ഥി. പക്ഷേ, നീ ഇവിടെ അപമാനിതനല്ല. ആത്മാഭിമാനിയാണ്. സര്‍വസ്വവും അല്ലാഹുവിനു സമര്‍പ്പിച്ച മുസ്‌ലിമെന്ന ആത്മാഭിമാനി. പ്രപഞ്ച നാഥനല്ലാത്ത സര്‍വതിനെയും ആ നാഥനു വേണ്ടി ബലി കഴിക്കുമ്പോളാണല്ലോ ഹൃദയത്തില്‍ ഈമാന്റെ മാധുര്യം നിറയുക. ആ മധുരമനോഹര ശബ്ദമാണല്ലോ ലോകത്തെ പള്ളി മിനാരങ്ങളിലും ഈദ്ഗാഹുകളിലും അലയടിക്കുന്നത്. 'അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.'

തല്‍ബിയത്ത് ചൊല്ലുന്ന ഹാജിയും തക്ബീര്‍ മുഴക്കുന്ന വിശ്വാസിയും ഒരുവേള അഭയാര്‍ഥി ആകാം. നിന്റെ പേരിലുള്ള ഭൂമി നിന്റേതല്ലാതാകാം. നഷ്ടപ്പെടാതെ നീ സംരക്ഷിക്കുന്ന ഭരണകൂടങ്ങളുടെ വിവിധ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നീ സൂക്ഷിക്കുമ്പോഴും നീ അപരവല്‍ക്കരിക്കപ്പെടാം. കാരണം നീ ഇബ്‌റാഹീമിന്റെയും മുഹമ്മദിന്റെയും ബലിമാര്‍ഗത്തിലാണ്. വിശന്നാല്‍ അന്നവും ദാഹിച്ചാല്‍ വെള്ളവും രോഗിയായാല്‍ ശമനവും അല്ലാഹു നല്‍കുമെന്ന ശുഭാപ്തി വിശ്വാസമാണ് പ്രവാചക പാരമ്പര്യം. പൈശാചിക ശക്തികള്‍ അതിരു കുറ്റിയിട്ട അതിര്‍ത്തികള്‍ക്കപ്പുറം പ്രവിശാലമായ അല്ലാഹുവിന്റെ ഭൂമിയെ സ്വപ്‌നം കാണുന്നവര്‍.

ദുല്‍ഹജ്ജ് അമ്പിളി ഹാജിയുടെ കാതില്‍ പെട്ടെന്നതാ അടക്കം പറഞ്ഞു: തീരം തേടി അലഞ്ഞ് തിരമാലകളില്‍ മുങ്ങിമരിച്ച അഭയാര്‍ഥികളെ ഹാജീ നീ അറിയുമോ? സിറിയയില്‍നിന്ന്.... ഫലസ്ത്വീനില്‍നിന്ന്.... മ്യാന്മറില്‍നിന്ന്.... നഷ്ടപ്പെടലിന്റെ വേദനകളും ഭാവിയെക്കുറിച്ച ആശങ്കകളുമായി ലോകത്തിന്റെ നാനാദിക്കുകളില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ജനലക്ഷങ്ങളെ നീ അറിയുമോ? മണ്ണുവാരിക്കളിച്ച പിറന്ന നാട്ടില്‍ പോലും കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുന്ന ആയിരക്കണക്കിനു അസമുകാരുടെ ധര്‍മസങ്കടങ്ങള്‍ നീ കേള്‍ക്കുന്നുവോ? നീ ദുഃഖിക്കേണ്ട, നിരാശനാകേണ്ട. അജയ്യനും സ്തുത്യര്‍ഹനുമായ നാഥനില്‍ വിശ്വസിച്ച് സമര്‍പ്പണത്തിന്റെ ബലിമാര്‍ഗം സ്വീകരിച്ചതല്ലാതെ ഒരു അപരാധവും അവര്‍ ചെയ്തിട്ടില്ല. മുഴങ്ങട്ടെ നിന്റെ അധരങ്ങളില്‍നിന്ന് തക്ബീര്‍... 'അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്...'

ഇബ്‌റാഹീമിന്റെ ബലിയിലും ഇസ്മാഈലിന്റെ സമര്‍പ്പണത്തിലും എല്ലാം ഒടുക്കിക്കളയുന്ന മൃത്യുവില്ല. ഇബ്‌റാഹീം അറുക്കാന്‍ വിചാരിച്ചാലും, കത്തി മുറിക്കാന്‍ ശ്രമിച്ചാലും ബലിയായി സമര്‍പ്പിക്കപ്പെട്ടവന്റെ കണ്ഠനാളങ്ങളില്‍ മുറിപ്പാട് വീഴ്ത്താത്ത മഹാത്ഭുത ബലിയാണിത്. അല്ലാഹു വിധിച്ചതല്ലാത്ത ഒരു മുറിപ്പാടും ജീവിതത്തില്‍ സംഭവിക്കുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ആദര്‍ശധീരന്റെ ബലി. ബലിമൃഗത്തിന്റെ ശരീരത്തില്‍നിന്ന് പ്രവഹിക്കുന്ന രക്തത്തിനും മാംസത്തിനുമപ്പുറം ആകാശങ്ങളുടെ കവാടങ്ങള്‍ തുറന്ന് ദൈവിക സിംഹാസനത്തിന്റെ ചാരത്തെത്തുന്ന ദൈവഭക്തിയുള്ള ഹൃദയത്തിന്റെ ബലി.

ഇബ്‌റാഹീമിന്റെ ബലിയുടെ അതിജീവന ശക്തിയിലാണ് നംറൂദിന്റെ സ്വപ്‌നം വെണ്ണീറായത്, തീനാളങ്ങള്‍ ചൂടു മറന്ന് കുളിരു പകര്‍ന്നത്, ഇബ്‌റാഹീമിനു മുന്നില്‍ ഇറാഖിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടപ്പോള്‍ മക്കയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെട്ടത്, കരിമ്പാറക്കെട്ടുകള്‍ സംസമായി പ്രവഹിച്ചത്, മൂര്‍ച്ചയുള്ള കഠാരത്തലപ്പില്‍നിന്നു കണ്ഠം മുറിയാത്ത ഇസ്മാഈല്‍ സുസ്‌മേരവദനനായി വീണ്ടും ഹാജറയുടെ ചാരത്തേക്കു നടന്നത്. പ്രവാചകത്വ പരിസമാപ്തി കുറിക്കാന്‍ വന്ന മുഹമ്മദ് നബിക്കു മുന്നില്‍ മക്കയുടെ കവാടങ്ങള്‍ ഖുറൈശികള്‍ അടച്ചുതാഴിട്ടപ്പോള്‍ മദീനയുടെ കവാടങ്ങള്‍ 'ത്വലഅല്‍ ബദ്‌റു അലൈനാ' ചൊല്ലി നബിയെ ആനയിച്ചു.

നാടും വീടും കുടുംബവുമെല്ലാം ബലികഴിച്ച ഇബ്‌റാഹീം ഈ അഗ്നിപരീക്ഷണത്തില്‍ ജയിച്ചു  കയറിയത് 'ഖലീലുല്ലാഹ്' എന്ന ബഹുമതിയിലേക്കും 'ഇമാമുന്നാസ്' എന്ന പദവിയിലേക്കും. വിജനവും ജലശൂന്യവുമായ മക്കയില്‍ മാനവസമൂഹത്തിനു വിശുദ്ധ ഗേഹം പണിയാനുള്ള ആന്തരികോര്‍ജം അദ്ദേഹത്തില്‍ കുടികൊണ്ടിരുന്നു. 'ഇമാമുല്‍ കഅ്ബ'യില്‍നിന്ന് വിശ്വമാനവികതയിലേക്ക് ഒഴുകിപ്പരക്കുന്ന ജീവിത പ്രവാഹമായിരുന്നു ഇബ്‌റാഹീം. അതുകൊണ്ടുതന്നെ ബലി ലോകത്തെ മുഴുവന്‍ വംശീയതയെയും ബലിയറുക്കും, വര്‍ഗീയതയെ അറുത്തുമാറ്റും, വിശ്വമാനവികതക്ക് വിഘാതം നില്‍ക്കുന്ന വരേണ്യബോധത്തോട് കലഹിക്കും. കോണ്‍ക്രീറ്റ് കുറ്റികളില്‍ മുള്ളുവേലി കെട്ടിയ കപട ദേശസ്‌നേഹത്തെ അത് അവമതിക്കും. ഒരേയൊരു ദൈവം ഒരൊറ്റ ജനത. മണ്ണും വിണ്ണും ഏറ്റു പറയുന്നതും ആ മുദ്രാവാക്യം തന്നെ.

നരഹത്യക്കെതിരെയുള്ള പ്രതിരോധമാണ് മൃഗബലി. മൃഗങ്ങള്‍ക്കുവേണ്ടി മനുഷ്യരെ തല്ലിക്കൊല്ലുക എന്ന സവര്‍ണബോധം പൊതുസമൂഹത്തിലേക്ക് പ്രക്ഷേപിക്കപ്പെട്ടുകൊിരിക്കുകയാണ്. ആഘോഷങ്ങളുടെ പൊലിമ മാനവികതയെ ജ്വലിപ്പിക്കാനുള്ളതാണ്. അതിരുകളില്ലാത്ത ഭൂമിയും തട്ടുകളില്ലാത്ത മനുഷ്യരും. ഇബ്‌റാഹീം ഇമാമുന്നാസ് ആയിരുന്നല്ലോ. അതുകൊണ്ടുതന്നെ ഇസ്‌ലാമിക സമൂഹം 'ഉമ്മതുന്‍ ലിന്നാസ്' (ജനങ്ങള്‍ക്കു വേണ്ടിയുള്ള ജനസമൂഹം) ആകുന്നു. മക്കയെ നിര്‍ഭയത്വം നിറഞ്ഞ പ്രശാന്ത രാജ്യമാക്കാനും അതിലെ നിവാസികള്‍ക്കഖിലവും സുഭിക്ഷത നല്‍കാനും വേണ്ടി പ്രാര്‍ഥിച്ച ഇബ്‌റാഹീമിന്റെ പിന്മുറയും സമാധാനമുള്ള ദേശത്തിനും സുഭിക്ഷത നിറഞ്ഞ സമൂഹത്തിനും വേണ്ടി പരിശ്രമിക്കും. ഇബ്‌റാഹീമീ മില്ലത്തിനെ പുനരവതരിപ്പിച്ച മുഹമ്മദീയ സുന്നത്തും അതു തന്നെയാകുന്നു. ആദര്‍ശപിതാവ് ഇബ്‌റാഹീമിനെപ്പോലെ ആദര്‍ശപുത്രന്‍ മുഹമ്മദ് നബി(സ)യും പ്രാര്‍ഥിച്ചു; മദീന ശാന്തി നിറഞ്ഞ രാജ്യമാകാന്‍, കാര്‍ഷിക വിളകളാല്‍ സമൃദ്ധമാവാന്‍.  അതുകൊണ്ടാണല്ലോ പ്രവാചകാഗമനത്തിനു മുമ്പ് 'കുഴപ്പം' പിടിച്ച യസ്‌രിബ് 'മദീനത്തുന്നബി' എന്ന പ്രോജ്ജ്വല നഗരമായത്. ഇബ്‌റാഹീമിനെയും മുഹമ്മദിനെയും പ്രതിനിധീകരിക്കുന്ന മക്ക, മദീനാ നഗരങ്ങളില്‍ ഒരു മനുഷ്യന്റെയും രക്തം വീഴുന്നില്ല. അവിടെയും നിലക്കാതെ ഉയരുന്ന ശബ്ദം 'അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.'

ബലിപെരുന്നാള്‍ സുദിനത്തില്‍ വിശ്വാസികള്‍ അണിഞ്ഞൊരുങ്ങിയും തക്ബീര്‍ മുഴക്കിയും ഈദ്ഗാഹുകളിലേക്കും പള്ളികളിലേക്കും ഒഴുകും. പ്രപഞ്ചനാഥന്‍ ഉത്കൃഷ്ട ദാസന്മാരെ സംബന്ധിച്ച് മാലാഖമാരോട് അഭിമാനപൂര്‍വം പ്രശംസിച്ചു പറയും; 'രക്തം ചീന്തുമെന്ന് നിങ്ങള്‍ പറഞ്ഞ ആ മനുഷ്യരതാ പോകുന്നു... എത്ര നല്ല ദാസന്മാര്‍.' സാമ്രാജ്യത്വവും സയണിസവും മറക്കു പിന്നില്‍ പാലൂട്ടി വളര്‍ത്തിയ ഐ.എസിന്റെ സിറിയ അല്ല, ഇബ്‌റാഹീമിന്റെ മക്കയും മുഹമ്മദിന്റെ മദീനയുമാണ് വിശ്വാസികളുടെ ഊര്‍ജവും ആവേശവും. കാരണം അഭയാര്‍ഥികള്‍ പടുത്തുയര്‍ത്തിയ ഭൂമിയിലെ പറുദീസയാണ് ധന്യമായ ആ പ്രവാചക നഗരങ്ങള്‍.

ആദര്‍ശാധിഷ്ഠിതമായ ആഘോഷങ്ങള്‍ ദൈവികതയുടെ ഉദാരതയും സഹാനുഭൂതിയുമാണ് പങ്കുവെക്കുന്നത്. വിശ്വാസിയുടെ സന്തോഷം സമസൃഷ്ടികളുമായും പങ്കുവെക്കപ്പെടും; ഹൃദയത്തിന്റെ തണുപ്പറിഞ്ഞ് ആശംസകള്‍ കൈമാറും, ആമാശയത്തിന്റെ വിശപ്പറിഞ്ഞ് ഭക്ഷണം കൈമാറും. വ്രതപരിസമാപ്തിയില്‍ ധാന്യം ഉദാരതയുടെ കതിരണിയുമ്പോള്‍ ബലി പെരുന്നാളില്‍ മാംസം ഭക്ഷണത്തിന് പരിപോഷണമേകും. ബലിയുടെ മാംസം ലോകത്തെ ദരിദ്രര്‍ക്കും ആശയറ്റ നിരാലംബര്‍ക്കും. ബലിയുടെ തക്ബീറില്‍ മണ്ണിനും വിണ്ണിനും ഒരുപോലെ സന്തോഷം.

സമാധാനത്തിനും സുഭിക്ഷതക്കും വേണ്ടി മനമുരുകി പ്രാര്‍ഥിച്ച ജനനായകനായ ഇബ്‌റാഹീം നബിയെ അനുസ്മരിക്കുന്നവര്‍ക്ക് ഈദ് ദിനത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന ഹതഭാഗ്യരെ വിസ്മരിക്കാനാവില്ല. ഉരുള്‍പൊട്ടിയും മലയിടിഞ്ഞും സ്വപ്‌നങ്ങള്‍ മലവെള്ളപ്രളയത്തില്‍ ഒഴുകിയ ആലംബഹീനരെ നെഞ്ചോട് ചേര്‍ത്തു വെക്കുമ്പോള്‍ മാത്രമേ പെരുന്നാളിന് മാനവികതയുടെ സ്പര്‍ശമുണ്ടാവുകയുള്ളൂ. സര്‍വതും നഷ്ടപ്പെട്ട ഹതഭാഗ്യരുടെ കവിളിണയില്‍നിന്ന് ദുഃഖത്തിന്റെ സങ്കടക്കണ്ണീര്‍ സഹാനുഭൂതിയുടെ കരങ്ങളില്‍ ഒപ്പിയെടുക്കുമ്പോള്‍ ആ കരങ്ങള്‍ക്ക് പെരുന്നാളിന്റെ മൈലാഞ്ചിയേക്കാള്‍ ശോഭയുണ്ടാകും. മലയൊന്നിടിഞ്ഞാലും ഉരുള്‍പൊട്ടി വീണാലും നിലക്കാതെ പെയ്താലും ഓര്‍ക്കുക, നീ നിന്റെ നാട്ടിലും അഭയാര്‍ഥി തന്നെ.

പേടിപ്പിച്ചും പീഡിപ്പിച്ചും ലോകത്തിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ്-ഫാഷിസ്റ്റ് പൈശാചിക കൂട്ടുകെട്ടിന്റെ കുഴലൂത്തുകള്‍ക്കിടയിലാണ് ഈദിന്റെ തക്ബീര്‍ ധ്വനികള്‍ ഉയരുന്നത്. ആദര്‍ശം അടിയറവെച്ച ഭീരുവിന്റെ ദീനവിലാപമല്ല തക്ബീര്‍. അത് മോഹഭംഗങ്ങളില്ലാത്തവന്റെ, വിജയശ്രീലാളിതന്റെ ശോഭനമായ ഭാവിയിലേക്കുള്ള അതിജീവന മന്ത്രമാണ്. ഒരു തുണ്ടു ഭൂമിക്കും ഒരുപിടി അന്നത്തിനും വേണ്ടി അഭയാര്‍ഥികളായി ഒഴുകുന്ന ജനലക്ഷങ്ങളുടെ ആവേശമന്ത്രം. അതിരുവിട്ട ആനന്ദത്തേക്കാള്‍ നെഞ്ചോടമര്‍ത്തിവെച്ച ആദര്‍ശമാണ് പെരുന്നാളിന്റെ പൊരുള്‍. ദൈവിക സമര്‍പ്പണമാണ് കാമ്പും കാതലും. അതിനു മുന്നിലെ തടസ്സങ്ങളെ, തനിക്ക് ഏറ്റവും പ്രിയപ്പെട്ടവയെ ജീവിതത്തില്‍നിന്ന് അറുത്തുമാറ്റലാണ് യഥാര്‍ഥ ബലി. ഇബ്‌റാഹീമിന്റെ പുത്രനായിരുന്നു ഇസ്മാഈല്‍. നമ്മുടെ ഇസ്മാഈല്‍ മറ്റെന്തൊക്കെയോ ആയിരിക്കാം... അറുക്കുന്നത് ബലിമൃഗത്തെ ആണെങ്കിലും മനസ്സില്‍ മുറിഞ്ഞു വീഴേണ്ടത് നിന്റെ മനസ്സില്‍ താലോലിക്കുന്ന ഇസ്മാഈലായിരിക്കണം.

മക്കയില്‍നിന്ന് ബഹിഷ്‌കൃതനായി മദീനയില്‍ അഭയാര്‍ഥിയായ മുഹമ്മദ് നബി (സ) വീണ്ടും മക്കയിലെത്തി. അദ്ദേഹം തന്റെ ആദ്യത്തെയും അവസാനത്തെയും ഹജ്ജിനു ഒരുങ്ങുന്നത് ഇപ്പോള്‍ അഭയാര്‍ഥിയായല്ല, കിരീടം വെക്കാത്ത ഭരണാധികാരിയായി. കവിളിണയില്‍ സന്തോഷത്തിന്റെ അശ്രുകണങ്ങള്‍, അധരങ്ങളില്‍ വിജയത്തിന്റെ തക്ബീര്‍ ധ്വനികള്‍. പ്രവാചകന്‍ ഇരു ഗിരിമലകളും മാറിമാറി കയറി കഅ്ബാലയത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. ശേഷം മൊഴിഞ്ഞു: 'അല്ലാഹു മഹാന്‍. നിനക്കാണ് സര്‍വസ്തുതിയും. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല. സ്വഫയും മര്‍വയും നാഥാ നിന്റെ ചിഹ്നങ്ങള്‍... നാഥാ.... നീ എന്നോട് ചെയ്ത വാഗ്ദാനങ്ങള്‍ പാലിച്ചു. നിന്റെ വിനീത ദാസനെ സഹായിച്ചു. നിന്റെ ദീനിനെ തകര്‍ക്കാന്‍ വന്ന മുഴുവന്‍ സഖ്യകക്ഷികളെയും നീ ഒറ്റക്കു തന്നെ പരാജയപ്പെടുത്തി. നാഥാ, സ്തുതികീര്‍ത്തനങ്ങളഖിലം നിനക്കുമാത്രം.' ഓര്‍ക്കുക ബലിയുടെ പൊരുളിലും പെരുന്നാളിന്റെ നിറവിലും ഒരു വിജയമന്ത്രമുണ്ട്. എന്റെ ആരാധനകളും എന്റെ ത്യാഗബലികര്‍മങ്ങളും എന്റെ ജീവിതമഖിലവും മധുരമനോഹര മരണവും നാഥാ നിനക്ക്, നിനക്കു മാത്രം.... 'അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍