Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

സെക്യുലരിസവും ഇസ്‌ലാമിക പ്രസ്ഥാനവും

സയ്യിദ് സആദത്തുല്ല ഹുസൈനി

സെക്യുലരിസം ഇസ്‌ലാമിക പ്രസ്ഥാന വൃത്തങ്ങളില്‍ എപ്പോഴും ഒരു ചര്‍ച്ചാ വിഷയമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ തുടക്കകാലത്ത് ചില ചിന്താരീതികളെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. അതിലൊന്നാണ് സെക്യുലരിസം. പ്രാസ്ഥാനിക ചിന്തയുടെ മര്‍മം എന്നു പറയുന്നത്, ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മനുഷ്യനെ വഴികാട്ടേണ്ടത് ദൈവിക നിര്‍ദേശങ്ങളായിരിക്കണം എന്നതാണല്ലോ. അതിനാല്‍ തന്നെ ഈയൊരു കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു ദര്‍ശനത്തിനും പ്രാസ്ഥാനിക ചിന്താ മണ്ഡലങ്ങളില്‍നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരും.

മറുവശത്ത്, ലോകം മുഴുക്കെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സെക്യുലരിസവുമായി അടുപ്പമുണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്നതും വസ്തുതയാണ്. ചിലയിടങ്ങളില്‍ അവര്‍ സെക്യുലരിസത്തെ ശക്തമായി പിന്തുണക്കുന്നതും കാണാം. തുര്‍ക്കിയിലെയും മറ്റും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തങ്ങള്‍ സെക്യുലറായി പ്രവര്‍ത്തിക്കും എന്ന് പരസ്യമായി പ്രഖ്യാപിക്കുക വരെ ചെയ്യുന്നുണ്ട്. നജ്മുദ്ദീന്‍ അര്‍ബകാന്‍ തന്നെ രൂപം നല്‍കിയ പാര്‍ട്ടികളെല്ലാം നിയമപരമായി സെക്യുലര്‍ ആയിരുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം ഫാഷിസത്തിനെതിരെ സെക്യുലരിസത്തെയാണ് പിന്തുണക്കുന്നത്; സെക്യുലര്‍ ശക്തികള്‍ ശക്തിപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നല്ല ഒരു സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ പ്രസ്ഥാനം പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. ആ പാര്‍ട്ടിയുടെ ഭാരവാഹികളാകാന്‍ പ്രസ്ഥാനം അതിന്റെ സജീവ പ്രവര്‍ത്തകരെ അനുവദിച്ചു. പോഷകഘടകങ്ങള്‍ ആ രാഷ്ട്രീയ കൂട്ടായ്മയെ പിന്തുണക്കണമെന്ന് നിര്‍ദേശം നല്‍കി. തീര്‍ച്ചയായും ചില ആളുകള്‍ക്കെങ്കിലും, ഇവിടെ പ്രസ്ഥാന ചിന്തയും പ്രവൃത്തിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുന്നില്ലേ എന്ന തോന്നലുണ്ട്. പ്രസ്ഥാനത്തിനകത്തു തന്നെ ചിലയിടങ്ങളില്‍ ഇതു സംബന്ധമായി ചില അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുമുണ്ട്. പ്രസ്ഥാന വിരോധികളാകട്ടെ തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എരിവ് പകരാന്‍ ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നു. താഴെപ്പറയുന്ന കാര്യങ്ങളില്‍ അല്‍പം ആഴത്തില്‍ ആലോചന നടത്തിയാല്‍ ഇതൊക്കെയും വിഷയം ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതിന്റെ പ്രശ്‌നമാണെന്നു മനസ്സിലാകും.

സെക്യുലരിസം എന്ന വാക്ക് ഇന്ന് രാഷ്ട്രീയത്തില്‍ ഏത് അര്‍ഥത്തിലാണോ പ്രയോഗിക്കുന്നത്, ആ അര്‍ഥത്തില്‍ ആയിരുന്നില്ല ആ പ്രയോഗത്തിന് ജന്മം നല്‍കിയവരും ഫ്രഞ്ച് വിപ്ലവ ചിന്തകരും അത് പ്രയോഗിച്ചിരുന്നത് എന്നതാണ് മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം. തുടക്കത്തില്‍ ഏത് അര്‍ഥത്തിലാണോ ആ വാക്ക് പ്രയോഗിച്ചിരുന്നത് അതിനെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല നായകര്‍ വിമര്‍ശനവിധേയമാക്കിയത്. സാമൂഹിക ശാസ്ത്രത്തില്‍ ഒരു സംജ്ഞയും ഒരേ അര്‍ഥത്തില്‍ എന്നെന്നും സ്വതന്ത്രമായി, സ്ഥായിയായി നിലനില്‍ക്കുകയില്ല. കാലം മാറുന്നതിനനുസരിച്ച് ചിന്തകളും ദര്‍ശനങ്ങളും മാറും. വാക്കുകള്‍ക്കും സംജ്ഞകള്‍ക്കും പുതിയ അര്‍ഥങ്ങള്‍ വന്നുകൊണ്ടിരിക്കും. ആയതിനാല്‍, ഇന്ന് സെക്യുലരിസം എന്ന വാക്ക് ഏതൊക്കെ അര്‍ഥങ്ങളിലാണോ പ്രയോഗിക്കപ്പെടുന്നത് അവയൊക്കെ ഇസ്‌ലാമിന് വിരുദ്ധമാണെന്ന് ഒരു കാരണവശാലും പറയാന്‍ കഴിയില്ല.

രണ്ടാമത്തെ കാര്യം ഇതാണ്: ഇസ്‌ലാമിക പ്രസ്ഥാനം ലക്ഷ്യം വെക്കുന്ന വിപ്ലവം സമയദൈര്‍ഘ്യം ആവശ്യമുള്ള ഒരു സാമൂഹിക പ്രക്രിയയാണ്. ഘട്ടംഘട്ടമായേ ആ തലത്തില്‍ എത്തിച്ചേരാനാവുകയുള്ളൂ. അതിനാല്‍ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് മാത്രമല്ല ഓരോ ഘട്ടത്തെക്കുറിച്ചും നല്ല അവബോധം അനിവാര്യമാണ്. ഈ രണ്ട് കാര്യങ്ങളില്‍ ഊന്നിയാണ് ഈ ലേഖനം വികസിക്കുന്നത്.

 

സെക്യുലരിസം- തുടക്കത്തിലെ വിവക്ഷ

സെക്യുലരിസം എന്ന വാക്ക് കേവലം രാഷ്ട്രീയ സംജ്ഞയല്ല. ഇതൊരു സാങ്കേതിക സംജ്ഞയായി ആദ്യം പ്രയോഗിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജോര്‍ജ് ജേക്കബ് ഹോളിയോക്ക് (1817-1906) എന്ന ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകനാണ്. 'ഈ (ഭൗതിക) ജീവിതാനുഭവം കൊണ്ട് പരീക്ഷിച്ചറിയാന്‍ പറ്റുന്ന പ്രശ്‌നങ്ങളെക്കുറിച്ച ചോദ്യങ്ങളില്‍ പരിമിതമായ ഒരു ചിന്താരീതി' എന്നാണ് അദ്ദേഹത്തിന്റെ നിര്‍വചനം.1 അതിനാല്‍ യൂറോപ്യന്‍ ജ്ഞാനോദയ കാലത്ത് രൂപപ്പെട്ട സെക്യുലരിസ്റ്റ് ദര്‍ശനത്തിന്റെ അടിത്തറ ദൈവം, പരലോകം, മരണാനന്തര ജീവിതം, ദൈവിക ഗ്രന്ഥം തുടങ്ങിയവയുടെയെല്ലാം നിഷേധമായിരുന്നു. മനുഷ്യ ബുദ്ധിയുടെയും അനുഭവത്തിന്റെയും പരിധിയില്‍ വരാത്ത മുഴുവന്‍ വ്യവഹാരങ്ങളും ഇങ്ങനെ അവഗണിക്കപ്പെട്ടു. ഇനി ഒരാള്‍ക്ക് അയാളുടെ തീര്‍ത്തും വ്യക്തിപരമായ ജീവിതത്തില്‍ ഇത്തരം വിശ്വാസങ്ങളും നടപടിക്രമങ്ങളും വേണമെന്ന് തോന്നിയാല്‍ അയാള്‍ക്കത് ആവാം. പക്ഷേ, അതൊന്നും തന്നെ സാമൂഹിക ജീവിതത്തില്‍ ഒരു നിലക്കും ഇടപെട്ടുകൂടാ. പരീക്ഷണങ്ങളാലും മനുഷ്യ ബുദ്ധിയാലും സ്ഥാപിച്ചെടുക്കാവുന്ന കാര്യങ്ങള്‍ മാത്രമേ രാഷ്ട്രീയം, സമ്പദ്ശാസ്ത്രം, സാമൂഹിക ജീവിതം, സദാചാരം, ജ്ഞാനരൂപങ്ങള്‍, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയയുടെയെല്ലാം ആധാരമാകാന്‍ പാടുള്ളൂ.

അങ്ങനെയാണ് സെക്യുലരിസത്തിന് അതിന്റെ തുടക്കകാലത്ത് ദൈവവിരുദ്ധവും മതവിരുദ്ധവുമായ ഒരു ആശയതലം രൂപപ്പെട്ടത്. നവീന ജ്ഞാന-കലാരൂപങ്ങളെ പരിശോധിച്ചാല്‍ ഈ ചിന്ത എത്ര ആഴത്തിലാണ് വേരോടിയത് എന്ന് കണ്ടെത്താനാവും. ബുദ്ധിയാലും അനുഭവങ്ങളാലും സ്ഥാപിതമായ കാര്യങ്ങള്‍ മാത്രമേ മുഴുവന്‍ പ്രകൃതി-സാമൂഹിക ശാസ്ത്രങ്ങളുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്നുള്ളൂ എന്ന് കാണാന്‍ കഴിയും. ദിവ്യവെളിപാടിനോ മതത്തിനോ ഈ മേഖലയിലേക്ക് പ്രവേശനം പാടേ നിഷേധിക്കപ്പെടുന്നു. ഇതൊന്നും ഒരു പുതിയ ചിന്താഗതിയല്ല താനും. ഇതു തന്നെയായിരുന്നു ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും നിലപാട്. ഇസ്‌ലാമിക ചരിത്രത്തില്‍ ഈ വഴിതെറ്റിയ ചിന്തക്ക് പ്രചാരം നല്‍കാനാണ് ഇബ്‌നു റുശ്ദ് ശ്രമിച്ചത്. ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തിയത് ഇമാം ഗസാലിയും തുടര്‍ന്ന് ഇമാം ഇബ്‌നു തൈമിയ്യയുമാണ്. പക്ഷേ, ബുദ്ധിയെയും ചിന്തയെയും നിരാകരിക്കുന്ന ചര്‍ച്ചിന്റെ സ്വേഛാധിപത്യം യൂറോപ്പില്‍ ഇന്ന് കാണുന്നതുപോലെ, സെക്യുലരിസത്തിന് മതവിരുദ്ധതയുടെ വര്‍ണം നല്‍കുന്നതിനുള്ള സാഹചര്യമൊരുക്കുകയായിരുന്നു. ഈ മതവിരുദ്ധതയുടെ കടന്നാക്രമണം ഏറ്റവും കൂടുതല്‍ ദൃശ്യമാവുക കലാ- വൈജ്ഞാനിക മേഖലകളിലാണ്. അതിനാല്‍ ആ ദര്‍ശനത്തെ എതിരിടല്‍ അനിവാര്യമായിത്തീരും. തത്ത്വശാസ്ത്രം, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ, സമ്പദ് ദര്‍ശനം മുതല്‍ പ്രകൃതി ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, എഞ്ചിനീയറിംഗ് വരെയുള്ള മുഴുവന്‍ മേഖലകളുമെടുത്തു പരിശോധിച്ചുനോക്കുക. പരമസത്യമായ ദൈവാസ്തിക്യത്തെ തള്ളിമാറ്റിയാണ് അവയൊക്കെയും രൂപപ്പെടുത്തിയിരിക്കുന്നത് എന്നു കാണാം. എത്രത്തോളമെന്നാല്‍, ശുദ്ധ മതസമൂഹങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും ഇന്ന് ഇങ്ങനെ രൂപകല്‍പ്പന ചെയ്യപ്പെട്ട ജ്ഞാന ശാസ്ത്രങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാണ്.

ഈ തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന സമൂഹമാണ് സെക്യുലര്‍ എന്ന് വിളിക്കപ്പെടുന്നത്. സെക്യുലരിസത്തിന്റെ ആദ്യകാല വക്താക്കള്‍, വീടിനു പുറത്ത് മതത്തെ കാണാനാവാത്ത ഒരു സമൂഹത്തെയാണ് സ്വപ്‌നം കണ്ടത്. സാമൂഹിക ഇടപെടലുകളില്‍ മതത്തിന്റെ പങ്കാളിത്തം പൂജ്യത്തിലേക്ക് കൊണ്ടുവരണം. മതം വ്യക്തിയുടെ സ്വകാര്യ ഇടപാടോ കേവലം ആത്മീയ വ്യവഹാരമോ ആയി മാത്രമേ നിലനില്‍ക്കാവൂ. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇടപാടാണെങ്കിലും അതില്‍ മതം കയറിവരാന്‍ പാടില്ല. ഈ ചിന്താഗതിയനുസരിച്ച് സംസ്‌കാരം, നാഗരികത, സാമൂഹികാചാരങ്ങള്‍, ജീവിത ശൈലി, സാമൂഹിക സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം മതസ്വാധീനത്തില്‍നിന്ന് മുക്തമായിരിക്കും. ഫ്രാന്‍സും ചില യൂറോപ്യന്‍ രാഷ്ട്രങ്ങളും സോവിയറ്റ് യൂനിയന്റെ കീഴിലുള്ള കമ്യൂണിസ്റ്റ് ബ്ലോക്കും സെക്യുലരിസത്തെ കുറിച്ച ഈ മതവിരുദ്ധ വീക്ഷണം ഊട്ടിയുറപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും, കഴിഞ്ഞ ഇരുനൂറ് വര്‍ഷത്തെ അനുഭവങ്ങളിലൂടെ കടന്നുപോന്ന ലോകം ഇന്ന് സെക്യുലരിസത്തിന് നല്‍കുന്ന നിര്‍വചനം പൂര്‍ണമായി മതവിരുദ്ധമല്ല എന്നതാണ് സത്യം. ഇനിയുള്ള വിവരണത്തില്‍നിന്ന് അതേക്കുറിച്ച വിശദാംശങ്ങള്‍ ലഭിക്കും.

സെക്യുലരിസത്തെക്കുറിച്ച ഈയൊരു കാഴ്ചപ്പാടില്‍നിന്നാണ് രാഷ്ട്രീയ സെക്യുലരിസം അല്ലെങ്കില്‍ സെക്യുലര്‍ സ്റ്റേറ്റ് എന്ന സങ്കല്‍പവും ഉരുത്തിയിരുന്നത്. സെക്യുലരിസത്തിന്റെ മുന്‍കാല ദാര്‍ശനികര്‍ ആത്യന്തിക സ്വഭാവത്തോടെ വളരെ തീവ്രമായാണ് അതിനെ നിര്‍വചിച്ചിരുന്നത്. അവരുടെ വീക്ഷണത്തില്‍, മതം മനുഷ്യന്റെ ശാസ്ത്ര-വൈജ്ഞാനിക വളര്‍ച്ചയില്‍ വലിയ തടസ്സം സൃഷ്ടിക്കുകയാണ്. അത് മനുഷ്യനെ അന്ധവിശ്വാസിയാക്കി മാറ്റുകയും മുന്നോട്ടുള്ള അവന്റെ കുതിപ്പിനെ തടയുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മതത്തെ നിര്‍വീര്യമാക്കാന്‍ സ്റ്റേറ്റിന്റെ അധികാര ശക്തി തന്നെ പ്രയോഗിക്കേണ്ടതുണ്ട്. രാഷ്ട്രവും മതസ്വാധീനത്തില്‍നിന്ന് മുക്തമാവണം. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളില്‍നിന്നും മതത്തിന്റെ അടയാളങ്ങളെ മായ്ച്ചുകളാന്‍ സ്റ്റേറ്റ് അധികാര പ്രയോഗം നടത്തുന്നത് തെറ്റാവില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും സെക്യുലരിസത്തെക്കുറിച്ച ഈ വീക്ഷണമാണ് പ്രബലമായിരുന്നത്. രാഷ്ട്രമീമാംസകരും സാമൂഹികശാസ്ത്ര വിശാരദരും ഈയൊരു കാഴ്ചപ്പാടിന് പ്രചാരം നല്‍കാനാണ് കൊണ്ടുപിടിച്ച് ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യയിലും മറ്റു കമ്യൂണിസ്റ്റ് നാടുകളിലും മതത്തിനെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കപ്പെട്ടത്. ഇസ്‌ലാമിക ലോകത്ത് കേന്ദ്ര സ്ഥാനത്തു നിന്നിരുന്ന തുര്‍ക്കിയില്‍ മുസ്ത്വഫ കമാല്‍ അത്താതുര്‍ക് ഈ തീവ്ര സെക്യുലരിസം നടപ്പാക്കാനാണ് ശ്രമിച്ചത്. മുസ്‌ലിം ലോകത്തുടനീളം അത്താതുര്‍ക്കിനെ ഹീറോ ആയി കാണുന്ന അഭ്യസ്തവിദ്യരുടെ ഒരു നിരയുണ്ടായിരുന്നു. മുസ്‌ലിം ലോകത്തെ ഭരണാധികാരികളില്‍ പലരും സെക്യുലരിസത്തിന്റെ അത്താതുര്‍കിയന്‍ വീക്ഷണം സ്വീകരിച്ചാലേ നാടിന് പുരോഗതിയും ക്ഷേമവും ഉണ്ടാകൂ എന്ന് കരുതുന്നവരുമായിരുന്നു. ഈയൊരു പരിതഃസ്ഥിതിയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ തീവ്ര സെക്യുലര്‍ വിഭാവനയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കടന്നാക്രമിച്ചതില്‍ ഒരു അസാംഗത്യവുമില്ല.

 

സെക്യുലരിസത്തിന്റെ വിവിധ ഭാവങ്ങള്‍

ലോകത്ത് ഏതൊരു ആശയവും ആദ്യമായി അവതരിപ്പിക്കപ്പെടുക വളരെ തീവ്രമായിട്ടായിരിക്കും (Extreme Idealism). പക്ഷേ, പുസ്തകങ്ങളിലുള്ള ദര്‍ശനങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവരുമ്പോള്‍ അവ ക്രമേണ അതിനൊത്ത് പരുവപ്പെടും. ആ ആശയങ്ങളുടെ രൂപഭാവങ്ങള്‍ മാറിക്കൊണ്ടിരിക്കും. അര്‍ഥത്തിലും മാറ്റങ്ങള്‍ വരും. അതിനാല്‍ പ്രയോഗത്തിലുള്ള ഏത് ദര്‍ശനത്തെ പഠിക്കുമ്പോഴും ആ ദര്‍ശനം ആദ്യമായി അവതരിപ്പിച്ചവരുടെ പുസ്തകങ്ങളോ നിഘണ്ടുക്കളോ മാത്രം നോക്കിയാല്‍ മതിയാവില്ല. ഇന്ന് ലോകത്ത് ഏതര്‍ഥത്തിലാണ് ആ ദര്‍ശനം മനസ്സിലാക്കപ്പെടുന്നത് എന്നുകൂടി അറിയേണ്ടിവരും. രാഷ്ട്രമീമാംസകര്‍, സാമൂഹിക ശാസ്ത്രജ്ഞര്‍, നിയമജ്ഞര്‍, നിയമ-ഭരണഘടനാ വിദഗ്ധര്‍, നയരൂപവത്കരണത്തിന് നേതൃത്വം നല്‍കിയവര്‍ തുടങ്ങിയവരൊക്കെ ഈ ആശയത്തെ എങ്ങനെ വിശദീകരിക്കുന്നു എന്നും നോക്കേണ്ടിവരും. അതായത് പ്രയോഗത്തിലുള്ള ഒരു ആശയത്തെ ആ ആശയം വിശദീകരിക്കുന്ന പഴയ ഗ്രന്ഥങ്ങള്‍ നോക്കി മാത്രമല്ല പഠിക്കുന്നത്; കാലക്രമത്തില്‍ അതിനു വന്ന മാറ്റങ്ങളെ ജനങ്ങള്‍ എങ്ങനെ ഉള്‍ക്കൊണ്ടു എന്നു കൂടി കണക്കിലെടുത്താണ്. ഭാഷാ ശാസ്ത്രത്തില്‍ ഇതൊരു അംഗീകൃത തത്ത്വമാണ്. എഴുത്തും വായനയുമുള്ളവര്‍ക്കൊക്കെ അത് അറിയുകയും ചെയ്യാം.

ഈയൊരു നിലപാടില്‍നിന്നുകൊണ്ട് നാം സെക്യുലരിസത്തെ പരിശോധിക്കുമ്പോള്‍ അതിന്റെ മൂന്ന് രൂപങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ഒന്നാമത്തേത്, നാം വിശദീകരിച്ചപോലെ, അതിന്റെ ആദ്യകാല വക്താക്കള്‍ മുമ്പോട്ടുവെച്ച തീവ്ര സെക്യുലരിസം തന്നെ. അതായത്, മതത്തെ വെറുക്കപ്പെടേണ്ട ഒന്നായി പ്രഖ്യാപിക്കുകയും അതിനെ പിഴുതെറിയേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണെന്ന് കരുതുകയും ചെയ്യുക. ഇതിന് രാഷ്ട്രമീമാംസയില്‍ തീവ്ര സെക്യുലരിസം (Hard Secularism) എന്നോ നിരീശ്വര സെക്യുലരിസം (Atheist Secularism) എന്നോ ആണ് പറയുക.2  മതം ശാസ്ത്രത്തിന്റെയും മറ്റു വിജ്ഞാനങ്ങളുടെയും വളര്‍ച്ചക്ക് തടസ്സമാണ് എന്ന ആധുനികത (Modernity)യുടെ സങ്കല്‍പമാണ് ഈ നിലപാടിന് ആധാരം. അതിനാല്‍ ജനക്ഷേമവും രാഷ്ട്രപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭരണകൂടം 'മതം എന്ന അന്ധവിശ്വാസ'ത്തെ ഉന്മൂലനം ചെയ്യാനും മതബോധത്തില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാനും കച്ചകെട്ടിയിറങ്ങും. മതത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി സ്റ്റേറ്റിന്റെ സകല സര്‍വാധിപത്യ ഉപകരണങ്ങളും അതിനെതിരെ പ്രയോഗിക്കപ്പെടും. സോവിയറ്റ് യൂനിയന്‍, യൂഗോസ്ലാവിയ, ബള്‍ഗേറിയ തുടങ്ങിയ നാടുകളിലൊക്കെ ഈ അള്‍ട്രാ സെക്യുലരിസമാണ് പ്രയോഗിക്കപ്പെട്ടത്. മതത്തെയും അതിന്റെ ചിഹ്നങ്ങളെയും ഉന്മൂലനം ചെയ്യാന്‍ സ്റ്റേറ്റ് അതിന്റെ സാധ്യമാവുന്ന മുഴുവന്‍ ശക്തിയും പ്രയോഗിച്ചു. രണ്ടാം ലോകയുദ്ധാനന്തരം ഈ കാഴ്ചപ്പാടിന്റെ പ്രയോഗം കമ്യൂണിസ്റ്റ് ബ്ലോക്കില്‍ മാത്രമാണുണ്ടായിരുന്നത്; ചില കൊടും സ്വേഛാധിപതികളും അവരുടെ ഈ മാതൃക അനുകരിച്ചു. മറ്റു ലോകരാഷ്ട്രങ്ങളെല്ലാം ഈ നിലപാടിനെ വെറുക്കുകയും നിരാകരിക്കുകയുമാണുണ്ടായത്. അതുകൊണ്ടാണ് കമ്യൂണിസത്തിന്റെ തിരോധാനത്തോടു കൂടി ഈ തീവ്ര സെക്യുലരിസവും കാലയവനികക്കുള്ളില്‍ മറഞ്ഞത്. ഇന്നത്തെ പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരമൊരു വീക്ഷണത്തിന് യാതൊരു ഇടവുമില്ല.

സെക്യുലരിസത്തെക്കുറിച്ച രണ്ടാമത്തെ വീക്ഷണം പ്രതിഫലിപ്പിക്കുന്നതാണ് ഫ്രഞ്ച് ഭാഷയിലെ Laicite എന്ന വാക്ക്. 'ലായിസെറ്റ്' എന്നു പറഞ്ഞാല്‍ ജീവിതത്തിന്റെ മുഴുവന്‍ കാര്യങ്ങളെയും മതപരം, മതേതരം എന്നിങ്ങനെ വേര്‍തിരിക്കുക എന്നര്‍ഥം. ഇത് രാഷ്ട്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ കാര്യത്തില്‍ മാത്രം പരിമിതപ്പെടുന്ന ഒന്നല്ല. ഫ്രഞ്ച് ഭരണഘടന തന്നെ വ്യക്തമാക്കുന്ന പോലെ, മുഴുവന്‍ ഫ്രഞ്ച് പൗരന്മാര്‍ക്കും 'ലായിസെറ്റ്' അവിഭാജ്യമായ ഒരു ജീവിത വീക്ഷണം നല്‍കുകയും ചെയ്യുന്നു. മതം ഒരാളുടെ വ്യക്തിപരവും ആധ്യാത്മികവുമായ ജീവിതത്തില്‍ മാത്രം. ഇതനുസരിച്ച് മതം കൊണ്ടുനടക്കാന്‍ ആളുകള്‍ക്ക് അനുവാദമുണ്ടെന്നു പറയാം. അതേസമയം രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ ഇടപാടുകളില്‍ മതം ഒരിക്കലും കടന്നുവരാന്‍ പാടില്ല. സാമൂഹിക ജീവിതത്തില്‍ മതത്തിന്റെ അടയാളങ്ങള്‍ തീര്‍ത്തും അനഭിലഷണീയമാണ്. മാത്രമല്ല, സ്റ്റേറ്റിന് ഒരു മതവുമായും ബന്ധമുണ്ടാകില്ല, ഒരു മതവിഭാഗത്തിനും അത് സഹായവും നല്‍കില്ല. വ്യക്തിജീവിതത്തിലെ മതസ്വാതന്ത്ര്യം പോലും സാമൂഹിക നിയമങ്ങള്‍ക്ക് വിധേയമായിരിക്കും. മിത തീവ്ര സെക്യുലരിസം (Moderate Hard Secularism) എന്നിതിനെ വിളിക്കാം.3

സെക്യുലരിസത്തെക്കുറിച്ച ഈ രണ്ടാമത്തെ കാഴ്ചപ്പാട് ഇന്നും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. ഫ്രാന്‍സും യൂറോപ്പിലെ മിക്ക രാഷ്ട്രങ്ങളും ഈ കാഴ്ചപ്പാടാണ് പിന്തുടരുന്നത്. തുര്‍ക്കിയിലും വര്‍ഷങ്ങളോളം ഇതേ കാഴ്ചപ്പാടാണ് തുടര്‍ന്നു വന്നിരുന്നത്. അതുകൊണ്ടാണ് ഹിജാബ് അവിടെ പൊതുയിടങ്ങളില്‍ നിരോധിക്കപ്പെട്ടത്. ഫ്രാന്‍സില്‍ ഹിജാബിന് നിരോധമേര്‍പ്പെടുത്തിയതും അതൊരു മതചിഹ്നമാണെന്നും പൊതു സ്ഥലങ്ങളില്‍ മതചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സെക്യുലരിസത്തിന്റെ നിരാകരണമാണെന്നും പറഞ്ഞാണ്. സ്വിറ്റ്‌സര്‍ലന്റില്‍ മിനാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും ഇതേ ന്യായം നിരത്തിക്കൊണ്ടുതന്നെ. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ കാഴ്ചപ്പാട് യൂറോപ്പില്‍ തന്നെ വെല്ലുവിളി നേരിടുകയാണ്. ചോദ്യം ചെയ്യുന്നത് മുഖ്യമായും അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള ബുദ്ധിജീവികള്‍. ഫ്രാന്‍സില്‍ ഹിജാബിനെ സംബന്ധിച്ചും സ്വിറ്റ്‌സര്‍ലന്റില്‍ മിനാരങ്ങളെ സംബന്ധിച്ചും ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ ഫ്രഞ്ച് സെക്യുലരിസവും അമേരിക്കയും ബ്രിട്ടനും പ്രതിനിധാനം ചെയ്യുന്ന ആംഗ്ലോ-സാക്‌സന്‍ സെക്യുലരിസവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടും. ആംഗ്ലോ-സാക്‌സന്‍ സെക്യുലരിസത്തിന്റെ വക്താക്കള്‍ ഫ്രഞ്ച് സെക്യുലരിസം ശരിയല്ലെന്നു വാദിക്കുന്നു. അവരുടെ അഭിപ്രായത്തില്‍, മതം എന്നത് മനുഷ്യസമൂഹത്തിലെ ഒരു സുപ്രധാന യാഥാര്‍ഥ്യമാണ്. മതത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ടു പോവുക സാധ്യമല്ല. വൈജ്ഞാനിക വൃത്തങ്ങളില്‍ ഈ രണ്ട് കാഴ്ചപ്പാടുകളെയും വേര്‍തിരിച്ചറിയാന്‍ ഫ്രഞ്ച് സെക്യുലരിസത്തിന് Laicite  എന്നോ  Laicism എന്നോ ആണ് പ്രയോഗിക്കാറുള്ളത്. ഫ്രാന്‍സിലും അതിനോടൊപ്പം നില്‍ക്കുന്ന യൂറോപ്യന്‍ നാടുകളിലും വരെ ഈ കാഴ്ചപ്പാട് ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് നാമറിയണം. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കളസ് സര്‍ക്കോസി നിലവിലുള്ള ഫ്രഞ്ച് സെക്യുലരിസത്തെ Negative Laicite എന്നാണ് വിശേഷിപ്പിച്ചത്. അതിനര്‍ഥം, ഫ്രാന്‍സിലെ സാമൂഹിക ജീവിതത്തില്‍ വലിയ മതങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രൈസ്തവ, ഇസ്‌ലാം, ജൂത മതങ്ങള്‍ക്ക് ക്രിയാത്മക പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു Positive Laicite ആണ് വേണ്ടത് എന്നാണല്ലോ.4

ഇതാണ് സെക്യുലരിസത്തെക്കുറിച്ച മൂന്നാമത്തെ കാഴ്ചപ്പാട്, അഥവാ ആംഗ്ലോ-സാക്‌സന്‍ കാഴ്ചപ്പാട്. അതായത്, രാഷ്ട്രം ഒരിക്കലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും കാണിക്കുന്നതല്ല. എല്ലാ മതങ്ങള്‍ക്കും തുല്യാവകാശമായിരിക്കും. മതകാര്യങ്ങളില്‍ യാതൊരുവിധ സമ്മര്‍ദവും ഉണ്ടാകാവതല്ല.

ഈ കാഴ്ചപ്പാട് സോഫ്റ്റ് സെക്യുലരിസം, സെക്യുലര്‍ ലിബറലിസം, റിലീജ്യസ് ലിബറലിസം എന്നെല്ലാം പേരില്‍ വിളിക്കപ്പെടാറുണ്ട്. അമേരിക്കന്‍ ഭരണഘടനയില്‍ ഒന്നാം ഭേദഗതിയെന്നോ Establishment Clause എന്നോ Free Exercise Clause എന്നോ വിളിക്കപ്പെടുന്ന വകുപ്പ് പ്രകാരം, ഒരു മതത്തിനും ഒരുവിധ തടസ്സവും ഉണ്ടാക്കാന്‍ പാടില്ല. ഏതെങ്കിലും മതത്തെയോ മതകീയ പ്രവര്‍ത്തനങ്ങളെയോ സ്‌റ്റേറ്റ് സഹായിക്കുന്നതിനും വിരോധമില്ല. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന (Accommodationism) ഒരു ശൈലിയാണിത്. നേരത്തേ പറഞ്ഞ യൂറോപ്യന്‍(ഫ്രഞ്ച്) സെക്യുലരിസം സ്റ്റേറ്റിനെ മതത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ (Saving State From Religion), അമേരിക്കന്‍ സെക്യുലരിസം മതത്തെ സ്‌റ്റേറ്റില്‍നിന്ന് രക്ഷപ്പെടുത്തുകയാണ് (Saving Religion from State). അമേരിക്കന്‍ ഭരണഘടനാ ശില്‍പികള്‍ ഇക്കാര്യത്തില്‍ മൂന്ന് അടിസ്ഥാനങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുത്തിട്ടുണ്ട്: ഒന്ന്, മതകീയ വ്യവഹാരങ്ങളില്‍ യാതൊരു ബലാല്‍ക്കാരവും ഉണ്ടാകില്ല. രണ്ട്, തന്റെ ഇഷ്ടത്തിനും ഇഛക്കും വിരുദ്ധമായി എന്തെങ്കിലും മതപ്രവര്‍ത്തനം നടത്താനോ അതില്‍ സഹകരിക്കാനോ ആരും നിര്‍ബന്ധിക്കപ്പെടുകയില്ല. മൂന്ന്, മതസ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും ലഭ്യമായിരിക്കും.5 ചിലര്‍ക്കെങ്കിലും ഇപ്പറഞ്ഞത് അത്ഭുതകരമായി തോന്നിയേക്കാം. അതിനാല്‍ ബ്രിട്ടീഷ്-അമേരിക്കന്‍ ഭരണഘടനകളില്‍നിന്നും നിയമാവലികളില്‍നിന്നുമുള്ള ചില ഭാഗങ്ങള്‍ കൂടുതല്‍ വ്യക്തതക്കു വേണ്ടി ഞാന്‍ ഉദ്ധരിക്കാം. —

(തുടരും)

 

കുറിപ്പുകള്‍

1 Holyoake, G.J (1896), English Secularism: A Confession of Belief (A form of opinion which concerns itself only with questions, the issues of which can be tested by the experience of this life)

 

2. Phil Zukerman and John Shoak: The Oxford Handbook of Secularism, Oxford University Press, Newyork 2017, p:191

 

3. വിശദാംശങ്ങള്‍ക്ക് നോക്കുക:

Barry A. Kosmin and Ariela Keysar: Secularism and Secularity: Contemporary International Perspective: Trinity College, Hardford, 2007

4. 'Sarkozy sparks French debate over God and Faith', Reuters, January 17, 2008.

5. Rob Boston: 'A Delicate Balance', in the Journal 'Conscience', Washington DC, 2012, p: 12-16

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍