കോഴി രാഷ്ട്രീയം
ഉസ്മാന്‍ പാടലടുക്ക
ഒരു രാഷ്ട്രം
പലവട്ടം മരിക്കുന്നു.
ജീവിക്കുന്നു.
പല അപ്പോത്തിക്കിരിമാരും
പരീക്ഷിച്ചും പരിചരിച്ചും
ഇനി പരിശോധനക്കെടുക്കില്ല
എന്ന കുറിപ്പ് കൊടുത്ത,
ബെഡ് റെസ്റ്റെടുക്കുന്ന
രാഷ്ട്രങ്ങളുമുണ്ട്.
ചില രാഷ്ട്രങ്ങളും
ബ്രോയിലര്‍ ചിക്കനും
ഒരു പോലെയാണ്.
ചെറിയ പ്രായത്തിലെ
വലിയ ശരീരമാണ്
ചിക്കനെങ്കില്‍
ചെറിയ വിഷയത്തിലെ
വലിയ ചര്‍ച്ചയാണ്
രാഷ്ട്രീയ വിവാദം.
നിഷ്പ്രയാസം
വെന്തുകിട്ടും.
നിറയെ കൃത്രിമത്വം
മാത്രം നിറച്ച്
വെളുത്ത ഉടുപ്പ് ചാര്‍ത്തി
തടിച്ചുകൊഴുത്ത്
ആരുടെയൊക്കെയോ
ഭോജന വസ്തുവാകും
ഇരുവരും.
എന്റെ രാഷ്ട്രത്തിന്
ഇപ്പോള്‍ നല്ല
വിശപ്പും ദാഹവുമുണ്ട്.
കല്ലു കടിച്ചാലും
ദഹിക്കുന്ന,
പാടത്തും പറമ്പത്തും നടക്കുന്ന,
ഉറക്കെ കൂവുന്ന,
നേരത്തേ ഉണരുന്ന,
ഒരു നാടന്‍ കോഴിയെ
കാത്തുനില്‍ക്കയാണെന്റെ രാഷ്ട്രം..
Comments