ഹൃദയം നിലത്ത് തൊടാത്തവരുടെ സുജൂദ്
ഇസ്രാഈല്യരെ ബാധിച്ച പശുഭക്തിയില്‍നിന്ന് മോചിപ്പിക്കാന്‍ അവരോട് പശുവിനെ അറുക്കാന്‍ നിര്‍ദേശിക്കുന്ന ഒരു ഭാഗമുണ്ട് സൂറത്തുല്‍ ബഖറയില്‍. അതിന് താല്‍പ്പര്യമില്ലാതിരുന്ന അവര്‍ എന്തു നിറമുള്ളതിനെ അറുക്കണം എന്നും മറ്റും മൂസാ നബിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് കൂടുതല്‍ കുരുക്കില്‍ കയറുകയായിരുന്നു.
മതവിധികള്‍ സങ്കീര്‍ണമാക്കുന്നതില്‍ അനിവാര്യമല്ലാത്ത സംശയങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തോന്നാറുണ്ട്. ഒട്ടും വേണ്ടതില്ലാത്ത ചര്‍ച്ചകളും സംവാദങ്ങളും മനുഷ്യന്റെ ജീവിതം തന്നെ അസഹ്യമാക്കുകയാണ് പലപ്പോഴും. അനങ്ങിയാല്‍ തെറിച്ചു പോകുന്ന ഒന്നാണ് മതം എന്ന് സര്‍വരും ധരിച്ചുവശാവുന്നു. ചെറുപ്പത്തില്‍ മക്കളെ മതം കൊണ്ട് വീര്‍പ്പുമുട്ടിക്കാനാണ് രക്ഷിതാക്കള്‍ക്ക് പ്രിയം. അവരുടെ കുറുമ്പുകളെ പടച്ചോന്‍ ശിക്ഷിക്കും എന്നും പറഞ്ഞ് വിലക്കുകളുമായി മക്കള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഉപ്പ ഉമ്മമാര്‍ വീതിയും വിസ്താരവും കുറഞ്ഞ ഒന്നായി് മതത്തെ അറിയാതെയെങ്കിലും അവര്‍ക്ക് പരിചയപ്പെടുത്തുന്നു. കഥയേക്കാള്‍, കവിതയേക്കാള്‍ ഉപരിയായ ഒരു സൗന്ദര്യം മതത്തില്‍ അകംചേര്‍ന്നിട്ടുണ്ടെന്ന് അതുകൊണ്ടുതന്നെ രക്ഷിതാക്കളും കുട്ടികളും അറിയാതെ പോകുന്നു.
'മരീചിക' എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ അലി അഹ്മദ് ബാ കസീറിന്റെ നോവലില്‍ രസകരമായ ഒരു ഭാഗമുണ്ട്. അബ്ബാസിയാ കാലഘട്ടത്തില്‍ പ്രചരിച്ച ചിന്താവിഭാഗമാണല്ലോ ഖുര്‍മുത്വികള്‍. അവര്‍ ദിവസം അഞ്ച് നമസ്‌കാരം എന്നത് അമ്പതാക്കുന്നു. അന്നേരം ചിലര്‍ ചോദിക്കുന്നുണ്ട്; നമ്മള്‍ പൊടുന്നനെ അമ്പത് നമസ്‌കാരമാക്കിയാല്‍ ആളുകള്‍ അത് ചെയ്യുമോ എന്ന്. അനുഷ്ഠാനങ്ങളെ തീവ്രമാക്കുമ്പോഴാണ് ആളുകള്‍ക്ക് പ്രിയം കൂടുക എന്ന് അന്നേരം അതിന് മറുപടി കിട്ടുന്നു. അഞ്ചു നേരം നമസ്‌കരിക്കാത്തവര്‍ പോലും അമ്പതു നമസ്‌കരിക്കുന്നതാണ് പിന്നീട് കാണുന്നത്.
നിലപാടുകള്‍ കര്‍ക്കശമാകുമ്പോള്‍ ആര്‍ക്കും യഥാര്‍ഥത്തിലുള്ള മതത്തിന്റെ നിലാവേല്‍ക്കാന്‍ പറ്റാതെ പോകുന്നു, വഴിവക്കില്‍ കാത്തുനിന്ന് മാലിന്യം വിതറുന്നവരോടു പോലും പുഞ്ചിരിക്കുന്ന പ്രവാചകനെ അനുഭവിക്കാന്‍ പറ്റാതെയാകുന്നു.
'സൗന്ദര്യത്തിന്റെ മതം' എന്ന പുസ്തകത്തില്‍ കലക്കും സാഹിത്യത്തിനും മീതെ നില്‍ക്കുന്ന ഒരു മതത്തെ ഡോ. ജമീല്‍ അഹ്മദ് പങ്കുവെക്കുന്നു. ആ മതത്തിന് അയല്‍ക്കാരന്‍ വിശപ്പൊട്ടി കിടക്കുന്നത് കണ്ടുനില്‍ക്കാന്‍ പറ്റില്ല, വിറകേറ്റി പോകുന്ന വൃദ്ധയുടെ ഭാരം താങ്ങാതിരിക്കാനും കഴിയില്ല.
കലയും സാഹിത്യവും എപ്പോഴും വസിക്കുന്നത് മതത്തിന്റെ സൗന്ദര്യസദനങ്ങളിലാണെന്ന് പുസ്തകം നിരീക്ഷിക്കുന്നു. സൗന്ദര്യാത്മകമായി ആവിഷ്‌കരിക്കാനും ആസ്വദിക്കാനുമുള്ള ആത്മീയാനുഭൂതിയാണ് മതമെന്ന് എഴുത്തുകാരന്‍ നമ്മെ തിരുത്തുന്നു.
പുസ്തകത്തിലൂടെ യാത്ര പോകുമ്പോള്‍ നോമ്പ്, നമസ്‌കാരം, സകാത്ത്, ഈദ്, സുജൂദ്, സഞ്ചാരം എല്ലാം ഒരു കവിതയായി നമ്മുടെ മുമ്പില്‍ വന്നുനിന്ന് തണുപ്പേകുന്നു.
ഭൂമിയില്‍ നെറ്റി തൊടലിന്റെ പേരല്ല സൂജൂദ്, ഹൃദയം കൂടിയാകണം നിലത്തു പറ്റേണ്ടത്. നിവര്‍ന്നു നിന്ന് മേധാവിത്വം കാട്ടുന്ന മനുഷ്യന്‍ തന്റെ ഉയരക്കൂടുതല്‍ സര്‍വതും പടച്ചവന് സമര്‍പ്പിച്ച് ഉറുമ്പോളം വലുപ്പക്കുറവാണ് തനിക്കെന്ന് സമ്മതിക്കണം, വിനയം കാട്ടണം. അപ്പോഴേ സുജൂദ് എന്ന പദം കൂടുതല്‍ പര്യായങ്ങളോടെ വിടരുകയുള്ളൂ എന്ന് ജമീല്‍ അഹ്മദ് എഴുതുന്നു.
മനുഷ്യന് സ്വന്തമായി ഒന്നുമില്ല എന്ന അറിവാണ് സകാത്ത് നല്‍കുന്നതിലൂടെ മനുഷ്യന് കിട്ടുന്നത്. സമ്പാദിച്ചതെല്ലാം പിന്‍ഗാമികളാണ് കൊണ്ടുപോകുന്നത് എന്നതുകൊണ്ട് ആ അറിവിന് അത്രയേറെ പ്രാധാന്യമുണ്ടെന്നും 'സൗന്ദര്യത്തിന്റെ മതം' സംസാരിക്കുന്നു.
''ഒരാളുടെ കൈയിലുള്ള ആയിരം രൂപ പട്ടിണിക്കാരന്റെ കൈയിലെത്തുന്നതോടെ അത് അല്ലാഹുവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുന്നു. വിചിത്രമായ ഒരു സാമ്പത്തിക വിനിമയ ബന്ധമാണിത്. മതം കൊണ്ട് മാത്രം സാധ്യമാകുന്നത്.''
പണം കൊടുക്കുന്നത് മാത്രമല്ല ദാനമെന്നും, ഉണങ്ങിയ ചെടിക്ക് വെള്ളം പകരുന്നതും ദാഹിച്ച മിണ്ടാപ്രാണിയുടെ ദാഹം നികത്തുന്നതും തൈ നടുന്നതും, എന്തിന് പുഞ്ചിരിക്കുന്നതുപോലും ദാനമാണെന്നും പുണ്യമാണെന്നും വരുമ്പോള്‍ എന്തു മാത്രം അഴകാകും ഈ ലോകം! വിശപ്പിന്റെ നോവറിയാനൊന്നുമല്ല നോമ്പെന്ന് പുസ്തകം സമര്‍ഥിക്കുന്നു, അങ്ങനെ വരുമ്പോള്‍ പട്ടിണിയില്‍ വസിക്കുന്നവര്‍ക്ക് നോമ്പ് വേണ്ടതില്ലല്ലോ. നോമ്പിന്റെ ഭംഗിയെയും ചുമരുകളില്ലാത്ത ഈദ്ഗാഹിനെയും പറ്റി വായിക്കുമ്പോള്‍ മതത്തെ പറ്റി പലരും മുന്‍ധാരണകളാല്‍ പൊക്കിക്കെട്ടിയ ചുമരുകളെല്ലാം പതിയെ ഇടിഞ്ഞുവീഴും.
''ഈദ്ഗാഹിന് ചുമരുകളില്ല, അതിനാല്‍ വാതിലുകളും. അല്ലാഹുവിലേക്കുള്ള തുറന്നിടലിന്റെ ആഘോഷമാണത്.''
യാത്രയെ പറ്റിയുള്ള മനോഹരമായൊരു എഴുത്തും പുസ്തകത്തിലുണ്ട്. യാത്രാവസാനം വരെ ടിക്കറ്റ് സൂക്ഷിക്കുക എന്ന നിര്‍ദേശമനുസരിച്ച്, വാങ്ങിയ ബസ് ടിക്കറ്റുകള്‍ മുഴുവന്‍ അട്ടിയായി സൂക്ഷിച്ചുവെക്കുമായിരുന്നത്രെ ഒരാള്‍. യാത്ര എന്നതിന് അയാള്‍ക്ക് ജീവിതം എന്നു തന്നെയായിരുന്നു അര്‍ഥം!
Comments