Prabodhanm Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി. അന്നവിടെ അരങ്ങേറിയ ചില പ്രതിഷേധ പരിപാടികള്‍ ഏറെ അര്‍ഥസൂചനകള്‍ ഉള്ളതായിരുന്നു. 'കമ്യൂണിസത്തിന്റെ ഇരകള്‍' ആണ് പ്രതിഷേധകരില്‍ ഒരു വിഭാഗം. മൂന്ന് പതിറ്റാണ്ടു മുമ്പ് ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടുന്നതു വരെ കിഴക്കന്‍ ജര്‍മനി സോഷ്യലിസ്റ്റ് സര്‍വാധിപത്യത്തിലായിരുന്നു. ആ ഭീകര ഭരണത്തിന്റെ കെടുതികള്‍ തങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവിടെ എത്തിച്ചേര്‍ന്ന 'ഇരകള്‍' സാക്ഷ്യപ്പെടുത്തിയത്. വെങ്കല പ്രതിമ നിര്‍മിച്ചത് ചൈനീസ് ശില്‍പി വു വെയ്ഷാന്‍. അതിന് സാമ്പത്തിക സഹായം നല്‍കിയതും അത് സ്ഥാപിക്കാന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തെ പറഞ്ഞയച്ചതും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. താന്‍ ആജീവനാന്ത പ്രസിഡന്റാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ച, സ്വന്തം നാട്ടില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം തെല്ലും അനുവദിക്കാത്ത ഈ ഏകാധിപതിക്ക് മാര്‍ക്‌സ് എന്ന 'വിമോചകന്റെ' പ്രതിമ സ്ഥാപിക്കാന്‍ എന്തര്‍ഹത എന്നും പ്രതിഷേധക്കാര്‍ ചോദിച്ചു.

ഇന്നും കമ്യൂണിസ്റ്റ് നാടുകള്‍ എന്നറിയപ്പെടുന്ന ചൈനയിലും ക്യൂബയിലും വെനിസ്വലയിലും ഉത്തര കൊറിയയിലും എത്രത്തോളം കമ്യൂണിസമുണ്ട് എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ചൈനയില്‍ കമ്യൂണിസത്തിന്റേത് എന്ന് ഇപ്പോള്‍ തീര്‍ത്തുപറയാവുന്നത് ചെങ്കൊടി മാത്രമാണ്. പിന്നെ രാഷ്ട്രീയ സ്റ്റാലിനിസവും. ഒരു തരത്തിലുള്ള രാഷ്ട്രീയ വിയോജിപ്പുകളും അവിടെ അനുവദിക്കപ്പെടുന്നില്ല. പണമുള്ളവര്‍ക്കാകട്ടെ, എന്ത് സംരംഭം തുടങ്ങാനും സര്‍വ സ്വാതന്ത്ര്യവുമുണ്ട്. പ്രതിഷേധിക്കുന്നവരെ ഭരണകൂടം കൈകാര്യം ചെയ്തുകൊള്ളും. രാഷ്ട്രീയ ഏകാധിപത്യവും അത്യുദാര മുതലാളിത്ത സാമ്പത്തിക നയങ്ങളും തമ്മിലുള്ള ഈ വൈരുധ്യം ആ രാഷ്ട്രത്തെ എവിടെ കൊണ്ടെത്തിക്കുമെന്ന് കണ്ടു തന്നെ അറിയണം. മുതലാളിത്തത്തിന്റെ ആസ്ഥാനം ഇന്ന് ന്യൂയോര്‍ക്കോ വാഷിംഗ്ടണോ അല്ല, ചൈനയിലെ ഷാങ്ഹായ് ആണ്. അമേരിക്കയുടെ ആഡംബര കാറുകള്‍ ഏറ്റവുമധികം വിറ്റുപോകുന്ന മാര്‍ക്കറ്റുകളിലൊന്നും ഇതുതന്നെ. ഫിദല്‍ കാസ്‌ട്രോവിന്റെ മരണശേഷം ക്യൂബയും മുതലാളിത്തത്തിന്റെ പാതയിലാണ്. കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ 'ഗംഭീര' വിജയം നേടിയ വെനിസ്വലയിലെ നിക്കളസ് മദുറോയും ഏകാധിപത്യത്തിലേക്കാണ് തിരിച്ചു നടക്കുന്നത്.

കൂടാതെ സോവിയറ്റ് ബ്ലോക്കില്‍ ഉള്‍പ്പെട്ടിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്, മാര്‍ക്‌സും മാര്‍ക്‌സിസവും ശരിയായിരുന്നു, മാര്‍ക്‌സിസത്തിന്റെ പ്രയോഗമാണ് പിഴച്ചത് എന്നാണ്. ഇതു സംബന്ധിച്ച് മലയാളത്തിലിറങ്ങിയ സെപ്ഷ്യല്‍ പതിപ്പുകള്‍ വാദിച്ചുറപ്പിക്കുന്നതും അതുതന്നെ. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? അതേക്കുറിച്ചുള്ള അന്വേഷണമാണ് ഈ ലക്കം പ്രബോധനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട