Prabodhanm Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

കാള്‍ മാര്‍ക്‌സ് ചരിത്രവും വര്‍ത്തമാനവും

ടി.കെ.എം ഇഖ്ബാല്‍

ഇക്കഴിഞ്ഞ മെയ് അഞ്ചിന് കാള്‍ മാര്‍ക്സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. ഇതോടനുബന്ധിച്ച് പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ വെളിച്ചം കണ്ട ലേഖനങ്ങളുടെയും പഠനങ്ങളുടെയും പ്രധാന ഉള്ളടക്കം, സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കു ശേഷം അപ്രസക്തമായി എന്ന് കരുതപ്പെട്ട മാര്‍ക്സിസം പുതിയ ഊര്‍ജം സംഭരിച്ച് തിരിച്ചുവരുന്നു എന്നാണ്. 

മുതലാളിത്തത്തിന്റെ ചൂഷകവ്യവസ്ഥ അതിനുള്ളില്‍നിന്നുതന്നെ അതിന്റെ നാശത്തിന്റെ വിത്തുകള്‍ മുളപ്പിക്കുമെന്നും, തൊഴിലാളിയുടെ അധ്വാനം ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന മുതലാളിത്തം ചരിത്രത്തിന്റെ അനിവാര്യതയെന്നോണം വര്‍ഗസമരത്തിലൂടെ തൂത്തെറിയപ്പെടുമെന്നും, അങ്ങനെ വര്‍ഗരഹിതമായ ഒരു സോഷ്യലിസ്റ്റ് സമൂഹം പിറവിയെടുക്കുമെന്നുമായിരുന്നു മാര്‍ക്സിന്റെ പ്രവചനം. സ്വയം നവീകരിച്ചും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയും പില്‍ക്കാല മുതലാളിത്തം മാര്‍ക്സിന്റെ പ്രവചനങ്ങളെ അപ്രസക്തമാക്കി എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. 

ലിബറല്‍ മുതലാളിത്തമാണ് നിലനില്‍ക്കാന്‍ അര്‍ഹതയുള്ള ഒരേയൊരു വ്യവസ്ഥിതിയെന്നും അതിന്റെ സാര്‍വലൗകിക വിജയത്തോടെ ചരിത്രം അവസാനിച്ചു (End of Hostory) എന്നും ഫ്രാന്‍സിസ്ഫുക്കുയാമ പ്രഖ്യാപിച്ചത് സോവിയറ്റ് ബ്ലോക്കിന്റെ പതനം നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തിലായിരുന്നു. പക്ഷേ, ആഗോള മുതലാളിത്തം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കടുത്ത ആഭ്യന്തര പ്രതിസന്ധികളും മുതലാളിത്ത വികസിത രാജ്യങ്ങളില്‍ 'ഉള്ളവര്‍ക്കും' 'ഇല്ലാത്തവര്‍ക്കും'(haves and have nots)ഇടയില്‍ അനുസ്യൂതം വര്‍ധിച്ചുവരുന്ന സാമ്പത്തിക വിടവും ചൂണ്ടിക്കാട്ടിയാണ് മുതലാളിത്ത ചിന്തകര്‍ വരെ മാര്‍ക്സ് ശരിയായിരുന്നു എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നത്. 

മാറിയ ലോകസാഹചര്യത്തില്‍ മാര്‍ക്സിസത്തെ പുനര്‍വായിക്കുന്ന നിരവധി പഠനങ്ങള്‍ ദിനേന പുറത്തിറങ്ങുന്നു. മാര്‍ക്സിസം സ്വാധീനിക്കാത്ത വിജ്ഞാനമേഖലകള്‍ ചുരുക്കം. ചരിത്രം, സാമ്പത്തികശാസ്ത്രം, തത്ത്വചിന്ത, സാമൂഹികശാസ്ത്രം, കല, സാഹിത്യം, മനശ്ശാസ്ത്രം, ഭാഷാപഠനം, ഫെമിനിസം, ലിബറലിസം തുടങ്ങി മതചിന്തയില്‍ വരെ അതിന്റെ സ്വാധീനം പ്രകടമാണ്.

തീര്‍ത്തും അപ്രായോഗികവും അതേസമയം വിപ്ലവകരവുമായ ഒരു ആശയം എങ്ങനെ മനുഷ്യചിന്തയെ ഉത്തേജിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാം എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് മാര്‍ക്സിസം. വിശപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക ചൂഷണം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ജീവിത പ്രശ്നങ്ങളെ ആധാരമാക്കി ഒരു ദര്‍ശനം രൂപപ്പെടുത്തുകയാണ് മാര്‍ക്സ് ചെയ്തത്. മുതലാളിത്തത്തിന്റെ ഏറ്റവും വിപ്ലവാത്മകവും വലിയൊരളവോളം വസ്തുനിഷ്ഠവുമായ വിമര്‍ശനമാണ് മാര്‍ക്സിസം. മുതലാളിത്ത ചൂഷണത്തിന്റെ ഇരകളായ തൊഴിലാളിവര്‍ഗത്തിനു വേണ്ടി ആവിഷ്‌കരിക്കപ്പെട്ട ദര്‍ശനം.

മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം അതിന്റെ ഒരു എതിര്‍ ആശയമായി മാര്‍ക്സിസവും നിലനില്‍ക്കാനാണ് സാധ്യത. മറ്റൊരു ശൈലിയില്‍ പറഞ്ഞാല്‍, മുതലാളിത്തത്തിനും അതില്‍നിന്ന് ഉത്ഭവിക്കുന്ന സാമ്രാജ്യത്വം ഉള്‍പ്പെടെയുള്ള തിന്മകള്‍ക്കുമെതിരെ നിലപാടുകള്‍ എടുക്കുന്നവരൊക്കെ മാര്‍ക്സിസ്റ്റുകളോ ഇടതുപക്ഷമോ ആയി മനസ്സിലാക്കപ്പെടാം. ആശയപരമായി മാര്‍ക്സിസത്തിന്റെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന ഇസ്ലാമിസ്റ്റുകള്‍ പോലും, തീവ്ര വലതുപക്ഷത്തോടും സാമ്രാജ്യത്വത്തോടുമുള്ള അവരുടെ എതിര്‍പ്പ് കാരണം ഇടതുപക്ഷം എന്നാണ് പാശ്ചാത്യനാടുകളില്‍ പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ളത്.

മാര്‍ക്സിസം എന്ന വാക്കിന്റെ കാലികമായ ഉപയോഗം ഉയര്‍ത്തുന്ന പ്രശ്നങ്ങളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. ക്ലാസിക്കല്‍ മാര്‍ക്സിസം, നിയോമാര്‍ക്സിസം, അല്‍ത്തൂസറിന്റെ സ്ട്രക്ച്ചറല്‍ മാര്‍ക്‌സിസം, ഗ്രാംഷിയന്‍ സ്‌കൂള്‍, കള്‍ച്ചറല്‍ മാര്‍ക്‌സിസം, പോസ്റ്റ് മാര്‍ക്‌സിസം, ലിബറേഷന്‍ സോഷ്യലിസം, ലെഫ്റ്റ് ലിബറലിസം തുടങ്ങിയ ചിന്താധാരകള്‍ മാര്‍ക്സിസത്തിനകത്തെ ആശയ വൈരുധ്യങ്ങളെയും വൈവിധ്യങ്ങളെയുമാണ് അനാവരണം ചെയ്യുന്നത്. 

ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ പ്രായോഗികമായ പരാജയത്തില്‍നിന്ന് രൂപപ്പെട്ട ചിന്താരീതിയാണ് നവ മാര്‍ക്സിസം. മാര്‍ക്സിസത്തെ പുതിയ കാലത്ത് നിന്നുകൊണ്ട് പുനര്‍വായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അത്. മുതലാളിത്ത വിമര്‍ശനത്തില്‍ മാര്‍ക്സിസം സ്വീകരിച്ച രീതിശാസ്ത്രം കടമെടുക്കുകയും വര്‍ഗസമരം, ചരിത്രപരമായ ഭൗതികവാദം, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം തുടങ്ങി മാര്‍ക്സ് മുന്നോട്ടു വെച്ച എല്ലാ അടിസ്ഥാന ആശയങ്ങളെയും അടിമുടി പരിഷ്‌കരിക്കുകയും ചെയ്തുകൊണ്ടാണ് ഈ പുനര്‍വായനകള്‍ മുന്നേറുന്നത്. 

ഇങ്ങനെ രൂപപ്പെടുന്ന, മാര്‍ക്സിസത്തില്‍നിന്ന് തീര്‍ത്തും ഭിന്നമായ ആശയങ്ങള്‍ പോലും മാര്‍ക്സിലേക്ക് ചേര്‍ത്തുപറയുന്നത് മുതലാളിത്തത്തിനെതിരെ ഒരു ബദല്‍ വിമര്‍ശനരീതി മാര്‍ക്സിനു ശേഷം ഒരു ചിന്തകനും മുന്നോട്ടുവെച്ചിട്ടില്ല എന്നതുകൊണ്ടാവാം. മാര്‍ക്സിനെ വ്യാഖ്യാനിക്കാനല്ലാതെ, മാര്‍ക്സിനെ മറികടക്കാന്‍ പുതിയ ചിന്തകര്‍ക്ക് സാധിച്ചിട്ടില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ദാസ് കാപിറ്റലിന്റെയും തിരുത്തിയെഴുതിയ പതിപ്പുകളാണ് മാര്‍ക്സിസം എന്ന പേരില്‍ ഇപ്പോള്‍ വിറ്റഴിക്കപ്പെടുന്നത്.

തത്ത്വചിന്തകരുടെ ദൗത്യം ലോകത്തെ വ്യാഖ്യാനിക്കലല്ല, മാറ്റിപ്പണിയലാണ് എന്ന് പ്രഖ്യാപിച്ച മാര്‍ക്സിന്റെ ഏറ്റവും വലിയ പരാജയം, ലോകത്തെ മാറ്റിപ്പണിയാന്‍ വേണ്ട ഒരു മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. വര്‍ഗസമരത്തിലൂടെ മുതലാളിത്തത്തെ നശിപ്പിച്ച് നിലവില്‍ വരുന്ന സാമൂഹിക ക്രമത്തില്‍ എന്തൊക്കെ ഉണ്ടാവും എന്ന് മാര്‍ക്സ് പറഞ്ഞില്ല; എന്തൊക്കെ ഉണ്ടാവുകയില്ല എന്നാണ് പറഞ്ഞത്. വിപ്ലവം ചരിത്രപരമായ അനിവാര്യതയെന്ന നിലക്ക് അതിനെ വിജയിപ്പിക്കാനും നിലനിര്‍ത്താനും ആവശ്യമായ ആശയങ്ങളെ സ്വയം ഉല്‍പ്പാദിപ്പിക്കും എന്നായിരുന്നു മാര്‍ക്സിന്റെ ധാരണ.(മൂല്യങ്ങളും ആശയങ്ങളും സാമ്പത്തിക ഘടനയുടെ സൃഷ്ടിയാണെന്ന് സിദ്ധാന്തിച്ചു കൊണ്ടാണല്ലോ ഹെഗലിന്റെ വൈരുധ്യാത്മക വാദത്തെ മാര്‍ക്സ് 'നേരെ' നിര്‍ത്തിയത്).

ഈ വിശ്വാസത്തില്‍നിന്നുകൊണ്ടാണ് വര്‍ഗങ്ങളില്ലാത്ത, ഭരണകൂടമില്ലാത്ത, പട്ടാളമില്ലാത്ത, പോലീസില്ലാത്ത, സ്വകാര്യ സ്വത്തില്ലാത്ത സമത്വ സുന്ദരലോകം മാര്‍ക്സ് സ്വപ്നം കണ്ടത്. മാര്‍ക്സ് അവശേഷിപ്പിച്ച ചിന്തയുടെ ഈ മഹാശൂന്യതയിലാണ് റഷ്യയിലും സോവിയറ്റ് റിപ്പബ്ലിക്കുകളിലും ചൈനയിലും തൊഴിലാളി സര്‍വാധിപത്യത്തിന്റെ പേരില്‍ ഏകാധിപതികള്‍ തേര്‍വാഴ്ച നടത്തിയത്. ഭരണകൂടം കൊഴിഞ്ഞുവീഴുന്നതിന് പകരം ഏറ്റവും വലിയ മര്‍ദകോപാധിയായി അത് രാക്ഷസരൂപം പ്രാപിക്കുകയും തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ സ്റ്റേറ്റിനെ താങ്ങി നിര്‍ത്തുന്ന ജനവിരുദ്ധ സംവിധാനങ്ങളായി മാറുകയും ചെയ്തു. തൊഴിലാളി, മുതലാളി എന്നീ രണ്ട് വര്‍ഗങ്ങള്‍ക്ക് പകരം മറ്റു രണ്ട് പുതിയ വര്‍ഗങ്ങളുണ്ടായി: തൊഴിലാളിയും തൊഴിലാളിവിരുദ്ധരും. ഭരണകൂടത്തെ എതിര്‍ക്കുന്നവരൊക്കെ തൊഴിലാളി വിരുദ്ധരും വിപ്ലവത്തിന്റെ ഒറ്റുകാരുമായി മുദ്രയടിക്കപ്പെട്ടു. ഏകാധിപത്യവാഴ്ചക്കെതിരെ പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ പോലും നാടുകടത്തപ്പെടുകയോ ജയിലിലടക്കപ്പെടുകയോ നിര്‍ദയം വധിക്കപ്പെടുകയോ ചെയ്തു. ഇതായിരുന്നു, ഏഴു ദശാബ്ദങ്ങള്‍ ലോകത്തിലെ മൂന്നിലൊന്ന് ജനസമൂഹത്തെ അടക്കിഭരിച്ച കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ ബാക്കിപത്രം!

ഇതും ചരിത്രത്തിന്റെ അനിവാര്യതയായിരിക്കാം. വെസ്റ്റേണ്‍ മോഡേണിറ്റിയുടെ ഉല്‍പന്നമായ ഒരു ഭൗതികവാദി മനുഷ്യര്‍ മാലാഖമാരെപ്പൊലെയാവുന്ന ഒരു സ്വര്‍ഗലോകം സ്വപ്നം കണ്ടു. മതങ്ങള്‍ക്ക് പോലും അപ്രാപ്യമായ ആ സ്വര്‍ഗലോകം സൃഷ്ടിക്കാന്‍ പ്രായോഗികമായ ഒരു വഴിയും മുന്നില്‍ കാണാഞ്ഞതുകൊണ്ട് ആ പണി മുഴുവന്‍ ചരിത്രത്തിനും ഉല്‍പാദനോപാധികള്‍ക്കും വിട്ടുകൊടുത്തു. ചരിത്രം ലെനിന്റെയും സ്റ്റാലിന്റെയും മാവോ സേ തുങിന്റെയും രൂപത്തില്‍ അവതാരം പൂണ്ടു. അതിന്റെ ദുരന്തഫലമായിരുന്നു ലോകം കണ്ട കൊടൂരമായ കമ്യൂണിസ്റ്റ് വാഴ്ച.

മാര്‍ക്സിനല്ല, മാര്‍ക്സിനെ പ്രയോഗവല്‍ക്കരിച്ചവര്‍ക്കാണ് തെറ്റുപറ്റിയത് എന്നാണ് പല മാര്‍ക്സിസ്റ്റ് ചിന്തകരും ഇപ്പോള്‍ പറയുന്നത്. വര്‍ഗസമരത്തിനു വേണ്ട ഭൗതികമായ സാഹചര്യങ്ങള്‍ റഷ്യയിലും ചൈനയിലും രൂപപ്പെട്ടുകഴിഞ്ഞില്ലായിരുന്നുവത്രെ. മുതലാളിത്തത്തിലേക്കുള്ള ചരിത്രപരമായ പരിണാമം പൂര്‍ത്തിയായ രാജ്യങ്ങളിലൊന്നും മാര്‍ക്സ് പ്രവചിച്ച തൊഴിലാളി വര്‍ഗവിപ്ലവം പുലര്‍ന്നതുമില്ല. 

ഇത് മാര്‍ക്സിസത്തിന്റെ എല്ലാ കാലത്തെയും പ്രശ്നമാണ്. ദാരിദ്ര്യത്തെയും മുതലാളിത്ത ചൂഷണത്തെയും വിമര്‍ശനവിധേയമാക്കാന്‍ അതിന് കഴിയും. ഒരിക്കലും അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ആ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്ന എല്ലാ സംവിധാനങ്ങളും- പാര്‍ട്ടിയായാലും ഭരണകൂടമായാലും- അമിതാധികാരപ്രയോഗങ്ങളിലേക്ക് വഴുതിമാറും. ജനാധിപത്യ ഘടനയില്‍ പോലും അത് ജനവിരുദ്ധമായി പെരുമാറും. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ഒരു സങ്കല്‍പമായി തുടരുമെങ്കിലും തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ സ്വാര്‍ഥരും സമര്‍ഥരുമായ മനുഷ്യരുടെ സര്‍വാധിപത്യം യാഥാര്‍ഥ്യമായി മാറും. അവിടെ ഫാഷിസ്റ്റ് സ്വഭാവമുള്ള പാര്‍ട്ടിഗ്രാമങ്ങള്‍ വളര്‍ന്നുവരും. എല്ലാ മാര്‍ക്‌സിസ്റ്റ് ഭരണകൂടങ്ങളും കൂടിയതോ കുറഞ്ഞതോ ആയ അളവില്‍ ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നത്, ചരിത്രത്തെയും സമൂഹത്തെയും അയഥാര്‍ഥമായ ബൈനറികളായി, വെള്ളം കടക്കാത്ത അറകളായി വിഭജിക്കുന്നവിധം വെസ്റ്റേണ്‍ മോഡേണിറ്റി മാര്‍ക്‌സിസത്തില്‍ നിക്ഷേപിച്ച ഡോഗ്മാറ്റിസത്തിന്റെ സ്വാധീനഫലമാവാം. 

ക്ലാസിക്കല്‍ മാര്‍ക്സിസത്തിന് തിരുത്തായി ഉയര്‍ന്നുവന്ന പുതിയ മാര്‍ക്സിസ്റ്റ് ചിന്താധാരകള്‍ ഏറെയും അക്കാദമിക പ്രസക്തിമാത്രം ഉള്ളവയാണ്. ധൈഷണിക രംഗത്ത് അവ ചെലുത്തുന്ന സ്വാധീനം വലുതാണെങ്കിലും ജനകീയ, വിപ്ലവ പ്രസ്ഥാനങ്ങളായി അവ ഇനിയും രൂപംപ്രാപിച്ചിട്ടില്ല. ലോകത്തിലെ മാര്‍ക്സിസ്റ്റ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികവും ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ ഡോഗ്മകള്‍ മുറുകെ പിടിക്കുന്നവയാണ്. 

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് കാപിറ്റലും വായിക്കാതെ തന്നെ അതാണ് ഇപ്പോഴും ശരിയെന്നും, ലെനിനും സ്റ്റാലിനുമാണ് ഏറ്റവും നല്ല കമ്യൂണിസ്റ്റുകള്‍ എന്നും വിശ്വസിക്കുന്ന സഖാക്കളാണ് അവരുടെ ചാലകശക്തി. ജാതി, മതം തുടങ്ങിയ സാമൂഹിക സ്വത്വങ്ങളെ ഉള്‍ക്കൊള്ളുന്ന വിധം വര്‍ഗസമരം എന്ന ആശയത്തെ വികസിപ്പിക്കുന്നതിലും നിലനില്‍ക്കുന്ന സാമൂഹിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ വിശകലനം ചെയ്യുന്നതിലും ഈ പ്രസ്ഥാനങ്ങള്‍ നിരന്തരം പരാജയപ്പെടുന്നു.

അറബ് വസന്തം, യൂറോപ്യന്‍ നാടുകളില്‍ രൂപപ്പെട്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇവയിലൊന്നും ഇടതുപക്ഷം എന്ന ലേബലില്‍ അറിയപ്പെടുന്ന സംഘടനകള്‍ക്ക് നിര്‍ണായകമായ ഒരു പങ്കും വഹിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് അവയുടെ പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. മുതലാളിത്തത്തിന്റെ ആഭ്യന്തരപ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ പലരും മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നത്. പക്ഷേ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന കോര്‍പറേറ്റ്, മുതലാളിത്ത വിരുദ്ധ ജനകീയപ്രക്ഷോഭങ്ങളോട് കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍  സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് പ്രായോഗികതലത്തില്‍ ഈ കാഴ്ചപ്പാടിനെ അപ്രസക്തമാക്കുന്നു. മുതലാളിത്തത്തിന് മാര്‍ക്സ് നല്‍കിയ എല്ലാ ഗുണവിശേഷങ്ങളും ഒത്തുചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന ചൈനയില്‍ ഇപ്പോഴും ഭരണം നടത്തുന്നത് ഒരുകമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്ന വിരോധാഭാസം, തത്ത്വവും പ്രയോഗവും തമ്മിലുള്ള മാര്‍ക്സിയന്‍ വൈരുധ്യത്തിന്റെ മികച്ച ഉദാഹരണമാണ്.

ഭൗതികവാദമാണ് മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും പൊതുവായ മൂലധനം. രണ്ടിലും സമ്പത്താണ് ദൈവം. ഒരു മതപ്രവാചകനെപ്പോലെ മാര്‍ക്സ് മുതലാളിത്തത്തിന്റെ മൂല്യരാഹിത്യത്തെക്കുറിച്ച് സംസാരിക്കുകയും അതേ ശ്വാസത്തില്‍ മാനുഷിക, ധാര്‍മിക മൂല്യങ്ങളെ മുഴുവന്‍ സമ്പത്തിന്റെയും ഉല്‍പാദനശക്തികളുടെയും സൃഷ്ടിയായി ന്യൂനീകരിക്കുകയും ചെയ്യുന്നു. മാര്‍ക്സ് വ്യക്തിയെ ദൈവത്തില്‍നിന്ന് മോചിപ്പിച്ച്, സമൂഹത്തിന്റെയും ചരിത്രത്തിന്റെയും സമ്പത്തിന്റെയും അടിമയാക്കി മാറ്റി. 

മാര്‍ക്സിന് അറിയാവുന്ന ഒരേയൊരു ദൈവം, അലി ശരീഅത്തി ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ, ഗ്രീക്ക് മിത്തോളജിയിലെയും പാശ്ചാത്യ ക്രൈസ്തവതയിലെയും ദൈവമാണ്. പ്രകൃതിയെ കീഴടക്കാന്‍ മനുഷ്യനുമായി യുദ്ധത്തിലേര്‍പ്പെട്ട ദൈവങ്ങള്‍. ദൈവങ്ങളില്‍നിന്ന് അഗ്‌നി മോഷ്ടിച്ച് മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രോമിത്യൂസ് ആണ് മാര്‍ക്സിസ്റ്റുകളുടെ ആരാധ്യപുരുഷന്‍. ഏകനും കരുണാമയനുമായ ദൈവത്തിന്റെ വെളിച്ചം മനുഷ്യര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന മതങ്ങളിലെ പ്രവാചകസങ്കല്‍പം മാര്‍ക്സിന് തീര്‍ത്തും അന്യമായിരുന്നു. 

ദൈവരഹിതമായ പടിഞ്ഞാറന്‍ ഭൗതികവാദമാണ്, മനുഷ്യസ്നേഹിയായ മാര്‍ക്സിന്റെ വിപ്ലവചിന്തകളെ ഫലത്തില്‍ മനുഷ്യവിരുദ്ധവും ആത്മീയതയുടെ നനവ് ഇല്ലാത്തതും ആക്കി മാറ്റിയത്. മതത്തെയും മാര്‍ക്സിസത്തെയും സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിച്ചെടുക്കുന്ന ലിബറേഷന്‍ തിയോളജിയെ ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. മാര്‍ക്സിസത്തിന്റെ വിപ്ലവാത്മകതയും മതത്തിന്റെ ആത്മീയതയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പരീക്ഷണം, മതത്തില്‍ തന്നെ വിപ്ലവാത്മകത ദര്‍ശിക്കുന്നവര്‍ക്ക് സ്വീകാര്യമാവണം എന്നില്ല.

ബൂര്‍ഷ്വാസിയെ നശിപ്പിച്ച് തൊഴിലാളിയെ ബൂര്‍ഷ്വാസിയാക്കുകയാണ് മാര്‍ക്സിസത്തിന്റെ ലക്ഷ്യം എന്ന് പറയപ്പെടാറുണ്ട്. മാര്‍ക്സിസ്റ്റുകളുടെ കണ്ണില്‍ വിശപ്പും ദാരിദ്ര്യവുമാണ് എല്ലാ സംഘര്‍ഷങ്ങളുടെയും കാതല്‍. സോവിയറ്റ് റിപ്പബ്ലിക്കുകളിലെ ജനങ്ങള്‍ കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളെ തൂത്തെറിഞ്ഞത് പട്ടിണി മാറ്റാന്‍ വേണ്ടിയായിരുന്നോ എന്ന് അവരോട് തിരിച്ചു ചോദിക്കാവുന്നതാണ്. ആണെങ്കില്‍, വിശപ്പ് എന്ന അടിസ്ഥാന പ്രശ്നം പരിഹരിക്കാന്‍ പോലും പ്രയോഗരൂപം പൂണ്ട മാര്‍ക്സിസം പരാജയപ്പെട്ടു എന്ന് സമ്മതിക്കേണ്ടിവരും.

പട്ടിണി മാറ്റാന്‍ മാത്രമല്ല, സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാമൂഹികമായ അംഗീകാരത്തിനും സ്വത്വനിഷേധങ്ങള്‍ക്കെതിരെയും ഒക്കെയാണ് ലോകത്തെങ്ങുമുള്ള മനുഷ്യര്‍ സമരം ചെയ്യുന്നത് എന്ന തിരിച്ചറിവ് പുതിയ കാലത്തെ ഇടതു ചിന്തകന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഉണ്ടായി വന്നിട്ടുണ്ട്. സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശങ്ങള്‍ക്കെതിരെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ചെറുത്തുനില്‍പുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അവരില്‍ പലര്‍ക്കും കഴിയുന്നുമുണ്ട്. യൂറോപ്യന്‍ നാടുകളില്‍ ഇസ്ലാമോഫോബിയക്കെതിരെ മുസ്ലിം ന്യൂനപക്ഷങ്ങളോട് അനുഭാവം പുലര്‍ത്തുന്ന നിലപാടാണ് അവിടങ്ങളിലെ ഇടതുപക്ഷം പൊതുവെ സ്വീകരിച്ചുകാണുന്നത്. ഇസ്ലാമോഫോബിയയെ ആശയപരമായി നേരിടുന്നതിന് മാര്‍ക്സിസ്റ്റ് ഡോഗ്മാറ്റിസം അവര്‍ക്ക് തടസ്സമാവാറില്ല. 

സംഘ്പരിവാര്‍ ഭീകരതയുടെ ബലിയാടുകളായ ഇന്ത്യയിലെ ദലിത്, മുസ്ലിം വിഭാഗങ്ങളോട് അവരുടെ മത, ജാതി സ്വത്വങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന നിരവധി ഇടതുപക്ഷ ബുദ്ധിജീവികളെ കാണാന്‍ കഴിയും. 'ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരേ നാണയത്തിന്റെ രണ്ടുപുറങ്ങള്‍' എന്ന പല്ലവി നൂറുവട്ടം ആവര്‍ത്തിക്കുന്ന പാര്‍ട്ടി മാര്‍ക്സിസ്റ്റുകളില്‍നിന്ന് വ്യത്യസ്തരാണവര്‍. മാര്‍ക്സിന്റെ ഡോഗ്മകളില്‍നിന്ന് മോചനം നേടിയ ഒരു ഇടതുപക്ഷ ചിന്താരീതിക്ക് ഇനിയും പ്രസക്തിയുണ്ട് എന്നാണ് ഇതെല്ലാം കാണിക്കുന്നത്.  മാര്‍ക്സിസത്തെപ്പോലെ നിരവധി അടരുകളുള്ള ഇസ്ലാമിസം ഉള്‍പ്പെടെയുള്ള ആശയങ്ങളുമായി ഇടപഴകാനും സംവദിക്കാനും മുതലാളിത്ത അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ അവരുമായി കൈകോര്‍ക്കാനും അത്തരം ഒരു ഇടതുപക്ഷത്തിന് സാധിച്ചേക്കും. 

ഇസ്ലാമിസത്തെ മാത്രമല്ല, ആഗോള ഇടതുപക്ഷത്തെപ്പോലും പഠനവിധേയമാക്കുന്നില്ല എന്നതാണ്, അധികാര രാഷ്ട്രീയം തലക്കുപിടിച്ച കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രശ്നം. ഇസ്ലാം വിരോധത്തേക്കാളേറെ, അറിവുകേട് കൊണ്ടായിരിക്കാം അവരില്‍ പലരും ഇസ്ലാമിസം സമം തീവ്രവാദം എന്ന പല്ലവി നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്നത്. മാര്‍ക്സിസം പലതുണ്ടെന്ന് സമ്മതിച്ചുതരുമെങ്കിലും, ഇസ്ലാമിസം ഒന്നേയുള്ളൂവെന്നും അത് ഇസ്ലാമിക് സ്റ്റേറ്റ് പ്രതിനിധീകരിക്കുന്ന തീവ്രവാദം ആണെന്നും അവരുടെ ബുദ്ധിജീവികള്‍ സിദ്ധാന്തിച്ചുകളയും. ദര്‍ശനദാരിദ്ര്യം എന്നേ ഇതേക്കുറിച്ച് പറയാന്‍ കഴിയൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട