ത്വാഇഫ് കരാര്‍
മുഹമ്മദുന്‍ റസൂലുല്ലാഹ്-61
ത്വാഇഫുകാരുമായി ഒടുവില്‍ പ്രവാചകന്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഉടമ്പടിയുടെ ലിഖിത രേഖ പരിശോധിച്ചാല്‍ ഏതൊക്കെ വ്യവസ്ഥകളിലാണ് ഇരുപക്ഷവും യോജിപ്പിലെത്തിയത് എന്ന് വ്യക്തമാകും. ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു (നമ്പറുകളിട്ടത് ഗ്രന്ഥകര്‍ത്താവാണ്):
1. കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍.
2. ദൈവപ്രവാചകനായ മുഹമ്മദ് സഖീഫ് ഗോത്രത്തിന് എഴുതി നല്‍കുന്നത്.
3. ഈ രേഖയില്‍ എഴുതിയതിന് അല്ലാഹുവും അവന്റെ ദൂതനായ മുഹമ്മദും മതിയായ ഉറപ്പു നല്‍കുന്നു.
4. ത്വാഇഫ് താഴ്‌വര വിശുദ്ധമായി കണക്കാക്കപ്പെടും. അവിടത്തെ മൃഗങ്ങളെ വേട്ടയാടുകയോ മരങ്ങള്‍ മുറിക്കുകയോ അരുത്. അതിക്രമിച്ചു കടക്കുന്നതില്‍നിന്നും അപഹരണത്തില്‍നിന്നും മറ്റു വേണ്ടാതീനങ്ങളില്‍നിന്നും സംരക്ഷണമുണ്ട്.
5. മറ്റെല്ലാറ്റിനേക്കാളുമുപരി സഖീഫ് ഗോത്രക്കാര്‍ക്ക് വജ്ജ് താഴ്‌വരയില്‍ ഉടമസ്ഥാവകാശമുണ്ട്. മതിലുകളാല്‍ ചുറ്റപ്പെട്ട അവരുടെ നഗരം (ത്വാഇഫ്) അതിക്രമിക്കപ്പെടുകയില്ല. കീഴ്‌പ്പെടുത്താനായി ഒരു മുസ്‌ലിമും അങ്ങോട്ട് വരികയില്ല. താഴ്‌വരയിലെ മതിലുകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തില്‍ അവര്‍ക്ക് എന്ത് നിര്‍മാണ പ്രവൃത്തികളും ചെയ്യാം.
6. അവര്‍ തലവരിയായോ അല്ലെങ്കില്‍ തങ്ങളുടെ സ്വത്തുവകകള്‍ക്കോ പത്തിലൊരു അംശം നല്‍കേണ്ടതില്ല. മറ്റു നിയന്ത്രണങ്ങളും ഉണ്ടാകില്ല.
7. അവര്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായിരിക്കും. മുസ്‌ലിംകളുമായി അവര്‍ക്ക് തങ്ങള്‍ ഉദ്ദേശിക്കുന്നവിധം ഒത്തുചേരാം.
8. അവരുടെ കൈവശമുള്ള തടവുകാര്‍ അവര്‍ക്ക് തന്നെ അവകാശപ്പെട്ടതാണ്. ആ തടവുകാരെ കൈവശം വെക്കാനുള്ള അര്‍ഹത മറ്റാരേക്കാളും കൂടുതല്‍ അവര്‍ക്കു തന്നെയാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവരെ കൈകാര്യം ചെയ്യുകയുമാവാം.
9. അവര്‍ക്ക് കിട്ടാനുള്ള കടങ്ങള്‍, അവക്ക് മതിയായ ജാമ്യമില്ലെങ്കില്‍,1 അവയുടെ തിരിച്ചടവ് കാലമായിട്ടുണ്ടെങ്കില്‍, (ആ വ്യക്തികള്‍ അവ തിരിച്ചടക്കാത്ത പക്ഷം) അത് അല്ലാഹുവും അവന്റെ ദൂതനും വെറുക്കുന്ന പലിശ ഇടപാട് നടത്തിയതു പോലെയാണ്. കടങ്ങളുടെ തിരിച്ചടവ് ഉക്കാളിനും അപ്പുറമാണെങ്കില്‍ (ഉക്കാള് വാര്‍ഷിക ചന്ത കഴിഞ്ഞാണ് തിരിച്ചടക്കേണ്ടതെങ്കില്‍) കടക്കാരന്‍ ഉക്കാളില്‍ വെച്ച് മൂലധനം തിരിച്ചടക്കണം.
10. സഖീഫുകാര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അവര്‍ക്ക് ആരൊക്കെ കടം കൊടുക്കാനുണ്ടോ അതൊക്കെയും കൊടുത്തു തീര്‍ത്തിരിക്കണം.
11. സഖീഫുകാരില്‍നിന്ന് യുദ്ധമുതലുകളായി പിടിച്ചെടുത്തവയും അല്ലാത്ത നിലയില്‍ അവര്‍ക്ക് നഷ്ടപ്പെട്ടവയും അവര്‍ക്ക് തിരിച്ചുനല്‍കുന്നതാണ്.
12. സഖീഫ് ഗോത്രത്തില്‍നിന്ന് (ഉടമ്പടി ഒപ്പുവെക്കുന്ന സമയത്ത്) ഹാജരില്ലാത്തവര്‍ക്കും, (കൈവശം എത്തിയിട്ടില്ലാത്ത) സ്വത്തുക്കള്‍ക്കും ഇതേ സംരക്ഷണം ലഭിക്കും. ലീയായില്‍ അവര്‍ക്ക് എന്താണോ ഉള്ളത്, വജ്ജില്‍ ലഭിക്കുന്ന സംരക്ഷണം അവക്കും ലഭിക്കും.
13. സഖീഫിന്റെ ഏതു കൂട്ടാളിക്കും കച്ചവടക്കാരനും (ആ പ്രദേശത്ത് തങ്ങുന്ന കച്ചവടക്കാരായിരിക്കുമോ ഉദ്ദേശ്യം?) സഖീഫുകാര്‍ക്ക് ലഭിക്കുന്ന അതേ സംരക്ഷണം ഉണ്ടായിരിക്കും.
14. സഖീഫിനെ ആരെങ്കിലും അധിക്ഷേപിക്കുകയോ കൈയേറ്റം ചെയ്യാന്‍ മുതിരുകയോ ചെയ്താല്‍- അത് വ്യക്തികളുടെ കാര്യത്തിലായാലും സ്വത്തിന്റെ കാര്യത്തിലായാലും ശരി- കൈയേറ്റക്കാരനെതിരെ പ്രവാചകനും മുസ്‌ലിംകളും അവരെ സഹായിക്കും.
15. അവര്‍ക്ക് ഇഷ്ടമില്ലാത്തവരൊന്നും (അവരുടെ പ്രദേശത്തേക്ക്) വരുകയില്ല.
16. കമ്പോളവും കച്ചവടവുമൊക്കെ വീടുകളുടെ മുറ്റങ്ങളില്‍ നടത്തപ്പെടും.
17. അവരില്‍നിന്ന് തന്നെയായിരിക്കും അവരുടെ നേതാവിനെ തെരഞ്ഞെടുക്കുക. ബനൂ മാലികിന് അവരുടെ നേതാവ്, അഹ്‌ലാഫിന് അവരുടെ നേതാവ്
18. മുന്തിരിത്തോപ്പുകള്‍ ഖുറൈശികളുടേതാണെങ്കിലും, അവ നനച്ച് പരിപാലിക്കുന്നത് സഖീഫുകാരാണെങ്കില്‍ വരുമാനത്തിന്റെ പകുതി അവര്‍ക്കുള്ളതാണ്.
19. കടം കിട്ടാനുണ്ട്, അതിന്റെ പലിശ നല്‍കിയിട്ടില്ല എന്നാണെങ്കില്‍, കടക്കാരന്‍ മൂലധനം ഉടന്‍ തിരിച്ചടക്കാനുള്ള ഏര്‍പ്പാട് ചെയ്യണം. തിരിച്ചടവ് ഉടന്‍ സാധ്യമല്ലെങ്കില്‍ അത് അടുത്തവര്‍ഷം ജുമാദുല്‍ ഊലാ മാസത്തേക്ക് നീട്ടിവെക്കണം. കടം തിരിച്ചടക്കേണ്ട സമയമാവുകയും അത് തിരിച്ചടക്കാതിരിക്കുകയുമാണെങ്കില്‍ പലിശക്കുറ്റമാണ് ചെയ്യുന്നത്!
20. തടവുകാര്‍ കൈവശമുണ്ടെങ്കില്‍ അവരെ വില്‍ക്കാന്‍ (വില വാങ്ങാന്‍) ഉടമസ്ഥന് അവകാശമുണ്ട്. തടവുകാരില്‍ വില്‍ക്കപ്പെടാത്തവരുണ്ടെങ്കില്‍ അവരുടെ മോചനദ്രവ്യം ആറ് പെണ്ണൊട്ടകങ്ങളാണ്. അവ രണ്ട് തരത്തിലുള്ളവയായിരിക്കണം: പകുതി നാല് വയസ്സുള്ളവയും പകുതി മൂന്ന് വയസ്സുള്ളവയും. എല്ലാം നല്ല തടിച്ച ഒട്ടകങ്ങള്‍.
21. ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നാല്‍ അയാള്‍ക്ക് അതിന്മേല്‍ അവകാശമുണ്ടായിരിക്കും.2
ഈ സുപ്രധാന രേഖയില്‍ ദുരൂഹമായ ചില പരാമര്‍ശങ്ങളുണ്ട്. അതിലേക്ക് കടക്കുന്നതിനു മുമ്പായി, വജ്ജ് താഴ്‌വരയുടെ പരിപാവനതയെ കുറിക്കുന്ന മറ്റൊരു രേഖ കൂടി (നേരത്തേ പറഞ്ഞ രേഖയില്‍ 4-ാം നമ്പറില്‍ പറയുന്ന അതേ കാര്യം) ഇവിടെ എടുത്തുദ്ധരിക്കേണ്ടതുണ്ട്. ആ രേഖ ഇങ്ങനെ:
'കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍. ഈ രേഖ പ്രവാചകന്‍ മുഹമ്മദ് വിശ്വാസികള്‍ക്കായി നല്‍കുന്നത്: വജ്ജ് താഴ്‌വരയിലെ മുള്‍മരങ്ങളോ (വസ്വീദിലെ) കുറ്റിച്ചെടികളോ മുറിച്ചുമാറ്റരുത്. അവിടത്തെ മൃഗങ്ങളെ കൊല്ലുകയുമരുത്. ഇത് ലംഘിക്കുന്നവര്‍ക്ക് ചാട്ടവാറടി ഏല്‍ക്കേണ്ടി വരും. അയാളുടെ വസ്ത്രങ്ങള്‍ ഊരി മാറ്റപ്പെടും. അതിക്രമം കാണിക്കുന്നവനെ പ്രവാചകന്റെ മുമ്പില്‍ ഹാജരാക്കും. ഇത് പ്രവാചകന്‍ മുഹമ്മദില്‍നിന്നുള്ള ഉത്തരവാണ്.'3
'ഇത് എഴുതിയത് പ്രവാചകന്‍ മുഹമ്മദു ബ്‌നു അബ്ദില്ലയുടെ ഉത്തരവ് പ്രകാരം ഖാലിദു ബ്‌നു സഈദ്. ഇതാരും ലംഘിക്കരുത്. ലംഘിക്കുന്ന പക്ഷം അത് അയാള്‍ക്ക് ദോഷം ചെയ്യും (സാക്ഷികള്‍: അലിയ്യുബ്‌നു അബീത്വാലിബ്, അല്‍ ഹസനുബ്‌നു അലി, അല്‍ ഹുസൈനു ബ്‌നു അലി).'
നേരത്തേ സൂചിപ്പിച്ചതുപോലെ ഇക്കാര്യം ഉഭയകക്ഷി കരാറില്‍ നാലാമത്തെ കാര്യമായി രേഖപ്പെടുത്തിയതാണ്. പ്രവാചകന്‍ അതുകൊണ്ടും മതിയാക്കാതെ, ത്വാഇഫ് താഴ്‌വരയില്‍ അതിക്രമിച്ചു കടക്കരുതെന്ന പൊതു വിളംബരം തന്നെ നടത്തുകയായിരുന്നു. ത്വാഇഫ് പ്രതിനിധി സംഘത്തിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്.
ഉടമ്പടിയിലെ ആറാമത്തെ ഖണ്ഡിക പ്രകാരം, സൈനിക സേവനത്തില്‍നിന്നും നികുതിയടവില്‍നിന്നും ത്വാഇഫ് നിവാസികളെ ഒഴിവാക്കിയിരിക്കുകയാണ്. ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്, ഇത് ത്വാഇഫുകാര്‍ക്ക് മാത്രം നല്‍കിയ ഇളവായിരുന്നില്ല. അറേബ്യയിലെ വ്യത്യസ്ത ഗോത്രങ്ങളുമായി കരാറുകളുണ്ടാക്കിയപ്പോഴും ഇത്തരം ഇളവുകള്‍ നല്‍കിയിരുന്നു.4 രണ്ട്, നികുതിയെ സംബന്ധിച്ച് ചരിത്രകാരന്മാര്‍5 പറയുന്നത്, തോട്ടങ്ങളെയും മുന്തിരിത്തോപ്പുകളെയും കുറിച്ചായിരുന്നു ഇത് എന്നാണ്. അബൂയൂസുഫ്6 രേഖപ്പെടുത്തുന്നത്, ത്വാഇഫുകാര്‍ അവര്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന തേനിന് പത്തിലൊന്ന് നികുതി നല്‍കിയിരുന്നുവെന്നാണ്. ഖണ്ഡിക 8-ലും 21-ലും സൂചിപ്പിക്കുന്നത്, ത്വാഇഫുകാരുടെ പക്കലുള്ള തടവുകാരെ കുറിച്ചാണ്. തടവുകാര്‍ക്ക് മേലുള്ള അവരുടെ അവകാശം സ്ഥിരീകരിക്കുന്നതോടൊപ്പം തന്നെ, അവരുടെ മോചനത്തിനുള്ള വഴിയും പ്രവാചകന്‍ തുറന്നുവെക്കുന്നു. മോചനദ്രവ്യം എത്രയെന്ന് പോലും ക്ലിപ്തപ്പെടുത്തുന്നു. വില്‍ക്കപ്പെടാത്തവരെ അടിമകളാക്കുന്നത് തടയുകയും ചെയ്യുന്നു.
9-ാം ഖണ്ഡികയില്‍ ചില വാക്കുകള്‍ നമുക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. 'ദൈവദൂതന്‍' എന്ന വാക്കാണ് ഒന്ന്. അതേസമയം, മറ്റൊരു നിവേദക ശൃംഖല വഴിയുള്ള റിപ്പോര്‍ട്ടില്‍, ആ വാക്ക് ഉണ്ടു താനും. മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ 'അവര്‍ തിരിച്ചടക്കാത്ത പക്ഷം' എന്നതാണ്. അത് ചേര്‍ത്തില്ലെങ്കില്‍ ആ വാക്യത്തിന്റെ അര്‍ഥം പിടികിട്ടുകയില്ല. അതേകാര്യം ഖണ്ഡിക 19-ലും പരാമര്‍ശിച്ചതുകൊണ്ട് അക്കാര്യത്തില്‍ അവ്യക്തത വരാനും വഴിയില്ല. നിശ്ചിത സമയമായിട്ടും കടം വീട്ടാതിരിക്കുന്നത് പലിശ പോലെ വെറുക്കപ്പെടേണ്ടതാണ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് പറയവെ ഇബ്‌നുല്‍ അസീര്‍7 ഇങ്ങനെ എഴുതിയിട്ടുണ്ട്: 'ഉക്കാള് ചന്ത വരെ കടം തിരിച്ചടക്കാന്‍ സാവകാശം നല്‍കിയിരുന്നു.' വിചിത്രമാണ് മറ്റൊരു ഗ്രന്ഥകാരന്റെ പരാമര്‍ശം. 'ഈ ഖണ്ഡികയില്‍, ഉക്കാളില്‍ വെച്ച് പലിശയധിഷ്ഠിതമായ വ്യവഹാരം നടത്താമെന്നും അത്തരം വ്യവഹാരങ്ങള്‍ വൈകിക്കരുതെന്നും ഉണ്ടായിരുന്നു' എന്നാണ് അദ്ദേഹം എഴുതുന്നത്.8 കരാര്‍ ഒപ്പുവെക്കുന്നത് റമദാന്‍ മാസത്തിലായതിനാല്‍, മൂന്ന് മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന ഉക്കാള് ചന്തയുടെ സമയം വരെ ബാങ്കര്‍മാര്‍ക്ക് പ്രവാചകന്‍ അനുവദിച്ച ഇളവായി ഇതിനെ കണക്കാക്കാന്‍ പറ്റുമോ? അല്ലെങ്കില്‍, ഇങ്ങനെയൊരു അധിക ഭാഗം കൂടി ഖണ്ഡികയില്‍ ഉണ്ടായിരുന്നു എന്ന് ഈ ചരിത്രകാരന്‍ പറഞ്ഞത് അദ്ദേഹത്തിന് പിണഞ്ഞ എന്തെങ്കിലും ധാരണപ്പിശക് കൊണ്ടാവുമോ?
12-ാം ഖണ്ഡികയില്‍ ത്വാഇഫിലെത്തുന്ന വിദേശ കച്ചവടസംഘങ്ങളെക്കുറിച്ച് പറയുന്നു. ഇത് അന്താരാഷ്ട്ര കച്ചവടസംഘങ്ങളായിരിക്കുമോ, അതോ അറബികളല്ലാത്ത ജൂതന്മാരുടേതു പോലുള്ള കച്ചവടസംഘങ്ങളോ? ഇതേക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കുന്നില്ല നമ്മുടെ ചരിത്ര സ്രോതസ്സുകള്‍. 18-ാം ഖണ്ഡികയില്‍ കാര്‍ഷിക സമൂഹങ്ങളെക്കുറിച്ചാണ് പറയുന്നത്. ഭൂവുടമകളും കൃഷി ചെയ്യുന്നവരും വ്യത്യസ്ത ആളുകളാണ്. അവര്‍ പരസ്പരം ലാഭം പങ്കുവെക്കുകയാണ്. ഇത് നേരത്തേ തന്നെയുള്ള ഒരു നടപടിക്രമത്തെ ഉടമ്പടി വഴി അംഗീകരിക്കുകയാണോ ചെയ്യുന്നത്, അതല്ലെങ്കില്‍ ത്വാഇഫ് ഉപരോധകാലത്ത് ത്വാഇഫുകാര്‍ പ്രവാചകന് വിട്ടുനല്‍കിയ മുന്തിരിത്തോപ്പുകളുടെ കാര്യത്തില്‍ ഉടമസ്ഥനും (പ്രവാചകന്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം) ആ ഭൂമിയില്‍ കൃഷി ചയ്യുന്ന ത്വാഇഫുകാരും ഉണ്ടാക്കിയ ധാരണക്ക് നിയമപ്രാബല്യം നല്‍കുകയാണോ ചെയ്യുന്നത്? ഇതിലേതാണ് ശരി എന്ന് നിര്‍ണയിക്കാന്‍ പോന്ന വിവരങ്ങള്‍ നമ്മുടെ കൈവശമില്ല. ഏതായാലും, ഉല്‍പ്പാദനത്തിന്റെ പകുതി കൈപ്പറ്റി ഭൂമിയില്‍ കൃഷി ചെയ്യുക എന്നത് ത്വാഇഫിലെ രീതിയായിരുന്നു.9 ഈ രീതി നേരത്തേ ഖൈബറിലും പരീക്ഷിച്ചതാണ്.
ഖണ്ഡിക 17 പ്രകാരം ത്വാഇഫിന്റെ ഗവര്‍ണര്‍ ഒരു ത്വാഇഫുകാരന്‍ തന്നെയായിരിക്കും. അയാളെ നിയമിക്കുന്നത് പ്രവാചകനും. അബൂബക്ര്‍ സിദ്ദീഖിന്റെ നിര്‍ദേശപ്രകാരം, ത്വാഇഫ് പ്രതിനിധി സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ഉസ്മാനുബ്‌നു അബില്‍ ആസ്വിനെയാണ് പ്രവാചകന്‍ ത്വാഇഫ് ഗവര്‍ണറായി നിയമിക്കുന്നത്. അബൂബക്ര്‍ സിദ്ദീഖ് നിരീക്ഷിച്ചത് ഇങ്ങനെ: 'ഏറ്റവും യോഗ്യന്‍ ഈ ചെറുപ്പക്കാരനാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രതിനിധി സംഘത്തിലെ മറ്റുള്ളവരേക്കാള്‍ വളരെയേറെ ഖുര്‍ആന്‍ മനപ്പാഠമാക്കിയവനാണ് അവന്‍. അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മറ്റുള്ളവരേക്കാള്‍ ആത്മാര്‍ഥതയും ശുഷ്‌കാന്തിയുമുണ്ട്.' ത്വാഇഫ് പ്രതിനിധി സംഘം തിരിച്ചുപോകാന്‍ നേരത്ത് പുതുതായി നിയമിതനായ ചെറുപ്പക്കാരനായ ഗവര്‍ണറെ പ്രവാചകന്‍ ഇങ്ങനെ ഉപദേശിച്ചു: 'പൊ
തു ജനത്തിന് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുക. എപ്പോഴും മാനദണ്ഡമാക്കേണ്ടത് താങ്കളുടെ അടുത്ത് എത്തിച്ചേര്‍ന്നിട്ടുള്ള ഏറ്റവും അവശരായിട്ടുള്ളവരെയാണ്. വൃദ്ധജനങ്ങള്‍, കുഞ്ഞുങ്ങള്‍, അവശരായ രോഗികള്‍, കച്ചവടത്തില്‍ തകര്‍ന്നുപോയവര്‍ പോലുള്ളവരെ.'10
ത്വാഇഫ് പ്രതിനിധി സംഘം തുടക്കത്തില്‍ മദ്യം കഴിക്കാനുള്ള അനുവാദം ചോദിച്ചിരുന്നുവല്ലോ. മേലുദ്ധരിച്ച രണ്ട് രേഖകളിലും അതേക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ, പില്‍ക്കാലത്ത് പ്രവാചകന്‍ ത്വാഇഫുകാര്‍ക്ക് എഴുതിയ ഒരു കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഇപ്രകാരം പറയുന്നു: 'ഗുബൈറാഅ് (ചോളത്തില്‍നിന്നുള്ള മദ്യം) നിങ്ങള്‍ക്ക് ഹറാമാകുന്നു.'11 ഇക്കാര്യത്തില്‍ പ്രവാചകന്‍ ഇളവൊന്നും നല്‍കിയിരുന്നില്ലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. പൊതുനിയമം തന്നെയായിരുന്നു അവര്‍ക്കും ബാധകം. ഒരുപക്ഷേ, ത്വാഇഫുകാര്‍ മുന്തിരിയില്‍നിന്നെടുക്കുന്ന കള്ളില്‍നിന്ന് വിട്ടുനില്‍ക്കുകയും അവരില്‍ ചിലര്‍ ഖുര്‍ആനിക പ്രയോഗത്തെ (ഖംറ് എന്ന വാക്കിനെ) അക്ഷരാര്‍ഥത്തിലെടുത്ത്, മുന്തിരിയല്ലാത്ത മറ്റു വസ്തുക്കളില്‍നിന്നുണ്ടാക്കുന്ന കള്ളിന് ഇത് ബാധകമല്ലെന്ന് ധരിച്ചിട്ടുമുണ്ടാവാം. താന്‍ ത്വാഇഫില്‍ നിശ്ചയിച്ച പുതിയ ഗവര്‍ണറുടെ നി
ര്‍ദേശപ്രകാരം തന്നെയാവാം ഗുബൈറാഉം(ബിയര്‍) നിഷിദ്ധമാണെന്ന് പ്രവാചകന്‍ വ്യക്തമാക്കിയത്. ഈ ഉടമ്പടിയുടെ സാക്ഷികളില്‍ ആരൊക്കെയുണ്ടെന്ന് നോക്കുക. പ്രവാചക പൗത്രന്മാരായ ഹസനും ഹുസൈനും.12 ഉടമ്പടി നടക്കുമ്പോള്‍ ഹസന് നാല് വയസ്സ് മാത്രമാണ് പ്രായം. ഹസനാണല്ലോ മൂത്തയാള്‍. ഒരു പക്ഷേ, ത്വാഇഫുകാരുടെ നിര്‍ദേശപ്രകാരമായിരിക്കണം ഈ കുട്ടികളുടെ വിരലടയാളങ്ങള്‍ ഇതില്‍ പതിച്ചിരിക്കുക. അതല്ലെങ്കില്‍ മറ്റാരെങ്കിലും ഇവരുടെ പേര്‍ രേഖയില്‍ എഴുതി ചേര്‍ക്കുകയായിരുന്നുവോ?
സാമൂഹിക ശാസ്ത്ര-ചരിത്ര കുതുകികള്‍ക്ക് ഒരു വിവരം കൂടി. ത്വാഇഫുകാരനായ ഗൈലാനുബ്‌നു സലമ എന്നയാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ പത്ത് ഭാര്യമാര്‍ ഉണ്ടായിരുന്നു. താന്‍ തെരഞ്ഞെടുക്കുന്ന നാല് പേരെ നിലനിര്‍ത്താനും മറ്റുള്ളവരെ ഒഴിവാക്കാനും പ്രവാചകന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു.13 ഗൈലിന്റെ മകളുടെ ആടയാഭരണങ്ങളെക്കുറിച്ച് അറേബ്യയില്‍ പഴഞ്ചൊല്ലുകള്‍ പ്രചാരത്തിലുണ്ടായിരുന്നു.14 ഇബ്‌നു ഹബീബിന്റെ വിവരണം വിശ്വസിക്കാമെങ്കില്‍ (മുഹബ്ബര്‍, പേ: 357), ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ പത്ത് ഭാര്യമാരൊക്കെ ഉള്ള അഞ്ച് പേരെങ്കിലും ത്വാഇഫില്‍ ഉണ്ടായിരുന്നു.
(തുടരും)
കുറിപ്പുകള്‍
1. സുഹൈലിയുടെ വിവരണം കാണുക
2. വസാഇഖ്, No. 181
3. അതേ പുസ്തകം No. 182. പേരുകളും സാക്ഷികളുമുള്ളത് ഒരു രേഖയില്‍ മാത്രം.
4. Ibid ചീ. 34, 48, 84, 90, 94, 122, 181, 189
5. യഹ്‌യബ്‌നു ആദം - ഖറാജ്, പേ: 111
6. അബുയൂസുഫ് - ഖറാജ്, പേ; 40 (ബൂലാഖ് എഡിഷന്‍)
7. ഇബ്‌നു അസീര്‍ - കാമില്‍ I, 246
8. ഇബ്‌നു അബ്ദിറബ്ബിഹ് - ഇഖ്ദ്, ബൂലാഖ് I, 135
9. സുഹൈലി II, 302
10. ഇബ്‌നു ഹിശാം, പേ: 917
11. വസാഇഖ് No. 183
12. ഇബ്‌നു സഅ്ദ് II/i പേ: 33, അംവാല്‍ No. 507
13. സുഹൈലി, 303
14. ഇബ്‌നു ഹിശാം, പേ: 874
Comments