പി.സി ഹംസ സാഹിബ് അവസാന ശ്വാസം വരെ കര്‍മഭൂമിയില്‍ ജ്വലിച്ച്
ഏതാണ്ട് 33 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഞാന്‍ എസ്.ഐ.ഒവില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നേയുള്ളൂ. കാസര്‍കോട്ടു നിന്ന് പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങള്‍ നാലു പേര്‍ കോഴിക്കോട് ബസിറങ്ങി, നേരെ സ്റ്റേഡിയത്തിനടുത്തുള്ള എസ്.ഐ.ഒ ഓഫീസിലെത്തി. വിശാലമായ നമസ്‌കാര മുറിയില്‍ നിരന്ന് കിടന്നു. സമയം വൈകിയതിനാലും യാത്രാക്ഷീണത്താലും പെട്ടെന്നുറങ്ങിപ്പോയി. നിറയെ കൊതുകുകളുണ്ടായിരുന്നെങ്കിലും ഞങ്ങളതൊന്നുമറിഞ്ഞില്ല. നേരം പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ കൊതുകു വലയ്ക്കകത്താണ്. രാത്രിയെപ്പോഴോ പ്രസിഡന്റിന്റെ റൂമില്‍നിന്ന് ഇറങ്ങിവന്ന പി.സി ഹംസ സാഹിബ് നാല് കസേരകള്‍ വെച്ച് ഞങ്ങള്‍ക്കായി കൊതുകുവല ഒരുക്കുകയായിരുന്നു- ഹംസ സാഹിബിലെ നേതാവിനെ അനുഭവിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനത്തിലെ എന്റെ പുലര്‍ക്കാലം വിടരുന്നത്.
**** **** ****
എസ്.ഐ.ഒവിന്റെ രണ്ടാം മീഖാത്തിന്റെ തുടക്കം. സംഘടനാ പ്രസിഡന്റിനെയും അഖിലേന്ത്യാ കൂടിയാലോചന സമിതിയെയും തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ദല്‍ഹിയില്‍ യോഗം ചേരുന്നു. കേരളത്തില്‍നിന്നുള്ള സംഘത്തില്‍ ഉര്‍ദു അറിയുന്നവര്‍ വിരളം. 'ദേശീയ നേതൃത്വം ഒന്ന് മെച്ചപ്പടണം, വേണ്ടത്ര പോരാ, കേരളത്തില്‍നിന്നുള്ള നേതൃത്വം വന്നാലേ ശരിയാവൂ' എന്നൊക്കെ അഭിപ്രായമുള്ളവര്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അതിനാല്‍ ട്രെയിന്‍ യാത്രയില്‍ തന്നെ പി.സി ഹംസ സാഹിബിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കണമെന്ന് ഞങ്ങള്‍ ധാരണയിലെത്തി. തരിമ്പും ഉര്‍ദു അറിയാത്ത പി.സിയാവട്ടെ, യോഗം നിയന്ത്രിച്ചിരുന്ന ശഫീഅ് മൂനിസ് സാഹിബിന്റെ ഉര്‍ദു സംസാരത്തിലെ ഇടക്കിടക്കുള്ള അല്‍ബത്ത, അല്‍ബത്ത (അഥവാ/ അതായത് എന്നര്‍ഥം. ജോകെ എന്നും പ്രയോഗിക്കാറുണ്ട്) കേട്ട് ഊറിച്ചിരിക്കും. അന്ന് പക്ഷേ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ പി.സിക്ക് വേണ്ടി വാദിക്കാന്‍ ഉര്‍ദു അറിയാത്ത ഞങ്ങള്‍ മലയാളികള്‍ മാത്രം. വോട്ടു ചെയ്തതും ഞങ്ങള്‍ മാത്രം.
ആ മീഖാത്തിനൊടുവില്‍ ബാംഗ്ലൂരില്‍ എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനം പ്രഖ്യാപിക്കുന്നു. പി.സിയാണ് ജനറല്‍ കണ്‍വീനര്‍. ഹംസ സാഹിബിന്റെ കഠിനാധ്വാനം, സംഘാടന മികവ്, നേതൃശേഷി, ഇഛാശക്തി, സമര്‍പ്പണം, ത്യാഗ സന്നദ്ധത, സംഘടനാ പ്രതിബദ്ധത എല്ലാം പുറത്തു വന്ന നാളുകളായിരുന്നു അത്. രാജ്യത്തുടനീളം സഞ്ചരിച്ച് അദ്ദേഹം പ്രവര്‍ത്തകരും നേതാക്കളുമായി സംവദിച്ചു. ഉര്‍ദു ഭാഷ പഠിച്ചെടുക്കാന്‍ അത്യധ്വാനം ചെയ്തു. ഇംഗ്ലീഷ് ഭാഷയും നന്നായി കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിച്ചു. ഹംസ സാഹിബിന്റെ പ്രതിഭാധനത്വം തിരിച്ചറിഞ്ഞ ഞങ്ങള്‍ അദ്ദേഹത്തെ കേരളത്തില്‍ തന്നെ നിര്‍ത്തണമെന്ന തീരുമാനത്തോടെയാണ് മൂന്നാമത് മീഖാത്തിലെ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ദല്‍ഹിയിലേക്ക് വണ്ടി കയറിയത്. അതിനുള്ള ന്യായങ്ങളും കണ്ടെത്തിയിരുന്നു. ചര്‍ച്ചയില്‍ പി.സി പണ്ഡിതനല്ല, ഇസ്ലാമിക വിഷയങ്ങളില്‍ അവഗാഹമില്ല തുടങ്ങിയ വാദങ്ങള്‍ ഞങ്ങള്‍ മുന്നോട്ടു വെച്ചു. തെരഞ്ഞെടുക്കുന്നത് മുഫ്തിയെയല്ല, പ്രസ്ഥാന നായകനെയാണ് എന്ന് പി.സിയെ പിന്തുണക്കുന്ന ഉത്തരേന്ത്യന്‍ ഉര്‍ദു ബെല്‍റ്റ് തിരിച്ചടിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വോട്ടിനിട്ടു. വോട്ടെണ്ണിയ ശേഷം സഭാധ്യക്ഷന്റെ വാക്കുകള്‍ ഇങ്ങനെ: ''പി.സി ഹംസ സംഘടനാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. കേരളത്തിലുള്ളവര്‍ കൂടി അനുകൂലിക്കുകയാണെങ്കില്‍ നമുക്കത് ഐകകണ്ഠേ്യനയാക്കാം, മറ്റു താല്‍പര്യങ്ങള്‍ ഇതിനായി മാറ്റിവെക്കണം.''
ദല്‍ഹി മര്‍കസിലെ റോഡിനോട് ചേര്‍ന്ന് പായ പാകിയുണ്ടാക്കിയ കൊച്ചു 'കൂടാര'മായിരുന്നു അന്ന് അഖിലേന്ത്യാ പ്രസിഡന്റിനുള്ള താമസ സ്ഥലം. ഇന്ന് റോഡിന്റെ പുറംപോക്കിലെ 'അനധികൃത' താമസക്കാരുടെ കൂടാരങ്ങളില്‍നിന്ന് ഒട്ടും ഭേദപ്പെട്ടതായിരുന്നില്ല അത്. മര്‍കസ് കാമ്പസും ഇന്നത്തെ പോലെയല്ല. ആ പാലത്തിനടുത്തു നിന്ന് നോക്കിയാല്‍ അങ്ങേയറ്റം വരെ കാണാവുന്ന ശൂന്യതയായിരുന്നു. ഇന്ന് കാണുന്ന എസ്.ഐ.ഒ കേന്ദ്ര ആസ്ഥാനത്തിന്റെ ശില്‍പി ഹംസ സാഹിബായിരുന്നു. ശൂന്യതയില്‍നിന്നുകൊണ്ട് സ്വപ്‌നം കാണാനും അത് സാക്ഷാല്‍ക്കരിക്കാനുമുള്ള പി.സിയുടെ ഇഛാശക്തിയാണ് ആസ്ഥാന മന്ദിരം യാഥാര്‍ഥ്യമാക്കിയത്.
**** **** ****
ഹംസ സാഹിബ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായ 1985-'87 മീഖാത്ത്. എസ്.ഐ.ഒ പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ. വിരലിലെണ്ണാവുന്ന നേതാക്കള്‍ കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ ഓടി നടന്ന് സംഘടന കെട്ടിപ്പടുക്കുന്ന കാലം. അതിലേറെ ചുറുചുറുക്കോടെ കര്‍മനിരതരായ ഏതാനും പ്രവര്‍ത്തകര്‍. അക്കാലത്താണ് ഗള്‍ഫ് ബൂം തിരയടിച്ചു വന്നത്. കത്തിനിന്നിരുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒരു നിര തന്നെ ഗള്‍ഫിലേക്ക് പോകുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ എന്താകും എസ്.ഐ.ഒവിന്റെ അവസ്ഥ എന്നാകുലപ്പെട്ട് ഈയുള്ളവന്‍ സോണല്‍ ഓഫീസിലേക്ക് പുറപ്പെട്ടു. പ്രസിഡന്റിനെ കണ്ട് ഈ ഗള്‍ഫ് യാത്രക്ക് തടയിടണമെന്ന് ആവശ്യപ്പെടലായിരുന്നു ലക്ഷ്യം. ചെന്നു കയറിയ ഉടനെ പി.സിയുടെ പ്രതികരണം: ''എം.ഐ, കൃത്യസമയത്താണ് നിങ്ങള്‍ കയറിവന്നത്. നിങ്ങളെ ബന്ധപ്പെടാനെന്തു വഴി എന്നാലോചിക്കുകയായിരുന്നു(അന്ന് ടെലിഫോണോ മൊബൈല്‍ ഫോണോ ഇന്നത്തെ പോലെ സാര്‍വത്രികമല്ല). ഉടനെ, ഇന്ന ലോഡ്ജില്‍ പോകണം. അവിടെ ഗള്‍ഫിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. ആലത്തൂര്‍ മുഹമ്മദലി സാഹിബൊക്കെ ഇന്റര്‍വ്യൂ ടീമിലുണ്ട്. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് കിട്ടാന്‍ നല്ല സാധ്യതയുണ്ട്.'' പ്രസിഡന്റിനോട് വിയോജിച്ചുകൊണ്ടാണ് അന്ന് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോന്നത്. പി.സിയിലെ നേതാവിനെ കണ്ടെത്തിയ മറ്റൊരു സന്ദര്‍ഭമായിരുന്നു അത്. അരിഷ്ടിച്ചും കഷ്ടിച്ചുമുള്ള ഈ ജീവിതാവസ്ഥയൊക്കെ ഒന്നു മാറണം, പ്രവര്‍ത്തകരും ഗള്‍ഫിലൊക്കെ പോയി ഒന്ന് മെച്ചപ്പെടട്ടെ എന്ന ചിന്തയായിരുന്നു ഗള്‍ഫ് യാത്രയെ പ്രോത്സാഹിപ്പിക്കാന്‍ ഹംസ സാഹിബിനെ പ്രേരിപ്പിച്ചത്.
**** **** ****
എം.എസ്.എഫില്‍നിന്നാണ് പി.സി ഇസ്ലാമിക പ്രസ്ഥാനത്തിലെത്തിച്ചേരുന്നത്. കെ.സി അബ്ദുല്ല മൗലവി അടക്കമുള്ള ഇസ്ലാമിക പ്രസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഒരു ഇസ്ലാമിക പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിത്വമാക്കി മാറ്റി. കേരളത്തില്‍നിന്നും എസ്.ഐ.ഒ സംഭാവന ചെയ്ത മികച്ച നേതാവെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അധികമല്ല. ജമാഅത്തിന്റെ ദേശീയതലത്തിലെ ഉത്തരവാദിത്തങ്ങളിലേക്ക് വരാന്‍ മാത്രം കഴിവുകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. ജീവിതത്തിലെ ലാളിത്യത്തിന്റെയും സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാര്യത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മൂന്നാം തലമുറയുടെ മുന്‍പന്തിയിലാണ് അദ്ദേഹത്തിന്റെ ഇടം. വിനയവും ആളുകളെ മനസ്സിലാക്കാനുള്ള ശേഷിയുമാണ് നേതാവെന്ന നിലക്ക് അദ്ദേഹത്തെ ശ്രേഷ്ഠനാക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലായിരുന്നെങ്കിലും, സര്‍വീസിലിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിനു വേണ്ടിയുള്ള അവധിയെടുത്തു. മിനിമം പെന്‍ഷനെ കുറിച്ച ചിന്ത അദ്ദേഹത്തെ പിന്മടക്കിയില്ല. പ്രസ്ഥാനത്തിനു വേണ്ടിയുള്ള നിരന്തരമായ അലച്ചിലായിരുന്നു പി.സിയുടെ മുദ്ര. ആ അലച്ചില്‍ അദ്ദേഹം ആസ്വദിച്ചിരിക്കുമെന്നാണ് തോന്നുന്നത്. അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെട്ട അദ്ദേഹത്തെ പുതിയ തലമുറയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് വല്ലാതെ അനുഭവിക്കാനായിട്ടുണ്ടാവില്ല.
ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായും ചെറുപ്രായത്തിലേ നിയമിതനായി. കാര്യശേഷിയും ത്യാഗമനോഭാവവുമാണ് മീന്‍ടൈമിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പിക്കാന്‍ പ്രസ്ഥാനത്തെ പ്രേരിപ്പിച്ചത്. ആവേശപൂര്‍വം, നിറഞ്ഞ ആത്മവിശ്വാസത്തോടെ മീന്‍ടൈമിനെ അദ്ദേഹം മുന്നോട്ട് നയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചപ്പോഴും ആത്മധൈര്യം കൈവിട്ടില്ല. സര്‍വീസില്‍നിന്ന് ലീവെടുത്ത അദ്ദേഹത്തിന് ശമ്പളമായി കൈപ്പറ്റാന്‍ മീന്‍ടൈമിലൊന്നുമില്ല. അതദ്ദേഹം ആരോടും പങ്കുവെച്ചുമില്ല. അന്നാളുകളില്‍ അദ്ദേഹത്തിന്റെ കുടുംബം വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. പൊതുവായനാ സമൂഹത്തെ സ്വാധീനിക്കുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണമെന്ന ആശയത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ നമുക്കായില്ല. നടത്തിപ്പുകാര്‍ക്കും അവരെ സഹായിക്കേണ്ട പ്രസ്ഥാന നേതൃത്വത്തിനും വീഴ്ചകള്‍ സംഭവിച്ചു എന്നാണ് നാമതിനെ കുറിച്ച് വിലയിരുത്തിയത് (പിന്നീടുണ്ടായ വലിയ സംരംഭങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്നപ്പോള്‍ ഈ വീഴ്ച നമുക്ക് പാഠവും അനുഗ്രഹവുമായിട്ടുണ്ട്).
മീന്‍ടൈമിന് പൂട്ടു വീണത് തെല്ലൊന്നുമല്ല പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും അസ്വസ്ഥപ്പെടുത്തിയത്. അതിന്റെ അമരക്കാരനെന്ന നിലക്ക് ഹംസ സാഹിബ് സങ്കടക്കടല്‍ താണ്ടിയിട്ടുമുണ്ട്. പോരായ്മകളെ പോരായ്മകളായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പലഭാഗത്തു നിന്നും പരിഹാസങ്ങളും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും അദ്ദേഹത്തിന്റെ ചെവിയില്‍ വന്നലച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ ആരുടെയും മനസ്സിടിഞ്ഞുപോകാന്‍ മാത്രം അനുഭവിച്ചിട്ടുണ്ട്. പക്ഷേ, അക്ഷോഭ്യനായി, സമാനതകളില്ലാത്ത സഹനത്തോടെ, ക്ഷമയോടെ അദ്ദേഹം പ്രസ്ഥാനത്തില്‍ നിലകൊണ്ടു. പ്രസ്ഥാനത്തോട് ഇടഞ്ഞു നിന്നില്ല. ആരെയും കുറ്റപ്പെടുത്താനും പഴിചാരാനും സന്നദ്ധനായില്ല. തന്റെ മഹാസേവനങ്ങളെ സംബന്ധിച്ച് വാചാലനുമായില്ല. പ്രസ്ഥാന നേതൃത്വത്തോടുള്ള അനുസരണത്തിന്റെ ഉദാത്ത മാതൃകയായി അദ്ദേഹം. നേതൃനിരയില്‍നിന്ന് മാറിനിന്ന ഇടവേളയിലും സമീപ പ്രദേശങ്ങളിലെ പ്രാസ്ഥാനിക പരിപാടികളിലെ സൗമ്യസാന്നിധ്യമായി അദ്ദേഹം എന്നുമുണ്ടായിരുന്നു. അപ്പോഴും ഒരു കുതിച്ചോട്ടത്തിന് ആ മനസ്സ് കാത്തിരുന്നു. കാത്തിരിപ്പ് വെറുതെയായില്ല. ജനപക്ഷത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം പോരാട്ട ഭൂമിയിലേക്ക് കടന്നുവന്നപ്പോള്‍ മുന്‍നിരയില്‍ അദ്ദേഹവുമുണ്ടായിരുന്നു.
കുടുംബത്തില്‍നിന്ന് ലഭിച്ച പിന്തുണ ഹംസ സാഹിബിന്റെ കരുത്തായിരുന്നു. വിശേഷിച്ചും പത്നിയുടെയും സഹോദരങ്ങളുടെയും. ചെറുപ്രായത്തില്‍ തുടങ്ങിയ 'അഖിലേന്ത്യാ യാത്രകള്‍' നാഥനിലേക്കുള്ള മടക്കയാത്ര വരെ തുടര്‍ന്നു. തന്റേടവും ധൈര്യവും സ്നേഹവുമുള്ള സന്താനങ്ങള്‍ അദ്ദേഹത്തിന് മറുലോകത്ത് മുതല്‍ക്കൂട്ടാവും.
രോഗം കടന്നാക്രമിച്ചപ്പോഴും പതറിയില്ല. ഇത്തരം രോഗങ്ങള്‍ വന്നാല്‍ തളരുകയും വിശ്രമ ജീവിതം നയിക്കാനിഷ്ടപ്പെടുകയും ചെയ്യുന്ന പതിവു രീതികള്‍ അദ്ദേഹം തെറ്റിച്ചു. കൂടുതല്‍ ആവേശത്തോടെ ജ്വലിച്ചുനിന്നു. മരണപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ വീട്ടിലെത്തി, വിശ്രമിക്കണമെന്നും യാത്ര കുറക്കണമെന്നും പറഞ്ഞപ്പോള്‍, യാത്ര കുറക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. അതിന് തൊട്ടുശേഷം വിവരമന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ ഒരിക്കല്‍ പൂനയിലും മറ്റൊരിക്കല്‍ ഹൈദരാബാദിലും! മരണപ്പെട്ട ദിവസം പൂനയിലെ പരിപാടികളില്‍ ഞാനുണ്ടാകുമെന്ന് പറഞ്ഞത് സഹപ്രവര്‍ത്തകര്‍ ആവേശപൂര്‍വം ഓര്‍ക്കുന്നു.
എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നല്‍കിയ സ്വീകരണ പരിപാടികളിലെ ണല ംലഹരീാല ംമൃാ ംലഹരീാല, ംലഹരീാല ംലഹരീാല ജഇ ഒമാ്വമ, ിമശേീിമഹ ുൃലശെറലി േടകഛ എന്ന മുദ്രാവാക്യത്തോടെയായിരിക്കും കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മധ്യനിരയുടെ പി.സി ഹംസ സാഹിബിനെ കുറിച്ച ഓര്‍മകള്‍ ആരംഭിക്കുന്നത്. അതേ മര്‍ഹബ വിളികളോടെ മാലാഖമാര്‍ പരലോകത്തും അദ്ദേഹത്തെ ആനയിക്കുന്നുണ്ടാവണം. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക്, അനുയായികള്‍ക്ക് ഒരുപിടി മാതൃകകളുണ്ട് ഒച്ചപ്പാടുകളില്ലാത്ത പി.സിയുടെ ജീവിതത്തില്‍നിന്ന് പഠിക്കാന്‍. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അദ്ദേഹത്തിനും നമുക്കും ഇടം നല്‍കുമാറാകട്ടെ - ആമീന്‍.
Comments