Prabodhanm Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

എതിരാളികളെ മുട്ടുകുത്തിച്ച് വീണ്ടും ഉര്‍ദുഗാന്‍

അബൂസ്വാലിഹ

'ഇസ്‌ലാമിക ലോകത്തിന്റെയും മര്‍ദിത ജനകോടികളുടെയും പ്രാര്‍ഥന ദൈവം കേട്ടു.' ആധുനിക തുര്‍ക്കിയുടെ ആദ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ചരിത്ര വിജയത്തെക്കുറിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് തശാവീശ് ഒഗ്‌ലുവിന്റെ കമന്റ്. തന്റെ വിജയം മര്‍ദിത ജനവിഭാഗങ്ങളുടെ വിജയമാണെന്ന് ഉര്‍ദുഗാനും പ്രതികരിച്ചു. 88 ശതമാനം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ അമ്പത് ശതമാനത്തിലധികം (52.55 ശതമാനം) വോട്ട് നേടിയതിനാല്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പ് വേണ്ടിവന്നില്ല. ഏറ്റവും അടുത്ത എതിര്‍ സ്ഥാനാര്‍ഥി റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ മുഹര്‍റം ഇന്‍സെന് 30.6 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സലാഹുദ്ദീന്‍ ഡമറിറ്റാസും പുതുതായി രൂപം കൊണ്ട ഗുഡ് പാര്‍ട്ടിയുടെ മെറല്‍ അക്‌സനര്‍ എന്ന വനിതയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായ ഒരു ചലനവും ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല (യഥാക്രമം അവര്‍ നേടിയത് 8.4 ശതമാനം, 7.3 ശതമാനം വോട്ടുകള്‍).

വോട്ടിംഗ് സമാധാനപരമായിരുന്നുവെന്ന്, ഉര്‍ദുഗാന്‍ എന്ന പേര് കേള്‍ക്കുമ്പോഴേ വിറളി പിടിക്കുന്ന പാശ്ചാത്യ മീഡിയ വരെ സമ്മതിച്ചതാണ്. തങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി ഇരുപത് ശതമാനത്തിലേറെ വോട്ടുകളുടെ വ്യത്യാസത്തിന് ഉര്‍ദുഗാന്‍ എതിരാളിയെ മലര്‍ത്തിയടിച്ചപ്പോള്‍ വോട്ടിംഗില്‍ കൃത്രിമം നടന്നുവെന്ന കള്ളപ്രചാരണവുമായി അവര്‍ രംഗത്തുവന്നു. തോല്‍വി സമ്മതിച്ച എതിരാളികള്‍ പോലും ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. വരും നാളുകളില്‍ പാശ്ചാത്യ ഭരണകൂടങ്ങളും മീഡിയയും അടങ്ങിയിരിക്കില്ലെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്.

പതിനഞ്ച് വര്‍ഷത്തിലധികമായി പ്രധാനമന്ത്രിയായോ പ്രസിഡന്റായോ അധികാരം കൈയാളുന്ന, വിവിധ പൊതുതെരഞ്ഞെടുപ്പുകളിലായി പതിമൂന്നാം തവണയും തുടര്‍ച്ചയായി വിജയക്കൊടി പാറിച്ച ഈ അറുപത്തിനാലുകാരന് തുര്‍ക്കി രാഷ്ട്രീയത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പുള്ള നേതാക്കള്‍ ഇല്ല എന്നു തന്നെയാണ് ഈ തെരഞ്ഞെടുപ്പും അടിവരയിടുന്നത്. എക്‌സിക്യൂട്ടീവ് പ്രസിഡന്റ് എന്ന നിലക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നതോടെ, ആടിയുലയുന്ന സമ്പദ്ഘടനയെ നേരെ നിര്‍ത്തുന്നതിനു തന്നെയാവും പ്രഥമ പരിഗണന. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തുന്നതിലും ശ്രദ്ധയൂന്നും.

ഇത്തവണ രണ്ട് മുന്നണികളായാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരരംഗത്തിറങ്ങിയത്. അക് പാര്‍ട്ടിയും നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും ഉള്‍പ്പെടുന്ന പീപ്പ്ള്‍സ് അലയന്‍സ് ഒരു ഭാഗത്ത്. പീപ്പ്ള്‍സ് പാര്‍ട്ടിയും ഗുഡ് പാര്‍ട്ടിയും സആദ പാര്‍ട്ടിയും ചേര്‍ന്ന നാഷന്‍ അലയന്‍സ് മറുവശത്തും. സമാന്തരമായി നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാനും കഴിഞ്ഞു. പാര്‍ലമെന്റില്‍ അക് പാര്‍ട്ടിക്ക് 42.4 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. സഖ്യകക്ഷിയായ നാഷ്‌നലിസ്റ്റ് പാര്‍ട്ടിക്ക് 11.2 ശതമാനവും. ഇവര്‍ക്ക് യഥാക്രമം 600 അംഗ പാര്‍ലമെന്റില്‍ 293-ഉം 50-ഉം സീറ്റുകള്‍ ലഭിക്കും. അക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമില്ല എന്നര്‍ഥം. സഖ്യകക്ഷിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാം. അപ്പോഴും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിന് ഉണ്ടാവില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അക് പാര്‍ട്ടിക്ക് ഏഴു ശതമാനം വോട്ട് കുറഞ്ഞിട്ടുണ്ട്. ജനം ഉര്‍ദുഗാനെ ഇഷ്ടപ്പെടുമ്പോഴും അദ്ദേഹം നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ അവര്‍ക്ക് വിശ്വാസം കുറഞ്ഞുവരുന്നതിന്റെ സൂചനയായി ചില രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നുണ്ട്. ജാഗ്രത കാണിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുകള്‍ കടുത്തതാകുമെന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട