Prabodhanm Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

മാര്‍ക്‌സ് രൂപപ്പെടുത്തിയത് മനുഷ്യ പ്രകൃതിക്ക് നിരക്കാത്ത ഫ്രെയിംവര്‍ക്ക്

അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

കാള്‍ മാര്‍ക്‌സിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. മാര്‍ക്‌സ് ഒരു മനുഷ്യസ്‌നേഹിയായിരുന്നു. അനീതിയോടുള്ള അമര്‍ഷം ആ ഹൃദയത്തില്‍ തിളച്ചുമറിഞ്ഞു. യൂറോപ്പിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. നിങ്ങള്‍ ചങ്ങലകളില്‍ ബന്ധിതരാണ് എന്ന് മാര്‍ക്‌സ് അവരോട് വിളിച്ചു പറഞ്ഞു. മാര്‍ക്‌സിന്റെ വര്‍ത്തമാനങ്ങള്‍ തൊഴിലാളികളില്‍ അവകാശബോധം ഇളക്കിവിട്ടു. ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള ആശ അവരില്‍ ശക്തിപ്പെട്ടു. വിമോചനത്തിന്റെ വഴിയറിയാന്‍ അവര്‍ മാര്‍ക്‌സിലേക്കു തന്നെ തിരിഞ്ഞു. വിമോചനത്തിന്റെ പാത മാര്‍ക്‌സ് വരക്കാന്‍ തുടങ്ങി. അവിടം മുതലാണ് പിഴച്ചത്. നിര്‍ദേശിച്ച പരിഹാരം വികലമായിരുന്നു. അത് അപ്രായോഗികവും പ്രകൃതിവിരുദ്ധവുമാണെന്ന യാഥാര്‍ഥ്യം കാലത്തിന്റെ കണ്ണാടിയില്‍ പലകുറി തെളിഞ്ഞു. മാര്‍ക്‌സിന് എവിടെയാണ് പിഴച്ചത്?

ചെറുപ്പത്തില്‍ മാര്‍ക്‌സ് ഹെഗലിയന്‍ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി. ചിന്തകളും പഠനവും മുന്നോട്ടു കുതിച്ചു. ഹെഗലിന്റെ വൈരുധ്യാത്മക ആശയവാദം തലകുത്തി നില്‍ക്കുന്ന ഒന്നാണെന്ന് അദ്ദേഹത്തിന് തോന്നി. അതിനെ നേരെ നിര്‍ത്താന്‍ മാര്‍ക്‌സ് ശ്രമിച്ചു. അതാണ് വൈരുധ്യാത്മക ഭൗതികവാദം കടന്നുവന്ന വഴി. മൂന്ന് ചിന്തകള്‍ മാര്‍ക്‌സിനെ സ്വാധീനിച്ചിരുന്നു. ഒന്ന്, ഫ്രഞ്ച് സോഷ്യലിസം. രണ്ട്, ജര്‍മന്‍ തത്ത്വശാസ്ത്രം. മൂന്ന്, ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രം. ഈ മൂന്ന് തിയറികള്‍ മാര്‍ക്‌സിന്റെ ചിന്തകള്‍ രൂപപ്പെടുന്നതിന് വളമായി വര്‍ത്തിച്ചു. മാര്‍ക്‌സ് ധാരാളമായി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളുടെയെല്ലാം അടിത്തറയായി വര്‍ത്തിക്കുന്നത് മൂന്ന് സംഗതികളാണ്. ഒന്ന്, മാര്‍ക്‌സിയന്‍ എക്കണോമി, അഥവാ ദാസ് കാപിറ്റല്‍. രണ്ട്, വൈരുധ്യാത്മക ഭൗതികവാദം. മൂന്ന്, ചരിത്രപരമായ ഭൗതികവാദം.

വൈരുധ്യാത്മക ഭൗതികവാദമായിരുന്നു സമൂഹത്തെ കാണാന്‍ മാര്‍ക്‌സ് ഉപയോഗിച്ച കണ്ണട. ആ കണ്ണടയിലൂടെ നോക്കിയാണ് അദ്ദേഹം ലോകത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തത്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ മാര്‍ക്‌സ് മുന്നോട്ടു വെക്കുന്ന ചില സാമൂഹിക വികാസ നിയമങ്ങളുണ്ട്. അതിലൊന്നാണ് നിഷേധത്തിന്റെ നിഷേധം (Negation of Negation). പ്രകൃതി പ്രതിഭാസങ്ങളെ വീക്ഷിച്ച് രൂപപ്പെടുത്തിയെടുത്ത തിയറിയാണത്.

ഉദാഹരണമായി, വിത്ത് മുളച്ച് ചെടിയുണ്ടാകുന്നു. അപ്പോള്‍ ചെടി വിത്തിനെ നിഷേധിക്കുകയാണ്. ആ ചെടിയില്‍നിന്ന് വീണ്ടും വിത്തുണ്ടാകുന്നു. അവിടെ വിത്ത് ചെടിയെ നിഷേധിക്കുന്നു. വിത്ത് ചെടിയെയും ചെടി വിത്തിനെയും നിഷേധിക്കുന്ന പ്രക്രിയ. നിഷേധത്തിന്റെ നിഷേധം എന്ന ഈ പ്രക്രിയ എല്ലാ കാര്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു എന്ന് മാര്‍ക്‌സ് സിദ്ധാന്തിച്ചു. വെള്ളം ചൂടായി 1000ഇ എത്തിയാല്‍ നീരാവിയായി മാറുന്നു. ഒരു സംഗതി ക്രമാനുഗതമായി വികസിച്ച് ഒരു ഘട്ടത്തിലെത്തുമ്പോള്‍ മറ്റൊന്നായി മാറുന്നു. ഈ വികാസ പരിണാമ പ്രക്രിയ മാര്‍ക്‌സ് മനുഷ്യസമൂഹത്തിലും കണ്ടെത്താന്‍ ശ്രമിച്ചു. മനുഷ്യസമൂഹത്തിലും ക്രമാനുഗതമായ മാറ്റം സംഭവിക്കും. ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍ അത് ഗുണകരമായ മറ്റൊന്നായി മാറും. ഈ തത്ത്വമനുസരിച്ച് മാര്‍ക്‌സ് അദ്ദേഹം ജീവിക്കുന്ന ലോകത്തെ വിലയിരുത്തി. തൊഴിലാളി വര്‍ഗവും മുതലാളി വര്‍ഗവും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടും. അങ്ങനെ മുതലാളിത്ത സമൂഹത്തില്‍ ക്രമേണ മാറ്റങ്ങള്‍ സംഭവിക്കും. ഒടുവിലത് സോഷ്യലിസത്തിലേക്ക് നീങ്ങും. കമ്യൂണിസത്തില്‍ ചെന്നവസാനിക്കും. ഈ സിദ്ധാന്തം സാധൂകരിക്കാനാണ് അദ്ദേഹം ചരിത്രപരമായ ഭൗതികവാദം അവതരിപ്പിക്കുന്നത്. അഥവാ മാനവരാശിയുടെ ചരിത്രം വര്‍ഗ സംഘട്ടനങ്ങളുടെ ചരിത്രമാണ്. മനുഷ്യനുണ്ടായതു മുതല്‍ ആരംഭിച്ച സമരമാണത്. ആദ്യത്തെ മനുഷ്യരുടെ കാലഘട്ടത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് പ്രാകൃത കമ്യൂണിസം എന്നാണ്. പുരോഗതിയുടെയും പരിഷ്‌കാരത്തിന്റെയും നിഴല്‍ പോലുമില്ലാതിരുന്നതുകൊണ്ടാണ് പ്രാകൃതം എന്ന് വിളിച്ചത്. അത് കമ്യൂണിസ്റ്റ് സമൂഹമായിരുന്നു. കാരണം അന്ന് എല്ലാവരും അധ്വാനിച്ചിരുന്നു. അധ്വാനഫലം തുല്യമായി വീതംവെച്ചിരുന്നു. അമ്പതു പേര്‍ ചേര്‍ന്ന് വേട്ടയാടുന്നു, മൂന്ന് മൃഗങ്ങള്‍ കിട്ടുന്നു, അവയെ മുറിച്ചെടുത്ത് പങ്കു വെക്കുന്നു.

കാലം മുന്നോട്ട് സഞ്ചരിച്ചു. പ്രാകൃത കമ്യൂണിസം അടിമ-ഉടമ സമ്പ്രദായത്തിന് വഴിമാറി. അടിമ-ഉടമ സമ്പ്രദായത്തില്‍ കാര്‍ഷികവൃത്തി വ്യാപകമായി. പിന്നീട് കൃഷി ചെയ്യുന്നവരും അതിന്റെ ആനുകൂല്യം പറ്റുന്നവരും രണ്ട് ചേരികളിലായി. നാടുവാഴികളും അടിയാളരും. അങ്ങനെ നാടുവാഴിത്തം നിലവില്‍ വന്നു. ഉല്‍പാദനം വര്‍ധിച്ചപ്പോള്‍ ഭക്ഷണത്തിനുമപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച ചിന്തകള്‍ ഉദിച്ചു. അങ്ങനെയാണ് വ്യവസായ പ്രക്രിയ സജീവമാകുന്നത്. വ്യാവസായിക ലോകത്ത് മുതലാളിയും തൊഴിലാളിയും ഉണ്ടാവുക സ്വാഭാവികം.

ഇവിടെ മാര്‍ക്‌സിന്റെ വിശകലന രീതി നോക്കൂ, പ്രാകൃത കമ്യൂണിസത്തില്‍നിന്ന് ഏതെല്ലാം വഴികളിലൂടെയാണ് മാനവ സമൂഹം സഞ്ചരിച്ചത്! അടിമ-ഉടമ, നാടുവാഴി-അടിയാളന്‍, മുതലാളി-തൊഴിലാളി സമ്പ്രദായങ്ങള്‍. മനുഷ്യസമൂഹം ക്രമാനുഗതമായി വികസിക്കുകയായിരുന്നു. സ്വാഭാവികമായും അത് മുതലാളിത്തത്തിലും കെട്ടിനില്‍ക്കുകയില്ല. ശേഷം വരാന്‍ പോകുന്നത് സോഷ്യലിസമാണ്. അതിനെ തുടര്‍ന്ന് കമ്യൂണിസവും. ഈ വികാസം സ്വാഭാവികവും അനിവാര്യവുമാണെന്ന് മാര്‍ക്‌സ് വാദിച്ചു. അപ്പോള്‍ ഓരോ ഘട്ടത്തിലും വര്‍ഗ സംഘട്ടനങ്ങള്‍ ഉണ്ടായിരുന്നു. പ്രക്ഷോഭകാരികളായ വര്‍ഗം എപ്പോഴുമുണ്ടായിരുന്നു. അവരാണ് പുരോഗമന വാദികള്‍. കാരണം അവരാണല്ലോ സമൂഹത്തെ മാറ്റിപ്പണിയുന്നത്. ഈ വികാസ നിയമപ്രകാരം മുതലാളിത്തം മാറും. മാറുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ല. അതുകൊണ്ട്, മുതലാളിത്തത്തെ വേഗത്തില്‍ മാറ്റുന്നതിനായി, മാറ്റുന്ന ശക്തികള്‍ക്ക് ഒരു പാര്‍ട്ടിയുണ്ടാക്കി. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. തൊഴിലാളി വര്‍ഗം മുഖേന ഈ വികാസ തത്ത്വം പെട്ടെന്ന് ഓപറേറ്റ് ചെയ്യാം. അപ്പോള്‍ ത്വരിതഗതിയില്‍ വിപ്ലവമുണ്ടാകും. വിപ്ലവത്തിനു ശേഷം സോഷ്യലിസം വിരിയുന്നു. ക്രമേണ കമ്യൂണിസത്തിലേക്ക് കടക്കുന്നു. കമ്യൂണിസ്റ്റ് സമൂഹത്തില്‍ എല്ലാവരും കഴിവനുസരിച്ച് അധ്വാനിക്കുന്നു. പ്രതിഫലം ലഭിക്കുന്നതാകട്ടെ ആവശ്യമനുസരിച്ചും. കമ്യൂണിസ്റ്റ് സമൂഹത്തില്‍ എല്ലാവരും നല്ലവരായി മാറുന്നു. സമത്വം അവിടെ പൂത്തുലയും. അവിടെ മനുഷ്യര്‍ക്കിടയില്‍ തര്‍ക്കമില്ല. ഉയര്‍ന്നവനും താഴ്ന്നവനുമില്ല. സമ്പന്നനും ദരിദ്രനുമില്ല. കുടുംബമില്ല, ബഹളമില്ല, സംഘര്‍ഷമില്ല. എല്ലാവര്‍ക്കും തൃപ്തി, സുഖം, സന്തോഷം. അത്തരം ഒരു സമൂഹത്തില്‍ ഭരണകൂടം അപ്രസക്തമാണ്. അപ്പോള്‍ State will wither away ഭരണകൂടം തിരോഭവിക്കും. ഇങ്ങനെയൊക്കെയാണ് മാര്‍ക്‌സ് തന്റെ സ്വപ്‌നലോകം കെട്ടിപ്പൊക്കിയത്.

മാര്‍ക്‌സ് തന്റെ ചിന്തകളെ പടുത്തുയര്‍ത്താന്‍ കെട്ടിയ അടിത്തറ മനുഷ്യപ്രകൃതിക്ക് വിരുദ്ധമായതായിരുന്നു. മാര്‍ക്‌സിസം എന്തുകൊണ്ട് അപ്രായോഗികം എന്ന ചോദ്യത്തിന് ഉത്തരവും അതു തന്നെയാണ്. മനുഷ്യനെയും പ്രപഞ്ചത്തെയും അവയുടെ സമഗ്രതയില്‍ നോക്കിക്കാണാന്‍ മാര്‍ക്‌സ് ശ്രമിച്ചില്ല. അല്ലെങ്കില്‍ മാര്‍ക്‌സിന് കഴിഞ്ഞില്ല. മനുഷ്യ ജീവിതത്തിന്റെ ചില വശങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് മാര്‍ക്‌സ് തന്റെ സിദ്ധാന്തം രൂപപ്പെടുത്തിയത്. മനുഷ്യന്‍ എന്ന മഹാപ്രതിഭാസത്തെ, ഉത്കൃഷ്ട സൃഷ്ടിയെ വിലയിരുത്തുന്നതില്‍ മാര്‍ക്‌സ് പരാജയപ്പെട്ടു. കഴിക്കാന്‍ ആഹാരം, താമസിക്കാന്‍ ഇടം, ഇണചേരാന്‍ അവസരം; മനുഷ്യന് ഇത്രയേ വേണ്ടൂ എന്നാണ് അദ്ദേഹം കരുതിയത്. മനുഷ്യനെ ഒരു ഭൗതിക വസ്തു മാത്രമായാണ് അദ്ദേഹം കണ്ടത്. ആയുധമുണ്ടാക്കുന്ന മൃഗം. പ്രപഞ്ചത്തെ കുറിച്ച വിശാലമായ കാഴ്ചപ്പാട് മാര്‍ക്‌സിനില്ല. മാനവരാശിയുടെ ചരിത്രം പരിശോധിച്ചതുകൊണ്ടു മാത്രം പ്രപഞ്ചത്തെക്കുറിച്ച് വീക്ഷണം രൂപപ്പെടുത്താന്‍ കഴിയുമോ? മനുഷ്യനു മുമ്പ് ഇവിടെ ഒന്നുമുണ്ടായിരുന്നില്ലേ? ഉണ്ടെങ്കില്‍ എങ്ങനെ ഉണ്ടായി? എവിടെനിന്നു വന്നു? അങ്ങനെ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍. ആ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ പോലും മാര്‍ക്‌സിസത്തിന് ത്രാണിയില്ല. മനുഷ്യന്റെ മഹത്വത്തെ ലഘൂകരിക്കുന്ന ഒരു സിദ്ധാന്തമായിപ്പോയി മാര്‍ക്‌സിസം എന്ന് ചുരുക്കം.

നിങ്ങള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കൂ; മാര്‍ക്‌സ് കണ്ട സ്വപ്‌നങ്ങളെല്ലാം പാഴ്ക്കിനാവുകളായിരുന്നു എന്ന് ബോധ്യപ്പെടും. മാര്‍ക്‌സിന്റെ സിദ്ധാന്തമനുസരിച്ച് ഒരു ഘട്ടത്തില്‍ അനിവാര്യമായും കമ്യൂണിസം സംജാതമാകും. ആ കമ്യൂണിസം പിറവിയെടുക്കുന്നത് മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തിലായിരിക്കും. മുതലാളിത്തം മൂത്തു നരച്ചു നില്‍ക്കുന്ന പ്രദേശത്താണ് സോഷ്യലിസം ആദ്യം പ്രത്യക്ഷപ്പെടുക. അന്ന് ഇംഗ്ലണ്ടിലെ മുതലാളിത്തത്തിന് 400 കൊല്ലം പഴക്കമുണ്ടായിരുന്നു. വ്യവസായം ഏറ്റവും കൂടുതല്‍ സജീവമായിരുന്നതും ഇംഗ്ലണ്ടില്‍ തന്നെ. മാര്‍ക്‌സിന്റെ വീക്ഷണപ്രകാരം, അവിടെയായിരുന്നല്ലോ സോഷ്യലിസത്തിന്റെ പതാക ആദ്യമായി ഉയരേണ്ടിയിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. മുതലാളിത്തം തീരെ ശക്തിപ്രാപിച്ചിട്ടില്ലാത്ത റഷ്യയിലാണ് വിപ്ലവം നടന്നത്. ശേഷം പല നാടുകളിലേക്കും സോഷ്യലിസം കയറ്റിയയക്കുകയായിരുന്നു. മാര്‍ക്‌സ് വിഭാവനം ചെയ്ത കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും സൂര്യന്‍ എവിടെയും ഉദിച്ചില്ല.

എവിടെയെങ്കിലും ഒരു കമ്യൂണിസ്റ്റ് സമൂഹം പിറവിയെടുത്തോ? സോവിയറ്റ് യൂനിയനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണം മാത്രമാണുണ്ടായിരുന്നത്. സിദ്ധാന്തം പ്രയോഗവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. 1917 മുതല്‍ ഏകദേശം 75 വര്‍ഷം അവര്‍ സോവിയറ്റ് യൂനിയന്‍ ഭരിച്ചു. എന്നിട്ടും ആ മണ്ണില്‍ കമ്യൂണിസം മുളപൊട്ടിയില്ല. എല്ലാവര്‍ക്കും ആഹാരം, വീട് തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റപ്പെട്ടില്ല. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമാണ് മാര്‍ക്‌സ് വിഭാവന ചെയ്തത്. പക്ഷേ, സംഭവിച്ചതോ, തൊഴിലാളി വര്‍ഗത്തിന് പകരം പുതിയൊരു വര്‍ഗം രംഗപ്രവേശം ചെയ്തു; ഭരണവര്‍ഗം. മാര്‍ക്‌സ് പറഞ്ഞത് ഭരണകൂടം കൊഴിഞ്ഞില്ലാതാകുമെന്നാണ്. ഭരണകൂടം അപ്രത്യക്ഷമായില്ല എന്ന് മാത്രമല്ല കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്.

മാര്‍ക്‌സിസം ഒരു കാലത്തേക്കും ഒരു ദേശത്തേക്കും പ്രായോഗികമല്ല. ഈ യാഥാര്‍ഥ്യം ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാര്‍ക്‌സിസത്തെ പ്രയോഗവത്കരിക്കാന്‍ പല പരീക്ഷണങ്ങളും നടന്നു. വ്യത്യസ്തങ്ങളായ പ്രായോഗിക രൂപങ്ങള്‍ പലരും അവതരിപ്പിച്ചു. സാന്റിയാഗോ കാറില്ലോ യൂറോ കമ്യൂണിസ്റ്റ് സങ്കല്‍പം പരീക്ഷിച്ചു. മാവോ മറ്റൊന്ന് മുന്നോട്ടുവെച്ചു. ലെനിന്‍ വേറൊരു ലൈന്‍ സ്വീകരിച്ചു. എല്ലാം കലാശിച്ചത് പരാജയത്തിലാണ്. അവശേഷിപ്പിച്ചത് മഹാ ദുരന്തങ്ങള്‍. മാര്‍ക്‌സിന്റെ കാഴ്ചപ്പാടനുസരിച്ച് ഒടുവില്‍ വരേണ്ടത് തൊഴിലാളി വര്‍ഗ സര്‍വാധിപത്യമാണ്, ജനാധിപത്യമല്ല. മാര്‍ക്‌സിസത്തിലെവിടെയും ജനാധിപത്യമില്ല. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന മുദ്രാവാക്യം തെറ്റാണെന്ന് പല കമ്യൂണിസ്റ്റ് നേതാക്കളും പിന്നീട് വിലയിരുത്തി. അതുകൊണ്ടാണ് ചില കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ മുദ്രാവാക്യം ഭരണഘടനയില്‍നിന്ന് എടുത്തുമാറ്റിയത്. സാങ്കല്‍പിക ലോകത്തുനിന്ന് ഇറങ്ങിവരാന്‍ മടിക്കുന്ന ഭാവന മാത്രമാണ് അതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.

മാര്‍ക്‌സിയന്‍ സിദ്ധാന്തത്തില്‍ വ്യക്തികള്‍ക്ക് മുഖമില്ല. സമൂഹത്തിന് മാത്രമാണ് പരിഗണന. വ്യക്തികളുടെ പ്രത്യേക താല്‍പര്യങ്ങളും അഭിരുചികളും അവിടെ അപ്രസക്തമാണ്. വൈവിധ്യങ്ങള്‍ക്ക് അതില്‍ ഇടമില്ല. ഉദാഹരണമായി, ഇന്ന് പല്ലുതേക്കാന്‍ എത്രയിനം ടൂത്ത് പേസ്റ്റുകളാണുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി സോവിയറ്റ് യൂനിയന്‍ ഭരിക്കുന്ന കാലത്തോ, ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വിലകുറഞ്ഞ ഒന്നോ രണ്ടോ ടൂത്ത് പേസ്റ്റുകള്‍ മാത്രം! എല്ലാവരും അതുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം. എല്ലാവര്‍ക്കും ഒരേ രൂപത്തിലുള്ള വീട്. ഇന്നത്തെ ലക്ഷംവീട് കോളനി പോലെ. മാവോ എല്ലാവരോടും സൈക്കിള്‍ വാഹനമാക്കാന്‍ പറഞ്ഞു. ജനങ്ങള്‍ മുഴുവന്‍ യൂനിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യപ്രകൃതിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാഴ്ചപ്പാടുകള്‍. ശ്വാസംമുട്ടലോടെയാണ് ജനം അതിന് വഴങ്ങിയത്. അത്തരമൊരു സമൂഹത്തില്‍ ഏകാധിപതി അനിവാര്യമാകുന്നു. പേടിപ്പിക്കാന്‍ ഒരാള്‍ വേണ്ടേ! കാരണം ജനങ്ങള്‍ സ്വമനസ്സാലേ തൃപ്തിപ്പെട്ടുകൊണ്ടല്ല വ്യവസ്ഥയെ അംഗീകരിക്കുന്നത്. കൂട്ടകൃഷിക്കളങ്ങള്‍ ഉണ്ടാക്കാന്‍ സ്റ്റാലിന് എത്ര കര്‍ഷകരെ കൊല്ലേണ്ടി വന്നു! അഥവാ മാര്‍ക്‌സ് സങ്കല്‍പിച്ച സ്വാഭാവിക വികാസ പരിണതി സ്വപ്‌നം മാത്രമായിരുന്നു. മനുഷ്യന്‍, പ്രപഞ്ചം, സൃഷ്ടികര്‍ത്താവ് തുടങ്ങിയവയെ കുറിച്ച അജ്ഞതയില്‍നിന്നാണ് പ്രസ്തുത സങ്കല്‍പങ്ങള്‍ ഉയിരെടുത്തത്. എന്താണ് മതം എന്ന് മാര്‍ക്‌സ് പഠിക്കാന്‍ ശ്രമിച്ചില്ല. ജൂത, ക്രൈസ്തവ മതങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. അവയാകട്ടെ അന്ന് ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലുമായിരുന്നു. മതമെന്ന് കേള്‍ക്കുമ്പോള്‍ മാര്‍ക്‌സിന്റെ മനസ്സില്‍ തെളിഞ്ഞത് ചര്‍ച്ചിന്റെ ക്രൂര മുഖമായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് കാര്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നില്ല.

വര്‍ഗം മാത്രമാണ് മാര്‍ക്‌സ് പരിഗണിച്ചത്. വ്യത്യസ്ത സ്വത്വങ്ങളെ കണ്ടില്ല. കറുത്തവന് ഒരു സ്വത്വമുണ്ട്. ആ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യാന്‍ മാര്‍ക്‌സിസത്തിന് അറിയില്ല. വര്‍ഗ രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും ഒരേസമയം കൊണ്ടുപോകാന്‍ മാര്‍ക്‌സിന് കഴിയുമായിരുന്നില്ല. കാരണം തൊഴിലാളി വര്‍ഗത്തിന്റെ ഇടയില്‍ തന്നെ കറുപ്പും വെളുപ്പും ചര്‍ച്ചയായാല്‍ വര്‍ഗം ഭിന്നിച്ചുപോകും.

ചുരുക്കത്തില്‍, മാര്‍ക്‌സിസത്തിന്റെ പല പ്രായോഗിക ആവിഷ്‌കാരങ്ങള്‍ക്കും ലോകം വേദിയായി. ഒന്നുപോലും വേരു പിടിച്ചില്ല. ഇവിടെ ഒരു വാദം ഉയരാം; പരാജയപ്പെട്ടത് പ്രായോഗിക രീതികള്‍ മാത്രമാണ്. സിദ്ധാന്തം ഇപ്പോഴും പ്രസക്തമായി അവശേഷിക്കുന്നു. അങ്ങനെയെങ്കില്‍ ഒരു ചോദ്യം; എങ്കില്‍ വിജയിച്ചതിന് ഒരു ഉദാഹരണം കാണിക്കൂ. കാണിച്ചുതരാന്‍ കഴിയില്ല.

മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ കാലാനുസൃതമായി വികസിപ്പിക്കാന്‍ പല ബുദ്ധിജീവികളും തീവ്രശ്രമം നടത്തിയിട്ടുണ്ട്. എല്ലാം ഫലശൂന്യമായിരുന്നു. മറ്റുള്ളവരാല്‍ വികസിപ്പിക്കപ്പെടണമെങ്കില്‍ സ്വയം വികാസക്ഷമത ഉണ്ടാകണം. പക്ഷേ, വികസിക്കാനുള്ള ശേഷിയും ഇടവും മാര്‍ക്‌സിസത്തില്‍ ഇല്ല. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയും വികാസവും അനുസരിച്ച്, മനുഷ്യരുടെ കാലാകാലങ്ങളിലേക്കുമുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമായ സിദ്ധാന്തമല്ല മാര്‍ക്‌സിസം. മാര്‍ക്‌സിന്റെ ചിന്തകള്‍ ലോകത്ത് വലിയ സ്വാധീനങ്ങള്‍ സൃഷ്ടിച്ചു എന്നത് നിഷേധിക്കുന്നില്ല. പക്ഷേ, മാര്‍ക്‌സ് രൂപപ്പെടുത്തിയ ഫ്രെയിംവര്‍ക്കിനകത്ത് ഒരു മനുഷ്യനെ വെക്കാന്‍ കഴിയില്ല. കാരണം അത് മനുഷ്യപ്രകൃതിക്ക് പരിചയമില്ലാത്ത ചട്ടക്കൂടാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട