Prabodhanm Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

ഇസ്‌ലാമിനെ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍

ഒ. അബ്ദുര്‍റഹ്മാന്‍

കാള്‍ മാര്‍ക്‌സിന്റെ ചിന്തകളും ഇസ്ലാമിക നവോത്ഥാന ആശയങ്ങളും പച്ചപിടിച്ച മണ്ണ് എന്ന സവിശേഷത കേരളത്തിനുണ്ട്. ഈ സാമ്യതയെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? മാര്‍ക്‌സിയന്‍ ചിന്തകളോടുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സമീപനം എന്തായിരുന്നു?

ജാതീയത ശക്തമായിരുന്ന കേരളത്തില്‍ പക്ഷേ, ജന്മിത്തവും ഫ്യൂഡലിസവും ഇന്ത്യയുടെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് ശക്തമായിരുന്നില്ല. ക്രൈസ്തവ മിഷനറിമാരുടെ ശ്രമഫലമായി സാക്ഷരതയും വിദ്യാഭ്യാസവും പ്രചരിച്ചതും ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, വക്കം മൗലവി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതലായ നവോത്ഥാന നായകരുടെ അക്ഷീണ പോരാട്ടത്തിന്റെ സ്വാധീനവും കേരളത്തെ പ്രബുദ്ധമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ കലാപവും അവിസ്മരണീയമായ ചരിത്ര സംഭവമാണ്. ഇപ്രകാരം വളക്കൂറുള്ള മണ്ണിലാണ് മാര്‍ക്‌സിസം സാവധാനം വേരൂന്നിയത്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ സോഷ്യലിസ്റ്റ് ധാരയാല്‍ സ്വാധീനിക്കപ്പെട്ട ഇ.എം.എസ് നമ്പൂതിരിപ്പാടും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും കെ.പി.സി.സിയുടെ യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടത് മാര്‍ക്‌സിസ്റ്റ് വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതും എടുത്തുപറയേണ്ടതാണ്.

കേരളീയ മുസ്‌ലിം സമൂഹത്തെ ആഴത്തില്‍ ഗ്രസിച്ച യാഥാസ്ഥിതികതക്കും അന്ധവിശ്വാസാചാരങ്ങള്‍ക്കുമെതിരെ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, സനാഉല്ലാ മക്തി തങ്ങള്‍ എന്നിവര്‍ നടത്തിയ പോരാട്ടം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെയും അതിനെത്തുടര്‍ന്ന് കേരള ജംഇയ്യത്തുല്‍ ഉലമായുടെയും രൂപവത്കരണത്തില്‍ കലാശിച്ചപ്പോള്‍, സമുദായത്തെ നവീകരിക്കുന്നതിലും പുരോഗമന ചിന്തയിലേക്ക് നയിക്കുന്നതിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നാല്‍പതുകളില്‍ ഇസ്‌ലാമിന്റെ സാമൂഹിക ഇടപെടലുകളിലൂന്നി ജമാഅത്തെ ഇസ്‌ലാമി രംഗപ്രവേശം ചെയ്യുന്നത്. വെറും വിശ്വാസപരമോ ആചാരപരമോ ആയ പരിഷ്‌കരണം കൊണ്ട് ഒരാദര്‍ശ സമുദായത്തെ പൂര്‍ണാര്‍ഥത്തില്‍ നവീകരിക്കാനോ സാമൂഹിക ദൗത്യം നിറവേറ്റുന്നവരായി പരിവര്‍ത്തിപ്പിക്കാനോ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി, നാസ്തിക നിര്‍മത ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനവലയത്തില്‍നിന്ന്  മുസ്‌ലിം തലമുറകളെ മോചിപ്പിക്കാന്‍ ഇസ്‌ലാമിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥയെ ബദല്‍ ജീവിത ദര്‍ശനമായി അവതരിപ്പിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തത്. ഇത് ഒരേയവസരത്തില്‍ മാര്‍ക്‌സിസത്തിന്റെയും കാപിറ്റലിസത്തിന്റെയും നിരാകരണമായിരുന്നു എന്നതോടൊപ്പം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഡര്‍ സ്വഭാവവും വ്യവസ്ഥാപിതത്വവും ജമാഅത്തിന്റെ സംഘടനാ ചട്ടക്കൂടിന്റെ നിര്‍മിതിയെ സ്വാധീനിച്ചു എന്ന് കരുതുന്നതില്‍ തെറ്റില്ല. സാമൂഹിക പ്രവര്‍ത്തകരും തൊഴിലാളിവര്‍ഗ സ്‌നേഹികളും ബുദ്ധിജീവികളുമായ വളരെ ചെറിയൊരു മുസ്‌ലിം ന്യൂനപക്ഷം മാര്‍ക്‌സിസത്തിലേക്കാകര്‍ഷിക്കപ്പെട്ടുവെങ്കിലും ബഹുഭൂരിപക്ഷം മുസ്‌ലിംകളും നിരീശ്വര നിര്‍മത പ്രസ്ഥാനമായി മാത്രം കമ്യൂണിസത്തെ കണ്ടതിനാല്‍ അതിനെ വെറുത്തവരും എതിര്‍ത്തവരും ആയിരുന്നു. എന്റെ ഗ്രാമമായ ചേന്ദമംഗല്ലൂരില്‍ ഫ്യൂഡല്‍ അധികാരി വാഴ്ചയുടെ നിഷ്ഠുരതകളെ ചെറുത്ത കെ.വി.ആര്‍ മുഹമ്മദ് പ്രദേശത്ത് മാര്‍ക്‌സിസം നട്ടുവളര്‍ത്തിയവരില്‍ ഒരാളാണ്. ആനക്കയം ഇസ്ഹാഖ്, പൊന്നാനിയിലെ ഇ.കെ ഇമ്പിച്ചിബാവ തുടങ്ങിയ ചിലരുമുണ്ട് എണ്ണിപ്പറയാവുന്നവരായി. ജമാഅത്തെ ഇസ്‌ലാമിയിലേക്കാകര്‍ഷിക്കപ്പെട്ടവരില്‍ നല്ലൊരു വിഭാഗം കമ്യൂണിസ്റ്റ് പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. ഫ്യൂഡല്‍, ജന്മിത്ത സ്വാധീനവലയത്തില്‍പെട്ടവര്‍ സാമാന്യമായി കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിം ലീഗിന്റെയും കൊടിപിടിച്ചവരായിരുന്നു.

 

ഇസ്ലാമിക പ്രസ്ഥാനവും മാര്‍ക്‌സിസ്റ്റ് ധാരയും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍ ഇരു വിഭാഗത്തിന്റെയും ചരിത്രത്തിലെ സവിശേഷ അധ്യായമാണ്. എങ്ങനെയാണ് ഇസ്ലാമിസ്റ്റ് - മാര്‍ക്‌സിസ്റ്റ് ആശയ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ രൂപപ്പെട്ടു വന്നത്? അതിന്റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു?

ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ ഗൗനിച്ചിരുന്നില്ല. അതൊരു മത സംഘടനയാണെന്ന വിലയിരുത്തലിന്റെ ഫലമാവാം. എന്നാല്‍ അറുപതുകളില്‍ ഈയവസ്ഥക്ക് മാറ്റം വന്നു. 1960-ല്‍ മൂഴിക്കലില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമ്മേളനത്തെ വിലയിരുത്തിക്കൊണ്ട് കുറ്റ്യാടിക്കാരനായ ഹാജി ടി.കെ.കെ അബ്ദുല്ല ദേശാഭിമാനി ദിനപ്പത്രത്തിലെഴുതിയ ലേഖനം മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിലൂടെ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നതായിരുന്നു. കമ്യൂണിസം ഇസ്‌ലാംവിരുദ്ധമായ പ്രത്യയശാസ്ത്രമല്ലെന്നും സോവിയറ്റ് യൂനിയനെയും ചൈനയെയും കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആ രാജ്യങ്ങളിലൊക്കെ മത സ്വാതന്ത്ര്യം സുരക്ഷിതമാണെന്നും മുസ്‌ലിം കമ്യൂണിസ്റ്റുകാരും സഹയാത്രികരും വാദിക്കുകയുണ്ടായി. പി.ടി ഭാസ്‌കര പണിക്കര്‍ ഇസ്‌ലാമിനെയും കമ്യൂണിസത്തെയും താരതമ്യപ്പെടുത്തി എഴുതിയ ലഘുകൃതിയില്‍ ഇസ്‌ലാമിന്റെ സമത്വ സങ്കല്‍പം തന്നെയാണ് കമ്യൂണിസം നടപ്പാക്കുന്നതെന്ന് വാദിച്ചു. സ്വാഭാവികമായും ഇത്തരം വാദഗതികള്‍ അബദ്ധജടിലമാണെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് ചൂണ്ടിക്കാട്ടേണ്ടിവന്നു. മാര്‍ക്‌സിസം ദൈവത്തിനും മതത്തിനും വിരുദ്ധമാണെന്ന ഒരേയൊരു പോയിന്റില്‍  ഊന്നിയായിരുന്നില്ല ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുള്ള മറുപ്രതികരണം. മുതലാളിത്തവും കമ്യൂണിസവും ഒരുപോലെ സമ്പത്തിന്റെ ഉല്‍പാദനത്തെയും വിതരണത്തെയും അടിസ്ഥാനമാക്കിയുള്ള കേവല ഭൗതിക പ്രത്യയശാസ്ത്രങ്ങളാണെന്നിരിക്കെ യഥാര്‍ഥ മാനവിക ധാര്‍മിക വ്യവസ്ഥക്ക് ബദലായിരിക്കാന്‍ രണ്ടിനും സാധ്യമല്ലെന്ന് ജമാഅത്ത് ചൂണ്ടിക്കാട്ടി. എല്ലാം സ്റ്റേറ്റ് ഉടമയില്‍ കൊണ്ടുവരികയാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കഖിലമുള്ള പരിഹാരമെന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനെയും എതിര്‍ത്തു. അത് അപ്രായോഗികവും മനുഷ്യപ്രകൃതിക്ക് വിരുദ്ധവുമാണെന്ന് വ്യക്തമാക്കി. മുതലാളിത്തം വാഷിംട്ഗണിലും കമ്യൂണിസം മോസ്‌കോവിലും പരാജയപ്പെടുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി പ്രവചിച്ചത് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. 'ഇസ്‌ലാമും സോഷ്യലിസവും' എന്ന ജമാഅത്ത് പണ്ഡിതന്‍ മസ്ഊദ് ആലം നദ്‌വിയുടെ താത്ത്വിക ഗ്രന്ഥം കെ.സി അബ്ദുല്ല മൗലവി കേരള ജമാഅത്തിന്റെ രൂപവത്കരണത്തിനു മുമ്പ് വിവര്‍ത്തനം ചെയ്ത്, കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിദ്ധീകരിച്ചതു മുതല്‍ തന്നെ മുസ്‌ലിം ബുദ്ധിജീവികള്‍ക്ക് സോഷ്യലിസത്തെ വിമര്‍ശനബുദ്ധ്യാ വിലയിരുത്താന്‍ അവസരം നല്‍കിയിരുന്നു.

 

തുറന്ന ആശയ സംവാദങ്ങള്‍ ഇസ്ലാമിസ്റ്റ് - മാര്‍ക്‌സിസ്റ്റ്് ധാരകള്‍ക്കിടയില്‍ നടന്നിട്ടുണ്ട്, ഇപ്പോഴും ചില രീതികളില്‍ അത് തുടരുന്നുമുണ്ട്. എന്തായിരുന്നു ആ സംവാദത്തിന്റെ സ്വഭാവം? ഏതൊക്കെ വിധത്തിലാണ് അത് നടന്നത്?

വാമൊഴിയായും വരമൊഴിയായും നടന്ന ഇസ്‌ലാമിസ്റ്റ്-മാര്‍ക്‌സിസ്റ്റ് സംവാദങ്ങള്‍ സാമാന്യമായി താത്ത്വികവും വസ്തുതാപരവുമായിരുന്നു. പ്രോപഗണ്ടാ ശൈലിയിലേക്കോ വൈകാരിക തലത്തിലേക്കോ വല്ലാതെയൊന്നും അത് വഴുതുകയുണ്ടായില്ല. എന്നാല്‍ പില്‍ക്കാലത്ത് ജമാഅത്തിനെതിരെ ആക്രമണോത്സുകമായ ശൈലി മാര്‍ക്‌സിസ്റ്റ് ജിഹ്വകള്‍ സ്വീകരിച്ചതായി തോന്നിയിട്ടുണ്ട്. സാര്‍വ ദേശീയതലത്തില്‍ സാമ്രാജ്യത്വത്തെ പിന്തുണക്കുകയും ഇടതുപക്ഷത്തെ എതിര്‍ക്കുകയും ചെയ്യുന്ന, മതരാഷ്ട്ര വാദത്തിലൂന്നിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്‌ലിം നാമധാരികളായ അള്‍ട്രാ സെക്യുലരിസ്റ്റുകളുടെ അബദ്ധജടിലമായ പ്രചാരണത്തില്‍ സ്വാധീനിക്കപ്പെട്ടതുകൊണ്ടാവാം സി.പി.എം ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. 1998-ല്‍ കല്‍ക്കത്തയില്‍ നടന്ന സി.പി.എം 16-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇപ്രകാരം പറയുന്നുണ്ട്:

'അതേസമയം ന്യൂനപക്ഷ വര്‍ഗീയതയെ സി.പി.ഐ(എം) ചെറുക്കും. വിദേശ സഹായം പറ്റുന്ന ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള മൗലികവാദ ശക്തികളായ സംഘടനകള്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ചിരിക്കുന്ന അന്യവത്കരണത്തെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരാണ്. മറ്റു ജനവിഭാഗങ്ങളില്‍നിന്നും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തിയെടുക്കാനും സാമുദായിക പുരോഗതിക്ക് വഴിതെളിക്കുന്ന സാമൂഹിക പരിഷ്‌കരങ്ങളെ തടയാനും മൗലികവാദശക്തികള്‍ ശ്രമിക്കുന്നു.'

ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസം അധികാരത്തിലേറാന്‍ സുസജ്ജമായി നില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെതിരില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ സി.പി.എം, അതേയവസരത്തില്‍ മുസ്‌ലിം പ്രീണനാരോപണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദുര്‍ബലമായ ശ്രമാണ് ഈ പരാമര്‍ശങ്ങള്‍. മുസ്‌ലിം സംഘടനകളെ പൊതുവായി കുറ്റപ്പെടുത്താന്‍ നിര്‍വാഹമില്ലാതെ വന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ഈ ശൈലി മതേതരമെന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ മുമ്പേ പയറ്റുന്നതു തന്നെ. മുസ്‌ലിം സ്വത്വത്തെയും ഇസ്‌ലാമിന്റെ തനിമയെയും ഏത് പരിതഃസ്ഥിതിയിലും ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം തന്നെയാണ് ജമാഅത്ത്. കാപിറ്റലിസത്തിലോ കമ്യൂണിസത്തിലോ ഹിന്ദുത്വത്തിലോ അവരെ ലയിപ്പിക്കാനുള്ള ശ്രമങ്ങളോട് എക്കാലത്തും അത് പൊരുതിയിട്ടുമുണ്ട്. എന്നാല്‍ വിദേശ സഹായത്തോടെ രാജ്യത്ത് സാമുദായിക സൗഹാര്‍ദം തകര്‍ക്കുക ഒരിക്കലും അതിന്റെ അജണ്ടയല്ല. നിലവില്‍ വന്നതു മുതല്‍ ഹൈന്ദവ ദേശീയതയെ എന്ന പോലെ മുസ്‌ലിം ദേശീയതയെയും അത് ശക്തമായെതിര്‍ത്തിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. 2010 ജൂലൈ 5-ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 'ദേശാഭിമാനി'യില്‍ 'എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കപ്പെടണം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലും മതേതരത്വത്തെയും ദേശീയതയെയും ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കുന്നു എന്നിത്യാദി ഹമീദിയന്‍ വാദഗതികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെ: ''സംഘ് പരിവാറിന്റേതെന്ന പോലെ അതിന്റെ തല്‍സ്വരൂപ(കൗണ്ടര്‍ പാര്‍ട്ട്) പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെയും മുഖംമൂടി വലിച്ചു കീറുക എന്ന ദൗത്യം സി.പി.എമ്മിനുണ്ട്.'' ഇത്തരം കടന്നാക്രമണങ്ങളെ ശക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ പ്രസ്ഥാന വക്താക്കളും പ്രവര്‍ത്തകരും പ്രതിരോധിച്ചുകൊണ്ടേ വന്നിട്ടുണ്ടെങ്കിലും സി.പി.എം നിലപാടില്‍ മാറ്റമൊന്നും പ്രകടമല്ല. നടേ സൂചിപ്പിച്ച തൂക്കമൊപ്പിക്കല്‍ തന്നെയാവണം ഒരു തടസ്സം.

എന്നാല്‍ കുറേകൂടി വിശാലമായ കാഴ്ചപ്പാടില്‍ സി.പി.എമ്മിന്റെ ജമാഅത്തിനോടുള്ള സമീപനം അപഗ്രഥിക്കുമ്പോള്‍ അതിന് അന്താരാഷ്ട്ര മാനങ്ങളുള്ളതായി കാണാം. അറബ് വസന്തത്തോടെ പൂര്‍വാധികം ശക്തമായി രംഗപ്രവേശം ചെയ്ത മുസ്‌ലിം ബ്രദര്‍ ഹുഡ്, ബംഗ്ലാദേശില്‍ ഹസീന വാജിദിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ ധീരമായി ചെറുക്കുന്ന ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി, തുര്‍ക്കിയെ അള്‍ട്രാ സെക്യുരിസ്റ്റ് പാതയില്‍നിന്ന് മതനിരപേക്ഷതയിലേക്ക് വഴിനടത്തിയ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എ.കെ.പി മുതലായ സംഘടനകളെ മൊത്തം മതാധിഷ്ഠിത വലതുപക്ഷ തീവ്ര പ്രസ്ഥാനങ്ങളായിട്ടാണ് സി.പി.ഐ.എം ചിത്രീകരിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യത്തിനനുകൂലവുമാണ് ഈ സംഘടനകളെങ്കിലും അവയേക്കാള്‍ ഏകാധിപത്യ ഭരണകൂടങ്ങളെയും പാര്‍ട്ടികളെയുമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യം. ലക്ഷക്കണക്കില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്ത, ഇപ്പോഴും നരമേധം തുടരുന്ന ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യ ഭരണകൂടത്തെ മാര്‍ക്‌സിറ്റ് ജിഹ്വകള്‍ കണ്ണടച്ച് പിന്തുണക്കുന്നു. അറബ് വസന്തത്തെ തുടര്‍ന്ന് ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ കൂടി സജീവ പങ്കാളികളായ ജനകീയ വിപ്ലവം വിജയകരമായപ്പോള്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ ഇസ്‌ലാമിസ്റ്റ്-ഇടതുപക്ഷ പങ്കാളിത്തത്തെക്കുറിച്ച ശുഭസൂചകമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് സി.പി.എം, ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ അമേരിക്കന്‍ പാവ സര്‍ക്കാറിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നതായി കണ്ടത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയോടുള്ള പാര്‍ട്ടിയുടെ സമീപനത്തിലും ഈ മാനസികാവസ്ഥ പ്രതിഫലിക്കുന്നില്ലെന്ന് പറയാനാവില്ല.

 

മുസ്‌ലിം സമൂഹവും മാര്‍ക്‌സിസ്റ്റ്് ധാരയും തമ്മില്‍ തുറന്ന സംഘര്‍ഷത്തിലേക്ക് നീങ്ങിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടല്ലോ. ഏതൊക്കെയായിരുന്നു അവ? ഈ സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം സമൂഹത്തെ നയിച്ചത് ഇസ്ലാമിക പ്രസ്ഥാനമായിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്. എങ്ങനെയായിരുന്നു ഇത് സാധിച്ചത്?

ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം സ്ത്രീകളോട് അനീതി ചെയ്യുന്നതാണെന്നാരോപിച്ച് അത് റദ്ദാക്കി ഏക സെക്യുലര്‍ സിവില്‍ കോഡ് ഏര്‍പ്പെടുത്തണമെന്നതാണ് സി.പി.എമ്മിന്റെ സുസ്ഥിര നയം. ഹിന്ദുത്വ ശക്തികള്‍ അധികാരത്തിലേറി ഏക സിവില്‍ കോഡിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോഴാണ് പ്രത്യക്ഷത്തില്‍ സി.പി.എം അതില്‍നിന്ന് പിന്മാറിയത്. എങ്കിലും മുസ്‌ലിം വ്യക്തിനിയമം നിലനില്‍ക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല.

1986-ല്‍ കേരളത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെതിരെ നടത്തിയ കടന്നാക്രമണത്തിന് പ്രത്യേക പശ്ചാത്തലമുണ്ട്. ആദ്യം മുസ്‌ലിം ലീഗുമായും പിന്നീട് ലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ മുസ്‌ലിം ലീഗുമായും സഖ്യമുണ്ടാക്കിയ സി.പി.എം രണ്ടിനെയും കൈയൊഴിഞ്ഞ് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ഉന്നം വെച്ചു നടത്തിയ സമര്‍ഥമായ രാഷ്ട്രീയ നീക്കമായിരുന്നു അത്. അത് സഫലമാവുകയും ചെയ്തു. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കേരളത്തില്‍ അധികാരമുറപ്പിച്ചത് ഇ.എം.എസ്സിന്റെ ഭാഷയില്‍ മുസ്‌ലിം ലീഗിന്റെ ഒരു കഷ്ണം പോലുമില്ലാതെയായിരുന്നു.

സി.പി.എം ആരംഭിച്ച ശരീഅത്ത്‌വിരുദ്ധ കാമ്പയിനില്‍, ഷാബാനു കേസില്‍ സുപ്രീംകോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍ ആര്യാടന്‍ മുഹമ്മദിനെ പോലുള്ള തീവ്ര മതേതര വാദികളും കക്ഷി ചേരുന്ന സ്ഥിതിയുണ്ടായി.  പ്രമുഖ പത്രങ്ങളുടെ നിര്‍ബാധമായ പിന്തുണയും അവര്‍ക്ക് ലഭിച്ചു. ശരീഅത്തിനെതിരായ ഈ പ്രചണ്ഡമായ പ്രചാരണം മുസ്‌ലിംകളെ ആശങ്കയിലാഴ്ത്തിയ സന്ദിഗ്ധ ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമി രംഗത്തിറങ്ങിയതും സംസ്ഥാന വ്യാപകമായി ശരീഅത്തിനു വേി പ്രതിരോധം തീര്‍ത്തതും. മറ്റു മുസ്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ ശരീഅത്തിന്റെ പക്ഷത്തു നിന്ന് പൊരുതി. പതിറ്റാണ്ടുകാലം പിളര്‍ന്ന് പരസ്പരം പോരടിച്ച മുസ്‌ലിം ലീഗിന്റെ രണ്ടു വിഭാഗങ്ങളും പുനരേകീകരിക്കപ്പെടാനും അത് വഴിയൊരുക്കി. ഇസ്‌ലാമിക നിയമസംഹിതയെക്കുറിച്ച് സമൂഹത്തെ പൊതുവിലും സമുദായത്തെ വിശേഷിച്ചും ബോധവത്കരിക്കാനുള്ള മികച്ച അവസരം ജമാഅത്ത് നന്നായുപയോഗപ്പെടുത്തി. ആശയസമരത്തിനൊടുവില്‍ താന്‍ ശരീഅത്തിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് ഇ.എം.എസ് പിന്മാറുന്നതാണ് കണ്ടത്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും സസൂക്ഷ്മം പഠിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊതുവെ തയാറായിട്ടില്ലെന്നതാണ് ഒരു പ്രധാന പ്രശ്‌നം. സ്ഥാപകരായ കാള്‍ മാര്‍ക്‌സിനും എംഗല്‍സിനും സംഭവിച്ച ഗുരുതരമായ വീഴ്ചയും അതായിരുന്നു. ഹമീദ് ചേന്ദമംഗല്ലൂരിനെ പോലുള്ളവര്‍ തട്ടിവിടുന്ന അസത്യങ്ങളും അര്‍ധ സത്യങ്ങളും വിഴുങ്ങുകയാണ് അവരിപ്പോഴും. മറ്റു മതങ്ങളെ പോലെ സാമ്പ്രദായികാചാര മതമായി മാത്രം ഇസ്‌ലാമിനെ കാണുന്നതാണ് കമ്യൂണിസ്റ്റുകാരുടെ മൗലിക ദൗര്‍ബല്യം.

 

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ധാരയും യുക്തിവാദികളും കൈകോര്‍ത്താണ് ചരിത്രത്തില്‍ പലപ്പോഴും മുന്നോട്ടു പോയിട്ടുള്ളത്. എന്താണ് ഈ മാര്‍ക്‌സിസ്റ്റ്-യുക്തിവാദി സഖ്യത്തിന്റെ പൊരുള്‍? കേരളത്തില്‍ ഇവരുടെ ഇസ്ലാം വിമര്‍ശനത്തിന്റെ സ്വഭാവം എന്തായിരുന്നു? എങ്ങനെയാണ് ഈ വിമര്‍ശനങ്ങളെ നേരിട്ടത്?

വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലും ചരിത്രത്തിന്റെ ഭൗതികവാദത്തിലും അധിഷ്ഠിതമായ മാര്‍ക്‌സിസ്റ്റ് ദര്‍ശനം അടിസ്ഥാനപരമായി ദൈവത്തെയോ മതത്തെയോ അംഗീകരിക്കുന്നില്ല. പ്രപഞ്ചാതീതനായ ഒരു ശക്തിയോ മരണാനന്തര ജീവിതമോ വിഭാവനം ചെയ്യാനാവില്ല എന്നാണ് മാര്‍ക്‌സിസ്റ്റുകളുടെ ഉറച്ച വിശ്വാസം. കറകളഞ്ഞ മെറ്റീരിയലിസ്റ്റുകളായ മാര്‍ക്‌സിസ്റ്റുകളും യുക്തിവാദികളും അതിനാല്‍ ഒരേ പാതയിലെ സഹയാത്രികരാണ്. തര്‍ക്കം ദൈവത്തെയും മതത്തെയും നേരിട്ടാക്രമിച്ച് വിശ്വാസികളുടെ വിരോധം വിലക്കെടുക്കണമോ അതല്ല ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമായ മതത്തെ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കി മതത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കണമോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. യുക്തിവാദത്തെ മൗലികമായി മാര്‍ക്‌സിസ്റ്റുകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. എന്നല്ല, യുക്തിവാദികളുമായി സഹകരിക്കാവുന്ന മേഖലകളില്‍ അവര്‍ സഹകരിക്കുന്നുമുണ്ട്. ''സോഷ്യലിസ്റ്റ് വിപ്ലവത്തിന് വേണ്ടിയുള്ള സമരം വിജയിപ്പിക്കുന്നതിനു തന്നെ, ജാതി-മതാദി സാമൂഹിക വ്യവസ്ഥകള്‍ക്കും അവയുടേതായ ആശയശക്തികള്‍ക്കും എതിരായി രൂക്ഷമായ സമരം നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടമറുക് പ്രതിനിധാനം ചെയ്യുന്ന യുക്തിവാദികളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ സഹകരിക്കാനുള്ള സാധ്യതയുണ്ട്. മാര്‍ക്‌സിസ്റ്റുകളും സമരോത്സുകരായ ഭൗതികവാദികളും തമ്മില്‍ ഐക്യമുന്നണി എന്ന ആശയം ലെനിന്റേതാണ്'' (ഇ.എം.എസ് നമ്പൂതിരിപ്പാട്- ചിന്ത വാരിക, 29 ജൂലൈ 1983).

എങ്കിലും മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റാന്‍ യുക്തിവാദിബാന്ധവം കാരണമാകുമെന്ന ഭയം മൂലം പ്രത്യക്ഷത്തില്‍ സി.പി.എം യുക്തിവാദികളെ തള്ളിപ്പറയാറാണ് പതിവ്. അതേസമയം കേരള യുക്തിവാദി സംഘത്തലവന്‍ യു. കലാനാഥന്‍ സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്, സജീവ കമ്യൂണിസ്റ്റും ആയിരുന്നു. കേരള യുക്തിവാദി സം

ഘം പ്രസിഡന്റായിരുന്ന പവനനും അറിയപ്പെട്ട കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകനും സി.പി.ഐ നേതാക്കളിലൊരാളുമായിരുന്നു. കമ്യൂണിസ്റ്റുകാരും യുക്തിവാദികളും ഒരേ നാണയത്തിന്റെ ഒരേ പുറം ആണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ആശയസമരത്തില്‍ ജമാഅത്തെ ഇസ്‌ലാമി പറയത്തക്ക വിവേചനം കാണിച്ചിരുന്നില്ല.

 

മാര്‍ക്‌സിസ്റ്റ് എഴുത്തുകാരും പ്രഭാഷകരും സി.പി.എം നേതാക്കളുമൊക്കെയായി, ഈ സംവാദ തലങ്ങളില്‍ ഇടപെടാന്‍ താങ്കള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടാവുമല്ലോ. ആരൊക്കെയായിരുന്നു അവരില്‍ പ്രധാനികള്‍? എങ്ങനെയായിരുന്നു അവരുമായുള്ള വ്യക്തി ബന്ധങ്ങള്‍? അവരുടെ രീതികളും സമീപനങ്ങളും?

പി. ഗോവിന്ദപിള്ള, ദക്ഷിണമൂര്‍ത്തി, ചാത്തുണ്ണി മാസ്റ്റര്‍, സി.പി ബാലന്‍ വൈദ്യര്‍ എന്നിവരുമൊക്കെയായി സംവദിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ശരീഅത്ത് വിവാദകാലത്ത് എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചാ സമ്മേളനത്തില്‍ പി.ജിയും ഞാനുമായിരുന്നു മുഖ്യ പങ്കാളികള്‍. പി.ജി മതനിയമങ്ങളെ സാമാന്യമായി തള്ളിപ്പറയുകയും മതേതര വ്യവസ്ഥയില്‍ മത നിയമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് വാദിക്കുകയും ചെയ്തതോടൊപ്പം ശരീഅത്ത് നിയമങ്ങള്‍ സ്ത്രീകളോട് അനീതിയാണ് ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഞാന്‍ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ വാദഗതികളെ ഖണ്ഡിച്ചതോടൊപ്പം ലോകത്തിലേറ്റവും മികച്ച കുടുംബ നിയമങ്ങള്‍ ഇസ്‌ലാമിന്റേതാണെന്ന് ചൂണ്ടിക്കാട്ടി. സംവാദാനന്തരം സ്വകാര്യ സംഭാഷണത്തില്‍, വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ വായിക്കാനോ ഇസ്‌ലാമിനെ പഠിക്കാനോ തനിക്കവസരം ലഭിച്ചിട്ടില്ലെന്ന് ഗോവിന്ദ പിള്ള എന്നോട് തുറന്നു സമ്മതിച്ചു. ഒരു ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥം അദ്ദേഹത്തിനെത്തിച്ചു നല്‍കാമെന്ന വാഗ്ദാനത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറിലെ കുപ്രസിദ്ധമായ കൂട്ടക്കൊലയെ വിമര്‍ശിച്ചതിന്റെ പേരില്‍ പി.ജിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ച ഉടനെ ഞങ്ങള്‍ രു പേരും വടക്കേ മലബാറില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ പോയിരുന്നു. യാത്രക്കിടയില്‍ അദ്ദേഹം അനുഭവിക്കുന്ന മനഃപ്രയാസം എന്നോട് തുറന്നു പറഞ്ഞു: 'നിങ്ങള്‍ക്കൊക്കെ ദൈവത്തിലും പരലോകത്തിലും വിശ്വാസമുള്ളതുകൊണ്ട് അങ്ങനെയൊരാശ്വാസത്തിനെങ്കിലും വകയുണ്ട്. എന്നെ പോലുള്ളവര്‍ക്ക് അതുമില്ല' എന്നദ്ദേഹം മനസ്സ് തുറന്നത് വിശ്വാസികളല്ലാത്ത ഭൗതികവാദികള്‍ പൊതുവെ അനുഭവിക്കുന്ന ചിന്താപരമായ ശൈഥില്യത്തെ അനാവരണം ചെയ്യുന്നു.

കേവലമൊരു ഫിലിം ഇടപാട് ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട കെ. ചാത്തുണ്ണി മാസ്റ്റര്‍, 'മാധ്യമം' ആരംഭിച്ചതു മുതല്‍ ചില സായാഹ്നങ്ങളില്‍ ഡസ്‌കില്‍ ഞങ്ങളോടൊപ്പം ഇരിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലും പരിസരങ്ങളിലും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വേണ്ടത്ര ക്ലേശം സഹിച്ച ത്യാഗി എന്ന നിലയില്‍ എനിക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. അദ്ദേഹവും നിരാശനും പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനുമായാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴാണ് പിണറായി വിജയന്‍, എളമരം കരീം, കോടിയേരി ബാലകൃഷ്ണന്‍, ബാലന്‍ വൈദ്യര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്താന്‍ അവസരമുണ്ടായത്. അപ്പോള്‍ സ്വാഭാവികമായും ആദര്‍ശപരമോ പ്രത്യയശാസ്ത്രപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് വരില്ല. ഒരിക്കല്‍ മാത്രം ടി.കെ അബ്ദുല്ല സാഹിബും ഞാനും മലപ്പുറത്തെ ഒരു സ്വകാര്യ വസതിയില്‍ വെച്ച് സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായി സുദീര്‍ഘമായ ആശയവിനിമയം നടത്തിയിരുന്നു. പക്ഷേ, ഏറെ നേരവും അദ്ദേഹം കേട്ടിരുന്നതല്ലാതെ ഉള്ളുതുറന്ന പ്രതികരണങ്ങള്‍ക്ക് സന്നദ്ധനായില്ല. മറ്റു സന്ദര്‍ഭങ്ങളിലും അദ്ദേഹവുമായി ഞാന്‍ സംവദിച്ചിട്ടുണ്ട്. തന്റെ ആദ്യകാല ജീവിതാനുഭവങ്ങള്‍ പാലോളി പങ്കുവെച്ചതല്ലാതെ ഇസ്‌ലാമിനെയോ കമ്യൂണിസത്തെയോ കുറിച്ച തുറന്ന ചര്‍ച്ചകള്‍ നടന്നില്ല. പലപ്പോഴും മണിക്കൂറുകളോളം സംവദിച്ച ടി.കെ ഹംസയാകട്ടെ, ഒരു യഥാര്‍ഥ കമ്യൂണിസ്റ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മാര്‍ക്‌സിസത്തേക്കാള്‍ മാപ്പിളപ്പാട്ടിലാണ് ഹംസക്ക് താല്‍പര്യം.

 

മാര്‍ക്‌സിയന്‍ ചിന്തകളെ ശക്തമായി നേരിട്ട ഇസ്ലാമിക പ്രസ്ഥാനം, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരസ്യമായി തന്നെ പിന്തുണച്ചതും പ്രചാരണം നടത്തിയതുമൊക്കെ കാണാം. ഇതൊരു വൈരുധ്യമായി വിലയിരുത്തുന്നവരുമുണ്ട്. ആശയ സംവാദങ്ങളും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിലപാടുകളും തമ്മിലുള്ള ഈ അന്തരത്തിന്റെ പൊരുളെന്താണ്?

പ്രത്യയശാസ്ത്രപരമായി തീര്‍ത്തും വിരുദ്ധ ദിശയില്‍ സഞ്ചരിക്കുന്ന ഒരു പ്രസ്ഥാനം അഥവാ പാര്‍ട്ടി ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളില്‍  ആദര്‍ശ പ്രതിയോഗികള്‍ക്ക് വോട്ട് നല്‍കുന്നതില്‍ പ്രത്യക്ഷത്തില്‍ വൈരുധ്യമുണ്ട്. പക്ഷേ, ആശയസമരം തുടരുന്നതോടൊപ്പം തന്നെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം സംഭവിക്കുമ്പോള്‍ വിശാലമായ രാജ്യതാല്‍പര്യങ്ങള്‍ കണക്കിലെടുത്ത് പ്രായോഗിക തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ബ്രിട്ടീഷിന്ത്യയില്‍ ഇലക്ഷന്‍ ബഹിഷ്‌കരിച്ചിരുന്ന ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം പില്‍ക്കാലത്ത് നിലപാട് മാറ്റിയത് ചരിത്രത്തില്‍ നാം വായിച്ചിട്ടുണ്ട്. ബൂര്‍ഷ്വാ ജനാധിപത്യത്തെ നിശ്ശേഷം തള്ളിപ്പറഞ്ഞിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ റിപ്പബ്ലിക്കായതു മുതല്‍ പൊതു തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. അപ്പോഴും ബൂര്‍ഷ്വാ ജനാധിപത്യത്തോടുള്ള താത്ത്വികമായ എതിര്‍പ്പു തുടര്‍ന്നു.  നാസ്തിക-നിര്‍മത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ധര്‍മയുദ്ധം നടത്തിവന്ന മുസ്‌ലിം ലീഗ് 1967-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ സപ്ത കക്ഷി മുന്നണിയുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ മന്ത്രിസഭയില്‍ പങ്കാളികളാവുകയും ചെയ്തു. ലീഗിനോടൊപ്പം നിന്ന മത പണ്ഡിത സംഘടനകളും ഈ നിലപാടിനെ പിന്തുണക്കുകയാണ് ചെയ്തത്. 1959-ല്‍ വിമോചന സമരത്തിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ്-പി.എസ്.പി ഐക്യമുന്നണി മറിച്ചിട്ട ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ രാഷ്ട്രീയത്തില്‍നിന്ന് പതിവുപോലെ വിട്ടുനിന്ന ജമാഅത്തെ ഇസ്‌ലാമി, കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വോട്ട് ചെയ്യാതിരിക്കുക വഴി കടുത്ത തെറ്റാണ് ചെയ്തതെന്ന് ഫത്‌വ ഇറക്കിയവരായിരുന്നു മതപണ്ഡിതന്മാര്‍ എന്നോര്‍ക്കണം.

1986-ലാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അതിലെ അംഗങ്ങളെ അനുവദിക്കുന്ന തീരുമാനം കൈക്കൊള്ളുന്നത്. അതിനു ചൂണ്ടിക്കാട്ടിയ ന്യായീകരണങ്ങളില്‍ പ്രധാനം, രാജ്യത്ത് സമഗ്രാധിപത്യ-ഏകാധിപത്യ ശക്തികള്‍ വളര്‍ച്ച പ്രാപിക്കുന്ന സന്ദിഗ്ധ ഘട്ടത്തില്‍ അവരെ തോല്‍പിക്കാനും മതനിരപേക്ഷ ജനാധിപത്യം പരിരക്ഷിക്കാനും വോട്ടവകാശം വിനിയോഗിച്ചേ തീരൂ എന്നതായിരുന്നു. ഇന്നത് കടുത്ത യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. വന്‍ ഭൂരിപക്ഷത്തോടെ ഹിന്ദുത്വ ശക്തികള്‍ കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലേറി, അവരുടെ തീവ്ര ദേശീയത്വ അജണ്ട എന്തു വില കൊടുത്തും നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. ജനാധിപത്യ മതനിരപേക്ഷ കക്ഷികളും മതന്യൂനപക്ഷങ്ങളും ദലിതുകളും ഒറ്റക്കെട്ടായി ചെറുത്താല്‍ മാത്രമേ ഈ ഭീഷണിയെ രാഷ്ട്രീയമായെങ്കിലും പരാജയപ്പെടുത്താനാകൂ. അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുകയാണ് ജമാഅത്ത് നിലപാട്. അതേസമയം, അനിസ്‌ലാമിക ചിന്താ ധാരകളോടും നയങ്ങളോടുമുള്ള താത്ത്വിക വിയോജനവും ആശയ സമരവും തുടരുകയും ചെയ്യുന്നു. കടുത്ത ശത്രുവിനെതിരെ ലഘു ശത്രുവിനെയോ  ശത്രുതയില്ലാത്തവരെയോ പിന്തുണക്കുക നിലനില്‍പിന്റെ താല്‍പര്യമാണ്. ഇസ്‌ലാം അതംഗീകരിച്ചതുമാണ്.

 

മാര്‍ക്‌സിയന്‍ ചിന്തകളില്‍ ഊന്നിനിന്ന് മുന്നോട്ടു പോകുന്ന ഇടതു സംഘടനകളും ഇസ്ലാമിക പ്രസ്ഥാനവും തമ്മില്‍ ഇപ്പോഴും കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടല്ലോ. എന്താണ് ഇതിന്റെ വര്‍ത്തമാനകാല അവസ്ഥ? സമകാലിക ഇന്ത്യയില്‍ ഇരുവിഭാഗവും എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത്?

ലോകത്തൊരിടത്തും യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ കമ്യൂണിസ്റ്റ് പ്രസ്ഥാനമോ ഇന്നില്ല, ഇന്ത്യയില്‍ വിശേഷിച്ചും ഇല്ല. മുതലാളിത്തത്തോടും തജ്ജന്യമായ നവലിബറല്‍ നയങ്ങളോടും സമരസപ്പെടുന്ന സമീപനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കാകട്ടെ വികസനത്തിന്റെ പേരിലായാലും ജനവിരുദ്ധ മുതലാളിത്ത നയനിലപാടുകളോട് കലഹിക്കാതിരിക്കാനാവില്ല. വികസനത്തിന്റ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യജീവികളുടെ ജീവല്‍ പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ജമാഅത്തിന് സാധ്യമല്ല. അതുപോലെ പരിസ്ഥിതിയെയും പ്രകൃതിയെയും കടന്നാക്രമിക്കുന്ന വികസന പദ്ധതികളെയും ശക്തമായെതിര്‍ക്കുന്നു. ഗെയില്‍, ദേശീയപാത, അതിവേഗ റെയില്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിനോടുള്ള തത്ത്വാധിഷ്ഠിത എതിര്‍പ്പുകളെ അധികാരത്തിലിരിക്കുന്ന ഇടതു സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കും സഹിക്കാനാവുന്നില്ല. അതാണിപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെയും പോഷക സംഘടനകളെയും തീവ്രവാദ മുദ്ര കുത്താന്‍ അവര്‍ക്ക് പ്രകോപനമാവുന്നത്. നടേ സൂചിപ്പിച്ച അന്താരാഷ്ട്ര സാഹചര്യങ്ങളുമുണ്ട്. സൗഹൃദാന്തരീക്ഷത്തില്‍ നിലപാടുകള്‍ പരസ്പരം മനസ്സിലാക്കാനും മുഖ്യ ശത്രുവിനെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളില്‍ സഹിഷ്ണുതയും വിട്ടുവീഴ്ചയും കൈക്കൊള്ളാനുമാണ് ഇടതുപക്ഷവും ഇസ്‌ലാമിക പ്രസ്ഥാനവും ശ്രമിക്കേണ്ടത്.

 

സമകാലിക ഇന്ത്യയില്‍ മാര്‍ക്‌സിനെ വായിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട പുതിയ നയസമീപനങ്ങള്‍ എന്തൊക്കെയാണ്?

സോവിയറ്റ് യൂനിയന്റെയും പൂര്‍വ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പതനത്തോടെ തത്ത്വങ്ങളും നിലപാടുകളുമടക്കം തിരുത്തിയേ തീരൂ എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഇന്ത്യയെ  പൂര്‍ണമായി വിഴുങ്ങാന്‍ ശ്രമിക്കുന്ന ഏക സംസ്‌കാരവാദികളുടെ കടന്നാക്രമണവും അവര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്ത്യയുടെ ശത്രുക്കള്‍ മുസ്‌ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരുമാണെന്ന് രേഖപ്പെടുത്തിയ എം.എസ് ഗോള്‍വാള്‍ക്കറാണ് തീവ്ര വലതുപക്ഷത്തിന്റെ മാര്‍ഗദര്‍ശകന്‍. ആ നിലക്ക് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേപോലെ ആപത്താണെന്ന പഴയ പല്ലവിയൊക്കെ മാറ്റിവെച്ച് യഥാര്‍ഥ വിപത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിപരമായ താല്‍പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാതെ ദേശീയാടിസ്ഥാനത്തില്‍ വിശാലമായ പ്രതിപക്ഷ ഐക്യത്തിനായി പണിയെടുക്കുകയും വഴങ്ങുകയുമാണ് സി.പി.എം-സി.പി.ഐ പാര്‍ട്ടികളുടെ സത്വര ബാധ്യത. സാര്‍വദേശീയ തലത്തില്‍ സാമ്രാജ്യത്വ, സയണിസ്റ്റ് -ഹിന്ദുത്വ കൂട്ടുകെട്ട് ഉയര്‍ത്തുന്ന ഭീഷണിയെ നിസ്സാരവത്കരിക്കുന്നതും അതിനെതിരെ തന്ത്രപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും വിവേകരഹിതമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുക്കാന്‍ തുനിഞ്ഞിറങ്ങിയ അള്‍ട്രാ സെക്യുലരിസ്റ്റുകളായ മുസ്‌ലിം നാമധാരികളാവരുത് ഇടതുപക്ഷത്തിന്റെ അജണ്ട നിര്‍ണയിക്കുന്നത്. ന്യൂനപക്ഷ പിന്തുണ കളഞ്ഞുകുളിക്കാന്‍ മാത്രമേ ഇവരുടെ സേവനം ഉപകരിക്കൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട