Prabodhanm Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

'ബിസ്മില്ലാ'യുടെ പൊരുളുകള്‍

ഹമീദുദ്ദീന്‍ ഫറാഹി

അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹ്) എന്നത് ഖുര്‍ആനിന്റെ തുടക്കമാണ്. വിശുദ്ധ ഖുര്‍ആന്റെ ക്രമത്തെയും വ്യവസ്ഥയെയും അടിസ്ഥാനപ്പെടുത്തി അതിന്റെ ആശയങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിക്കുന്ന (നിളാമുല്‍ ഖുര്‍ആന്‍) രീതിയില്‍ അല്ലാഹുവിന്റെ വാക്കുകളുടെ തുടക്കമെന്ന നിലയില്‍ ബിസ്മില്ലാക്ക് വലിയ പ്രാധാന്യമുണ്ട്. ഫാതിഹയുടെ ഭാഗമായല്ല ഞാന്‍ അതിനെ വ്യാഖ്യാനിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന് ചില കാരണങ്ങളുണ്ട്: 

1. വിജ്ഞാനത്തിന്റെ എല്ലാ മഹത്തായ ഘടകങ്ങളും 'ബിസ്മില്ലാ' ഉള്‍ക്കൊള്ളുന്നു. 

2. വേദഗ്രന്ഥത്തിലെ എല്ലാ അധ്യായങ്ങളുടെയും കിരീടമാക്കി ഈ വാക്യത്തെ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു (സൂറത്തുത്തൗബയില്‍ ഒഴികെ).

3. എല്ലാ സൂറത്തുകളുടെയും തുടക്കത്തില്‍ ഓരോ ബിസ്മില്ലയെയും വേറെ വേറെ വ്യാഖ്യാനിക്കുന്നത് ആവര്‍ത്തനത്തിന് കാരണമാകും. 

4. സൂറത്തുല്‍ ഫാതിഹയുടെ ഭാഗമായി ബിസ്മിയെ വ്യാഖ്യാനിക്കുകയും ബാക്കി സ്ഥലങ്ങളില്‍ അത് ഒഴിവാക്കുകയും ചെയ്താലും പ്രശ്നമുണ്ട്. ഫാത്തിഹയുടെ ഭാഗമായി നല്‍കിയ അര്‍ഥം തന്നെയാണ് ഖുര്‍ആനിന്റെ ക്രമത്തില്‍ അതിന് എല്ലായിടത്തുമുള്ളതെന്ന് തെറ്റിദ്ധരിക്കപ്പെടും. 

പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യമാണ് ബിസ്മി എല്ലാ സൂറത്തുകളുടെയും ഭാഗമാണോ അതല്ല, ഫാതിഹയിലെ സൂക്തം മാത്രമാണോ എന്നത്. ഓരോ സൂറത്തിലും സന്ദര്‍ഭാനുസരണമുള്ള അര്‍ഥങ്ങള്‍ അതിനില്ലെന്ന് പറയുന്നവരുടെ അഭിപ്രായം ഒരുപക്ഷേ ശരിയാകാന്‍ സാധ്യതയുണ്ട്. വ്യത്യസ്ത സൂറത്തുകളുടെ തുടക്കത്തില്‍ അത് വരുന്നുണ്ടെങ്കിലും തുടങ്ങാനുള്ള ഒരു സംവിധാനമായി മാത്രമാണതിനെ അവര്‍ മനസ്സിലാക്കിയത്. അതുകൊണ്ട് ഓരോ സൂറത്തിന്റെയും തുടക്കത്തിലുള്ള ഒരു സാധാരണ വാക്യം മാത്രമാണിതെന്നും അതിനെ ഖുര്‍ആനിന്റെ ഭാഗമായി കണക്കാക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു. 

പ്രവാചകനു മുമ്പ് മുതല്‍ തന്നെ ബിസ്മില്ലാ എന്ന വാക്യം ഉപയോഗിച്ചു തുടങ്ങിയതിന് തെളിവുകളുണ്ട്. സുലൈമാന്‍ നബി (അ) സബഇലെ രാജ്ഞിക്കുള്ള കത്ത് തുടങ്ങുന്നത് ഈ വാക്യംകൊണ്ടാണെന്നു കാണാം. സൗരാഷ്ട്ര മതത്തിന്റെ ഗ്രന്ഥങ്ങളിലും ഇതേ അര്‍ഥമുള്ള വാക്യം കാണാനാകും (അവരുടെ ഗ്രന്ഥത്തിന്റെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും).

മുമ്പുള്ള പല വേദഗ്രന്ഥങ്ങളിലും ഇതിന് സമാനമായ വാക്കുകള്‍ കാണാമെങ്കിലും വിശുദ്ധ ഖുര്‍ആന്‍ ആ വാക്യത്തിന് വളരെ കൃത്യവും വ്യതിരിക്തവുമായ അര്‍ഥമാണ് നല്‍കിയത്. 

ബിസ്മില്ല എന്നത് സൂറത്തുല്‍ ഫാതിഹയുടെ ഭാഗമാണ്. അതേസമയം അത് എല്ലാ സൂറത്തുകളിലേക്കും പ്രവേശിക്കാനുള്ള പ്രത്യേക വാക്കുമാണെന്നാണ് എന്റെ വീക്ഷണം. അതിനു കാരണം, ഖുര്‍ആന്‍ സുരക്ഷിതമായി ഇറക്കാനും സംരക്ഷിക്കാനുമുള്ള ഒരു ശക്തിയെ കുറിച്ച വിഭാവനം തുടക്കത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നതാണ്. ഖുര്‍ആനിലെ ഓരോ സൂറത്തും അതുപോലെ പ്രത്യേകം ഇറക്കപ്പെട്ടതും സുരക്ഷിതമാക്കപ്പെട്ടതുമാണ്. അതിനാല്‍ അവിടെയെല്ലാം ആ വാക്കിന് പ്രസക്തിയുണ്ട്. മാത്രമല്ല, എല്ലാ ചര്‍ച്ചകളും  തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ വാക്യവുമാണത്. ഖുര്‍ആന്റെ ക്രമവും വ്യവസ്ഥയും ഈ ആശയം വ്യക്തമാക്കുന്നുണ്ട്. ബിസ്മില്ല ഫാതിഹയുടെ ഭാഗമാണെന്ന് പല ഹദീസുകളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

ബിസ്മിയുടെ വ്യാഖ്യാനത്തിലേക്ക് കടക്കുമ്പോള്‍ ബാഅ് എന്ന അക്ഷരം അല്ലാഹുവിന്റെ മഹത്വം, അനുഗ്രഹം, ആധികാരികത എന്നിവയെ സൂചിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. മാത്രമല്ല ഈ വാക്ക് മൊത്തത്തില്‍ ഒരു പ്രസ്താവനയല്ല. അല്‍ഹംദു ലില്ലാഹ് എന്നതുപോലെ തന്നെ ഒരു ഉപവാക്യമായാണ് ഈ വാക്യവും ഖുര്‍ആന്‍ ഉപയോഗിക്കുന്നത്. 

അതുകൊണ്ടാണ് അല്ലാഹു എല്ലാറ്റിനും മുമ്പ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തുടങ്ങാന്‍ കല്‍പിച്ചത്: 'വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍' (അല്‍അലഖ് 1). നമസ്‌കാരത്തെ ദീനിന്റെ അടിസ്ഥാനമായി അല്ലാഹു നിശ്ചയിച്ചു. അല്ലാഹുവിന്റെ നാമം സ്മരിക്കുകയെന്നതിനെ നമസ്‌കാരത്തിന്റെ അടിത്തറയായി നിശ്ചയിക്കുകയും ചെയ്തു: ''അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്‌കരിച്ചു'' (അല്‍അഅ്ലാ 15). ''നിന്റെ നാഥന്റെ നാമം സ്മരിക്കുക. മറ്റെല്ലാറ്റില്‍നിന്നും വിട്ടൊഴിഞ്ഞ് അവനില്‍ മാത്രം മുഴുകുക'' (അല്‍മുസ്സമ്മില്‍ 8).

അല്ലാഹുവിലേക്കു മാത്രം ഒഴിഞ്ഞു നില്‍ക്കുകയെന്നത് ഇവിടെ സന്ദര്‍ഭമനുസരിച്ച് വായിക്കണം. ഒരാളുടെ, അല്ലെങ്കില്‍ ഒരു വസ്തുവിന്റെ നാമം സ്മരിക്കുന്നത് നമ്മെ ആ വസ്തുവിനെ/അയാളെ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ നാമം അവനെത്തന്നെയാണ് ഓര്‍മിപ്പിക്കുന്നത്. ഇപ്രകാരം അല്ലാഹുവിനെ ഓര്‍ക്കലാണ് നമസ്‌കാരത്തിന്റെ അടിസ്ഥാനം. ഒരു അടിമക്ക് കര്‍മങ്ങളിലും പ്രത്യക്ഷ രൂപത്തിലും പൂര്‍ണമായ രൂപത്തില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കിലും നമസ്‌കാരത്തിന്റെ അടിസ്ഥാനമായ ദൈവസ്മരണ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇത്തരം ഇളവുകളുണ്ട്. ഇനി സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തിയാല്‍ നമസ്‌കാരം പൂര്‍ണമായി നിര്‍വഹിക്കാനും അല്ലാഹു കല്‍പിക്കുന്നുണ്ട്. നമസ്‌കാരത്തിന്റെ യഥാര്‍ഥ അനുഷ്ഠാന രീതിയിതാണെന്നത് ഇവിടെ വ്യക്തമാണ്. ''അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില്‍ നടന്നുകൊണ്ടോ വാഹനത്തിലിരുന്നുകൊണ്ടോ നമസ്‌കാരം നിര്‍വഹിക്കുക. എന്നാല്‍ നിങ്ങള്‍ നിര്‍ഭയരായാല്‍ അല്ലാഹുവെ സ്മരിക്കുക. നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്ന പോലെ'' (അല്‍ബഖറ 239). മൂസാ നബി(അ) അല്ലാഹുവിനെ ആദ്യമായി കാണുമ്പോഴും ഇതേ കാര്യം വ്യക്തമാക്കുന്നുണ്ട്: ''തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക'' (ത്വാഹാ 14). മറ്റൊരിടത്ത് അല്ലാഹു ഉണര്‍ത്തി: ''വേദഗ്രന്ഥം മുറുകെപ്പിടിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്ന സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച'' (അല്‍അഅ്റാഫ് 170).

ശൈത്വാനില്‍നിന്ന് അഭയം തേടുന്നതില്‍ (ഇസ്തിആദ) അല്ലാഹുവിന്റെ നാമം ഉള്‍പ്പെടുത്തിയതു പോലെതന്നെ ശൈത്വാന്റെ പ്രധാന ആയുധമായ മറവിയില്‍നിന്നുള്ള പ്രതിരോധമായും അല്ലാഹുവിന്റെ നാമത്തെ വിശേഷിപ്പിച്ചതു കാണാം. അല്ലാഹു പ്രവാചകനെ അവന്റെ നാമങ്ങള്‍ മറക്കാതിരിക്കാന്‍ ഓര്‍മിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നിടത്ത് ഇത് വ്യക്തമാകുന്നുണ്ട്: ''നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല'' (അല്‍അഅ്ലാ 6).

ഒരു മനുഷ്യന് അല്ലാഹുവിന്റെ നാമം സംതൃപ്തിയുടെ ഉറവിടമാണ്. അതുകൊണ്ട് ഖുര്‍ആന്റെ തുടക്കത്തില്‍ അത് സുന്ദരമായി ചേരും. അല്ലാഹു പറയുന്നു: ''സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്'' (അര്‍റഅ്ദ് 28).

ഇവയില്‍നിന്നെല്ലാം മനസ്സിലാകുന്നത് ദൈവസ്മരണ എന്നത് ദീനിന്റെ അടിത്തറയാണെന്നാണ്. അതുകൊണ്ട് അതാണ് ആദ്യമായി നബിയിലേക്ക് അവതരിപ്പിച്ച വഹ്യ്. ആദ്യമായി അവതരിച്ച അഞ്ച് സൂക്തങ്ങളില്‍ പ്രവാചകന്‍ അല്ലാഹുവിനെ ഓര്‍ക്കണമെന്നാണ് കല്‍പിക്കപ്പെട്ടത് (അല്‍അലഖ് 1-5).

അല്ലാഹുവിന്റെ തൃപ്തി അറിയിച്ചും തേടിയുമുള്ള ഒരു വാക്യം കൂടിയാണ് ബിസ്മില്ലാഹ്. എല്ലാ ശക്തിയും അല്ലാഹുവിനു മാത്രമാണെന്ന സമ്മതവുമാണിത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്നത് തങ്ങളുടെ അവകാശമല്ല, അത് തേടേണ്ട കാര്യമാണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്. റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ പ്രത്യേക ആശീര്‍വാദമുള്ളതുകൊണ്ടു മാത്രമാണ് അത് നമുക്ക് ലഭിക്കുന്നത്. അല്ലാഹു തനിക്ക് കനിഞ്ഞേകിയതല്ലാത്ത ഒരു കഴിവും തനിക്കില്ലെന്നതിന്റെ പ്രകടനവുമാണീ വാക്ക്. ഇതുകൊണ്ടൊക്കെയാണ് അല്ലാഹുവിന്റെ വാക്യത്തെ ഓര്‍ത്തുകൊണ്ട് തുടങ്ങാന്‍ ആദ്യ വഹ്യില്‍ തന്നെ അല്ലാഹു നബിയോട് കല്‍പിച്ചത്. 

മൂസാ നബിയോട് ത്വൂര്‍ പര്‍വതത്തില്‍ വെച്ച് സംസാരമുണ്ടായപ്പോഴും ആദ്യം കല്‍പിക്കപ്പെട്ടത് ദൈവനാമം ഓര്‍ക്കാനാണെന്നു കാണാം. ''യഹോവ മേഘത്തില്‍ ഇറങ്ങി; അവന്‍ അവന്റെയടുത്ത് തന്നെ തന്റെ സ്ഥാനം പിടിച്ചു. അവന്‍ യഹോവ എന്ന പേര് പ്രഖ്യാപിച്ചു. അപ്പോള്‍ കര്‍ത്താവ് തന്റെ മുമ്പില്‍ കടന്നുവന്നു, യഹോവ എന്നവന്‍ വിളിച്ചു. പരമകാരുണ്യവാനും കരുണാവാരിധിയും ക്ഷമയും വിശ്വസ്തതയുമുള്ളവനും സത്യവും യാഥാര്‍ഥ്യവും ആയിരങ്ങളെ സംരക്ഷിക്കുന്നവനും എല്ലാം പൊറുത്തുകൊടുക്കുന്നവനും...... മോശെ പെട്ടെന്ന് തിടുക്കപ്പെട്ട് നിലത്തുവീണ് പ്രാര്‍ഥിച്ചു'' (പുറപ്പാട് പുസ്തകം 34:5-7).

ഇതുവരെ സൂചിപ്പിച്ച കാര്യങ്ങള്‍ ബിസ്മില്ലാ എന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതും നമസ്‌കാരത്തില്‍ അതിന്റെ സ്ഥാനം വെളിവാക്കുന്നതുമായിരുന്നു. മൂസാ(അ)യുടെ കഥ പറയുന്ന സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം പറുന്നുണ്ട്: ''തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക'' (ത്വാഹാ 14).

സൂറത്തുല്‍ അലഖിന്റെയും അഅ്ലായുടെയും വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ബിസ്മിയുടെ ഉദ്ദേശ്യങ്ങള്‍ വിശദമാക്കിയപ്പോള്‍ നാം പരാമര്‍ശിച്ചത്. ഇവയിലുള്ള ഈ വാക്യങ്ങള്‍ക്ക് സമാനമായവ മൂസാ(അ)ക്ക് ലഭിച്ച വേദത്തിലുമുണ്ടെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു: ''സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്. അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!'' (അല്‍അഅ്ലാ 18,19).

അനുഗ്രഹത്തിന്റെയും ഗാംഭീര്യത്തിന്റെയും പ്രകടനമായ ബിസ്മിയെ കുറിച്ചാണ് ഇതുവരെ വിവരിച്ചത്. ബിസ്മില്ലാഹ് എന്നത് ആധികാരികതയുടെ(അതോറിറ്റി) കൂടി പ്രകടനമാണ്. ആ നിലക്ക് ഖുര്‍ആനിന്റെ മറ്റ് ചില അടിസ്ഥാനങ്ങളും ഈ വാക്യത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. ഈ ഗ്രന്ഥം ചില സൂചനകള്‍ മാത്രം സംഗ്രഹിച്ച് പറയുന്ന ശൈലിയിലാണുള്ളത്. 'പരമകരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്ന വാക്യം അത് പറയുന്നയാള്‍ പരമാധികാരിയല്ലാത്തവനും ആ പരമാധികാരം അംഗീകരിക്കുന്നവനുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മൂസാക്ക് ലഭിച്ച ഗ്രന്ഥത്തിലുള്ള സന്തോഷവാര്‍ത്തയുടെ പുലര്‍ച്ചയാണിത്. 

''നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്‍പിച്ചു. എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; അവന്‍ എന്റെ ചട്ടങ്ങള്‍ ഒക്കെയും പ്രമാണമാക്കി അവര്‍ക്കെത്തിച്ചിരിക്കുന്നു; എന്റെ നാമത്തില്‍ അവന്‍ പറയുന്നത് ശ്രദ്ധിക്കാതിരുന്നാല്‍ അവനെ ഞാന്‍ പിടിക്കും'' (ആവര്‍ത്തനപുസ്തകം 18:18-9).

ഈ വാഗ്ദാനം പാലിക്കപ്പെട്ടു. അല്ലാഹുവിന്റെ നാമത്തിലിറങ്ങിയ ഇക്കാര്യം സ്വീകരിക്കാതെ അവസാന വേദത്തെ തള്ളിയവരെല്ലാവരും ശിക്ഷിക്കപ്പെടും. ആര്‍ക്കും മുഹമ്മദിന് ഇറങ്ങിയ വേദം നിഷേധിക്കാനുള്ള അവകാശമില്ല. കാരണം, മൂസായുടെ ഈ പ്രവചനമാണ് മുഹമ്മദിന് ആദ്യമായി വന്ന വഹ്യില്‍ ഉള്ളത്. ''വായിക്കുക. നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍'' (അല്‍അലഖ് 1). തുടര്‍ന്ന് അല്ലാഹു തന്റെ രണ്ട് പ്രധാന ഗുണങ്ങള്‍ അതിനോട് ചേര്‍ത്തുവെച്ചു; അര്‍റഹ്മാന്‍, അര്‍റഹീം. 

ജൂതന്മാര്‍ റബ്ബിന്റെ മനോഹരമായ നാമം മറന്നു. അതോടെ അല്ലാഹു അവര്‍ക്കെതിരെ തന്റെ കടുത്ത ശിക്ഷയുടെ കവാടങ്ങള്‍ തുറന്നു. അവരുടെ കടുത്ത ഹൃദയങ്ങള്‍ കാരണം അവര്‍ അവരിലേക്കു വന്ന ദൈവദൂതന്മാരെ പീഡിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്ലാഹു അവര്‍ക്ക് പ്രയാസകരമായ പരീക്ഷണങ്ങള്‍ നിശ്ചയിച്ചു. സൂറത്തുല്‍ അന്‍ആമില്‍ അല്ലാഹു അത് വിശദീകരിക്കുന്നു: ''നഖമുള്ളവയെയെല്ലാം ജൂതന്മാര്‍ക്കു നാം നിഷിദ്ധമാക്കി. ആടുമാടുകളുടെ കൊഴുപ്പും നാമവര്‍ക്ക് വിലക്കിയിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന് നാമവര്‍ക്കു നല്‍കിയ ശിക്ഷയാണത്. നാം പറയുന്നത് സത്യം തന്നെ; സംശയമില്ല'' (അല്‍അന്‍ആം 146). ഈ സൂക്തത്തിന് പുറമെയും അന്‍ആം അധ്യായത്തില്‍ ജൂതരുമായി ബന്ധപ്പെട്ട വേറെയും സമാന കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. 

തങ്ങളുടെ വീഴ്ചകള്‍ കാരണം പരിമിതമാക്കപ്പെട്ട നിയമങ്ങള്‍ സാര്‍വലൗകികമാകാന്‍ സാധ്യതയില്ല. കാരണം റഹ്മാന്‍ എന്ന് സ്വയം വിശേഷിപ്പിച്ച അല്ലാഹു അടിമകളെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഉപേക്ഷിക്കില്ല. സുറത്തുല്‍ അഅ്റാഫിലൂടെ തന്നെ ഇതുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത അല്ലാഹു നല്‍കുന്നുണ്ട്: ''ഞങ്ങള്‍ക്കു നീ ഈ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.'' അല്ലാഹു അറിയിച്ചു: ''എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തുന്നു'' (അല്‍അന്‍ആം 156). സൂറത്തു ഇസ്റാഈലില്‍ ഇതേ ആശയം ആവര്‍ത്തിക്കുന്നുണ്ട് അല്ലാഹു: ''ഇനിയും നിങ്ങളുടെ നാഥന്‍ നിങ്ങളോടു കരുണ കാണിച്ചേക്കാം. അഥവാ നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ നാം നമ്മുടെ ശിക്ഷയും ആവര്‍ത്തിക്കും. സംശയമില്ല; നരകത്തെ നാം സത്യനിഷേധികള്‍ക്കുള്ള തടവറയാക്കിയിരിക്കുന്നു'' (അല്‍ഇസ്റാഅ് 8).

തങ്ങളുടെ സമുദായത്തോട് അതിരറ്റ കാരുണ്യം കാണിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്ത അല്ലാഹുവിനെ മറന്ന് പശുക്കുട്ടിയെ ആരാധിച്ചവരാണവര്‍. അതിനുള്ള ശിക്ഷ അവര്‍ക്കുണ്ടാകും. തങ്ങളുടെ ആദ്യരാത്രിയില്‍ തന്നെ ഇണയെ ചതിക്കുന്ന തുണയെ പോലെയാണ് അവരുടെ ഉദാഹരണം. പുതിയൊരു പ്രവാചകന്‍ വരുന്നതുവരെ അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ അല്ലാഹു അവര്‍ക്ക് അനുഗ്രഹം ചെയ്തു. ആ ഇറക്കിയ പ്രവാചകന്റെ രൂപത്തില്‍ റബ്ബ് വീണ്ടും അവരോട് കാരുണ്യവും ദയയും കാണിച്ചു. അവസാന ദൈവദൂതനെ ഇറക്കുന്നതിലൂടെ വീണ്ടും അവന്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. അല്ലാഹു പറഞ്ഞു: ''ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ് 107). ''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരനുമാണവന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും'' (അത്തൗബ 128). ഇതേ വിശേഷണം അല്ലാഹു നബിയുടെ അനുയായികള്‍ക്കും നല്‍കി: ''മുഹമ്മദ് ദൈവദൂതനാണ്. അവനോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം കാണിക്കുന്നവരാണ്; പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരും'' (അല്‍ഫത്ഹ് 29).

 

ദൈവനാമത്തിന്റെ (അല്ലാഹു) അര്‍ഥം

അല്ലാഹ് എന്നതിലുള്ള അലിഫും ലാമും ഇലാഹ് എന്നതിനോട് അറിയപ്പെട്ട കാര്യത്തെ സൂചിപ്പിക്കാനാണ് ചേര്‍ക്കപ്പെട്ടത് (തഅ്രീഫ്). ഒരേ ഒരു ഇലാഹ് എന്നതാണ് അതിന്റെ ഉദ്ദേശ്യം. ഈ ലോകത്തെ എല്ലാറ്റിനെയും സൃഷ്ടിച്ചവന്‍. ഈ ആശയം എല്ലാ അറബികള്‍ക്കിടയിലും സുസമ്മതമായിരുന്നു. എന്നാല്‍ ആ ഉന്നത ശക്തിയിലേക്ക് തങ്ങളെ ബന്ധിപ്പിക്കാന്‍ ചില ഇടയാളര്‍ വേണമെന്നാണ് അവര്‍ മനസ്സിലാക്കിയിരുന്നത്. അത് ഖുര്‍ആന്‍ പല സ്ഥലങ്ങളിലും വ്യക്തമാക്കുന്നുണ്ട്: ''അവര്‍ അല്ലാഹുവിനെ വിട്ട്, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: ഇവയൊക്കെ അല്ലാഹുവിന്റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്'' (യൂനുസ് 18). ''അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്. എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (അസ്സുമര്‍ 3). ''ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: 'അല്ലാഹു' ആണെന്ന്. എന്നിട്ടും എങ്ങനെയാണ് അവര്‍ക്ക് വ്യതിയാനം സംഭവിക്കുന്നത്? അല്ലാഹു തന്റെ ദാസന്മാരില്‍ അവനിഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ വിശാലത വരുത്തുന്നു. അവനിഛിക്കുന്നവര്‍ക്ക് അതില്‍ ഇടുക്കവും വരുത്തുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ്. മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നതും അതുവഴി ഭൂമിയെ അതിന്റെ നിര്‍ജീവതക്കുശേഷം ജീവസ്സുറ്റതാക്കുന്നതും ആരെന്ന് നീ ചോദിച്ചാല്‍ അവര്‍ പറയും: 'അല്ലാഹു'. പറയുക: 'സര്‍വ സ്തുതിയും അല്ലാഹുവിനാണ്.' എന്നാല്‍ അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല'' (അല്‍അന്‍കബൂത്ത് 61-63).

ചില ക്രൈസ്തവ പണ്ഡിതന്മാര്‍ അല്ലാഹ് എന്ന വാക്ക് ഈല്‍ എന്നതില്‍നിന്ന് ഉണ്ടായതാണെന്ന് പറയുന്നുണ്ട്. ഈല്‍ എന്നതിന് ദൈവം എന്നാണ് അര്‍ഥമായി അവര്‍ പറയുന്നത്. ഇസ്റാഈല്‍, ഇസ്മാഈല്‍ പോലുള്ള വാക്കുകളിലെല്ലാം ഈ പദം ചേര്‍ന്നിട്ടുണ്ട്. ഇതെല്ലാം ഹിബ്രുവില്‍നിന്ന് മാത്രമാണ് ദൈവികമായ പദങ്ങള്‍ വരികയെന്ന വരേണ്യ ബോധത്തിന്റെ ഭാഗമായുള്ള സിദ്ധാന്തങ്ങളാണ്. 

അല്ലാഹ് എന്നത് എല്ലാ ദൈവിക മതങ്ങളുടെയും അടിസ്ഥാനമായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രവൃത്തികള്‍ കാരണവും കൈകടത്തലുകള്‍ കാരണവും വേദക്കാര്‍ ആ വാക്കുതന്നെ നഷ്ടപ്പെടുത്തി. അടിസ്ഥാനപരമായി പരമാധികാരിയായ ഒരു ഏകദൈവ സങ്കല്‍പം അവരുടെ എല്ലാം വേദങ്ങളിലുമുണ്ടെന്ന് കാണാം. പക്ഷേ അവയിലെല്ലാം പല തരത്തില്‍ കൈകടത്തലുകള്‍ നടന്നതോടെയാണ് ആ പദം അവര്‍ക്ക് നഷ്ടമായത്. 

എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ ഇടക്കിടക്ക് ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ ഈ തെറ്റിദ്ധാരണ മാറ്റാനും അവര്‍ അല്ലാഹ് എന്നതിന്റെ ഉള്ളടക്കത്തില്‍ വരുത്തിയ മാറ്റങ്ങള്‍ തിരുത്താനും ശ്രമിക്കുന്നുണ്ട്. അല്ലാഹ് എന്ന വാക്കിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നുമുണ്ട് വിശുദ്ധ ഖുര്‍ആന്‍: ''ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനേക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച'' (അല്‍മുജാദില 7).

യഥാര്‍ഥ വിധികര്‍ത്താവിനെയും ഈ ലോകത്ത് കാര്യങ്ങള്‍ നടപ്പിലാക്കുകയും വിധിക്കുകയും ചെയ്യുന്ന മനുഷ്യരെയും പലതരത്തില്‍ സമപ്പെടുത്തുന്ന നിലപാടുകളും വ്യാഖ്യാനങ്ങളുമാണ് വേദക്കാരായ പുരോഹിതന്മാര്‍ നടത്തുന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉപയോഗിച്ച പല പദങ്ങളെയും അസ്ഥാനത്ത് ഉപയോഗിച്ചും വ്യാഖ്യാനങ്ങള്‍ ചമച്ചും പുരോഹിതന്മാര്‍ ഇത് നടപ്പിലാക്കി. ഈല്‍ എന്നതെല്ലാം അതിന് ഉദാഹരണമാണ്. 

ഇത്തരം നിലപാടുകളിലൂടെ അവര്‍ വേദത്തെ നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല അല്ലാഹ് എന്ന നാമത്തെയും അവര്‍ നഷ്ടപ്പെടുത്തി. അതിനാല്‍ അവര്‍ തന്നെ നഷ്ടപ്പെടുത്തിയതിലേക്ക് ആളുകളെ ക്ഷണിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. അപ്രകാരം അല്ലാഹുവിന്റെ വാക്കുകള്‍ വേദക്കാരുടെ കാര്യത്തില്‍ പൂര്‍ണമായും പുലര്‍ന്നു: ''അങ്ങനെ അവര്‍ വഴിപിഴച്ചപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ നേര്‍വഴിയില്‍നിന്ന് വ്യതിചലിപ്പിച്ചു'' (അസ്സ്വഫ്ഫ് 5).

വിവ: ജുമൈല്‍ കൊടിഞ്ഞി

Comments

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌