കലുഷമായ ദാമ്പത്യം നന്നാക്കിയെടുക്കാന്‍
രോഷത്തോടെ അവര്‍ പറഞ്ഞുതുടങ്ങി: ''എന്റെ ഭര്‍ത്താവിനെ ഇനിയെനിക്ക് വേണ്ട. അയാളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ ഞാന്‍ എത്ര ശ്രമിച്ചെന്നോ? ഒരു പ്രയോജനവും ഉണ്ടായില്ല. ആള്‍ സ്‌നേഹിക്കാന്‍ കൊള്ളുന്നവനാണ്, നല്ലവനാണ്. പക്ഷേ, അയാളൊത്തുള്ള ജീവിതം അസാധ്യമാക്കുന്ന നിരവധി കുറ്റങ്ങളും കുറവുകളുമുണ്ട്. അയാളില്‍ എനിക്ക് അഞ്ച് മക്കളുണ്ട്. മൂത്തവന് പതിനഞ്ചു് വയസ്സ്. ഞാന്‍ അയാളെ കുറേ സഹിച്ചു. ഈ വിവാഹബന്ധത്തില്‍നിന്ന് എങ്ങനെ ഒന്ന് രക്ഷപ്പെട്ടുകിട്ടും എന്നാലോചിക്കാനാണ് ഞാന്‍ താങ്കളുടെ അടുത്തു വന്നത്.''
ഞാന്‍: ''അയാളിലെ പോരായ്മകളും വൈകല്യങ്ങളും മാറ്റിയെടുക്കാന്‍ നിങ്ങള്‍ എപ്പോള്‍ മുതലാണ് ശ്രമിച്ചുതുടങ്ങിയത്?''
അവര്‍: ''വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തുടങ്ങി. ഒരു കാര്യവുമില്ല. അയാള്‍ ഒരു തന്നിഷ്ടക്കാരനാണ്. അധികവും വീട്ടില്‍നിന്ന് പുറത്തായിരിക്കും. വീട്ടിലെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറില്ല.''
ഞാന്‍: ''നിങ്ങളുടെ ഭര്‍ത്താവിന്റെ കുറവുകള്‍ മാറ്റിയെടുക്കാന്‍ നിങ്ങളുടെ പദ്ധതിയെന്താണ്?''
അവര്‍: ''എന്തു പദ്ധതി? കുറവുകളൊക്കെ വ്യക്തമല്ലേ? മാറ്റം വേണമെന്ന് ഞാന്‍ അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടു. ഒരു ഫലവുമില്ല.''
ഞാന്‍: ''ലോകം മുഴുവന്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച ഒരാളുടെ കഥ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം. കുറേ വര്‍ഷങ്ങള്‍ അയാള്‍ കാത്തിരുന്നു. ഒന്നും മാറിയില്ല. പിന്നെ അയാള്‍ ആത്മഗതം ചെയ്തു: ഞാന്‍ എന്റെ സമൂഹത്തെ മാറ്റിയെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. കുറേ വര്‍ഷങ്ങള്‍ കാത്തത് മിച്ചം. മാറിയില്ല. പിന്നീട് അയാള്‍ ഉറപ്പിച്ചു: ഞാന്‍ എന്റെ കുടുംബത്തെ മാറ്റിയെടുക്കട്ടെ. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമൊന്നും അനുഭവപ്പെട്ടില്ല. പിന്നെ ഒടുവില്‍ അയാള്‍ തീരുമാനിച്ചു: എവിടെ നിന്ന് തുടങ്ങണമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. ഞാനാദ്യം എന്നെ മാറ്റട്ടെ. അങ്ങനെ അയാള്‍ തന്നെ മാറ്റിയെടുക്കുന്ന പ്രവൃത്തിയില്‍ മുഴുകി. അതോടെ അയാളുടെ കുടുംബത്തിലും പരിസരങ്ങളിലും മാറ്റം പ്രകടമായി തുടങ്ങി. ഇതാണ് അല്ലാഹു നിര്‍ദേശിച്ച രീതി: ഒരു സമൂഹത്തിന്റെയും അവസ്ഥ അവര്‍ മാറ്റാത്തിടത്തോളം അല്ലാഹു മാറ്റുകയില്ല'' (അന്നിസാഅ്).
അവര്‍: ''ഞാനെന്തു ചെയ്യണം?''
ഞാന്‍: ''നിങ്ങള്‍ നിങ്ങളുടെ കുറവുകളും ന്യൂനതകളുമൊക്കെ എന്നോടൊന്നു പറയൂ.''
അവര്‍: ''എന്റെ ന്യൂനതകളോ?''
ഞാന്‍: ''മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയാന്‍ എളുപ്പമാണ്. അതേസമയം നമ്മുടെ കുറവുകള്‍ പറയാന്‍ പ്രയാസവും. നിങ്ങള്‍ നിങ്ങളുടെ കുറ്റങ്ങളും കുറവുകളും മാറ്റിയെടുക്കാന്‍ എന്താണ് ചെയ്തത്?''
അവര്‍: ''ഞാനത് ചിന്തിച്ചിട്ടില്ല.''
ഞാന്‍: ''എങ്കില്‍ നിങ്ങള്‍ ഭര്‍ത്താവിന്റെ അടുത്തേക്കുതന്നെ തിരിച്ചുപോവുക. മാറ്റത്തിന് ഒരു പ്ലാന്‍ തയാറാക്കുക. എന്നിട്ട് മാറ്റം ആരംഭിക്കുക.''
അവര്‍: ''ഞാന്‍ സന്നദ്ധയാണ്. പക്ഷേ, നിങ്ങള്‍ എന്നോട് പറഞ്ഞതുപോലെ എന്റെ ഭര്‍ത്താവിനോടും പറയണം.''
ഞാന്‍: ''ശരി.''
മൂന്ന് ദിവസം കഴിഞ്ഞ് അവര്‍ തന്റെ ഭര്‍ത്താവിനെയും കൂട്ടി വന്നു. തന്റെ ഭാര്യ പറഞ്ഞതെല്ലാം അയാള്‍ എനിക്ക് വിശദീകരിച്ചുതന്നു. എന്റെ സംസാരം അയാളെ സന്തോഷിപ്പിച്ചുവെന്ന് അയാള്‍ തുറന്നുപറഞ്ഞു. അവളുടെ കുറേ ന്യൂനതകള്‍ അയാള്‍ എനിക്ക് പറഞ്ഞുതന്നു. ''ഞാന്‍ അവളോട് വളരെ മാന്യമായാണ് പെരുമാറുന്നത്. പക്ഷേ, അവള്‍ക്കെന്നും പരാതിയും കുറ്റപ്പെടുത്തലുമാണ്. നിരാശ കൊണ്ടാണ് ഞാന്‍ അധിക സമയവും വീട്ടിനു പുറത്ത് കഴിയുന്നത്. അവള്‍ക്ക് എന്നെ ഒരു ആദരവും ബഹുമാനവുമില്ല. നന്ദിയോടെ ഒരു വാക്ക് പറയില്ല. അങ്ങനെ അവളില്‍നിന്ന് അകലം പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചു.''
ഞാന്‍ പറഞ്ഞു: ''സ്വയം മാറാനും ഭാര്യയുടെ സ്വഭാവം മാറ്റിയെടുക്കാനും എന്താണ് നിങ്ങളുടെ പദ്ധതി?''
അയാള്‍: ''അക്കാര്യം ഞാന്‍ ചിന്തിച്ചിട്ടില്ല.''
ഇരുവരോടും സംസാരിച്ച് ഒരു തീര്‍പ്പിലെത്തി. ഓരോ കക്ഷിയും മറുകക്ഷിയുടെ കുറ്റങ്ങളും കുറവുകളും എഴുതിത്തന്നു. മാറ്റത്തിനുള്ള മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിച്ചു. ഓരോരുത്തരും എവിടെ നിന്ന് തുടങ്ങണമെന്ന് തീരുമാനിച്ചുറപ്പിച്ചു.
ഇരുവരും യാത്ര പറഞ്ഞിറങ്ങി. ആറു മാസം കഴിഞ്ഞിരിക്കണം. രണ്ടു പേരും എന്നെ ബന്ധപ്പെട്ടു പറഞ്ഞു: ''ഞങ്ങളുടെ ദാമ്പത്യജീവിതം വളരെയോറെ മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ സന്തുഷ്ടരാണ്.''
ഇതുപോലെ നിരവധി കേസുകള്‍ എന്റെ അടുത്തെത്താറുണ്ട്. ഇപ്പോള്‍ പറഞ്ഞ കേസില്‍ ഉണ്ടായതുപോലെ ഇരുവരുടെയും പൂര്‍ണ സഹകരണത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ചിലപ്പോള്‍ ഏതെങ്കിലും ഒരു കക്ഷിയില്‍നിന്നേ സഹകരണം ഉണ്ടാവൂ. ചില കേസുകളില്‍ ദമ്പതികള്‍ നേരിട്ട് വരില്ല. അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ വല്യുമ്മയോ വല്യുപ്പയോ കുടുംബാംഗങ്ങളോ മക്കളോ ആവും വരിക.
മറ്റൊരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. അഞ്ച് സഹോദരികള്‍ എന്റെ അടുത്ത് വന്നു. ആദ്യം ഞാന്‍ ധരിച്ചത് പ്രശ്‌നം അവര്‍ക്കിടയിലാണെന്നാണ്. വിശദീകരിച്ചപ്പോള്‍ മനസ്സിലായ പ്രശ്‌നം മാതാപിതാക്കള്‍ തമ്മിലാണെന്ന്. മാതാപിതാക്കളുടെ ബന്ധം നന്നാക്കിയെടുക്കാന്‍ ഞാന്‍ ചില രീതികള്‍ നിര്‍ദേശിച്ചുകൊടുക്കണമെന്നാണ് അവരുടെ ആവശ്യം. ഞാന്‍ നിര്‍ദേശം സമര്‍പ്പിച്ചു. പ്രശ്‌നപരിഹാരാര്‍ഥം കൈക്കൊള്ളേണ്ട നടപടികളും ഒന്നൊന്നായി വിശദീകരിച്ചുകൊടുത്തു.
കലുഷമായ ദാമ്പത്യബന്ധം നന്നാക്കിയെടുക്കാന്‍ ഫലപ്രദമായ രീതികളും പദ്ധതികളും കണ്ടെത്തുകയാണ് പ്രധാനം. അതിന് വിദഗ്ധരുടെ സഹായം വേണ്ടിവരും. അല്ലാഹുവിലുള്ള അര്‍പ്പണം അഥവാ തവക്കുലും പിന്നെ പ്രാര്‍ഥനയും. ഒട്ടുമിക്ക കേസുകളിലും വിജയിച്ച രീതിയാണിത്.
വേര്‍പിരിയാനുള്ള താല്‍പര്യത്തോടെ സമീപിച്ച ആദ്യ കേസിലെ സ്ത്രീ, സുഭദ്രമായ കുടുംബത്തിലെ സന്തോഷവതിയായ ഭാര്യയും ഗൃഹനായികയുമായി മാറിയതെങ്ങനെയെന്ന് നാം കണ്ടു.
ദാമ്പത്യജീവിതം നിരവധി അവസ്ഥാമാറ്റങ്ങള്‍ക്ക് വിധേയമാണ്. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മടുപ്പും വിരസതയും തോന്നാം. ഇത് സാമൂഹിക ജീവിതത്തിലെ ഒരു സ്വാഭാവിക പ്രതിഭാസമാണ്. സ്‌നേഹിതന്മാര്‍ക്കും സഹോദരങ്ങള്‍ക്കുമിടയില്‍ ഉണ്ടാവാറില്ലേ ചിലപ്പോഴൊക്കെ ഇങ്ങനെ? ഇവ നേരിടാന്‍ നാം എന്ത് സമീപനം സ്വീകരിക്കുന്നു, സ്ഥിതി മെച്ചപ്പെടുത്താന്‍ ഏതെല്ലാം രീതികള്‍ നാം അവലംബിക്കുന്നു എന്നതാണ് പ്രധാനം. നമ്മുടെ സന്തോഷവും സൗഭാഗ്യവും അതിനെ ആശ്രയിച്ചിരിക്കുന്നു.
വിവ: പി.കെ ജമാല്‍
Comments