സകാത്തും സാമൂഹിക വികസനവും ഇന്ത്യന്‍ സാഹചര്യത്തില്‍
'ദാരിദ്ര്യരേഖ'ക്ക് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പലതരം നിര്‍വചനങ്ങളുണ്ട്. അതുപോലെ ഇസ്‌ലാമിനുമുണ്ട് സ്വന്തമായ നിര്‍വചനം. ഇസ്‌ലാമിക കാഴ്ചപ്പാടില്‍, നിസാബ് (സകാത്ത് നിര്‍ബന്ധമാകുന്ന നിശ്ചിത അളവ് മൂല്യം) തികയാന്‍ സമ്പാദ്യമില്ലാത്തവന്‍ ദരിദ്രനാണ്; സകാത്ത് ഉപയോഗപ്പെടുത്തി അയാളെ സഹായിക്കണം. ഹസ്രത്ത് ഷാ വാലിയുല്ലാഹിദ്ദഹ്‌ലവിയുടെ അഭിപ്രായത്തില്‍, ഒരു കുടുംബത്തിന് ഒരു വര്‍ഷം അന്തസ്സുള്ള ജീവിതം നിലനിര്‍ത്താന്‍ ആവശ്യമായ ചുരുങ്ങിയ തുകയാണ് സകാത്തിന്റെ നിസാബ് (അഥവാ 75 ഗ്രാം സ്വര്‍ണമോ 525 ഗ്രാം വെള്ളിയോ തത്തുല്യമായ പണമിടപാടുകളോ. തുകയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളവരുമൂണ്ട്). അതുകൊണ്ട് ഇതിനെ ഇസ്‌ലാമിക ദാരിദ്ര്യരേഖയായി നിര്‍ണയിക്കാം. എന്നാല്‍ ഈ ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തില്‍ ദരിദ്രരുടെ എണ്ണം നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിലവിലില്ല.
ദാരിദ്ര്യരേഖ നിര്‍വചിക്കുന്ന രഘുരാജന്‍ കമ്മിറ്റിയുടെ മാനദണ്ഡം വെച്ച്, 2012-ല്‍ ഇന്ത്യയില്‍ 363 ദശലക്ഷം ദരിദ്ര ജനങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് ഉത്തര്‍പ്രദേശിലാണ് (81 ദശലക്ഷം), തൊട്ടുപിന്നാലെ ബീഹാര്‍ (44 ദശലക്ഷം), ശേഷം മധ്യപ്രദേശ് (33 ദശലക്ഷം), ശേഷം പശ്ചിമ ബംഗാള്‍ (28 ദശലക്ഷം). ഇന്ത്യയില്‍ ആകെ 363 ദശലക്ഷം ദരിദ്രര്‍. അതില്‍ 262 ദശലക്ഷം ഗ്രാമങ്ങളിലും ശേഷിച്ച 103 ദശലക്ഷം നഗര പ്രദേശങ്ങളിലും താമസിക്കുന്നവരാണ്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ബഹുമുഖ തന്ത്രങ്ങള്‍ ആവശ്യമാണ്. മെക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എം.ജി.ഐ), അതിന്റെ വളരെയേറെ പ്രശംസിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പരമ്പരാഗത 'ദാരിദ്ര്യരേഖ'ക്ക് പകരം 'ശാക്തീകരണ രേഖ' (ഋാുീംലൃാലി േഘശില) എന്ന ഒരാശയം അവതരിപ്പിക്കുന്നുണ്ട്. 'ശാക്തീകരണ രേഖ' എന്നത് എട്ടു അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ചുരുങ്ങിയ ചെലവ് അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യ അനുപാതമാണ്. ഇന്ത്യയിലെ ദരിദ്രരുടെ ജീവിത നിലവാരം 'ശാക്തീകരണ രേഖ' എന്ന നിലയിലേക്ക് ഉയര്‍ത്താനുള്ള ഒരു നാലിന പരിപാടി അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
'ശാക്തീകരണ വിടവ്' (ഋാുീംലൃാലി േഏമു) പരിഹരിക്കുന്നതിന് എം.ജി.ഐ 3,32,000 കോടി രൂപ(69 ബില്യന്‍ ഡോളര്‍)യാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ നിലവിലുള്ള ഉപഭോഗവും ശാക്തീകരണ രേഖയായി നിശ്ചയിച്ചിരിക്കുന്ന നിലവാരവും തമ്മിലുള്ള വ്യത്യാസമാണ് ശാക്തീകരണ വിടവ്. നിലവിലെ ദാരിദ്ര്യ വിടവ് (ജീ്‌ലൃ്യേ ഏമു) 10 ബില്യന്‍ ഡോളര്‍ വരുമെന്നാണ് കണക്ക്. സകാത്തിനെ വിശകലന വിധേയമാക്കുമ്പോള്‍ ഈ രണ്ടു കണക്കുകള്‍, അതായത് ശാക്തീകരണ വിടവും (69 ബില്യന്‍ ഡോളര്‍), ദാരിദ്ര്യ വിടവും (10 ബില്യന്‍ ഡോളര്‍) നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ ദാരിദ്ര്യം സാമ്പത്തിക വളര്‍ച്ച കുറഞ്ഞതുകൊണ്ടോ വിഭവങ്ങള്‍ കുറഞ്ഞതുകൊണ്ടോ ഉണ്ടായിട്ടുള്ളതല്ല. ഇത് പ്രധാനമായും വിതരണത്തിലുള്ള പരാജയം തന്നെയാണ്. സാമ്പത്തികവളര്‍ച്ചയുണ്ടാകുമ്പോള്‍ അസമത്വം കുറയുന്നതാണ് മിക്ക രാജ്യങ്ങളിലും കണ്ടുവരുന്നത്. എന്നാല്‍ ഇതിന് തികച്ചും വിപരീതമാണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി വളര്‍ച്ചാ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ക്രെഡിറ്റ് സൂയിസ് ഗ്രൂപ്പ് എജിയുടെ (ഇൃലറശ േടൗശലൈ ഏൃീൗു അഏ) റിപ്പോര്‍ട്ടിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തിലെ സമ്പത്തിന്റെ 58.7 ശതമാനവും ഒരു ശതമാനം വരുന്ന സമ്പന്ന വര്‍ഗം കൈയടക്കി വെച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 53 ശതമാനമായിരുന്നു. 2010-ല്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ 10 ശതമാനം പേര്‍ മൊത്തം സമ്പത്തിന്റെ 68.8 ശതമാനം കൈയടക്കിവെച്ചിരുന്നത് 2016 ആയപ്പോഴേക്കും 80.7 ശതമാനം ആയി വര്‍ധിച്ചു. മറുവശത്ത്, ഇന്ത്യന്‍ ജനതയുടെ പകുതി ജനങ്ങളുടെ കൈവശമുള്ളത് രാജ്യത്തിന്റെ സമ്പത്തിന്റെ 2.1 ശതമാനം മാത്രമാണ്.
അസമത്വമാണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെയും നയതന്ത്രജ്ഞരുടെയും മുന്നിലെ പ്രധാന വെല്ലുവിളികളിലൊന്നാണിത്. ഈ വര്‍ഷത്തെ വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നും ഇത് തന്നെയായിരുന്നു.
സകാത്തും മറ്റു ദാരിദ്ര്യനിര്‍മാര്‍ജന ഫണ്ടുകളും
ലോകമെമ്പാടുമുള്ള പരമ്പരാഗത നികുതികളില്‍നിന്ന് വ്യത്യസ്തമായി, സകാത്ത് വരുമാനത്തിനു മേലല്ല ചുമത്തുന്നത്; മൊത്തം ആസ്തി മൂല്യത്തിനോ അല്ലെങ്കില്‍ മൊത്തം സ്റ്റോക്കുകള്‍ക്കോ ആണ്. ആസ്തി മൂല്യത്തിന്റെ 2.5 ശതമാനം എന്ന തോതില്‍ ഇത് വര്‍ഷം തോറും ശേഖരിക്കുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി വന്‍തോതിലുള്ള ഫണ്ടുകള്‍ ലഭ്യമാക്കാന്‍ ഈ രീതി സഹായകമാകുന്നു.
വേള്‍ഡ് ഗോള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം 24,000 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോഴത്തെ വിലനിലവാരം പ്രകാരം 1077 ബില്യന്‍ യുഎസ് ഡോളറിന് തുല്യമാണത് (ഏകദേശം 72 ലക്ഷം കോടി രൂപ). അതിന്റെ സകാത്തായി 2.5ശതമാനം കണക്കാക്കിയാല്‍ 27 ബില്യണ്‍ ഡോളര്‍ വരും. നേരത്തെ പരാമര്‍ശിച്ച 'ദാരിദ്ര്യ വിടവി'ന്റെ (10 ബില്യന്‍ യുഎസ് ഡോളര്‍) പല മടങ്ങ് വലിയ തുകയാണത്. 2018-19 യൂനിയന്‍ ബജറ്റില്‍ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ വകയിരുത്തിയ തുകയേക്കാള്‍ കൂടുതലാണ് ഇത്. നമ്മള്‍ കോര്‍പറേറ്റ് ആസ്തികള്‍ വെച്ച് പരിശോധിച്ചാല്‍, വെറും പത്ത് വലിയ കമ്പനികളില്‍നിന്ന് 14 ബില്യന്‍ ഡോളര്‍ സകാത്ത് പിരിക്കാനുണ്ടാവും. അത് നിര്‍ണയിക്കപ്പെട്ട ദാരിദ്ര്യ വിടവിനേക്കാള്‍ വളരെ കൂടുതലാണ്.
സകാത്ത് : നിക്ഷേപ പ്രോത്സാഹനത്തിന്, തൊഴില്‍ വര്‍ധനവിന്
മൊത്തം ആസ്തി നികുതി (ഏൃീ ൈഅലൈ േഠമഃ) സകാത്ത് പോലെ തന്നെ ആസ്തികളുടെ ഉല്‍പാദനപരമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നികുതി സംവിധാനമാണ്. ചില രാജ്യങ്ങളിലെ 'സ്വത്ത് നികുതി' ക്ക് സമാനമാണ് ഇത്. പെന്‍സില്‍വാനിയ സര്‍വകലാശാല ലോ കോളേജ് പ്രഫസര്‍മാരായ ഡേവിഡ് ഷാകോവ്, റീഡ് ഷുള്‍ഡൈനര്‍ എന്നിവര്‍ അഭിപ്രായപ്പെടുന്നത്, 'ഉല്‍പാദനപരമായി ഉപയോഗപ്പെടുത്താത്ത മൂലധനത്തിനും വെല്‍ത്ത് ടാക്‌സ് ബാധകമാകുന്നു. അതുകൊണ്ട് തന്നെ വെല്‍ത്ത് ടാക്‌സ് മൂലധനത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന വരുമാനത്തിന്റെ ടാക്‌സായി കണക്കാക്കപ്പെടുന്നു.'
മന്ദഗതിയിലുള്ള വളര്‍ച്ചയുടെയും ദാരിദ്ര്യത്തിന്റെയും കാരണങ്ങളിലൊന്ന്, ഉല്‍പാദനസ്വഭാവമുള്ള വസ്തുക്കളുടെ ഉല്‍പാദനപരമല്ലാത്ത നിക്ഷേപമാണ്. അത്തരം പൂഴ്ത്തിവയ്പ്പുകളെ സകാത്ത് നിരുത്സാഹപ്പെടുത്തുന്നു. അസറ്റ് മൂല്യത്തിന്റെ 2.5ശതമാനം സകാത്ത് നല്‍കേണ്ടി വരുന്നതിനാല്‍ സമ്പത്ത് കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ആളുകള്‍ പരമാവധി ശ്രമിക്കുന്നു. ഈ ആസ്തികള്‍ ഉപയോഗിച്ച് കുറഞ്ഞത് 2.5ശതമാനം ലാഭം ഉണ്ടാക്കാന്‍ തയാറാകുന്നില്ലെങ്കില്‍ വാര്‍ഷിക സകാത്ത് ഈ ആസ്തിയില്‍നിന്ന് എടുത്ത് കൊടുക്കേണ്ടി വരും. അതിനാല്‍ സമ്പത്ത് പൂഴ്ത്തിവെക്കുന്നത് തടയാന്‍ സകാത്തിന് കഴിയുന്നു. ആസ്തി വിലകളില്‍ കൃത്രിമ വര്‍ധന ഉണ്ടാകുന്നതിന് പൂഴ്ത്തിവെപ്പ് കാരണമാകും. പലപ്പോഴുമത് 'അസറ്റ് ബബിള്‍' എന്ന കുമിള ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, സകാത്ത് സംവിധാനം നിലവിലുണ്ടെങ്കില്‍ ഉല്‍പാദനക്ഷമതയില്ലാതെ വന്‍കിട സ്ഥല ഇടപാടുകള്‍ നടത്താന്‍ ജനം തയാറാവുകയില്ല. കാരണം എല്ലാ വര്‍ഷവും സകാത്തായി ആ പ്ലോട്ട് മൂല്യത്തിന്റെ 2.5 ശതമാനം വീതം അടക്കേണ്ടിവരും. അതുകൊണ്ടുതന്നെ, നിര്‍മാണാത്മകമായ ആവശ്യങ്ങള്‍ക്കല്ലാതെ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുന്നത് സകാത്ത് തടയുന്നു. പല ഇന്ത്യന്‍ നഗരങ്ങളും സാക്ഷ്യം വഹിച്ചത് പോലെ 'റിയല്‍ എസ്റ്റേറ്റ് പ്രൈസ് ബബിള്‍' പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു.
ആസ്തികള്‍ ഉല്‍പാദനപരമായി ഉപയോഗപ്പെടുത്തുമ്പോള്‍ ജി.ഡി.പി ഉയരുകയും തൊഴില്‍ വര്‍ധിക്കുകയും ചെയ്യുന്നു. സകാത്ത് വഴി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മറ്റൊരു വഴിയാണ് ഇത്. ഉദാഹരണത്തിന്, നേരത്തേ സൂചിപ്പിച്ചതുപോലെ, 24000 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ കുടുംബങ്ങള്‍ പൂഴ്ത്തിെവച്ചിട്ടുണ്ട്. അതിന്റെ ആകെ മൂല്യം ഒരു ട്രില്യന്‍ ഡോളര്‍ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുടമയായ ഇന്ത്യന്‍ റെയില്‍വേയുടെ ആകെ ആസ്തിയുടെ 15 ഇരട്ടിയാണിത്. ഇന്ത്യന്‍ റെയില്‍വേയില്‍ 13 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. സ്വര്‍ണത്തിന്റെ ഈ നിഷ്‌ക്രിയ ആസ്തികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയാണെങ്കില്‍, അതിലൂടെ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും എന്നര്‍ഥം. ഇത് വേള്‍ഡ് ലേബര്‍ ഓര്‍ഗനൈസേഷന്‍ ഈയിടെ ഇന്ത്യയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള തൊഴിലില്ലായ്മ കണക്കുകളെക്കാള്‍ മുകളില്‍ വരും. 2018 ല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ, അപകടസാധ്യതയുള്ള തൊഴിലുകള്‍, വര്‍ക്കിംഗ് പോവര്‍ട്ടി എന്നീ ഇനങ്ങളില്‍ പെടുന്ന 18.6 ദശലക്ഷം (1.86 കോടി) വ്യക്തികള്‍ ഉണ്ടായിരിക്കുമെന്നാണ് ഐ.എല്‍.ഒ (ഠവല കിലേൃിമശേീിമഹ ഘമയീൗൃ ഛൃഴമിശമെശേീി) വിലയിരുത്തുന്നത്.
സകാത്ത് എന്ന സമത്വ വിഭാവന
സമ്പദ്ഘടനയില്‍ തുല്യതയും സമത്വവും കൊണ്ടുവരുന്നതില്‍ അത്ഭുതകരമായ പങ്ക് വഹിക്കാന്‍് സകാത്തിന് സാധിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ, 'കാപ്പിറ്റല്‍ ഇന്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' എന്ന ഗ്രന്ഥത്തില്‍ വലിയ ചര്‍ച്ചക്ക് തിരി കൊളുത്തിയിരുന്നു. ഉയരുന്ന ആഗോള അസമത്വത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ പിക്കറ്റി തന്റെ ഗ്രന്ഥത്തില്‍ ശ്രമിക്കുന്നുണ്ട്. സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്കിനേക്കാള്‍ മൂലധന വരുമാനം ഉയരുമ്പോള്‍, സമ്പത്ത് 1 ശതമാനം മുതല്‍ 10 ശതമാനം വരെ സമ്പന്ന സമൂഹത്തിന്റെ കൈയിലായിത്തീരും എന്നാണ് അദ്ദേഹത്തിന്റെ വാദം. മൂലധന വരുമാനവും (ൃ) സാമ്പത്തിക വളര്‍ച്ചയും (ഴ) തമ്മിലുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ തത്ത്വം അടിസ്ഥാനമാക്കിയിട്ടുള്ളത്. അതായത് ലാഭം, ഡിവിഡന്റ്, പലിശ, വാടക, മറ്റു മൂലധന വരുമാനങ്ങള്‍ എന്നിവ ൃ ആയും മൊത്ത വരുമാനം ഴ ആയും കണക്കാക്കുന്നു. വളര്‍ച്ചാനിരക്ക് കുറവാണെങ്കില്‍, മൂലധനം തൊഴിലിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ധനം സമ്പാദിക്കുന്നു, ഇത് അസമത്വത്തിലേക്ക് നയിക്കുന്നു. ആദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാമ്പത്തിക വളര്‍ച്ചയെ (ഴ) മറികടക്കുന്ന മൂലധന വരുമാനവും (ൃ) അഥവാ (ൃ>ഴ) ആണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന് പ്രധാന ഹേതു.
പൈതൃക മുതലാളിത്തത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് പിക്കറ്റിയുടെ മറ്റൊരു വാദം. അത്തരം ഒരു സമ്പദ്്ഘടനയില്‍ പൈതൃക സമ്പത്തിനായിരിക്കും സംരംഭകത്വത്തേക്കാള്‍ മേല്‍ക്കൈ. അത് പ്രഭുജനാധിപത്യത്തിലേക്ക് നയിക്കുകയും യഥാര്‍ഥ സംരംഭകത്വത്തിന് വിലങ്ങുതടിയായി തീരുകയും ചെയ്യുന്നു.
ഈ പ്രശ്‌നം മറികടക്കാന്‍ പിക്കറ്റി ഉള്ളവനും ഇല്ലാത്തനും തമ്മിലുള്ള അന്തരം അഥവാ ൃ>ഴ കുറക്കാന്‍ നിര്‍ദേശിക്കുന്നു. ഇത് മൊത്തം ആസ്തികള്‍ക്ക് നികുതി ചുമത്തുന്നതിലൂടെ ചെയ്യാം. അങ്ങനെ വരുമാനത്തിന്റെ ഒരു ഭാഗം ടാക്‌സ് വഴി ക്രമപ്പെടുത്താം. ഇത് മൂലധന വരുമാനത്തിന്റെയും വളര്‍ച്ചാ നിരക്കിന്റെയും ഇടയിലുള്ള വിടവ് കുറക്കുകയും ക്രമേണ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യും.
സകാത്ത് യഥാര്‍ഥത്തില്‍ ചെയ്യുന്നതും അതുതന്നെയാണ്. യാദൃഛികമാവാം, പിക്കറ്റിയുടെ മൂലധന ടാക്‌സ് നിരക്ക് സകാത്തിന്റെ നിരക്കിനോട് വളരെ ചേര്‍ന്നു നില്‍ക്കുന്നതാണ് (അദ്ദേഹം മുന്നോട്ടുവെക്കുന്ന നികുതി 2 ശതമാനമാണ്. സകാത്ത് 2.5 ശതമാനമാണല്ലോ).
അത്തരം നികുതിയില്ലെങ്കില്‍, സാമ്പത്തിക വളര്‍ച്ച കുറഞ്ഞ, അങ്ങേയറ്റം അസമത്വം നിറഞ്ഞ ഒരു ലോകമായിരിക്കും ഉണ്ടാവുകയെന്ന് പിക്കറ്റി പ്രവചിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ധാരാളം കണക്കുകള്‍ നിരത്തി അദ്ദേഹം പറയുന്നത്, നിക്ഷേപത്തിന് മേലുള്ള ശരാശരി വരുമാനം ഉല്‍പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള വരുമാനത്തെ മറികടക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാവുകയും വലിയ അസമത്വം സൃഷ്ടിക്കപ്പെടുകയും ചെയ്യും എന്നാണ്.
ഇന്ത്യന്‍ മുസ്‌ലിംകള്‍
ഇന്ത്യയിലെ മൊത്തം മുസ്‌ലിംകളുടെ 15.05 ശതമാനം ദരിദ്രരാണ് (ടെണ്ടുല്‍കര്‍ ലൈന്‍ പ്രകാരം). ഇത് പ്രകാരം ദാരിദ്ര്യ വിടവ് നികത്താന്‍ 1.5 ബില്യന്‍ ഡോളര്‍ വേണം, ശാക്തീകരണ വിടവ് നികത്താന്‍ 10.3 ബില്യന്‍ ഡോളറും. ഇന്ത്യയില്‍ സകാത്ത് ശേഖരിക്കുന്ന മൊത്തം സംഖ്യ 40000 കോടി രൂപ വരും (6 ബില്യന്‍ ഡോളര്‍). ഇത് ദാരിദ്ര്യ വിടവ് നികത്താന്‍ ധാരാളമാണ്. ഇനി ശാക്തീകരണ വിടവ് നികത്താനാണെങ്കിലും, അതിനോട് ബാക്കി സംഖ്യ കൂട്ടിച്ചേര്‍ക്കേണ്ടതായേ ഉള്ളൂ.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനാണ് സകാത്ത് തുക പൂര്‍ണമായി വിനിയോഗിക്കപ്പെടുന്നത് എന്ന് പറയാനാവില്ല. ഈ സകാത് വിഹിതത്തിലെ നല്ലൊരു ഭാഗം മുസ്‌ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ ശൃംഖലകളുടെ നടത്തിപ്പിനായി ഉപയോഗിച്ചുവരുന്നുണ്ട്. അത്തരം സ്ഥാപനങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് താനും. ഈ സ്ഥാപനങ്ങളാണ് ധാരാളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജന നടപടികളുടെ ഭാഗമായി തന്നെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തെയും നമുക്ക് കാണേണ്ടിവരും. ഇത് മുകളില്‍ പറഞ്ഞ ദാരിദ്ര്യനിര്‍മാര്‍ജന ബജറ്റുകളുടെ കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. ഒരു മദ്‌റസാ ബിരുദ വിദ്യാര്‍ഥിക്ക് മാന്യമായ ശമ്പളം ലഭിക്കുന്നിെല്ലങ്കിലും, ബിരുദാനന്തരം ദാരിദ്ര്യരേഖയുടെ മുകളിലേക്ക് വളരെ എളുപ്പത്തില്‍ ഉയര്‍ന്നുപോകാന്‍ അയാള്‍ക്ക് സാധിക്കും. മാത്രമല്ല, ശാക്തീകരണ രേഖപോലും അയാള്‍ എളുപ്പത്തില്‍ മറികടക്കുന്നു. എന്നിട്ടും എന്തു കൊണ്ടാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ ദാരിദ്ര്യാവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താന്‍ സകാത്തിന് സാധ്യമാകാത്തതെന്ന ചോദ്യം അവശേഷിക്കുന്നു.
വ്യവസ്ഥാപിത സകാത്ത് സംവിധാനം
ഇതിനു മൂന്ന് കാരണങ്ങളുണ്ട്. ആദ്യത്തെ കാരണം സകാത്ത് മുഴുവനായും കൊടുത്തുവീട്ടുന്നില്ല എന്നത് തന്നെയാണ്. സകാത്തിന്റെ മുഴുവന്‍ തുകയും കൃത്യമായി കണക്കാക്കി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നത് പ്രധാനമായും മധ്യവര്‍ഗ മുസ്‌ലിംകള്‍ മാത്രമാണ്. സമ്പന്നരായ മുസ്‌ലികള്‍ ഭൂരിപക്ഷവും കൃത്യമായ കണക്കുകൂട്ടിയല്ല സകാത്ത് നല്‍കുന്നത്. അത്തരക്കാര്‍ പൊതുവെ ഒരു നിശ്ചിത തുക സകാത്തായി കൊടുക്കുന്നു. ഇത് യഥാര്‍ഥത്തില്‍ കൊടുത്തുവീട്ടേണ്ട തുകയെ അപേക്ഷിച്ച് വളരെ കുറവായിരിക്കും.
രണ്ടാമത്തേതും കൂടുതല്‍ പ്രസക്തവുമായ കാരണം സകാത്ത് നല്‍കപ്പെടുന്ന രീതിയാണ്. സകാത്ത് നല്‍കുന്നവര്‍ പലരും കുറേ പേര്‍ക്ക് ചെറിയ തുക വിതരണം ചെയ്യുകയാണ്്. പലരും റമദാന്‍ കാലത്ത് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നു. റമദാനില്‍ നൂറുകണക്കിന് സ്വീകര്‍ത്താക്കളെ തങ്ങളുടെ വീടിന് മുന്നില്‍ ക്യൂനിര്‍ത്തി സകാത്ത് നല്‍കുന്ന സമ്പന്നരെയും നമുക്ക് കാണാം. സകാത്ത് ലഭിച്ചവരാവട്ടെ ഈ തുക സാധാരണഗതിയില്‍ വരാനിരിക്കുന്ന പെരുന്നാള്‍ ആഘോഷത്തിനു വേണ്ടി ചെലവഴിക്കുന്നു. ഇത്തരം ചിതറിയതും അസംഘടിതവുമായ സകാത്ത് കൊണ്ട് ദീര്‍ഘകാല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. ഇസ്‌ലാമിക പണ്ഡിതര്‍ പലരും ഈ രീതിയെ എതിര്‍ക്കുന്നവരാണ്. ഒരാള്‍ ദരിദ്രനും അഗതിയുമായി ദീര്‍ഘകാലം തുടരേണ്ടി വരാതിരിക്കത്തക്ക വിധം സകാത്ത് നല്‍കണമെന്നാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഈ അഭിപ്രായമുണ്ടായിരുന്ന നിരവധി പണ്ഡിതരെ ഇമാം നവവി ഉദ്ധരിക്കുന്നുണ്ട്.
മൂന്നാമത്തെ കാരണം സകാത്തിന്റെ സ്ഥാപനവല്‍ക്കരണത്തിന്റെ കുറവാണ്. സകാത്ത് ഒരു ഒരു സ്ഥാപന സംവിധാനമാകണം. ഒരു സ്ഥാപന സംവിധാനത്തിന് മാത്രമേ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ആസൂത്രിതവും ബഹുമുഖവുമായ നടപടികളെടുക്കാന്‍ കഴിയുകയുള്ളൂ. വ്യക്തിഗത വിതരണ രീതികള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. രാജ്യത്ത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട സകാത്ത് ശേഖരണ വിതരണ സംവിധാനങ്ങളുണ്ടെങ്കിലും അവ ചെറിയ പരീക്ഷണങ്ങള്‍ മാത്രമാണ്. എങ്കില്‍
പോലും, സ്ഥാപനവല്‍ക്കരിക്കപ്പെട്ട സകാത്ത് സംവിധാനങ്ങള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക വികസനവും ദാരിദ്ര്യനിര്‍മാര്‍ജനവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ അവയുടെ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും.
മുസ്‌ലിംകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട സകാത്ത് സംവിധാനങ്ങളിലൂടെ സകാത്ത് നല്‍കല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് നിരവധി ഇസ്‌ലാമിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. മൗലാനാ അബുല്‍ കലാം ആസാദ് പറയുന്നു: ''സകാത്തിന്റെ വ്യക്തിഗത വിതരണ രീതി ഇസ്‌ലാമിന്റെ യഥാര്‍ഥ താല്‍പര്യത്തിനും സകാത്തിന്റെ ലക്ഷ്യത്തിനും എതിരാണ്. ഇസ്‌ലാമിക സ്റ്റേറ്റിന്റെ അഭാവം ഇതിന് ഒരു ഒഴികഴിവല്ല. ജുമുഅക്കും നമസ്‌കാരത്തിനുമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് പോലെ മുസ്‌ലിംകള്‍ സംഘടിത സകാത്ത് സംവിധാനങ്ങള്‍ സ്ഥാപിക്കണം.'' മൗലാന മൗദൂദി, ശൈഖ്് ഖറദാവി തുടങ്ങിയവരും സമാന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലും നഗരങ്ങളിലും റെസിഡന്‍ഷ്യല്‍ കോളനികളോ പള്ളികളോ മറ്റോ കേന്ദ്രീകരിച്ച് സകാത്ത് സംഭരണ-വിതരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള യത്‌നങ്ങള്‍ ആരംഭിക്കാം. ക്രമേണ അവയെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി ഉയര്‍ത്തിക്കൊുവരാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് താഴെപ്പറയുന്ന ആസൂത്രണങ്ങള്‍ നടത്താവുന്നതാണ്.
1. ദരിദ്രരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും തിരിച്ചറിയുകയും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വികസന പദ്ധതികള്‍ കണ്ടെത്തുകയും ചെയ്യുക.
2. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക. അവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പുവരുത്തുക.
3. യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനവും സംരംഭകത്വ പരിശീലനവും നല്‍കുക.
4. ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, വ്യാപാര സാധനങ്ങള്‍, പ്രവര്‍ത്തന മൂലധനം മുതലായവക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി വായ്പ ലഭ്യമാക്കുക.
5. കാര്‍ഷിക ഉത്പന്നങ്ങള്‍, കോഴി വളര്‍ത്തല്‍, തേനീച്ച, തയ്യല്‍, വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ കാര്‍ഷിക അടിത്തറയുള്ള ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കുക.
6. വാഹനങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങിയ വരുമാനമുണ്ടാക്കാന്‍ ഉപകരിക്കുന്ന ആസ്തികള്‍ വാങ്ങുകയും കൈമാറുകയും ചെയ്യുക.
7. കുറഞ്ഞ ചെലവിലുള്ള ഭവന പദ്ധതികള്‍ നടപ്പാക്കുക.
8. വൈദ്യ ചികിത്സയും ആരോഗ്യസംരക്ഷണവും.
9. കടം തിരിച്ചടവിനുള്ള സംവിധാനങ്ങള്‍.
10. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവില്ലാത്തവര്‍ക്കുള്ള പെന്‍ഷന്‍.
ഇതിനായി നിലവിലുള്ള ഏതെങ്കിലും എന്‍ജിഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ പുതിയ എന്‍.ജി.ഒ. രൂപീകരിക്കുകയോ ചെയ്യാം.
സാധ്യമായ ഇടങ്ങളില്‍, മദ്‌റസകള്‍ക്കും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സകാത്തിന്റെ അര്‍ഹമായ വിഹിതം നീക്കിവെക്കാനുള്ള സംവിധാനമുാക്കാം. മദ്‌റസാ ഫണ്ടിംഗ് കൂടുതല്‍ സുതാര്യമാക്കാ
നും, തീര്‍ത്തും അനാവശ്യമായ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാതിരിക്കാനും ഒറ്റയാള്‍ പ്രസ്ഥാനമായി ഇത്തരം സ്ഥാപനങ്ങള്‍ മാറാതിരിക്കാനും ഇത് പ്രയോജനപ്പെടും. ശരിക്കും അര്‍ഹതയുള്ള മദ്‌റസകള്‍ക്ക് ആവശ്യമായ ഫണ്ട് എത്തിക്കാനും ഇതുവഴി സാധിക്കും.
ഇതൊന്നും സാധ്യമല്ലാത്ത ഇടങ്ങളില്‍, സകാത്തിന്റെ ഒരു ഭാഗം (ഉദാഹരണത്തിന് 50 ശതമാനം) മാത്രം ശേഖരിച്ച് തുടങ്ങാം. ബാക്കി ഭാഗം സകാത്ത് ദായകര്‍ അവരുടെ ബന്ധുക്കള്‍ക്കും മറ്റു അവകാശികള്‍ക്കും തങ്ങളുടെ വിവേചനാധികാരം വെച്ച് അവരുടെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി നല്‍കട്ടെ.
ഇങ്ങനെ സകാത്ത് സംഭരണത്തിന്റെയും വിതരണത്തിന്റെയും വ്യവസ്ഥാപിതത്വം സകാത്തിന്റെ തോത് അതിന്റെ യഥാര്‍ഥ അളവിലേക്ക് ഉയര്‍ത്തിക്കൊുവരാന്‍ സഹായിക്കും. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാകുന്നതോടെ സമ്പന്നരെ സകാത്തിനെപ്പറ്റി ബോധവത്കരിക്കാനും അവരുടെ ആസ്തികളുടെ കൃത്യമായ കണക്കുകൂട്ടി സകാത്ത് നല്‍കാന്‍ അവരെ പ്രേരിപ്പിക്കാനും സാധ്യമാവുന്നു.
ഇത്തരം ചുവടു വെപ്പുകള്‍ നടത്താനുള്ള സമയം വളരെ അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ പ്രാദേശിക തലങ്ങളില്‍ വ്യവസ്ഥാപിത സകാത്ത് സംവിധാനങ്ങള്‍ക്ക് തുടക്കം കുറിക്കണം. വ്യവസ്ഥാപിത സംവിധാനത്തിലേക്ക് സകാത്തിന്റെ ഒരു ഓഹരിയെങ്കിലും കൊണ്ടുവരുന്നതില്‍ നാം വിജയിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ നമുക്ക് സാധിക്കും. സകാത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യവും ആത്മാവും അതുതന്നെയാണ്.
വിവ: ഒ.കെ ഫാരിസ്
Comments