Prabodhanm Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

നീതിയുടെ തേന്മാരി പെയ്തപ്പോള്‍ ബദ്‌റില്‍ സംഭവിച്ചത്

പി.ടി കുഞ്ഞാലി

സ്വന്തം വിശ്വാസബോധ്യത്തിന്റെ പേരില്‍ മാത്രം ഒരു ജനത പിതൃദേശത്തുനിന്ന് നിസ്വരും നിസ്സഹായരുമായി നിര്‍ദയം തുരത്തപ്പെടുന്നു. ഏകദൈവ സ്‌നേഹത്തിന്റെ മാത്രം ദ്രവ്യക്കിഴിയുമായി അവരപ്പോള്‍ വിദൂര മരുപ്പച്ചയായ യസ്‌രിബിലേക്ക് പ്രാണാര്‍ഥികളാകുന്നു. ഇവര്‍ ജന്മദേശത്ത് ഉപേക്ഷിക്കേണ്ടിവന്ന സ്ഥാവര ജംഗമങ്ങളത്രയും കൊള്ള ചെയ്തിട്ടും ഈ ശുദ്ധമാനസരെ ജീവിക്കാന്‍ അനുവദിക്കാതെ ശൂലക്കൂര്‍പ്പുകളും ഖഡ്ഗത്തലപ്പുകളുമായി വേട്ടയാടാന്‍ ചുരമാന്തി ഓടുന്ന സ്വദേശത്തെ വൈരികള്‍ സഹികതയുടെ ഒടുവില്‍ സ്വാഭാവികമായും  ബദ്‌റിന്റെ ചന്തത്തുറസ്സില്‍ ഒരു മുഖാമുഖം. ഇത് 'ബദ്ര്‍'.

തങ്ങളുടെ വാളറ്റങ്ങള്‍ക്കൊന്ന് തുള്ളിമറിയാന്‍ മാത്രമേ യസ്‌രിബിലെ പുതിയ ആചാര്യനും അനുചാരികളുമുള്ളൂ എന്ന മൂഢബോധ്യമാണ് സത്യത്തില്‍ ഉമ്മുല്‍ഖുറായിലെ അഹങ്കാരക്കൂട്ടത്തെ ബദ്‌റിലേക്ക് ഒട്ടകം കയറ്റിയത്. സന്നാഹശുഷ്‌കതകള്‍ ആകുലതകള്‍ പടര്‍ത്തിയാണ് യസ്‌രിബിലെ വിശ്വാസികള്‍ പക്ഷേ ബദ്‌റിലേക്ക് പാളയം കയറിയതെങ്കില്‍ ഖുറൈശികളുടെ അഹങ്കാരം തുള്ളിയാര്‍ത്തത് സര്‍വസന്നാഹങ്ങളുടെ ആത്മവിശ്വാസത്തിലാണ്. ബദ്‌റിലെ മുസ്‌ലിം സൈന്യം മക്കയുടെ ചിന്തയിലേ ഇല്ലായിരുന്നു. അതവര്‍ക്ക് ദഫ് മുട്ടി  ജയിക്കാനാവും. അല്ലെങ്കില്‍ ഒരാളെ ജയിക്കാന്‍ മൂന്നുപേര്‍ എന്നത് സാമാന്യയുക്തിയെ തൃപ്തിപ്പെടുത്തുന്നതാണല്ലോ. മക്കയുടെ ഉന്നം മദീന തന്നെയായിരുന്നു. അതുകൊണ്ടാണവര്‍ യുദ്ധത്തലേന്ന് ബദ്‌റില്‍ ആഘോഷങ്ങളില്‍ മുഴുകിയത്. 

സത്യത്തില്‍ ബദ്ര്‍ അഹങ്കാരവും വിനയവും തമ്മിലുള്ള മുഖാമുഖം കൂടിയായിരുന്നു. അങ്ങനെ ഖഡ്ഗങ്ങള്‍ ആര്‍പ്പിട്ടു പരസ്പരം തുള്ളിത്തെറിച്ചു. ശൂലമുനകള്‍ സൈനികദളങ്ങളുടെ നെഞ്ചകം തകര്‍ത്തു.  ആയുധിയുടെ ഝംകാരഘോരം കൊണ്ട് ബദ്‌റിലെ ആകാശം ശോണിമയാര്‍ന്നു. മദീനക്കത് അടിച്ചേല്‍പ്പിച്ച യുദ്ധമായിരുന്നു. തങ്ങളുടെ വിശ്വാസത്തെ എവിടെങ്കിലുമൊന്ന് നനച്ചു പോറ്റാനുള്ള മിതമായ ആഗ്രഹം മാത്രം. സ്വന്തം ജന്മദേശത്തു മാത്രമല്ല പലായനം പോയ അപരിചിത ഗ്രാമത്തിലും പൊറുക്കാന്‍ പറ്റാതായാല്‍ പിന്നെ എന്തു ചെയ്യും? മക്കാ ഖുറൈശികളുടെ കൈനിലകളില്‍ യുദ്ധത്തലേന്നുകള്‍ ആര്‍പ്പും വായ്കുരവയും ആര്‍ഭാടസദ്യയും. അവര്‍ക്ക് നാളെ ജയഭേരിയാണ്. ബദ്ര്‍ അവര്‍ക്ക് ഉന്നമേയല്ല. അവരുടെ നോട്ടം മദീനയാണല്ലോ.

പ്രവാചകന്റെ ഖൈമകളില്‍ പ്രാര്‍ഥനയുടെ വിനീതഭാവം. അവര്‍ക്ക് നാളെ ഉതവിയാല്‍ പടയെടുക്കേണ്ടത് മക്കക്കുതിരകളോടാണ്. അതുകൊണ്ടുതന്നെയവര്‍ അന്ന് അംഗസ്‌നാനം ചെയ്തത് പ്രാര്‍ഥനയുടെ വിശുദ്ധ തീര്‍ഥം കൊണ്ട്. 

പ്രഭാതത്തില്‍ തുടങ്ങിയ യുദ്ധത്തിന്റെ ഗതി ഏറെ വൈകാതെ തന്നെ തീരുമാനമായി. മക്കയുടെ അഹങ്കാര മസ്തകം തകര്‍ത്ത് മദീനയുടെ വിനയം വെന്നി നേടിയ യുദ്ധം. ഒന്നേ സമം മൂന്നെന്ന ഗണിതശാസ്ത്രയുക്തി ഭൗതികമാത്ര പ്രധാനമാണെന്നും ഈ യുക്തി അപ്പാടെ റദ്ദാക്കപ്പെടുന്ന മറ്റൊരു സത്യപ്രതലമുണ്ടെന്നുമുള്ള ബോധ്യം പ്രവാചകനും അനുചാരികളും എന്നേ കാത്തുപോറ്റിയതാണല്ലോ. അതുകൊണ്ടാണ് പ്രവാചകന്‍ ഈ ന്യൂനത്തെയുമായി പടപ്പറമ്പിലേക്ക് സന്നാഹപ്പെട്ടത്. 

ഖുറൈശികളുടെ അഹങ്കാരപ്പട ശിഥിലമായി. അവരുടെ നേതൃശൂരതകളൊക്കെയും പടപ്പറമ്പില്‍ മറിഞ്ഞുവീണു. അബുല്‍ഹകമും ഉത്ബയും ശൈബയും. അങ്ങനെ പടനായകരൊക്കെയും മൃതപ്രായരായി രണഭൂമിയില്‍ ഏങ്ങിക്കരഞ്ഞു. പടതോറ്റു പാഞ്ഞ ശിഷ്ടസൈന്യം ഇരുളിന്റെ മറപറ്റിയും മുഹമ്മദിനെ പഴിച്ചും മലയിടുക്കുകളിലൂടെ മക്കയിലേക്ക് വേച്ചുനടന്നു. മദീന കൈയേറാന്‍ കിനാവു കണ്ടവര്‍ ബദ്‌റില്‍ തോറ്റതിന് പരസ്പരം പഴി പറഞ്ഞു. പരിക്കു പറ്റിയവരെ പടപ്പറമ്പിലുപേക്ഷിച്ചും മൃതരെ ആചാരവിധി പ്രകാരം മണ്ണിട്ടു മൂടാതെയുമാണ് സ്വന്തം സുഹൃത്തുക്കള്‍ ബദ്ര്‍ വിട്ടത്. അവര്‍ എയ്തയച്ച ശരങ്ങളേക്കാള്‍ വേഗമുണ്ടായിരുന്നു  ആ കുതികുത്തി ഓട്ടത്തിന്. പ്രവാചകനും അനുചാരികളും മൂന്നു പകലുകള്‍ ബദ്‌റില്‍ പാര്‍ത്തു. തങ്ങളെ റാഞ്ചിക്കുടയാന്‍ പേശി കാട്ടിക്കുതറിയ  ആജന്മശത്രുക്കളോടാണ്  ഇവര്‍ നിര്‍ബന്ധിതത്വത്തില്‍ കൊണ്ടേറ്റത്. അതാകട്ടെ ചരിത്രത്തില്‍ ഇന്നോളം രേഖീയമായ യുദ്ധഗാഥകൡ ഏറ്റവും ഉജ്ജ്വലമായതും. ചതിപ്രയോഗങ്ങളില്ല, കള്ളപ്പകിടകളില്ല;  നേര്‍നിന്നുള്ള ഒരു നേരിടല്‍. 

ശത്രുസഖ്യങ്ങള്‍ കുതികുത്തി മണ്ടിയ പടപ്പറമ്പിലേക്ക് ഏറെ ഖിന്നതയോടെ  നോക്കിനിന്നു പ്രവാചകന്‍. അപ്പോള്‍ ആ മിഴിക്കോണുകളില്‍ ഗതകാല സ്മൃതികള്‍ വികാര തീവ്രതയോടെ ഇരമ്പിമറിഞ്ഞു. അരനൂറ്റാണ്ടിലേറെ താന്‍ ജീവിച്ചു തീര്‍ത്ത സ്വന്തം പിതൃഗ്രാമം. സുഹൃത്തുക്കള്‍, കളിക്കൂട്ടുകാര്‍, ബാല്യം വളര്‍ന്ന മണിമുറ്റങ്ങള്‍, വിരുന്നു പാര്‍ത്ത ബന്ധുഗൃഹങ്ങള്‍, അവിടങ്ങളില്‍ തനിക്ക് വിളമ്പിക്കിട്ടിയ 'സരീദും കസീറ'യും. മേച്ചുനടന്ന ഒട്ടകക്കൂട്ടങ്ങള്‍. തന്റെ പിന്നാലെ തുള്ളിയോടിയ കുഞ്ഞാടിന്‍ പറ്റങ്ങള്‍.  ദുല്‍ഹുലൈഫയിലെ ചന്തകള്‍.  ഉക്കാളിലെ കാവ്യസന്ധ്യകള്‍. അവിടങ്ങളിലൊക്കെ താന്‍ കണ്ടുനടന്ന മുഖങ്ങള്‍. തന്നെ സ്വന്തം ഗ്രാമത്തില്‍ നിന്നും തുരത്തിയോടിച്ചവര്‍. തന്നെ ശരീരം കൊണ്ടുപദ്രവിച്ചവര്‍, മനസ്സിലേക്ക് നോവു കോരിയെറിഞ്ഞവര്‍, തന്റെ പെണ്‍മക്കളെ പെരുവഴിയില്‍ തള്ളിയവര്‍, വഴി തടഞ്ഞവര്‍, പരിഹസിച്ചവര്‍ ഇവരൊക്കെയാണ് ബദ്‌റില്‍ തന്റെ മുന്നില്‍  വന്ന് കരിങ്കാവടി തുള്ളിയത്. ഇന്ന് എല്ലാം അസ്തമിച്ച് കിതച്ചോടുന്നവര്‍, മൃതമായവര്‍. എല്ലാവരെയും ഒന്ന് മനസ്സാ കണ്ടുപോയി പ്രവാചകന്‍.

ആ മനസ്സിലിപ്പോള്‍ വിജിഗീഷുവിന്റെ അന്ധതകളില്ല. താന്‍ ഏറ്റുവാങ്ങിയ പീഡകള്‍ക്കൊക്കെ ഇരട്ടിയില്‍ ഇരട്ടിയായി പകരം ചാര്‍ത്താന്‍  ആ കൈതാരുകള്‍ അന്ന് നൃത്തം ചെയ്തില്ല. മക്കന്‍ സൈന്യത്തിന്റെ ഒപ്പമെത്തിയ സ്ത്രീ സമൂഹമൊക്കെയും  സമ്പൂര്‍ണമായും സുരക്ഷിതര്‍. എങ്ങനെയും വശമാക്കാന്‍ മാത്രം നിസ്സഹായരായ ആ അബലകള്‍ക്കു നേരെ പ്രവാചകന്റെയോ അനുചാരിക്കൂട്ടത്തിന്റെയോ ഒരു നോട്ടം പോലും തറച്ചുനിന്നില്ല. അവരുടെ ആഭരണക്കൂട്ടങ്ങളൊന്നും വിശ്വാസികളിലെ ഒരു ദരിദ്രനും പറിച്ചെടുത്തില്ല. പരിക്കേറ്റും കൂട്ടം തെറ്റിയും അപ്രതീക്ഷിതാഘാതത്തില്‍ സ്ഥലഭ്രമം പറ്റിയവരില്‍ ഒരാളെപ്പോലും യുദ്ധം പിരിഞ്ഞതോടെ ആരും ഉപദ്രവിച്ചതേ ഇല്ല. സ്വന്തം പടയാളികളുടെ ശുശ്രൂഷ എത്ര സൂക്ഷ്മമോ അതേ ക്ഷമതയില്‍ ശത്രുസൈനികനും ശുശ്രൂഷിക്കപ്പെട്ടു. വഴിതെറ്റിയലഞ്ഞ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതരായി മക്കക്കഭിമുഖം തിരിച്ചയച്ചു. പടയൊടുങ്ങിയതോടെ പൂര്‍വവൈരങ്ങളൊന്നും സടയെടുത്തില്ല. ഇതിനെല്ലാം വിനീത കാര്‍മികനായി പ്രവാചകന്‍ തന്നെ സജീവമായി. ഒരു വ്യാഴവട്ടം താന്‍ അനുയായികളിലേക്ക് പ്രക്ഷേപിച്ച ജീവിതമര്യാദകളുടെ ദിവ്യശാസനകള്‍ അവരില്‍ പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആ മുഖം ഏറെ വിശ്രാന്തമായി. അനുയായികളെയുമായി അദ്ദേഹം കുടീരത്തില്‍നിന്ന് പടപ്പറമ്പിലേക്കിറങ്ങി.  തന്നെ കടിച്ചുകീറാന്‍ തുള്ളിയാര്‍ത്ത അങ്കപ്പെരുമാക്കന്മാരെയൊക്കെയും ജയം നല്‍കിയ വിനീതഭാവത്തില്‍ അദ്ദേഹം നോക്കിനിന്നു. ജീവന്‍ വാര്‍ന്നുപോയ ആ ജഡശേഷിപ്പിനെ വേണ്ടരീതിയില്‍ പുരസ്‌കരിച്ചു. അതൊക്കെയും ഏറെ ആദരവോടെ മണ്ണിട്ടുമൂടി. ഓരോ ദേഹവും മണ്ണിലേക്കയക്കുമ്പോഴും അദ്ദേഹം അവരുടെ പേര് ചൊല്ലി വിളിച്ചു. എന്നിട്ട് പതിയെ പറയാന്‍ ശ്രമിച്ചു; 'ഞാന്‍ പറഞ്ഞില്ലയോ നിങ്ങളോട്. അതുകൊണ്ടല്ലോ ഈയൊരു പരിണതി ഏല്‍ക്കേണ്ടിവന്നത്.' പടയോട്ടത്തിന്റെ മൂര്‍ച്ചയില്‍ ശിരസ്സ് വേര്‍പെട്ടുപോയ അബുല്‍ ഹകമിനെ കണ്ടപ്പോള്‍ ആ മനസ്സ് സ്തബ്ധമായി. എന്തൊക്കെ ഓര്‍മകളാണ് മനസ്സിന്റെ അഭ്രത്തില്‍ അന്നു തെളിഞ്ഞു മിന്നിയത്. അന്നു സന്ധ്യയോടെ ബദ്‌റിന്റെ പടപ്പറമ്പ് വിശ്വാസികള്‍ പൂര്‍വാവസ്ഥയാക്കി. 

അടുത്ത പ്രഭാതത്തില്‍ കുടീരം പൊളിച്ച് പ്രവാചകനും സൈന്യവും ദേശത്തിലേക്കു സഞ്ചാരികളായി.  ഏത് ഭക്തിസാന്ദ്രതയോടെയും വിനമ്രതയോടെയുമാണോ ദിനങ്ങള്‍ക്കു മുമ്പ് ബദ്‌റിലേക്കിവര്‍ സഞ്ചാരികളായത് അതിനേക്കാള്‍ ഖനീഭവിച്ച ഭക്തിപാരവശ്യത്തോടെ, അതിനേക്കാള്‍ ഉദാത്തമായ ചുമതലാഭാരത്തോടെ. തിരിച്ചു പോകുമ്പോള്‍ അവരുടെ കൂടെയുള്ളതെന്തെന്നുകൂടി നാമറിയണം. മദീന ഇതുവരെ സ്വപ്‌നത്തില്‍ കാണാത്തത്ര ദ്രവ്യപ്പെരുമകള്‍. ചോന്നു തുടുത്ത മക്കക്കുതിരകള്‍. പൂഞ്ഞ കൊഴുത്ത ഒട്ടകക്കൂട്ടങ്ങള്‍. ഇവക്കൊക്കെ മുതുകു കുനിയാന്‍ പാകത്തില്‍ ശത്രുവിന്റെ ആയുധക്കൂനകള്‍. മദീന സമൃദ്ധവും സുരക്ഷിതവുമാവുകയാണ്. ഇത് മാത്രമല്ല ഇവരോടൊത്തുള്ളത്. പ്രവാചകന്റെ ശുഷ്‌കസൈന്യം തടവില്‍ പിടിച്ച മക്കയിലെ എഴുപത് പ്രഭുക്കന്മാരുണ്ട്. മദീനയെ കുടഞ്ഞെറിഞ്ഞു പ്രവാചകന്റെ പള്ളിയില്‍ മക്കയിലെ പ്രഭുസഭ കൂടാന്‍ പ്രതിജ്ഞ നോറ്റിറങ്ങിയവര്‍. മസ്തകം തകര്‍ന്ന് ഇന്നിവര്‍ മുഹമ്മദിന്റെ കരുണക്കു മുന്നില്‍ വിനീതവിധേയരാണ്. തങ്ങളില്‍ ഏതു വിധി വേണമെങ്കിലും മുഹമ്മദിന് പ്രവര്‍ത്തിക്കാം. ഒരു ദാക്ഷിണ്യവും ഞങ്ങള്‍ അര്‍ഹിക്കുന്നില്ല.  കാരണം അത്ര വലിയ വേതാള കുടിലതയാണ് ഇന്നലെ സന്ധ്യ വരെ ഞങ്ങള്‍ ഇവരോട് ചെയ്തത്. ഈ നിനവുകള്‍ ഇന്നവരുടെ സ്മൃതിക്കോണുകളില്‍ പെരും ഖേദമായി ഖനീഭവിച്ചുനിന്നു. ഇവരൊക്കെയും ഉമ്മുല്‍ഖുറായിലെ മഹാജന സാന്നിധ്യങ്ങളാണ്.  ഗോത്രനേതാക്കള്‍, സഭാംഗങ്ങള്‍, സചിവോത്തമന്മാര്‍, തന്ത്രിമുഖ്യര്‍, സൂത്രശാലികളായ രാഷ്ട്രീയക്കാര്‍, പ്രഭാഷകര്‍, വര്‍ത്തക പ്രവരര്‍. ഇവരൊക്കെയും പ്രതീക്ഷിക്കുന്നത്  തങ്ങളുടെ കണ്ഠം ഛേദിക്കുന്ന ഖഡ്ഗപുളപ്പുമായി  ഹംസയോ അലിയോ ഇറങ്ങിവരുന്ന സന്ദര്‍ഭം തന്നെയാണ്. പക്ഷേ അതല്ല സംഭവിച്ചത്.  

പ്രവാചക സൈന്യം മദീനക്ക് യാത്രയായി. യുദ്ധഭൂമിയിലേക്ക് വന്ന ഇത്തിരിപ്പോന്ന മുസ്‌ലിം സംഘത്തില്‍ പതിമൂന്നു പേര്‍ ഇപ്പോള്‍ ഒപ്പമില്ല. അവര്‍ പടപ്പറമ്പില്‍ സ്വയം സമര്‍പ്പിച്ച് സ്വര്‍ഗസ്ഥരായവര്‍.  അവരുടെ ഓര്‍മകള്‍ സംഘത്തിലൊക്കെയും നോവായി നിന്നു. ആ നിഷ്‌കളങ്ക ജീവിതങ്ങളുടെ ഉയിരെടുത്ത കാപാലിക പെരുമാക്കളാണിന്നിവിടെ തടവുകാരായി നില്‍ക്കുന്നത്. യാത്രക്കു മുമ്പേ പ്രവാചകന്‍ കണിശ ശാസനകളിറക്കി.  തടവുകാരോട് അനുചിതം പാടില്ല. ഇത് മതി അനുചാരികള്‍ക്ക്. അതവരില്‍ പ്രവര്‍ത്തിക്കും. നീള്‍ച്ച മുറ്റിയ യാത്ര. കൊടുംവെയിലില്‍ വിശ്രമിച്ചും അപരാഹ്നങ്ങളിലും നിശാമൗനങ്ങളിലും സഞ്ചരിച്ചും അവര്‍ മദീനയിലേക്ക് തിടുക്കപ്പെട്ടു. വിശ്രമത്തിനും ആഹാരത്തിനും സംഘം പലേടത്തും പാളയമടിച്ചു. ഉള്ള ആഹാരം ഒന്നിച്ചു പങ്കിട്ടു കഴിച്ചു.  തോല്‍ക്കുടങ്ങളിലും കുഞ്ചികളിലും സംഭരിച്ച കുടിജലം അരുമയോടെ പ്രാര്‍ഥിച്ചു കുടിച്ചു. മൂപ്പിളമകളില്ല, സ്ഥാനവലിപ്പമില്ല. തങ്ങളിലേതുപോലെ തന്നെ തടവുകാരെയും അവര്‍ ഉപചരിച്ചു. യുദ്ധത്തില്‍ പിടികൂടുന്നവര്‍ യുദ്ധക്കുറ്റവാളികളാണ് സത്യത്തില്‍. ഇവിടെ പക്ഷേ മനുഷ്യാവകാശങ്ങള്‍ ഒക്കെയും ശത്രുവംശത്തിന്   സമ്പൂര്‍ണമായും ലഭ്യമാക്കുന്നതു കണ്ടു  അവര്‍ പോലും ഞെട്ടിനിന്നു. യുദ്ധമുഖത്ത് അപ്പോള്‍ കണ്ട രൗദ്രമില്ല, നിഗ്രഹാസക്തിയില്ല. കാരണമിത് യുദ്ധസന്ദര്‍ഭമല്ലല്ലോ. ഈ എഴുപത് പേരോടും പ്രവാചകന്‍ ഒരുപോലെ പെരുമാറി. ആരൊക്കെയാണാ ബന്ധനസ്ഥര്‍? അതിലൊരാള്‍ സ്വന്തം പുത്രി സൈനബിന്റെ പ്രിയ ഭര്‍ത്താവ് അബുല്‍ ആസ്. താനാണ് അബുല്‍ ആസിന് സൈനബിനെ നികാഹ് ചെയ്തു നല്‍കിയത്. ആ ദാമ്പത്യത്തിന്റെ സുരഭില നാളുകള്‍ പ്രവാചകന്‍ ഓര്‍ത്തുപോയി. ഖദീജയെ ഓര്‍ത്തു. മകള്‍ക്കും ഭര്‍ത്താവിനും ഖദീജ ഒരുക്കിയ സദ്യച്ചമയങ്ങളോര്‍ത്തു. മകളുടെ കഴുത്തില്‍ ഞാണു നില്‍ക്കുന്ന ഖദീജയുടെ വൈരമാല ഓര്‍ത്തു. സ്വന്തം പിതൃസഹോദരന്‍ അബ്ബാസ്, പ്രവാചകന്റെ ഭാര്യ സൗദയുടെ ബന്ധു. എല്ലാവര്‍ക്കും ഒരു നിയമം, ഒരു നീതി.  ശത്രുക്കള്‍ തന്നെ അമ്പരന്ന സന്ദര്‍ഭം. മദീനയിലെത്തിയ തടവുകാരെ തേടി മക്കയില്‍നിന്ന് ബന്ധുക്കളെത്താന്‍ തുടങ്ങി;  മോചനപ്പണം ഒടുക്കി വേണ്ടപ്പെട്ടവരെ  കൊണ്ടുപോകാന്‍. പ്രവാചകന്റെ പിതാസഹോദരനാണ് അബ്ബാസ്.  മക്കയിലെ ധനാഢ്യനും വര്‍ത്തക പ്രമുഖനും ഖുറൈശി ആസ്ഥാന സഭയിലെ പ്രമുഖാംഗവും. അബ്ബാസിന്റെ നേര്‍ സഹോദരന്‍ അബ്ദുല്ലയുടെ മകനാണ് പ്രവാചകന്‍.  അബ്ബാസിന്റെ മനസ്സില്‍ മാത്രമല്ല മകന്‍ മുഹമ്മദിന്റെ മനസ്സിലും ഗതകാല സ്മൃതികള്‍ മരുക്കാറ്റായി ഇരമ്പിപ്പറന്നു. കൗമാരത്തിലെ കുസൃതികള്‍. മരുഭൂമിയിലൂടെയുള്ള മത്സരക്കുതിപ്പുകള്‍. സരീദ് വിളമ്പിയ താമ്പാളത്തില്‍ തവിക്കോലുകള്‍ക്ക് പരസ്പരം കലമ്പിയത്. മജന്നയിലും ദില്‍മജാസിലും അലഞ്ഞു നടന്നത്. 

അബ്ബാസ് പ്രവാചകന്റെ മുന്നില്‍ പക്ഷേ ഇന്ന് കൂനിനില്‍ക്കുന്നു. മകനില്‍ നിന്ന് തനിക്ക് പരിഗണനകള്‍ കിട്ടുമെന്നയാള്‍ ന്യായമായും പ്രതീക്ഷിച്ചു. ഒട്ടകവെണ്ണ പോലെ നനുപ്പാര്‍ന്നതാണ് മകന്റെ മാനസം. സംഘര്‍ഷത്തിന്റെ താപതപങ്ങളേറ്റ് അതെളുപ്പം ഉരുകാന്‍ തുടങ്ങിയേക്കും.  അത് അബ്ബാസിനറിയാം. ആ അറിവിലാണ് അദ്ദേഹത്തിന്റെ ലാക്കും പ്രതീക്ഷയും.

ആഢ്യനും വര്‍ത്തക സമ്പന്നനുമായ അബ്ബാസ് സ്വന്തം പുത്രനു മുന്നില്‍  കുറ്റവാളിയെപ്പോലെ പതുങ്ങി നിന്നു.  ഇവര്‍ തമ്മിലുള്ള മൗന വിനിമയങ്ങള്‍ മുറിച്ചത്  പുത്രന്‍ തന്നെ. പ്രവാചകന്‍ ചോദിച്ചു: 'അബ്ബാസ്, താങ്കളുടെ  മോചനപ്പണം വന്നെത്തിയിട്ടുണ്ടോ?' അബ്ബാസ് ഒന്നു പരുങ്ങി നിന്നു. പലരെയും പ്രവാചകന്‍ നാമമാത്ര പിഴ വാങ്ങി പറഞ്ഞുവിടുന്നതും വിജ്ഞാനമുള്ളവരെ ധനസ്ഥിതി നോക്കാതെ  മദീനയിലെ കുരുന്നുകള്‍ക്ക് അക്ഷരം പഠിപ്പിക്കുന്നതിന്റെ മൂല്യത്തില്‍ മോചനം ഉറപ്പാക്കുന്നതും അബ്ബാസ് കാണുന്നുണ്ട്. ഇതിനിടയില്‍ തടവുകാരില്‍ ഒരാള്‍ തൊഴുകൈയോടെ പ്രവാചകന്റെ മുന്നില്‍ വന്നുനിന്നു. അത് അംറുബ്‌നു ഉമൈര്‍.  അയാള്‍ പറഞ്ഞു തുടങ്ങി: 'മുഹമ്മദ് എനിക്ക് അഞ്ചു പെണ്‍മക്കളുണ്ട്. ഞാന്‍ മാത്രമാണവര്‍ക്കഭയം. എന്നെ വിട്ടയക്കുമോ?' സത്യമാണോ ഇതെന്ന് പ്രവാചകന്‍ ഒന്നു നിരീക്ഷിച്ചു.  എന്നിട്ട് പറഞ്ഞു: 'ശരി അംറ് താങ്കള്‍ക്ക് മക്കയിലേക്ക് തിരിച്ചുപോകാം.'  മോചനദ്രവ്യത്തെ പ്രതി സംസാരിച്ചതേയില്ല.  എന്തിന് സംസാരിക്കണം? ഈ അഞ്ചു പെണ്‍പിറപ്പുകള്‍ തന്നെയാണ്  അംറിന്റെ മോചനദ്രവ്യം. 

യുദ്ധക്കുറ്റവാളികളില്‍ എഴുത്തറിവുള്ളവരാരൊക്കെയാണെന്ന് പ്രവാചകന്‍ അന്വേഷിച്ചു. അവര്‍ക്ക് മോചനപ്പണമായി ചുമത്തിയത് മദീനയിലെ  നറുംബാല്യങ്ങള്‍ക്ക് അക്ഷരത്തിന്റെ അഗ്നി കടഞ്ഞു നല്‍കാനാണ്. പ്രവാചകന്റെ മസ്തകം മാന്താന്‍ വ്യൂഹം  ചമച്ചെത്തിയ  രൗദ്ര സൈന്യത്തില്‍നിന്നാണ് ഇവര്‍ തടവുകാരാക്കപ്പെട്ടത്. ശരിക്കും യുദ്ധക്കുറ്റവാളികള്‍. ഇത്തരക്കാരെ ആധുനിക ദേശരാഷ്ട്രങ്ങള്‍ പോലും എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് നാമാലോചിക്കണം. നിര്‍മിതിയുടെ പ്രാരംഭത്തില്‍ മാത്രമുള്ള ഒരു ദേശത്തിലേക്കെത്തുന്ന ഈ തടവു മനുഷ്യവിഭവത്തെ മറ്റെങ്ങനെയൊക്കെ മദീനക്ക് ഉപയുക്തമാക്കാമായിരുന്നു. കാര്‍ഷിക മേഖലയില്‍ കഠോരമായി ദേഹണ്ഡിക്കാം. വിദൂര വാണിജ്യയാത്രയില്‍ അടിമജോലിക്ക് നിര്‍ത്താം; ഈത്തപ്പനക്കളത്തില്‍ വേലക്ക് നിര്‍ത്താം. കൂലിയും പ്രതിഫലവും നല്‍കാതെ. ദേശസുരക്ഷക്ക് നിര്‍ബന്ധിതത്വത്തില്‍ നിര്‍വഹിക്കേണ്ടിവന്ന ഒരു യുദ്ധത്തെപ്പോലും എങ്ങനെയാണ് ഒരു സമൂഹത്തിന്റെ ജ്ഞാനവികാസവുമായി പ്രവാചകന്‍ ലയിപ്പിച്ചു നിര്‍ത്തിയതെന്നത്  യുദ്ധ ചരിത്രത്തില്‍ തന്നെ അത്ഭുതമാണ്. ആദ്യത്തെ അത്ഭുതം. ഇതുവരെ അവസാനത്തേതും.

ഇത്തരമൊരാനുകൂല്യമാണ് കഴിഞ്ഞുകടന്ന ജീവിതത്തെ ഓര്‍ത്ത് മുഹമ്മദ് അനുവദിക്കുമെന്ന് അബ്ബാസ് ന്യായമായും പ്രതീക്ഷിച്ചത്. പതിയെ പ്രവാചകന്‍ വീണ്ടും സംസാരിച്ചു തുടങ്ങി. ആ മുഖം അപ്പോള്‍ അഭിജാതമായി തുടുത്തുനിന്നു. നീതിബോധത്തിന്റെ സമ്പൂര്‍ണകര്‍തൃത്വം  ആ മുഖപ്രസാദത്തെ ആഛാദിതമാക്കി. പ്രവാചകന്‍ വീണ്ടും  പറഞ്ഞുതുടങ്ങി: 'അബ്ബാസ്, താങ്കള്‍ക്കു വേണ്ടി വന്നവരെവിടെ? അവരോടു പറയൂ, മോചനപ്പണം സര്‍ക്കാര്‍ ഖജനാവില്‍ ഒടുക്കി ശീട്ടാക്കാന്‍. താങ്കളുടേതു മാത്രം പോരാ, അബൂത്വാലിബിന്റെയും ഹാരിസിന്റെയും അംറിന്റെയും മക്കളായ അഖീലിനും നൗഫലിനും ഉത്ബക്കും വേണ്ടിയുള്ള  പിഴപ്പണം കൂടി താങ്കള്‍ അടച്ചുതീര്‍ക്കണം.  എന്നിട്ട് കുട്ടികളെയും കൂട്ടി എത്രയും പെട്ടെന്ന് മക്കയിലേക്ക് പോകാം.' അളന്നു മുറിച്ച വാചകങ്ങള്‍. സൗമ്യമെങ്കിലും ഇരമ്പുന്ന ശാസനകള്‍. അബ്ബാസ് തര്‍ക്കിച്ചു നോക്കി: 'ഞാന്‍ എന്റേത് മാത്രം തന്നാല്‍ പോരേ.  എന്തിനാണ് എന്റെ സഹോദരപുത്രന്മാരുടേത്  എന്റെ ചുമലില്‍ വെക്കുന്നത്.'  പ്രവാചകന്റെ ശബ്ദം കനത്തു: 'അവരൊക്കെ താങ്കളുടെ പുത്രന്മാര്‍ കൂടിയാണ്. പിന്നെ ദരിദ്രരും.  താങ്കളാകട്ടെ മക്കയിലെ കോടീശ്വരനും. അത് താങ്കള്‍ വഹിച്ചേ പറ്റു.' അപ്പോള്‍ അബ്ബാസ് മറ്റൊരു തന്ത്രം നോക്കി:  'എന്റെ മകനേ. ഞാന്‍ ഉള്ളില്‍ നിന്നെ വിശ്വസിക്കുന്നവനാണ്.  സാമൂഹിക സമ്മര്‍ദം കൊണ്ട് അറിയാതെ പുറപ്പെട്ടുപോയതാണ്. നീ എന്നെ മനസ്സിലാക്കണം.' ഈ സൂത്രം പ്രവാചകനറിയാം. അദ്ദേഹം പറഞ്ഞു: 'പിതൃസഹോദരാ, താങ്കള്‍ പറഞ്ഞത് സത്യമാണോ എന്ന് എനിക്കറിയില്ല. അങ്ങനെയെങ്കില്‍ അതിനുള്ള പ്രതിഫലം തരേണ്ടത് ഞാനല്ല, അല്ലാഹുവാണ്.  അതവന്‍ നല്‍കിയേക്കും.  ഞങ്ങള്‍ താങ്കളെ തടവുകാരനാക്കിയത് ശത്രുസൈന്യത്തിന്റെ മുന്‍നിരയില്‍നിന്നാണ്. തടവുകാര്‍ക്കൊക്കെയും ഒരു നിയമമാണ്, ഒരു നീതിയും.' പ്രവാചകന്റെ ന്യായബോധത്തില്‍ വിഷണ്ണനായ അബ്ബാസ് അപ്പോള്‍ അവസാനത്തെ ആയുധം പ്രയോഗിച്ചുനോക്കി. ചിതറി ഓടുന്ന ശത്രുസൈന്യക്കൂട്ടത്തില്‍നിന്നും  അബ്ബാസ് പിടിക്കപ്പെടുമ്പോള്‍  അയാളുടെ വസ്ത്രത്തിനുള്ളില്‍നിന്ന്  മുസ്‌ലിം സൈന്യത്തിന് ഒരു  പണക്കിഴി കിട്ടിയിരുന്നു. അത് പ്രവാചകന്‍ രാഷ്ട്രനിധിയില്‍ അപ്പോഴേ വരവാക്കിയതാണ്.  അബ്ബാസ് പറഞ്ഞു: 'എങ്കില്‍, എന്നില്‍നിന്നും പിടിച്ച പണക്കിഴിയുണ്ടല്ലോ അതിലേക്ക് എന്റെ പിഴപ്പണം വകയാക്കി എന്നെ വിട്ടയച്ചുകൂടേ.' പ്രവാചകന്‍ ഒന്ന് മന്ദഹസിച്ചു. അബ്ബാസിന്റെ മനസ്സിലിരമ്പുന്ന രോഷം അദ്ദേഹം കാണുന്നുണ്ട്. മകനില്‍നിന്നും അനര്‍ഹമായ പരിഗണന പ്രതീക്ഷിച്ച  അബ്ബാസിന്റെ രോഷം മക്കയിലെ ജാഹിലിയ്യാ മൂല്യവ്യവസ്ഥ നിര്‍മിച്ചതാണ്.  ആ മൂല്യവ്യവസ്ഥ അപ്പാടെ  റദ്ദാക്കിയാണ് തന്റെ പുത്രന്‍ മദീന പണിതതെന്നത് അബ്ബാസിന് അറിയാത്തതല്ല. മദീനയിലെ നിയമം പക്ഷേ ന്യായവും നീതിയുമാണ്. നീതിയിലും ന്യായത്തിലുമല്ല മക്ക നിലനിന്നത്. അതുകൊണ്ടു മാത്രമാണവര്‍ക്ക് പ്രവാചകനെതിരെ  ഇങ്ങനെ ഒരുമ്പെട്ടിറങ്ങാന്‍ പറ്റിയത്. അബ്ബാസിന്റെ ന്യായങ്ങളൊക്കെ പ്രവാചകന്‍ കേട്ടിരുന്നു.  ഒരു മഹായുദ്ധം പൊരുതി ജയിച്ച രാഷ്ട്രനായകനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്നും  താന്‍ ആ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരനാണെന്നും  തന്നെ എന്തു  ചെയ്യാനും അധികാരമുള്ളവനാണ് മുഹമ്മദെന്നും അബ്ബാസിനറിയാം. അപ്പോഴും അയാള്‍ തര്‍ക്കിക്കുന്നത് തന്റെ മകനോടാണ്.  പ്രവാചകന്റെ മറുപടി അപ്പോഴും മദീനാ പള്ളിയില്‍ മുഴങ്ങിനിന്നു: 'അബ്ബാസ്, താങ്കളുടെ കൈയില്‍നിന്നും ഞങ്ങള്‍ പണസഞ്ചി പിടിച്ചിട്ടുണ്ട്.  അത് യുദ്ധത്തില്‍ ഞങ്ങള്‍ നേടിയതാണ്.  അത് പക്ഷേ യുദ്ധമധ്യത്തില്‍ ഞങ്ങളുടെ സൈന്യം നേടിയതാണ്. അതപ്പോഴേ രാഷ്ട്രത്തിന്റെ ഭണ്ഡാരത്തില്‍ മുതലായി മാറി. അതുപോലെ മറ്റു പലരില്‍നിന്നും ഞങ്ങളുടെ സൈന്യം പലതും പിടിച്ചെടുത്തിട്ടുണ്ട്. ഒട്ടകവും കുതിരയും ഗോതമ്പ് ചാക്കുകളും കാരക്കവട്ടികളും. ഇപ്പോള്‍ അബ്ബാസിന്  തിരിച്ച് മക്കയിലേക്ക് പോകണമോ, എങ്കില്‍  ഞാന്‍ പറഞ്ഞ പണമടച്ചു പോകാം. ഇവിടെ ഒരു നിയമമാണ്, അത് ബിലാലിനും ഈ മുഹമ്മദിനും. അത് അല്ലാഹുവിന്റെ  നിയമമാണ്. അവന്റെ നിയമം നീതിയും ന്യായവുമാണ്. അത് അബ്ബാസിനും സ്വീകരിക്കാം.  അനീതി എന്നില്‍നിന്നും പ്രതീക്ഷിക്കരുത്.' മുഴങ്ങിനിന്ന ആ നീതിസാരം കേട്ട് മക്ക ഒന്നുകൂടി വിറച്ചുകാണും; അബ്ബാസും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌