Prabodhanm Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

ഖുര്‍ആനിക പ്രഭയുടെ അതിജീവന ശക്തി

ടി.ഇ.എം റാഫി വടുതല

സന്തോഷവും സന്താപവും നിറഞ്ഞ സമ്മിശ്ര ജീവിതമാണ് മനുഷ്യ സമൂഹത്തിന്റേത്. ആദര്‍ശവിശ്വാസികളും സമുദായവും അതില്‍നിന്ന് ഒഴിവല്ല. ഋതുഭേദങ്ങള്‍ പോലെ വൈവിധ്യമാര്‍ന്നതാണ് ജീവിതം. ഇലകൊഴിയുന്ന ശിശിരവും ഫലങ്ങള്‍ നിറഞ്ഞ വസന്തവും അതിന്റെ ഭാഗം തന്നെ. മരം കോച്ചുന്ന തണുപ്പും ചുട്ടുപൊള്ളുന്ന ചൂടും മരീചിക നിറഞ്ഞ മരുഭൂമിയും ഹരിതാഭമായ വയലേലകളും ഈ വിശ്വപ്രപഞ്ചത്തിന്റെ അവിഭാജ്യ ഘടകം തന്നെ. അനുഗ്രഹങ്ങളും നിഗ്രഹങ്ങളും നിറഞ്ഞതാണ് വിശ്വാസികളുടെ ജീവിതം. സമൃദ്ധിയും ഐശ്വര്യവും മാത്രമല്ല കഷ്ടവും നഷ്ടവും പരാജയങ്ങളും ഈ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. സന്തോഷത്തിന്റെ പകല്‍വെളിച്ചം പ്രസരിച്ചത് മാത്രമല്ല, ദുഃഖത്തിന്റെ ഇരുള്‍ മൂടിയതു കൂടിയാണ് ജീവിതം. പക്ഷേ, ആ രാവിനും നന്മ കാണുന്ന നേത്രങ്ങള്‍ക്കും ഒരു പ്രശാന്തതയുണ്ട്. പുലരാനിരിക്കുന്ന പ്രഭാതത്തെ ഗര്‍ഭം ധരിക്കുന്ന പ്രശാന്തത. അതിരില്ലാത്ത അനുഗ്രഹവര്‍ഷത്തില്‍ അല്ലാഹു തന്നെ ആദരിച്ചിരിക്കുന്നുവെന്ന് കരുതുന്ന മനുഷ്യന്‍, നിലക്കാത്ത പരീക്ഷണങ്ങള്‍ക്കു നടുവില്‍ അല്ലാഹു തന്നെ കൈയൊഴിഞ്ഞിരിക്കുന്നു എന്ന് മറിച്ചും വിചാരിക്കും.

''എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.' എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു'' (അല്‍ ഫജ്ര്‍: 15,16).

വിശ്വാസികള്‍ മാത്രമല്ല പ്രവാചകന്മാര്‍ പോലും ഈ അഗ്നിപരീക്ഷണങ്ങളില്‍നിന്ന് മുക്തരല്ല. പടച്ചവനോട് അടുത്തുനില്‍ക്കുന്ന ഇഷ്ടദാസന്മാരാണ് ദൈവിക പരീക്ഷണങ്ങളുടെ ഉരകല്ലില്‍ പ്രഥമമായി പരിഗണിക്കപ്പെടുക. ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) മുതല്‍ ഹബീബുല്ലാഹി മുഹമ്മദ് നബി (സ) വരെയുള്ള പ്രവാചകന്മാരുടെ ചരിത്രം അതിനു സാക്ഷി. ആദര്‍ശദൗത്യം നെഞ്ചിലേറ്റിയ പ്രവാചകന് അതൊട്ടും ഭാരമായി തോന്നിയിട്ടേയില്ല. നാടും കുടുംബവും ഉറ്റ ബന്ധുക്കളും ബഹിഷ്‌കരിച്ച് ശിഅ്ബ് അബീത്വാലിബില്‍ പച്ചില തിന്ന് കഴിഞ്ഞുകൂടിയ പ്രവാചകന്റെ ആദര്‍ശ വിശ്വാസത്തിന് ഒട്ടും ചാഞ്ചല്യവുമുണ്ടായില്ല.

തീക്കനല്‍ നിറഞ്ഞ പരീക്ഷണ പാതയില്‍ സഹനത്തിന്റെ ദിവ്യാനുരാഗം ജിബ്‌രീല്‍ മാലാഖ നബിക്ക് പകര്‍ന്നുകൊടുത്തു. വഹ്‌യിന്റെ ദിവ്യപ്രഭയില്‍ ദുഃഖത്തിന്റെ കാര്‍മുകിലുകള്‍ നീങ്ങിപ്പോയി. പക്ഷേ, ഒരു ഘട്ടത്തില്‍ ദിവ്യ വെളിപാടിനും കാലവിളംബം നേരിട്ടു. വഹ്‌യ് നിലച്ചതോടെ മാനവും മനുഷ്യനും തമ്മിലുള്ള ബന്ധമല്ല അറ്റത്. അല്ലാഹുവും മുഹമ്മദുന്‍ റസൂലുല്ലയും തമ്മിലുള്ള സ്‌നേഹാനുരാഗത്തിന്റെ സുവര്‍ണ നൂലുകളാണ് അറ്റുപോയത്. ഖുറൈശികള്‍ പരത്തിയ വെറുപ്പിന്റെ രീതിശാസ്ത്രത്തിനെതിരില്‍ പ്രവാചകനെ പിടിച്ചുനിര്‍ത്തിയ പാഥേയമായിരുന്നു ആ വഹ്‌യിന്റെ വിളംബരം. മരീചിക തേടിയിറങ്ങുന്ന ദാഹാര്‍ത്തനെ പോലെ പ്രവാചകന്‍ അല്ലാഹുവിന്റെ സവിധത്തില്‍നിന്നെത്തുന്ന വഹ്‌യിനായി കൊതിച്ചു.

വേനല്‍ ചൂടിലെ പെരുമഴ പോലെ മാനം തുറന്ന് വഹ്‌യിന്റെ മാലാഖ ജിബ്‌രീല്‍ ഇറങ്ങിവന്നു. പ്രവാചക ഹൃദയത്തെ റൂഹുല്‍ ഖുദ്‌സ് വീണ്ടും പുണര്‍ന്നു. ഘനാന്ധകാരനിബിഡമായ പാതിരാവിനു ശേഷം കിഴക്കന്‍ ചക്രവാളത്തിലെ അരുണകിരണം പോലെ ഖുര്‍ആനികപ്രഭ പ്രവാചകഹൃദയത്തെ തഴുകി തലോടി.

'പകല്‍ വെളിച്ചമാണ് സത്യം, ഇരുട്ടുമൂടി ശാന്തമാകുന്ന രാവാണ് സത്യം; നിന്റെ നാഥന്‍ നിന്നെ കൈയൊഴിഞ്ഞിട്ടില്ല..... അവന്‍ നിന്നെ വെറുത്തിട്ടുമില്ല.'

സംരക്ഷണത്തിന്റെ തണലും സമാശ്വാസത്തിന്റെ തലോടലും വിളക്കിച്ചേര്‍ത്ത സ്‌നേഹത്തിന്റെ മൃദുലസ്പര്‍ശം. സൂറത്തുദ്ദുഹായുടെ അവതരണത്തോടെ പ്രവാചകഹൃദയത്തില്‍ പ്രതീക്ഷയുടെ വെള്ളി നക്ഷത്രം ഉദിച്ച പ്രതീതി. പിടക്കുന്ന ഹൃദയങ്ങള്‍ക്കും ചിതറിയ ചിന്തകള്‍ക്കും നടുവില്‍ പ്രത്യാശയുടെ ദിവ്യ സാന്ത്വനവുമായിരുന്നു ആ ദിവ്യസൂക്തങ്ങള്‍.

വിശ്വാസിക്ക് സര്‍വതും നഷ്ടപ്പെട്ടുപോകുന്ന പരിമിതി നിറഞ്ഞ ഈ ലോകത്തിനു പകരം പ്രവിശാലമായ ഒരു പരലോകം മുന്നിലുണ്ട്. ശാന്തിയും സംതൃപ്തിയും പ്രശാന്തിയും പ്രതീക്ഷയും നിറഞ്ഞ പരലോകം. നിലക്കാത്ത പ്രതിഫലത്തിന്റെ അനുഗ്രഹനിബിഡമായ പൂങ്കാവനം. നിലച്ചുപോകുന്ന ഭൗതികാനുഗ്രഹങ്ങള്‍ ശാശ്വത ദുഃഖത്തിന്റെ കേവലം കാര്‍മേഘ പടലങ്ങളല്ല, പ്രത്യാശയുടെ ജലവാഹിനികളായ മഴക്കാറുകളാണ്. ഭൂമിയെ കുളിരണിയിച്ച് ഹരിതാഭമാക്കുന്ന പുതുമഴക്ക് മുന്നോടിയായ സുവാര്‍ത്തയാണ് കാറ്റും ഇരുണ്ടു മൂടിയ കാര്‍മേഘ കൂട്ടങ്ങളും, ദയാനിധിയായ നാഥന്‍ നമുക്കു പലതും നല്‍കാന്‍ പോകുന്നതിന്റെ സമാരംഭം. മനം നിറയെ സംതൃപ്തി നിറയുന്ന നല്ല നാളെകളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. ദിവ്യകാരുണ്യത്തിന്റെ സ്‌നേഹവലയത്തില്‍ അല്ലാഹു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തി തലോടി പറയുന്നു: 'നിന്റെ നാഥന്‍ നിന്നെ കൈയൊഴിയുകയില്ല; ഒട്ടും വെറുക്കുകയുമില്ല.'

കഷ്ടപ്പാടിന്റെ ദുരിതക്കയങ്ങളില്‍ ഇല്ലായ്മയെപ്പറ്റിയും വല്ലായ്മയെ പറ്റിയും ചിന്തിച്ച് നിരാശയില്‍ അകപ്പെട്ട് വിഷാദ രോഗിയാവുകയില്ല വിശ്വാസി. ജീവിതത്തില്‍, ക്ഷാമത്തിലും കഷ്ടതകളിലും ഇനിയും അവശേഷിക്കുന്ന മറ്റു ധാരാളം അനുഗ്രഹങ്ങളില്‍ സമാശ്വാസം കണ്ടെത്തും അവര്‍. കാലില്‍ കിടക്കുന്ന ചെരുപ്പിന്റെ വാറ് പൊട്ടുമ്പോള്‍ നാം വിഷമിക്കും. പക്ഷേ, കാലില്ലാത്ത ധാരാളം മനുഷ്യരെ കുറിച്ചോര്‍ക്കുമ്പോള്‍ നാമെത്ര സൗഭാഗ്യവാന്മാര്‍ എന്ന് ചിന്തിക്കും. കര്‍മത്തില്‍ തന്നേക്കാള്‍ ഉയര്‍ന്ന പദവിയുള്ളവരിലേക്കും ഭൗതികാനുഗ്രഹങ്ങളില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്കും നോക്കുമ്പോഴാണ് വിശ്വാസിക്ക് കര്‍മാവേശവും സംതൃപ്തിയും ലഭിക്കുക.

നിരാശ ബാധിച്ച ഹൃദയങ്ങള്‍ക്ക് അനുഗ്രഹങ്ങളെ കണ്ടെത്താന്‍ കഴിയില്ല. പ്രതീക്ഷയുള്ള കൃഷ്ണ മണികളിലാണ് പ്രശാന്തിയുടെ വെളിച്ചം തെളിയുക. 'നിന്റെ നാഥന്‍ നിന്നെ കൈയൊഴിയുകയില്ല' എന്ന വചനം സ്‌നേഹനിധിയായ ഒരു രക്ഷകന്റെ സ്‌നേഹവലയത്തിലേക്കാണ് പ്രവാചകനെ കൂട്ടിക്കൊണ്ടുപോയത്. ഒരിക്കലും വറ്റിപ്പോകാത്ത അനുഗ്രഹങ്ങളുടെ അനന്ത തീരത്തേക്ക്.

ഓ, മുഹമ്മദ്, ഓര്‍ത്തുനോക്കൂ താങ്കളുടെ ഇന്നലെകള്‍. യതീമായി പിറന്ന നിന്റെ ഇളം ബാല്യത്തില്‍ അഭയം കിട്ടിയ സ്‌നേഹത്തണലുകള്‍. പിതാവിന്റെ മുഖംപോലും കാണാന്‍ കഴിയാതിരുന്ന അനാഥത്വം. പിഞ്ചുബാല്യത്തില്‍ തന്നെ നൊന്തു പെറ്റ മാതാവിന്റെ ഖബ്‌റിടത്തില്‍ പിടിമണ്ണു വാരിയിടേണ്ടി വന്ന ദുഃഖസ്മൃതി. പക്ഷേ, അപ്പോഴും നീ സനാഥനായിരുന്നു. ആദര്‍ശം പുല്‍കാത്ത അബൂത്വാലിബിന്റെ കൈകള്‍ വരെയും സംരക്ഷണത്തിന്റെ രക്ഷാകവചങ്ങളായില്ലേ? കൊതിയടങ്ങാത്ത, ആര്‍ത്തിയുടെ ദുരമൂത്ത് സംതൃപ്തി ലഭിക്കാത്ത ജനകോടികള്‍ക്കിടയില്‍ ലോകം കീഴടക്കിയ ജേതാവിനെ പോലെ ആത്മ സംതൃപ്തിയുടെ ധന്യത നല്‍കിയില്ലേ? നല്ല പാതിയായി കടന്നുവന്ന മക്കത്തെ മാണിക്യമലര്‍ ഖദീജയുടെ സമ്പത്തില്‍ പ്രവാചകന്റെയും പ്രവാചകദര്‍ശനത്തിന്റെയും ദാരിദ്ര്യം മാറിക്കിട്ടിയില്ലേ?

ചഞ്ചലമായ വിശ്വാസത്താല്‍ ലോകജനത അപഥസഞ്ചാരത്തില്‍ മുഖം കുത്തി വീണപ്പോള്‍ ദിവ്യ വെളിപാടിന്റെ പ്രോജ്ജ്വല പ്രകാശത്തില്‍ ജീവിതത്തിന്റെ സ്വര്‍ഗീയ പാത കാണിച്ചുതന്നില്ലേ? ...നാഥന്‍ നിന്നെ കൈയൊഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്താന്‍ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര അനുഗ്രഹങ്ങള്‍!

ജീവിത സൗഭാഗ്യങ്ങളുടെ ആധിക്യത്തിലല്ല സന്തോഷം കുടികൊള്ളുന്നത് എന്ന് വിശ്വാസി തിരിച്ചറിയണം. മനസ്സമാധാനമില്ലാത്ത എത്രയെത്ര ലോകസമ്പന്നന്മാര്‍ ലോകത്തുണ്ട്. പേരും പെരുമയും പണവും പത്രാസുമുള്ള എത്രയോ ആളുകള്‍ ജീവിതത്തിന്റെ ഇടവഴിയില്‍ വെച്ച് സ്വയം വിടപറയുന്നുണ്ട്. നിത്യം നിറഞ്ഞു നില്‍ക്കുന്ന ദൈവസ്മരണയിലാണല്ലോ മനുഷ്യമനസ്സിനെന്നും നിത്യശാന്തി.

ദൗര്‍ലഭ്യമുള്ളപ്പോഴും ലഭ്യമായ അനുഗ്രഹങ്ങള്‍ അവശ വിഭാഗങ്ങള്‍ക്കു കൂടി പങ്കുവെക്കുമ്പോഴാണ് മനസ്സിന് ശാന്തിയും ജീവിതത്തിന് സൗഭാഗ്യവും ലഭിക്കുന്നത്. അനാഥയെ ഒന്ന് തലോടുമ്പോള്‍... ചേര്‍ത്തു നിര്‍ത്തി സ്‌നേഹവചനം ചൊരിയുമ്പോള്‍... പിതാവില്ലാത്ത പിഞ്ചുപൈതലിന്റെ ചെഞ്ചുണ്ടില്‍ ഒരു പിടി ഭക്ഷണം വെച്ചുകൊടുക്കുമ്പോള്‍... ജീവിത പ്രാരാബ്ധങ്ങളെ മറികടക്കാന്‍ അത്യാവശ്യങ്ങളുമായി വരുന്ന യാചകന്റെ കൈക്കുമ്പിളില്‍ ഒരു നാണയത്തുട്ടെങ്കിലും ചേര്‍ത്തുവെക്കുമ്പോള്‍.... നിറയുന്നത് അനാഥയുടെയും യാചകന്റെയും ആമാശയത്തേക്കാള്‍ നമ്മുടെ മാനസങ്ങളായിരിക്കും. വെട്ടിപ്പിടിക്കുന്ന ആര്‍ത്തിയുടെ രീതിശാസ്ത്രത്തിനു പകരം ഉദാരത പകരുന്ന ശാന്തിയുടെ രീതിശാസ്ത്രം. ആത്മസംതൃപ്തി നിറഞ്ഞ മനസ്സും ഉദാരതയുടെ കരങ്ങളും വിശ്വാസിയുടെ സൗഭാഗ്യമാണ്. ദീന്‍ ഉള്ള ഹൃദയവും ശുക്ര്‍ ഉള്ള നാവുമാണ് വിശ്വാസികളുടെ ഇരട്ട സൗഭാഗ്യം. അതിനിടയില്‍ വിശ്വാസിക്കെന്ത് വിഷാദം!

മക്കയെ കുളിരണിയിച്ച് പ്രവാചകനെ തഴുകിത്തലോടിയ സൂറത്തുദ്ദുഹായുടെ ദിവ്യസൂക്തങ്ങള്‍! അന്ത്യദിനം വരെയുള്ള വിശ്വാസിസമൂഹത്തിന് ക്രിയാത്മക ചിന്തയുടെ അതിജീവന ശക്തിയാണ് പകരുന്നത്. അല്ലാഹുവിനെ, ഖുര്‍ആനിക വചനങ്ങളെ നെഞ്ചോട് ചേര്‍ത്തുവെച്ച വ്യക്തിക്കും, കുടുംബത്തിനും ആദര്‍ശ സമൂഹത്തിനും കാലാതിവര്‍ത്തിയായ അജയ്യ ജ്യോതിസ്സാണ് വിശുദ്ധ ഖുര്‍ആന്‍. രത്‌നശോഭയുള്ള അനര്‍ഘസുന്ദരമായ ഓരോ ഖുര്‍ആനിക സൂക്തവും നമ്മോട് വിളിച്ചുപറയുന്നു:

'പകല്‍ വെളിച്ചമാണ് സത്യം, പ്രശാന്ത സുന്ദര രാവാണ് സത്യം; നിന്റെ നാഥന്‍ നിന്നെ കൈയൊഴിയുകയില്ല.'

Comments

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌