കര്‍ണാടക ഈ കളികള്‍ അത്രയെളുപ്പം അവസാനിക്കില്ല
ചില നിശ്ശബ്ദതകള്‍ മരണത്തെയാണ് ഓര്‍മപ്പെടുത്തുന്നത്; ചില പരാജയങ്ങളും. മോദി കാലത്തെ ഓരോ വോട്ടെടുപ്പും പിന്നീടുണ്ടാവാറുള്ള സംഭവവികാസങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചേടത്തോളം വേട്ടമൃഗത്തിനു വിധിക്കപ്പെട്ട അനിഷേധ്യമായ ദുര്‍മരണങ്ങളായിരുന്നു. സാമാന്യബുദ്ധിയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അവ ചോദ്യം ചെയ്യുമ്പോഴും രാക്ഷസാകാരം പൂണ്ടെത്തുന്ന ബി.ജെ.പിയില്‍നിന്ന് കുതറിച്ചാടാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതു കൊണ്ടാണ് കര്‍ണാടകയില്‍ ഇപ്പോള്‍ സംഭവിച്ചത് കേവലമായ അതിജീവനത്തേക്കാളുപരി ഒരു രാഷ്ട്രീയ കലാപമായി അനുഭവപ്പെടുന്നത്. തൂക്കിക്കൊലയുടെ തലേ ദിവസം രാത്രി അവസാനവട്ടം ദയാഹരജി വിചാരണ നടത്തുന്നതു പോലെ ഇത്ര അത്യാവശ്യമായി എന്തുണ്ട് കര്‍ണാടകക്കു വേണ്ടി കോടതി ചേരാന്‍ എന്ന ചോദ്യവുമായി ബി.ജെ.പിക്കു വേണ്ടി മുകുള്‍ രോത്തഗി എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി പറഞ്ഞ ഒരു വാചകമുണ്ട്. അതെ, ഇന്ത്യന്‍ ജനാധിപത്യത്തെ തൂക്കിക്കൊല്ലാന്‍ പോവുകയാണ് കര്‍ണാടകയില്‍. അതുകൊണ്ടുതന്നെയാണ് നട്ടപ്പാതിരയില്‍ ഇങ്ങനെയൊരു ഹരജി വേണ്ടി വന്നത്.
അമിത് ഷായുടെ ചാണക്യ തന്ത്രമെന്ന് മാധ്യമങ്ങളും മോദിയുടെ ജനപ്രീതിയെന്ന് ബി.ജെ.പിയും കൊട്ടിപ്പാടുന്ന, കെട്ടുനാറുന്ന അഴിമതിയും കുതിരക്കച്ചവടവും, ജയിച്ച പാര്‍ട്ടിയുടെ കാലുവാരലും തെരഞ്ഞെടുപ്പ് കൃത്രിമങ്ങളും ഒരു രാജ്യം കനത്ത നിശ്ശബ്ദതയോടെയാണ് ഇത്രയും കാലം സഹിച്ചത്. അതേസമയം കര്‍ണാടകയിലെ പരാജയത്തിനു ശേഷം മാത്രം രാഷ്ട്രീയ ധാര്‍മികതയെ കുറിച്ച ഒരു പുതിയ ചര്‍ച്ചക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ജനാധിപത്യത്തെ കുറിച്ച് ഇപ്പോള്‍ ഇന്ത്യയിലെ മധ്യവര്‍ഗം പങ്കുവെക്കുന്ന ഈ ആശങ്കകള്‍ കഴിഞ്ഞ നാലു വര്‍ഷമായി ബി.ജെ.പി ജയിച്ച ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പിലും നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ഗോവയിലോ മേഘാലയയിലോ മണിപ്പൂരിലോ അരുണാചല്‍ പ്രദേശിലോ ഉത്തരാഖണ്ഡിലോ ഒന്നും ഉയരാത്ത തരം ചോദ്യങ്ങളാണ് രാജ്യം കര്‍ണാടകക്കു ശേഷം കേട്ടുകൊണ്ടിരിക്കുന്നത്. വിഷയം ബി.ജെ.പി ഏറ്റുപിടിച്ചതിനു ശേഷം ജനാധിപത്യം എന്ന വാക്കിന് അര്‍ഥശാസ്ത്രപരമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന ചര്‍ച്ച രാജ്യത്തെ സാധാരണക്കാരിലേക്ക് എത്തിച്ചേരുകയാണ്. ഗുണപരമായിട്ടാണെങ്കില്‍ ഇതിനു മുമ്പെ അര ഡസന്‍ ചര്‍ച്ചകളെങ്കിലും ഇങ്ങനെയൊരു വീക്ഷണകോണില്‍ ഉണ്ടാവേണ്ടതായിരുന്നല്ലോ. അപ്പോഴൊക്കെയും നമ്മുടെ മീഡിയ 'ചാണക്യ'ന്റെ കുശാഗ്രബുദ്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, അവരുടെ ഭാഷയില്‍ 'പപ്പുമോന്റെ', പിടിപ്പുകേടിനെയും കുറിച്ച് ഉപന്യസിക്കുകയായിരുന്നു. ഇപ്പോഴും അമിത് ഷാ പറയുന്നത് ഗോവയിലേത് കോണ്‍ഗ്രസിന്റെ കഴിവില്ലായ്മ ആയിരുന്നുവെന്നു തന്നെയാണ്. കര്‍ണാടകയില്‍ പക്ഷേ ബി.ജെ.പിയുടെ കഴിവില്ലായ്മയല്ല, മറിച്ച് എതിരാളികളുടെ 'അവിശുദ്ധ രാഷ്ട്രീയ'മായാണത് മാറുന്നത്!
ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ മജ്ജയിലേക്കു പോലും ഭയം സംക്രമിച്ചു കഴിഞ്ഞ കാലത്താണ് കര്‍ണാടകയില്‍ അപ്രതീക്ഷിതമായ ഒരു ചെറുത്തു നില്‍പ്പ് നടന്നത്. ജുഡീഷ്യറിയും സൈന്യവും കീഴ്വഴക്കങ്ങളും വിദേശനയവും മാധ്യമങ്ങളുമൊക്കെ ഏതോ അര്‍ഥത്തില്‍ ഒരു പുതിയ ഭരണക്രമത്തിന് അതിനകം കീഴടങ്ങിക്കഴിഞ്ഞിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം വരുമ്പോള്‍ ചട്ടങ്ങളല്ല തന്റെ വിവേചനാധികാരമാണ് പ്രധാനമെന്ന് സഭാധ്യക്ഷന്‍ തീരുമാനിക്കുന്നത് തത്ത്വത്തില്‍ ഭരണഘടനയെ തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു. എന്നിട്ടും വെങ്കയ്യയെയും മിശ്രയെയും വെറുതെ വിട്ട് മാധ്യമ ലോകം ഈ ഹരജി കൊണ്ടുവരാന്‍ മെനക്കെട്ട കപില്‍ സിബലിന്റെയും ഹരജിയില്‍ ഒപ്പുവെക്കാത്ത മന്‍മോഹന്‍ സിംഗിന്റെയും ചിദംബരത്തിന്റെയും പുറകെ കൂടി. ജനറല്‍ പി. മുഹമ്മദ് ഹാരിസിനെയും പ്രവീണ്‍ ഭക്ഷിയെയും മറികടന്ന് ബിപിന്‍ റാവത്തിനെ സൈനിക മേധാവിയാക്കുമ്പോള്‍ സൈന്യം ലിഖിതമായ വ്യവസ്ഥയോടല്ല, പ്രധാനമന്ത്രിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളോടാണ് കടപ്പെട്ടിരിക്കുന്നതെന്ന ഭയാനകമായ സന്ദേശമാണ് 2016-ല്‍ ബി.ജെ.പി നല്‍കിയത്. സൈന്യത്തിന്റെ ചരിത്രത്തില്‍ അടിയന്തരാവസ്ഥ കാലത്തു പോലും ഇങ്ങനെയൊരു രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നില്ല. മറുഭാഗത്ത് ബുദ്ധിശൂന്യമായ നീക്കങ്ങളിലൂടെ കശ്മീരില്‍ തീവ്രവാദികള്‍ക്കും പാകിസ്താന്‍ സൈന്യത്തിനും സജീവമാകാനും അന്നാട്ടില്‍ സമീപകാലത്ത് ശക്തിപ്പെട്ട ജനാധിപത്യത്തെ മറികടന്ന് സൈനിക ജനറല്‍മാര്‍ക്ക് ഇന്ത്യയുമായുള്ള ഇടപാടുകളില്‍ അവസാനവാക്ക് പറയാനുമുള്ള നുറു കണക്കിന് സാഹചര്യങ്ങളും മോദി സൃഷ്ടിച്ചു കൊടുക്കുന്നുമുണ്ട്. വിദേശ നയങ്ങളിലെ ഈ ഗമണ്ടന്‍ അബദ്ധങ്ങളെ കുറിച്ച് ഒരു ചെറുവിരല്‍ പോലും രാജ്യത്ത് ഉയരുന്നില്ല. കോര്‍പറേറ്റ് ഭീമന്മാരുടെ ബുള്‍ഡോസറുകള്‍ക്കടിയില്‍ പെട്ട് സ്വതവേ ഊര്‍ധ്വന്‍ വലിക്കുന്ന മാധ്യമങ്ങളെ എന്നിട്ടും നിയമം നിര്‍മിച്ച് നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു പി.ഐ.ബിയില്‍ സ്മൃതി ഇറാനി നടത്തിയതും രാജസ്ഥാനില്‍ വസുന്ധര രാജ സിന്ധ്യ നടപ്പിലാക്കാന്‍ ഒരുമ്പെട്ടതും. വ്യാജ വാര്‍ത്ത ഏതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അങ്ങനെ ഭരണകൂടത്തിനെതിരെ വാര്‍ത്ത കൊടുക്കുന്നവരുടെ അക്രഡിറ്റേഷന്‍ എടുത്തു കളയുമെന്നുമെന്നും അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന രീതിയില്‍ ഒരു ജനാധിപത്യ രാജ്യത്ത് ഉത്തരവിറങ്ങി. അത് തല്‍ക്കാലത്തേക്ക് പിന്‍വലിക്കേണ്ടി വന്നുവെങ്കില്‍ പോലും മാധ്യമ ലോകത്തിന്റെ ഞരമ്പുകളിലേക്ക് ദയാവധത്തിന്റെ മരുന്ന് കുത്തിവെക്കപ്പെട്ടു കഴിഞ്ഞിരുന്നു.
നരേന്ദ്ര മോദിയും അമിത് ഷായും ജുഡീഷ്യറിയെ നിശ്ശബ്ദമാക്കിയെങ്കില്‍ എന്തു കൊണ്ട് എ.കെ സിക്രിയും എസ്.എ ബോബ്ഡെയും അശോക് ഭുഷണും പാതിരാക്കോടതിയില്‍ ബി.ജെ.പിക്കെതിരെ നിന്നു എന്ന ചോദ്യമുയര്‍ത്തിയാണ് ബി.ജെ.പി ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. ഒരര്‍ഥത്തില്‍ ഈ ചോദ്യം പ്രസക്തവുമാണ്. അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തില്‍ ബംഗളൂരില്‍ പ്രകാശ് ജാവദേക്കറും ദല്‍ഹിയില്‍ സംഭീത് പാത്രയും വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനങ്ങളിലെ ഒരേയൊരു തുരുപ്പുചീട്ടും ഈ ചോദ്യമായിരുന്നു. ലോയ കേസില്‍ ജുഡീഷ്യറിയെ എതിര്‍ക്കുകയും കര്‍ണാടക കേസില്‍ വാഴ്ത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ എന്ന്. പക്ഷേ കോണ്‍ഗ്രസിന്റെ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എന്തുകൊണ്ട് വാദം കേട്ടില്ല എന്ന മറുചോദ്യത്തില്‍നിന്നാണ് ഉത്തരം രൂപപ്പെടുന്നത്. താന്‍ എന്തു വിധിച്ചാലും അതേകുറിച്ച് പൊതുജനം വിധിക്കാന്‍ പോകുന്നത് എന്താണെന്ന് അദ്ദേഹത്തിന് ഒരു തെറ്റിദ്ധാരണയെങ്കിലുമുണ്ടല്ലോ. അത് രൂപപ്പെട്ടതെങ്ങനെ? ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലിനെ ചെറുത്തു നില്‍ക്കാനും കൊളീജിയം സിസ്റ്റത്തെ മറ്റൊരു ചീഫ് ജസ്റ്റിസിന്റെ കാലം വരെയെങ്കിലും രക്ഷപ്പെടുത്തി നിര്‍ത്താനുമുള്ള സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ ശ്രമങ്ങളും അതിനോടുള്ള മോദി സര്‍ക്കാറിന്റെ പ്രതികരണവും, ജസ്റ്റിസ് ചെല്ലമേശ്വറും സംഘവും സുപ്രീംകോടതി നടപടികളെ കുറിച്ച് പൊതുസമൂഹത്തില്‍ തുടക്കമിട്ട ചര്‍ച്ചകള്‍, ഉത്തരാഖണ്ഡില്‍ ബി.ജെ.പിയുടെ ഗവര്‍ണര്‍ നീക്കത്തിനെതിരെ വിധി പറഞ്ഞ കെ.എം ജോസഫിനെ സുപ്രീംകോടതി ജസ്റ്റിസുമാരുടെ പട്ടികയില്‍ നിന്നും തഴഞ്ഞ കേന്ദ്ര സര്‍ക്കാറിന്റെ പകവീട്ടല്‍, നടപടിക്രമങ്ങള്‍ മറികടന്ന് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനു വേണ്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടത്തിയ ഇടപെടല്‍, അമിത് ഷാക്കെതിരെ ആരോപണമുയര്‍ന്ന ജസ്റ്റിസ് ലോയാ ദുരൂഹ മരണ കേസിലെ ദീപക് മിശ്രയുടെ ഉത്തരവ് ഇവയെല്ലാം സിക്രി അധ്യക്ഷനായ ആ ബെഞ്ചിന്റെ ചുമലില്‍ ഭാരം തീര്‍ക്കുന്നുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പര്യങ്ങളുടെ കാവലാളായി മാറിയെന്ന് ആരോപണം നേരിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്വയം പരിഗണിക്കാന്‍ ധൈര്യമില്ലാതെ താഴേക്കു കൊടുത്തയച്ച കേസില്‍ ഉണ്ടാവേണ്ട മിനിമം സൂക്ഷ്മത മാത്രമാണ് കേസില്‍ വാദം കേട്ട മൂന്നംഗ ബെഞ്ച് പാലിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ സാഹസങ്ങള്‍ക്ക് തുനിയുമ്പോള്‍ സുപ്രീം കോടതി എന്ന പ്രസ്ഥാനം തന്നെയാണ് അപകടത്തിലാവുന്നതെന്ന തിരിച്ചറിവ് ഉള്ളതു കൊണ്ട് അഭിഷേക് സിംഗ്വിക്കും കപില്‍ സിബലിനും നിയമത്തിന്റെ പരിമിതമായ ആനുകൂല്യങ്ങള്‍ അവര്‍ അനുവദിച്ചു കൊടുത്തുവെന്നു മാത്രം. അതില്‍ ഉദാരത കാണിക്കാമായിരുന്നുവെങ്കില്‍ ആ ഗവര്‍ണറുടെ ഉത്തരവിനെയും െയദിയൂരപ്പയുടെ പിന്തുണ കത്തിനെയുമൊക്കെ കോടതിക്ക് തന്നെ എടുത്ത് ചവറ്റുകുട്ടയില്‍ ഇടാമായിരുന്നു. മറ്റൊന്നു കൂടിയുണ്ട്. അമിത് ഷായുടെ കുതന്ത്രങ്ങളില്‍ വല്ലാതെ അഭിരമിച്ച ബി.ജെ.പിയുടെ അഭിഭാഷകര്‍ കോടതിയില്‍ കാണിച്ച ചില അബദ്ധങ്ങളും നിയമനടപടികളെ എളുപ്പമാക്കിയിരുന്നു. ജാവദേക്കറും മറ്റും അടിവരയിട്ട രീതിയില്‍ നീതിവാഴ്ചയുടെ തത്വങ്ങളെ സമ്പൂര്‍ണമായി സാധൂകരിക്കുന്ന ഒന്നായി ഒരര്‍ഥത്തിലും ഈ വിധിയെ കാണേണ്ടതുണ്ടായിരുന്നില്ല.
രാജ്യസ്നേഹവുമായി കൂട്ടിക്കെട്ടിയാല്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ പോലും നിശ്ശബ്ദമാക്കാമെന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. കര്‍ണാടക ഇതിന്റെ ഏറ്റവും മോശപ്പെട്ട ഉദാഹരണമായിരുന്നു. മറ്റുള്ളവരെ കുറിച്ച് ബി.ജെ.പി ഉന്നയിച്ച എല്ലാ ആരോപണങ്ങളും ടെക്സ്റ്റ് ബുക്ക് മാതൃകയില്‍ ബി.ജെ.പിയുടെ സമീപകാല ചരിത്രത്തില്‍ നിന്നും ഉദാഹരിക്കാന്‍ കഴിയുമായിരുന്നു. ഏറ്റവുമൊടുവില്‍ അമിത് ഷാ തന്നെ പറയുന്നു കോണ്‍ഗ്രസ് ജനവിധിയെ അട്ടിമറിക്കുകയാണ് ചെയ്തതെന്ന്. അതേ വായ കൊണ്ട് ഗോവയെയും മണിപ്പൂരിനെയുമൊക്കെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ബീഹാറില്‍ 2000 മാര്‍ച്ചില്‍ 121 സീറ്റുകളുള്ള ആര്‍.ജെ.ഡി അധികാരത്തില്‍ വരാതിരിക്കാന്‍ 67 സീറ്റുകളുള്ള ബി.ജെ.പി സമതാ പാര്‍ട്ടിയെ പിന്തുണക്കുമ്പോള്‍ നിയുക്ത മുഖ്യമന്ത്രി നിധീഷ് കുമാറിന് 34 സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെയും അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ എല്‍.കെ അദ്വാനിയുടെയും നേതൃത്വത്തില്‍ ജാര്‍ഖണ്ഡില്‍നിന്നും അഞ്ച് സ്വതന്ത്ര എം.എല്‍.എമാരെ രായ്ക്കുരാമാനം ഉടലോടെ റാഞ്ചിയെടുത്ത് റോഡുമാര്‍ഗം ദല്‍ഹിയില്‍ എത്തിച്ചാണ് 2005-ല്‍ ബി.ജെ.പി മന്ത്രിസഭ രൂപീകരിച്ചത്. പരസ്യമായ കുതിരക്കച്ചവടമാണെങ്കില്‍ പോലും മോദിയും അമിത് ഷായും നേതൃത്വം കൊടുക്കുമ്പോള്‍ അവ രാജ്യതാല്‍പര്യങ്ങളുടെ ഭാഗമായി മാറുന്നു! ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ വിനീത വിധേയന്മാരായ ലേഖകരെ മാത്രമാണ് പൊതുവെ കാണാനാവുക. ദേശീയഗാനാലാപനത്തെ അവഗണിച്ചാണ് യെദിയൂരപ്പയും കൂട്ടരും സഭയില്‍നിന്നും ഇറങ്ങിപ്പോയതെന്ന് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടും ഈ ചര്‍ച്ച ബി.ജെ.പിക്കെതിരെ വികസിപ്പിച്ചെടുക്കാനുള്ള 'ദേശീയബോധം' ഒരു ദേശീയ ചാനലിനും ഉണ്ടായിരുന്നില്ലല്ലോ.
2014-ലെ ലോക്സഭാ കാലത്ത് ലഭിച്ച 43 ശതമാനത്തില്‍ നിന്നും ബി.ജെ.പിയുടെ ജനപിന്തുണ കര്‍ണാടകയില്‍ 36-ലേക്ക് പതിച്ചിട്ടും സീറ്റുകളുടെ എണ്ണം കാണിച്ച് പൊതുജനത്തെ നിശ്ശബ്ദരാക്കാന്‍ ഈ മാധ്യമങ്ങളുടെ സഹായത്തോടെ ഇന്ന് ബി.ജെ.പിക്ക് എളുപ്പത്തില്‍ കഴിയുന്നു. രണ്ട് ശതമാനമെങ്കിലും കോണ്‍ഗ്രസിന് ഇപ്പോഴും വോട്ടുകള്‍ അധികമുണ്ടെന്ന സത്യം ബാക്കിയാവുകയും ചെയ്യുന്നു. കര്‍ണാടകയില്‍ കയ്യിലുണ്ടെന്ന് അഭിമാനിക്കുന്ന 36 ശതമാനം പോലും പിടിക്കപ്പെടാതെ പോയ വോട്ടിംഗ് മെഷീനുകളുടെ കൂടി സഹായത്താലാണെന്ന് ഹുബ്ബള്ളിയില്‍ ജഗദീഷ് ഷെട്ടാര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നിട്ടും അടുത്ത തെരഞ്ഞെടുപ്പില്‍ യന്ത്രത്തെയും കുറ്റം പറഞ്ഞ് വന്നേക്കരുതെന്ന് അമിത് ഷാ പരിഹസിക്കുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ നൈതികത വാര്‍ത്താ ലേഖകരുടെ നാവിന്‍ തുമ്പത്ത് പൊള്ളുന്ന ചോദ്യമായി ബി.ജെ.പി വാര്‍ത്താ സമ്മേളനങ്ങളില്‍ ഉയരുന്നില്ല. എന്തു കൊണ്ട് ഒരിക്കല്‍ പോലും ഈ യന്ത്രങ്ങള്‍ കോണ്‍ഗ്രസിനെയോ മറ്റു പാര്‍ട്ടികളെയോ തുണച്ചതായി ഇന്ത്യയില്‍ പരാതി ഉയരുന്നില്ല? 33 ശതമാനം മാത്രം ഭൂരിപക്ഷമുള്ള മോദി സര്‍ക്കാറിന് രാജ്യത്തെ 67 ശതമാനം ജനങ്ങളും എതിരാണെന്ന ലളിതമായ കണക്കുപോലും വിസ്മരിക്കപ്പെടുന്നു.
പൊതുബോധത്തെ ബി.ജെ.പി വഴിതിരിച്ചുവിടുന്ന രീതിയിലും കര്‍ണാടകയില്‍ നിന്ന് അപകടകരമായ പാഠങ്ങളുണ്ട്. പ്രധാനമന്ത്രി തന്നെ മുമ്പില്‍നിന്ന് പടുവിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിച്ച് നയിച്ച പ്രചാരണ റാലികള്‍ കര്‍ണാടകയിലെ ചര്‍ച്ചകളെ നിലവാര ശൂന്യത കൊണ്ട് അമ്പരപ്പിച്ചു. അഹങ്കാരവും അറിവില്ലായ്മയും അലങ്കാരമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. എന്നാല്‍ വോട്ടു കിട്ടിയാല്‍ അതു മുഴുവന്‍ തന്റെ ഭരണനേട്ടത്തിനും 'വികസന' പദ്ധതികള്‍ക്കും ലഭിച്ച പിന്തുണയായും വ്യാഖ്യാനിക്കുന്ന മോദിയുടെ പതിവ് അതേപടി ബാക്കിയായി. പൊതുബോധത്തോടുള്ള ഈ അവമതിപ്പിനെ ബി.ജെ.പി ഒരു തന്ത്രമാക്കി മാറ്റിയെടുക്കാന്‍ ഒരുങ്ങിപ്പുറപ്പെടുകയാണെന്നാണ് യോഗി ആദിത്യനാഥിനെ കര്‍ണാടകയിലേക്കും ത്രിപുരയില്‍നിന്നുള്ള മറ്റൊരു കഥാപാത്രത്തെ ചെങ്ങന്നൂരിലേക്കും പറഞ്ഞയച്ചതിലൂടെ വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇറ്റലി ബന്ധത്തെ കുറിച്ച പരിഹാസോക്തികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കര്‍ഷകരും ദലിതരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് കര്‍ണാടകയില്‍ യോഗി വല്ലതും പറയാന്‍ ശ്രമിച്ചത്. ജനാടിത്തറയുള്ള ഏതെങ്കിലും ദലിത് നേതാവ് ബി.ജെ.പിയില്‍ സംതൃപ്തനാണോ? സാവിത്രി ഭായി ഫൂലെയും ചോട്ടെലാല്‍ ഖാര്‍വറും അശോക് കുമാര്‍ ദൊഹ്റെയുമൊക്കെ യു.പിയില്‍ നിന്നുള്ള ജനപ്രതിനിധികളല്ലേ? എന്താണ് ഇപ്പോഴവര്‍ യോഗിയെ കുറിച്ചും ബി.ജെ.പിയെ കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്നത്? യു.പിയിലെ കര്‍ഷകരെ കടാശ്വാസം നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ച യോഗിയാണ് കര്‍ണാടകയില്‍ ഭരണത്തിലിരിക്കവെ 8165 കോടിയുടെ കടം എഴുതി തള്ളിയ സിദ്ധരാമയ്യയെ കുറിച്ച് നുണ പറയാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.
നുണകള്‍ തീര്‍ക്കുന്ന വൈകാരിക ആവേഗത്തെ ഒരു ചെറിയ കാലയളവു കൊണ്ട് വോട്ടാക്കിയെടുക്കാന്‍ സര്‍വായുധ സജ്ജരായ ഒരു സംഘത്തെ തന്നെ ബി.ജെ.പി രംഗത്തിറക്കിയിരുന്നു. 80 മുതല്‍ 100 വരെ അംഗങ്ങളുള്ള 23000 വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്നുവെന്നാണ് കര്‍ണാടകയില്‍ ബി.ജെ.പി സോഷ്യല്‍ മീഡിയാ വിഭാഗം കണ്‍വീനറായിരുന്ന ബാലാജി ശ്രീനിവാസ് പറയുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി കനത്ത ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ബി.ബി.സിയെ ഉദ്ധരിച്ചു വന്ന വാട്ട്സ്ആപ്പ് സന്ദേശം ഉദാഹരണം. ഈ സന്ദേശത്തില്‍ പറയുന്ന സര്‍വ്വെയുമായി ഒരു ബന്ധവുമില്ല എന്ന് ബി.ബി.സിക്ക് ഔദ്യോഗികമായി നിഷേധ കുറിപ്പ് ഇറക്കേണ്ടി വന്നു. ഉള്ളാള്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യു.ടി ഖാദറിനെതിരെ സ്റ്റുഡിയോവില്‍ റെക്കോര്‍ഡ് ചെയ്ത, അങ്ങേയറ്റം വര്‍ഗീയ ചുവയുള്ള സംഭാഷണ ശകലങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ഇങ്ങനെ ചില വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി മംഗലാപുരം പോലിസ് തന്നെ സ്ഥിരീകരിച്ചു.
ജയിച്ച മറുപക്ഷത്തിന്റെ എം.എല്‍.എമാരെ വിലക്കെടുത്താല്‍ പോലും അത് തെറ്റല്ലെന്ന മട്ടില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. കടലാസില്‍ ഇല്ലാത്ത ഭൂരിപക്ഷം സഭയില്‍ തെളിയിക്കുമെന്ന് പ്രധാനമന്ത്രി കട്ടായം പറഞ്ഞു. കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസുകാരായ എം.എല്‍.എമാരെ റാഞ്ചിയെടുത്തിട്ടും നരേന്ദ്ര മോദി ഒരക്ഷരം ഉരിയാടിയില്ല. അതിന്റെ പേരിലൊന്നും ഒരു ദേശീയ ടി.വിയും നരേന്ദ്ര മോദിയെയും അമിത് ഷായെയും അഴിമതിക്കാരായി ചിത്രീകരിച്ചില്ല. സഭയിലെ പരാജയത്തിന്റെ നാണക്കേട് പോലും യെദ്യൂരപ്പയുടെ കള്ളക്കണ്ണീരില്‍ ദേശീയ മാധ്യമങ്ങള്‍ ഒഴുക്കികളഞ്ഞു. ചതിയും നുണപ്രചാരണവും കള്ളപ്പണത്തിന്റെ കുത്തൊഴുക്കും എല്ലാറ്റിനുമൊടുവില്‍ ജനാധിപത്യത്തിന്റെ അട്ടിമറിയുമൊക്കെ ഒരു രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖമുദ്രയാകുമ്പോള്‍ കര്‍ണാടകയില്‍ തല്‍ക്കാലം ബി.ജെ.പി തോറ്റുവെന്നേയുള്ളൂ. ഈ കളികള്‍ അത്രയെളുപ്പം അവസാനിക്കുന്നവയല്ല.
Comments