സകാത്ത് മുസ്‌ലിം സംഘടനകളുടെ മുഖ്യ വിഷയമാകണം
ഒരു പഠനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ മാത്രം സകാത്ത് വിഹിതം ശേഖരിച്ചാല്‍ അത് നൂറ് ബില്യന്‍ ഡോളറുണ്ടാകും. മറ്റു മുസ്‌ലിം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സകാത്ത് വിഹിതം 300 മുതല്‍ 400 ബില്യന്‍ ഡോളര്‍ വരെയും. മറ്റൊരു കണക്ക്: നാല് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഭരണകൂട നിക്ഷേപം (സോവറിന്‍ വെല്‍ത്ത് ഫണ്ട്) രണ്ട് ട്രില്യന്‍ 253 ബില്യന്‍ ഡോളറാണ്. ഇതിന്റെ സകാത്ത് വിഹിതം മാത്രം 56 ബില്യന്‍ 325 മില്യന്‍ ഡോളറുണ്ടാകും. ബാങ്കുകളിലും ഓഹരി വിപണികളിലും മറ്റുമുള്ള പണം വേറെയും. അവയുടെ സകാത്ത് വിഹിതം ഇതിനെയെല്ലാം കവച്ചുവെക്കും. ഈയിടെ എറണാകുളത്ത് ചേര്‍ന്ന അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സില്‍ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗി അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ കണക്കുകള്‍ എടുത്തു പറഞ്ഞത്. ഒപ്പം അദ്ദേഹം ഊന്നിപ്പറയുന്ന മറ്റൊരു കാര്യമുണ്ട്. യഥാര്‍ഥ കണക്കുകള്‍ ഇതിനേക്കാളുമൊക്കെ എത്രയോ കൂടുതലാണ്. സകാത്ത് നിര്‍ബന്ധമാവുന്ന ആസ്തികള്‍ കൃത്യമായി നിര്‍ണയിക്കാന്‍ പോലും ഇനിയും സാധിച്ചിട്ടില്ല എന്നര്‍ഥം.
ഈ സകാത്ത് വിഹിതങ്ങള്‍ യഥാവിധി പിരിച്ചെടുക്കുകയും അവയുടെ യഥാര്‍ഥ അവകാശികള്‍ക്ക് എത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ മുസ്‌ലിം ലോകത്തിന്റെ തീരാ ശാപങ്ങളായ പട്ടിണിയും നിരക്ഷരതയും ഉന്മൂലനം ചെയ്യാന്‍ എന്നോ സാധിക്കുമായിരുന്നു. സാമ്പത്തിക വികസനത്തിലേക്കും സാമൂഹിക സുരക്ഷയിലേക്കും മുസ്‌ലിം സമൂഹങ്ങളെ നയിക്കാനും സാധിക്കുമായിരുന്നു. മതഭേദമന്യേ എല്ലാ അധഃസ്ഥിത, മര്‍ദിത ജനവിഭാഗങ്ങളെയും ഉയര്‍ത്തികൊണ്ടുവരാന്‍ അത് പ്രയോജനപ്പെടുമായിരുന്നു. ഇതൊന്നും പക്ഷേ സംഭവിക്കുന്നില്ല. അതിന്റെ ഒരു പ്രധാന കാരണം, സകാത്ത് സംഭരണമോ വിതരണമോ, കൃത്യമോ വ്യവസ്ഥാപിതമോ അല്ല എന്നതാണ്. സകാത്ത് ഇനത്തില്‍ പിരിച്ചെടുക്കുന്ന സംഖ്യയാകട്ടെ, മുഖ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പഠിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമമുണ്ടാക്കിയല്ല ചെലവഴിക്കപ്പെടുന്നതും.
ഇതിനൊരു പരിഹാരമായി പറഞ്ഞുവന്നിരുന്നത് സകാത്ത് സംഘടിതമായി ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു. ഇതുകൊണ്ടും മതിയാവില്ല എന്നതാണ് എറണാകുളത്തെ സകാത്ത് കോണ്‍ഫറന്‍സ് മുന്നോട്ട് വെച്ച ഒരു പ്രധാന ആശയം. സകാത്ത് സംവിധാനം ഒരു സ്ഥിരം ഇന്‍സ്റ്റിറ്റിയൂഷന്‍ ആയി വികസിക്കേണ്ടതുണ്ട്. സ്ഥാപനവത്കൃതമാവുമ്പോഴേ കൃത്യമായ പഠനവും അവലോകനവും ശേഖരണവും സംഭരണവും സാധ്യമാകൂ. നമ്മുടെ സംസ്ഥാനത്തും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇത്തരം ചെറിയ ചില പരീക്ഷണങ്ങള്‍ തുടങ്ങി വെച്ചപ്പോള്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അവക്ക് സാധിക്കുകയുായി. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു തന്നെയാണ് നാം മുന്‍ഗണന നല്‍കേണ്ടത്. വിദ്യാഭ്യാസ ശാക്തീകരണത്തെയും അതിന്റെ ഭാഗമായിത്തന്നെ കാണാം. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ഓടിച്ചുവായിക്കുന്ന ഏതൊരാള്‍ക്കും മറ്റൊരു നിലക്ക് ചിന്തിക്കാനാവില്ല. ഖുര്‍ആന്‍ സകാത്തിന്റെ അവകാശികളായി പറഞ്ഞ ആദ്യ രണ്ട് വിഭാഗം ദരിദ്രരും അശരണരുമാണല്ലോ. പ്രവാചകന്റെ മാതൃകയും മറ്റൊരു സന്ദേശമല്ല നമുക്ക് നല്‍കുന്നത്. പക്ഷേ, എല്ലാ മേഖലയിലും മത്സരിച്ച് മുന്നേറുന്ന പല മുസ്‌ലിം സംഘടനകള്‍ക്കും സകാത്ത് ഇന്നും മുഖ്യ വിഷയമായിട്ടില്ല എന്നത് ഏറെ സങ്കടകരമാണ്. ഈ വിഷയത്തില്‍ പുനരാലോചനക്ക് സമയം ഏറെ വൈകി എന്നു മാത്രം ഓര്‍മപ്പെടുത്തുന്നു.
Comments