Prabodhanm Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

യാത്രക്കാരന്റെ നോമ്പ്

ഇല്‍യാസ് മൗലവി

ഇസ്‌ലാമിക ശരീഅത്ത് യാത്രക്കാരനായ നോമ്പുകാരന് ഇളവുകള്‍ നല്‍കുന്നുണ്ട്. പഴയകാലത്തെ യാത്രകള്‍ അത്രമേല്‍ ദുഷ്‌കരമായിരുന്നു എന്നതുകൊണ്ടാണിത്. പക്ഷേ, ഇന്ന് അത്യാധുനിക യാത്രാ സൗകര്യങ്ങള്‍ എമ്പാടുമുള്ളപ്പോള്‍ ഇത്തരം ഇളവുകള്‍ സ്വീകരിക്കുന്നത് ന്യായമാണോ?

യാത്രക്കാര്‍ക്ക് നോമ്പൊഴിവാക്കാന്‍ ഇളവുണ്ടെന്ന് പറഞ്ഞത് അല്ലാഹുവാണ്. ഖുര്‍ആനില്‍ ഈയൊരു ഇളവ് പ്രഖ്യാപിച്ചപ്പോള്‍, ഭാവിയില്‍ യാത്രാ രംഗത്ത് ഉണ്ടാവാന്‍പോകുന്ന സൗകര്യങ്ങളെ പ്രതി അല്ലാഹുവിനു തീര്‍ച്ചയായും ബോധ്യമുണ്ടെന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അന്നഹ്ല്‍ 8).

മാത്രമല്ല, യാത്രയില്‍ ഒരാള്‍ക്ക് നോമ്പനുഷ്ഠിക്കല്‍ ക്ലേശകരമല്ലെങ്കിലും ഇളവ് ഉപയോഗപ്പെടുത്താമെന്ന് നബി (സ) പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹംസ ബ്‌നു അംറില്‍ അസ്‌ലമി നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, യാത്രയില്‍ നോമ്പനുഷ്ഠിക്കാന്‍ മാത്രം കരുത്ത് എനിക്കുള്ളതായി ബോധ്യമുണ്ട്. എനിക്ക് നോമ്പെടുക്കുന്നതിന് വല്ല കുഴപ്പവുമുണ്ടോ? അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: അത് അല്ലാഹുവിങ്കല്‍നിന്നുള്ള ഒരിളവാണ്. അതാരെങ്കിലും എടുത്താല്‍ അത്രയും നല്ലത്. ഇനി നോമ്പെടുക്കുന്നതാണ് ഒരാള്‍ക്കിഷ്ടമെങ്കില്‍ അതിന് യാതൊരു കുഴപ്പവുമില്ല (മുസ്‌ലിം 2685).

രോഗിക്കും യാത്രക്കാരനും നോമ്പെടുക്കുന്നതില്‍ ഇളവുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു (അല്‍ബഖറ 185). രോഗി സുഖം പ്രാപിച്ച ശേഷവും യാത്രക്കാരന്‍ യാത്ര അവസാനിച്ച ശേഷവും നഷ്ടപ്പെട്ട നോമ്പ് നിര്‍ബന്ധമായും വീട്ടേണ്ടതാണ്. എന്നാല്‍ ഒരിക്കലും ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗവും വാര്‍ധക്യസഹജമായ രോഗങ്ങളും ഇതില്‍ പെടുകയില്ല എന്ന് വ്യക്തമാണല്ലോ. യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കാവുന്ന ദൂരമെത്രയാണ്? യാത്രക്കാരന്‍ നോമ്പെടുക്കുന്നതാണോ എടുക്കാതിരിക്കുന്നതാണോ ഉത്തമം? ഇത്തരം വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

'നിങ്ങളിലൊരാള്‍ രോഗിയാവുകയോ യാത്രയിലാവുകയോ  ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ എണ്ണം പൂര്‍ത്തീകരിക്കേണ്ടതാകുന്നു.' എന്നാല്‍, ദൂരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ദൂരനിര്‍ണയം ഏകദേശ കണക്ക് മാത്രമാണ്. നബി(സ)യോ അനുചരന്മാരോ മീറ്ററും കിലോമീറ്ററും കണക്കുകൂട്ടി ദൂരം നിര്‍ണയിച്ചു തന്നിട്ടില്ല. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ദൂരം ഒരു ഉപാധിയേയല്ല. ഭാഷാപരമായും പ്രാദേശിക മര്യാദയനുസരിച്ചും 'യാത്ര' എന്നു വിളിക്കാവുന്ന എല്ലാ യാത്രകളിലും നമസ്‌കാരം ചുരുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യാം. ഖുര്‍ആനും സുന്നത്തും അങ്ങനെയാണത് നിശ്ചയിച്ചത്. തിരുദൂതരോടൊപ്പം യാത്ര ചെയ്യാറുണ്ടായിരുന്ന  അനുചരന്മാരില്‍ നോമ്പെടുക്കുന്നവരും നോമ്പ് ഒഴിവാക്കുന്നവരും ഉണ്ടായിരുന്നു. അനസ് (റ) പറയുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം യാത്ര ചെയ്യാറുണ്ടായിരുന്നു. നോമ്പെടുത്തവര്‍ നോമ്പൊഴിച്ചവരെയോ മറിച്ചോ ആക്ഷേപിക്കുകയുണ്ടായില്ല' (ബുഖാരി 1997). എന്നാല്‍, കടുത്ത വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഒരു യാത്രക്കാരന്‍ നോമ്പെടുക്കുന്നത് കറാഹത്താണ്. ചിലപ്പോഴത് ഹറാം വരെയാകാം. നോമ്പുനോറ്റു തളര്‍ച്ച  ബാധിച്ച ഒരു യാത്രക്കാരന് തണല്‍ വിരിച്ചു കൊടുക്കുന്നതു കണ്ട തിരുമേനി തളര്‍ച്ചയുടെ കാരണമാരാഞ്ഞു. 'അയാള്‍ നോമ്പുനോറ്റിരിക്കുന്നു' എന്നു കൂട്ടുകാര്‍ മറുപടി നല്‍കി. അപ്പോള്‍ തിരുമേനി പറഞ്ഞു: 'യാത്രയില്‍ നോമ്പുനോല്‍ക്കുകയെന്നത് പുണ്യമല്ല.' യാത്രാക്ലേശം കഠിനമാകുന്ന സന്ദര്‍ഭത്തിലാണിത്.

 

യാത്ര ക്ലേശകരമല്ലെങ്കില്‍ നോമ്പെടുക്കാനും നോമ്പ് ഒഴിക്കാനും യാത്രക്കാരന് സ്വാതന്ത്യമുണ്ട്. പക്ഷേ, ഏതാണ് കൂടുതല്‍ ശ്രേഷ്ഠം?

നോമ്പെടുക്കുന്നതാണ് ശ്രേഷ്ഠമെന്നും നോമ്പൊഴിവാക്കുന്നതാണ് ശ്രേഷ്ഠമെന്നും പറയുന്നവരുണ്ട്. 'രണ്ടില്‍ ലഘുവായത് ശ്രേഷ്ഠം' എന്ന് ഉമറുബ്നു അബ്ദില്‍ അസീസ് പറയുകയുണ്ടായി. മറ്റുള്ളവര്‍ നോമ്പെടുക്കാത്ത കാലത്ത് നോമ്പ് നോറ്റുവീട്ടുന്നതിനേക്കാള്‍ എല്ലാവരും നോമ്പുനോല്‍ക്കുന്ന കാലത്ത് അവരോടൊപ്പം അത് ചെയ്യുന്നതാണ് ചിലര്‍ക്ക്  സൗകര്യം. അവര്‍ റമദാനില്‍ നോമ്പുനോറ്റുകൊള്ളട്ടെ. മറ്റു ചിലര്‍ക്ക് മറിച്ചായിരിക്കും അനുഭവം. അവര്‍ റമദാനിലെ യാത്രകളില്‍ നോമ്പൊഴിവാക്കി മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടിക്കൊള്ളട്ടെ. നോമ്പു നോല്‍ക്കുന്നവന് ഏതാണോ എളുപ്പം അതാണ് ശ്രേഷ്ഠം.  അബൂ സഈദില്‍ ഖുദ്‌രി പറയുന്നു: റമദാനില്‍ ഞങ്ങള്‍ നബിയോടൊപ്പം യുദ്ധം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നോമ്പെടുത്തവരും നോമ്പെടുക്കാത്തവരും ഉണ്ടാവും.  എന്നാല്‍ നോമ്പെടുത്തവര്‍ക്ക് നോമ്പെടുക്കാത്തവരോടോ, നോമ്പെടുക്കാത്തവര്‍ക്ക് നോമ്പെടുത്തവരോടോ ഒന്നും തന്നെ തോന്നിയിരുന്നില്ല. ആര്‍ക്കാണോ കരുത്തുള്ളത് അവര്‍ നോമ്പെടുക്കുന്നു; അപ്പോള്‍ അതായിരിക്കും അവര്‍ക്ക് നല്ലത്. ഇനി ആര്‍ക്കെങ്കിലും കഴിയില്ല എന്നു തോന്നിയാല്‍ അവര്‍ നോമ്പ് ഒഴിവാക്കും; അവര്‍ക്കതായിരിക്കും നല്ലത്. ഇങ്ങനെയായിരുന്നു അവരതിനെ കണ്ടിരുന്നത് (മുസ്‌ലിം: 2674).

യാത്രാക്ലേശം കഠിനമാകണമെന്നതോ ക്ലേശം തന്നെ ഉണ്ടാകണമെന്നതോ ഈ ഇളവ് സ്വീകരിക്കുന്നതിനുള്ള അനിവാര്യതയോ ഉപാധി പോലുമോ അല്ല. മറിച്ച്, യാത്ര സ്വയം തന്നെ നോമ്പ് ഒഴിക്കാന്‍ അനുവാദമുള്ള കാരണമാണ്. യാത്രാക്ലേശത്തെ ഒരു മാനദണ്ഡമായി നിശ്ചയിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച ഭിന്നിപ്പ് ഉണ്ടാകുമായിരുന്നു. കരുത്തരായ ആളുകള്‍ ഏതു ക്ലേശവും സഹിക്കും. അയാള്‍ പറയും: 'ഇതൊക്കെ ഒരു ക്ലേശമാണോ?' എന്നിട്ടയാള്‍ സ്വശരീരത്തെ ഞെരുക്കിയും പീഡിപ്പിച്ചും പല വിഷമങ്ങളും സഹിക്കും. എന്നാല്‍, അല്ലാഹു തന്റെ ദാസന്മാരെ പീഡിപ്പിക്കാനുദ്ദേശിക്കുന്നില്ല. അതേസമയം, ഇളവ് സ്വീകരിക്കണമെന്നുള്ളവന്‍ ഏറ്റവും ചെറിയ ക്ലേശംപോലും വലുതായി കാണുകയും ചെയ്യും.

അതിനാല്‍, നോമ്പൊഴിവാക്കാനുള്ള അനുമതിയെ അല്ലാഹു യാത്രാക്ലേശവുമായി ബന്ധിപ്പിക്കാതെ യാത്രയുമായി മാത്രം ബന്ധിപ്പിച്ചു. ഒരാള്‍ യാത്ര ചെയ്യുന്നത് വിമാനത്തിലോ തീവണ്ടിയിലോ കാറിലോ ആയാല്‍ പോലും അയാള്‍ക്ക് നോമ്പ് ഒഴിവാക്കാം. പ്രശ്നം അയാള്‍ക്കതു കടമായി ശേഷിക്കും എന്നുള്ളതാണ്. മറ്റു ദിവസങ്ങളില്‍ അത് നോറ്റു വീട്ടേണ്ടിവരും. നോമ്പിന്റെ ബാധ്യതയില്‍നിന്ന് അയാള്‍ എന്നന്നേക്കുമായി മോചിതനാവുന്നില്ല. തല്‍ക്കാലത്തേക്കു മാത്രമുള്ള മോചനമാണത്. ഇക്കാരണത്താല്‍ യാത്ര വന്‍ ക്ലേശങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ നോമ്പെടുക്കാനും നോമ്പൊഴിവാക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. യാത്രയെന്നാല്‍ ഒരു തരം ശിക്ഷയാണെന്ന് അനുഭവസ്ഥര്‍ക്ക് അറിയാം. അത് വിമാനത്തിലാവട്ടെ, മൃഗങ്ങളുടെ പുറത്താവട്ടെ. വാസസ്ഥലത്തുനിന്നും സ്വകുടുംബത്തില്‍നിന്നുമുള്ള അകല്‍ച്ച മാത്രം മതി, ഒരു തരം അസ്വാഭാവികതയും അസാധാരണത്വവും അനുഭവപ്പെടാന്‍. ശാരീരിക ക്ലേശങ്ങളേക്കാളേറെ ഈ മാനസികാവസ്ഥയായിരിക്കണം, അല്ലാഹു നോമ്പൊഴിവാക്കുന്നതിന് അനുമതി നല്‍കാന്‍ കാരണം. നമുക്കറിയാവുന്നതും അറിയാന്‍ കഴിയാത്തതുമായ മറ്റു കാരണങ്ങളും ഉണ്ടാവാം. അല്ലാഹു അനുവദിച്ച ഒരിളവ് പാഴാക്കാതിരിക്കുന്നതായിരിക്കും നമുക്ക് ഗുണകരം. ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്; അവന്‍ നിങ്ങള്‍ക്ക് ഞെരുക്കം ആഗ്രഹിക്കുന്നില്ല'' (2:185).

 

നോമ്പിന്റെ നിയ്യത്ത്

നോമ്പിന്റെ നിയ്യത്ത് ചൊല്ലിക്കൊടുക്കുന്നത് കാണാറുണ്ട്. അത് നാവു കൊണ്ട് ഉരുവിടുക നിര്‍ബന്ധമാണോ? എപ്പോഴാണ് അതിന്റെ സമയം? ഓരോ ദിവസത്തെ നോമ്പിനും വെവ്വേറെ നിയ്യത്ത് വേണ്ടതുണ്ടോ?

'നിയ്യത്ത്' എന്ന വാക്കിന് കരുതുക എന്നാണര്‍ഥം. കരുതല്‍ ഹൃദയം കൊണ്ടാണല്ലോ.  എന്ന് വെച്ചാല്‍ നിയ്യത്തിന്റെ ഇടം മനസ്സാണ്; ഹൃദയം കൊണ്ടാണ് നിയ്യത്ത് ചെയ്യേണ്ടത്.  മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവുകൊണ്ട് ഉച്ചരിച്ചാല്‍ അത് നിയ്യത്താവുകയില്ല. നാവുകൊണ്ടുച്ചരിക്കല്‍ നിയ്യത്തിന്റെ നിബന്ധനയല്ല. സുന്നത്തു മാത്രമാണ്. അതുപോലും ശാഫിഈ, ഹനഫീ വീക്ഷണമാണ് (നിഹായ 1-496). നബിയോ സ്വഹാബത്തോ നിയ്യത്ത് ഉരുവിടാറുണ്ടായിരുന്നില്ല (സാദുല്‍മആദ് 1- 194). ഹൃദയത്തെ സഹായിക്കാന്‍ വേണ്ടിയാണ് നാവു കൊണ്ടുച്ചരിക്കുന്നത്. ഹൃദയസാന്നിധ്യമില്ലാതെ കേവലം നാവുകൊണ്ട് 'നിയ്യത്ത്' വെച്ചാല്‍ നോമ്പ് സ്വഹീഹാവുന്നതല്ല (തുഹ്ഫ 3/424).

'ഫജ്‌റിനു മുമ്പ് രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല' (അബൂദാവൂദ്: 8161) എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് റമദാന്‍ നോമ്പായി പരിഗണിക്കണമെങ്കില്‍ ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യുക തന്നെ വേണം എന്ന് പറയുന്നത്. ശാഫിഈ മദ്ഹബനുസരിച്ച് ഫര്‍ദായ നോമ്പാണെങ്കിലാണ് രാത്രി നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധം. എന്നാല്‍ പകല്‍ ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്താലും മതി എന്നാണ് ഇമാം അബൂഹനീഫ (റ) പറയുന്നത്. എന്നാല്‍ റമദാന്‍ വ്രതം (സ്വൗമു റമദാന്‍) ഒറ്റ ഇബാദത്താണെന്നും മൊത്തം ഒരു നിയ്യത്ത് മതിയാവുമെന്നുമാണ് മാലികി മദ്ഹബിന്റെ വീക്ഷണം (ഹാശിയതു ബിന്‍ ആബിദീന്‍: 2-380).

പിറ്റേന്ന് നോമ്പെടുക്കണമെന്ന് ഉദ്ദേശിച്ച് കിടക്കുന്നതും ആ ഉദ്ദേശ്യത്തോടെ അത്താഴത്തിനെഴുന്നേല്‍ക്കുന്നതുമെല്ലാം നിയ്യത്തായി പരിഗണിക്കപ്പെടും.

 

ഇന്‍സുലിന്‍ കുത്തിവെക്കല്‍

എനിക്ക് പ്രമേഹവും അലര്‍ജിയുമുള്‍പ്പെടെ പല രോഗങ്ങളുമുണ്ട്. എന്നാല്‍ നോമ്പ് നോല്‍ക്കുന്നതിന് ഇവ എനിക്ക് പ്രയാസമുണ്ടാക്കില്ല. ചിലപ്പോള്‍ നോമ്പുകാരനായിരിക്കെ തന്നെ എനിക്ക് രക്തം പരിശോധിക്കേണ്ടിവരും. അതുപോലെ അലര്‍ജിക്ക് സ്പ്രേ, മൂക്കിലിറ്റിക്കുന്ന മരുന്ന് എന്നിവയും ഉപയോഗിക്കേണ്ടിവരും. ഇന്‍സുലിന്‍ കുത്തിവെക്കാറുണ്ട്. നോമ്പുകാരനായിരിക്കെ ഇതെല്ലാം ചെയ്യുന്നതിന്റെ വിധിയെന്താണ്?

മറ്റൊരു സംശയം: നോമ്പുകാരനായിരിക്കെ പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യാമോ?

 

രക്തപരിശോധന:  രക്ത പരിശോധന  പുതിയകാല രീതിയായതിനാല്‍ മുന്‍കാല പണ്ഡിതന്മാര്‍ ഇതേക്കുറിച്ച് പറഞ്ഞതായി കാണുക സാധ്യമല്ല.  എന്നാല്‍ ആധുനിക പണ്ഡിതന്മാര്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. സമാനമായ ചോദ്യത്തിന് ശൈഖ് ഇബ്നുബാസ് (ഇബ്നുബാസിന്റെ ഫത്വകള്‍: 15/274), ശൈഖ് ഇബ്നു ഉസൈമീന്‍ (ഫതാവാ അര്‍കാനില്‍ ഇസ്ലാം, പേജ്: 478), ശൈഖ് ഖറദാവി തുടങ്ങിയ പണ്ഡിതന്മാര്‍ നല്‍കിയ മറുപടി നോമ്പു മുറിയുകയില്ലെന്നാണ്; ഇസ്ലാമിക ശരീഅത്ത് നോമ്പ് മുറിയുന്ന കാര്യങ്ങളായി പരിഗണിച്ച ഗണത്തില്‍  ഇവ പെടുകയില്ലെന്നും.

സ്പ്രേ ഉപയോഗം: അലര്‍ജി, ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ നോമ്പൊഴിവാക്കാന്‍ മാത്രം രോഗികളായിരിക്കണമെന്നില്ല. ഇനി രോഗികളായി പരിഗണിച്ച് നോമ്പൊഴിവാക്കിയാല്‍ തന്നെ അലര്‍ജിക്കുള്ള സ്പ്രേകള്‍  പോലുള്ളവ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കേ മറ്റൊരവസരത്തിലും അവര്‍ക്ക് നോമ്പെടുക്കാന്‍ സാധിക്കാതെ വരും. ആധുനിക പണ്ഡിതന്മാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നോമ്പുകാരെ സംബന്ധിച്ചേടത്തോളം ഇത്തരം രോഗമുള്ളവര്‍ നോമ്പൊഴിവാക്കുകയല്ല, പ്രത്യുത സ്പ്രേ ഉപയോഗിക്കുന്നതോടൊപ്പം അവരും മറ്റുള്ളവരെപ്പോലെ നോമ്പെടുക്കുകയാണ് വേണ്ടതെന്നാണ് ഫത്വ നല്‍കിയിരിക്കുന്നത് (ഇബ്നു ബാസിന്റെ ഫതാവാദ്ദഅ്വ: 979).

മൂക്കില്‍ മരുന്ന് ഇറ്റിക്കല്‍:  ''നിങ്ങള്‍ നന്നായിതന്നെ മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക, എന്നാല്‍ നോമ്പുകാരനാണെങ്കില്‍ അങ്ങനെ ചെയ്യരുത്'' (തിര്‍മിദി). ഈ ഹദീസ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനിയുള്‍പ്പെടെയുള്ളവര്‍ വിധിയെഴുതിയിട്ടുണ്ട്. കണ്ണ്, ചെവി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി മൂക്ക്, അന്നപാനീയങ്ങള്‍  ആമാശയത്തില്‍ എത്തിക്കാനുള്ള വഴികളിലൊന്നാണ്. അതുകൊണ്ടാണല്ലോ രോഗികള്‍ക്ക് മൂക്കില്‍ കുഴലിട്ട് അതിലൂടെ ദ്രവരൂപത്തില്‍ ആഹാരം നല്‍കുന്നത്. നോമ്പ് നോറ്റവരല്ലെങ്കില്‍ മൂക്ക് വൃത്തിയാക്കുന്നത് നന്നായി വെള്ളം കയറ്റിചീറ്റിക്കൊണ്ടാകണമെന്ന് തിരുമേനി പറയുമ്പോള്‍ ജലം മൂക്കിലൂടെ ഉള്ളിലേക്ക് പോകാതെ സൂക്ഷിക്കാനായിരിക്കണം അങ്ങനെ നിര്‍ദേശിച്ചത് എന്ന് മനസ്സിലാക്കാം. ഇതുവെച്ച് നോമ്പുകാരന്‍ മൂക്കില്‍ മരുന്ന് ഇറ്റിക്കുന്നത് നോമ്പിനെ ദുര്‍ബമാക്കുമെന്നാണ് പണ്ഡിതന്മാരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ തൊണ്ടയിലേക്കെത്താത്തത്രയും ചെറിയ തുള്ളിയാണെങ്കില്‍ അത് നോമ്പിനെ ബാധിക്കില്ലെന്നും, ഇനി അഥവാ വല്ലതും തൊണ്ടയില്‍ എത്തിയാല്‍ തന്നെ അത് തുപ്പിക്കളയുകയാണ് വേണ്ടതെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു (ഇബ്നുബാസിന്റെ ഫത്വകള്‍: 15/260, 261, ഖറദാവിയുടെ ഫിഖ്ഹുസ്സിയാം, ഫത്വകള്‍ തുടങ്ങിയവ നോക്കുക).

ഇന്‍സുലിന്‍ കുത്തിവെക്കല്‍: സുഊദി ഫത്വാ സമിതിയുടെ ഫത്വയനുസരിച്ച് ഇന്‍സുലിന്‍ കുത്തിവെക്കുന്നതു വഴി നോമ്പ് മുറിയുകയില്ല. ഇത്തരം നൂതന പ്രശ്നങ്ങള്‍ നോമ്പ് മുറിയുമോ ഇല്ലേ എന്ന് ചര്‍ച്ച ചെയ്ത ആധുനിക ഫിഖ്ഹ് സമിതികളുടെ തീരുമാനവും ഇതുതന്നെയാണ്. 1997-ല്‍ ജിദ്ദയില്‍ ലോക പണ്ഡിതന്മാരും ഫുഖഹാഉം ഗവേഷകരും പങ്കെടുത്ത അന്താരാഷ്ട്ര ഫിഖ്ഹ് സമിതിയുടെ തീരുമാനങ്ങളില്‍ ഇഞ്ചക്ഷന്‍, ഇന്‍സുലിന്‍ തുടങ്ങിയവയൊന്നും നോമ്പുമുറിയുന്ന കാര്യങ്ങളല്ലെന്ന് കാണാം. എന്നാല്‍ ശരീര പുഷ്ടിക്കും വിശപ്പും ദാഹവും ശമിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ നോമ്പു മുറിയുമെന്നും അവര്‍ വ്യക്തമാക്കുന്നു.

പേസ്റ്റ് ഉപയോഗിക്കല്‍: വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുന്നതിനോ ഉഷ്ണമകറ്റാന്‍ വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുന്നതിനോ വിരോധമില്ലെന്ന് ഇമാം ഹസനുല്‍ ബസ്വരിയും, നോമ്പെടുക്കുന്നവര്‍ എണ്ണ തേച്ച് മുടി ചീകിവെച്ചു കൊള്ളട്ടെയെന്ന് ഇബ്നു മസ്ഊദും (റ) പറഞ്ഞതായും, നോമ്പുകാരനായിരിക്കെ തിരുമേനി പല്ല് തേക്കാറുണ്ടായിരുന്നുവെന്നും, രാവിലെയെന്നോ വൈകുന്നേരമെന്നോ നോക്കാതെ ഇബ്നു ഉമര്‍ (റ) ദന്തശുദ്ധി വരുത്താറുണ്ടായിരുന്നുവെന്നും 'നോമ്പുകാരന്റെ കുളി' എന്ന അധ്യായത്തില്‍ ഇമാം ബുഖാരി രേഖപ്പെടുത്തുന്നു.  കൂടാതെ ഈര്‍പ്പമുള്ള പച്ച അറാക്കിന്റെ മിസ്വാക്കുകൊണ്ടും പല്ലു തേക്കാമെന്ന് ഇമാം ഇബ്നുസീരീന്‍ പറഞ്ഞപ്പോള്‍ ആ കമ്പിനു രുചിയുണ്ടാവുമല്ലോ എന്ന് ആളുകള്‍ ചോദിച്ചു. വെള്ളത്തിനും അതിന്റേതായ രുചിയുണ്ടല്ലോ എന്നിട്ടും നിങ്ങള്‍ വായില്‍ വെള്ളം കൊപ്ലിക്കുന്നില്ലേ എന്ന് ഇമാം തിരിച്ചു ചോദിച്ചതുമെല്ലാം ഇമാം ബുഖാരി രേഖപ്പെടുത്തുന്നു. ഇതെല്ലാം വെച്ചുകൊണ്ടാണ് പേസ്റ്റ് ഉപയോഗിച്ചു നോമ്പുകാരന് എപ്പോള്‍ വേണമെങ്കിലും പല്ലു തേക്കാമെന്ന് ആധുനികരായ ഫുഖഹാക്കള്‍ ഫത്വ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഉള്ളിലേക്ക് ഇറങ്ങാതെ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.

വായ് നാറ്റത്തിന്റെ അസുഖമുള്ളവര്‍ക്കും മറ്റും ആ ശല്യം മറ്റുള്ളവര്‍ക്ക് അനുഭവപ്പെടാതിരിക്കാനായി മൗത്ത് വാഷ് പോലുള്ളവ കൊണ്ട് വായ കഴുകുന്നതോ, സ്പ്രേകള്‍ ഉപയോഗിക്കുന്നതോ നോമ്പിനെ തകരാറാക്കില്ലെന്നും അവര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫതാവാ ശൈഖ് സ്വാലിഹ് ഫൗസാന്‍: 3/121). ഉമിനീര്‍ ഇറക്കുന്നതും നോമ്പിനെ ബാധിക്കുകയില്ല.  അതിനാല്‍ വായില്‍ ഉമിനീര്‍ പൊടിയുന്നത് കൂടെ കൂടെ തുപ്പിക്കളയുന്നത് ഒട്ടും ആശാസ്യമല്ല. അത് മറ്റുള്ളവര്‍ക്ക് അരോചകമായിരിക്കും. 

 

 

ഋതുമതിയുടെ നോമ്പ്

റമദാന്‍ വ്രതം നഷ്ടപ്പെടാതിരിക്കാനായി ആര്‍ത്തവം വൈകിപ്പിക്കാന്‍ സഹായിക്കുന്ന മെഡിസിന്‍ ഉപയോഗിക്കുന്നതിന്റെ വിധി എന്ത്?

റമദാനില്‍ വ്രതമനുഷ്ഠിക്കണമെന്ന് കല്‍പിച്ച അതേ  ദീന്‍ തന്നെയാണ് ആര്‍ത്തവ കാലത്ത് വ്രതമനുഷ്ഠിക്കരുത്  എന്ന് കല്‍പ്പിച്ചിട്ടുള്ളതും. അപ്പോള്‍ ഋതുമതികളല്ലാത്തവര്‍   നോമ്പനുഷ്ഠിക്കുന്നതും ഋതുമതികളായവര്‍ നോമ്പ് ഉപേക്ഷിക്കുന്നതും അല്ലാഹുവിനെ അനുസരിക്കല്‍ തന്നെയാണ്. ഇവിടെ ദൈവകല്‍പന അനുസരിക്കുന്നതിന്റെ പേരാണ് ഇബാദത്ത്. അതിനാല്‍ ആര്‍ത്തവകാലത്ത് നോമ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് റമദാനില്‍ പ്രതിഫലം നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്ക അസ്ഥാനത്താണ്. അല്ലാഹു സ്ത്രീകളുടെ പ്രകൃതിയായി നിശ്ചയിച്ച ഒരു പ്രക്രിയയാണ്  ആര്‍ത്തവം. ആ വേളയില്‍ നമസ്‌കാരവും നോമ്പും നിഷിദ്ധമാണ്. ഈ പ്രക്രിയ ദൈവനിശ്ചയമനുസരിച്ച് നടക്കുന്നതാണ്. അല്ലാതെ ഒരു സത്രീ തന്റെ ഇഛയനുസരിച്ച് തീരുമാനിക്കുന്നതല്ല. അതു കൊണ്ട് തനിക്ക് പങ്കില്ലാത്ത ഒരു പ്രക്രിയുടെ പേരില്‍ അല്ലാഹു തന്നോട് അനീതി ചെയ്യുമെന്ന് ആശങ്കിക്കുന്നതില്‍ അര്‍ഥമില്ല. ഈ കാരണത്താല്‍ തന്നേക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് പ്രതിഫലമോ അനുഗ്രഹമോ അധികം ലഭിക്കുമെന്നും തനിക്കവ വിലക്കപ്പെടുമെന്നും ആശങ്കപ്പെടേണ്ടതുമില്ല. അതിനാല്‍ റമദാന്‍ മാസത്തില്‍ ഋതുമതികളാവുന്ന പക്ഷം ആ വേളയില്‍ നോമ്പ് ഉപേക്ഷിക്കുകയും റമദാന്‍ കഴിഞ്ഞ് അടുത്ത റമദാന്‍ വരെയുള്ള മാസങ്ങളില്‍ സൗകര്യമനുസരിച്ച് ഒഴിവാക്കിയ നോമ്പുകള്‍ നോറ്റ് വീട്ടുകയുമാണ് ചെയ്യേണ്ടത്.

എന്നാല്‍, ചില സഹോദരിമാര്‍ക്കെങ്കിലും റമദാന്‍ മാസത്തിലെ നോമ്പ് നോറ്റുവീട്ടുന്നതിന് പ്രായോഗിക തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയുടെ ഭാരം, കാലാവസ്ഥ പ്രതികൂലമാവുക, പ്രസവം, ചികിത്സ തുടങ്ങി പല തടസങ്ങളും വരാന്‍ സാധ്യതയുണ്ട്. അതുപോലെ, റമദാനില്‍ നോമ്പനുഷ്ഠിക്കൂന്ന സൗകര്യവും അനുകൂല ഘടകങ്ങളും പിന്നെ കിട്ടിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള ഒരു സഹോദരിക്ക് ആര്‍ത്തവം വൈകിപ്പിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് അനുവാദമുണ്ടെന്ന് ആധുനിക പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതു പക്ഷേ നിരുപാധികമായ അനുവാദമല്ല. ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് വഴി സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ യാതൊരു ദോഷവും ഉപദ്രവും ഉണ്ടാവുകയില്ല എന്ന് വിശ്വസ്തനായ ഒരു ഡോക്ടറുടെ സാക്ഷ്യമുണ്ടായിരിക്കണമെന്ന് കൂടി  അവര്‍ ഉപാധി വെച്ചിട്ടുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌