Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

വാക്കുകളാണ് സത്യം

പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി

വാക്കുകള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളാണ്. അശ്രദ്ധമായും അലക്ഷ്യമായും പ്രയോഗിച്ചാല്‍ പ്രയോക്താവിനു തന്നെ മുറിവേല്‍ക്കും. ഒരു ആശയം വാക്കായി വരുന്നതിനു മുമ്പ് മൂന്ന് പ്രാവശ്യം ചിന്തിക്കണമെന്നാണ് ആപ്തവാക്യം. കൈയില്‍നിന്ന് വീണാല്‍ എടുക്കാം, നാവില്‍നിന്ന് വീണാല്‍ എടുക്കാന്‍ സാധിക്കുകയില്ല. ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട്. 'പഹലേ തോലോ ഫിര്‍ ഭോലോ' - പറയുന്നതിനു മുമ്പ് വാക്കുകളെ തൂക്കി നോക്കണം. 'നീ അകത്തേക്ക് കഴിക്കുന്നതല്ല; നിന്റെ നാവില്‍കൂടി പുറത്തേക്ക് വരുന്നതിനെയാണ് സൂക്ഷിക്കേണ്ടത്. അത് നിന്നെ മലിനമാക്കരുത്' എന്നാണ് യേശു ശിഷ്യന്മാരെ ഉപദേശിച്ചത്. വേദഗ്രന്ഥങ്ങള്‍ മുതല്‍ ആധുനിക മനശ്ശാസ്ത്രം വരെ വാക്കുകളുടെ സ്വാധീനത്തെയും വശ്യതയെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് അയാളുടെ വാക്കുകള്‍. വാക്കിലും വിചാരത്തിലും പ്രവൃത്തിയിലും സംയമനം പാലിക്കല്‍ ഒരു വിശ്വാസിയുടെ കടമയാണ്. നമ്മുടെ പ്രവാചകന്മാരുടെയും മഹാത്മാക്കളുടെയും ജീവിതത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാനാവുമെങ്കില്‍, ഒരിക്കലും വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകള്‍ നാം ഉപയോഗിക്കുകയില്ല. ശത്രുക്കളെ പരാമര്‍ശിക്കുമ്പോള്‍ പോലും അവരുടേത് സൗമ്യവും മൃദുലവുമായ വാക്കുകളായിരുന്നു. മറക്കാവുന്നത് പറയുകയും, ദഹിക്കാവുന്നത് തിന്നുകയും വേണം എന്നൊരു ചൊല്ലുണ്ട്. ഹസ്തിനപുരം കൊട്ടാരം കാണാന്‍ ചെന്ന ദുര്യോധനാദികളെ അവര്‍ക്ക് സ്ഥലജലഭ്രമം വന്നപ്പോള്‍ പാഞ്ചാലി പരിഹസിച്ച് ചിരിക്കുകയും നിന്ദിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് കുരുക്ഷേത്ര യുദ്ധത്തിനു പോലും കാരണമായത്. മനുഷ്യര്‍ തമ്മിലുള്ള അസൂയയുടെ ഫലമായി ഉണ്ടാവുന്ന അപവാദ പ്രചാരണങ്ങള്‍ എത്രയോ ജീവിതങ്ങളെ തകര്‍ത്തുകളഞ്ഞിട്ടുണ്ട്.

'ആയിരം മണിയുടെ നാക്കടക്കീടാം-

ഒറ്റവായിലെ നാവാര്‍ക്കാനും

കെട്ടുവാന്‍ കഴിയുമോ'

എന്നാണ് മഹാകവി ശങ്കരക്കുറുപ്പ് ചോദിക്കുന്നത്.

'നല്ല കാലങ്ങള്‍ നല്ല വാക്കാകുന്നു

കള്ള വാക്കുകള്‍ കഷ്ട കാലങ്ങളും'

എന്ന് കടമ്മനിട്ട രാമകൃഷ്ണന്‍.

മനുഷ്യന്‍ മനസ്സാ വാചാ കര്‍മണാ ശുദ്ധനായിരിക്കണം. ഇതാണ് വേദഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. വാക്കുകള്‍ ഉദ്വേഗത്തെ ഉണ്ടാക്കാത്തതും, സത്യവും പ്രിയവുമായിരിക്കണമെന്ന് ഗീത നിര്‍ദേശിക്കുന്നു. മനുഷ്യന്റെ യൗവനവും ശരീര സൗന്ദര്യവും വേഷഭൂഷാദികളും ഒന്നും ശാശ്വതമല്ല. എന്നാല്‍ വാക്ക് അനശ്വരമായ ഭൂഷണമാണ്. 'വാഗ് ഭൂഷണം' എന്നാണ് ഭര്‍തൃഹരി നിര്‍ദേശിക്കുന്നത്.

അധികാരവും ധനസമ്പാദനവും ജീവിതലക്ഷ്യമായി വന്നിരിക്കുന്ന ആധുനിക സമൂഹത്തിനും മത്സരാധിഷ്ഠിത രാഷ്ട്രീയ ചിന്തകള്‍ക്കും ശത്രുക്കളെ സംഹരിക്കാനുള്ള ആയുധമായി വാക്കുകള്‍ മാറിയിരിക്കുന്നു. ഈ വാഗ്‌സംയമനമില്ലായ്മ സമൂഹത്തില്‍ എന്തുമാത്രം അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നതെന്ന് വിവേകശാലികള്‍ തിരിച്ചറിയേണ്ടതാണ്. അസത്യ വചനങ്ങളാണ് ഏറ്റവും വലിയ ദൈവനിഷേധം.

സ്‌നേഹം വാക്കുകളില്‍ വരുമ്പോള്‍ അത് സത്യമാകും, പ്രവൃത്തിയില്‍ വരുമ്പോള്‍ അത് സേവനമാകും, ചിന്തയില്‍ വരുമ്പോള്‍ ശാന്തിയാകും

'മിതം ച സാരം ച വചോ ഹി വാഗ്മിദ'

(മിതവും സാരവുമായ വാക്കുകളാണ് വാഗ്മിത്വം). വാശിയില്‍നിന്നും നിരാശയില്‍നിന്നും വരുന്ന പ്രലപനങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുകയേ ഉള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്