Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

സ്‌നേഹമാണഖിലസാരമൂഴിയില്‍....

റഹ്മാന്‍ മധുരക്കുഴി

മറ്റുള്ളവരില്‍നിന്ന് സ്‌നേഹപൂര്‍വമായ സമീപനം ലഭ്യമാവുമ്പോഴാണ് നമുക്ക് സംതൃപ്തിയും ആനന്ദവും ലഭിക്കുന്നത്. വരുമാനം, സമ്പാദ്യം എന്നിവയില്‍നിന്ന് 15 ശതമാനം സന്തോഷം മാത്രമാണ് മനുഷ്യന് ലഭിക്കുകയെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയ ഗവേഷകരുടെ അഭിപ്രായം. 80 ശതമാനം സന്തോഷവും കിട്ടുന്നത് മനോനില, ജീവിത നിയന്ത്രണം, ബന്ധങ്ങള്‍ എന്നിവയില്‍നിന്നത്രെ. സ്‌നേഹമസൃണമായ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ മനോനിലയെ ആഹ്ലാദഭരിതമാക്കും.

ചില പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റുകളില്‍ ചെന്നു ചാടുന്നത് സ്‌നേഹം പുരട്ടിയ ചക്കര വാക്കുകളില്‍ ആകൃഷ്ടരായിട്ടാണെന്ന് പഠനങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് വീട്ടില്‍നിന്ന് ലഭിക്കാതെ പോയ സ്‌നേഹം, നിര്‍ലോഭം പകര്‍ന്നുതരുന്നവരുമായി മുന്‍പിന്‍ നോക്കാതെ അവര്‍ അടുക്കുന്നു. ചതിക്കുഴികളില്‍ വീഴുമ്പോഴാണ് അവര്‍ കണ്ണ് തുറക്കുന്നത്. നൈരാശ്യത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുന്ന ദുരന്തമാണ് പിന്നീട് സംഭവിക്കുക.

ലോകത്ത് കൗമാരപ്രായക്കാരുടെ മരണത്തിനിടയാക്കുന്ന കാരണങ്ങളില്‍ ആത്മഹത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. കൗമാരക്കാര്‍ക്ക് ആത്മധൈര്യം നല്‍കാനും അവരെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാനും മാതാപിതാക്കളുടെ സാമീപ്യവും സ്‌നേഹവും ഉപകരിക്കുമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സൂയിസോളജിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പഠനത്തില്‍ പറയുന്നു.

മറ്റുള്ളവര്‍ നമ്മെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. 'സ്‌നേഹത്തില്‍നിന്നുദിക്കുന്നു ലോകം; സ്‌നേഹത്താല്‍ വൃദ്ധി നേടുന്നു' എന്ന് കവി. നാം മറ്റുള്ളവര്‍ക്ക് സ്‌നേഹം പകര്‍ന്നുനല്‍കുമ്പോള്‍ മാത്രമേ സ്‌നേഹം നമുക്ക് തിരിച്ചുകിട്ടുകയുള്ളൂ. താനിഛിക്കുന്നത് തന്റെ സഹോദരനു കൂടി ആഗ്രഹിക്കുന്നതുവരെ നിങ്ങളിലാരും യഥാര്‍ഥ വിശ്വാസിയാവുന്നില്ലെന്ന് നബി പഠിപ്പിക്കുന്നു.

'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന കവിവാക്യം, ഭൂമിയില്‍ യാതന അനുഭവിക്കുകയും വേദന തിന്നുകയും ചെയ്യുന്ന നിരാലംബര്‍ക്ക് ആലംബമായി വര്‍ത്തിക്കാനുള്ള പ്രചോദനമാണ് നല്‍കുന്നത്. സ്‌നേഹം എന്ന വിശുദ്ധ വികാരം മനുഷ്യ സമൂഹത്തെ മാത്രമല്ല; ഭൂമിലോകത്തെ സകല ജീവജാലങ്ങളെയും ചൂഴ്ന്നുനില്‍ക്കുന്ന ഒന്നാണ്. പക്ഷിമൃഗാദികള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന സ്‌നേഹ-വാത്സല്യവികാരങ്ങള്‍, കുഞ്ഞുങ്ങള്‍ അവരുടെ അമ്മമാരോട് കാണിക്കുന്ന സ്‌നേഹവായ്പ് എല്ലാമെല്ലാം, ആഹ്ലാദ ദൃശ്യവിസ്മയമല്ലാതെ മറ്റെന്താണ്!

യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന പുരുഷനും സ്ത്രീയും ദാമ്പത്യബന്ധമെന്ന ബലിഷ്ഠ പാശത്താല്‍ ബന്ധിതമാവുന്നതോടെ ഒരിക്കലും വേര്‍പിരിയാനോ അകന്നിരിക്കാനോ കഴിയാത്തവിധം 'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളായി' ജീവനു തുല്യം പരസ്പരം സ്‌നേഹിക്കുന്ന അത്ഭുത ലോകമാണ് തുറന്നിടുന്നത്. ദമ്പതികള്‍ വാര്‍ധക്യത്തിലെത്തിയാലും, അവര്‍ക്കിടയിലെ സ്‌നേഹോഷ്മളതക്ക് ഒരു കുറവും സംഭവിക്കുന്നില്ല. പൊട്ടിച്ചെറിയാനാവാത്ത സ്‌നേഹപാശത്താല്‍ ബന്ധിതമായിരിക്കുകയാണ് അവരുടെ ഹൃദയങ്ങള്‍.

സ്വന്തം മക്കള്‍ തന്നോട് സ്‌നേഹശൂന്യമായി പെരുമാറിയാല്‍ പോലും വറ്റാത്ത സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായ മാതാവിന് മക്കളെ വെറുക്കാനോ വെടിയാനോ കഴിയാത്തവിധം, അവരുടെ ഹൃദയം മക്കളോടുള്ള അതിരറ്റ സ്‌നേഹവായ്പിനാല്‍ ബന്ധിതമായിരിക്കും. തങ്ങള്‍ ഉണ്ണാതെ മക്കളെ ഊട്ടാന്‍, ഉറക്കമൊഴിച്ചും മക്കളെ ഉറക്കാന്‍, ഗര്‍ഭം ചുമന്നും വേദന സഹിച്ചും ത്യാഗം ചെയ്യാന്‍ അമ്മമാര്‍ക്ക് പ്രചോദനമാവുന്നത്, ദൈവം തമ്പുരാന്‍ അവരുടെ ഹൃദയാന്തരാളങ്ങളില്‍ നിക്ഷേപിച്ച സ്‌നേഹവായ്പിന്റെ പാരമ്യമല്ലാതെ മറ്റെന്താണ്! 'സ്‌നേഹത്തിന്‍ മാധുര്യം ത്യാഗത്തിലാണെന്ന്, നാകത്തിലാരോ കുറിച്ചിരുന്നു' എന്ന വരികള്‍, മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യുമ്പോഴാണ് യഥാര്‍ഥ സ്‌നേഹത്തിന്റെ മാധുര്യം നമുക്ക് അനുഭവവേദ്യമാകുന്നത് എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സ്‌നേഹം നഷ്ടപ്പെടുമ്പോള്‍, തീവ്രമായ ദുഃഖവും നിരാശയുമാണ് നമുക്കനുഭവപ്പെടുക. താന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ച തന്റെ പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ സ്‌നേഹം ആത്മാര്‍ഥമല്ലായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ആത്മഹത്യയിലേക്ക് നടന്നുനീങ്ങും പലരും. സ്‌നേഹം നഷ്ടപ്പെടുന്നത് മനുഷ്യമനസ്സില്‍ സൃഷ്ടിക്കുന്ന നൈരാശ്യത്തിന്റെയും ദുഃഖത്തിന്റെയും തീവ്രത വെളിപ്പെടുത്തുന്നുണ്ട് ഇത്. തങ്ങള്‍ ത്യാഗം സഹിച്ച്, ലാളിച്ചോമനിച്ച് വളര്‍ത്തിയ മക്കള്‍ വാര്‍ധക്യത്തിന്റെ നിസ്സഹായതയില്‍ തങ്ങളെ ചവിട്ടിപ്പുറത്താക്കുമ്പോള്‍, ആ കൊടുംശൂന്യതക്ക് മുന്നില്‍ പരാജിതരും നിരാശരുമായി ജീവനൊടുക്കുന്ന വൃദ്ധ മാതാപിതാക്കളുടെ ഹൃദയഭേദകമായ ദൈന്യാവസ്ഥ ആരിലാണ് നടുക്കമുളവാക്കാതിരിക്കുക?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്