രജീന്ദര്‍ സച്ചാര്‍, ഒരു രാജ്യത്തിന്റെ മൂഢ ധാരണകളെ തിരുത്തിയ ജസ്റ്റിസ്
ഏപ്രില്‍ 20-ന് ദല്‍ഹിയില്‍ അന്തരിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ എങ്ങനെയായിരിക്കും രാജ്യം അടയാളപ്പെടുത്തുക? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മതേതരത്വം എന്ന സങ്കല്‍പ്പത്തോട് ഏറ്റവുമധികം നീതി പുലര്‍ത്തിയ ഇന്ത്യക്കാരന്‍ എന്നു തന്നെയാവും. സച്ചാറിനുമപ്പുറം ആ വാക്കിന്റെ അര്‍ഥതലങ്ങള്‍ വ്യാപിക്കുന്നുണ്ടായിരുന്നില്ല. നരേന്ദ്ര മോദിയെ പോലുള്ള ഭരണാധികാരികളുടെ കാലത്ത് അതിവേഗം കാലഹരണപ്പെടുന്ന ഈ ആശയത്തിന്റെ പേരില്‍ ഭാവി തലമുറ അദ്ദേഹത്തെ ഓര്‍ക്കുമെന്ന് പറയുന്നതില്‍ അല്‍പ്പമൊരു ആശയവൈരുധ്യം ഉണ്ടായിരിക്കാം. അത് അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ദേശീയത എന്ന പേരില്‍ അറിയപ്പെടുന്ന ഹിന്ദുത്വ വര്‍ഗീയത ഇന്ത്യ എന്ന രാജ്യത്തെ അധികമൊന്നും മുന്നോട്ടു കൊണ്ടുപോവില്ലെന്ന ജസ്റ്റിസ് സച്ചാറിന്റെ ദീര്‍ഘ വീക്ഷണമായിരിക്കും അന്തിമമായി ഈ രാജ്യത്തിന് അംഗീകരിക്കേണ്ടിവരുന്ന ശരി. രാജ്യം എന്നത് ഗവണ്‍മെന്റുകളല്ലെന്നും അതിലെ മനുഷ്യരും അവരുടെ ജീവിതവുമാണെന്നും സച്ചാര്‍ എന്നും ഇന്ത്യക്കാരനെ ഓര്‍മിപ്പിച്ചു. ഭരണകൂടങ്ങളോടും അവയുടെ ഉപകരണങ്ങളോടും ന്യായാധിപനായിരുന്ന കാലത്തു പോലും കലഹിച്ച ചരിത്രമായിരുന്നു ഈ കുറിയ മനുഷ്യന്റേത്. ജയപ്രകാശ് നാരായണനെയും രാംമനോഹര്‍ ലോഹ്യയെയും മാതൃകാ പുരുഷന്മാരായി ക, സോഷ്യലിസ്റ്റാണെന്നതില്‍ അഭിമാനിച്ച സച്ചാര്‍ ഇടതുപക്ഷ കാപട്യങ്ങളെയും വലതുപക്ഷ പിന്തിരിപ്പന്‍ രാഷ്ട്രീയത്തെയും ഒരേപോലെ തുറന്നെതിര്‍ത്തു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ച ചില വിലയിരുത്തലുകള്‍ വളരെ പ്രസക്തമായി മാറുന്നുണ്ട്. 1990-കള്‍ വരെ ആര്‍.എസ്.എസും ബി.ജെ.പിയും ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ചക്കു വെച്ച ആശയങ്ങളില്‍ ഒന്നായിരുന്നു മുസ്ലിം പ്രീണനം. അക്കാലത്തെ പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു തലക്കെട്ടായിരുന്നു ഇത്. ഹിന്ദുത്വ വര്‍ഗീയതയുടെ ഏറ്റവും കരുത്തുറ്റ ഈ വാഹനത്തിന്റെ ടയറുകളില്‍നിന്നും കാറ്റുപോയത് ജസ്റ്റിസ് സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റി 2006-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു. പ്രീണനം മൂലം തടിച്ചുകൊഴുത്ത ഒരു മുസ്ലിം ജനതയാണ് ജനപ്രിയ സിദ്ധാന്തങ്ങളില്‍ ഉണ്ടായിരുന്നതെങ്കില്‍ തല്‍സ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പൊതു ചിത്രമാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പ്രത്യക്ഷപ്പെട്ടത്. സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം മറ്റുള്ളവരേക്കാള്‍ ബഹുദൂരം പിന്നിലായി പോയ ഒരു വിഭാഗം. മുസ്ലിം ജനസംഖ്യാ ഭീഷണി, ബഹുഭാര്യത്വം തുടങ്ങി പൊതു സമൂഹം ധരിച്ചുവശായ പല കണക്കുകളിലും അവരേക്കാള്‍ മറ്റു സമൂഹങ്ങള്‍ തന്നെയായിരുന്നു മുന്നില്‍. പിന്നീടിങ്ങോട്ടുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രീണനം എന്ന വാക്ക് ക്രമേണ അപ്രത്യക്ഷമായതിന് രാജ്യം സച്ചാറിനോടാണ് കടപ്പെട്ടിരിക്കുന്നത്. മതാതീതമായി മനുഷ്യനെ കാണുന്നവരല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്ന് കണക്കുകള്‍ കൊണ്ട് തെളിയിച്ചതും സച്ചാര്‍ ആയിരുന്നു. ബംഗാളിലെ മുസ്ലിം പിന്നാക്കാവസ്ഥക്കു മുമ്പില്‍ സി.പി.എം സര്‍ക്കാറുകള്‍ക്ക് ഉത്തരം മുട്ടിയെന്ന് മാത്രമല്ല പിന്നീടത് ബംഗാളില്‍ പാര്‍ട്ടിയുടെ പതനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി മാറുകയും ചെയ്തു. രാജ്യത്തെ ബുദ്ധിജീവികളെയും അഭ്യസ്തവിദ്യരെയും മാത്രമല്ല സച്ചാര്‍ റിപ്പോര്‍ട്ട് പിടിച്ചുകുലുക്കിയത്. ബി.ജെ.പിയുടെ 'സബ്കാ സാഥ് സബ് കാ വികാസ്' എന്ന മുദ്രാവാക്യത്തിന്റെ ആശയപരിസരം പോലും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യത്തുണ്ടാക്കിയ തിരിച്ചറിവില്‍നിന്നും രൂപപ്പെട്ടതായിരുന്നു. മുസ്ലിംകളെ രാജ്യം തടിച്ചു കൊഴുപ്പിക്കുകയാണെന്ന് ബി.ജെ.പിക്ക് പറയാന്‍ കഴിയാതെ വന്നതായിരുന്നു കാരണം.
സച്ചാര്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന അബൂസാലിഹ് ശരീഫ് ഒരിക്കല്‍ പറഞ്ഞു: ''അല്ലാഹുവും പ്രവാചകനും കഴിഞ്ഞാല്‍ ഇന്ത്യന്‍ മുസ്ലിം ഏറ്റവുമധികം സ്നേഹിക്കുക ജസ്റ്റിസ് സച്ചാറിനെയായിരിക്കും.'' മുസ്ലിംകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും അവരുടെ അസ്തിത്വം അംഗീകരിപ്പിക്കാനും സ്വതന്ത്ര ഇന്ത്യയില്‍ ഒരു നേതാവിനും അവകാശപ്പെടാനാവാത്ത നേട്ടമായിരുന്നു സച്ചാറിന്റേത്. പാകിസ്താനിലെ കറാച്ചിയില്‍നിന്ന് ഇന്ത്യയിലേക്കു വന്ന എല്‍.കെ അദ്വാനിയെ പോലെ മുസ്ലിംകളോട് ജീവിതത്തിലുടനീളം പകയും വിദ്വേഷവും കൊണ്ടുനടന്നവരുടെ ഒപ്പമല്ല ലാഹോറില്‍ ജനിച്ച് വിദ്യാഭ്യാസം നേടി ദല്‍ഹിയിലെത്തിയ രജീന്ദര്‍ സച്ചാര്‍ നിലകൊണ്ടത്; കുല്‍ദീപ് നയാറിനെയും ജസ്റ്റിസ് വി.എം താര്‍ക്കുണ്ടെയെയും സിക്രിയെയും പോലുള്ളവരുടെ ഒപ്പമായിരുന്നു. കോണ്‍ഗ്രസുകാരനും രണ്ടു തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയുമായിരുന്ന പിതാവ് ഭീംസെന്‍ സച്ചാറിന്റെ രാഷ്ട്രീയം പോലും മകന്‍ അംഗീകരിച്ചിരുന്നില്ല. ഒരിക്കല്‍ പ്രഭാത ഭക്ഷണത്തിനായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഇവരുടെ വീട്ടിലേക്ക് എത്തുന്നുണ്ടെന്ന് അറിയിപ്പ് കിട്ടി. വലിയ സന്തോഷത്തോടെ ആ വിവരം പങ്കുവെച്ച പിതാവിനോട് രജീന്ദര്‍ പറഞ്ഞത്, നെഹ്റുവിനൊപ്പം ഭക്ഷണം കഴിക്കുന്നതു പോയിട്ട് ആ സമയത്ത് തനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പോലുമാവില്ല എന്നായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തും 1984-ലെ സിഖ്‌വിരുദ്ധ കലാപകാലത്തും ജസ്റ്റിസ് സച്ചാര്‍ കോണ്‍ഗ്രസിനെതിരെ അതിശക്തമായി രംഗത്തു വന്നു. സിഖ്‌വിരുദ്ധ ുകലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ ബെഞ്ചില്‍നിന്നും മാറ്റിയാണ് കോണ്‍ഗ്രസ് തടി രക്ഷിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ കഠിന വിമര്‍ശകരില്‍ ഒരാളായിരുന്നുവെങ്കിലും ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രൂപീകരിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷനായി ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ തന്നെയാണ് തെരഞ്ഞെടുത്തത്. നിലപാടുകളിലെ സത്യസന്ധത തന്നെയായിരുന്നു കാരണം. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമായിരുന്ന മുസ്ലിം പിന്നാക്കാവസ്ഥയെ ചിത്രീകരിക്കുമ്പോള്‍ ഒരു കരുണയും സച്ചാര്‍ കോണ്‍ഗ്രസിനോട് കാണിച്ചിരുന്നുമില്ല. എപ്പോഴും വ്യവസ്ഥകളില്‍ അടിയുറച്ചു വിശ്വസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ മുസ്ലിംകളുടെ കാര്യത്തില്‍ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന് 'ഇത്രയേറെ മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ച് പറഞ്ഞുകഴിഞ്ഞതിനു ശേഷവും, ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അക്കമിട്ടു നിരത്തിയതിനു ശേഷവും അതു ചെയ്യാന്‍ ബാധ്യതയുള്ള ഒരു വ്യവസ്ഥയെ ഞാന്‍ തന്നെ തള്ളിപ്പറയുന്നതില്‍ എന്തര്‍ഥം' എന്നായിരുന്നു സച്ചാറിന്റെ പ്രതികരണം. രാജ്യം അതിന്റെ കടമ നിര്‍വഹിക്കണം എന്ന് അവകാശബോധത്തോടെ ആവശ്യപ്പെടുന്നതിലപ്പുറം അദ്ദേഹം നിരാശനാവുകയോ വൈകാരികതക്ക് അടിമപ്പെടുകയോ ചെയ്തില്ല.
ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിനെ ആഴത്തില്‍ വിലയിരുത്തുമ്പോള്‍ അതുണ്ടാക്കാന്‍ ശ്രമിച്ച സാമൂഹിക മാറ്റത്തെ സാധ്യമായ എല്ലാ വഴികളിലൂടെയും തുരങ്കം വെക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായി കാണാനാവും. സച്ചാര്‍ മുന്നോട്ടു വെക്കുന്ന ആദ്യത്തെ നിര്‍ദേശം തന്നെ ഉദാഹരണം. മുസ്ലിം സമൂഹത്തിന് തുല്യ പങ്കാളിത്തവും അവസര സമത്വവും ഉറപ്പുവരുത്തി അവരെ പൊതുധാരയില്‍ കൊണ്ടുവരികയാണ് പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രഥമ ഉപാധിയായി അദ്ദേഹം മുന്നോട്ടു വെച്ചത്. ആവാസ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലാണ് ഈ അസമത്വം നിലനില്‍ക്കുന്നതെന്നും സച്ചാര്‍ ചൂണ്ടിക്കാട്ടി. വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് മുസ്ലിംകളെ പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കള്ളക്കഥകള്‍ മെനയുകയാണ് ഭരണകൂടം ചെയ്തതെങ്കില്‍ മോദിയുടെ കാലത്ത് മുസ്ലിം വിരോധം ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് പടര്‍ത്തുന്നതാണ് കാണാനാവുക. ബീഫ് കയറ്റുമതിയില്‍ ലോകരാജ്യങ്ങളുടെ ഇന്ത്യ ആദ്യമായി മുന്നിലെത്തിയത് മോദി കാലത്താണ്. പക്ഷേ ബീഫ് തിന്നുന്നതിന്റെ പേരില്‍ ഏറ്റവുമധികം മുസ്ലിംകള്‍ കൊലചെയ്യപ്പെട്ടതും കഴിച്ചത് ഏത് മാംസമായാലും ബീഫിന്റെ പേരില്‍ മുസ്ലിമിനെ തല്ലിക്കൊല്ലാമെന്ന് വന്നതും നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്താണ്. ഇന്ത്യയില്‍ ബീഫ് കയറ്റുമതി നടത്തുന്നവരുടെ 95 ശതമാനവും ഹിന്ദുക്കളാണെന്ന വിരോധാഭാസം മഥുരയില്‍ നടന്ന ഒരു സെമിനാറില്‍ സച്ചാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു.
രജീന്ദര്‍ സച്ചാറിന്റെ രണ്ടാം ഭാഷയായിരുന്നു ഉര്‍ദു. ലാഹോറിലെ ഏതൊരാളുടെയും ഭാഷ പഞ്ചാബി ആയതുകൊണ്ടാണ് താന്‍ പഞ്ചാബി ഭാഷ സംസാരിക്കുന്നതെന്നും അസ്സലായി ഉര്‍ദുവില്‍ പ്രസംഗിക്കാനറിയാമെന്നും സച്ചാര്‍ ഒരു മദ്‌റസാ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കവെ പറയുകയുണ്ടായി. മുസ്ലിംകളോട് അവരുടെ ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുകയാണ് സച്ചാര്‍ ചെയ്തത്. പലപ്പോഴും അദ്ദേഹം ചോദിച്ചു: 'എന്താണ് വിശുദ്ധ ഖുര്‍ആനിലെ ആദ്യത്തെ വാചകം? വായിക്കുക എന്നല്ലേ? എന്നിട്ടും എന്തുകൊണ്ട് നിങ്ങള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയുമൊക്കെ വായനയുടെ ലോകത്തു നിന്ന് വിലക്കി നിര്‍ത്തുന്നു?' വിദ്യാഭ്യാസമേഖലയില്‍ മുസ്ലിം സമൂഹം പിന്നാക്കം പോയതാണ് നിലവിലെ ദുരവസ്ഥയുടെ മൂലകാരണമെന്ന് സച്ചാര്‍ മിക്ക വേദികളിലും ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു. മുസ്ലിംകളെ പൈശാചികവല്‍ക്കരിക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമൊക്കെ മറുഭാഗത്ത് അദ്ദേഹം എതിര്‍ത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ കാര്യത്തില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ജാഗ്രതയും സാമൂഹിക ബോധവും അദ്ദേഹം എന്നും എടുത്തു പറഞ്ഞു. അതില്‍ സവിഷേശമായി ഊന്നിപ്പറഞ്ഞ മേഖലയായിരുന്നു വിദ്യാഭ്യാസം. അതേസമയം രാജ്യത്തെ ഞെട്ടിച്ച ഈ ദയനീയാവസ്ഥ കണക്കുകള്‍ സഹിതം പുറത്തുവന്നിട്ടും കാര്യമായ മാറ്റങ്ങള്‍ മുസ്ലിം ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നതു തന്നെയാണ് വസ്തുത. മുസ്ലിംകള്‍ക്ക് വീട് ലഭിക്കാനും ജോലി ലഭിക്കാനുമൊക്കെ മുമ്പെന്നേത്തക്കാളും തടസ്സം നേരിടുന്ന ചിത്രമാണ് ഇന്ന് നഗരങ്ങളില്‍ കാണാനാവുക. തുല്യാവസര കമീഷന്‍, ദേശീയ ഡാറ്റാ ബാങ്ക്, പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാനും ഇടപെടാനും സ്വതന്ത്ര അധികാരമുള്ള അതോറിറ്റി തുടങ്ങിയ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ടുവന്ന യു.പി.എ സര്‍ക്കാറിനു പോലും കഴിഞ്ഞിരുന്നില്ല. പിന്നെയല്ലേ ന്യൂനപക്ഷങ്ങള്‍ എന്ന ഒരു സങ്കല്‍പ്പം തന്നെയില്ലെന്നും എല്ലാ പൗരന്മാരും 'തുല്യ'രാണെന്നും വാദിക്കുന്ന ബി.ജെ.പി കാലത്ത് ഈ നിര്‍ദേശങ്ങള്‍ നടപ്പിലാവാന്‍!
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലെ പല പ്രധാന നിര്‍ദേശങ്ങളും വിദ്യാഭ്യാസ മേഖലയെ കുറിച്ചായിരുന്നു. ഒരുപക്ഷേ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കാതലായ മാറ്റമുണ്ടായ ഏക മേഖലയും ഇതാണ്. 2001 ജനസംഖ്യാ റിപ്പോര്‍ട്ട് പ്രകാരം 23.9 ലക്ഷം ബിരുദധാരികളാണ് മുസ്ലിം സമുദായത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 2011-ല്‍ ഇത് 47.52 ലക്ഷമായി ഉയര്‍ന്നു. സാക്ഷരതാ നിരക്കില്‍ 9.8 ശതമാനം വര്‍ധനവുണ്ടായി. പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരുടെ എണ്ണം 2004-2005 കാലഘട്ടത്തില്‍ 15.3 ശതമാനം ആയിരുന്നു. 2011-12 കാലയളവില്‍ ഇത് 8.7 ആയി കുറഞ്ഞു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ സ്ഥാപിക്കുന്നത് ലക്ഷ്യത്തിന്റെ 99 ശതമാനം വരെ നേടിയ കാലഘട്ടമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ രണ്ടാം യു.പി.എ സര്‍ക്കാര്‍. അതിന്റെ ഗുണഫലമായിരുന്നു ഈ മാറ്റം. അതേസമയം പോലീസ്, പബ്ലിക് സര്‍വീസ് കമീഷന്‍ മുതലായവയിലൊന്നും കാര്യമാത്ര പ്രസക്തമായ ഒരു മാറ്റവും യു.പി.എയുടെയോ എന്‍.ഡി.എയുടെയോ കാലത്ത് സംഭവിക്കുന്നുണ്ടായിരുന്നില്ല. മുസ്ലിം തൊഴില്‍ പങ്കാളിത്തത്തില്‍ വെറും ഒന്നര ശതമാനം വര്‍ധന മാത്രമാണ് 2015 വരെ ഉണ്ടായത്. നോട്ട് അസാധുവാക്കലിനു മുമ്പുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നേരിയ മാറ്റം പോലും. പില്‍ക്കാലത്ത് അത് കുത്തനെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
അടിസ്ഥാനപരമായ മേഖലകളില്‍ മുസ്ലിം പിന്നാക്കാവസ്ഥക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ചതു പ്രകാരം തുല്യാവസര കമീഷനെ നിയോഗിക്കാന്‍ 2014 ഫെബ്രുവരി 21-ന് ചേര്‍ന്ന യു.പി.എ കാബിനറ്റ് യോഗം തീരുമാനിച്ചുവെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഈ ഫയല്‍ പുനരാലോചനക്ക് വിടുകയാണുണ്ടായത്. സ്വാഭാവികമായും വൈവിധ്യ സൂചിക നടപ്പില്‍ വരുത്താനുള്ള തീരുമാനത്തെയും അത് ബാധിച്ചു. വിദ്യാഭ്യാസ, തൊഴില്‍, പാര്‍പ്പിട മേഖലകളില്‍ സ്ഥാപനങ്ങളില്‍ ബഹുസ്വരത നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന സൂചികയായിരുന്നു ഇത്. തദടിസ്ഥാനത്തില്‍ കൂടിയ സൂചികകളുള്ളവര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇളവുകള്‍ പ്രഖ്യാപിക്കണം എന്നായിരുന്നു സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ചത്. ഇക്കാര്യങ്ങളില്‍ കൈക്കൊള്ളാവുന്ന നടപടിക്രമങ്ങളെ കുറിച്ച് ശിപാര്‍ശ നല്‍കാനായി യു.പി.എ കാലത്ത് പ്രഫ. അമിതാബ് കുണ്ടു അധ്യക്ഷനായി നിശ്ചയിച്ച കമ്മിറ്റി വൈവിധ്യ സൂചികയെ അനുകൂലിച്ച് മോദി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നജ്മ ഹിബത്തുല്ല കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായിരിക്കവെ 2014 ഡിസംബറില്‍ സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട് കേന്ദ്രം പ്രത്യേകിച്ച് ഒരു നടപടിയും സ്വീകരിക്കാതെ ഫയലില്‍ കെട്ടിവെക്കുകയാണ് ചെയ്തത്. പേരിനൊരു ഡാറ്റാ ബാങ്ക് രൂപീകരിച്ചെങ്കിലും ഉദ്ദേശിച്ച നിലവാരത്തിലായിരുന്നില്ല അതിന്റെ ഘടന.
നിയമനിര്‍മാണ സഭകളിലെ മുസ്ലിം പ്രാതിനിധ്യം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമുള്ള കാലത്ത് കുത്തനെ ഇടിഞ്ഞു. പാര്‍ലമെന്റിലേക്ക് ഒറ്റ മുസ്ലിമിനെ പോലും ജയിപ്പിച്ചെടുക്കാന്‍ തയാറാവാതിരുന്ന ബി.ജെ.പി ഇക്കാര്യത്തില്‍ സച്ചാര്‍ സമിതിയുടെ മുഴുവന്‍ ശിപാര്‍ശകളെയും തത്ത്വത്തില്‍ അട്ടിമറിക്കുകയാണുണ്ടായത്. അസംബ്ലികളില്‍ പോലും നാലേ നാല് മുസ്ലിംകളാണ് നാടു ഭരിക്കുന്ന പാര്‍ട്ടിയെ ഇന്ത്യയിലുടനീളം പ്രതിനിധീകരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യം കേവലം നാലു ശതമാനം മാത്രമായി താഴേക്കു വന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത്. 19.2 ശതമാനം മുസ്ലിംകളുള്ള ഉത്തര്‍പ്രദേശില്‍ ഒറ്റ മുസ്ലിമിനു പോലും ടിക്കറ്റ് നല്‍കാതെയാണ് ബി.ജെ.പി 2017-ല്‍ അസംബ്ലി തെരഞ്ഞെടുപ്പു നേരിട്ടത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം ലോക്സഭയിലേക്കോ അസംബ്ലിയിലേക്കോ ഗുജറാത്തില്‍ ഒരിക്കല്‍ പോലും മുസ്ലിംകള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടില്ല. ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കപ്പെടണമെന്ന ദീര്‍ഘദൃഷ്ടിയോടെ സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച രണ്ട് നിര്‍ദേശങ്ങളും ഫലത്തില്‍ നിരാകരിക്കപ്പെടുകയാണുണ്ടായത്. അതിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആന്ധ്ര മാതൃകയില്‍ മുസ്ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം എന്നായിരുന്നു. ഇന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബി.ജെ.പിയോ അധികാരമുണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസോ ഇത് ചെയ്തില്ല. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള, എന്നാല്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച മണ്ഡലങ്ങളുടെ കാര്യത്തില്‍ 2002-ലെ ഡിലിമിറ്റേഷന്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന് സച്ചാര്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. യു.പി, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മാത്രം കാര്യമെടുത്താല്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് നിര്‍ണായക സാന്നിധ്യമുള്ള മണ്ഡലങ്ങള്‍ക്കു പകരം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ സംവരണ സീറ്റുകളായി പ്രഖ്യാപിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. മറുപക്ഷത്തെ ഒമ്പത് സീറ്റുകള്‍ പൊതു മണ്ഡലങ്ങളാക്കി നിലനിര്‍ത്തിയാണ് യു.പിയില്‍ എട്ട് മുസ്ലിം മണ്ഡലങ്ങളില്‍ പട്ടികജാതി-പട്ടിക വര്‍ഗ സംവരണം നടപ്പിലാക്കിയത്. ബിഹാറില്‍ ഒമ്പതും ബംഗാളില്‍ പത്തും ഇതേ പോലുള്ള മണ്ഡലങ്ങളുണ്ട്. എന്നാല്‍ രണ്ടിടത്തും തത്തുല്യമായ രീതിയില്‍ പകരം വെക്കാവുന്ന മണ്ഡലങ്ങളും ഉണ്ടായിരുന്നു. ഒരുവെടിക്ക് രണ്ടുപക്ഷിയെ വീഴ്ത്താനുള്ള വാജ്പേയി സര്‍ക്കാറിന്റെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളോട് കാണിച്ച ഈ അനീതി.
മരിക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ പോലും കര്‍മനിരതനായിരുന്നു ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് അദ്ദേഹം അവസാനമായി ലേഖനമെഴുതി പ്രസിദ്ധീകരണത്തിന് നല്‍കിയത്. ജസ്റ്റിസ് വി.എം താര്‍ക്കുണ്ടെയെ പോലുള്ളവരോടൊപ്പം പീപ്പ്ള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസില്‍ (പി.യു.സി.എല്‍) ദീര്‍ഘകാലം പ്രവര്‍ത്തിച്ച സച്ചാര്‍ കപട ഭീകരാക്രമണങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തുറന്നുകാട്ടുന്ന എല്ലാ നീക്കങ്ങളോടുമൊപ്പം നിന്നു. ഇത്തരം സംഭവങ്ങളിലെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ നടത്തിയ സമരപോരാട്ടങ്ങളില്‍ പങ്കുചേര്‍ന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിനെ പോലെ സോഷ്യലിസ്റ്റ് ചേരിയില്‍ ഒരു കാലത്ത് തന്നോടൊപ്പം നിന്ന അതികായരില്‍ പലരും കളംമാറിച്ചവിട്ടി അധികാര സോപാനങ്ങളുടെ തടവുകാരായപ്പോള്‍ ലഭിച്ച പത്മവിഭൂഷണ്‍ പോലും നിരസിച്ച് രജീന്ദര്‍ സച്ചാര്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. കടന്നു പോകുന്ന നീതിയുടെ ആ പ പോരാളി പകരം വെക്കാനാരുമില്ലാത്ത മനീഷികളില്‍ ഒരാളാണ്. നീണ്ടു പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷവും ഭരണകൂട നിലപാടുകളോ മുസ്ലിം പിന്നാക്കാവസ്ഥയോ ബി.ജെ.പിയോ ഒന്നും മാറിയിട്ടില്ലെങ്കിലും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യം അംഗീകരിച്ച സുപ്രധാന രേഖയായി ബാക്കിനില്‍ക്കുന്നു എന്നതു തന്നെയാണ് 70 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യം രാജ്യത്തെ മുസ്ലിംകള്‍ക്ക് നല്‍കിയ ഏറ്റവും വലിയ നന്മ. അതു തന്നെയാണ് കുറിയ, കാഴ്ചയില്‍ ദുര്‍ബലനായ ഈ മനുഷ്യന്‍ തന്റെ കാലഘട്ടത്തോട് ചെയ്ത ഏറ്റവും വലിയ നീതിയും.
Comments