നിദ്രയെ കാത്ത്
ഇനി നിദ്രയില്ലെനിക്കൂഷര സ്മൃതികളെന്‍
ഹൃത്തില്‍ കൊടുങ്കാറ്റുയര്‍ത്തേ,
ഇനി സാന്ത്വനത്തിന്റെ സുഖദ ഗീതികളില്ല,
ചുടലപ്പറമ്പായെന്നുരുകുമെന്‍ പ്രാണനില്‍.
ഒരു നേര്‍ത്ത തെന്നലിന്‍ തലോടലോ,
മായികമൊരു നിലാച്ചിന്തിന്റെ
കുളിരെഴും ദീപ്തിയോ,
മധുമാരി തന്‍ മൃദുസ്പര്‍ശാനുഭൂതിയോ,
അരിമുല്ല ചുരത്തുന്നൊരരിയ സൗരഭ്യമോ,
മുരളിക തൂകുന്ന മധുരരാഗങ്ങളോ,
ഒരു മാത്ര പോലുമെന്നാത്മാവില്‍
ഹര്‍ഷത്തിന്നലമാല തീര്‍ക്കാതൊളിഞ്ഞുപോയീടവേ,
ചുടുചോര മണക്കുന്ന തെന്നലില്‍
കരുണ തന്നൊരു വറ്റു തേടിയിരന്നൊരാ
വ്യഥിതജന്മങ്ങള്‍ തന്‍ ചിത്രങ്ങള്‍ കോറുന്നു,
മനസ്സിന്നപാരനാം ചിത്രകാരന്‍.
വയറില്‍ കഠാര തന്‍ മുനയാണ്ടുപോകവേ,
ജീവനെയൊന്നേറ്റി നിര്‍ത്തുവാന്‍,
വരളുന്ന ചുണ്ടിലായ് കുടിനീരു യാചിച്ച,
ദൈന്യം വിടരുന്ന മിഴികളെന്‍ കണ്‍മുന്നില്‍
കരുണയേകാതിന്നു തെളിയുന്നു പിന്നെയും.
മിഴിയിണ പൂട്ടാതുറങ്ങാതെ,
നിമിഷശരവേഗങ്ങള്‍ യുഗങ്ങളായെണ്ണിയാ,
മൃതിയെന്റെ കണ്‍കളില്‍ പുണരുന്നതും കാത്ത്,
രത്‌നാകരന്‍* ഞാന്‍ മുക്തി കാത്തിരിപ്പൂ.
.......................................................................................
*രത്‌നാകരന്‍ - വാത്മീകിയുടെ പൂര്‍വാശ്രമത്തിലെ പേര്. രത്‌നാകരന്‍ കൊള്ളക്കാരനായിരുന്നു.
Comments