Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടം കൂടിയാണ്

സര്‍ഫറാസ് നവാസ്

മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുന്ന സന്താനങ്ങളുടെ പ്രയാസങ്ങള്‍ അല്ലാഹു ദൂരീകരിച്ചുകൊടുക്കുമെന്നത് നമ്മുടെ അനുഭവസാക്ഷ്യമാണ്. സ്വസന്തതികളുടെ സ്‌നേഹവും സൗമ്യതയും ലാളനകളുമേറ്റ് അവരില്‍ സംതൃപ്തരാകുന്ന മാതാപിതാക്കളുടെ ഉള്ളിന്റെ ഉള്ളറകളില്‍നിന്ന് അവര്‍ക്കു വേണ്ടി പ്രാര്‍ഥനകളുയരും. യാതൊരു വിഘ്‌നവുമില്ലാതെ അവരുടെ നിവേദനങ്ങള്‍ ദൈവിക സന്നിധിയിലെത്തും. ഉടന്‍ അതിനുത്തരമേകപ്പെടുകയും ചെയ്യുന്നു. അബൂഹുറയ്‌റ(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു പ്രവാചക വചനം: ''ഉത്തരം കിട്ടുന്ന മൂന്ന് പ്രാര്‍ഥനകളുണ്ട്. മര്‍ദിതന്റെ യാചന, സഞ്ചാരിയുടെ അര്‍ഥന, പുത്രനു വേണ്ടിയുള്ള പിതാവിന്റെ പ്രാര്‍ഥന'' (തിര്‍മിദി, അബ്‌വാബുദ്ദഅ്‌വാത്ത്). 

പ്രവാചകന്‍ മൂന്ന് യുവാക്കളുടെ സഞ്ചാര കഥാകഥനം നടത്തുന്ന ഒരു സുദീര്‍ഘ ഹദീസ് ബുഖാരിയിലുണ്ട്. യാത്രക്കിടയില്‍ തോരാമഴയില്‍നിന്ന് രക്ഷതേടി അവര്‍ മൂവരും ഒരു ഗുഹക്കുള്ളില്‍ അഭയം തേടി. കാറ്റും കോളും ശക്തമായതോടെ ഉരുള്‍പൊട്ടി പാറക്കഷ്ണം വീണ് ഗുഹാമുഖമടഞ്ഞുപോയി. അതോടെ പുറത്തേക്കിറങ്ങാനാവാതെ യുവാക്കള്‍ അകത്തു കുടുങ്ങി. അപായ സ്ഥിതിയില്‍ അല്ലാഹുവോട് രക്ഷ തേടുകയല്ലാതെ അവര്‍ക്ക് നിവൃത്തിയില്ലെന്നായി. സ്വകര്‍മങ്ങളിലെ പുണ്യങ്ങളും നന്മകളും മുന്‍നിര്‍ത്തി അവര്‍ അല്ലാഹുവോട് കേണര്‍ഥിച്ചു. ഒരാള്‍ പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, എനിക്ക് വൃദ്ധത പൂകിയ വയസ്സു ചെന്ന മാതാപിതാക്കളുണ്ട്'' (ബുഖാരി 2333).

തന്റെ ഭാര്യാ സന്താനങ്ങളേക്കാള്‍ താന്‍ മാതാപിതാക്കളെ മുന്തിക്കുകയും അവരെ പരിഗണിക്കുകയും ചെയ്തിരുന്നത് അദ്ദേഹം ഓര്‍ത്തെടുത്തു: ''എന്റെ മാതാപിതാക്കള്‍ക്ക് കൊടുക്കാതെ ഒരിക്കല്‍ പോലും ഞാനെന്റെ ഭാര്യാ സന്താനങ്ങള്‍ക്ക് പാലു കൊടുക്കുകയേ ഉണ്ടായിട്ടില്ല. ഒരുനാള്‍ രാത്രി ഞാന്‍ വൈകിയാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും എന്റെ വൃദ്ധ മാതാപിതാക്കള്‍ തളര്‍ന്നുറങ്ങിക്കഴിഞ്ഞിരുന്നു. ആടിനെ കറന്ന പാലുമായി ചെന്ന ഞാന്‍ കണ്ടത് അവര്‍ ഉറങ്ങുന്നതാണ്. അവര്‍ക്ക് കൊടുക്കും മുമ്പേ മക്കള്‍ക്ക് പാല് കൊടുക്കുന്നത് എനിക്ക് സങ്കല്‍പിക്കാനേ ആവുമായിരുന്നില്ല. അതുകൊണ്ടുതന്നെ കൈയില്‍ പാല്‍പാത്രവുമായി അവരുണരുവോളം അവര്‍ക്കരികെ തന്നെ ഞാന്‍ കാത്തിരുന്നു. ദാഹാര്‍ത്തരായ തന്റെ കുഞ്ഞുങ്ങള്‍ പാലിനു വേണ്ടി വാശിപിടിച്ചു കരയുന്നുണ്ടായിരുന്നു. അങ്ങനെ പുലരിയുദിച്ചു. അവരുണര്‍ന്നു പാല്‍ കുടിച്ചു. അല്ലാഹുവേ, നിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടാണ് ഞാനവരെ മുന്തിച്ചത്.'' മാതാപിതാക്കളോട് സുകൃതം പ്രവര്‍ത്തിച്ചതിന്റെ  പേരില്‍ ഗുഹാമുഖത്തുനിന്ന് വിഹായസ് ദൃശ്യമാകുവോളം മറ നീങ്ങുകയുണ്ടായെന്ന് പ്രവാചകന്‍ (സ) പറഞ്ഞു (ബുഖാരി 2272, 2333).

എന്നാല്‍ നമ്മുടെ ധിഷണക്കു മേല്‍ വല്ലാത്തൊരു മറ വീണു കിടക്കുകയാണ്. നാം അകപ്പെട്ടുപോയ ദുരിതങ്ങള്‍ക്കും ദുര്യോഗങ്ങള്‍ക്കുമുള്ള പരിഹാരം അന്വേഷിക്കുന്ന കാര്യത്തില്‍  നാം വഞ്ചിതരായിരിക്കുന്നു. പ്രയാസങ്ങള്‍ നീങ്ങിക്കിട്ടാനുള്ള മാര്‍ഗം മാതാപിതാക്കള്‍ക്ക് സുകൃതമേകലാണെന്ന് അല്ലാഹു വിധിക്കുമ്പോള്‍, ഗൃഹാകത്തളങ്ങളില്‍ തന്നെയുള്ള മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ നില്‍ക്കാതെ പലരും അകലങ്ങളിലുള്ള വ്യാജ സിദ്ധന്മാരുടെ ഗൃഹസ്ഥാശ്രമങ്ങളിലേക്ക് ചേക്കേറുകയാണ്. ഉറുക്കുകളുടെയും മന്ത്രങ്ങളുടെയും നിഗൂഢോക്തികളില്‍നിന്ന് മുക്തരായി മാതാപിതാക്കളുടെ ശുശ്രൂഷകരാകാന്‍ അവര്‍ ദൈവിക കടാക്ഷത്തിനു വേണ്ടി യാചിക്കേണ്ടിയിരിക്കുന്നു.

സ്വാഭാവികം, മനുഷ്യന്‍ തെറ്റുകുറ്റങ്ങളില്‍ അറിഞ്ഞും അറിയാതെയും മുഴുകിപ്പോകുന്നവനാണ്. ചെറുതും വലുതുമായ, നിസ്സാരവും അതിഗൗരവതരവുമായ പാപങ്ങള്‍ അവനില്‍നിന്ന് സംഭവിക്കാറുണ്ട്. എന്നിട്ടും അല്ലാഹു തന്റെ ദാസരോടുള്ള കാരുണ്യാതിരേകത്താല്‍ അവന് പാപമുക്തി വാഗ്ദാനം ചെയ്യുന്നു. പാപവിമുക്തിക്ക് അല്ലാഹു തുറന്നുവെച്ച നിരവധി മാര്‍ഗങ്ങളില്‍ പ്രാധാന്യമുള്ള ഒന്നാണ് മാതാപിതാക്കള്‍ക്ക് സുകൃതം ചെയ്യുക എന്നത്. നിര്‍മല ചിത്തതയോടെയും എല്ലാ ബഹുമാനാദരവുകളോടെയും മാതാപിതാക്കളെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന സന്താനങ്ങള്‍ക്ക് അല്ലാഹു വിഭവങ്ങളുടെ ധാരാളിത്തവും ആയുര്‍ശക്തിയുമേകുന്നതോടൊപ്പം അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു.

ഒരാള്‍ പ്രവാചക സന്നിധിയിലെത്തി ഇങ്ങനെ പറഞ്ഞു: ''ദൂതരേ, ഞാന്‍ വലിയൊരു പാപം ചെയ്തുപോയി. എനിക്ക് അനുതപിക്കാന്‍ അവസരമുണ്ടോ?'' ചോദ്യകര്‍ത്താവിനെ പ്രവാചകന്‍ അല്‍പനേരം സാകൂതം നോക്കിനിന്നു. കടുത്ത പാപം ചെയ്ത ശേഷം തന്റെ മുന്നില്‍ വന്നുനിന്ന് മനസ്താപത്തോടെ പാപപരിഹാരമാരായുകയാണ് ഈ മനുഷ്യന്‍. പാപവിമുക്തിക്കുള്ള മാര്‍ഗം തേടുകയാണ്, പരലോകത്തേക്ക് സ്വാസ്ഥ്യം അന്വേഷിക്കുകയാണ്. പ്രവാചകന്‍ ആ മനുഷ്യനോട് ചോദിച്ചു: ''നിനക്ക് ഉമ്മയുണ്ടോ?'' വിവശതയോടെ അയാള്‍ പറഞ്ഞു: ''ഇല്ല ദൂതരേ.'' പ്രവാചകന്‍ വീണ്ടും ചോദിച്ചു: ''അല്ല, നിന്റെ മാതൃസഹോദരിമാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?'' അയാള്‍ പറഞ്ഞു: ''ഉണ്ടല്ലോ ദൂതരേ.'' അപ്പോള്‍ പ്രവാചകന്‍ അയാളെ ഇങ്ങനെ ഉപദേശിച്ചു: ''നീ അവര്‍ക്ക് ഗുണം ചെയ്യുക'' (അഹ്മദ് 4624, തിര്‍മിദി 1904). മാതൃസഹോദരി മാതാവിനു സമമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് (സില്‍സിലത്തു അഹാദീസിസ്സ്വഹീഹ് 1182). അതുകൊണ്ടുതന്നെ മാതാവിന്റെ അഭാവത്തില്‍ മാതൃസഹോദരിയെ പരിചരിച്ച് പാപമുക്തി നേടാന്‍ കല്‍പിക്കുകയായിരുന്നു പ്രവാചകന്‍. മാതാവിനെ ശുശ്രൂഷിക്കലും പരിചരിക്കലും പാപപരിഹാര മാര്‍ഗമാണെന്ന കൃത്യമായ സന്ദേശം ഈ പ്രവാചക വചനത്തിലുണ്ട്.

പലരും മാതാക്കളെ പരിചരിക്കാറില്ലെന്നതു പോകട്ടെ, അവരെ ഒരു ഭാരമായി കാണുകയുമാണ്. ആ നീരസം അവര്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ക്ഷോഭവാക്കുകള്‍ അവരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടാകും! അവരുടെ ഹൃദയം എത്രമാത്രം തപിച്ചിട്ടുണ്ടാകും! അല്ലാഹു നമ്മെ ഓര്‍മപ്പെടുത്തുന്നതോ? ''മാതാപിതാക്കള്‍ക്ക് സുകൃതമേകണമെന്ന് നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു... നീയവരോട് ഛെ എന്നു പറയരുത്, അവരോട് ഇടയുകയുമരുത്. അവരോട് ആദരവോടെ വര്‍ത്തിക്കുക. സൗമ്യതയോടെ അവരിരുവര്‍ക്കും വിനയച്ചിറക് താഴ്ത്തിക്കൊടുക്കുക.''

ശയ്യാവലംബികളായ മാതാപിതാക്കള്‍ സ്വസന്തതികളുടെ കാര്യത്തില്‍ സംതൃപ്തരും സ്വാസ്ഥ്യമുള്ളവരുമാകുമ്പോള്‍ ഭദ്രാസനത്തില്‍ അല്ലാഹുവും അവരുടെ കാര്യത്തില്‍ സന്തുഷ്ടനും സംതൃപ്തനുമാകുന്നു. അക്കാര്യം സ്പഷ്ടമായിത്തന്നെ പ്രവാചകന്‍ അറിയിക്കുകയുണ്ടായി: ''നാഥന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. രക്ഷിതാവിന്റെ അതൃപ്തി മാതാപിതാക്കളുടെ അതൃപ്തിയിലാണ്'' (സില്‍സിലത്തു അഹാദീസിസ്സ്വഹീഹ് 516, തിര്‍മിദി 1899, ശഅ്ബുല്‍ ഈമാന്‍ 7831). ശൈഖ് അബ്ദുര്‍റഹ്മാന്‍ മുബാറക്പൂരി പറയുന്നു: ''മാതാപിതാക്കളെ അനുസരിക്കാനും അവരെ ആദരിക്കാനും അല്ലാഹു കല്‍പിക്കുന്നു. അതുകൊണ്ട് ആര് മാതാപിതാക്കളെ അപ്രീതിപ്പെടുത്തുന്നുവോ അവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവെ നീരസപ്പെടുത്തുകയാണ്. മാതാപിതാക്കളെ ധിക്കരിക്കല്‍ വന്‍ പാപമാണെന്ന വ്യക്തമായ മുന്നറിയിപ്പാണിത്'' (തുഹ്ഫത്തുല്‍ അഹ്‌വദി).

നിസ്സാര കാര്യങ്ങളുടെ പേരില്‍ പോലും എത്ര പേര്‍ ഉപ്പയോട് തര്‍ക്കിക്കുന്നു! പ്രത്യേകിച്ചും സ്വത്തിന്റെ പേരിലാണ് ഇടച്ചിലുകളുണ്ടാകുന്നത്. എന്നാല്‍ പിതാവിന് പുത്രനില്‍ അവകാശമുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദ്രവ്യങ്ങളിലും പിതാവിന് ഉടമസ്ഥാവകാശമുണ്ട്. ഒരിക്കല്‍ ഒരു യുവാവ് പ്രവാചക സന്നിധിയിലെത്തി സ്വന്തം പിതാവിനെതിരെ പരാതി ഉന്നയിച്ചു. താന്‍ സമ്പാദിച്ച ധനത്തില്‍ പിതാവ് കൈയിട്ടുവാരുകയും അതപ്പാടെ വിനിയോഗിക്കുകയുമാണെന്ന് ആവലാതിപ്പെട്ടു. വിശദീകരണം ചോദിക്കാന്‍ പ്രവാചകന്‍ ആ പിതാവിനെ ക്ഷണിച്ചുവരുത്തി.

തന്നെക്കുറിച്ച് മകന്‍ പ്രവാചകനോട് പയ്യാരം പറഞ്ഞതില്‍ അസ്വസ്ഥനായ ആ പിതാവിന്റെ ഉള്ളില്‍ വിലാപമായി കവിത മുളപൊട്ടി. ദയാദൂതന്റെ പ്രവാചകത്വത്തെ സത്യപ്പെടുത്തിയ ശേഷം അദ്ദേഹം ചൊല്ലിയ പദ്യശകലങ്ങള്‍ ഒരു പിതാവിന്റെ ആവലാതിതന്നെയായിരുന്നു. ബാല്യത്തില്‍ മകനെ പോറ്റി വളര്‍ത്തിയതും രാവുകളില്‍ അവന്നായി നിദ്രയുപേക്ഷിച്ചതും ഓര്‍ത്തെടുത്തു. താന്‍ ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുമ്പോള്‍ എന്തിനാണ് തന്റെ പുത്രന്‍ തന്നെയോര്‍ത്ത് വേവലാതി കൊള്ളുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ദുര്‍ബലനും ബലഹീനനുമായ തനിക്ക് മകനല്ലാതെ ഒരു താങ്ങുമില്ല. അവന്‍ യുവത്വത്തിന്റെ മധുരിമ നുണയുകയാണിപ്പോള്‍. വളര്‍ച്ചയുടെ ഉത്തുംഗതയിലുമാണവന്‍. ഇപ്പോള്‍ അവന്‍ തന്നോട് പരുഷത കാണിക്കുന്നു. പിതാവെന്ന അവകാശം അംഗീകരിക്കാന്‍ തയാറല്ലെങ്കില്‍, നന്നെക്കുറഞ്ഞത് ഒരയല്‍വാസിയുടെ അവകാശമെങ്കിലും തനിക്ക് വകവെച്ചുതരാന്‍ ആ തപ്തതാതന്‍... സങ്കട ഹരജി സമര്‍പ്പിക്കുന്നു.

പിതാവ് കവിത ചൊല്ലിത്തീര്‍ന്നയുടന്‍ ആ യുവാവിന്റെ കൈത്തണ്ടയില്‍ പിടിച്ചുവലിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: ''നീയും നിന്റെ അഖില സ്വത്തും നിന്റെ ഉപ്പാക്കുള്ളതാണ്'' (സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍ 410, ഇബ്‌നുമാജ 2291, അഹ്മദ് 6902).

മാതാപിതാക്കള്‍ വാര്‍ധക്യത്തിലെത്തിയാല്‍ അവരെ ഒരു മൂലക്കിരുത്താനുള്ള ശ്രമം അരുതെന്നും ഏറ്റവും മാന്യമായും ആദരവോടെയും അവരോട് ഇടപഴകണമെന്നും നല്ലത് ആഹരിപ്പിക്കണമെന്നും അവരുടെ ആവശ്യങ്ങളഖിലവും നിവര്‍ത്തണമെന്നുമുള്ള ധാര്‍മികോദ്‌ബോധനമാണ് ഇവിടെ പ്രവാചകന്‍ നല്‍കിയത്. അതിനര്‍ഥം മക്കളുടെ സമ്പത്തപ്പാടെ അനാവശ്യമായി വിനിയോഗിക്കാമെന്നോ ധൂര്‍ത്തടിക്കാമെന്നോ തെറ്റിദ്ധരിക്കുകയും വേണ്ട. ആവശ്യാനുസരണം ഉപയോഗപ്പെടുത്താമെന്ന സമ്മതി പത്രമാണത് (സില്‍സിലത്തു അഹാദീസിസ്സ്വഹീഹ 2564, ഇര്‍വാഉല്‍ ഗലീല്‍ 1625).

മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള ധനവിനിയോഗത്തില്‍ പിശുക്ക് വേണ്ട. വിശാലഹൃത്തോടെ അവരില്‍ നന്മ ചൊരിയുക. കൃതജ്ഞതക്കും കീര്‍ത്തിക്കും നിദാനമാണീ പുണ്യകര്‍മം.

വിസ്മയാവഹ ഗുണവിശേഷങ്ങള്‍ക്കുടമയായിരുന്നു പ്രവാചകനായ ഇസ്മാഈല്‍. പിതാവായ ഇബ്‌റാഹീമിനെ അറുതിയില്ലാതെ അദ്ദേഹം അനുസരിച്ചു. തന്നെ ബലിയറുക്കാനുള്ള പിതാവിന്റെ ഇഛാപ്രകടനത്തോട് ആ യുവാവ് ഒരു നീരസവും പ്രകടിപ്പിച്ചില്ല. താനെന്തിന് അറുക്കപ്പെടണമെന്ന ചോദ്യമുയര്‍ത്തിയില്ല. അതിന്റെ യുക്തിയും ലക്ഷ്യവും ആരാഞ്ഞില്ല. ''എന്റെ പൊന്നുപ്പാ... അങ്ങ് ദൈവകല്‍പിതം അനുസരിക്കുക. അല്ലാഹു ഇഛിക്കുന്ന പക്ഷം അങ്ങേക്കെന്നെ ക്ഷമാലുക്കളില്‍ കത്തൊം'' (ഖുര്‍ആന്‍ 37:102).

മുആദുബ്‌നു ഖര്‍റയോട് തന്റെ മകനെക്കുറിച്ച് ആരോ ചോദിച്ചു: ''അങ്ങയോടുള്ള അവന്റെ മാതിരിയെങ്ങനെയാണ്?'' അദ്ദേഹം മറുപടി പറഞ്ഞു: ''ദുന്‍യാവിന്റെ കാര്യത്തില്‍ അവനെനിക്ക് മതിയാവുന്നവനാണ്. പരലോകം ഒരുക്കുന്നതിനായി ഐഹിക കാര്യങ്ങളില്‍നിന്ന് അവനെന്നെ ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു'' (ഹില്‍യത്തുല്‍ ഔലിയാഅ് 3/124). പരലോകവിജയം കരസ്ഥമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ മാത്രം വ്യാപരിക്കാനായി പിതാവിന്റെ എല്ലാ ഭൗതികാവശ്യങ്ങളും മകന്‍ നിവര്‍ത്തിച്ചുകൊടുക്കുന്നു. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് പരലോകത്തിനു വേണ്ടിയുള്ള തയാറെടുപ്പുകളില്‍ പിതാവിനെ വ്യാപൃതനാവാന്‍ വിട്ടിരിക്കുന്നു.

മാതാപിതാക്കള്‍ക്ക് വിശ്രാന്തിയേകുന്ന മക്കളെ അല്ലാഹു ഇഹപരലോകങ്ങളില്‍ വിജയം നല്‍കി അനുഗ്രഹിക്കുന്നു. ഇന്ന് നമുക്ക് വിനഷ്ടമായിരിക്കുന്നതും ഈ മഹാ ഭാഗ്യമാണ്.

മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതും അവര്‍ക്ക് നന്മ ചെയ്യുന്നതും അവരുടെ അവകാശമായി കണ്ട് പ്രവര്‍ത്തിക്കുന്ന സല്‍സന്തതികള്‍ക്ക് അല്ലാഹു പകരമായി നല്‍കുന്നത് സ്വര്‍ഗമാണ്. തന്റെ സ്വര്‍ഗസഞ്ചാരത്തിനിടക്ക് മധുരസുന്ദരമായ ഖുര്‍ആന്‍ പാരായണം ശ്രവിച്ചതിനെക്കുറിച്ച് പ്രവാചകന്‍ സ്മരിച്ചതായി ആഇശ(റ) പറയുന്നുണ്ട്. ആ സ്വനമാധുരിക്കുടമയാരെന്ന് പ്രവാചകന്‍ തിരക്കുകയുണ്ടായി. അത് ഹാരിസ ബ്‌നു ശഅ്മാനാണ് എന്നറിയിക്കപ്പെട്ടു. ഹാരിസയുടെ സ്വഭാവവൈശിഷ്ട്യത്തില്‍ എടുത്തുപറയേണ്ടത് മാതാപിതാക്കളോടുള്ള സമീപനം തന്നെയായിരുന്നു. അദ്ദേഹത്തെക്കുറിച്ച പുണ്യവചനം ഒരാദരം തന്നെയാണ്: ''ജനങ്ങളില്‍ ഏറ്റവുമധികം ഉമ്മക്ക് നന്മ ചെയ്യുന്നവനാണവന്‍'' (ഹാകിം 3/208, ശറഹുസ്സുന്ന 3418). ഇങ്ങനെയൊക്കെയാണ് നന്മക്കുള്ള പ്രതിഫലം സമ്മാനിക്കപ്പെടുന്നത്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ അന്തസ്സും ആഭിജാത്യവുമേകി. ഇത്തരം ധാരാളം നിവേദനങ്ങള്‍ കൊണ്ട് ഹദീസ് ഗ്രന്ഥങ്ങളുടെ താളുകള്‍ അലങ്കരിക്കപ്പെട്ടിട്ടുണ്ട്.

ദൈവദ്വേഷികളുമായുള്ള ഒരു മഹായുദ്ധത്തിനായി സന്നാഹങ്ങളൊരുങ്ങുകയാണ്. അപ്പോഴാണ് മുആവിയ ബ്‌നു സുലമി പടനായകനായ പ്രവാചകനെ സമീപിക്കുന്നത്. പടയൊരുക്കത്തില്‍ വ്യാപൃതനായ പ്രവാചകനോട് അദ്ദേഹം തന്റെ ഇംഗിതമിങ്ങനെ അറിയിച്ചു: ''ദയാദൂതരേ, അങ്ങയോടൊപ്പം ജിഹാദില്‍ പങ്കാളിയായിക്കൊണ്ട് അല്ലാഹുവിന്റെ പ്രീതിയാര്‍ജിച്ച് സ്വര്‍ഗഗേഹം സ്വന്തമാക്കാന്‍ ഞാനുദ്ദേശിക്കുന്നു.'' മുസ്‌ലിം സേന ഒരു പടയോട്ടത്തിനുള്ള തയാറെടുപ്പുകളില്‍ സജീവമായ നേരമാണത്. യുദ്ധാവസ്ഥയില്‍ അനുപേക്ഷണീയമാണ് ആളും അര്‍ഥവും. ആള്‍ക്കുറവ് യുദ്ധഗതിയെതന്നെ മാറ്റിക്കളയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരാള്‍ അധികമുണ്ടായാല്‍ പോലും സേനാദളത്തിന് അത് ബലമാണ്. ഓരോ സന്നദ്ധഭന്നും യുദ്ധസേവനം നിര്‍ബന്ധമായിത്തീരുന്ന അവസ്ഥയാണത്. അതുകൊണ്ടുതന്നെ തയാറാകൂ, പടപ്പുറപ്പാടിനിറങ്ങൂ എന്ന പ്രോത്സാഹനമാണ് പ്രവാചകനില്‍നിന്നുണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: ''നിന്റുമ്മ ജീവിച്ചിരിപ്പുണ്ടോ?'' ഉണ്ടെന്നായി മുആവിയ. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''പോകൂ, തിരികെപ്പോകൂ; നിന്റുമ്മയെ പരിചരിക്കൂ.''

ദൈവമാര്‍ഗത്തിലെ ജിഹാദ് തന്റെ ഹൃദയാഭിലാഷമായിരുന്നു. അതുകൊണ്ടുതന്നെ പ്രവാചകന്റെ മറുപടി കാര്യമായി ഗൗനിക്കാതെ കറങ്ങിത്തിരിഞ്ഞ് അദ്ദേഹം ഒന്നുകൂടി പ്രവാചകനെ സമീപിച്ചു. പ്രവാചകനോടൊപ്പം ജിഹാദില്‍ പങ്കാളിയാകാനുള്ള ആഗ്രഹം വീണ്ടുമറിയിച്ചു. പ്രവാചകന്‍ ചോദിച്ചു: ''ആരുമില്ലെങ്കിലും നിന്റുമ്മ ജീവിച്ചിരിപ്പില്ലേ?'' അദ്ദേഹം ഉണ്ടെന്നു സമ്മതിച്ചു. പ്രവാചകന്റെ മറുപടി ആദ്യത്തേതുതന്നെ. ''നീ തിരികെപ്പോയി ഉമ്മയെ നോക്കൂ.''

മുആവിയ പറയുകയാണ്: ''ജിഹാദിനോടുള്ള ഒരുതരം ഒടുങ്ങാത്ത ഉന്മാദം വീണ്ടുമെന്നെ പ്രവാചകസമക്ഷമെത്തിച്ചു. രണാങ്കണത്തില്‍ ശൂരത പ്രകടിപ്പിക്കാനുള്ള എന്റെ അഭിലാഷാധിക്യവും അല്ലാഹുവിന്റെ പ്രീതി തേടി സ്വര്‍ഗജീവിതം ശോഭനമാക്കണമെന്ന ഉദ്ദേശ്യവും ഞാന്‍ പ്രവാചകനോട് വ്യക്തമാക്കി. മൂന്നാം തവണയും പ്രവാചകന്‍ അതേ ചോദ്യം തന്നെ എന്നോടാവര്‍ത്തിച്ചു: 'നിന്റെ ഉമ്മ ജീവിച്ചിരിപ്പില്ലേ.' ഞാന്‍ പറഞ്ഞു: 'ഉണ്ടല്ലോ ദൂതരേ.' അവിടുന്ന് എന്നോട് ഇങ്ങനെ കല്‍പിച്ചു: നിന്റെ ഉമ്മയുടെ പാദങ്ങളില്‍ ചടഞ്ഞുകൂടുക. അവിടെയാണ് സ്വര്‍ഗം'' (ഇബ്‌നുമാജ 2781, തിര്‍മിദി 2781).

വിജയവീഥിയില്‍നിന്ന് മനുഷ്യനെ തള്ളിവീഴ്ത്താന്‍ സമസ്ത തന്ത്രങ്ങളും പയറ്റുന്നവനാണ് പിശാച്. പ്രത്യക്ഷത്തില്‍ ശുദ്ധമെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ നാശത്തിലേക്ക് വഴിതുറക്കുന്ന മാര്‍ഗങ്ങള്‍ അവന്‍ പ്രദര്‍ശിപ്പിക്കുന്നു. സ്വര്‍ഗം കാട്ടി നരകത്തിലേക്ക് ക്ഷണിക്കുന്ന ദജ്ജാല്‍ അവന്റെ ഭൂമിയിലെ പ്രതിപുരുഷനാണ്.

ഉപ്പ സ്വര്‍ഗകവാടമാണെന്ന് പ്രബലമായ ഒരു ഹദീസില്‍ (തിര്‍മിദി 1900, സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ് 914, ത്വയാലിസി 981) വന്നിട്ടുണ്ട്. ഹാകിമിന്റെ മുസ്തദ്‌റകി(4/153)ലും ഇബ്‌നുമാജ (2089)യിലും ഈ പ്രവാചകവചനമുണ്ട്. സ്വര്‍ഗദ്വാരപഥങ്ങളിലെ മധ്യമസ്ഥാനത്തുള്ള കവാടമാണ് ഉപ്പയെന്ന് അതിലുണ്ട്. നയവഞ്ചകരുടെ നേതാവായിരുന്നിട്ടുകൂടി ഇബ്‌നു ഉബയ്യിനോട് നീതി പുലര്‍ത്താന്‍ പുത്രന്‍ അബ്ദുല്ലയെ ഉപദേശിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞത്, 'നീ നിന്റെ പിതാവിനോട് നന്മയില്‍ വര്‍ത്തിക്കുക. നന്നായി ഇടപെടുക' (സില്‍സിലത്തു അഹാദീസിസ്സ്വഹീഹ് 3223, 2029, ബസ്സാര്‍ 2708) എന്നാണ്. പിതാവ് നിഷേധിയായതുകൊണ്ട് പുത്രന് സ്വര്‍ഗം നിഷിദ്ധമാകരുതല്ലോ. പിതാക്കള്‍ നിഷേധികളാകട്ടെ, അവരെ സേവിച്ചുകൊണ്ടും സന്താനങ്ങള്‍ക്ക് സ്വര്‍ഗം കരസ്ഥമാക്കാവുന്നതാണ്. 

നമ്മുടെ സാഫല്യം ദൈവപ്രീതിയുടെ സ്വര്‍ഗമാണ്. മാതാപിതാക്കള്‍ക്ക് നന്മ  ചെയ്തില്ലെങ്കിലും അതൊരുപക്ഷേ നഷ്ടപ്പെടുകയില്ലായിരിക്കാം. പക്ഷേ, അത് പ്രാപിക്കുക അത്ര എളുപ്പമായിരിക്കുകയില്ല. പ്രവാചകന്‍ പറഞ്ഞു: ''മാതാപിതാക്കളില്‍ ഇരുവരെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും നരകം പ്രാപിച്ചവനെ അല്ലാഹു തന്റെ കാരുണ്യത്തില്‍ നിന്ന് അകറ്റുകയും നാശത്തിലാക്കുകയും ചെയ്യുന്നു'' (സില്‍സിലത്തു അഹാദീസിസ്സ്വഹീഹ 515).

തന്റെ മാതാവിന്റെ ദേഹവിയോഗത്തില്‍ അണപൊട്ടിക്കരയുന്ന ഹാരിസ് അക്‌ലിയെ കണ്ട രിഫാഅ അതിന്റെ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ എങ്ങനെ വിലപിക്കാതിരിക്കും? സ്വര്‍ഗകവാടങ്ങളിലൊന്നാണ് ഇന്നെന്റെ മുന്നില്‍ കൊട്ടിയടക്കപ്പെട്ടത്'' (ഫഫീഹിമാ ഫജാഹിദ് 91).

മാതാപിതാക്കള്‍ കേവലാനുഗ്രഹം മാത്രമല്ല, മറിച്ച് നമ്മുടെ സ്വര്‍ഗം കൂടിയാണ്. അവരെ പരിചരിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും ഒരണുവിട വീഴ്ച പോലും സംഭവിക്കാനേ പാടില്ല.

''എന്റെ രക്ഷിതാവേ, എന്റെ ബാല്യത്തില്‍ ഇവരിരുവരും എന്നെ പരിചരിച്ചു പോറ്റിയതുപോലെ ഇവരോട് നീ അന്‍പു കാട്ടേണമേ.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്