Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

മര്‍മം തൊടാതെ പോകുന്നു

അബൂ ആമില്‍ തിരുത്തിയാട്, അല്‍ഐന്‍

സംഘ് പരിവാര്‍ പടച്ചുവിടുന്ന പൊതുബോധം ഇന്ത്യന്‍ സാമൂഹിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിവെക്കുന്ന ഗുരുതരമായ അനേകം ഭവിഷ്യത്തുകളില്‍ ഒന്നാണ് ജാതീയത പൂര്‍വാധികം ശക്തിയോടെ തിരികെ വരുന്നു എന്നത്. ജാതീയത നിലനില്‍ക്കേണ്ടത് വര്‍ണാശ്രമ ധര്‍മത്തില്‍ അധിഷ്ഠിതമായ സംഘ് പരിവാര്‍ പ്രത്യയശാസ്ത്രത്തിന് അനിവാര്യമാണ്. ദലിത്-പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യുകയും അരികുവത്കരിക്കുകയും ചെയ്യാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. മോദി അധികാരത്തിലേറിയ അന്നു മുതല്‍ തുടങ്ങിയ ദലിത്-പിന്നാക്ക -ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ വിഭാഗങ്ങള്‍ക്കെതിരെ പലതരം ആക്രമണ രീതികളാണ് അവര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ സംഘ് പരിവാര്‍ പടച്ചുവിടുന്ന സവര്‍ണ പൊതുബോധം പൊതുജനത്തില്‍ ഉണ്ടാക്കുന്ന അക്രമോത്സുകതയും കൂടിയാകുമ്പോള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു.

ഇന്ത്യയില്‍നിന്ന്, വിശേഷിച്ച് കേരളത്തില്‍നിന്ന് നാം പിഴുതെറിഞ്ഞ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും  ശക്തമായി തിരികെ വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതിനെ എങ്ങനെ തടത്തുനിര്‍ത്താം എന്നത് ഗൗരവമായ ആലോചനകള്‍ ആവശ്യപ്പെടുന്നുണ്ട്. താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന് അരീക്കോട്ട് രാജന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ പ്രബുദ്ധ കേരളം ഉണര്‍ന്ന് പ്രതിഷേധിക്കുന്നതായി കണ്ടില്ല. കേരളത്തിലെ ജാതീയ മേല്‍ക്കോയ്മ ഇല്ലാതാക്കുന്നതില്‍ ഇടതുപക്ഷം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് എന്നവകാശപ്പെടുമ്പോഴും ഈ ദുരഭിമാന കൊലയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ചയാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചതായി കണ്ടില്ല. അതുപോലുള്ള സംഭവങ്ങള്‍ മുസ്‌ലിം പക്ഷത്തുനിന്നാണെങ്കില്‍ മറ്റൊരു വിധത്തിലായേനെ പ്രതികരണം.

പി.ടി കുഞ്ഞാലി എഴുതിയ 'മതത്തെ പുറമെ നിരാകരിക്കുമ്പോഴും ജാതിബോധത്തെ ആശ്ലേഷിച്ചു നില്‍ക്കുന്നവര്‍ നിര്‍മിക്കുന്ന കേരളം' (ലക്കം 45) എന്ന ലേഖനം, അവതരണത്തില്‍ മികച്ചുനില്‍ക്കുമ്പോഴും വിഷയത്തിന്റെ വിവിധ മാനങ്ങള്‍ സ്പര്‍ശിച്ചില്ല. ശൈലിയും ഭാഷയും കുറേക്കൂടി ലളിതമാക്കാമായിരുന്നു.

 

 

 

കവിതകള്‍ ശ്രദ്ധേയം

പദം, വര്‍ണം, വാക്യം തുടങ്ങി ഒരു നല്ല കവിതയുടെ സമസ്ത ഘടകങ്ങളും ഇഴുകിച്ചേര്‍ന്ന ഫൈസല്‍ അബൂബക്കറിന്റെ രണ്ട് കവിതകള്‍ ശ്രദ്ധേയമായി (ലക്കം 7444).

1001 രാവുകള്‍ വായിച്ചു തീരുമ്പോഴേക്കും കണ്ണടയുമോ എന്ന് സംശയിക്കുന്നുണ്ട് കവി. വികാരാര്‍ദ്രമായ വിചാരങ്ങളാണ് അതിനു കാരണം. 

1001 രാവിന്റെ അനിര്‍വചനീയമായ സംസ്‌കാര പൈതൃകത്തെ കവിഹൃദയം നിശ്ശബ്ദം ആദരിക്കേണ്ടതുണ്ടെന്ന സത്യം കവി തിരിച്ചറിയുന്നു. അതുകൊണ്ടായിരിക്കണം കവിതയില്‍ ഭാഷാ സൗന്ദര്യം സൃഷ്ടിക്കുന്നത്. ധരിച്ചിരിക്കുന്ന 'പൈജാമയുടെ വള്ളിയുടെ' ബലം പോലും നമ്മുടെ ജീവിതത്തിനില്ല. കേവലം പൊളിച്ചെടുക്കുന്ന വാഴത്തടി പോലെയാണ് മനുഷ്യ ജീവിതം. കാലം ഒന്നിനും ആരെയും കാത്തിരിക്കാറില്ല. പാദരക്ഷയുടെ വാറിനേക്കാള്‍ അരികിലാണ് മരണമെന്ന് ഖലീഫ അബൂബക്ര്‍(റ) രേഖപ്പെടത്തിയിട്ടുണ്ട്.

ഔചിത്യദീക്ഷ പുലര്‍ത്തുന്ന ഈ കവിത സമതലങ്ങളിലെ പുഴപോലെ വായിച്ചറിഞ്ഞ അനുഭവജ്ഞാനത്തിന്റെ സ്രോതസ്സായി മാറുന്നു. പരലോക വിചിന്തനങ്ങളിലേക്ക് സന്ദേശം പകര്‍ന്നു നല്‍കുന്നു. കവിത പാടാനും ഇമ്പമാര്‍ന്നതാണെന്നതില്‍ സംശയമില്ല. 'മരണത്തിന്റെ കാരണങ്ങളല്ല, ജീവിതത്തിന്റെ കാര്യങ്ങളാണ്' തച്ചന്റെ മകന്‍ അന്വേഷിക്കുന്നത്. എങ്കില്‍ ഫൈസല്‍ അബൂബക്കര്‍ മറിച്ചാണ് ജീവിതത്തെ നോക്കിക്കാണുന്നത്. നന്ദി, കവിക്കും വാരികക്കും.

വി.കെ.എം കുട്ടി ഈസ്റ്റ് മലയമ്മ

 

 

 

ദൈര്‍ഘ്യം കുറക്കാന്‍ കഴിയുമോ?

പ്രബോധനം വാരിക മികവ് പുലര്‍ത്തുന്നു. ലേഖനങ്ങളുടെ ദൈര്‍ഘ്യം കുറക്കാന്‍ ശ്രമിക്കണം. ഇംഗ്ലീഷില്‍ ഇറങ്ങുന്ന ഡൗണ്‍ ടു എര്‍ത്ത് ദ്വൈവാരിക ലേഖനം എങ്ങനെ ഹ്രസ്വമാക്കാം എന്നതിന് മാതൃകയാണ്.

മുനീര്‍ അഴിയൂര്‍

 

 

 

അറിവില്‍ വിരിയേണ്ടത് വിനയത്തിന്റെ പൂക്കളാവണം

വിയോജിപ്പുകള്‍ക്കിടയിലും താഴ്മയുടെ മകുടോദാഹരണങ്ങളായി മാറേണ്ടവരാണ് പണ്ഡിതന്മാരെന്ന ഷമീര്‍ കെ. വടകരയുടെ ലേഖനം അവസരോചിതമായി. ചില കാര്യങ്ങള്‍ കൂട്ടി വായിക്കുന്നത് അനുയോജ്യമാകും. പണ്ഡിതന്മാരില്‍നിന്ന് നഷ്ടപ്പെട്ടുപോകുന്ന ഗുണങ്ങളിലൊന്നാണ് വിനയം. അറിവിലൂടെ വിരിയേണ്ടത് വിനയത്തിന്റെ പൂക്കളാവണം. പുറംമോടികളും തന്‍ പോരിശകളും പരസ്പരം ഊറ്റം കൊള്ളലുകളും പണ്ഡിതരുടെ സ്വഭാവമാകരുത്. അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ പേടിക്കുന്നവരാണ് പണ്ഡിതന്മാര്‍ എന്ന ഖുര്‍ആനിക അധ്യാപനം ഏത്രത്തോളം ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമുദായ നേതൃത്വങ്ങള്‍ക്ക്  കഴിഞ്ഞിട്ടുണ്ട് എന്നത് പുനരാലോചന നടത്തേണ്ട കാര്യമാണ്.  ലഭിച്ച അറിവ് ഒരു പരീക്ഷണമായി  മനസ്സിലാക്കിയാല്‍ തന്നെ എങ്ങനെ എവിടെ എപ്പോള്‍ അത് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാകും. പണ്ഡിതന്മാര്‍ പ്രവാചകന്മാരെ പോലെയാണ്, അവര്‍ക്ക് അനന്തരമായി ലഭിച്ചത് ദീനാറോ ദിര്‍ഹമോ അല്ല, അറിവാണെന്ന പ്രവാചക വചനം മാത്രം മതിയാകും ഈ ദുന്‍യാവില്‍ അവര്‍ക്ക് കിട്ടുന്ന ആദരങ്ങളില്‍ മികച്ചതായി. പണമെറിഞ്ഞോ, അധികാരത്തിലൂടെയോ നേടിയെടുക്കേണ്ട ഒന്നല്ല പ്രശസ്തി. അങ്ങനെ നേടിയതൊന്നും ഇവിടെ ശാശ്വതമായിട്ടുമില്ല. താഴ്മയിലൂടെ മുന്നേറുന്നവരെ അല്ലാഹു ഉയര്‍ത്തും എന്നത് അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍പെട്ടതാണ്, അറിവിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. നിര്‍ഭാഗ്യമെന്നു പറയട്ടെ, മുന്‍ഗാമികളില്‍നിന്നും അനന്തരമായി കിട്ടിയ വിനയമെന്ന കടിഞ്ഞാണ്‍ പലരില്‍നിന്നും കൈമോശം വന്നിരിക്കുന്നു. ലേഖനത്തില്‍ പരാമര്‍ശിച്ചതുപോലെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം മറ്റേതു വിഷയത്തിലുമെന്ന പോലെ ഇവിടെയും അനിവാര്യമാണ്.  

സബാഹ് ആലുവ

 

 

 

ജാതീയതയെന്ന ശാപം

ജാതി ഇന്ത്യയുടെ ശാപമാണ്. നാരായണ ഗുരുവിന്റെ ദൗത്യത്തെ തന്നെ അനുയായികള്‍ എതിര്‍ദിശയിലേക്ക് തിരിച്ചുവിടുന്നതും ഗുരു തോറ്റുപോവുന്നതും അതുകൊണ്ടാണ്. മതം മാറിയാലും ജാതി മാറാനാവുന്നില്ല. ഇപ്പുറത്ത് ഇസ്‌ലാമായാല്‍ മതം പ്രശ്‌നമാവുകയും വാളെടുക്കുകയും ചെയ്യും. മറുപുറത്ത് ഇസ്‌ലാമില്ലെങ്കില്‍ ജാതി മതിയാവുകയും മതം സുരക്ഷിതമാവുകയും ചെയ്യുന്നു. ഇവിടെയാണ് പി.ടി കുഞ്ഞാലിയുടെ നിരീക്ഷണം ശ്രദ്ധേയമാവുന്നത്. ഇത്തരം കഴമ്പുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

കെ.സി.സി ഹുസൈന്‍

 

 

 

ഭരണാധികാരികള്‍ തന്നെ കൂട്ടുനില്‍ക്കുമ്പോള്‍

എ. റശീദുദ്ദീന്‍ എഴുതിയ, 'കഠ്‌വയില്‍ രംഗത്തിറങ്ങിയ ബി.ജെ.പി ഇന്ത്യയോട് പറയുന്നത്' (ലക്കം 47) എന്ന വിശകലനം സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടുന്നതായിരുന്നു. നീതി ലഭിക്കേണ്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിക്കുകയും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഒരു വലിയ രാജ്യമാണ്, അവിടെ നടക്കുന്ന ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ ചര്‍ച്ചയാക്കേണ്ടതില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. നാം അറിഞ്ഞതും അറിയാത്തതുമായി ഒരു പാട് ബലാത്സംഗങ്ങള്‍ നടക്കുന്ന ഒരു രാജ്യത്തെ മന്ത്രിയാണ് നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ നടത്തിയത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരാനുള്ള കാരണങ്ങളില്‍ ഒന്നാണ് ഇത്തരം പ്രസ്താവനകള്‍. കുറ്റവാളികളെ ന്യായീകരിക്കാനും അവര്‍ക്കു വേണ്ടി പ്രകടനം നടത്താനും എം.എല്‍.എമാരും മന്ത്രിമാരും തെരുവിലിറങ്ങമ്പോള്‍ ലജ്ജിക്കുന്നത് ഇന്ത്യ എന്ന മഹാരാജ്യമാണ്. കൊടും കുറ്റവാളികള്‍ക്കുപോലും രക്ഷപ്പെടാന്‍ പഴുതുകളുള്ള നീതിന്യായ വ്യവസ്ഥയില്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

കെ.ടി ഇബ്‌റാഹീം എടക്കഴിയൂര്‍, ദുബൈ

 

 

 

അനുഭൂതികള്‍ തന്ന എഴുത്ത്

പ്രസന്നന്‍ എഴുതിയ ഇസ്‌ലാമികാനുഭവങ്ങള്‍ അനുഭൂതിദായകമായിരുന്നു. ഇസ്‌ലാമിനെ കുറേ അനുഷ്ഠാനങ്ങളുടെ കേവല മതമായി കാണുന്ന പാരമ്പര്യ മതക്കാര്‍ക്ക് പഠിക്കാനും ഉള്‍ക്കൊള്ളാനും ഏറെയുള്ള ലേഖനം പുസ്തക രൂപത്തില്‍ ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു. പ്രസ്തുത ലേഖനത്തിന്റെ രണ്ടാം ലക്കം വായിച്ചപ്പോള്‍ മനസ്സിലെത്തിയത് അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനുമായ ജെഫ്‌റി ലാംഗ് തന്റെ ഇസ്‌ലാം അനുഭവം വളരെ തന്മയത്വത്തോടെയും കാലികാനുഭവങ്ങളുടെ പിന്‍ബലത്തോടെയും പങ്കുവെച്ച മാലാഖമാര്‍ പോലും ചോദിക്കുന്നു എന്ന പുസ്തകത്തിലെ വരികളാണ്. വ്യത്യസ്ത രാഷ്ട്രീയ ചിന്താധാരകള്‍ക്ക് ഒരു കൂരക്കു കീഴില്‍ അലോസരമില്ലാതെ കഴിയാന്‍ സാധിക്കുമ്പോള്‍ എന്തുകൊണ്ട് രാഷ്ട്രീയത്തേക്കാള്‍ ഇഴയടുപ്പമുള്ള മതദര്‍ശനങ്ങള്‍ക്കു അത് കഴിയുന്നില്ല എന്ന പ്രസന്നന്റെ ചോദ്യം ഏറെ പ്രസക്തമല്ലേ? നിങ്ങള്‍ ഏകദൈവത്വം പ്രഖ്യാപിക്കൂ, എങ്കില്‍ പരലോകവിജയം ഉറപ്പാകുന്നതോടൊപ്പം ഭൗതിക ലോകത്തെ എല്ലാവിധ അടിമത്ത, അരാജക വ്യവസ്ഥയില്‍നിന്നും നിങ്ങള്‍ക്ക് സ്വതന്ത്രരാവാം എന്ന പ്രവാചക സന്ദേശം ഇസ്‌ലാമിന്റെ മാനുഷിക മുഖത്തെയാണ് അനാവരണം ചെയ്യുന്നത്. മതംമാറ്റമെന്ന വൈകാരിക പ്രകടനങ്ങളില്ലാത്ത മനംമാറ്റമാണ് പ്രസന്നനില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഈ കുറിപ്പുകാരന്‍ സുഊദിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു അമേരിക്കന്‍ നവ മുസ്‌ലിമിന്റെ പ്രസംഗം കേള്‍ക്കാനിടയായി. ആ പ്രസംഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞത് താന്‍ മതം മാറിയിട്ടില്ല, ഓരോ മനുഷ്യനും ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയോടെയാണ്, ഏതോ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ കുറേകാലം അന്ധകാരത്തില്‍ കഴിയേണ്ടിവന്ന തനിക്ക് സത്യപാതയിലേക്കുള്ള മടക്കം മാത്രമാണിത് എന്നാണ്. ഇസ്‌ലാമിനെ പഠിച്ചു മനസ്സിലാക്കിയ പലര്‍ക്കും യാഥാര്‍ഥ്യം ബോധ്യപ്പെട്ടാലും കുടുംബ സാഹചര്യവും സാമൂഹികമായ ഒറ്റപ്പെടലും പ്രതിബന്ധമായി മാറുന്നതിനെക്കുറിച്ചും ജെഫ്‌റി ലാംഗ് തന്റെ പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മുസ്‌ലിംകള്‍ ഒരു മാതൃകാ സമൂഹമല്ല എന്നത് പല നവ മുസ്‌ലിം ചിന്തകരും വേദനയോടെ പങ്കുവെക്കുന്ന യാഥാര്‍ഥ്യമാണ്. താനൊരു പ്രബോധകനാണെന്ന തിരിച്ചറിവ് ഭൂരിപക്ഷം വിശ്വാസികള്‍ക്കും നഷ്ടപ്പെട്ടുപോയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പണ്ഡിതന്മാര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

 

 

 

ജനകീയമാകാന്‍ കുറുക്കുവഴികളില്ല

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറു വര്‍ഷത്തോളമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒരുപാട് പണവും രക്തവും അധ്വാനവും ഈ മാര്‍ഗത്തില്‍ വിനിയോഗിച്ചിട്ടുണ്ടെങ്കിലും അതിനൊത്ത രീതിയിയില്‍ പ്രസ്ഥാനം ജനകീയമായിട്ടില്ല. ഈ സത്യമാണ് പ്രബോധനം  മുഖവാക്കില്‍ (ഏപ്രില്‍ 27) സൂചിപ്പിച്ചിരിക്കുന്നത്. ഇത്രയും വര്‍ഷം ജനങ്ങളില്‍ പ്രവര്‍ത്തിച്ച ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളെ തൂക്കിലേറ്റുമ്പോഴും നാടുകടത്തുമ്പോഴും ജനങ്ങള്‍ എന്തുകൊണ്ട് നിസ്സംഗരായി നോക്കി നില്‍ക്കുന്നു? ഇവിടെയാണ് പ്രസ്ഥാനത്തിന്റെ പുതിയ കാമ്പയിനും മുദ്രാവാക്യവും പ്രസക്തമാവുന്നത്;  'കാലം സാക്ഷി, മനുഷ്യന്‍ നഷ്ടത്തിലാണ്.  ഹൃദയങ്ങളിലേക്കൊരു യാത്ര.' മക്കയില്‍നിന്ന് അബൂബക്ര്‍ പലായനം ചെയ്യാനൊരുങ്ങുമ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ തടഞ്ഞുവെക്കുകയും നിങ്ങള്‍ ഞങ്ങളെ വിട്ടു പോകരുത്, ഞങ്ങള്‍ അനാഥരാകും എന്നു പറയുകയും ചെയ്ത ചരിത്രം എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്നില്ല? അതിനു കാരണം ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അവര്‍ ഏറ്റെടുക്കുകയും അവരുടെ കൂടെ നില്‍ക്കുകയും ചെയ്തു എന്നതാണ്. പുതിയ കാലവും ലോകവും തിരിച്ചറിഞ്ഞ് ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണം. അങ്ങനെ ജനങ്ങളുടെ പ്രശ്‌നം പ്രസ്ഥാനത്തിന്റെ പ്രശ്‌നമാവുമ്പോള്‍ പ്രസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ പ്രശ്‌നമാവുകയും പ്രസ്ഥാനം ജനകീയമാവുകയും ചെയ്യും.

കെ.കെ ബഷീര്‍ കണ്ണൂര്‍, കുറുവ

 

 

വീണ്ടും ദൈവം രക്ഷിച്ചു

രൂപീകരിക്കപ്പെട്ട നാള്‍മുതല്‍ ഇന്ത്യയിലുടനീളം കലാപങ്ങള്‍ സൃഷ്ടിച്ച് ആ കാലുഷ്യത്തില്‍നിന്ന് രാഷ്ട്രീയ മൈലേജ് നേടാനുള്ള ശ്രമം തന്നെയാണ് അസന്‍സോളിലും നടന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന കുത്സിത ശ്രമങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ എമ്പാടും കാണാന്‍ സാധിക്കും. ഘോഷയാത്രകളിലും ഉത്സവങ്ങളിലും പ്രകോപന മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച് പിന്നില്‍നിന്ന് അവര്‍ തന്നെ കല്ലെറിഞ്ഞ് കലാപങ്ങള്‍ സൃഷ്ടിക്കുന്നതും വര്‍ഗീയ ഫാഷിസ്റ്റുകളുടെ രീതിയാണ്. പണ്ട് മലപ്പുറത്തെ താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭാ യാത്രയില്‍ ബോംബ് പൊട്ടിച്ച് നിരപരാധികളെ കൊലചെയ്യാനുള്ള ബോംബ് നിര്‍മിക്കുന്നതിന്റെ ഇടയില്‍ ആര്‍.എസ്.എസുകാരനായ തിരുവനന്തപുരം സ്വദേശി ശ്രീകാന്ത് കൊല്ലപ്പെടുകയുണ്ടായി. അന്ന് മലപ്പുറം ജില്ലയിലെ പോലീസ് മേധാവി പറയുകയുണ്ടായി; 'മലപ്പുറത്തെ ദൈവം തമ്പുരാന്‍ രക്ഷിച്ചു' എന്ന്.

നോട്ട് നിരോധനവും ജി.എസ്.ടിയും കര്‍ഷക ആത്മഹത്യകളും ബാങ്ക്‌കൊള്ളകളും മറ്റ് ജീവല്‍ പ്രശ്‌നങ്ങളും ജനങ്ങള്‍ മറന്നുപോകുന്നത് പലപ്പോഴും ഇത്തരം വര്‍ഗീയ പ്രചാരണവും കലാപശ്രമങ്ങളും കാരണമാണ്. ഇറ്റലിയിലെ ബെനിറ്റോ മുസോളിനിയില്‍നിന്ന്(ഫാഷിസത്തില്‍നിന്ന്) ഊര്‍ജം  കിട്ടിയ മുഞ്ചെയുടെ ആശയങ്ങള്‍ നടപ്പാക്കുമ്പോള്‍ രാജ്യം കുത്തുപാള എടുക്കുന്ന സാഹചര്യത്തിന് വേറെ നിമിത്തങ്ങള്‍ ആരായേണ്ടതില്ല. സോമനാഥില്‍നിന്ന് മനുഷ്യ കബന്ധങ്ങള്‍ക്ക് മേല്‍ രഥമുരുട്ടിയാണ് പണ്ട് ലാല്‍കൃഷ്ണ അദ്വാനി ബി.ജെ.പിക്ക് മണ്ണൊരുക്കിയത്.  'സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം' എന്ന മുഖവാക്ക് (പ്രബോധനം 3048) വെളിച്ചം തരുന്നു, നന്ദി.

അബ്ദുര്‍റസാഖ് മുന്നിയൂര്‍

 

 

മാനവികതയുടെ വീണ്ടെടുപ്പ്

ജി.കെ എടത്തനാട്ടുകരയുടെ കവര്‍ സ്റ്റോറി (2018 ഏപ്രില്‍ 8) വായിച്ചു. പരിസര മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന പോലെ, മനുഷ്യമനസ്സുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കാരണം ഇന്നത്തെ സമൂഹം ദിശാബോധം നഷ്ടപ്പെട്ട് ലക്ഷ്യബോധമില്ലാതെ കഴിഞ്ഞുകൂടുകയാണ്. ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഓരോ മനുഷ്യനും പ്രയത്‌നിക്കണം. ആത്മസംസ്‌കരണമാണ് ജീവിത വിശുദ്ധിയിലേക്ക് നയിക്കുക. ജീവിത വിശുദ്ധി പഴഞ്ചന്‍, പിന്തിരിപ്പന്‍ ഏര്‍പ്പാടായി മുദ്രകുത്തപ്പെടുന്നത് മനുഷ്യന്‍ ഇഛകളുടെ പൂര്‍ത്തീകരണത്തിന് ഏതു മാര്‍ഗവും സ്വീകരിക്കുന്നതുകൊണ്ടാണ്. ശരിയും തെറ്റും, നന്മയും തിന്മയും വേര്‍തിരിക്കാതെയാണ് ജീവിതം. കോടാനുകോടി ജീവജാലങ്ങള്‍ അമീബ മുതല്‍ ആന വരെ ജീവിക്കുന്ന ലോകത്ത് മനുഷ്യന് മാത്രമേ സവിശേഷ ബുദ്ധി നല്‍കിയിട്ടുള്ളൂ. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവക്കെല്ലാം പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ട്.  ഇന്നതേ കാണാന്‍ പാടുള്ളൂ, ഇന്നതേ കേള്‍ക്കാന്‍ പാടുള്ളൂ എന്ന് മതത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നിയമവിധേയമായതും നിയമവിരുദ്ധമായതുമായ കാര്യങ്ങളും അല്ലാഹു വിശദീകരിച്ചുതരുന്നു. സ്വതന്ത്ര ചിന്തയും വ്യക്തിസ്വാതന്ത്ര്യവും വളര്‍ന്നു വളര്‍ന്ന് ഇപ്പോള്‍ അരുതായ്മകള്‍ എന്നൊന്ന് തന്നെ ഇല്ലാതായിരിക്കുന്നു. ജീവിതത്തില്‍ പാടുള്ളതും പാടില്ലാത്തതും മനുഷ്യനെ പഠിപ്പിച്ചുകൊണ്ടേ ഇന്നത്തെ പ്രതിസന്ധികളെ മറികടക്കാനാവൂ. അതിനാണ് സാന്മാര്‍ഗിക നിയമങ്ങള്‍ എന്ന് പറയുന്നത്. സ്രഷ്ടാവായ അല്ലാഹു നിയോഗിച്ച പ്രവാചകന്മാരാണ് അവ മനുഷ്യകുലത്തെ പഠിപ്പിക്കുന്നത്. മൃഗങ്ങള്‍ക്ക് ഇതിന് അവസരമില്ല. ലോകത്ത് നിലനില്‍ക്കുന്ന മാനവികതയും ധാര്‍മികതയുമെല്ലാം പ്രവാചകാധ്യാപനങ്ങളാലാണ് ഉത്ഭൂതമായിട്ടുള്ളത്. 

ദൈവത്തെക്കുറിച്ച അറിവ് പൂര്‍ണമാവുന്നത് പരലോകത്തെക്കുറിച്ച അറിവ് കൂടി ചേരുമ്പോഴാണ്. ധര്‍മാധര്‍മ ബോധത്തോടു കൂടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികത അനാഥകളെ സംരക്ഷിക്കലും അഗതികളെ സഹായിക്കലുമൊക്കെയാണ്. ദൈവവിശ്വാസത്തിലും ആത്മസംസ്‌കരണത്തിലും ഊന്നിയ മാനവികതയുടെ വീണ്ടെടുപ്പാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

 

 

മനസ്സില്‍ കൊണ്ട വരികള്‍

പ്രസന്നന്റെ 'ജീവിതം' വിടവാങ്ങല്‍ അധ്യായം മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നതായി. തുടക്കത്തില്‍ ഖുര്‍ആനെപ്പറ്റി കുറിച്ച വരികള്‍ വിശേഷിച്ചും. നമ്മളൊക്കെ ആ ഒരു ചിന്തയോടും ഗൗരവത്തോടുമാണോ വിശുദ്ധ ഖുര്‍ആനെ സമീപിക്കുന്നതെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഖത്തം തീര്‍ക്കാനും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താനും ഓതിപ്പോവുന്നുവെന്നതല്ലാതെ, വിചിന്തനവും മനനവും നടത്താന്‍ എത്ര പേര്‍ക്കാവുന്നുണ്ടെന്ന ചോദ്യത്തിന് മുമ്പില്‍ നമ്മളുടെ തലകുനിയുക തന്നെയാവും ഫലം. കാലഘട്ടത്തിന്റെ കാലുഷ്യം തന്നെയാണ് തന്നെ ഈ കുറിപ്പുകള്‍ക്ക് പ്രേരിപ്പിച്ചതെന്ന പ്രസന്നന്റെ വാക്കുകള്‍ അടിവരയിടേണ്ടതാണ്.

മമ്മൂട്ടി കവിയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്