Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

പണ്ഡിതന്മാരുടെ വിയോഗം സമുദായത്തിന്റെ നഷ്ടം

അബൂസ്വാലിഹ

ഇന്ത്യയിലെ മുസ്‌ലിം സമുദായ നേതൃത്വത്തിലുണ്ടായിരുന്ന രണ്ട് പേരാണ് അടുത്തടുത്ത ദിവസങ്ങളില്‍ ഇഹലോകവാസം വെടിഞ്ഞത്. മര്‍കസി ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ മുന്‍ സെക്രട്ടറി ജനറല്‍ മൗലാനാ അബ്ദുല്‍ വഹാബ് ഖല്‍ജി ഏപ്രില്‍ 13-ന് വിടവാങ്ങി. പിറ്റേ ദിവസം മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഉപാധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദ് സാലിം ഖാസിമിയും. പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു ഇരുവരും. ഇസ്‌ലാമിക വിഷയങ്ങളില്‍ രണ്ടു പേരും ആഴത്തിലുള്ള അറിവ് നേടിയിരുന്നെങ്കിലും, അധ്യാപനത്തിലും ഗ്രന്ഥരചനയിലുമായി ഒതുങ്ങിനിന്നില്ല അവരുടെ പ്രവര്‍ത്തന മണ്ഡലം.

17 വര്‍ഷം ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ നേതൃത്വം അബ്ദുല്‍ വഹാബ് ഖല്‍ജിക്കായിരുന്നു. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ ചലിപ്പിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.  ഇടക്കാലത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഭാരവാഹിയായി. ഖുര്‍ആനിലും ഹദീസിലും ആഴത്തില്‍ അറിവുണ്ടായിരുന്നു. 1954-ല്‍ മാലീര്‍ കോട്ട് ലയില്‍ ജനിച്ച ഖല്‍ജി ദല്‍ഹിയിലെ സബീലുസ്സലാം മദ്‌റസയിലെ പ്രാഥമിക പഠനത്തിനു ശേഷം ബനാറസിലെ ജാമിഅ റഹ്മാനിയ്യയില്‍ ചേര്‍ന്നു. ഉപരിപഠനം മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലായിരുന്നു. പല വിഷയങ്ങളിലും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

ദയൂബന്ദ് ദാറുല്‍ ഉലൂം സ്ഥാപകന്‍ മൗലാനാ ഖാസിം നാനൂതവിയുടെ പേരക്കുട്ടിയുടെ മകനും ഖാരി മുഹമ്മദ് ത്വയ്യിബിന്റെ മകനുമായിരുന്നു മൗലാനാ മുഹമ്മദ് സാലിം ഖാസിമി. 2014 വരെ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ കാര്യദര്‍ശിയായി. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉപാധ്യക്ഷനും സുപ്രീം ഗൈഡന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്നു. മുസ്‌ലിം മജ്‌ലിസെ മുശാവറയുമായും ആഴത്തിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ മുശാവറ പിളര്‍ന്നപ്പോള്‍ അതില്‍ ഒരു ഗ്രൂപ്പിന്റെ തലവനായിരുന്നു. ഇരു ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. ഖുര്‍ആന്റെ ഉര്‍ദു പരിഭാഷക്കു പുറമെ ഉര്‍ദുവിലും അറബിയിലുമായി ഏതാനും ശ്രദ്ധേയമായ കൃതികളും രചിച്ചു.

1926 ജനുവരി എട്ടിനാണ് മുഹമ്മദ് സാലിം ഖാസിമിയുടെ ജനനം. ദയൂബന്ദ് ദാറുല്‍ ഉലൂമിലെ പഠനകാലത്ത് മൗലാനാ അശ്‌റഫ് അലി സാനവി, മൗലാനാ ഖാരി മുഹമ്മദ് ത്വയ്യിബ്, മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, മൗലാനാ മുഹമ്മദ് സകരിയ്യ തുടങ്ങി നിരവധി പ്രശസ്ത പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി. ദാറുല്‍ ഉലൂമിലെ പഠനത്തിനു ശേഷം അവിടെ അധ്യാപകനുമായിരുന്നിട്ടുണ്ട്. 

 

 

 

ലേബര്‍ പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ സയണിസ്റ്റ് ലോബി

 

ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെറമി കോര്‍ബിന്‍ ഒരേസമയം ദ്വിമുഖ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് എല്ലാ അര്‍ഥത്തിലും അതിശക്തരായ സയണിസ്റ്റ് ലോബി. ലേബര്‍ പാര്‍ട്ടിക്കകത്തു തന്നെയുള്ള മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെപ്പോലുള്ള സയണിസത്തിന്റെ വക്താക്കള്‍ നടത്തുന്ന ആക്രമണമാണ് രണ്ടാമത്തേത്. 2015-ല്‍ ലേബര്‍ പാര്‍ട്ടി നേതൃതെരഞ്ഞെടുപ്പില്‍ സയണിസ്റ്റ് വക്താക്കളെ പിന്തള്ളി 60 ശതമാനം വോട്ട് നേടി കോര്‍ബിന്‍ ചരിത്രവിജയം സ്വന്തമാക്കിയപ്പോള്‍ തന്നെ ആരംഭിച്ചതാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ഈ വ്യക്തിഹത്യാ കാമ്പയിന്‍. കോര്‍ബിന്‍ നിരന്തരം മര്‍ദിതരായ ഫലസ്ത്വീനികള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ് സയണിസ്റ്റ് ലോബിക്ക് തീരെ പിടിക്കാത്തത്. ഇസ്രയേല്‍ സൈന്യം ഗസ്സ ഉപരോധിച്ച് ഫലസ്ത്വീനികളെ പട്ടിണിക്കിടുന്നതിനെയും ഫലസ്ത്വീന്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റം നടത്തുന്നതിനെയും അദ്ദേഹം ശക്തമായി വിമര്‍ശിക്കാറുണ്ട്. അപ്പോഴൊക്കെയും 'സെമിറ്റിക് വിരുദ്ധത' എന്ന വാള്‍ വീശിയാണ് സയണിസ്റ്റ് ലോബി രംഗത്തു വരാറുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ 'സെമിറ്റിക്‌വിരുദ്ധത' മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സയണിസ്റ്റ് ലോബികള്‍ക്ക് ആരും എതിരുനിന്നുകൂടാ. അവര്‍ പ്രചരിപ്പിക്കുന്ന അര്‍ധ സത്യങ്ങളും കള്ളങ്ങളുമൊന്നും ചോദ്യം ചെയ്തുകൂടാ. ചോദ്യം ചെയ്താല്‍ നിങ്ങള്‍ സെമിറ്റിക് വിരുദ്ധരാകും. ഹോളോകാസ്റ്റിനെക്കുറിച്ച് സയണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്തും കണ്ണടച്ച് വിശ്വസിച്ചുകൊള്ളണം. അപ്പോഴാണ് ലേബര്‍ പാര്‍ട്ടി നേതാവും മുന്‍ ലണ്ടന്‍ മേയറുമായ കെന്‍ ലിവിംഗ്സ്റ്റണ്‍, ഹിറ്റ്‌ലര്‍ ഒരു കാലത്ത് സയണിസത്തിന് പിന്തുണ നല്‍കിയിരുന്നു എന്ന് പ്രസ്താവിച്ചത്. ഇത് ചരിത്രപരമായി ശരിയോ തെറ്റോ ആകാം. ബി.ബി.സി ഉള്‍പ്പെടെയുള്ള പുകള്‍പെറ്റ മാധ്യമങ്ങളൊന്നും ആ പ്രസ്താവം ശരിയോ തെറ്റോ എന്ന് അന്വേഷിക്കാന്‍ പോയില്ല. കെന്‍ രാജിവെക്കണമെന്ന് അവര്‍ മുറവിളികൂട്ടി. ഇലക്‌ട്രോണിക് ഇന്‍തിഫാദ, മിഡില്‍ ഈസ്റ്റ് ഐ, ജ്യൂസ് ഫോര്‍ ജസ്റ്റിസ് ഫോര്‍ പാലസ്റ്റീനിയന്‍സ്, ജ്യൂയിഷ് സോഷ്യലിസ്റ്റ് ഗ്രൂപ്പ് തുടങ്ങിയ ചെറിയ ഓണ്‍ലൈന്‍ വാര്‍ത്താ പത്രികകള്‍ മാത്രമേ സത്യമന്വേഷിക്കാന്‍ മെനക്കെട്ടുള്ളൂ. കെന്‍ ഒടുവില്‍ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചൊഴിയുകയാണുണ്ടായത്. ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പറിലും മറ്റും അറുപതു ലക്ഷം ജൂതന്മാര്‍ വധിക്കപ്പെട്ടു എന്നത് ഊതിപ്പെരുപ്പിച്ച കണക്കാണെന്ന് പറഞ്ഞ ഒരാളെ പിന്തുണച്ചു എന്ന് ആക്ഷേപിച്ച് സയണിസ്റ്റ് ലോബി പിന്നെ തിരിഞ്ഞത് ക്രിസ്റ്റിനി ഷാക്രോഫ്റ്റ് എന്ന സീനിയര്‍ വനിതാ നേതാവിനെതിരെയാണ്. അവരും ലേബര്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് രാജിവെച്ചൊഴിഞ്ഞു.

അടുത്ത ഉന്നം സാക്ഷാല്‍ കോര്‍ബിന്‍ തന്നെ. സയണിസ്റ്റുകള്‍ക്ക് ഏറെ പ്രിയങ്കരനായ ലേബര്‍ പാര്‍ട്ടിയിലെ തന്നെ ടോണി ബ്ലെയറാണ് അതിന് നേതൃത്വം നല്‍കുന്നത്. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകാനുള്ള തീരുമാനത്തെ (ബ്രെക്‌സിറ്റ്) എതിര്‍ക്കണമെന്നാണ് ബ്ലെയര്‍, കോര്‍ബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോര്‍ബിന്‍ അതിന് തയാറല്ലെങ്കില്‍ ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗങ്ങള്‍ കലാപക്കൊടി ഉയര്‍ത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. ലേബര്‍ പാര്‍ട്ടിയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ സയണിസ്റ്റ് ലോബി വിജയിക്കുമോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്