Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

ഒന്ന് മതി

ഉസ്മാന്‍ പാടലടുക്ക, കാസര്‍കോട്

നാട്ടിലിറങ്ങിയ

ചെന്നായ്ക്കളുടെ

ശല്യം സഹിക്കവയ്യാതെ

വലവിരിക്കാനൊരുങ്ങവെ

അത്,

ഒരു പശുവായി മാറി.

 

വേലിചാടി

വിളവു തിന്ന പശുക്കളെ

പുറത്തുചാടിക്കവെ

അത്,

തൃശൂലമായി

മണ്ണിലമര്‍ന്നു.

 

അതവളുടെ

മാറിടത്തില്‍

നുഴഞ്ഞുകയറിയപ്പോള്‍

വെള്ളത്തിലിട്ട്

മൂടാന്‍ തുനിയവെ

ചളിയില്‍ ആഴ്ന്നിറങ്ങി

ഒരു പൂവായ്

വിരിഞ്ഞുനിന്നു.

 

അത്,

പുറംമോടി മാത്രമായ്

വിടര്‍ന്നു പടര്‍ന്ന്

കടപുഴകിയൊഴുകി.

 

ഇലകള്‍ക്കിടയിലെ 

വിഷമുള്ള് കാട്ടി

പേടിപ്പിച്ചു.

 

ഇതളുകളില്‍നിന്നും

പ്രസരിക്കുന്ന 

ദുര്‍ഗന്ധങ്ങള്‍ക്ക്

നാെളയുടെ 

നല്ല ദിനങ്ങള്‍

എന്ന് പേരു നല്‍കി.

ചളിക്കളത്തില്‍

പിന്നെയും പിന്നെയും

ആഴ്ന്നു നീങ്ങി

ഇപ്പോളത്

പൂമരങ്ങളെയും

വസന്തങ്ങളെയും

ഉടലോടെ വിഴുങ്ങുന്നു.

 

അതിലെ പക്ഷികളും

തേനീച്ചകളും

മറ്റൊരു കുടില്‍

തേടിയലയുന്നു.

 

ഇനിയിവിടെ,  

ഒരൊറ്റ ഗന്ധവും

ഒരൊറ്റ നിറവും

ഒരൊറ്റ രൂപവൂം 

മാത്രം മതി.

 

 

 

*********************************************

 

 

വാതിലുകള്‍

-അശ്‌റഫ് കാവില്‍-

 

അതിഥികളുടെ

ആദ്യനോട്ടം

വന്നു തറയ്ക്കുന്നത്

വാതിലുകളിലാണ്...

 

പ്രതീക്ഷാനിര്‍ഭരമായ

ഒരു നോട്ടത്തിന്റെ മധുരം

തിരിച്ചുവരുന്നവരുടെ തിടുക്കം

വിരുന്നിനെത്തുന്നവരുടെ കൗതുകം

ചോദിച്ചെത്തുന്നവരുടെ ധ്യാനം

എല്ലാം വാതിലിനു പുറത്ത്

അടിഞ്ഞുകൂടി

കറുത്തുപോയി വാതില്‍പ്പുറം

 

തുറക്കാത്ത

വാതിലുകളാണ്

മലര്‍ക്കെത്തുറന്നവയേക്കാള്‍

പ്രത്യാശ പകരുന്നത്...

 

തുറക്കും തുറക്കും

എന്ന ആഹ്ലാദത്തെ

അടവെച്ച് വിരിയിക്കുകയാണ്

അടച്ചിട്ട ഓരോ വാതിലും...

 

തുറന്നിട്ട വാതിലുകള്‍

മറഞ്ഞുനില്‍ക്കുന്ന

സാലഭഞ്ജികമാരാണ്..

തുറന്നിട്ടതിന്റെ ശൂന്യതയില്‍

ചിതറിപ്പോവുകയാണ്

വീട്ടിലെത്തുന്നവരുടെ കാഴ്ചകള്‍...

 

എല്ലാ വാതിലുകളും തുറന്നിട്ട

ആളില്ലാത്ത വീടുപോലുള്ള

മനസ്സുമേറ്റി നടക്കുന്നവരുണ്ട്

ആര്‍ക്കും മേഞ്ഞുനടക്കാവുന്ന

മേച്ചില്‍പ്പുറങ്ങളാണ്

അവരുടെ മനസ്സകങ്ങള്‍...

ഒരു രഹസ്യത്തിന്റെ

രത്‌നം പോലുമൊളിപ്പിക്കാത്തവര്‍

നിശ്ശൂന്യര്‍...

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍